ലോകത്തെ വീക്ഷിക്കൽ
2000-ാം ആണ്ടിലേക്കുള്ള തയ്യാറെടുപ്പ്
“2000-ാം ആണ്ട് സാങ്കേതിക കുഴപ്പങ്ങൾക്ക് ഇടയാക്കിയേക്കാം. അതു സംഭവിക്കുന്ന പക്ഷം അമേരിക്കക്കാർക്ക് ആ പുതിയ സഹസ്രാബ്ദത്തിൽ ആഹാരസാധനങ്ങൾ വാങ്ങാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താൻ [യു.എസ്.] ഫെഡറൽ റിസർവ് ബോർഡ് ആഗ്രഹിക്കുന്നു” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ പ്രസ്താവിക്കുന്നു. “ഇടപാടുകാർ ബാങ്കിൽനിന്നും ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകളിൽനിന്നും ഒരുപാടു പണം പിൻവലിക്കുന്ന പക്ഷം ഉണ്ടാകുന്ന പ്രതിസന്ധി ഇല്ലാതാക്കുന്നതിനു വേണ്ടി 5,000 കോടി ഡോളറിന്റെ കറൻസി കൂടെ പുറത്തിറക്കുന്നതിനായി കേന്ദ്ര ബാങ്ക് കൽപ്പിച്ചിരിക്കുകയാണ്.” 1999 സെപ്റ്റംബർ അവസാനത്തോടെ അതു പുറത്തിറങ്ങുമായിരിക്കും. വർഷത്തെ സൂചിപ്പിക്കാൻ അവസാനത്തെ രണ്ട് അക്കങ്ങൾ മാത്രം ഉപയോഗിക്കുന്ന പഴയ കമ്പ്യൂട്ടറുകൾ 2000-ാം ആണ്ടിനെ 1900-ാം ആണ്ടായി തെറ്റിദ്ധരിച്ചേക്കാം. Y2K എന്ന് അറിയപ്പെടുന്ന ഈ തകരാറു നിമിത്തം ചില കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതെ തന്നെ വരും എന്നു ചില വിദഗ്ധർ ഭയപ്പെടുന്നു. കമ്പ്യൂട്ടറുകൾ വീണ്ടും പ്രോഗ്രാം ചെയ്യുക വഴി ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. എന്നാൽ, വിപുലവും ധാരാളം സമയച്ചെലവുള്ളതുമായ ഈ പരിപാടി പല ബാങ്കുകളും കമ്പനികളും അടുത്തകാലത്ത് ആരംഭിച്ചിട്ടേ ഉള്ളൂ. “ചില സുവിശേഷ മത വിഭാഗങ്ങൾ ഈ സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ ബൈബിൾ പ്രവചനത്തിന്റെ ഭയാനകമായ നിവൃത്തി ഉണ്ടാകാൻ പോകുന്നതായും സാമൂഹിക തകർച്ച സംഭവിക്കാൻ ഇടയുള്ളതായും കരുതുന്നതിനാൽ ഈ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഉത്കണ്ഠ ഒന്നുകൂടി വർധിക്കുകയാണ്” എന്ന് റിപ്പോർട്ടു പറയുന്നു.
നിദ്രാരോഗം മടങ്ങിയെത്തുന്നു
1974-ൽ അംഗോളയിൽ മൂന്നു പേർക്കു നിദ്രാരോഗം ഉള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. സമീപകാലത്ത്, അവിടെ ചുരുങ്ങിയത് 3,00,000 പേർക്ക് എങ്കിലും പ്രസ്തുത രോഗം ബാധിച്ചിരിക്കുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുകയുണ്ടായി. വേറെ ആയിരക്കണക്കിന്—ഒരുപക്ഷേ ലക്ഷക്കണക്കിന്—ആളുകൾക്കു നിദ്രാരോഗം ബാധിക്കാൻ ഇടയുണ്ട്. സെസി ഈച്ച കടിക്കുന്നതിന്റെ ഫലമായാണു നിദ്രാരോഗം ഉണ്ടാകുന്നത്. പരാദം ബാധിച്ച ഒരു വ്യക്തിയുടെ രക്തം വലിച്ചുകുടിച്ച ശേഷം ഈച്ച അടുത്ത ഇരയെ ലക്ഷ്യമാക്കി നീങ്ങുന്നു. വയലിൽ പണിയെടുക്കുന്നവരോ നദിയിൽ തുണി അലക്കുന്നവരോ അതിന് എളുപ്പം ഇരകളാകുന്നു, പ്രത്യേകിച്ചും അമ്മമാരുടെ പുറത്തു കെട്ടിവെച്ചിരിക്കുന്ന ശിശുക്കൾ. പരാദബാധിതർക്കു തുടക്കത്തിൽ തലവേദനയും പനിയും ഛർദിയും ഉണ്ടാകുന്നു. രാത്രിയിൽ ഉറങ്ങാൻ സാധിക്കാത്ത അവർ പകൽ ഉറക്കം തൂങ്ങുന്നു. പരാദങ്ങൾ കേന്ദ്ര നാഡീവ്യവസ്ഥയിലും ഒടുവിൽ മസ്തിഷ്കത്തിലും നുഴഞ്ഞു കയറുന്നതോടെ മനോവൈകല്യവും ബോധക്ഷയവും ഉണ്ടായി മരണം സംഭവിക്കുന്നു. രോഗബാധ തടയുന്നതും രോഗിയെ ചികിത്സിക്കുന്നതും ചെലവേറിയ, ദുഷ്കരമായ ദൗത്യമാണ്. ഒരു ചികിത്സയ്ക്ക് 90 ഡോളറോളം ചെലവഴിക്കേണ്ടി വരുന്നത് “അംഗോളയിലെ ആളുകൾക്ക് താങ്ങാവുന്നതിൽ അധികമാണ്” എന്നു ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു.
ആരോഗ്യം കാത്തുസൂക്ഷിക്കൽ
“ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നില്ല” എന്നു സമീപകാലത്ത് ഹെൽത്ത് കാനഡ പ്രസിദ്ധീകരിച്ച ദ ഫിസിക്കൽ ആക്ടിവിറ്റി ഗൈഡ് പറയുന്നു. “10 മിനിട്ടു വീതം പല തവണയായി ദിവസേന മൊത്തം ഒരു മണിക്കൂർ നേരത്തെ ലളിതമായ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടു നിങ്ങളുടെ ആരോഗ്യവും ഹൃദയാവസ്ഥയും മെച്ചപ്പെടുത്താനാകും” എന്ന് ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്തു. നിർദേശിക്കപ്പെട്ടിരിക്കുന്ന ചില പ്രവർത്തനങ്ങൾ ഏതെല്ലാമാണ്? നടത്തം, പടികൾ കയറൽ, ഉദ്യാനപാലനം, നീണ്ടുനിവരൽ എന്നിവ അതിൽ ഉൾപ്പെടുന്നു. അടിച്ചു വാരുന്നതോ തറ തുടയ്ക്കുന്നതോ പോലുള്ള വീട്ടു ജോലികളും പ്രയോജനപ്രദം തന്നെ. അവ ശരീരത്തിനു വഴക്കമുണ്ടാകാൻ സഹായിക്കുന്നു. “ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കിക്കൊണ്ട്” ഒരു മണിക്കൂർ അതിനായി നീക്കിവെക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാവുന്നതാണ്. കോളെജ് ഓഫ് ഫാമിലി ഫിസിഷ്യൻസ് ഓഫ് കാനഡയുടെ പ്രസിഡന്റ് ആയ ഡോ. ഫ്രാൻസിൻ ലെമിർ ഇങ്ങനെ പറയുന്നു: “നിഷ്ക്രിയർ ആയിരിക്കുന്നതു പുകവലിപോലെതന്നെ നിങ്ങളുടെ ശരീരത്തിനു ദോഷം ചെയ്യും എന്നു പഠനങ്ങൾ തെളിയിക്കുന്നു.”
കമ്പ്യൂട്ടർ അപകടം വിമാനത്തിൽ
“ലാപ്ടോപ്പോ മൊബൈൽ ഫോണോ സിഡി പ്ലെയറോ ഗെയിം കമ്പ്യൂട്ടറോ പോലുള്ള ചെറിയ ഒരു വ്യക്തിഗത ഇലക്ട്രോണിക് ഉപകരണം കാലക്രമേണ ഭീകരപ്രവർത്തകന്റെ ബോംബു പോലെതന്നെ വിമാനത്തിൽ അപകടം വരുത്തിവെക്കും എന്നു വിദഗ്ധർ കണക്കാക്കുന്നു,” ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ദ ഡെയ്ലി ടെലഗ്രാഫ് പ്രസ്താവിക്കുന്നു. “യാത്രക്കാർ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചതിന്റെ ഫലമായി വിമാനാപകടങ്ങൾക്ക് ഇടയാക്കുമായിരുന്ന 50 സംഭവങ്ങൾ ഉണ്ടായതായി ഒരു പുതിയ റിപ്പോർട്ട് രേഖപ്പെടുത്തുന്നു.” ഓസ്ട്രേലിയയിലെ മെൽബൺ വിമാനത്താവളത്തിൽ ഇറങ്ങാൻ തുടങ്ങുക ആയിരുന്ന ഒരു വിമാനത്തിന്റെ കാര്യമാണ് ഉദാഹരണമായി എടുത്തുകാട്ടുന്നത്. ഓട്ടോമാറ്റിക് പയലറ്റിന്റെ സഹായത്താൽ പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് 30 ഡിഗ്രി ഇടത്തോട്ടു ചെരിഞ്ഞു. എന്നാൽ ആരും നിയന്ത്രണ ഉപകരണങ്ങളിൽ സ്പർശിച്ചിരുന്നില്ല. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫാക്കിയിടണം എന്ന പയലറ്റിന്റെ വ്യക്തമായ നിർദേശങ്ങൾ അവഗണിച്ചുകൊണ്ടു മൂന്നാമത്തെ നിരയിലിരുന്ന ഒരു യാത്രക്കാരൻ തന്റെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉപയോഗിച്ചതാണു പ്രശ്നത്തിനു കാരണം എന്ന് അന്വേഷണം വ്യക്തമാക്കി. അത്തരം ഉപകരണങ്ങൾ, പറക്കുന്നതിനിടയിൽ വിമാനങ്ങൾ കുത്തനെ ഉയരാനും കൂപ്പുകുത്താനും ഗതിമാറാനും മർദ വ്യതിയാനം സംഭവിക്കാനും കാരണമായിരുന്നിട്ടുണ്ട്. വിമാനത്തിന്റെ സ്വയം പ്രവർത്തക ഗതിനിർണയ സംവിധാനം വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് സിഗ്നലുകൾ പിടിച്ചെടുക്കുന്നതിന്റെ ഫലമായി പ്രതികൂലമായി ബാധിക്കപ്പെടുന്നു. മുൻനിരകളിലെ സീറ്റുകൾ വിമാനത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ വെച്ചിരിക്കുന്നതിന്റെ മുകളിൽ ആയതിനാൽ അവിടെ ഇരിക്കുന്ന യാത്രക്കാരാണ് ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്.
സിസേറിയൻ ഓപ്പറേഷനുള്ള പുതിയ രീതി
“പുതിയ രീതിയിലുള്ള സിസേറിയൻ ഓപ്പറേഷൻ ഏറെ വേഗത്തിൽ, അധികം മുറിപ്പാടുകൾ ഉണ്ടാക്കാതെ കുട്ടിയെ പുറത്തെടുക്കാൻ സഹായിക്കുന്നു” എന്നു ജർമൻ വർത്തമാനപ്പത്രമായ ഔഗ്സ്ബുർഗ ആൾജെമൈനെ റിപ്പോർട്ടു ചെയ്യുന്നു. “ഇന്നോളം ചെയ്തു വന്നിരുന്നതുപോലെ വയറു കീറിമുറിക്കുന്നതിനു പകരം, മിസ്ഗാവ്-ലാഡാച്ച് രീതിയിലൂടെ ശസ്ത്രക്രിയാ വിദഗ്ധൻ, സ്ത്രീയുടെ കൊഴുപ്പു കലകളും ഉദരഭിത്തിയും പേശികളും കൈകൊണ്ടു വലിച്ച് അകത്തുന്നു.” കീറിമുറിക്കൽ പരിമിതം ആയതിനാൽ രക്തസ്രാവം അത്രകണ്ടു ഗുരുതരം ആയിരിക്കുന്നില്ല. പതിവു രീതിയിൽ ത്വക്കിന്റെയും ശരീരകലകളുടെയും ഏഴു പാളികൾ തുന്നിക്കെട്ടേണ്ടി വരുന്നെങ്കിൽ പുതിയ രീതിയിൽ വെറും മൂന്നു പാളികളേ തുന്നിക്കെട്ടേണ്ടി വരുന്നുള്ളൂ. പുതിയ രീതി മറ്റു പല വിധങ്ങളിലും സഹായകമാണ്. സമയ ലാഭം ഉണ്ട്, അണുബാധയ്ക്കുള്ള സാധ്യത കുറവാണ്. വേദനാസംഹാരികൾ അധികം വേണ്ടി വരുന്നില്ല. കൂടാതെ, 3-5 ദിവസത്തിനുശേഷം ആശുപത്രി വിടാനും സാധിക്കും. ആദ്യമായി ഈ രീതി അവലംബിച്ച ഇസ്രായേലിലെ ആശുപത്രിയുടെ പേരാണു പ്രസ്തുത ചികിത്സാ രീതിക്ക് ഇട്ടിരിക്കുന്നത്.
ഉദ്ദിഷ്ട ഫലം ചെയ്യില്ല
നഗരത്തിലെ ഗതാഗത സംവിധാനം ഡ്രൈവർമാരുടെ ക്ഷമ കെടുത്തുന്നു. ഗതാഗതം വർധിക്കുന്നത് അനുസരിച്ചു മതവുമായി ബന്ധപ്പെടുത്തിയുള്ള ചീത്തവാക്കുകളുടെ ഉപയോഗവും വർധിക്കുന്നതായി റോമിലെ ലാ സാപിയെൻസാ യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. കോറിയെറേ ഡേല്ലാ സേറാ എന്ന വർത്തമാനപ്പത്രം പറയുന്ന പ്രകാരം, ഗ്രാമ ഹൈവേകളിലെ “മത നിന്ദകമായ ശാപവാക്കുകളുടെയും പെരുമാറ്റരീതികളുടെയും 54 ശതമാനത്തിനും കാരണം” ഗതാഗത പ്രശ്നങ്ങൾ ആയിരുന്നു. എന്നാൽ, വൻ നഗരങ്ങളിൽ “പുണ്യവാളന്മാരെയും കന്യാ മറിയത്തെയും പഴിചാരുന്നതിനുള്ള പ്രവണത” കൂടുതൽ പ്രകടമാണ്. “ഇക്കാലത്തു വൻ നഗരങ്ങളിൽ മതവുമായി ബന്ധപ്പെടുത്തിയുള്ള 78 ശതമാനം ചീത്തവിളികൾക്കും—ശപിക്കൽ അഥവാ പ്രാകൽ എന്നു പൊതുവെ അറിയപ്പെടുന്നു—കാരണം ഗതാഗതമാണ്” എന്ന് ആ വർത്തമാനപ്പത്രം പറഞ്ഞു. 2000-ാം ആണ്ട്, ദണ്ഡവിമോചനം പ്രദാനം ചെയ്യുന്ന കത്തോലിക്കാ ജൂബിലി വർഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി ഈയിടെ റോമിൽ ഗതാഗതം ഒരു വലിയ പ്രശ്നം ആയിത്തീർന്നിരിക്കുകയാണ്. “റോമിൽ ജൂബിലിയുടെ ആദ്യ ഫലമെന്ന നിലയിൽ വർധനവുണ്ടാകുന്നത് ദണ്ഡവിമോചനത്തിന്റെ കാര്യത്തിലല്ല, മറിച്ച് ശാപവാക്കുകളുടെ കാര്യത്തിൽ ആയിരിക്കും എന്നതു വിരോധാഭാസമെങ്കിലും ഒരു വസ്തുതയാണ്” എന്ന് അൽമായ ജൂബിലി-വാച്ചറുടെ സംഘാടകൻ അഭിപ്രായപ്പെടുന്നു.
ശക്തനായ ടാർഡിഗ്രേഡ്
അര മില്ലിമീറ്ററിൽ താഴെ നീളമുള്ള ടാർഡിഗ്രേഡ് ആയിരിക്കാം ഭൂമിയിലേക്കും ഏറ്റവും ശക്തനായ ജീവി എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോൾ തുടുത്ത ശരീരം ഉള്ളതായി കാണപ്പെടുന്നതിനാൽ വാട്ടർ ബെയർ എന്നു പൊതുവെ വിളിക്കുന്ന, എട്ടു കാലുകളുള്ള ടാർഡിഗ്രേഡിനെ കണ്ടാൽ അതിന് ഒരു ലോഹ കവചം ഉള്ളതായി തോന്നും. ന്യൂനം 270 ഡിഗ്രി സെൽഷ്യസ് മുതൽ 151 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ അതിന് അതിജീവിക്കാനാകും. എക്സ് കിരണങ്ങളെ നേരിടാൻ കഴിവുള്ള ടാർഡിഗ്രേഡിനു നിർവാത ചുറ്റുപാടിലും ഏറ്റവും ആഴം കൂടിയ സമുദ്രത്തിലെ അടിത്തട്ടിലുള്ള മർദത്തെക്കാൾ ആറിരട്ടി മർദമുള്ള ചുറ്റുപാടിലും അതിജീവിക്കാനാകും. മേൽക്കൂരയുടെ പാത്തികളിലും പാകിയ കല്ലുകളുടെ വിടവുകളിലും അവയെ കണ്ടെത്താൻ കഴിയും. ഈ കൊച്ചു ജീവികളിൽ ചിലതു കാഴ്ചബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന ഉണങ്ങിയ പായലുകളിൽ 100-ലധികം വർഷം സുഷുപ്തിയിലാണ്ട ശേഷം പോലും പുതുജീവൻ പ്രാപിച്ചിരിക്കുന്നു. ഈ സുഷുപ്തിക്കു കാരണമെന്ത്? “ശരീരത്തിൽ വെള്ളം ഏറെക്കുറെ പൂർണമായി ഇല്ലാതാകുന്നതിന്റെ ഫലമായി അതിന്റെ വലുപ്പം 50-ഓ അതിലധികമോ ശതമാനം കുറയുന്നതു”കൊണ്ട് ജീവത് പ്രവർത്തനങ്ങൾ തത്കാലത്തേക്കു നിലച്ചുപോകുന്നതാണ് അതിനു കാരണം എന്ന് ജപ്പാനിലെ കനാഗവ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കൂനിഹിറോ സെകി പറയുന്നു.
യാത്രക്കാരെ അനുനയിപ്പിക്കാൻ ക്ലാസിക്കൽ സംഗീതം
റിയോ ഡി ജനീറോയിലെ 18 ഭൂഗർഭ റയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ ഇപ്പോൾ ട്രെയിനുകൾക്കായി കാത്തുനിൽക്കുന്നത് ഷ്ട്രാവുസ്, വിവാൾഡി, ഷോപൻ, ചൈകോഫ്സ്കി, മൊസാർട്ട്, ബാച്ച്, ബിസേ, ഷൂബർട്ട്, ബ്രാംസ് എന്നീ സംഗീത രചയിതാക്കളുടെ ക്ലാസിക്കൽ സംഗീതം കേട്ടുകൊണ്ടാണ്. ഈ വിധത്തിൽ, “യാത്രകൾക്ക് ഇടയ്ക്കുള്ള സമയത്തു യാത്രക്കാരെ ശാന്തരാക്കാൻ സാധിക്കും” എന്നു ഭൂഗർഭ റെയിൽവേ അധികാരികൾ പ്രതീക്ഷിക്കുന്നു എന്ന് യൂ ഗ്ലോബൂ വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു. സംഗീത ശേഖരത്തിൽ നിന്ന്, “യാത്രക്കാരെ അനുനയിപ്പിക്കുന്ന, എന്നാൽ അതേസമയം പ്ലാറ്റ്ഫാറങ്ങൾ നൃത്തവേദി ആക്കിത്തീർക്കുകയില്ലാത്ത രചനകൾ” ആണു തിരഞ്ഞെടുക്കുന്നത്. “പ്രതികരണം പ്രതീക്ഷിച്ചതിലും നന്നായിരുന്നു” എന്ന് റിയോ ഡി ജനീറോയിലെ ഭൂഗർഭ റയിൽവേ വാണിജ്യ ഡയറക്ടറായ ലൂയിഷ് മാരിയോ മിരാൻഡ പറഞ്ഞു.
ഓരോരുത്തരും ഉത്തരവാദികൾ
“ജീവനെ നിലനിർത്തുന്ന വനങ്ങളുടെയും ശുദ്ധജലത്തിന്റെയും സമുദ്ര വിഭവങ്ങളുടെയും വമ്പിച്ച ശോഷണത്തിന് ഇടയാക്കിക്കൊണ്ട് 1970 മുതൽ മനുഷ്യർ പ്രകൃതിയുടെ 30-ലധികം ശതമാനം നശിപ്പിച്ചിരിക്കുന്നു” എന്ന് ദ ഗാർഡിയൻ വീക്ക്ലി വർത്തമാനപ്പത്രത്തിലെ ഒരു ലേഖനം പ്രസ്താവിക്കുന്നു. പണ്ടുമുതലേ പ്രകൃതി വിഭവങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചു വന്നിരിക്കുന്നതു പാശ്ചാത്യ രാജ്യങ്ങൾ ആണെങ്കിലും വികസ്വര രാജ്യങ്ങൾ ഇപ്പോൾ “ഭീതിദമായ നിരക്കിൽ തങ്ങളുടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തുകൊണ്ടിരിക്കുക ആണ്” എന്ന് ആഗോള പ്രകൃതി സംരക്ഷണ നിധി ഉൾപ്പെടെ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് സംഘടനകളുടെ അടുത്തകാലത്തെ റിപ്പോർട്ടിനെ ആസ്പദമാക്കി എഴുതിയ ആ ലേഖനം പ്രസ്താവിച്ചു. ആഗോള പ്രകൃതി സംരക്ഷണ നിധിയുടെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ നിരീക്ഷിക്കുന്നു: “അതു ഗുരുതരമാണ് എന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. എങ്കിലും, അത് ഇത്രമാത്രം ഗുരുതരമാണെന്ന് ഈ റിപ്പോർട്ടു തയ്യാറാക്കുന്നതു വരെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല.” പ്രസ്തുത പ്രവണതയ്ക്കു കടിഞ്ഞാണിടാത്തതിനു ഗവൺമെന്റുകളെ പഴിക്കുമ്പോൾത്തന്നെ “ഭൂവിഭവങ്ങളുടെ കാര്യത്തിൽ അശ്രദ്ധ കാട്ടുന്നതിൽ ഓരോരുത്തരും ഉത്തരവാദികൾ ആണ്” എന്ന് ആ റിപ്പോർട്ട് സൂചിപ്പിക്കുന്നതായി പ്രസ്തുത പത്രം പ്രസ്താവിക്കുന്നു.