കൊമിനിയസ്—ആധുനിക വിദ്യാഭ്യാസത്തിന്റെ മുത്തച്ഛൻ
ചെക്ക് റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
അധ്യാപകൻ എന്ന നിലയിൽ, താൻ ജോലി ചെയ്തിരുന്ന 17-ാം നൂറ്റാണ്ടിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളെ കുറിച്ചു യോഹാൻ കൊമിനിയസിനു നന്നായി അറിയാമായിരുന്നു. വിദ്യാഭ്യാസ സമ്പ്രദായങ്ങളൊന്നും ഒരിക്കലും പിഴവറ്റത് ആയിരുന്നിട്ടില്ല എന്നതു ശരിതന്നെ. എന്നുവരികിലും, 17-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു.
വെറുതെ കയ്യുംകെട്ടി നിന്നു പരാതിപ്പെടുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യാതെ അതു സംബന്ധിച്ചു ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കൊമിനിയസ് തീരുമാനിച്ചു. അദ്ദേഹം എന്താണു ചെയ്തത്? അങ്ങനെ ചെയ്യാൻ കാരണം എന്താണ്? കൂടാതെ, ആധുനിക വിദ്യാഭ്യാസത്തിന്റെ മുത്തച്ഛൻ എന്നു വിളിക്കപ്പെടുന്ന അദ്ദേഹത്തിൽ നിന്നു നമുക്ക് എന്തു പഠിക്കാൻ സാധിക്കും?
വളർന്നുവന്ന വിധവും വിദ്യാഭ്യാസവും
1592 മാർച്ച് 28-ന് മൊറേവിയയിൽ—ഇന്ന് ചെക്ക് റിപ്പബ്ലിക്ക് എന്ന് അറിയപ്പെടുന്നിടത്തെ ഒരു പ്രദേശത്ത്—ആണ് യോഹാൻ ആമോസ് കൊമിനിയസ് (അദ്ദേഹത്തിന്റെ മാതൃഭാഷ ആയിരുന്ന ചെക്കിൽ യാൻ ആമോസ് കൊമെൻസ്കി) പിറന്നത്. സാമാന്യം സാമ്പത്തിക ശേഷിയുള്ള ഒരു കർഷക കുടുംബത്തിലെ ദമ്പതികൾക്കു പിറന്ന അഞ്ചു മക്കളിൽ ഇളയവനും ഏക മകനും ആയിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മാതാപിതാക്കൾ യൂണിറ്റി ഓഫ് ബ്രദറൻ സഭയിലെ (ബോഹീമിയൻ ബ്രദറൻ അഥവാ മൊറേവിയൻ സഭ എന്നു പിന്നീട് അറിയപ്പെട്ടു) അംഗങ്ങൾ ആയിരുന്നു. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, വാൾഡെൻസുകാരുടെയും പീറ്റർ ചെൽചിഡ്സ്കിയെ പോലുള്ള മറ്റു മതനവീകരണക്കാരുടെയും സ്വാധീന ഫലമായി രൂപംകൊണ്ട ഒരു മതവിഭാഗമാണ് അത്. ജർമനിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൊമിനിയസ് തന്റെ ജന്മനാട്ടിലേക്കു മടങ്ങി. പിന്നീട്, 24-ാമത്തെ വയസ്സിൽ അദ്ദേഹത്തിന് യൂണിറ്റി ഓഫ് ബ്രദറനിൽ പുരോഹിത പട്ടം കിട്ടി.
അദ്ദേഹം പ്രവാസത്തിലേക്കു പോയതിനു കാരണം
1618-ൽ, പ്രാഗിൽ നിന്ന് ഏതാണ്ട് 240 കിലോമീറ്റർ കിഴക്ക്, ഫൂൾനെക്കിലുള്ള ഒരു ചെറിയ ഇടവകയുടെ വികാരിയായി കൊമിനിയസ് ശുശ്രൂഷ ആരംഭിച്ചു. ആ കാലഘട്ടത്തിൽ, പ്രൊട്ടസ്റ്റന്റ്കാർക്ക് എതിരെയുള്ള കത്തോലിക്കാ എതിർ-നവീകരണ പ്രവർത്തനം യൂറോപ്പിൽ ഊർജിതപ്പെട്ടു വരുകയായിരുന്നു. കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും ഇടയിൽ അനുദിനം വർധിച്ചു വന്ന പ്രക്ഷുബ്ധാവസ്ഥ ഒടുവിൽ, മുപ്പതു വർഷ യുദ്ധത്തിനു (1618-48) വഴിതെളിച്ചു.
ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിനു ശേഷം, മൊറേവിയയിൽ നിയമ അംഗീകാരമുള്ള ഏക മതം റോമൻ കത്തോലിക്കാ മതം ആണെന്നു പ്രഖ്യാപിക്കപ്പെട്ടു. കൊമിനിയസിനും സമൂഹത്തിലെ ഉന്നതർക്കും ഒരു തിരഞ്ഞെടുപ്പിനുള്ള അവസരം നൽകപ്പെട്ടു—ഒന്നുകിൽ കത്തോലിക്കാ മതം സ്വീകരിക്കുക അല്ലെങ്കിൽ രാജ്യം വിടുക. മതപരിവർത്തനത്തിനു തയ്യാറല്ലാഞ്ഞ കൊമിനിയസ്, വിദേശ രാജ്യമായ പോളണ്ടിലെ യൂണിറ്റി ഓഫ് ബ്രദറൻ സഭയുടെ പ്രവർത്തനത്തിന്റെ ഒരു പ്രമുഖ കേന്ദ്രം ആയിരുന്ന ലെഷ്നോ എന്ന കൊച്ചു പട്ടണത്തിലേക്കു കുടുംബ സമേതം താമസം മാറ്റി. 42 വർഷം നീണ്ടു നിന്ന പ്രവാസത്തിന് അതു നാന്ദി കുറിച്ചു. പിന്നീടൊരിക്കലും അദ്ദേഹം തന്റെ ജന്മദേശത്തു സ്ഥിരതാമസമാക്കിയില്ല.
“മനസ്സിന്റെ കശാപ്പുശാല”
ലെഷ്നോ ജിംനേഷ്യം എന്ന് അറിയപ്പെട്ടിരുന്ന, കോളെജ് വിദ്യാർഥികൾക്കായുള്ള ഒരു പരിശീലന വിദ്യാലയത്തിൽ ലത്തീൻ അധ്യാപകനായി കൊമിനിയസിനു ജോലി കിട്ടി. എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട് അവിടത്തെ അനുചിതമായ അധ്യാപന രീതികളിൽ അദ്ദേഹം അതൃപ്തനായി. അതിനു തക്ക കാരണവും ഉണ്ടായിരുന്നു.
കൊമിനിയസിന്റെ നാളിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ശോചനീയ അവസ്ഥയിൽ ആയിരുന്നു. ആണായി പിറന്നവർക്കേ വിദ്യാഭ്യാസം നേടുന്നതിനു യോഗ്യത ഉണ്ടായിരുന്നുള്ളൂ. എന്നുവരികിലും, ദരിദ്ര കുടുംബത്തിൽ പിറന്നവർക്ക് അതിനുള്ള അർഹത ഇല്ലായിരുന്നു. ലത്തീൻ പദങ്ങളും വാക്യങ്ങളും പദവിന്യാസവും വിദ്യാർഥികളുടെ തലയിൽ കുത്തിനിറയ്ക്കുക ആയിരുന്നു അധ്യാപകരുടെ പ്രധാന ലക്ഷ്യം. കാരണം? മധ്യയുഗത്തിലെ മിക്ക സ്കൂളുകളും, പ്രാർഥനാ ക്രമങ്ങൾ ലത്തീനിൽ ആയിരുന്ന കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ആയിരുന്നു. തന്നിമിത്തം, പൗരോഹിത്യത്തിനു വേണ്ടി ക്രമമായി ആളുകളെ ലഭ്യമാക്കേണ്ടതിനു ലത്തീൻ പഠിപ്പിക്കുന്നത് അനിവാര്യം ആയിരുന്നു.
പഠനത്തിൽ സുനിശ്ചിത ലക്ഷ്യങ്ങൾ വെക്കുന്ന കാര്യത്തിൽ യാതൊരു പരിഗണനയും നൽകിയിരുന്നില്ല. ലളിതമായ ആശയങ്ങളിൽ നിന്നു പടിപടിയായി സങ്കീർണമായ ആശയങ്ങൾ ഗ്രഹിക്കുന്നതിനു വിദ്യാർഥികളെ സഹായിക്കുന്ന വിധത്തിലും ആയിരുന്നില്ല അധ്യാപന രീതികൾ. ശിക്ഷണം കർശനം—ചിലപ്പോഴൊക്കെ മൃഗീയവും—ആയിരുന്നു. ധാർമിക അന്തരീക്ഷം ആണെങ്കിലോ, അങ്ങേയറ്റം അധഃപതിച്ചതും.
സ്കോട്ടിഷ് വിദ്യാഭ്യാസ വിചക്ഷണനായ സൈമൺ ലോറി ഒരിക്കൽ, 17-ാം നൂറ്റാണ്ടിലെ വിദ്യാലയങ്ങളെ “അങ്ങേയറ്റം കുത്തഴിഞ്ഞത്” എന്നും “വിരസതയുളവാക്കുന്നത്” എന്നും വർണിച്ചതിൽ തെല്ലും അതിശയിക്കാനില്ല. കൊമിനിയസ് കുറേക്കൂടി കൃത്യമായ ഭാഷയിൽ, “മനസ്സിന്റെ കശാപ്പുശാല” എന്നു വിദ്യാലയങ്ങളെ നാമകരണം ചെയ്തു.
പുതിയ അധ്യാപന രീതിയുടെ രംഗപ്രവേശം
വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ആവശ്യത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ചതു കൊമിനിയസ് ആയിരുന്നില്ല. ഇംഗ്ലണ്ടിൽ ഫ്രാൻസിസ് ബേക്കൺ, ലത്തീൻ പഠനത്തിന് ഊന്നൽ നൽകുന്നതിനെ ശക്തമായി അപലപിക്കുകയും പ്രകൃതിയെ കുറിച്ചു പഠിക്കുന്നതിലേക്കു മടങ്ങാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. ജർമനിയിലുള്ള വൊൾഫ്ഗാങ് റാട്കെയും യോഹാൻ വാലെന്റിൻ ആൻഡ്രേയെയും മറ്റു ചിലരും വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ വരുത്താൻ മുതിർന്നു. എന്നുവരികിലും, തങ്ങളുടെ ആശയങ്ങൾക്ക് ഔദ്യോഗിക പിന്തുണ നേടാൻ അവർക്കാർക്കും സാധിച്ചില്ല.
മുഷിപ്പുളവാക്കുന്നതിനു പകരം, പഠനം രസകരമാക്കി തീർക്കുന്ന ഒരു സമ്പ്രദായം കൊമിനിയസ് നിർദേശിച്ചു. തന്റെ പാഠ്യപദ്ധതിയെ അദ്ദേഹം പാംപെദിയാ എന്നു നാമകരണം ചെയ്തു—“സാർവലൗകിക വിദ്യാഭ്യാസം” എന്നാണ് അതിന് അർഥം. സകലർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള പുരോഗമനാത്മകമായ അധ്യയന സമ്പ്രദായം നടപ്പാക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലാളിത്യത്തിൽ നിന്നു സങ്കീർണതയിലേക്കു സ്വാഭാവികമായും നയിക്കത്തക്കവണ്ണം കുട്ടികളെ കാര്യങ്ങൾ പടിപടിയായി പഠിപ്പിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ഏതാനും വർഷങ്ങൾ ലത്തീൻ ഭാഷയ്ക്കു പകരം മാതൃഭാഷ ഉപയോഗിക്കാനും കൊമിനിയസ് പ്രോത്സാഹിപ്പിച്ചു.
വിദ്യാഭ്യാസം കൗമാരത്തോടെ നിലച്ചുകൂടാ, മറിച്ച് ഒരുവന്റെ ജീവിതത്തിൽ ഉടനീളം അതു തുടരേണ്ടതുണ്ട്. പഠനം “തികച്ചും പ്രായോഗികവും അത്യന്തം ഉല്ലാസപ്രദവും വിനോദം പോലും ആയിരിക്കണം” എന്ന് “അതായത്, നമ്മുടെ മുഴു ജീവിതത്തിനും ഹൃദ്യമായ നാന്ദി കുറിക്കുന്ന ഒന്ന് ആയിരിക്കണം” എന്ന് കൊമിനിയസ് എഴുതി. കേവലം മനസ്സിനെയല്ല, മുഴു വ്യക്തിയെയും പ്രബോധിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സമ്പ്രദായം ശ്രദ്ധ കേന്ദ്രീകരിക്കണം—അതായത്, അതിൽ ധാർമികവും ആത്മീയവുമായ പ്രബോധനം ഉൾപ്പെടുത്തണം—എന്ന് അദ്ദേഹം വിശ്വസിച്ചു.
യോഹാൻ കൊമിനിയസിന്റെ ഗ്രന്ഥങ്ങൾ
അധ്യാപന രംഗത്തെ കൊമിനിയസിന്റെ ആദ്യത്തെ ഗ്രന്ഥം 1630-ൽ പ്രസിദ്ധീകരിച്ച ദ സ്കൂൾ ഓഫ് ഇൻഫൻസി ആണ്.a അതു കുട്ടികളെ വീട്ടിൽ ഇരുത്തി പഠിപ്പിക്കുന്നതിന് അമ്മമാരെയും ആയമാരെയും സഹായിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടത് ആയിരുന്നു. തുടർന്ന്, 1631-ൽ ദ ഗേറ്റ് ഓഫ് ലാങ്വേജസ് അൺലോക്ട് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പട്ടു. അതു ലത്തീൻ ഭാഷാധ്യാപനത്തിൽ അക്ഷരീയമായും വിപ്ലവം സൃഷ്ടിച്ചു. സമാന്തര കോളങ്ങളിൽ ചെക്ക് ഭാഷയിലും ലത്തീൻ ഭാഷയിലും വിവരങ്ങൾ ക്രമീകരിച്ചുകൊണ്ടാണ് അദ്ദേഹം ആ ഗ്രന്ഥം രചിച്ചത്. തന്മൂലം, രണ്ടു ഭാഷകളും നിഷ്പ്രയാസം താരതമ്യം ചെയ്യാൻ സാധിച്ചുവെന്നു മാത്രമല്ല അതു പഠനം സുഗമവുമാക്കി. അദ്ദേഹത്തിന്റെ ഈ അധ്യാപന സഹായിയുടെ പരിഷ്കരിച്ച പതിപ്പ് പരക്കെ സ്വീകാര്യമായതിന്റെ ഫലമായി ഒടുവിൽ അത് 16 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
കൊമിനിയസ് രചിച്ച ഗ്രന്ഥങ്ങളിൽ ഏറ്റവും പുകഴ്പെറ്റതും ഒരുപക്ഷേ ഏറ്റവും ലാളിത്യമാർന്നതും ദൃശ്യ ലോകം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥമാണ്. കുട്ടികൾക്കുവേണ്ടി രചിക്കപ്പെട്ട അതു ചിത്രങ്ങളും വിവരണങ്ങളും സഹിതമുള്ള വായനാ സഹായിയാണ്. അതും വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ആയിരുന്നു. അത് “യൂറോപ്പിൽ നൂറ്റിപ്പതിനഞ്ചു വർഷത്തോളം പ്രതിയോഗി ഇല്ലാതെ നിലകൊണ്ടു; ഇരുന്നൂറോളം വർഷം പ്രാഥമിക പാഠപുസ്തകമായി [അത്] ഉപയോഗിച്ചു പോന്നു” എന്ന് 20-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ പ്രൊഫസറായ എൽവുഡ് കബെർലി പറയുന്നു. വാസ്തവത്തിൽ, ഇന്നത്തെ മിക്ക സചിത്ര പാഠപുസ്തകങ്ങളും ചിത്രങ്ങൾ അധ്യാപന സഹായികളായി ഉപയോഗിച്ചുകൊണ്ടു കൊമിനിയസിന്റെ രചനാ ശൈലി പിന്തുടരുന്നു.
പെട്ടെന്നുതന്നെ കൊമിനിയസ് ഒരു പ്രതിഭയായി പ്രകീർത്തിക്കപ്പെട്ടു. യൂറോപ്പിൽ എമ്പാടുമുള്ള പണ്ഡിതന്മാർ അദ്ദേഹത്തെ നേതൃസ്ഥാനത്ത് ഇരുത്തി അദ്ദേഹത്തിന്റെ ഉപദേശം തേടി. മാഗ്നാൽയാ ക്രിസ്റ്റി ആമെരിക്കാനാ എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്, മസാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കാൻ 1654-ൽ കൊമിനിയസിനെ ക്ഷണിക്കുമാറ് അദ്ദേഹത്തിന്റെ പ്രശസ്തി എമ്പാടും വ്യാപിച്ചു. എന്നാൽ, പ്രശസ്തിയോ മഹിമയോ ഉന്നതസ്ഥാനമോ കാംക്ഷിക്കാഞ്ഞ കൊമിനിയസ് ആ ക്ഷണം നിരസിച്ചു.
അദ്ദേഹത്തിനു പ്രചോദനമേകിയത് എന്താണ്?
കൊമിനിയസിന്റെ ജീവിത ഗതി പരിശോധിക്കുന്ന ഒരാൾ അദ്ദേഹത്തെ പ്രചോദിപ്പിച്ചത് എന്താണെന്ന് അറിയാൻ സ്വാഭാവികമായും ആഗ്രഹിക്കും. മനുഷ്യവർഗത്തെ ഏകീഭവിപ്പിക്കുന്ന ഒരു ശക്തിയായി കൊമിനിയസ് വിദ്യാഭ്യാസത്തെ വീക്ഷിച്ചു. സാർവലൗകിക വിദ്യാഭ്യാസത്തിലൂടെ ലോക സമാധാനം നിലനിർത്താനാകും എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
കൊമിനിയസ് അറിവിനെ ഭക്തിയുമായും ബന്ധപ്പെടുത്തി. അറിവു സമ്പാദിക്കുന്നതിലൂടെ മനുഷ്യവർഗം ആത്യന്തികമായി ദൈവത്തിലേക്കു നയിക്കപ്പെടും എന്ന് അദ്ദേഹം വിശ്വസിച്ചു. ഒരുപക്ഷേ അതായിരുന്നിരിക്കണം അദ്ദേഹത്തിനു പ്രചോദനമേകിയ പ്രമുഖ ഘടകം.
വിദ്യാഭ്യാസത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്ന കൊമിനിയസിന്റെ വീക്ഷണങ്ങൾ ഇന്നും മൂല്യവത്തായി തുടരുന്നു. അദ്ദേഹത്തിന്റെ ക്രമാനുഗത അധ്യാപന രീതികൾ—ദൃശ്യ ഉപാധികളുടെ ഉപയോഗം ഉൾപ്പെടെ—ലോകവ്യാപകമായി പ്രാബല്യത്തിൽ ഉണ്ട്. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന സാഹിത്യങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. വ്യക്തിപരമായി ബൈബിൾ പഠിക്കുമ്പോഴോ കുടുംബ ബൈബിൾ അധ്യയനം നടത്തുമ്പോഴോ ഒക്കെ അദ്ദേഹത്തിന്റെ രീതികൾ പിൻപറ്റുന്നതിലൂടെ നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി പ്രയോജനം അനുഭവിക്കാനാകും. അതെങ്ങനെ?
“കുട്ടികളുടെ പ്രായത്തിനും ഗ്രഹണപ്രാപ്തിക്കും സ്ഥിതിഗതികൾക്കും ചുറ്റുപാടുകൾക്കും നിരക്കാത്ത വിധത്തിൽ വിവരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് അവരെ ഭാരപ്പെടുത്തരുത്” എന്നു കൊമിനിയസ് എഴുതി. തന്മൂലം, മക്കളെ ബൈബിളോ മറ്റേതെങ്കിലും വിഷയങ്ങളോ പഠിപ്പിക്കുമ്പോൾ പാഠങ്ങൾ അവർക്ക് അനുയോജ്യമാക്കാൻ ശ്രമിക്കുക. ഒരു ഔപചാരിക ചോദ്യോത്തര ചർച്ചയ്ക്കു പകരം ബൈബിൾ കഥാപാത്രങ്ങളെ കുറിച്ചുള്ള കഥകൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കരുതോ? ബൈബിൾ സംഭവങ്ങളുടെ ചിത്രങ്ങൾ വരയ്ക്കാനോ ബൈബിൾ നാടകങ്ങൾ അഭിനയിച്ചു കാട്ടാനോ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവരെ അതിൽ ഉൾപ്പെടുത്തുക. നിങ്ങളുടെ ഭാവനാശക്തി ഉപയോഗിക്കുക! അതു കൈവരുത്തുന്ന ഫലങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കും.—സദൃശവാക്യങ്ങൾ 22:6.
കൂടാതെ, പുരോഗമനാത്മകമായ വിധത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും പ്രബോധനമേകാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന എന്റെ ബൈബിൾ കഥാ പുസ്തകം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംb എന്നിങ്ങനെയുള്ള സചിത്ര സാഹിത്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക. ഏതൊരു പ്രായത്തിലുമുള്ള ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുമ്പോഴും പ്രസ്തുത അനുഭവം അവർക്ക് “തികച്ചും പ്രായോഗികവും അത്യന്തം ഉല്ലാസപ്രദവും” ആക്കിത്തീർക്കാൻ മുൻകൈ എടുക്കുക.
നിലനിൽക്കുന്ന ഒരു പൈതൃകം
1656-ൽ ലെഷ്നോ പട്ടണം അഗ്നിക്ക് ഇരയായപ്പോൾ കൊമിനിയസിന് സ്വന്തമായി ഉണ്ടായിരുന്ന എല്ലാംതന്നെ നഷ്ടമായി. എങ്കിലും, അദ്ദേഹം മറ്റൊരു വിധത്തിലുള്ള സമ്പത്തു കരുതിവെച്ചതിൽ നമുക്കു നന്ദി ഉള്ളവർ ആയിരിക്കാനാകും. വിദ്യാഭ്യാസത്തിന്റെ ഒരു ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കൊമിനിയസ് . . . അധ്യാപനത്തിൽ വാക്കുകൾക്കു പകരം വസ്തുതകൾക്കാണ് ഊന്നൽ നൽകിയത്. ശാസ്ത്രീയ വസ്തുതകളുടെയും പ്രയോജനപ്രദമായ ലോക വിവരങ്ങളുടെയും അധ്യാപനത്തിനു തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അദ്ദേഹം മുന്തിയ സ്ഥാനം നൽകി.”
വിദ്യാഭ്യാസത്തെ കൂടുതലും ശാസ്ത്രീയമായ ഒന്നാക്കിയതിന്റെ ബഹുമതി കൊമിനിയസിന് ഉള്ളതാണെന്നു വസ്തുനിഷ്ഠമായും പറയാനാകും. അദ്ദേഹത്തിന്റെ അധ്യാപന രീതികൾ സ്കൂൾ വിദ്യാഭ്യാസ രംഗത്തു വിപ്ലവം സൃഷ്ടിക്കുകതന്നെ ചെയ്തു. അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണനായ നിക്കൊളസ് ബട്ലർ ഇങ്ങനെ പറഞ്ഞു: “വിദ്യാഭ്യാസ ചരിത്രത്തിൽ കൊമിനിയസ് പരമപ്രധാനമായ സ്ഥാനം വഹിക്കുന്നു. പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസതലത്തിലെ ആധുനികവത്കരണത്തിനു മാർഗദീപം കാട്ടുന്നതും ആധിപത്യം പുലർത്തുന്നതും മറ്റാരുമല്ല.” ബൈബിളിന്റെ ഉത്സുക പഠിതാക്കളായ യഹോവയുടെ സാക്ഷികൾക്കും ആധുനിക വിദ്യാഭ്യാസത്തിന്റെ മുത്തച്ഛനായ കൊമിനിയസിനോടു നന്ദി ഉള്ളവർ ആയിരിക്കാൻ നല്ല കാരണമുണ്ട്.
[അടിക്കുറിപ്പുകൾ]
a 1657-ൽ കൊമിനിയസ്, ഓപെറ ഡൈഡാക്ടികാ ഒമ്നിയയയുടെ ഭാഗമായി ദ ചെക് ഡൈഡാക്ടിക പ്രസിദ്ധീകരിച്ചു. 1849-ലാണ് ഒരു വേറിട്ട ഗ്രന്ഥമായി അത് അച്ചടിക്കപ്പെട്ടത്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
യോഹാൻ കൊമിനിയസിന്റെ ചില അധ്യാപന തത്ത്വങ്ങൾ
പാഠ്യ വിഷയത്തിന്റെ അളവ്: “ഒരു അധ്യാപകൻ തനിക്കു പഠിപ്പിക്കാൻ കഴിയുന്നിടത്തോളം അല്ല, മറിച്ച് വിദ്യാർഥിക്ക് ഉൾക്കൊള്ളാൻ കഴിയുന്നിടത്തോളമാണു പഠിപ്പിക്കേണ്ടത്.”
അധ്യാപന രീതികൾ: “നന്നായി പഠിപ്പിക്കുക എന്നതിന്റെ അർഥം ദ്രുതഗതിയിൽ, യുക്ത്യനുസൃതം, സമ്പൂർണമായി ഗ്രഹിക്കത്തക്കവണ്ണം വിദ്യാർഥിയെ പഠിപ്പിക്കുക എന്നാണ്.”
“വിദ്യാർഥിയുടെ അറിവില്ലായ്മ ക്ഷമാപൂർവം സഹിച്ച് ഫലപ്രദമായ വിധത്തിൽ അതു ദൂരീകരിക്കുന്നവനാണു സമർഥനായ അധ്യാപകൻ.”
“വ്യത്യസ്ത ഉദ്ദേശ്യങ്ങളിലും രൂപങ്ങളിലും ഉത്ഭവങ്ങളിലും കാര്യാദികൾ ഒന്നിനോടൊന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ എന്ന് എടുത്തു കാണിക്കുന്നതാണ് അധ്യാപനം. . . . അതുകൊണ്ട്, കാര്യാദികളുടെ വ്യത്യാസം നന്നായി വിശദീകരിക്കുന്നവൻ നന്നായി പഠിപ്പിക്കുന്നു.”
യുക്ത്യനുസൃതം ബന്ധിപ്പിക്കൽ: “അർഥശൂന്യമായ കാര്യങ്ങൾ മനസ്സിലാക്കാനോ വിലയിരുത്താനോ സാധ്യമല്ലാത്തതിനാൽ അവ ഓർമയിൽ തങ്ങിനിൽക്കുമെന്നു പ്രതീക്ഷിക്കാനാകില്ല.”
“വിശദാംശങ്ങൾ ലഭ്യമല്ലാത്തപ്പോൾ ഒരു സംഗതി മനസ്സിലാക്കാനോ മൂല്യനിർണയം ചെയ്യാനോ ഓർമയിൽ സൂക്ഷിക്കാനോ സാധ്യമല്ല.
കാര്യഗ്രഹണം: “ഏതെങ്കിലും ഒരു സംഗതി മനസ്സിലാക്കുന്നത് അധികവും, ആ സംഗതി മറ്റൊരു സംഗതിയുമായി എങ്ങനെ, എന്തുകൊണ്ടു ബന്ധപ്പെട്ടിരിക്കുന്നു എന്നും സമാനമായ മറ്റു സംഗതികളിൽ നിന്ന് അത് എങ്ങനെ, എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.”
“ഒരു സംഗതിയിൽ എന്ത് ഉൾക്കൊള്ളുന്നു എന്നു കണ്ടെത്താൻ ആദ്യം നാം അതു വായിക്കണം; അതു മനസ്സിലാക്കുന്നതിനു രണ്ടാമതൊരു തവണ വായിക്കണം; ഓർമയിൽ സൂക്ഷിക്കാൻ മൂന്നാമതൊരു തവണ വായിക്കണം; പൂർണമായി ഗ്രഹിച്ചു എന്ന് ഉറപ്പുവരുത്താൻ നാലാമതൊരു തവണ നിശ്ശബ്ദമായി നാം അത് ആവർത്തിക്കണം എന്നിങ്ങനെ പറയുന്നതിനോടു നമുക്കു പൂർണമായി യോജിക്കാവുന്നതാണ്.”
[ചിത്രം]
“ദൃശ്യലോക”ത്തിൽ നിന്നുള്ള ഒരു പേജ്, 1883-ലെ പതിപ്പ്
[24-ാം പേജിലെ ചിത്രം]
കൊമിനിയസിന്റെ അധ്യാപന തത്ത്വങ്ങൾ അടങ്ങിയ, 1775-ലെ ഒരു ജർമൻ ബാലപാഠം