യുവജനങ്ങൾ ചോദിക്കുന്നു . . .
വണ്ണത്തെപ്പറ്റി എനിക്കിത്ര ഉത്കണ്ഠ എന്തുകൊണ്ട്?
“എന്റെ തലയ്ക്കകത്ത് എനിക്കുതന്നെ നിയന്ത്രിക്കാനാകാത്ത ഒരു പോരാട്ടം നടക്കുകയാണ്. ഒരു ഭാഗം ആഹാരം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റേ ഭാഗം ആ ആഗ്രഹത്തെ ചെറുക്കുന്നു. വണ്ണം വെക്കുമോ എന്ന എന്റെ ഭയമാണതിനു കാരണം.”—ജെയ്മി.
നിങ്ങളുടെ ഏറ്റവും വലിയ പേടി എന്താണ്? സംശയലേശമെന്യേ പല പെൺകുട്ടികളും മറുപടി പറയും: വണ്ണം കൂടുന്നത്. വാസ്തവത്തിൽ ഒരു അഭിപ്രായവോട്ടെടുപ്പു കാണിക്കുന്ന പ്രകാരം, ന്യൂക്ലിയർ യുദ്ധത്തെയോ കാൻസറിനെയോ അച്ഛനമ്മമാർ നഷ്ടപ്പെടുന്നതിനെയോ പോലും ഇന്നത്തെ ചെറുപ്പക്കാരികൾ അത്രയും ഭയപ്പെടുന്നില്ല!
ചിലപ്പോൾ, നമുക്കു ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ചെറുപ്പത്തിലേ തന്നെ കുട്ടികൾ തൂക്കത്തെ കുറിച്ചു വേവലാതിപ്പെടാൻ തുടങ്ങുന്നു. ഡോ. കാത്റിൻ സ്റ്റൈനർ-അഡർ പറയുന്നത്, നിരവധി പെൺകുട്ടികൾ കൗമാരത്തിലേക്കു കടക്കുന്നതിനു മുമ്പുതന്നെ കൂട്ടംകൂടിയിരുന്നു ശരീരത്തിന്റെ പോരായ്മകളെ കുറിച്ചു ചർച്ച ചെയ്യുന്നു എന്നാണ്. തെളിവനുസരിച്ച് ഇതു വെറും ചർച്ചയിൽ ഒതുങ്ങി നിൽക്കുന്നില്ല. ഒരു സർവേയിൽ പങ്കെടുത്ത 2,379 പെൺകുട്ടികളിൽ 40 ശതമാനം പേരും വണ്ണം കുറയ്ക്കാൻ ശരിക്കും ശ്രമം നടത്തുകയായിരുന്നു. ഈ അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്തതാകട്ടെ വെറും ഒമ്പതോ പത്തോ വയസ്സു പ്രായമുള്ളവരും!
ക്രമേണ, ഈ കുട്ടികളിൽ പലരും ഡയറ്റിങ് ഭ്രമത്തിന്റെ കെണിയിൽ അകപ്പെട്ടേക്കാം. ചിലർ 20 വയസ്സുകാരി ജെന്നയുടെ അവസ്ഥയിൽ ആയിത്തീർന്നേക്കാം എന്നുള്ളതാണ് അതിലും മോശമായ പരിണതഫലം. 160 സെന്റിമീറ്റർ ഉയരമുള്ള ഈ യുവതിക്ക് വെറും 40 കിലോഗ്രാം തൂക്കമാണ് ഉള്ളത്! “എനിക്ക് ആഹാരം കഴിക്കാനേ ഇഷ്ടമില്ല,” ജെന്ന പറയുന്നു. “മൂന്നു വർഷം കഷ്ടപ്പെട്ടിട്ടാണ് എന്റെ തൂക്കം കുറഞ്ഞത്. ഇനിയിപ്പോൾ, നേരെ ചൊവ്വെ ആഹാരം കഴിക്കാൻ തുടങ്ങിയാൽ ഒറ്റ മാസംകൊണ്ട് ഞാൻ പഴയപടി ആകും, അതാണ് എന്റെ ഏറ്റവും വലിയ പേടി.”
ഒരുപക്ഷേ നിങ്ങൾക്കു ജെന്നയുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. പരമാവധി സുന്ദരിയാകാൻ വേണ്ടി നിങ്ങളും ചിലപ്പോൾ മെലിയാൻ ആഗ്രഹിച്ചിട്ടുണ്ടാകും. തീർച്ചയായും, ആകാരത്തെ കുറിച്ചു ചിന്തയുള്ളവർ ആയിരിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ജെന്നയുടെ കാര്യത്തിൽ മെലിയാനുള്ള ആഗ്രഹത്തിന് മിക്കവാറും അവളുടെ ജീവൻതന്നെ വിലയായി നൽകേണ്ടി വരുമായിരുന്നു. എങ്ങനെ?
പട്ടിണികിടന്നു മരിക്കൽ
ജെന്ന, അനൊറെക്സിയ നെർവോസ എന്ന അപകടകരമായ ഒരു ആഹാരശീല വൈകല്യത്തിന്റെ പിടിയിലാണ്. അതു തന്നെയാണ് ആമുഖത്തിൽ പരാമർശിച്ച ജെയ്മിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഈ പെൺകുട്ടികൾ പട്ടിണികിടന്നു മരിച്ചുപോകുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അവർ ഒറ്റയ്ക്കല്ല. 100 പെൺകുട്ടികളിൽ ഒരാൾക്കു വീതം അനൊറെക്സിയ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ദശലക്ഷക്കണക്കിനു ചെറുപ്പക്കാരികൾക്ക് ഇതുണ്ട് എന്നാണ് അതിന്റെ അർഥം—ഒരുപക്ഷേ നിങ്ങൾക്കു പരിചയമുള്ള ആർക്കെങ്കിലും പോലും!a
അനൊറെക്സിയ വികാസം പ്രാപിക്കുന്നത് തികച്ചും നിരുപദ്രവകരം എന്നു തോന്നിപ്പിക്കുന്ന മട്ടിലായിരിക്കാം. ഒരു പെൺകുട്ടി, ഏതാനും കിലോഗ്രാം കുറയ്ക്കുന്നതിനു വേണ്ടി യാതൊരു കുഴപ്പവുമില്ല എന്നു തോന്നിപ്പിക്കുന്ന ഒരു ഭക്ഷണക്രമം പിൻപറ്റിയേക്കാം. എന്നാൽ ആ ലക്ഷ്യത്തിൽ എത്തിയശേഷവും അവൾ തൃപ്തയല്ല. “എനിക്കിപ്പോഴും ഭയങ്കര വണ്ണമാണ്!” കണ്ണാടിയിലേക്ക് അതൃപ്തിയോടെ തുറിച്ചു നോക്കിക്കൊണ്ട് അവൾ പറയും. അതുകൊണ്ട് അവൾ ഏതാനും കിലോ കൂടി കുറയ്ക്കാൻ തീരുമാനിക്കുന്നു. വെറും ഒന്നോ രണ്ടോ കിലോ. അതുകഴിഞ്ഞ്, പിന്നെയുമൊരു ഒന്നു രണ്ടു കിലോ. അങ്ങനെ തൂക്കം കുറച്ചുകുറച്ച് ക്രമേണ അവൾ അനൊറെക്സിയയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെടുന്നു.
തീർച്ചയായും, ഡയറ്റിങ് നടത്തുന്നവർക്ക് എല്ലാം അനൊറെക്സിയ ഉണ്ടെന്ന് ഇതിന് അർഥമില്ല. ചിലർക്കു തൂക്കം സംബന്ധിച്ച് ഉത്കണ്ഠ തോന്നുന്നതിനു ന്യായമായ കാരണങ്ങൾ ഉണ്ടായിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം, ഏതാനും കിലോഗ്രാം കുറയുന്നതു പ്രയോജനകരം ആയിരുന്നേക്കാം. പക്ഷേ, നിരവധി പെൺകുട്ടികൾക്കു തങ്ങളുടെ ശരീരത്തെ സംബന്ധിച്ചു വികലമായ ഒരു വീക്ഷണമാണ് ഉള്ളത്. എക്സിബിഷനുകളിലും മറ്റും പ്രദർശിപ്പിക്കാറുള്ള വിചിത്ര കണ്ണാടികളിലെ വികല പ്രതിബിംബങ്ങൾ പോലെയാണ് ശരീരത്തെ സംബന്ധിച്ചുള്ള ഇവരുടെ വീക്ഷണം എന്ന് എഫ്ഡിഎ കൺസ്യൂമർ പറയുന്നു. “യഥാർഥത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ വണ്ണം ഉള്ളതായിട്ടാണ് നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത്” എന്ന് ആ മാസിക പറയുന്നു.
അതുകൊണ്ടുതന്നെ, അനൊറെക്സിയക്കാരി വണ്ണം കൂടുന്നതിനെ വല്ലാതെ ഭയപ്പെടുന്നു—അവൾ ഈർക്കിലി പോലെയാണിരിക്കുന്നതെങ്കിലും. തൂക്കം കൂടാതിരിക്കാൻ അവൾ കഠിനമായി വ്യായാമം ചെയ്യുകയും ഇക്കാര്യത്തിൽ താൻ “അധോഗതി” പ്രാപിക്കുകയല്ല എന്ന് ഉറപ്പു വരുത്തുന്നതിന് ഒരു ദിവസംതന്നെ പല പ്രാവശ്യം തൂക്കം നോക്കുകയും ചെയ്തേക്കാം. അവൾ വളരെ കുറച്ച് ആഹാരം മാത്രമേ കഴിക്കൂ, അല്ലെങ്കിൽ ഒട്ടുംതന്നെ കഴിക്കില്ല. “എല്ലാ ദിവസവും മമ്മി ഉണ്ടാക്കിത്തരുന്ന ഉച്ചഭക്ഷണവും കൊണ്ടു ഞാൻ സ്കൂളിൽ പോകും. എന്നുംതന്നെ അതു കളയുകയും ചെയ്യും,” ഹെതർ പറയുന്നു. “അങ്ങനെ, കഴിക്കാതിരുന്നിരുന്ന് കഴിക്കണമെന്നു തോന്നിയാൽ പോലും എനിക്കതിനു സാധിക്കാതെയായി. എനിക്ക് ഒരിക്കലും വിശപ്പു തോന്നിയിരുന്നില്ല.”
തൂക്കം കുറഞ്ഞു വരുന്നതു കാണുമ്പോൾ ഹെതറിനെ പോലുള്ള അനൊറെക്സിയക്കാർ ആദ്യമൊക്കെ ആഹ്ലാദിക്കുന്നു. പക്ഷേ, പോഷണക്കുറവു ക്രമേണ അതിന്റെ ഫലങ്ങൾ കാണിക്കാൻ തുടങ്ങുന്നു. അനൊറെക്സിയക്കാരി ഒന്നും ചെയ്യാൻ ഉന്മേഷം ഇല്ലാതെ വാടിത്തളർന്ന ഒരു അവസ്ഥയിൽ ആയിത്തീരുന്നു. അവൾ പഠനത്തിൽ മോശമാകാൻ തുടങ്ങുന്നു. അവൾക്ക് ആർത്തവം നിന്നുപോകുകയും ചെയ്തേക്കാം.b ക്രമേണ അവളുടെ ഹൃദയമിടിപ്പിന്റെ നിരക്കും രക്തസമ്മർദവും അപകടകരമാംവിധം കുറയുന്നു. എന്നാൽ ഇതൊന്നും അവൾക്കൊരു പ്രശ്നമേയല്ല. വാസ്തവത്തിൽ, അവളെ അലട്ടുന്ന ഒരേയൊരു പ്രശ്നം വീണ്ടും തൂക്കം—ഒരൊറ്റ കിലോഗ്രാം ആണെങ്കിൽപ്പോലും—കൂടിയേക്കുമോ എന്നതാണ്.
എന്നിരുന്നാലും, അനൊറെക്സിയ അല്ല ഏക ആഹാരശീല വൈകല്യം. ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും അതല്ല. അനൊറെക്സിയക്കാരെ അപേക്ഷിച്ച് മൂന്നിരട്ടി പെൺകുട്ടികളെ ബൂളിമിയ നെർവോസ ബാധിക്കുന്നുണ്ട്. അതുകൂടാതെ, ബൂളിമിയയുമായി വളരെയേറെ സാമ്യമുള്ള അനിയന്ത്രിത ഭക്ഷക വൈകല്യവും (compulsive overeating) ഉണ്ട്. ഈ പ്രശ്നങ്ങളെ നമുക്ക് ഒന്ന് അടുത്തു പരിശോധിക്കാം.
രഹസ്യ ദണ്ഡനം
“അടുത്തയിടെ എന്റെ ഒരു കൂട്ടുകാരി, താൻ ആഹാരസാധനങ്ങൾ മോഷ്ടിച്ച് ഒളിച്ചിരുന്നു തിന്നാറുണ്ട് എന്ന് എന്നോടു പറഞ്ഞു. തിന്നു കഴിഞ്ഞ് അതു ഛർദിച്ചു കളയും. രണ്ടു വർഷമായിട്ട് അവൾ ഇതു ചെയ്യാറുണ്ടത്രേ.” ഒരു മാസികയിലെ, ‘ഡോക്ടറോടു ചോദിക്കുക’ എന്ന പംക്തിയിലേക്ക് എഴുതിയ ഒരു പെൺകുട്ടി പ്രസ്തുത വാക്കുകളിലൂടെ വിവരിച്ചത് ബൂളിമിയ എന്ന് അറിയപ്പെടുന്ന ആഹാരശീല വൈകല്യത്തിന്റെ സാധാരണ ലക്ഷണങ്ങൾ ആയിരുന്നു.
ബൂളിമിയ ഉള്ള വ്യക്തി വളരെ കുറച്ചു സമയം കൊണ്ടു വളരെയേറെ ആഹാരം വാരിവലിച്ചു തിന്നും. എന്നിട്ട് താൻ കഴിച്ച ആഹാരം മുഴുവൻ എങ്ങനെയെങ്കിലും പുറത്തുകളയും, മിക്കപ്പോഴും ഛർദിച്ചു കളയുകയായിരിക്കും ചെയ്യുക.c ഇത് അരോചകമായി തോന്നിയേക്കാം. എങ്കിലും, സാമൂഹിക പ്രവർത്തകയായ നാൻസി ജെ. കൊളൊഡ്നി എഴുതുന്നു: “എത്രയധികം നിങ്ങൾ ആഹാരം അകത്താക്കുകയും പിന്നീട് അതു പുറത്തുകളയുകയും ചെയ്യുന്നുവോ അത്രയധികം അതു നിങ്ങൾക്ക് എളുപ്പമായിത്തീരും. ആദ്യമൊക്കെ അറപ്പും പേടിയും തോന്നുമെങ്കിലും പെട്ടെന്നുതന്നെ ബൂളിമിയയുടെ പ്രത്യേകതകളായ ഈ പ്രക്രിയകൾ വീണ്ടും വീണ്ടും ആവർത്തിക്കാനുള്ള അനിയന്ത്രിത പ്രേരണയുണ്ടാകും.”
അനൊറെക്സിയയും ബൂളിമിയയും “ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളാണ്” എന്നു പറയപ്പെടുന്നു. വിപരീത ലക്ഷണങ്ങൾ ഉള്ളവയെങ്കിലും രണ്ടും ഭക്ഷണശീല വൈകല്യങ്ങളാണ്.d എന്നാൽ അനൊറെക്സിയയിൽ നിന്നു വ്യത്യസ്തമായി ബൂളിമിയ രഹസ്യമാക്കി വെക്കാൻ വളരെ എളുപ്പമാണ്. കാരണം, വാരിവലിച്ചു തിന്നുന്നത് ഒരു വ്യക്തിയുടെ തൂക്കം നഷ്ടപ്പെടാതിരിക്കാൻ ഇടയാക്കും, കഴിച്ച ആഹാരം പുറത്തു കളയുന്നതാകട്ടെ തൂക്കം കൂടാതിരിക്കാനും ഇടയാക്കും. അതുകൊണ്ട്, ബൂളിമിയക്കാർ പൊതുവെ പൊണ്ണത്തടിയുള്ളവരോ തീരെ മെലിഞ്ഞവരോ ആയിരിക്കില്ല. മറ്റുള്ളവരുടെ ദൃഷ്ടിയിൽ അവരുടെ ആഹാര ശീലങ്ങൾക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായും തോന്നില്ല. ലിൻസി എന്നു പേരുള്ള ഒരു സ്ത്രീ പറയുന്നു, “ഒമ്പതു വർഷം ഞാൻ ദിവസവും നാലോ അഞ്ചോ തവണവരെ മൂക്കറ്റം തിന്നിട്ടു ഛർദിക്കുമായിരുന്നു. . . . എനിക്കു ബൂളിമിയ ഉള്ള വിവരം ആർക്കും അറിയില്ലായിരുന്നു. കാര്യക്ഷമതയുടെയും സന്തോഷത്തിന്റെയും സാധാരണ തൂക്കത്തിന്റെയും തിരശ്ശീലയ്ക്കു പിന്നിൽ ഞാൻ അതു മറച്ചുവെച്ചു.”
എന്നിരുന്നാലും അനിയന്ത്രിത ഭക്ഷക വൈകല്യം ഉള്ളവരുടെ അവസ്ഥ ഇതിൽ നിന്നു കുറെയൊക്കെ വ്യത്യസ്തമാണ്. ബൂളിമിയക്കാരിയെ പോലെ, ഈ വ്യക്തിയും ഒറ്റയിരുപ്പിൽ ഒരുപാട് ആഹാരം കഴിക്കും. ദ ന്യൂ ടീനേജ് ബോഡി ബുക്ക് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “വാരിവലിച്ചു തിന്നുകയും ഛർദിച്ചോ മറ്റോ ആഹാരം പുറത്തു കളയാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അനിയന്ത്രിത ഭക്ഷക വൈകല്യമുള്ളർ പൊതുവെ അമിത വണ്ണം ഉള്ളവർ ആയിരിക്കും. എന്നാൽ ഇത് ഓരോരുത്തരിലും കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുമെന്നു മാത്രം.”
ആരോഗ്യ വിപത്തുകൾ
മേൽപ്പറഞ്ഞ മൂന്ന് ആഹാരശീല വൈകല്യങ്ങൾക്കും ഒരുവന്റെ ആരോഗ്യത്തിനു ഗുരുതരമായ ഭീഷണി ഉയർത്താൻ കഴിയും. അനൊറെക്സിയ കടുത്ത വികലപോഷണത്തിന് ഇടയാക്കിയേക്കാം, പല കേസുകളിലും—15 ശതമാനം വരെ എന്നു ചിലർ കണക്കാക്കുന്നു—അതു മരണകരം പോലും ആയിരുന്നേക്കാം. വാരിവലിച്ചു തിന്നുന്നത്, പിന്നീട് ആഹാരം പുറത്തു കളഞ്ഞാലും ഇല്ലെങ്കിലും, ആരോഗ്യം അപകടത്തിലാക്കും. പൊണ്ണത്തടി ജീവനു ഭീഷണി ഉയർത്തുന്ന ഹൃദയ-ധമനി സംബന്ധ രോഗങ്ങൾ, പ്രമേഹം, ചിലതരം കാൻസർ എന്നിവയ്ക്കുപോലും കാരണമായേക്കാം. ആഹാരം ഛർദിച്ചു കളയുന്നത് അന്നനാളം പൊട്ടാൻ ഇടയാക്കിയേക്കാം. വയറിളക്കാനും മൂത്രം പോക്കിനെ ത്വരിതപ്പെടുത്താനും ഉള്ള മരുന്നുകളുടെ ദുരുപയോഗം ചില കേസുകളിൽ ഹൃദയസ്തംഭനത്തിനു പോലും കാരണമായിത്തീർന്നേക്കാം.
എന്നിരുന്നാലും, ആഹാരശീല വൈകല്യങ്ങളുടെ മറ്റൊരു വശവും പരിഗണനയിൽ എടുക്കേണ്ടതായുണ്ട്. അനൊറെക്സിയ, ബൂളിമിയ, അനിയന്ത്രിത ഭക്ഷക വൈകല്യം എന്നിവ ഉള്ളവർ പൊതുവെ അസന്തുഷ്ടർ ആയിരിക്കും. സാധാരണ ഗതിയിൽ, അവർക്ക് ആത്മാഭിമാനം കുറവായിരിക്കും, ഉത്കണ്ഠയ്ക്കും വിഷാദത്തിനും അടിപ്പെടാനുള്ള സാധ്യത കൂടുതലുമായിരിക്കും. വ്യക്തമായും ഇത്തരക്കാർക്കു സഹായം ആവശ്യമാണ്. എന്നാൽ, വണ്ണത്തെ കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ ആഹാരശീല വൈകല്യമുള്ളവരെ എങ്ങനെ സഹായിക്കാനാകും? ഈ പരമ്പരയുടെ ഒരു ഭാവി ലേഖനത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a പെൺകുട്ടികളെ മാത്രമല്ല അനൊറെക്സിയ ബാധിക്കുന്നത്. എങ്കിലും, ഭൂരിഭാഗം അനൊറെക്സിയക്കാരും പെൺകുട്ടികൾ ആയതുകൊണ്ട്, ഈ തകരാറുള്ളവരെ കുറിക്കാൻ ഞങ്ങൾ സ്ത്രീലിംഗ ശബ്ദം ഉപയോഗിക്കുന്നു.
b സാധാരണ ഗതിയിൽ ഉണ്ടായിരിക്കേണ്ടതിനെക്കാൾ 15 ശതമാനമെങ്കിലും തൂക്കം കുറഞ്ഞ, മൂന്നോ അതിലേറെയോ മാസം ആർത്തവം ഉണ്ടായിട്ടില്ലാത്ത സ്ത്രീ വൈദ്യശാസ്ത്രപരമായി അനൊറെക്സിയക്കാരിയാണ്.
c കഴിച്ച ആഹാരം പുറത്തു കളയാനുള്ള മറ്റു മാർഗങ്ങളിൽ വയറിളക്കാനുള്ളതോ മൂത്രം പോക്കിനെ ത്വരിതപ്പെടുത്താനുള്ളതോ ആയ മരുന്നുകൾ കഴിക്കുന്നതും ഉൾപ്പെടുന്നു.
d ആഹാരശീല വൈകല്യങ്ങൾ ഉള്ള നിരവധി പേർ അനൊറെക്സിയയുടെയും ബൂളിമിയയുടെയും ലക്ഷണങ്ങൾ മാറിമാറി കാണിക്കാറുണ്ട്.
[14-ാം പേജിലെ ചതുരം]
ശരീരത്തെ കുറിച്ചുള്ള വികല വീക്ഷണം
തൂക്കം സംബന്ധിച്ച മിക്ക പെൺകുട്ടികളുടെയും ഉത്കണ്ഠ അസ്ഥാനത്താണ്. 5-നും 17-നും മധ്യേ പ്രായമുള്ള 58 ശതമാനം പെൺകുട്ടികളും തങ്ങൾക്ക് അമിതതൂക്കം ഉണ്ടെന്നു വിശ്വസിക്കുന്നതായി ഒരു പഠനത്തിൽ വെളിപ്പെട്ടു. വാസ്തവത്തിൽ, വെറും 17 ശതമാനത്തിനു മാത്രമേ തൂക്കക്കൂടുതൽ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു പഠനം വെളിപ്പെടുത്തിയ പ്രകാരം, ആവശ്യത്തിനു തൂക്കം ഇല്ലാതിരുന്ന 45 ശതമാനം സ്ത്രീകൾ തങ്ങൾക്കു തൂക്കം വളരെ കൂടുതലാണെന്നു കരുതിയിരുന്നു! കാനഡയിലെ ഒരു സർവേ, രാജ്യത്തെ 70 ശതമാനം സ്ത്രീകൾ തങ്ങളുടെ തൂക്കം സംബന്ധിച്ചു ചിന്താകുലരാണെന്നും 40 ശതമാനം ആദ്യം തൂക്കം കുറയ്ക്കുകയും പിന്നീടതു കൂട്ടുകയും ചെയ്യുന്ന അസ്ഥിരമായ ഒരു ഭക്ഷണക്രമം പിൻപറ്റുന്നുവെന്നും കണ്ടെത്തി.
വ്യക്തമായും, ശരീരത്തെ കുറിച്ചുള്ള വികലമായ വീക്ഷണമാണ് ചില പെൺകുട്ടികളെ, വാസ്തവത്തിൽ പ്രശ്നമല്ലാത്ത ഒരു സംഗതിയെ കുറിച്ച് അമിതമായി വ്യാകുലപ്പെടാൻ ഇടയാക്കുന്നത്. “വളരെയധികം ഡയറ്റ് ഗുളികകൾ കഴിക്കുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അനൊറെക്സിയ ഉള്ള ഏതാനും പെൺകുട്ടികളെയും എനിക്കറിയാം,” 16 വയസ്സുകാരി ക്രിസ്റ്റിൻ പറയുന്നു. “അവർക്കു വണ്ണക്കൂടുതൽ ഉണ്ടെന്ന് ഒരു കുഞ്ഞും പറയില്ല,” അവൾ കൂട്ടിച്ചേർത്തു.
നല്ല കാരണത്തോടെ എഫ്ഡിഎ കൺസ്യൂമർ എന്ന മാസിക ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “‘എല്ലാവരും’ ചെയ്യുന്നു എന്നതുകൊണ്ടോ ആഗ്രഹിക്കുന്നത്ര മെലിഞ്ഞല്ല നിങ്ങളിരിക്കുന്നത് എന്നതുകൊണ്ടോ ഭക്ഷണം നിയന്ത്രിക്കുന്നതിനു പകരം, പ്രായത്തിനും പൊക്കത്തിനും അനുസരിച്ച് ആവശ്യമുള്ളതിൽ കൂടുതൽ വണ്ണമോ തൂക്കമോ നിങ്ങൾക്കുണ്ടോ എന്ന് ആദ്യം ഒരു ഡോക്ടറോടോ പോഷകവിദഗ്ധനോടോ ചോദിച്ചറിയുക.”
[15-ാം പേജിലെ ചിത്രം]
വണ്ണം സംബന്ധിച്ച പലരുടെയും ഉത്കണ്ഠ അസ്ഥാനത്താണ്