ഞങ്ങളുടെ വായനക്കാരിൽനിന്ന്
അവധിക്കാല ദുഃഖങ്ങൾ “അവധിക്കാല ദുഃഖങ്ങൾ ഒഴിവാക്കാവുന്ന വിധം” എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. (ജൂൺ 22, 1998) എനിക്കു ധാരാളം കാര്യങ്ങൾ പഠിക്കുന്നതിനു സാധിച്ചു. ഉദാഹരണത്തിന്, ദീർഘനേരം അനങ്ങാതെ ചടഞ്ഞുകൂടി ഇരിക്കുന്നത് കാലിൽ രക്തം കട്ടപിടിക്കുന്നതിന്റെ സാധ്യത വർധിപ്പിച്ചേക്കും എന്ന് എനിക്കു മുമ്പ് അറിയില്ലായിരുന്നു.
എൽ. ജി., ഐക്യനാടുകൾ
മനുഷ്യർ കേവലം ഉയർന്നതരം ജന്തുക്കളോ? “മനുഷ്യർ കേവലം ഉയർന്നതരം ജന്തുക്കളോ?” (ജൂൺ 22, 1998) എന്ന ലേഖന പരമ്പരയോടുള്ള എന്റെ ആഴമായ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ വളരെ ഗഹനമായി വിഷയം വിചിന്തനം ചെയ്തു എന്നതു സ്പഷ്ടമാണ്. അതു വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിവുള്ള പ്രശസ്തരായ ആളുകളുടെ ഉദ്ധരണികൾ അതിനെ വിദഗ്ധർക്കു വായിക്കാൻ പറ്റിയ ഒരു ലേഖനമാക്കുന്നു. അതിന്റെ അവസാനമെത്തുമ്പോഴേക്കും, നാമെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന വസ്തുതയോടു താനേ യോജിച്ചു പോകും.
എ. ഡി., സ്ലൊവാക്യ
ലേഖനങ്ങൾ എന്റെ മനം കവർന്നു. ദുർഗ്രഹവും സങ്കീർണവുമായ സത്യങ്ങൾ ലളിതവും അനിഷേധ്യവുമായ വിധത്തിൽ എഴുതി ഫലിപ്പിക്കുന്നതിൽ ഉണരുക!യ്ക്ക് തീർച്ചയായും ഒരു പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്.
കെ. എൽ. ഡി., ജർമനി
മാസികയുടെ കവർചിത്രം വളരെ വാചാലമായിരുന്നു, ഉള്ളടക്കം ഗംഭീരവും. വഞ്ചനാത്മകമായ സിദ്ധാന്തങ്ങൾക്കെതിരെ ബൈബിൾ സത്യങ്ങൾ ഉയർത്തി പിടിക്കുന്നതിനുള്ള നിങ്ങളുടെ നിരന്തര ശ്രമങ്ങളെ ഞാൻ വിലമതിക്കുന്നു. പ്രസംഗവേലയിൽ കണ്ടുമുട്ടിയ യുവപ്രായക്കാരുടെ ഇടയിൽ ഉണരുക!യുടെ ഈ ലക്കം വളരെ താത്പര്യം ഉണർത്തി. വിശാലമനസ്കരായ പല ആളുകളും അതു സ്വീകരിക്കുകയുണ്ടായി.
എം. എം., ഇറ്റലി
ചൊവ്വയിൽ ഒരു റോബോട്ട് പര്യവേക്ഷണം നടത്തുന്നു. മനുഷ്യനെ ജന്തുക്കളിൽ നിന്നു വേർതിരിക്കുന്ന വൻവിടവിനെ കുറിച്ചു വിവരിക്കുന്ന ലേഖന പരമ്പര വായിച്ചു കഴിഞ്ഞ ഉടൻ തന്നെ അതേ ലക്കത്തിലെ “ചൊവ്വയിൽ ഒരു റോബോട്ട് പര്യവേക്ഷണം നടത്തുന്നു” എന്ന ലേഖനവും (ജൂൺ 22, 1998) ഞാൻ വായിച്ചു. മനുഷ്യനും ജന്തുക്കൾക്കും ഇടയിൽ ബൗദ്ധിക വിടവ് ഉണ്ടെന്നുള്ള വസ്തുത ചുരുക്കം വാക്കുകളിൽ എത്ര അനിഷേധ്യമായാണ് ലേഖനം സ്ഥിരീകരിച്ചത്!
ജി. ഡി. എം., ഐക്യനാടുകൾ
അയാൾ എന്നെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിലോ? ജൂൺ 22 ലക്കം ഉണരുക! എനിക്ക് ഇന്നാണു ലഭിച്ചത്. “യുവജനങ്ങൾ ചോദിക്കുന്നു . . അയാൾ എന്നെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിലോ?” എന്ന ലേഖനം കണ്ടമാത്രയിൽ തന്നെ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകിയതിൽ ഞാൻ യഹോവയ്ക്കു നന്ദി പറഞ്ഞു. ഈ ലേഖനം എന്റെ മമ്മിയോടൊപ്പം പരിചിന്തിക്കുന്നതിനും അതിലെ ബുദ്ധ്യുപദേശങ്ങൾ എന്റെ ജീവിതത്തിൽ ബാധകമാക്കുന്നതിനും ഞാൻ ഉറച്ചിരിക്കുന്നു. “യുവജനങ്ങൾ ചോദിക്കുന്നു . . .” എന്ന പരമ്പര വാസ്തവമായും യഹോവയാം ദൈവത്തിൽ നിന്നുള്ള ഒരു സ്നേഹപൂർവകമായ കരുതലാണ്.
കെ. എം., കെനിയ
ഞാൻ 22 വയസ്സുള്ള ഒരു യുവതിയാണ്. നിങ്ങളുടെ മാസികയുടെ ഓരോ ലക്കവും ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഒരു ലേഖനം എന്റെ ഹൃദയത്തെ ഇത്ര ആഴത്തിൽ സ്പർശിക്കുന്നത്. അതു വായിക്കാൻ ആരംഭിച്ചപ്പോൾ തന്നെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. നിങ്ങൾ വർണിച്ച അതേ വികാരങ്ങൾ കുറച്ചു കാലം മുമ്പ് എനിക്ക് ഉണ്ടായിരുന്നു. അതേക്കുറിച്ച് എനിക്കു ധാരാളം സംശയങ്ങളും ഉണ്ടായിരുന്നു. കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
ആർ. ബി., ലിത്വാനിയ
ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ “എന്റെ വികാരങ്ങൾ മറ്റൊരാൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു?” എന്നു ഞാൻ അതിശയിച്ചു പോയി. യഹോവ ദയാപുരസ്സരം എല്ലാം മനസ്സിലാക്കുന്നു എന്ന് അറിഞ്ഞത് എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. മാസിക ഇന്നാണ് എത്തിയത്. ഇപ്പോൾ സമയം അർധരാത്രിയായെങ്കിലും ഇന്നു തന്നെ ഞാനിത് എഴുതുകയാണ്.
എ. എൻ., ജപ്പാൻ
ഈ ലേഖനം സ്ത്രീകളെ ഉദ്ദേശിച്ചു തയ്യാറാക്കപ്പെട്ടതാണെങ്കിലും അതു വളരെ സഹായകരമാണെന്നു ഞാൻ കണ്ടെത്തി. ഞാൻ സ്നേഹിച്ചിരുന്ന സ്ത്രീക്ക് എന്നോട് ഒട്ടും താത്പര്യമില്ലെന്നു തീർത്തു പറഞ്ഞിട്ട് ഒരാഴ്ച ആയതേ ഉണ്ടായിരുന്നുള്ളൂ. അതു വളരെ വേദനാജനകമായിരുന്നു. എന്റെ വികാരങ്ങൾ വിചിന്തനം ചെയ്യാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു. അത് എനിക്ക് ആശ്വാസമേകി. എന്നാൽ ഏറെ പ്രധാനമായി, ഒരു ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ കൊടുക്കലിനാണ് അല്ലാതെ വാങ്ങലിനല്ല ഞാൻ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് അത് കാണിച്ചു തന്നു.
പി. എച്ച്. എസ്., ബ്രസീൽ
വിവാഹപ്രായമെത്തിയാൽ പെൺകുട്ടികളെ ഉടനെ തന്നെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്ന രീതി ആണു കൊറിയയിൽ ഉള്ളത്. “നവയൗവ്വനം പിന്നിടുന്നതു” വരെ വിവാഹം കഴിക്കാതിരിക്കുക എന്നത് ഒരു ക്രിസ്തീയ വനിതയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. (1 കൊരിന്ത്യർ 7:36, NW) ഈ ഉത്തമ ഉപദേശത്തിനു നന്ദി.
എസ്. സി., കൊറിയ