കോസ്റ്ററിക്കയിലെ നിഗൂഢമായ ശിലാ ഗോളങ്ങൾ
കോസ്റ്ററിക്കയിലെ ഉണരുക! ലേഖകൻ
പതിനാറു നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ, കോസ്റ്ററിക്കയുടെ തെക്കുപടിഞ്ഞാറുള്ള ആളുകൾ അകം പൊള്ളയല്ലാത്ത, വൈവിധ്യമാർന്ന അനേകം ശിലാ ഗോളങ്ങൾ നിർമിച്ചിരുന്നു. പത്തു സെന്റിമീറ്റർ വ്യാസമുള്ള ചെറിയ ഗോളങ്ങൾ മുതൽ 2.4 മീറ്റർ വ്യാസമുള്ള വലിയവ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. തികച്ചും കുറ്റമറ്റവിധത്തിൽ രൂപപ്പെടുത്തിയിരിക്കുന്ന ആ ശിലാ ഗോളങ്ങൾ കണ്ടാൽ ‘എങ്ങനെ, എന്തിനാണ് അവ നിർമിച്ചത്?’ എന്ന് ആരും അതിശയിച്ചു പോകും.
ചിലി, മെക്സിക്കോ, ഐക്യനാടുകൾ എന്നിവ ഉൾപ്പെടെ മറ്റനേകം രാജ്യങ്ങളിലും ശിലാ ഗോളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, കോസ്റ്ററിക്കയിലെ കരിങ്കൽ ഗോളങ്ങൾ അതുല്യമാണ്. ഉത്കൃഷ്ട ഗുണനിലവാരമുള്ള അവയിൽ ചിലതു മിനുസമായ പ്രതലങ്ങളോടു കൂടിയ തനി ഗോളങ്ങളാണ്. മിക്കപ്പോഴും 20-ഓ അതിലധികമോ ഉള്ള കൂട്ടമായാണ് അവ കാണപ്പെടുക. പ്രത്യേകാൽ കൗതുകകരമായ സംഗതി, ത്രികോണങ്ങളും ദീർഘചതുരങ്ങളും നേർരേഖകളും പോലുള്ള ജ്യാമിതീയ മാതൃകകളുടെ രൂപത്തിൽ അവയിൽ പലതും അടുക്കി വെച്ചിരിക്കുന്നു എന്നതാണ്. ഇവയിൽ മിക്കതും അടുക്കിയിരിക്കുന്നതോ ഭൂകാന്തിക ഉത്തരധ്രുവത്തിലേക്കു (earth’s magnetic north) തിരിഞ്ഞിരിക്കുന്ന വിധത്തിലും.
ഡിക്കിസ് നദീതുരുത്തിൽ നിന്ന് അനേകം ഗോളങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവ കോസ്റ്ററിക്കയുടെ തെക്കുള്ള പാൽമാർ സൂർ, ബ്യൂണസ് അയേഴ്സ്, ഗോൾഫീറ്റോ എന്നീ നഗരങ്ങളിൽ നിന്നും അതുപോലെ വടക്കുള്ള ഗ്വാനാക്കാസ്റ്റെ പ്രവിശ്യയിൽ നിന്നും മധ്യതാഴ്വരയിൽ നിന്നും കണ്ടെടുത്തിരിക്കുന്നു. ഗോളങ്ങളോടൊപ്പം കണ്ടെത്തപ്പെട്ട നിരവധി കരകൗശലവസ്തുക്കൾ അവയുടെ കാലനിർണയം സംബന്ധിച്ചു വിലപ്പെട്ട സൂചനകൾ നൽകിയിട്ടുണ്ട്. ഈ നിഗൂഢ ശിലകളിൽ ചിലതു പൊ.യു. 400-ലേതാണ് എന്നു പുരാവസ്തുശാസ്ത്രജ്ഞർ കണക്കാക്കുന്നു. പൊ.യു. 800-നും 1200-നും ഇടയ്ക്കു നിർമിക്കപ്പെട്ട ശിലാഗോളങ്ങളാണ് ഏറ്റവും കൂടുതൽ. ചിലത്, പഴയകാലത്തെ പാർപ്പിടങ്ങൾ എന്നു തോന്നിപ്പിക്കുന്നവയുടെ സമീപത്തു നിന്നോ ശ്മശാനങ്ങളുടെ തൊട്ടടുത്തു നിന്നോ ആണു കണ്ടെടുത്തത്. വർഷങ്ങൾ കടന്നുപോയപ്പോൾ, ഈ ഗോളങ്ങളിൽ നിധി ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും എന്നു ധരിച്ചുവശായ ആളുകൾ അവ പൊട്ടിച്ചുനോക്കിയതു നിമിത്തം അവയിൽ ചിലതു നശിപ്പിക്കപ്പെട്ടു. എങ്കിലും, 130-ഓളം ശിലാ ഗോളങ്ങൾ ഇപ്പോൾ നിലവിലുള്ളതായി കോസ്റ്ററിക്കയിലെ ദേശീയ മ്യൂസിയം പട്ടികപ്പെടുത്തുന്നു. പക്ഷേ ഈ പട്ടികയിൽ ഉൾപ്പെടാത്ത ധാരാളം ശിലകൾ ഇനിയും ഉണ്ട്. ഈ പുരാതന ഗോളങ്ങൾ എണ്ണി തിട്ടപ്പെടുത്തുക പ്രയാസമാണ്, കാരണം അവയിൽ പലതും ആദ്യം ആയിരുന്നിടത്തു നിന്നും നീക്കി ഉദ്യാനങ്ങളും പള്ളികളും പോലുള്ള സ്വകാര്യ ഇടങ്ങളിൽ അലങ്കാരവസ്തുക്കളായി വെച്ചിരിക്കുകയാണ്. തീർച്ചയായും, ഭൂമിക്കടിയിലും കൊടുങ്കാടുകളിലുമായി ഇനിയും കണ്ടെത്തപ്പെടാതെ കിടക്കുന്ന ധാരാളം ഗോളങ്ങളുമുണ്ട്.
അവ എങ്ങനെ ആണ് നിർമിക്കപ്പെട്ടത്? ആർക്കും പിടികിട്ടാത്ത ഒരു രഹസ്യമാണത്. ഇത്രയധികം കൃത്യത കൈവരിക്കുന്നതിനു കുറെയൊക്കെ യാന്ത്രിക നടപടിക്രമങ്ങൾ ആവശ്യമായിരുന്നിരിക്കണം. ആ കാലഘട്ടത്തിലെ പല പ്രതിമകളുടെയും നിർമിതി കണക്കിലെടുക്കുമ്പോൾ ഈ ഗോളനിർമാതാക്കൾ വിദഗ്ധരായ ശിൽപ്പികൾ ആയിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും. ഇതുകൂടാതെ, പൊ.യു. 800-ലെ സ്വർണം കൊണ്ടുള്ള കരകൗശല നിർമിതികൾ, ഉയർന്ന താപനില ഉപയോഗപ്പെടുത്തി ജോലിചെയ്യുന്നതിൽ അവർ പരിചയസമ്പന്നർ ആയിരുന്നതായി തെളിയിക്കുന്നു. ഗോളങ്ങൾ രൂപപ്പെടുത്തുന്നതിൽ, ശിലയുടെ ബാഹ്യപാളികൾ അടർത്തി മാറ്റുന്നതിനായി അവ ശക്തമായി ചൂടാക്കിയ ശേഷം തണുപ്പിക്കുന്നത് ഉൾപ്പെട്ടിരുന്നിരിക്കാം എന്നു ചിലർ അനുമാനിക്കുന്നു. ഒടുവിൽ അവർ മണലോ തുകലോ ഉപയോഗിച്ചു ഗോളങ്ങൾ മിനുസപ്പെടുത്തിയിരിക്കാം.
വലിപ്പമേറിയ ഗോളങ്ങൾ “അതിസമർഥരായ ശിൽപ്പികളുടെ നിർമിതികളായിരുന്നു. ടേപ്പും തൂക്കുകട്ടകളും ഉപയോഗിച്ചു വ്യാസം അളന്നപ്പോൾ പിഴവുകൾ കണ്ടുപിടിക്കാനാകാത്ത വിധം പൂർണതയോട് അത്രമാത്രം അടുത്തുവന്നിരുന്നു [ആ ഗോളങ്ങളുടെ] നിർമിതി” എന്ന് ഒരു ശാസ്ത്രജ്ഞ വിശദീകരിക്കുകയുണ്ടായി. ഈ കൃത്യത, തദ്ദേശീയരായ ആളുകളുടെ ഗണിതശാസ്ത്ര വൈദഗ്ധ്യവും ശിലാ കൊത്തുപണിയിലുള്ള മികച്ച ജ്ഞാനവും പണി ആയുധങ്ങളുടെ ഉപയോഗവുമെല്ലാം നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു. എന്നിരുന്നാലും, ഈ ആളുകൾക്ക് ഒരു ലിഖിത ഭാഷ ഉണ്ടായിരുന്നതായി കാണപ്പെടുന്നില്ലാത്തതിനാൽ കൃത്യമായും എങ്ങനെ ആണ് അവർ ഈ ഗോളങ്ങൾ നിർമിച്ചത് എന്നതിന്റെ രേഖകൾ ഒന്നുമില്ല.
ഈ ഗോളങ്ങളിൽ മിക്കവയും നിർമിച്ചിരിക്കുന്നതു കരിങ്കല്ലു പോലെയുള്ള ശിലകൾ കൊണ്ടാണ്. അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും അടുത്തുള്ള കരിങ്കൽമട ഡിക്കിസ് നദീതുരുത്തിൽനിന്ന് ഏതാണ്ട് 40 മുതൽ 50 വരെ കിലോമീറ്റർ അകലെയുള്ള പർവതത്തിലായിരുന്നു. വലിയ ഭാരമുള്ള ഈ ശിലകൾ എങ്ങനെ ആണ് ശിൽപ്പികൾ നീക്കിയത്? കരിങ്കൽമടയിൽ വെച്ചു തന്നെ പാറകൾ കൊത്തിരൂപപ്പെടുത്തിയിരുന്നു എങ്കിൽ, അവ ചുവട്ടിൽ എത്തിക്കാൻ ശിൽപ്പികൾ നന്നേ ശ്രദ്ധിക്കേണ്ടിയിരുന്നു. ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ വളരെയധികം ഭാരമുള്ള ഒരു വസ്തു ഇത്രയും ദൂരം കൊണ്ടുവരുന്നതിന്റെ വെല്ലുവിളി നിങ്ങൾക്കു വിഭാവന ചെയ്യാനാകുമോ? യഥാർഥത്തിൽ, ഈ ഗോളങ്ങൾക്ക് എത്ര ഭാരമുണ്ട്? ചിലതിന് 16 ടണ്ണിലധികം ഭാരം വരും!
ഇനി, മടയിൽ നിന്നു കരിങ്കല്ലു നീക്കിക്കൊണ്ടുവന്നതിനു ശേഷമാണു കൊത്തിരൂപപ്പെടുത്തിയത് എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ, 2.4 മീറ്റർ വ്യാസമുള്ള ഒരു ഗോളം നിർമിക്കുന്നതിന് ആവശ്യമായ 2.7 മീറ്റർ ക്യൂബിന്, 24 ടണ്ണിലധികം ഭാരം വരും! സാധ്യതയനുസരിച്ച്, ഈ കല്ലുകൾ കൊണ്ടുപോകാൻ പറ്റിയ വീതിയുള്ള നിരപ്പായ പാത നിർമിക്കുന്നതിനായി തദ്ദേശീയർക്കു കൊടുങ്കാടുകൾ വെട്ടിത്തെളിക്കേണ്ടി വന്നു. ഒരു വൻ സംരംഭം തന്നെ! ചില ഗോളങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നതു ചുണ്ണാമ്പുകല്ലിനോടു വളരെ സമാനമായ കോക്വിന ഉപയോഗിച്ചാണ്. ഡിക്കിസ് നദീമുഖത്തിന് അടുത്തുള്ള സമുദ്രതീരങ്ങളിലാണ് ഈ പദാർഥം കാണപ്പെടുന്നത്. കല്ലുകൾ ചങ്ങാടത്തിൽ വെച്ച് ഒഴുക്കിനെതിരെ ഏകദേശം 50 കിലോമീറ്റർ കൊണ്ടുപോയിരിക്കാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്. പസിഫിക് സമുദ്രതീരത്തു നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ കാനോ ദ്വീപിലും കുറെ ഗോളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ ഗോളങ്ങൾ യഥാർഥത്തിൽ എന്തിനായിരുന്നു എന്ന് അസന്ദിഗ്ധമായി പറയാൻ ആർക്കും കഴിയില്ല. ഒരു ഗോത്രമുഖ്യന്റെയോ ഗ്രാമത്തിന്റെയോ ഉന്നതസ്ഥാനത്തെ അല്ലെങ്കിൽ പ്രാധാന്യത്തെ അവ പ്രതീകപ്പെടുത്തിയിരിക്കാം. അല്ലെങ്കിൽ മതപരമോ ആചാരപരമോ ആയ പ്രതീകങ്ങൾ ആയിരുന്നിരിക്കാം അവ. എന്തുതന്നെ ആയിരുന്നാലും, ഭാവിയിലെ പുരാവസ്തു പഠനങ്ങൾ ഒരിക്കൽ കോസ്റ്ററിക്കയിലെ ശിലാ ഗോളങ്ങളെ സംബന്ധിച്ച രഹസ്യങ്ങളുടെ ചെപ്പു തുറന്നേക്കാം.
[22, 23 പേജുകളിലെ ഭൂപടം]
കോസ്റ്ററിക്ക
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[23-ാം പേജിലെ ചിത്രം]
എൻജിനുമായുള്ള താരതമ്യത്തിൽ ഗോളത്തിന്റെ വലിപ്പം
[കടപ്പാട്]
Courtesy of National Museum of Costa Rica
[24-ാം പേജിലെ ചിത്രം]
കോസ്റ്ററിക്കയിലെ ദേശീയ മ്യൂസിയത്തിന്റെ വളപ്പിലുള്ള ഗോളങ്ങൾ
കാലനിർണയം ചെയ്യപ്പെട്ടിട്ടില്ലാത്തതും 8.5 അടി വ്യാസമുള്ളതുമായ ഏറ്റവും വലിയ ഗോളം
[കടപ്പാട്]
Courtesy of National Museum of Costa Rica