ഡെന്മാർക്കിന്റെ ഗ്രേറ്റ് ബെൽറ്റിനു കുറുകെ
ഡെന്മാർക്കിലെ ഉണരുക! ലേഖകൻ
ഭൂപടത്തിൽ ഡെന്മാർക്ക് എന്ന രാജ്യം നോക്കിയാൽ അവിടുത്തുകാർ കാലങ്ങളായി കടൽയാത്രികരും പാലം പണിക്കാരും ആയിരുന്നതിന്റെ കാരണം എളുപ്പത്തിൽ മനസ്സിലാകും. 483 ദ്വീപുകളും യൂറോപ്പ് വൻകരയിൽനിന്നു കടലിലേക്ക് ഉന്തിനിൽക്കുന്ന ഒരു ഉപദ്വീപും ചേർന്നതാണ് ഡെന്മാർക്ക്. അതുകൊണ്ട് ഡെന്മാർക്കിലൂടെ യാത്ര ചെയ്യാൻ എപ്പോഴും കടൽ മുറിച്ചു കടക്കണമായിരുന്നു.
സമുദ്രയാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ കപ്പലുകൾ നിർമിക്കേണ്ട വിധം ഡെന്മാർക്കുകാരുടെ കടൽക്കൊള്ളക്കാരായിരുന്ന പൂർവികർക്ക് അറിയാമായിരുന്നു. യുഗങ്ങളിൽ ഉടനീളം, ഡെന്മാർക്കിന്റെ ഓരോ കൊച്ചു തീരപ്രദേശ പട്ടണത്തിലും അതിനെ മറ്റൊരു പട്ടണവുമായി അല്ലെങ്കിൽ അയൽദ്വീപുമായി ബന്ധിപ്പിക്കുന്ന കടത്തു ബോട്ടുകൾ ഉണ്ടായിരുന്നതായി കാണപ്പെടുന്നു.
ഗ്രേറ്റ് ബെൽറ്റിനു കുറുകെ
എങ്കിലും കപ്പൽ യാത്ര അപകടം പിടിച്ചതായിരുന്നു, വിശേഷിച്ചും ഡെന്മാർക്കിന്റെ രണ്ടു വലിയ ദ്വീപുകളായ ഷെലാനിനെയും ഫിനിനെയും വേർതിരിക്കുന്ന വീതിയേറിയ കടലിടുക്കു മുറിച്ചു കടക്കുമ്പോൾ. സ്റ്റോർ സ്ട്രെയ്റ്റ് എന്ന് അറിയപ്പെടുന്ന വീതിയേറിയ ഈ കടലിടുക്ക് വടക്കു മുതൽ തെക്കുവരെ ഒരു ബെൽറ്റ് പോലെ കാണപ്പെടുന്നു. അതുകൊണ്ട് മിക്കപ്പോഴും ഇതു ഗ്രേറ്റ് ബെൽറ്റ് എന്നാണു വിളിക്കപ്പെടുന്നത്.
പടിഞ്ഞാറൻ ഡെന്മാർക്കിൽ നിന്നു ഷെലാനിലേക്കോ തിരിച്ചോ യാത്ര ചെയ്യണമെങ്കിൽ ഗ്രേറ്റ് ബെൽറ്റ് മുറിച്ചു കടക്കണം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ സ്ഥിതി ചെയ്യുന്നത് ഷെലാനിൽ ആണ്. പണ്ടായിരുന്നെങ്കിൽ യാത്രയ്ക്കായി കാറ്റിന്റെ ഗതി മാറുന്നതും കൊടുങ്കാറ്റു ശമിക്കുന്നതും അല്ലെങ്കിൽ മഞ്ഞുകട്ടകൾ ഉരുകുന്നതും നോക്കി ദിവസങ്ങളോളം കാത്തുനിൽക്കണമായിരുന്നു. കടലിടുക്ക് മുറിച്ചുകടക്കാൻ ദീർഘനേരം വേണ്ടിവന്നിരുന്നെന്നു മാത്രമല്ല അത് അപകടം പിടിച്ച ഒരു സംരംഭവുമായിരുന്നു. 16-ാം നൂറ്റാണ്ടിൽ, രാജകുടുംബത്തിലെ ഒരു കൂട്ടം ആളുകൾ കരയിൽനിന്നു പാതിവഴി പിന്നിട്ട ശേഷം മഞ്ഞുകട്ടകൾ കാരണം സ്പ്രോയെവൂ എന്ന കൊച്ചു ദ്വീപിൽ ഒരാഴ്ച കുടുങ്ങിപ്പോയി.
അതുകൊണ്ട് ഈ സ്ഥാനത്ത് ഒരു പാലം പണിയുകയെന്നത് ഡെന്മാർക്കുകാരുടെ മനസ്സിൽ പണ്ടേ ഉദിച്ച ഒരു ആശയമാണ്. എന്നാൽ ഗ്രേറ്റ് ബെൽറ്റിനോളം വീതിയേറിയ ഒരു ജലാശയത്തിനു കുറുകെ ഒരു പാലം നിർമിക്കുക സാധ്യമാണോ? പാലത്തിന്—സ്പ്രോയെവൂ എന്ന ദ്വീപിലൂടെ കടന്നു പോകുന്ന ഭാഗം ഉൾപ്പെടെ—18 കിലോമീറ്റർ നീളം വേണ്ടിവരുമായിരുന്നു. പുറങ്കടലിനു കുറുകെയുള്ള ആ പാലത്തിന്റെ അറ്റം സാധാരണ കാലാവസ്ഥയിൽ പോലും നഗ്നനേത്രം കൊണ്ട് കാണാൻ സാധിച്ചെന്നു വരില്ല. സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിനുപോലും 3 കിലോമീറ്ററിൽ താഴെ നീളമേ ഉള്ളൂ.
ആസൂത്രകരുടെ തലവേദന
വാസ്തവത്തിൽ, ഇങ്ങനെയൊരു പാലം പണിയുന്നതിനെ കുറിച്ച് ഡെന്മാർക്ക് പാർലമെൻറിൽ 19-ാം നൂറ്റാണ്ടു മുതൽ ചർച്ചകൾ ആരംഭിച്ചിരുന്നു. വർഷങ്ങളോളം ആസൂത്രകർ ഈ ചോദ്യങ്ങൾ പരിചിന്തിക്കുകയായിരുന്നു: പാലമാണോ തുരങ്കമാണോ വേണ്ടത്? പാലം ട്രെയിനുകൾക്കാണോ കാറുകൾക്കാണോ വേണ്ടത്, അതോ രണ്ടിനും ആവശ്യമാണോ? കടത്തു ബോട്ടുകൾ തന്നെ പോരേ?
പല പല കണക്കുകൂട്ടലുകളും ചർച്ചകളും നടത്തപ്പെട്ടു. “ഗ്രേറ്റ് ബെൽറ്റ്” ചർച്ച എന്നത് ഡെന്മാർക്കിൽ ഒരിക്കലും അവസാനിക്കാത്ത ചർച്ചകൾക്കുള്ള പര്യായമായി മാറി. എന്നാൽ ഒടുവിൽ 1987-ൽ അവർ യോജിപ്പിലെത്തി. രണ്ടു ദ്വീപുകളും തമ്മിലുള്ള അകലം ഏറ്റവും കുറവായിരിക്കുന്ന സ്ഥലത്താണു പാലം പണിയേണ്ടത്, അത് ട്രെയിനുകൾക്കും കാറുകൾക്കും വേണ്ടിയുള്ളത് ആയിരിക്കുകയും വേണം. പദ്ധതിപ്രകാരം ഇതിൽ രണ്ടു പാലങ്ങളും ഒരു തുരങ്കവും ഉണ്ടായിരിക്കും, മൊത്തം 18 കിലോമീറ്റർ നീളത്തിൽ. എല്ലാം ചേർന്ന് അത് ഗ്രേറ്റ് ബെൽറ്റ് ലിങ്ക് എന്ന് അറിയപ്പെടും.
പടിഞ്ഞാറൻ പാലം
ഡെന്മാർക്ക് കാഥികനായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മനാടായ ഫിൻ ദ്വീപിൽനിന്ന് ഒരു റെയിൽപ്പാളവും ഒരു കോൺക്രീറ്റ് പാലവും ഉണ്ടായിരിക്കും. അതായിരുന്നു പദ്ധതിയുടെ ആദ്യഭാഗം. 1994-ൽ ഇതിന്റെ പണി പൂർത്തിയായി. ലിങ്കിന്റെ പടിഞ്ഞാറൻ പകുതിയായി ഇതു വർത്തിക്കുന്നു. ഇപ്പോൾ യൂറോപ്പിലെ ഏറ്റവും നീളമുള്ള റെയിൽ-റോഡ് പാലം അതാണ്. കടലിൽനിന്ന് 18 മീറ്റർ ഉയരത്തിലുള്ള അതിന് ഫിന്നിൽനിന്ന് കിഴക്കു സ്പ്രോയെവൂ വരെ 6 കിലോമീറ്ററിലധികം നീളമുണ്ട്.
കടലിൽ നാട്ടിയിരിക്കുന്ന കോൺക്രീറ്റ് തൂണുകളിന്മേൽ സ്ഥിതി ചെയ്യുന്ന ഈ പടിഞ്ഞാറൻ പാലം ഡസൻ കണക്കിനു സ്ലാബുകൾ കൂട്ടിച്ചേർത്താണു നിർമിച്ചിരിക്കുന്നത്. ഇവയിൽ മിക്കവയും 110 മീറ്റർ നീളം ഉള്ളവയാണ്. ഈ കോൺക്രീറ്റ് സ്ലാബുകൾ കരയിൽ വെച്ചാണു വാർത്തുണ്ടാക്കിയത്. എന്നാൽ ഈ സ്ലാബുകളെല്ലാം കടലിൽ വെച്ച് എങ്ങനെയാണു യോജിപ്പിച്ചെടുത്തത്? അതിനായി ലോകത്തിലേക്കും ഏറ്റവും വലിയ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം ക്രെയിനുകൾ ഉപയോഗിക്കുകയുണ്ടായി. സാധനങ്ങൾ പൊക്കാൻ ഉപയോഗിക്കുന്ന ഈ കൂറ്റൻ ഉപകരണത്തിന് 90 മീറ്ററിലധികം നീളമുണ്ട്. അതിന് 7,100 ടൺ ഭാരം—കാറുകൾ കടത്തുന്ന ഒരു ഫെറിയുടെയും ആയിരം കാറുകളുടെയും ഭാരത്തിലും അധികം—പൊക്കിയെടുത്തു കടലിലേക്കു കൊണ്ടുപോകാൻ കഴിയും!
എന്നാൽ പ്രകാശഗോപുരം സ്ഥിതി ചെയ്യുന്ന സ്പ്രോയെവൂ എന്ന കൊച്ചു ദ്വീപിലേക്ക് ഒരു ഇരട്ട റെയിൽപ്പാളവും നാലുവരിപ്പാതയും മാത്രം പണിതാൽ പോരായിരുന്നു. അവിടെനിന്ന് അതു പദ്ധതിയുടെ അടുത്ത രണ്ടു ഭാഗങ്ങളുമായി ബന്ധിപ്പിക്കണമായിരുന്നു. പടിഞ്ഞാറൻ പാലത്തിന്റെ അറ്റത്തുവെച്ച് ഹൈവേ റെയിൽപ്പാളത്തിൽനിന്നു വേർതിരിഞ്ഞ് മറ്റൊരു പാലത്തിന്റെ മുകളിലൂടെ കിഴക്കോട്ടു പോകുന്നു. ഒരു ഇരട്ട തുരങ്കത്തിനുള്ളിലേക്കു കയറിപ്പോകുന്ന റെയിൽപ്പാളമാകട്ടെ ചെന്നവസാനിക്കുന്നത് കടലിന് അടിയിലാണ്.
ഇരട്ടത്തുരങ്കം
പദ്ധതിയുടെ രണ്ടാം ഘട്ടമായ തുരങ്കം വലിയ ഒരു നേട്ടമാണ്. എട്ടു മീറ്റർ വീതം വ്യാസമുള്ള ഈ ഇരട്ടത്തുരങ്കങ്ങൾ ട്രെയിനുകൾക്കു വേണ്ടിയുള്ളതാണ്. 7.4 കിലോമീറ്റർ വരുന്ന കളിമണ്ണ്, പാറ, മറ്റു സമുദ്ര നിക്ഷേപങ്ങൾ എന്നിവ തുരന്നാണ് ഈ തുരങ്കങ്ങൾ പണിതിരിക്കുന്നത്. ഈ ഭൂഗർഭ വസ്തുക്കൾ തുരക്കുന്നതിനു മുമ്പ് തുരങ്ക നിർമാതാക്കൾക്ക് അവയുടെ സ്വഭാവം വിശദമായി നിർണയിക്കാൻ സാധിച്ചില്ല.
കടൽത്തട്ടിൽനിന്നും 10 മുതൽ 40 മീറ്റർ വരെ താഴ്ചയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. ഈ വ്യത്യാസം കടൽത്തട്ടിന്റെ ഉയർച്ച താഴ്ചകൾ അനുസരിച്ചാണ്. ഏറ്റവും ആഴമുള്ള ഭാഗം ജലോപരിതലത്തിൽനിന്ന് 75 മീറ്റർ താഴെയാണ്. സപ്പോർട്ട് ട്രെയിൻ ഉൾപ്പെടെ തുരങ്കം പണിയാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾക്ക് ഏതാണ്ട് 200 മീറ്റർ നീളമുണ്ടായിരുന്നു. പണിതീർന്ന തുരങ്കങ്ങൾക്ക് അകത്ത് 60,000 വളഞ്ഞ കോൺക്രീറ്റ് പാളികൾ പിടിപ്പിച്ചിട്ടുണ്ട്. ഇവയിൽ ഓരോന്നിനും ഏകദേശം എട്ടു ടൺ ഭാരമുണ്ട്.
ഒരേ സമയത്ത് ഇരുവശങ്ങളിൽനിന്നുമാണ് തുരങ്കത്തിന്റെ പണി തുടങ്ങിയത്. അവ കൂട്ടിച്ചേർത്തപ്പോൾ നടുഭാഗത്ത് 4 സെന്റിമീറ്ററിൽ കുറവ് വ്യതിയാനമേ ഉണ്ടായിരുന്നുള്ളൂ, അത്ര വിദഗ്ധമായിട്ടായിരുന്നു അവയുടെ നിർമാണം. അങ്ങനെ ദീർഘനാളായി കാത്തിരുന്ന ആ സുദിനം വന്നെത്തി. 1994 ഒക്ടോബർ 15-ന് ഡെന്മാർക്കിലെ യോവാക്കീം രാജകുമാരൻ നേർക്കുനേരെ തുളച്ചെത്തിയ രണ്ടു തുരക്കൽ യന്ത്രങ്ങളിലൊന്നിൽ നിന്നു മറ്റൊന്നിലേക്കു കടന്നുകൊണ്ട് തുരങ്കത്തിന്റെ ഇരു പാതികളും ഔദ്യോഗികമായി ബന്ധിപ്പിച്ചു. ഗ്രേറ്റ് ബെൽറ്റിന്റെ നടുവിലുള്ള സ്പ്രോയെവൂവിൽനിന്ന്, പണിതീർന്ന ആ രണ്ടു തുരങ്കങ്ങളും കിഴക്ക് ഷെലാൻ തീരം വരെ എത്തുന്നു. 1997 മധ്യത്തോടെ ഗ്രേറ്റ് ബെൽറ്റിനു കുറുകെ ട്രെയിനുകൾ പതിവായി പോയിത്തുടങ്ങി.
നേരിട്ട പ്രശ്നങ്ങൾ
കടൽത്തട്ടിനു താഴെ തുരങ്ക നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്, തുരങ്ക നിർമാതാക്കൾ ഭയന്നിരുന്ന ആ കാര്യം സംഭവിച്ചു—തുരങ്കങ്ങളിൽ വെള്ളം കയറാൻ തുടങ്ങി. പണിക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എന്നാൽ രണ്ടു തുരങ്ക ദ്വാരങ്ങളിലും വെള്ളം പൂർണമായി നിറഞ്ഞു. കുറെയേറെ ഉപകരണങ്ങൾ നഷ്ടമായി. എന്തായിരുന്നു സംഭവിച്ചത്? യന്ത്രം തുരന്നു ചെന്നതു കടലിന്റെ അടിത്തട്ടിലുള്ള ഒരു ജലദരത്തിലേക്ക് ആയിരുന്നു. ഈ ഭയാനകമായ സംഭവം മൂലം പദ്ധതി കുറേ കാലത്തേക്കു നിർത്തിവെക്കേണ്ടിവന്നു. പ്രശ്നം പരിഹരിക്കാൻ പുതിയ രീതികൾ ആസൂത്രണം ചെയ്യണമായിരുന്നു.
അങ്ങനെയിരിക്കെ, ഒരിക്കൽ സ്ഫോടനത്തോടുകൂടെ വലിയ അഗ്നിബാധയുണ്ടായി. തുരങ്കങ്ങളിലൊന്ന് പുകകൊണ്ടു നിറഞ്ഞു. ഒരു ഫോർമാൻ പറഞ്ഞതുപോലെ “അടുത്തു നിൽക്കുന്ന ആളെ പോലും കാണാൻ സാധിക്കാത്തത്ര കനത്തതായിരുന്നു പുകപടലം.” തീയണച്ചു, എല്ലാം വൃത്തിയാക്കി. അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതുവരെ പണി നിർത്തിവെക്കേണ്ടിവന്നു. ഹൈഡ്രോളിക്ക് എണ്ണയ്ക്കു തീപിടിച്ചതായിരുന്നു കാരണം. ഇതും മറ്റു പ്രശ്നങ്ങളും കാരണം പണി ഇടയ്ക്കിടെ തടസ്സപ്പെട്ടുകൊണ്ടിരുന്നു.
തൂക്കുപാലം
ഗ്രേറ്റ് ബെൽറ്റ് ലിങ്കിൽ ഏറ്റവും വിശിഷ്ടമായ ഭാഗം 6.8 കിലോമീറ്റർ നീളമുള്ള മനോഹരമായ തൂക്കുപാലമാണ്. പാലത്തിന്റെ ഒരു ഭാഗത്ത് 1.5 കിലോമീറ്ററിലധികം നീളത്തിൽ തൂണുകളൊന്നുമില്ല. ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ് ഇത്. ഗ്രേറ്റ് ലിങ്കിന്റെ ഈ കിഴക്കൻ ഭാഗത്തെ റോഡ് കടലിൽനിന്ന് 67 മീറ്റർ ഉയരത്തിലാണു സ്ഥിതിചെയ്യുന്നത്. പാലം അത്ര ഉയരത്തിൽ പണിയേണ്ടത് ആവശ്യമായിരുന്നു. കാരണം ലോകത്തിലേക്കും ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര ജലമാർഗങ്ങളിലൊന്നായ ഗ്രേറ്റ് ബെൽറ്റിലൂടെ കപ്പലുകൾക്കു സഞ്ചരിക്കേണ്ടതുണ്ട്.
പാലത്തിന്റെ 254 മീറ്റർ ഉയരമുള്ള ആ രണ്ട് കൂറ്റൻ ടവറുകൾ ആണ് ഡെന്മാർക്കിലെ ഏറ്റവും ഉയരം കൂടിയ നിർമിതികൾ. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിക്കുപോലും അടിത്തറ കൂടാതെ 46 മീറ്റർ ഉയരമേ ഉള്ളൂ. കടലിലെ ഈ കൂറ്റൻ ടവറുകൾക്ക് സ്വാഭാവികമായും ഉറപ്പുള്ള അടിത്തറ ഉണ്ടായിരിക്കണം. ഇതിനായി കടൽത്തട്ടു നിരപ്പാക്കിയശേഷം കല്ലുകൊണ്ടുള്ള ഒരു “കുഷൻ” അവിടെ നിർമിച്ചു. ടവറുകൾ സ്ഥിതി ചെയ്യുന്ന കോൺക്രീറ്റുകൊണ്ടുള്ള കൂറ്റൻ ജലരോധക പേടകങ്ങൾക്ക് ഒരു അസ്തിവാരമായി ഇവ വർത്തിക്കുമായിരുന്നു. ഓരോ ജലരോധക പേടകത്തിനും 78 മീറ്റർ നീളവും 35 മീറ്റർ വീതിയും 19 മീറ്റർ ഉയരവും 35,000 ടൺ ഭാരവുമുണ്ട്.
തൂണുകൾ പടുത്തുയർത്തുന്നതിന്, പണിക്കാർക്കു നിന്നു പണിയെടുക്കാനായി നീക്കാവുന്ന തരത്തിലുള്ള പ്രത്യേക തട്ടുകൾ ഉപയോഗിക്കേണ്ടിയിരുന്നു. പല ഘട്ടങ്ങളായി—ഒരേ സമയത്ത് നാല് മീറ്റർ ഉയരത്തിൽ—കോൺക്രീറ്റ് നിറച്ചു. ഒരു ഭാഗത്തിന്റെ പണി പൂർത്തിയായപ്പോൾ തട്ട് മുകളിലേക്ക് ഉയർത്തി. പിന്നെ മുകളിൽ 4 മീറ്റർ കൂടെ പടുത്തുയർത്തി. 58 ഘട്ടങ്ങളായാണ് ഓരോ ടവറിന്റെയും പണി പൂർത്തിയാക്കിയത്.
തൂക്കുപാലത്തിന്റെ നിർമാണത്തിൽ ഏറ്റവും രസകരമായ ഘട്ടം താങ്ങുകളായി വർത്തിക്കുന്ന ബലമേറിയ കേബിളുകൾ സ്ഥാപിക്കുന്നതായിരുന്നു. 169 കൊച്ചു കേബിളുകൾ അതിസൂക്ഷ്മതയോടെ കൂട്ടിച്ചേർത്താണ് ഈ കേബിളുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഈ കൊച്ചു കേബിളുകളിൽ അഞ്ച് മില്ലിമീറ്റർ വ്യാസമുള്ള 127 സ്റ്റീൽ വയറുകൾ ഉണ്ട്. ഈ ഭാരമേറിയ കേബിൾ എങ്ങനെയാണ് ഇത്രയും ഉയരത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞത്? വാസ്തവത്തിൽ വ്യത്യസ്തമായ ഒരു വിധത്തിലായിരുന്നു അതിന്റെ പണി! നിർമാണസ്ഥലത്തു വെച്ച് ഓരോരോ സ്റ്റീൽവയറുകളായി കൂട്ടിയോജിപ്പിച്ചെടുക്കുക ആയിരുന്നു. ഓരോ വയറും ഒരു പ്രത്യേക ട്രോളിയുമായി ഘടിപ്പിച്ചു. പിന്നീട് ഈ ട്രോളിയുടെ സഹായത്താൽ അത് ആദ്യത്തെ ടവറിനു മുകളിലേക്ക് എത്തിച്ചശേഷം മറുവശത്തുകൂടെ താഴേക്കു കൊണ്ടുവന്നു. വീണ്ടും അത് അതേപോലെ രണ്ടാമത്തെ ടവറിന്റെ മുകളിലൂടെ മറുവശത്തു താഴേക്കു കൊണ്ടുവന്ന് വലിച്ചുകെട്ടി. അങ്ങനെ ഓരോ പ്രാവശ്യവും കേബിളിന്റെ വണ്ണം കുറേശ്ശെ കൂടിവന്നു. ട്രോളർ ഒരു വർഷംകൊണ്ട് ഏതാണ്ട് 20,000 പ്രാവശ്യം ഇങ്ങനെ കയറിയിറങ്ങിയപ്പോൾ കേബിളിന്റെ പണി പൂർത്തിയായി.
ഉദ്ഘാടനം
അങ്ങനെ 1998 ജൂണിൽ ലിങ്കിന്റെ എല്ലാ ഭാഗങ്ങളും ഉദ്ഘാടനത്തിനു റെഡിയായി. ഈ ചെറിയ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഗ്രേറ്റ് ബെൽട്ട് ലിങ്കിന്റെ നിർമാണം ചെലവേറിയ ഒരു പദ്ധതി ആയിരുന്നു, ഒപ്പം ധീരത ആവശ്യമുള്ളതും. ഡെന്മാർക്കുകാർ നിർമാണത്തെ കൗതുകത്തോടെയാണു നിരീക്ഷിച്ചത്. അതുകൊണ്ട് ഉദ്ഘാടനം ഒരു ഉത്സവം പോലെ കൊണ്ടാടാൻ ആസൂത്രണം ചെയ്തു. ആർക്കും അതിൽ പങ്കുകൊള്ളാമായിരുന്നു.
പാലങ്ങൾ ഗതാഗത വകുപ്പിനു കൈമാറപ്പെടുന്നതിനുമുമ്പ്, കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കും അതിലൂടെ യാത്ര ചെയ്യുന്നതിന് ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഒരു അവസരം നൽകപ്പെട്ടു. ജൂണിൽ സൂര്യപ്രകാശമുള്ള ആ ദിവസം കാൽനടക്കാരും സ്കെയിറ്റിങ്ങുകാരും റോളർ സ്കെയിറ്റിങ്ങുകാരും സൈക്കിൾ യാത്രികരും ഉൾപ്പെടെ 2,50,000 ആളുകൾ ‘ഉദ്ഘാടന ഗ്രാമ’ത്തിലെ ലഘുഭക്ഷണ ശാലകളും പാട്ടുകച്ചേരി വേദികളും സ്മരണികകൾ വിൽക്കുന്ന കടകളും കടന്ന് കടലിന്റെയും കടൽത്തീരത്തിന്റെയും കൺകുളിർപ്പിക്കുന്ന ദൃശ്യം കണ്ടുകൊണ്ട് പാലത്തിലൂടെ ഉള്ള യാത്ര ആസ്വദിച്ചു.
ആഘോഷവേളയിൽ നടത്തിയ പ്രസംഗത്തിൽ, ഡാനിഷ് ഭാഷയിലെ “പാലം പണിയുന്നവൻ” എന്ന പ്രയോഗം ഒരാളെ പരാമർശിക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല പദപ്രയോഗമാണെന്ന് രാജ്ഞി പറയുകയുണ്ടായി. പാലത്തിനു മുകളിലായി ആകാശത്തുകൂടെ ജെറ്റ്വിമാനങ്ങൾ കൂട്ടമായി പറന്നു. പുതിയതായി തയ്യാറാക്കിയ, “ബ്രിഡ്ജ് കന്റേറ്റ” എന്ന ഒരു കലാപരിപാടിയും ഉണ്ടായിരുന്നു. അതിൽ പഴയ ഒരു കടത്തുബോട്ടിന്റെ വിടവാങ്ങൽ സല്യൂട്ടും ഉൾപ്പെടുത്തിയിരുന്നു. സംഗീതത്തിന്റെ ഭാഗമായി സംഗീതനായകൻ തന്റെ ബാറ്റൺ ടിവി കാമറയ്ക്കു നേരെ ചൂണ്ടിയപ്പോൾ കടലിൽ ഒരു കിലോമീറ്റർ അകലെ കാത്തുകിടന്നിരുന്ന ആ കടത്തുബോട്ടിനു സൂചന ലഭിക്കുകയും അത് എല്ലാവർക്കും കേൾക്കാവുന്നത്ര ഉച്ചത്തിൽ ഹോൺ മുഴക്കുകയും ചെയ്തു.
ഉദ്ഘാടനത്തിനു ശേഷം അന്നു വൈകുന്നേരം നിരവധി കടത്തുബോട്ടുകൾ തൂക്കുപാലത്തിന് അടിയിൽ അണിനിരന്നു. തങ്ങളുടെ കാലം പോയ്മറഞ്ഞല്ലോ എന്നു ധ്വനിപ്പിക്കുമാറ് അവ ഹോണുകൾ മുഴക്കി.
ലിങ്ക് അർഥമാക്കുന്നത്
ആയിരക്കണക്കിന് ആസൂത്രകരുടെയും ജോലിക്കാരുടെയും ശ്രമങ്ങൾ പൂർത്തിയായിരിക്കുന്നു. ഇനി എന്ത്? കരയിൽനിന്നും കടലിൽനിന്നുമുള്ള പാലത്തിന്റെ ദൃശ്യം അതിമനോഹരമാണ്. അങ്ങനെ ഡെന്മാർക്ക് സന്ദർശകർക്കുള്ള മറ്റൊരു ആകർഷക കാരണമായി മാറിയിരിക്കുന്നു. നോക്കെത്താ ദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഒരു പാലത്തിലൂടെ കാറോടിച്ചു പോകുന്നത് തികച്ചും അവിസ്മരണീയമായ ഒരു അനുഭവംതന്നെ! തീർച്ചയായും, ഗ്രേറ്റ് ബെൽറ്റ് മുറിച്ചു കടക്കാനെടുക്കുന്ന സമയത്തിലും കുറവു വന്നിരിക്കുന്നു. കടത്തുബോട്ടിൽ പോയാൽ ഒരു മണിക്കൂറിലധികം ആവശ്യമായിരുന്നു. എന്നാൽ ട്രെയിനിൽ പോയാൽ വെറും ഏഴു മിനിറ്റ് മതി!
ലിങ്ക് ആളുകളുടെ ഇടയിൽ അനേകം മാറ്റങ്ങൾ വരുത്തുന്നു. കൂടുതൽ ഡെന്മാർക്കുകാർ ഗ്രേറ്റ് ബെൽറ്റിനു കുറുകെ യാത്ര ചെയ്ത് സുഹൃത്തുക്കളെ സന്ദർശിക്കാനും ബിസിനസ് നടത്താനും അല്ലെങ്കിൽ വിനോദം തേടാനും തുടങ്ങിയിരിക്കുന്നു. ബെൽറ്റിന് അക്കരെ താമസിക്കുന്നവർക്ക് മറുകരയിൽ ജോലി ചെയ്യാൻ സാധിക്കും എന്നതുകൊണ്ട് നഗരവത്കരണത്തെയും ബിസിനസിനെയും ഇതു സ്വാധീനിക്കുന്നു. ചരക്കുകൾ മുമ്പത്തെക്കാൾ വളരെ വേഗത്തിൽ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നു മറുഭാഗത്തേക്കു കൊണ്ടുപോകാൻ സാധിക്കും.
എന്നാൽ ഒരു കാര്യം നഷ്ടമായിരിക്കുന്നു. ഈ വെള്ളത്തിൽ ഓളങ്ങൾ തീർത്തിരുന്ന കടത്തുബോട്ടുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യത്തിന്റെ പ്രതീകമായിരുന്നു. കടത്തുബോട്ടിലൂടെയുള്ള യാത്ര തെല്ലൊരു വിശ്രമംപോലെ ആയിരുന്നതുകൊണ്ട് പല യാത്രക്കാരും അത് ഇഷ്ടപ്പെട്ടിരുന്നു. “എനിക്ക് കടത്തുബോട്ടുകളുടെ അഭാവം തീർച്ചയായും അനുഭവപ്പെടും” എന്ന് ഒരു ബിസിനസുകാരൻ വിലപിക്കുകയുണ്ടായി. “വെള്ളവും വലിയ ബോട്ടുകളും എല്ലാം ഒരു രസമായിരുന്നു. ഡെക്കിൽ ഇരുന്നു കാറ്റേൽക്കാൻ എനിക്ക് ഇഷ്ടമായിരുന്നു.” എങ്കിലും പുതിയ ലിങ്ക് ദ്വീപരാഷ്ട്രമായ ഡെന്മാർക്കിലെ പല ഭാഗങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്നും വടക്കൻ യൂറോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര സുഗമമാക്കിത്തീർക്കുമെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല.
[25-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഡെന്മാർക്ക്
ഫിൻ
ഷെലാൻ
ഫിൻ
സ്പ്രോയെവൂ
പടിഞ്ഞാറൻ പാലം
തുരങ്കം
തൂക്കുപാലം
റെയിൽപ്പാളം
മോട്ടോർ ഹൈവേ
ഷെലാൻ
[26-ാം പേജിലെ ചിത്രം]
പണി പൂർത്തിയായ തൂക്കുപാലത്തിന്റെ ഉദ്ഘാടന സായാഹ്നം
[കടപ്പാട്]
Nordfoto, Liselotte Sabroe