ബൈബിളിന്റെ വീക്ഷണം
മരിച്ചവരെ ബഹുമാനിക്കേണ്ടതുണ്ടോ?
“ചത്ത മൃഗത്തോടു തോന്നാത്ത ആദരവോടെ മനുഷ്യ ജഡത്തെ കാണാൻ രൂഢമൂലമായ ഒരു വികാരം മിക്കയാളുകളെയും പ്രേരിപ്പിക്കുന്നു.”—എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.
മിക്കയാളുകളും മരിച്ചുപോയ പ്രിയപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ ബഹുമാനിക്കുന്നു. മരിച്ചുപോയവരോടുള്ള ബഹുമാനാർഥം വർത്തമാനപ്പത്രങ്ങളിൽ ചരമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്യുന്നു. മതപരമോ പരമ്പരാഗതമോ ആയ ആചാരങ്ങളോടു കൂടിയ ഗംഭീരമായ ശവസംസ്കാര ചടങ്ങുകൾ ചില പ്രദേശങ്ങളിൽ സാധാരണമാണ്. അത്തരം ആചാരങ്ങൾ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ദീർഘിച്ചേക്കാം. മരിച്ചുപോയ വിഖ്യാതരായ ആളുകളുടെ പേരുകളിൽ വിദ്യാലയങ്ങളും വിമാനത്താവളങ്ങളും തെരുവുകളും പട്ടണങ്ങളും അറിയപ്പെടാൻ തുടങ്ങുന്നു. വീരനായകരെ അനുസ്മരിക്കുന്നതിനായി സ്മാരകങ്ങൾ പണികഴിപ്പിക്കുകയും അവധി ദിനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
എന്നാൽ ദൈവവചനം അനുസരിച്ച്, തങ്ങളോടു പ്രദർശിപ്പിക്കുന്ന ബഹുമാനത്തെ കുറിച്ച് മരിച്ചുപോയവർ യാതൊന്നും അറിയുന്നില്ല. (ഇയ്യോബ് 14:10, 21; സങ്കീർത്തനം 49:17) മരിച്ചുപോയവർ ജീവിക്കുന്നത് അവരെ സ്മരിക്കുന്ന ആളുകളുടെ ഓർമയിൽ മാത്രമാണ്. ബൈബിൾ പ്രസ്താവിക്കുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) ഭാവിയിൽ സംഭവിക്കാൻ പോകുന്ന ഒരു പുനരുത്ഥാനത്തെ കുറിച്ചുള്ള പ്രത്യാശ തിരുവെഴുത്തുകൾ വെച്ചുനീട്ടുന്നുണ്ട്. (യോഹന്നാൻ 5:28, 29; 11:25) എന്നാൽ ആ സമയം വരെ മരിച്ചുപോയവർ അസ്തിത്വത്തിലില്ല. അക്ഷരാർഥത്തിൽ മരണത്തോടെ അവർ പൊടി ആയിത്തീരുന്നു.—ഉല്പത്തി 3:19; ഇയ്യോബ് 34:15.
മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള ബൈബിളിന്റെ വ്യക്തമായ നിലപാടിനോടുള്ള വീക്ഷണത്തിൽ, അവരെ ബഹുമാനിക്കുന്നത് എന്തെങ്കിലും ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നുവോ? മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരങ്ങൾ ക്രിസ്ത്യാനികൾ പിന്തുടരേണ്ടതുണ്ടോ?
വ്യാജ നിഗമനത്തിൽ അധിഷ്ഠിതമായ ആചാരങ്ങൾ
മരിച്ചവരോടു ബന്ധപ്പെട്ടുള്ള നിരവധി പരമ്പരാഗത ആചാരങ്ങളും, ഒരുപക്ഷേ അവയിൽ ഭൂരിഭാഗവും, ആഴത്തിൽ വേരൂന്നിയിരിക്കുന്നതു ബൈബിൾ വിരുദ്ധമായ മത ഉപദേശങ്ങളിൽ ആണ്. ചില ആചാരങ്ങളുടെ ഉദ്ദേശ്യം “ഭൂതങ്ങളുടെ ആക്രമണത്തിൽനിന്നു മരിച്ചവരെ സംരക്ഷിക്കുകയാണ്; ചിലപ്പോഴാകട്ടെ, മരിച്ചുപോയവരിൽ നിന്നുള്ള ഉപദ്രവങ്ങളിൽനിന്നും ആപത്തുകളിൽനിന്നും ജീവിച്ചിരിക്കുന്നവരെ സംരക്ഷിക്കുകയാണ് അവയുടെ ഉദ്ദേശ്യം,” എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. മരിച്ചുപോയവർ ഒരു അദൃശ്യ മണ്ഡലത്തിൽ ജീവനോടിരിക്കുന്നു എന്ന വ്യാജ നിഗമനത്തിൽ അധിഷ്ഠിതമായ ഇത്തരം ആചാരങ്ങളെല്ലാം ബൈബിൾ സത്യങ്ങൾക്കു കടകവിരുദ്ധമാണ്.—സഭാപ്രസംഗി 9:10.
നിരവധി ആളുകൾ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ പൂജിക്കുന്നു. മരിച്ചുപോയ പൂർവികർക്കു യാഗങ്ങൾ അർപ്പിക്കുന്നതും അവരോടു പ്രാർഥിക്കുന്നതും അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലർ തങ്ങളുടെ കർമങ്ങളെ ആരാധനയായി വീക്ഷിക്കുന്നില്ല, പകരം മരിച്ചുപോയവരെ ബഹുമാനിക്കുന്നതിന്റെയും ആഴമായി ആദരിക്കുന്നതിന്റെയും പ്രകടനമായിട്ടാണ് അവർ അതിനെ കരുതുന്നത്. എന്നിരുന്നാലും മരിച്ചുപോയ പൂർവികരോടുള്ള ഇത്തരം ഭക്തിക്ക് മതപരമായ ബന്ധങ്ങളുണ്ട്, അവ ബൈബിൾ പഠിപ്പിക്കലുമായി യോജിപ്പിൽ അല്ലതാനും. യേശുക്രിസ്തു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.”—ലൂക്കൊസ് 4:8.
സമനിലയുള്ള വീക്ഷണം
എന്നുവരികിലും, മരിച്ചുപോയവരെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും എല്ലായ്പോഴും വ്യാജ മത പഠിപ്പിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. ഉദാഹരണത്തിന്, വിശ്വസ്ത രാജാവായിരുന്ന യെഹിസ്കീയാവ് അവന്റെ മരണശേഷം ബഹുമാനിക്കപ്പെട്ടത് എങ്ങനെയെന്നു ബൈബിൾ വിശദീകരിക്കുന്നുണ്ട്. ദൈവജനം “ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയററത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്റെ മരണ സമയത്തു എല്ലായെഹൂദയും യെരൂശലേംനിവാസികളും അവനെ ബഹുമാനിച്ചു.” (2 ദിനവൃത്താന്തം 32:33) യേശുവിന്റേതാണ് മറ്റൊരു ഉദാഹരണം. യേശുവിന്റെ ശിഷ്യന്മാർ അവന്റെ “ശരീരം എടുത്തു യെഹൂദൻമാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീല പൊതിഞ്ഞു കെട്ടി” എന്നു ബൈബിൾ പ്രസ്താവിക്കുന്നു.—യോഹന്നാൻ 19:40.
മരിച്ചവരുടെ ശരീരത്തോടും ശവസംസ്കാരത്തോടും ബന്ധപ്പെട്ട് പ്രത്യേക ചടങ്ങുകൾ അനുവർത്തിച്ച മറ്റു നിരവധി വിവരണങ്ങളും തിരുവെഴുത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഈ ആചാരങ്ങൾ പൂർവികാരാധന അല്ലായിരുന്നു, മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരുടെ കാര്യാദികളെ സ്വാധീനിക്കുന്നു എന്ന അബദ്ധ വിശ്വാസത്തിൽ അധിഷ്ഠിതവും അല്ലായിരുന്നു അവ. പകരം, ദുഃഖിതർ തങ്ങളുടെ പ്രിയരോട് ആഴമായ ആദരവു പ്രകടമാക്കുക ആയിരുന്നു. അത്തരം ആദരവു മനുഷ്യ സഹജമായ വികാരങ്ങളിൽ അധിഷ്ഠിതം ആയിരിക്കുന്നതിനാൽ ബൈബിൾ അതിനെ എതിർക്കുന്നില്ല. എന്നുവരികിലും ബഹുലവും അനിയന്ത്രിതവുമായ ശവസംസ്കാര ചടങ്ങുകളെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. നേരെമറിച്ച്, പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമാകുമ്പോൾ ക്രിസ്ത്യാനികൾ നിർവികാരർ ആയിരിക്കണമെന്നും അത് അനുശാസിക്കുന്നില്ല.
അതുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ, യഹോവയുടെ സാക്ഷികൾ മരിച്ചവരോട് ഉചിതമായ ആദരവും ബഹുമാനവും പ്രദർശിപ്പിക്കുന്നു. (സഭാപ്രസംഗി 7:2) പുഷ്പങ്ങളുടെ ഉപയോഗം, ശവസംസ്കാര സേവനങ്ങൾ, മറ്റു പ്രാദേശിക ആചാരങ്ങൾ എന്നിവയുടെ കാര്യത്തിൽ ബൈബിൾ ഉപദേശങ്ങളുമായി വിയോജിക്കുന്ന ആചാരങ്ങൾ ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ശ്രദ്ധാപൂർവം വ്യക്തിപരമായി തീരുമാനം എടുക്കുന്നു. ഇക്കാര്യത്തിൽ നല്ല ന്യായനിർണയവും സമനിലയും ആവശ്യമാണ്. “ഒരു ആചാരത്തിന്റെ പ്രാധാന്യത്തിനും മൂല്യത്തിനും കാലത്തിന്റെ നീരൊഴുക്കിൽ മാറ്റം വരുന്നു. തന്നിമിത്തം ഒരു ആചാരം ഉടലെടുത്തപ്പോഴുള്ള അർഥവും പിന്നീടുള്ള അർഥവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നേക്കാം. അതിനെ സംബന്ധിച്ച് പൊതുവെയുള്ള വിശദീകരണം അതിന്റെ ഉത്ഭവം സംബന്ധിച്ചു യാതൊന്നും വെളിപ്പെടുത്തിയില്ലെന്നു വരാം.”a
പ്രകീർത്തിക്കുന്നത് തെറ്റാണോ?
മരിച്ചുപോയവരെ പ്രകീർത്തിക്കുന്ന കാര്യത്തിലും സമനില ഉണ്ടായിരിക്കുക എന്ന തത്ത്വം ബാധകമാകുന്നു. ശവസംസ്കാര വേളകളിൽ ദുഃഖിതരെ ആശ്വസിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കാറുണ്ട്. (2 കൊരിന്ത്യർ 1:3-5) ഒരു ഔപചാരിക പരിപാടിയിൽ ഒന്നോ രണ്ടോ പ്രസംഗകരെ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ മരിച്ചുപോയ വ്യക്തിയെ പ്രകീർത്തിക്കുന്നവരുടെ ഒരു വേദിയായി ആ അവസരത്തെ മാറ്റുന്നത് അനുചിതമായിരിക്കും. പകരം, നമുക്കു പുനരുത്ഥാന പ്രത്യാശ പ്രദാനം ചെയ്യുന്നതിൽ ദൈവം കാട്ടിയ ദയ ഉൾപ്പെടെ അവന്റെ ഉത്കൃഷ്ട ഗുണങ്ങളെ സ്തുതിക്കാനുള്ള അവസരം ആയിരിക്കണം ശവസംസ്കാര വേള.
എന്നിരുന്നാലും, ശവസംസ്കാര പ്രസംഗത്തിൽ മരിച്ചുപോയ വ്യക്തിയുടെ സദ്ഗുണങ്ങളെ പരാമർശിക്കുന്നതു തെറ്റാണെന്ന് ഇത് അർഥമാക്കുന്നില്ല. (2 ശമൂവേൽ 1:17-27 താരതമ്യം ചെയ്യുക.) മരിച്ചുപോയ വ്യക്തി മരണപര്യന്തം ദൈവത്തോടു വിശ്വസ്തൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റേത് അനുകരണീയമായ ഒരു വിശിഷ്ട മാതൃകതന്നെ. (എബ്രായർ 6:12) ദൈവദാസന്മാരുടെ ദൃഢവിശ്വസ്തതാപാലക ഗതിയെ കുറിച്ചു ചിന്തിക്കുന്നത് ഉചിതമാണ്. ഒരു ശവസംസ്കാര ചടങ്ങിൽ ഇത്തരം ക്രിയാത്മക ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ജീവിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുകയും മരിച്ചവരെ കുറിച്ചുള്ള ഓർമയെ ബഹുമാനിക്കുകയും ചെയ്യുന്നു.
സത്യക്രിസ്ത്യാനികൾ മരിച്ചവരെ ആരാധിക്കുന്നില്ല. ബൈബിൾ സത്യങ്ങൾക്കു വിരുദ്ധമായ പൊതു ആചാരാനുഷ്ഠാനങ്ങളിൽ അവർ പങ്കെടുക്കുന്നുമില്ല. അതേസമയം, മരിച്ചവർ വെറും പൊടി ആയതുകൊണ്ട് എല്ലാ ശവസംസ്കാര ചടങ്ങുകളും നിരർഥകവും അനാവശ്യവും ആണെന്ന സമനിലയില്ലാത്ത വീക്ഷണം അവർ ഒഴിവാക്കുന്നു. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് അവർ ദുഃഖിക്കുകയും അവരെ സ്മരിക്കുകയും ചെയ്യുന്നു. എന്നാൽ മരിച്ചുപോയവർ കഷ്ടം അനുഭവിക്കുന്നില്ലെന്നും അവർക്കൊരു പുനരുത്ഥാനം ഉണ്ടെന്നുമുള്ള ബൈബിൾ സത്യങ്ങൾ അവരുടെ വേദനയെയും ദുഃഖത്തെയും ലഘൂകരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a 1992 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-ാം പേജിൽ പിൻവരുന്ന നിർദേശം പ്രദാനം ചെയ്തിരിക്കുന്നു: “ഒരു യഥാർഥ ക്രിസ്ത്യാനി ഇതു പരിചിന്തിക്കണം: ഒരു ആചാരത്തിന്റെ അനുസരണം ഞാൻ തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിച്ചിരിക്കുന്നതായി മറ്റുള്ളവർക്കു സൂചിപ്പിക്കുമോ? കാലഘട്ടത്തിനും സ്ഥലത്തിനും ഉത്തരത്തെ സ്വാധീനിക്കാൻ കഴിയും. ഒരു ആചാരത്തിന് (അല്ലെങ്കിൽ ഡിസൈനിന്) സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഒരു വ്യാജമത അർഥം ഉണ്ടായിരുന്നിരിക്കാം അല്ലെങ്കിൽ ഒരു വിദൂരരാജ്യത്ത് ഇപ്പോൾ അങ്ങനെയൊരർഥം ഉണ്ടായിരിക്കാം. എന്നാൽ സമയം കളയുന്ന ഗവേഷണത്തിൽ ഏർപ്പെടാതെ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ ജീവിക്കുന്നടത്തെ പൊതു വീക്ഷണം എന്താണ്?’—1 കൊരിന്ത്യർ 10:25-29 താരതമ്യം ചെയ്യുക.”
[10-ാം പേജിലെ ചിത്രം]
1632-ൽ, സ്വീഡനിലെ രാജാവായിരുന്ന ഗുസ്റ്റാവ് രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ ബഹുമാനാർഥം നടത്തിയ ശവസംസ്കാര ഘോഷയാത്ര
[കടപ്പാട്]
From the book Bildersaal deutscher Geschichte