ഞങ്ങളുടെ വായനക്കാരിൽനിന്ന്
മഴവനങ്ങൾ മഴവനങ്ങളെക്കുറിച്ചു നിങ്ങൾ പ്രസിദ്ധീകരിച്ച വ്യക്തവും സാന്ത്വനദായകവുമായ വിവരങ്ങൾക്കു നന്ദി. (മേയ് 8, 1998) മനുഷ്യന്റെ ദ്രോഹബുദ്ധിയും അത്യാർത്തിയും നമ്മുടെ ഗ്രഹത്തെയും അതിലെ അമൂല്യമായ ജന്തു-സസ്യ ജാലങ്ങളെയും നശിപ്പിക്കുന്നതു സങ്കടകരമാണ്. നമ്മുടെ മഹാ സ്രഷ്ടാവായ യഹോവ പെട്ടെന്നുതന്നെ ഇടപെടുമെന്നും ഈ അമൂല്യ രത്നത്തെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുമെന്നും ഉള്ള അറിവ് എനിക്കു സന്തോഷം പകരുന്നു.
എഫ്. എ., ബ്രസീൽ
നമ്മുടെ മഴവനങ്ങൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും വിവാദങ്ങളുടെയും മേൽ നിങ്ങളുടെ ലേഖനം വളരെയധികം വെളിച്ചം വീശിയെന്നു പറയുന്നതിൽ സന്തോഷമുണ്ട്. അവസാനത്തെ ഖണ്ഡികയിലെ വിവരം പ്രദാനം ചെയ്തതിന് അതായത്, ശേഷിക്കുന്ന മഴവനങ്ങൾക്കു പ്രത്യാശയ്ക്കു വകയുണ്ടെന്നും അവ ഭാവിയിൽ തഴച്ചുവളരുമെന്നും ഉള്ള വസ്തുത അറിയിച്ചതിന് നിങ്ങളോടു പ്രത്യേകിച്ചു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ജെ. റ്റി., ഓസ്ട്രേലിയ
യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു അപരിചിതൻ സൗഹാർദപൂർവം തന്ന ഉണരുക! മാസികയുടെ തികച്ചും അഭിനന്ദനാർഹമായ ആ ലക്കം ഞാൻ വായിച്ചു തീർന്നതേയുള്ളൂ. എഡിൻബർഗ് സർവകലാശാലയുടെ പരിസ്ഥിതി വിജ്ഞാന സൊസൈറ്റിയിലെ ഒരു അംഗമാണു ഞാൻ. 1939-ൽ, ആ സർവകലാശാലയിൽ നിന്ന് വനസംരക്ഷണ ശാസ്ത്രത്തിൽ ഞാൻ ബിരുദം നേടി. ഉഷ്ണമേഖലാ മഴവനങ്ങളെപ്പറ്റി ഒരുപാടു സംഗതികൾ ഞങ്ങളെ പഠിപ്പിച്ചിരുന്നു. “നമ്മുടെ മഴവനങ്ങളെ രക്ഷിക്കാനാകുമോ?” എന്ന ലേഖന പരമ്പരയുടെ മികവിനെപ്രതി നിങ്ങൾക്കും സഹായികൾക്കും അഭിനന്ദനങ്ങൾ. ഞാൻ അതു വള്ളിപുള്ളി വിടാതെ വായിച്ചു. നിങ്ങളുടെ മഹത്തായ പ്രസ്ഥാനം വിജയിക്കട്ടെ! അത് ഉറപ്പായും വിജയിക്കും.
എൽ. എം., ഇംഗ്ലണ്ട്
2000-ാം ആണ്ട് 1998 മേയ് 8 ലക്കം ഉണരുക!യിലെ “ബെബിളിന്റെ വീക്ഷണം: 2000-ാം ആണ്ട് എത്രത്തോളം പ്രാധാന്യമർഹിക്കുന്നു?” എന്ന ലേഖനം തികച്ചും സന്തോഷം നൽകുന്ന ഒരു ഓർമിപ്പിക്കൽ ആയിരുന്നു. ഊഹാപോഹങ്ങൾ നടത്താനുള്ള ഏതൊരു ചായ്വിനെയും നിരുത്സാഹപ്പെടുത്തുന്ന നിങ്ങളുടെ വളച്ചുകെട്ടില്ലാത്ത രീതിയെയും യഹോവയുടെ ദിവസത്തിന്റെ ആഗമന സമയത്തെ കുറിച്ചുള്ള മുൻകാല പ്രസ്താവനകൾ വിശദീകരിച്ചതിലെ നിങ്ങളുടെ സത്യസന്ധതയെയും ഞാൻ അഭിനന്ദിക്കുന്നു.
എസ്. ഡബ്ലിയു., ഐക്യനാടുകൾ
മരണത്തിനു മുമ്പിലും വിജയികൾ രണ്ടാം ലോക മഹായുദ്ധ കാലത്തും അതേത്തുടർന്നും നമ്മുടെ സഹോദരങ്ങൾക്കു നേരിടേണ്ടിവന്ന അനുഭവങ്ങൾ, പ്രത്യേകിച്ച് “മരണത്തിനു മുമ്പിലും വിജയികൾ” (മേയ് 8, 1993) എന്ന ലേഖന പരമ്പരയിലേതുപോലുള്ളവ, പ്രസിദ്ധീകരിക്കുന്നതിന് നിങ്ങൾക്ക് ഒരു നന്ദിക്കുറിപ്പ് എഴുതുന്നതുതന്നെ സന്തോഷകരമായ സംഗതിയാണ്. യഹോവയുടെ വിജയശ്രീലാളിതരായ സാക്ഷികളുടെ കാലടികൾ പിന്തുടർന്നുകൊണ്ട് അവനെ സേവിക്കുന്നതിൽ തുടരാൻ ആ ലേഖന പരമ്പര എന്നെ പ്രേരിപ്പിച്ചു. വധഭീഷണിക്കുപോലും യഹോവയോടുള്ള സ്നേഹത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനായില്ല.
എ. എ., അൽബേനിയ
കംബോഡിയയിലെ ജീവന്മരണ യാത്ര “കംബോഡിയയിലെ എന്റെ ജീവന്മരണ ദീർഘയാത്ര” (മേയ് 8, 1998) എന്ന ലേഖനത്തിനു നന്ദി. യഹോവയെ വിശ്വസ്തമായി സേവിക്കുന്നത് മഹത്തായ ഒരു പദവിയാണ്. പട്ടാളക്കാരൻ എന്ന നിലയിൽ മറ്റുള്ളവരെ കൊല്ലേണ്ടിവന്ന വതനാ മിയസിനെ പോലെ അനേകർ ദുഃഖ സ്മൃതികളും പേറിക്കൊണ്ട് ഇപ്പോൾ യഹോവയെ സേവിക്കുന്നു എന്നതു വിസ്മയജനകമാണ്. അദ്ദേഹം മൂന്നു മാസക്കാലം ഒരു കുഴിയിൽ ഒളിച്ചു കഴിഞ്ഞു എന്നു വായിച്ചപ്പോൾ ഞാൻ അമ്പരന്നു പോയി. യഹോവയെ അറിയുക എന്ന ജീവിതത്തിലെ ഏറ്റവും മഹത്തായ പദവി താൻ ആസ്വദിക്കാൻ പോകുകയാണെന്ന് അപ്പോൾ അദ്ദേഹം അറിഞ്ഞിരുന്നില്ലല്ലോ!
സി. എം. എസ്. എൽ., ബ്രസീൽ
നിങ്ങൾ വിധിക്കുന്നത് ബാഹ്യാകാരത്താലോ? ബാഹ്യാകാരം കബളിപ്പിച്ചേക്കാം. നാസ്റുദ്ദീൻ ഹോജയെക്കുറിച്ചുള്ള നാടോടിക്കഥ അതു വ്യക്തമായി ദൃഷ്ടാന്തീകരിച്ചു. (മേയ് 8, 1998) കേവലം ബാഹ്യപ്രകൃതിയെ അടിസ്ഥാനമാക്കി മറ്റുള്ളവരെ അനുകൂലമായോ പ്രതികൂലമായോ വിധിക്കരുത് എന്നും യഹോവ വിധിക്കുന്നത് ബാഹ്യാകാരത്താൽ അല്ല, പകരം ഹൃദയനിലയെ അടിസ്ഥാനമാക്കിയാണ് എന്നും ഓർമിപ്പിച്ചതിനു നന്ദി.
എ. ഒ. എഫ്. എ., ബ്രസീൽ
സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല “‘സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല’—നിങ്ങളുടെ കാര്യത്തിലോ?” (മേയ് 8, 1998) എന്ന മികവുറ്റ ലേഖനത്തിന് എന്റെ ഹൃദയംഗമമായ നന്ദി. യഥാർഥ സ്നേഹത്തിന്റെ വിവിധ വശങ്ങളോടുള്ള ബന്ധത്തിൽ വികസിപ്പിച്ചെടുത്ത ആശയങ്ങൾ എന്നെ ആഴമായി സ്പർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു, പ്രത്യേകിച്ചും ആ ലേഖനങ്ങൾ എനിക്ക് ഏറ്റവും ആവശ്യമായിരുന്ന സമയത്തുതന്നെ ലഭിച്ചതിനാൽ. സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും യഥാർഥ സ്നേഹം ഒരിക്കലും നിലച്ചു പോകുന്നില്ല എന്ന് എനിക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നു.
എസ്. ജി., ഫ്രാൻസ്