എയ്ഡ്സ്—ചെറുത്തു നിൽക്കേണ്ട വിധം
വൈദ്യശാസ്ത്രത്തിൽ എയ്ഡ്സിന് ഇപ്പോൾ പ്രതിവിധി ഇല്ല. ഉടനെയൊന്നും അതു കണ്ടെത്തുമെന്നും തോന്നുന്നില്ല. പുതിയ ചികിത്സാ രീതികൾ ഒരാളിൽ രോഗം വികാസം പ്രാപിക്കാനെടുക്കുന്ന കാലയളവിനെ ദീർഘിപ്പിക്കുന്നു എന്നതു ശരിയാണ്. എന്നാൽ അണുബാധയെ തന്നെ തടയുന്നതാണ് ഏറ്റവും നല്ലത്. പ്രതിരോധ നടപടികളെ കുറിച്ചു ചർച്ച ചെയ്യുന്നതിനു മുമ്പ്, എയ്ഡ്സ് വൈറസായ എച്ച്ഐവി ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് എങ്ങനെയെല്ലാം പകരുന്നു, എങ്ങനെ പകരുന്നില്ല എന്നു നമുക്കു പരിചിന്തിക്കാം.
പ്രധാനമായി നാലു വിധങ്ങളിൽ ഒരു വ്യക്തിക്ക് അണുബാധ ഉണ്ടായേക്കാം: (1) മലിനീകൃതമായ സൂചിയോ സിറിഞ്ചോ ഉപയോഗിക്കുക വഴി, (2) രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക വേഴ്ചയിൽ (യോനിയിലൂടെയോ ഗുദത്തിലൂടെയോ വായിലൂടെയോ ഉള്ള സംഭോഗത്തിൽ) ഏർപ്പെടുക വഴി, (3) രക്തപ്പകർച്ചയും രക്തോത്പന്നങ്ങളും വഴി (കൂടുതൽ വികസിതമായ രാജ്യങ്ങളിൽ, എച്ച്ഐവി ആന്റിബോഡികൾ ഉണ്ടോ എന്ന് അറിയാനുള്ള രക്ഷ പരിശോധന ഇപ്പോൾ നടത്തുന്നതു മൂലം ഈ വിധങ്ങളിൽ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും), (4) എച്ച്ഐവി ബാധിതരായ അമ്മമാർ വഴി. പ്രസവത്തിനു മുമ്പോ പ്രസവ സമയത്തോ മുലയൂട്ടുമ്പോഴോ അമ്മമാരിൽ നിന്നു കുഞ്ഞുങ്ങളിലേക്കു രോഗാണു പ്രവേശിച്ചേക്കാം.
യു.എസ്. രോഗനിയന്ത്രണ/പ്രതിരോധ കേന്ദ്രങ്ങളുടെ (സിഡിസി) അഭിപ്രായത്തിൽ, നൂതന ശാസ്ത്രീയ തെളിവുകൾ അനുസരിച്ച് (1) ജലദോഷം അല്ലെങ്കിൽ ഫ്ളൂ പോലെ എയ്ഡ്സ് പകരുകയില്ല, (2) എയ്ഡ്സ് ബാധിച്ച ഒരാളുടെ അടുത്ത് ഇരിക്കുന്നതു കൊണ്ട് അല്ലെങ്കിൽ അയാളെ സ്പർശിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യുന്നതു കൊണ്ട് അതു പകരുകയില്ല, (3) രോഗം ബാധിച്ച വ്യക്തി കൈകൊണ്ടു തൊട്ടതോ പാകം ചെയ്തതോ വിളമ്പിയതോ ആയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതു കൊണ്ട് അതു പകരുകയില്ല, (4) രോഗി ഉപയോഗിക്കുന്ന കക്കൂസോ ടെലഫോണോ വസ്ത്രങ്ങളോ ഭക്ഷണപാനീയങ്ങൾ കഴിക്കുന്ന പാത്രങ്ങളോ ഉപയോഗിക്കുന്നതു കൊണ്ടും അതു പകരുകയില്ല. കൊതുകുകളിലൂടെയോ മറ്റു പ്രാണികളിലൂടെയോ എയ്ഡ്സ് വൈറസ് പകരുകയില്ല എന്നും സിഡിസി കൂട്ടിച്ചേർക്കുന്നു.
പ്രതിരോധത്തിനുള്ള താക്കോലുകൾ
രോഗബാധിതരുടെ രക്തത്തിൽ എയ്ഡ്സ് വൈറസ് മറഞ്ഞിരിക്കുന്നു. എയ്ഡ്സ് ബാധിച്ച ഒരു വ്യക്തിയെ കുത്തിവെക്കാൻ ഉപയോഗിക്കുന്ന സൂചിയിലോ സിറിഞ്ചിലോ രക്തത്തിന്റെ അംശത്തോടൊപ്പം വൈറസും അവശേഷിച്ചേക്കാം. അപ്രകാരം, മലിനീകൃതമായ സൂചി മറ്റൊരാളെ കുത്തിവെക്കാൻ ഉപയോഗിക്കുന്നപക്ഷം വൈറസ് അയാളിലേക്കു പ്രവേശിക്കാവുന്നതാണ്. നിങ്ങളെ കുത്തിവെക്കാൻ ഉപയോഗിക്കുന്ന സൂചിയോ സിറിഞ്ചോ സംബന്ധിച്ചു സംശയം തോന്നുന്ന പക്ഷം ഡോക്ടറോടോ നേഴ്സിനോടോ അതേ കുറിച്ചു ചോദിക്കാൻ ഒരിക്കലും ഭയപ്പെടരുത്. നിങ്ങൾക്ക് അത് അറിയാൻ അവകാശമുണ്ട്; ജീവിതം പന്താടാൻ ഉള്ളതല്ല.
അണുബാധിതരായ വ്യക്തികളുടെ ശുക്ല/യോനീ സ്രവങ്ങളിലും എയ്ഡ്സ് വൈറസ് സ്ഥിതിചെയ്യുന്നു. അതുകൊണ്ട്, പ്രതിരോധത്തോടുള്ള ബന്ധത്തിൽ സിഡിസി ഇങ്ങനെ ശുപാർശ ചെയ്യുന്നു: “ലൈംഗിക വേഴ്ചയിൽ ഏർപ്പെടാതിരിക്കുന്നതാണു സംരക്ഷണം ഉറപ്പേകുന്ന ഏക മാർഗം. ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നെങ്കിൽത്തന്നെ, രോഗം ബാധിക്കാത്ത വ്യക്തിയുമായി വിവാഹം പോലെ ദീർഘകാലം നിലനിൽക്കുന്ന, പരസ്പര വിശ്വസ്തത ഉറപ്പുവരുത്തുന്ന തരത്തിലുള്ള ബന്ധം സ്ഥാപിച്ച ശേഷമേ അതിനു മുതിരാവൂ.”
എയ്ഡ്സിൽ നിന്നു സംരക്ഷണം ലഭിക്കുന്നതിന്, “പരസ്പര വിശ്വസ്തത ഉറപ്പുവരുത്തുന്ന തരത്തിലുള്ള ബന്ധം” നിലനിർത്തേണ്ടത് ആവശ്യമാണ് എന്നതു ശ്രദ്ധിക്കുക. നിങ്ങൾ വിശ്വസ്തതയുള്ള വ്യക്തിയാണ്, എന്നാൽ നിങ്ങളുടെ പങ്കാളി അത്തരം വ്യക്തി അല്ലെങ്കിൽ സുരക്ഷ ഉറപ്പു വരുത്താനാകില്ല. ലൈംഗിക, സാമ്പത്തിക കാര്യങ്ങളിൽ പുരുഷ മേധാവിത്വമുള്ള സമൂഹങ്ങളിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതു മിക്കപ്പോഴും ദുഷ്കരമാണ്. ചില ദേശങ്ങളിൽ പുരുഷന്മാരുമായി ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും സ്ത്രീകൾക്ക് അനുവാദമില്ല, സുരക്ഷിതമായ ലൈംഗിക രീതികളെ കുറിച്ചു കൂടിയാലോചിക്കുന്നതിനെ കുറിച്ച് ഒട്ടു പറയുകയും വേണ്ട.
എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളിലുള്ള എല്ലാ സ്ത്രീകളും പ്രതികരിക്കാൻ അശക്തരാണ് എന്നു പറയാനാകില്ല. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള ചില സ്ത്രീകൾക്ക് വലിയ പ്രശ്നങ്ങളൊന്നും കൂടാതെതന്നെ അണുബാധിതരായ ഭർത്താക്കന്മാരുമായുള്ള ലൈംഗിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ സാധിച്ചിരിക്കുന്നതായി പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യത്തു നടത്തിയ പഠനം വ്യക്തമാക്കി. യു.എസ്.എ.-യിലെ ന്യൂ ജേഴ്സിയിൽ, ഗർഭനിരോധന ഉറ ഉപയോഗിക്കാൻ തയ്യാറാകാഞ്ഞ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ചില സ്ത്രീകൾ വിസമ്മതിച്ചു. എച്ച്ഐവിയും ലൈംഗികമായി പകരുന്ന മറ്റു രോഗങ്ങളും പിടിപെടാതെ ഉറകൾ സംരക്ഷണം നൽകുന്നു എന്നതു ശരിതന്നെ. എന്നാൽ അവ ശരിയാംവണ്ണം, ക്രമമായി ഉപയോഗിക്കേണ്ടതുണ്ട്.
പരിശോധിക്കേണ്ട സമയം
മുൻ ലേഖനത്തിൽ പരാമർശിച്ച കാരന്റെ കാര്യമെടുക്കാം. അണുബാധ ഉണ്ടാകാതെ സ്വയം സംരക്ഷിക്കാൻ അവൾക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയുമായിരുന്നില്ല. വിവാഹത്തിനു വർഷങ്ങൾക്കു മുമ്പുതന്നെ അവളുടെ ഭർത്താവ് അണുബാധിതൻ ആയിരുന്നു. അവരുടെ വിവാഹ സമയത്ത് എയ്ഡ്സ് രോഗം ഏറെയൊന്നും അറിയപ്പെട്ടിരുന്നില്ല, എച്ച്ഐവി പരിശോധന ആണെങ്കിൽ ഇപ്പോഴത്തെയത്രയും വികസിച്ചിട്ടും ഉണ്ടായിരുന്നില്ല. എന്നാൽ, ചില രാജ്യങ്ങളിൽ ഇപ്പോൾ എച്ച്ഐവി പരിശോധന പതിവായി നടത്തിവരുന്നു. എച്ച്ഐവി ബാധിച്ചിട്ടുള്ളതായി സംശയം തോന്നുന്നപക്ഷം വിവാഹനിശ്ചയത്തിനു മുമ്പ് പരിശോധനയ്ക്കു വിധേയരാകുന്നതു ജ്ഞാനമാണ്. കാരൻ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “വിവാഹ ഇണയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക. തെറ്റായ ഒരു തിരഞ്ഞെടുപ്പിനു വലിയ വില ഒടുക്കേണ്ടിവരും, ഒരുപക്ഷേ ജീവൻ പോലും.”
വ്യഭിചാരത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരു വ്യക്തി പരിശോധന നടത്തുന്നപക്ഷം നിരപരാധിയായ ഇണയുടെ സുരക്ഷ ഉറപ്പു വരുത്താൻ കഴിഞ്ഞേക്കും. എച്ച്ഐവി ബാധിച്ചിട്ടുണ്ടോ എന്നു പരിശോധനയിൽ തെളിയാൻ അണുബാധ ഉണ്ടായിക്കഴിഞ്ഞ് ആറു മാസം വരെ എടുത്തേക്കാം. അതുകൊണ്ട്, ഒട്ടുമിക്കപ്പോഴും പല തവണ പരിശോധനകൾ നടത്തേണ്ടി വരുന്നു. ആ വ്യക്തിയുമായി വീണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നപക്ഷം (അത് വ്യഭിചാരം ചെയ്ത ഇണയോടു ക്ഷമിച്ചു എന്ന് അർഥമാക്കുന്നു) ഉറ ഉപയോഗിക്കുന്നത് അണുബാധയിൽ നിന്നു സംരക്ഷണമേകിയേക്കാം.
ബോധവത്കരണം എങ്ങനെ സഹായിക്കും?
എയ്ഡ്സ് തലപൊക്കുന്നതിനു ദീർഘകാലം മുമ്പാണു ബൈബിൾ എഴുതപ്പെട്ടത്. എങ്കിലും, അതിലെ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നത് ആ രോഗത്തിൽ നിന്നു സംരക്ഷണം പ്രദാനം ചെയ്യുന്നു എന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, വിവാഹ പങ്കാളിയുമായി അല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നു. അതു ദാമ്പത്യ വിശ്വസ്തതയും നിഷ്കർഷിക്കുന്നു. മാത്രമല്ല, തങ്ങളെ പോലെതന്നെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നവരെ മാത്രമേ ക്രിസ്ത്യാനികൾ വിവാഹം കഴിക്കാവൂ എന്നും അതു പറയുന്നു. (1 കൊരിന്ത്യർ 7:39; എബ്രായർ 13:4) ശരീരത്തെ ദുഷിപ്പിക്കുന്ന ലഹരി പദാർഥങ്ങളും രക്തവും ഉപയോഗിക്കുന്നതിനെ അതു വിലക്കുന്നു.—പ്രവൃത്തികൾ 15:20; 2 കൊരിന്ത്യർ 7:1.
എച്ച്ഐവി ബാധിതരുമായി സമ്പർക്കത്തിൽ വരുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന അപകട സാധ്യതകളെയും ആപത്തുകളെയും കുറിച്ച് അറിഞ്ഞിരിക്കുന്നതു ജ്ഞാനം ആയിരിക്കും. എയ്ഡ്സിനെ കുറിച്ച് അറിയുന്നത് അതിനെതിരെ തങ്ങളെതന്നെ സംരക്ഷിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നു.
എയ്ഡ്സ് ആക്ഷൻ ലീഗ് ഇങ്ങനെ പറയുന്നു: “എയ്ഡ്സ് ഉണ്ടാകുന്നതു മിക്കപ്പോഴും തടയാവുന്നതേ ഉള്ളൂ. എയ്ഡ്സിന് ഒരു പ്രതിവിധി കണ്ടെത്തും വരെ ബോധവത്കരണമാണ് അതിനുള്ള ഏറ്റവും മികച്ച പ്രതിരോധ നടപടി. ഇപ്പോഴത്തെ ഏക [സാമൂഹിക] പ്രതിരോധ നടപടിയും അതുതന്നെ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഭാര്യാഭർത്താക്കന്മാർ പരസ്പരവും തങ്ങളുടെ കുട്ടികളുമായും എയ്ഡ്സിനെ കുറിച്ചു തുറന്നു ചർച്ച ചെയ്യുന്നതു നന്നായിരിക്കും.
ചികിത്സാ മാർഗങ്ങൾ എന്തെല്ലാം?
എച്ച്ഐവി ശരീരത്തിൽ പ്രവേശിച്ച് ആറു മുതൽ പത്തു വരെ വർഷം കഴിഞ്ഞേ സാധാരണ ഗതിയിൽ ഒരു വ്യക്തിയിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയുള്ളൂ. ആ വർഷങ്ങളിൽ ഉടനീളം ശരീരത്തിനുള്ളിൽ ഒരു പോരാട്ടം നടക്കുന്നു. ഓരോ വൈറസും പെരുകി പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളെ കൊന്നൊടുക്കുന്നു. പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങൾ തിരിച്ചും പോരാടുന്നു. ഒടുവിൽ, ദിവസേന കോടിക്കണക്കിന് പുതിയ വൈറസുകൾ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയിൽ എത്തുമ്പോൾ പ്രതിരോധ വ്യവസ്ഥ താറുമാറാകുന്നു.
പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തിൽ നിരവധി മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പേരുകൾ സങ്കീർണമായതിനാൽ എഇസഡ്റ്റി (അസ്ത്), ഡിഡിഐ, ഡിഡിസി എന്നിങ്ങനെ അക്ഷരങ്ങളാലാണ് അവ അറിയപ്പെടുന്നത്. ഈ മരുന്നുകൾ വിസ്മയാവഹമായ പ്രയോജനങ്ങൾ—പ്രതിവിധി പോലും—വാഗ്ദാനം ചെയ്യുന്നതായി ചിലർ കരുതിയെങ്കിലും അത്തരം പ്രത്യാശകൾ പെട്ടെന്ന് അസ്തമിച്ചു. സമയം പിന്നിടുന്നത് അനുസരിച്ച് അവയുടെ ഫലപ്രദത്വം നഷ്ടമാകുന്നു എന്നു മാത്രമല്ല ചിലരിൽ അവ അപകടകരമായ പാർശ്വ ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു. രക്താണുക്കളുടെ എണ്ണം കുറയുന്നതും രക്തം കട്ടപിടിക്കുന്നതിലെ തകരാറും കൈകാലുകളിലെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതവും ഒക്കെ അത്തരം പാർശ്വ ഫലങ്ങളിൽ പെടുന്നു.
ഇപ്പോൾ പുതിയ തരം മരുന്നുകൾ കണ്ടുപിടിച്ചിരിക്കുന്നു: പ്രൊട്ടീസ് ഇൻഹിബിറ്ററുകൾ. വേറെ രണ്ട് വൈറസ് പ്രതിരോധക ഔഷധങ്ങളുടെ കൂടെയാണു ഡോക്ടർമാർ ഈ മരുന്നുകളിൽ ഏതെങ്കിലും കുറിച്ചു കൊടുക്കുന്നത്. ഈ ത്രിമുഖ ചികിത്സ വൈറസിനെ കൊന്നൊടുക്കുന്നില്ലെങ്കിലും അതു വൈറസ് പെരുകുന്നത് ഏറെക്കുറെ അല്ലെങ്കിൽ പൂർണമായി തടയുന്നു എന്നു പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു.
ത്രിമുഖ ചികിത്സയുടെ ഫലമായി രോഗ ബാധിതരുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും, എച്ച്ഐവി ബാധിതരിൽ ആരംഭത്തിൽത്തന്നെ, അതായത് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പുതന്നെ, ഈ ഔഷധ ചികിത്സ നടത്തിയാൽ മാത്രമേ അതു നന്നായി ഫലം ചെയ്യുകയുള്ളൂ എന്നാണു വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ ചെയ്യുമ്പോൾ അണുബാധ പൂർണ വികാസം പ്രാപിച്ച എയ്ഡ്സ് ആയി മാറുന്നതു തടയാൻ, ഒരുപക്ഷേ ഒരിക്കലും അത് എയ്ഡ്സ് ആയി മാറാതെ തടയാൻ, സാധിച്ചേക്കും. ഈ ചികിത്സ പുതിയത് ആയതിനാൽ അത് എത്ര കാലം രോഗാണുക്കളെ ചെറുത്തു നിൽക്കും എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ത്രിമുഖ ചികിത്സ ചെലവേറിയതാണ്. മൂന്നു വൈറസ് പ്രതിരോധക മരുന്നുകൾക്കും ലബോറട്ടറി പരിശോധനയ്ക്കും കൂടി പ്രതിവർഷം ശരാശരി 4,80,000 രൂപ ചെലവു വരും. സാമ്പത്തിക ഭാരത്തിനു പുറമേ, മരുന്ന് റെഫ്രിജറേറ്ററിൽത്തന്നെ സൂക്ഷിക്കേണ്ടതുള്ളതിനാൽ ത്രിമുഖ ചികിത്സയ്ക്കു വിധേയരാകുന്ന രോഗികൾ റെഫ്രിജറേറ്ററിന്റെ അടുത്തേക്കു പല തവണ പോകേണ്ടി വരുന്നു എന്ന ബുദ്ധിമുട്ടും ഉണ്ട്. രോഗിക്ക് ചില ഗുളികകൾ ദിവസം രണ്ടു നേരവും മറ്റു ചിലത് മൂന്നു നേരവും വീതം കഴിക്കേണ്ടി വരുന്നു. ചില ഗുളികകൾ വെറുംവയറ്റിലും മറ്റു ചിലതു ഭക്ഷണത്തിനു ശേഷവും ആണ് കഴിക്കേണ്ടത്. എയ്ഡ്സ് രോഗിക്ക് ഉണ്ടാകാൻ ഇടയുള്ള മറ്റു പല രോഗബാധകളെയും ചെറുക്കുന്നതിനുവേണ്ടി വേറെയും മരുന്നുകൾ കഴിക്കേണ്ടി വരുമ്പോൾ ചികിത്സ കൂടുതൽ സങ്കീർണം ആയിത്തീരുന്നു.
ത്രിമുഖ ചികിത്സ നിർത്തിക്കളയുന്നപക്ഷം രോഗിക്ക് എന്തു സംഭവിച്ചേക്കാം എന്നതാണു ഡോക്ടർമാരെ ഉത്കണ്ഠപ്പെടുത്തുന്ന ഒരു മുഖ്യ സംഗതി. അപ്പോൾ വൈറസ് വീണ്ടും അനിയന്ത്രിതമായി പെരുകുന്നു. ചികിത്സയെ അതിജീവിച്ച അത്തരം വൈറസുകൾ, അവയെ ചെറുത്തു നിൽക്കാനായി രോഗി മുമ്പു കഴിച്ചിരുന്ന മരുന്നുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ളവ ആയിരുന്നേക്കാം. ഔഷധ പ്രതിരോധ ശേഷിയുള്ള എച്ച്ഐവി ഇനങ്ങളെ കീഴടക്കുക കൂടുതൽ ദുഷ്കരമാണ്. മാത്രമല്ല, ഈ സൂപ്പർ വൈറസുകൾ മറ്റുള്ളവരിലേക്കു വ്യാപിക്കുകയും ചെയ്തേക്കാം.
വാക്സിനുകൾ പ്രതിവിധിയോ?
ലോകവ്യാപകമായി എയ്ഡ്സ് മഹാവ്യാധി ഇല്ലായ്മ ചെയ്യുന്നതിനുള്ള മുഖ്യ മാർഗം സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണ് എന്നു ചില എയ്ഡ്സ് ഗവേഷകർ വിശ്വസിക്കുന്നു. മഞ്ഞപ്പനി, അഞ്ചാം പനി, മുണ്ടിനീര്, റൂബെല്ല എന്നീ രോഗങ്ങൾക്കുള്ള ഫലപ്രദമായ വാക്സിനുകൾ ഉണ്ടാക്കിയെടുക്കുന്നതു ദുർബലമാക്കപ്പെട്ട വൈറസുകളിൽ നിന്നാണ്. സാധാരണമായി, ദുർബലമാക്കപ്പെട്ട വൈറസിനെ ശരീരത്തിലേക്കു കടത്തിവിടുമ്പോൾ പ്രതിരോധ വ്യവസ്ഥ അതിനെ നശിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല ശരിക്കുള്ള വൈറസിന്റെ ആക്രമണം ഉണ്ടായാൽ അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള പ്രതിരോധ ശക്തി വളർത്തിയെടുക്കുകയും ചെയ്യുന്നു.
എന്നാൽ, സമീപകാലത്തു കുരങ്ങുകളിൽ നടത്തിയ രണ്ടു പരീക്ഷണങ്ങൾ ഒരു സംഗതി വ്യക്തമാക്കി—എച്ച്ഐവിയുടെ കാര്യത്തിൽ ദുർബലമാക്കപ്പെട്ട വൈറസ് പോലും മാരകമായി തീർന്നേക്കാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഏതു രോഗത്തിൽ നിന്നു സംരക്ഷണം നൽകാനാണോ വാക്സിൻ ഉണ്ടാക്കിയിരിക്കുന്നത് അതേ രോഗംതന്നെ അത് ഉളവാക്കിയേക്കാം.
വാക്സിനു വേണ്ടിയുള്ള അന്വേഷണം നിരാശയിലും ഇച്ഛാഭംഗത്തിലും കലാശിച്ചിരിക്കുന്നു. ശക്തി കുറഞ്ഞ ഏതൊരു വൈറസിനെയും തീർച്ചയായും കൊന്നൊടുക്കുമായിരുന്ന, വ്യത്യസ്ത ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ ഡസൻ കണക്കിന് മരുന്നുകൾ പരീക്ഷിച്ചു നോക്കി. പക്ഷേ, ഇവയൊന്നും എച്ച്ഐവി-യെ യാതൊരു വിധത്തിലും ബാധിച്ചില്ല. കൂടാതെ, ഉത്പരിവർത്തനത്തിലൂടെ (mutation) പുതിയ രൂപം കൈവരിച്ച് എച്ച്ഐവി പിടികൊടുക്കാതെ വഴുതി മാറുകയും ചെയ്യുന്നു. (ഇപ്പോൾ ലോകവ്യാപകമായി കുറഞ്ഞപക്ഷം എച്ച്ഐവി-യുടെ പത്ത് ഇനങ്ങളെങ്കിലും ഉണ്ട്.) വാക്സിൻ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്ന പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളെത്തന്നെ എയ്ഡ്സ് വൈറസ് നേരിട്ട് ആക്രമിക്കുന്നു എന്നത് പ്രശ്നം രൂക്ഷമാക്കുന്നു.
സാമ്പത്തിക വശവും ഗവേഷണത്തിൽ പങ്കു വഹിക്കുന്നുണ്ട്. “സ്വകാര്യ വ്യവസായ മേഖലകളിൽ ഉള്ളവർക്കു പ്രതിബദ്ധത തീരെ കുറവാണ്” എന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷനൽ എയ്ഡ്സ് വാക്സിൻ ഇനിഷ്യെറ്റിവ് പ്രസ്താവിച്ചു. വാക്സിൻ കൂടുതലും വിൽക്കപ്പെടുന്നത് അൽപ്പ വികസിത രാജ്യങ്ങളിൽ ആയിരിക്കും എന്നതിനാൽ അതുകൊണ്ടു കാര്യമായ ലാഭം ഉണ്ടാകുകയില്ല എന്ന ഭയമാണ് ഇതിനു കാരണം.
ഈ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടായിരുന്നിട്ടും ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ഗവേഷകർ തുടർന്നും പല സമീപനങ്ങളും സ്വീകരിക്കുന്നു. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പെട്ടെന്നൊന്നും ഒരു വാക്സിൻ ഉത്പാദിപ്പിക്കപ്പെടും എന്നു തോന്നുന്നില്ല. ഫലപ്രദമെന്നു തെളിഞ്ഞേക്കാവുന്ന ഒരു വാക്സിൻ കണ്ടുപിടിച്ചാൽത്തന്നെ, അതു മനുഷ്യരിൽ പരീക്ഷിച്ചു നോക്കുകയെന്ന ക്ലേശകരവും ചെലവേറിയതും അപകടസാധ്യത ഉള്ളതുമായ കൃത്യം അവശേഷിക്കുന്നു.
[5-ാം പേജിലെ ചതുരം]
എച്ച്ഐവി ബാധിക്കുന്നത് ആരെ?
ലോകവ്യാപകമായി ദിവസേന ഏകദേശം 16,000 പേരെ എച്ച്ഐവി ബാധിക്കുന്നു. അവരിൽ 90-ലധികം ശതമാനവും വികസ്വര രാജ്യങ്ങളിൽ ഉള്ളവരാണെന്നു പറയപ്പെടുന്നു. ഏതാണ്ടു 10-ൽ ഒരാൾ വീതം 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ശേഷിക്കുന്നവരിൽ, 40-ലധികം ശതമാനം സ്ത്രീകളും പകുതിയിലേറെ പേർ 15-നും 24-നും ഇടയ്ക്കു പ്രായം ഉള്ളവരും ആണ്.—ലോകാരോഗ്യ സംഘടന, എച്ച്ഐവി/എയ്ഡ്സിനെ കുറിച്ചുള്ള ഐക്യരാഷ്ട്രങ്ങളുടെ ഏകീകൃത പരിപാടി.
[7-ാം പേജിലെ ചതുരം]
രോഗബാധിതരെ എങ്ങനെ തിരിച്ചറിയാം?
ഒരു വ്യക്തിയെ കണ്ടാൽ ഉടൻ അയാൾക്ക്/അവൾക്കു രോഗം ബാധിച്ചിരിക്കുന്നു എന്നു പറയാൻ സാധിക്കില്ല. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത എച്ച്ഐവി വാഹകർ ആരോഗ്യം ഉള്ളവരായി കാണപ്പെട്ടേക്കാമെങ്കിലും അവർക്കു മറ്റുള്ളവരിലേക്കു വൈറസ് കടത്തിവിടാനാകും. താൻ രോഗബാധിതൻ അല്ല എന്ന ഒരു വ്യക്തിയുടെ അവകാശവാദം ശരിയായിരിക്കണം എന്നുണ്ടോ? അവശ്യം ഇല്ല. എച്ച്ഐവി ബാധിച്ചിരിക്കുന്ന അനേകരും അതേക്കുറിച്ച് ബോധവാന്മാർ അല്ല. അറിയാവുന്നവർതന്നെ അതു മറച്ചുപിടിച്ചേക്കാം, അല്ലെങ്കിൽ കള്ളം പറഞ്ഞേക്കാം. എച്ച്ഐവി ബാധിതരിൽ 10-ൽ 4 പേർ തങ്ങളുടെ അവസ്ഥ ലൈംഗിക പങ്കാളിയെ അറിയിക്കുന്നില്ല എന്ന് ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി.
[6-ാം പേജിലെ ചതുരം/ചിത്രം]
എച്ച്ഐവിയും എയ്ഡ്സും തമ്മിലുള്ള ബന്ധം
“മാനുഷ രോഗപ്രതിരോധ ശക്തിക്ഷയ വൈറസ്” (human immunodeficiency virus) എന്നതിന്റെ ഹ്രസ്വരൂപമാണ് എച്ച്ഐവി. അത് രോഗത്തെ ചെറുത്തു നിൽക്കുന്ന ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ സാവധാനം നശിപ്പിക്കുന്നു. എയ്ഡ്സ്, “ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം” (acquired immunodeficiency syndrome) എന്നതിന്റെ ഹ്രസ്വരൂപമാണ്. അത് ജീവനു ഭീഷണി ഉയർത്തുന്ന, എച്ച്ഐവി ബാധയുടെ പാരമ്യ ഘട്ടമാണ്. എയ്ഡ്സ് ഇല്ലായിരുന്നെങ്കിൽ പ്രതിരോധ വ്യവസ്ഥയ്ക്കു ചെറുത്തു നിൽക്കാൻ സാധിക്കുമായിരുന്ന രോഗങ്ങൾ പോലും രോഗിയെ അടിമ ആക്കത്തക്കവിധം, എച്ച്ഐവി പ്രതിരോധ വ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നതായി എയ്ഡ്സ് എന്ന പേരു വ്യക്തമാക്കുന്നു.
[കടപ്പാട്]
CDC, Atlanta, Ga.
[7-ാം പേജിലെ ചിത്രം]
വിവാഹനിശ്ചയത്തിനു മുമ്പ് എച്ച്ഐവി പരിശോധന നടത്തുന്നതു ജ്ഞാനപൂർവകമാണ്