എല്ലാവരും അന്യോന്യം സ്നേഹിക്കുമ്പോൾ
യേശുക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലത്തിലേക്കു വിരൽ ചൂണ്ടി. 37-ാം സങ്കീർത്തനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് അവൻ ഇങ്ങനെ തുടങ്ങി: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” ഈ അത്ഭുതകരമായ അവസ്ഥ എങ്ങനെ യാഥാർഥ്യമാകും എന്നും ആ ബൈബിൾ സങ്കീർത്തനം വിശദീകരിക്കുന്നു. അതിങ്ങനെ പറയുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.”—മത്തായി 5:5; സങ്കീർത്തനം 37:9.
അത് എന്തൊരു അത്ഭുതകരമായ മാറ്റം ആയിരിക്കും—ദുഷ്പ്രവൃത്തിക്കാർ എല്ലാവരും ഭൂമിയിൽനിന്നു നീക്കം ചെയ്യപ്പെടും, അന്യോന്യം സ്നേഹിക്കുന്നവർ മാത്രം അവശേഷിക്കും! അത് എങ്ങനെ സംഭവിക്കും? വിഖ്യാതമായ ആ ഗിരിപ്രഭാഷണത്തിൽ നമ്മെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിക്കവേ യേശു അതിന് ഉത്തരം നൽകി: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) ദൈവത്തിന്റെ ഇഷ്ടം നടപ്പാകുന്നത് എവിടെ ആണെന്ന് ശ്രദ്ധിക്കുക. സ്വർഗത്തിൽ മാത്രമല്ല. “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണം എന്നു ഞങ്ങൾ പ്രാർഥിക്കുന്നു” എന്ന് ക്രിസ്തീയ ശതാബ്ദത്തിലെ ഒരു ലേഖനം ഊന്നിപ്പറഞ്ഞു.
അങ്ങനെയെങ്കിൽ, യേശു പ്രാർഥിക്കാൻ പഠിപ്പിച്ച ആ ദൈവരാജ്യം എന്താണ്? അത് വ്യക്തമായും സ്വർഗത്തിൽനിന്നു ഭരണം നടത്തുന്ന ഒരു യഥാർഥ ഗവൺമെന്റാണ്. അതുകൊണ്ടാണ് അതിനെ “സ്വർഗ്ഗരാജ്യം” എന്നു വിളിച്ചിരിക്കുന്നത്. (മത്തായി 10:7) ഈ രാജ്യത്തിന്റെ അഥവാ ഗവൺമെന്റിന്റെ നിയമിത ഭരണാധികാരി ദൈവപുത്രനായ യേശുക്രിസ്തു ആണ്.
യേശു മറിയയിൽനിന്നു ജനിക്കുന്നതിന് ദീർഘനാൾ മുമ്പ് യഹോവയുടെ പ്രവാചകനായ യെശയ്യാവ് ആ അത്ഭുതകരമായ സംഭവത്തെയും തുടർന്ന് എന്തു സംഭവിക്കും എന്നതിനെയും കുറിച്ച് മുൻകൂട്ടി പറഞ്ഞു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.” (യെശയ്യാവു 9:6, 7) മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു, രാജാവായി ഭരണം ആരംഭിക്കുന്നതിനുള്ള കൽപ്പനയും പ്രതീക്ഷിച്ചുകൊണ്ട് സ്വർഗത്തിൽ പിതാവിനോടു കൂടെ ഇരുന്നു.—സങ്കീർത്തനം 110:1, 2; എബ്രായർ 10:12, 13, പി.ഒ.സി. ബൈ.; വെളിപ്പാടു 11:15.
അപ്പോൾ, വിദ്വേഷപൂർണമായ ഈ ലോകത്തിന് ഒടുവിൽ എന്തു സംഭവിക്കും? ആ ചോദ്യത്തിനുള്ള ബൈബിളിന്റെ മറുപടി ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രവാചകനായ ദാനീയേൽ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
ഈ ബൈബിൾ പ്രവചനം സ്പഷ്ടമായും മനുഷ്യന്റെ കാര്യാദികളിൽ സംഭവിക്കാൻ പോകുന്ന ഒരു വലിയ മാറ്റത്തിലേക്കു വിരൽ ചൂണ്ടുന്നു. ദൈവത്തിന്റെ ഭരണത്തിനു കീഴ്പെടാൻ ശാഠ്യപൂർവം വിസമ്മതിക്കുന്ന മനുഷ്യവർഗ ലോകം ഉൾപ്പെടുന്ന ഈ മുഴു വ്യവസ്ഥിതിയും ഭൂമിയിൽനിന്നു നീക്കം ചെയ്യപ്പെടും! അതിന്റെ സ്ഥാനത്ത് എന്തു വരുമെന്നു പരിചിന്തിക്കുക.
നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിലെ ജീവിതം
ഈ പഴയ ലോകം അവസാനിക്കുമ്പോൾ അതിജീവകർ ഉണ്ടായിരിക്കും. ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) അതേ, ദൈവേഷ്ടം ചെയ്യുന്നവർ ഒരു പുതിയ ലോകത്തിലേക്ക് അതിജീവിക്കും, നോഹയും അവന്റെ കുടുംബവും തങ്ങളുടെ നാളിലെ ലോകാവസാനത്തെ അതിജീവിച്ചതുപോലെ. അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ എഴുതി: “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—2 പത്രൊസ് 3:5-7, 11-13.
ദൈവരാജ്യം എന്ന ഒരേ ഒരു ഗവൺമെന്റു ഭരണം നടത്തുന്ന കാലത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) നീതിമാന്മാർ ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ ജീവിതം ആസ്വദിക്കും. അത് എത്ര മഹത്തായ സമയം ആയിരിക്കും! മുൻ പേജുകളിൽ ചിത്രീകരിച്ചിരിക്കുന്ന, ബൈബിളിലെ അനുഗ്രഹങ്ങളെക്കുറിച്ചു നിങ്ങൾ ഇതിനോടകം പരിചിന്തിച്ചിട്ടില്ലെങ്കിൽ ദയവായി അങ്ങനെ ചെയ്യുക.
നമ്മുടെ സ്രഷ്ടാവ് തന്നെ ആരാധിക്കുന്നവരുടെ പ്രയോജനത്തിനായി അത്തരം അത്ഭുതകരമായ സംഗതികൾ വാഗ്ദാനം ചെയ്യുന്നു എന്ന് അറിയുന്നത് നിങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കുന്നില്ലേ? തീർച്ചയായും, ആദ്യ മനുഷ്യ ദമ്പതികളെ സൃഷ്ടിക്കുകയും അവരെ ഒരു ഭൗമിക പറുദീസയിൽ ആക്കിവെക്കുകയും ചെയ്തപ്പോഴത്തെ ദൈവോദ്ദേശ്യം അതായിരുന്നു! ദൈവം അവരോടു പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.”—ഉല്പത്തി 1:27, 28.
ആദാമിനും ഹവ്വായ്ക്കും കുട്ടികൾ ഉണ്ടാകണമായിരുന്നു, അവർ മുതിർന്നു വരുമ്പോൾ ഭൗമിക പറുദീസ സംരക്ഷിക്കുക എന്ന ഉല്ലാസപ്രദമായ വേലയിൽ പങ്കെടുക്കുകയും ചെയ്യണമായിരുന്നു. മനുഷ്യ കുടുംബത്തിന്റെ അംഗസംഖ്യ വർധിക്കവേ ഏദെൻ തോട്ടത്തിന്റെ അതിരുകൾ വികസിപ്പിക്കുന്നതിലെ സന്തോഷത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക! വ്യക്തമായും, മുഴു ഭൂമിയും ഒരു പറുദീസ ആയിത്തീരുക എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. ആ ഉദ്ദേശ്യം എന്നെങ്കിലും നിവൃത്തി ആകുമോ? അത് നിവൃത്തി ആകും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ, ദൈവംതന്നെ അതു സംബന്ധിച്ച് നമുക്കു വാക്കു തന്നിരിക്കുന്നു! “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; . . . ഞാൻ അനുഷ്ഠിക്കും” എന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു.—യെശയ്യാവു 46:11; 55:11.
മുൻ പേജുകളിൽ ചിത്രീകരിച്ചിരിക്കുന്ന പ്രകാരം തിരുവെഴുത്തുകളിൽ വർണിച്ചിരിക്കുന്ന ആ ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കുന്നത് നിങ്ങൾ ആസ്വദിക്കുമോ? പ്രതീക്ഷിക്കാവുന്നതു പോലെ, എന്നേക്കും അവിടെ ജീവിക്കാൻ എല്ലാവരെയും അനുവദിക്കുകയില്ല. ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണ്?
എന്നേക്കും ജീവിക്കാൻ യോഗ്യത പ്രാപിക്കൽ
ഒന്നാമതായി, ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നവർ ദൈവം നമ്മെ പഠിപ്പിക്കുന്നതുപോലെ അന്യോന്യം സ്നേഹിക്കാൻ പഠിക്കണം. ബൈബിൾ ഇങ്ങനെ പറയുന്നു: “പരസ്പരം സ്നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.” (1 തെസ്സലൊനീക്യർ 4:9, പി.ഒ.സി. ബൈ.) ദൈവം അതു നമ്മെ എങ്ങനെയാണു പഠിപ്പിക്കുന്നത്?
മുഖ്യമായും തന്റെ ലിഖിത വചനമായ ബൈബിളിലൂടെയാണ് അവൻ അതു നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് എന്നേക്കും ജീവിക്കുന്നതിനു നാം ബൈബിളിലെ ദിവ്യ പഠിപ്പിക്കലുകൾ സ്വീകരിക്കേണ്ടതുണ്ട്. പൗരസ്ത്യദേശത്തെ ഒരു ബൈബിൾ വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “ബൈബിൾ വാഗ്ദാനം ചെയ്യുന്നതുപോലെ, എല്ലാ ആളുകളും അന്യോന്യം സ്നേഹിക്കാൻ പഠിച്ചിരിക്കുന്ന കാലത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.”
തന്റെ പിതാവിനോടുള്ള പ്രാർഥനയിൽ യേശു അനിവാര്യമായ ഒരു നിബന്ധന തിരിച്ചറിയിച്ചു. അവൻ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക ആ അറിവു സമ്പാദിക്കുന്നതിനു നിങ്ങളെ സഹായിക്കും. അതിന്റെ ഒരു പ്രതി ലഭിക്കാൻ 32-ാം പേജിൽ നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് Watchtower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
[8-10 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്
അന്യോന്യം സ്നേഹിക്കുന്ന ഒരു ലോകവ്യാപക സഹോദരവർഗം
‘ദൈവത്തിന്നു മുഖപക്ഷമില്ല. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
കുറ്റകൃത്യമോ യുദ്ധമോ മേലാൽ ഉണ്ടായിരിക്കുകയില്ല
“ദുഷ്ടന്മാർ ദേശത്തുനിന്നു [“ഭൂമിയിൽനിന്നു,” NW] ഛേദിക്കപ്പെടും.”—സദൃശവാക്യങ്ങൾ 2:22.
“[ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”—സങ്കീർത്തനം 46:9.
ഭക്ഷിക്കാൻ ധാരാളം നല്ല വിഭവങ്ങൾ
“ദേശത്തു [“ഭൂമിയിൽ,” NW] പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.
മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ സമാധാനം
“ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; . . . ഒരു ചെറിയ കുട്ടി അവയെ നടത്തും.”—യെശയ്യാവു 11:6.
രോഗവും വാർധക്യവും മരണവും നീക്കംചെയ്യപ്പെടും
“[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5എ.
മരിച്ച പ്രിയപ്പെട്ടവരുടെ ഭൗമിക പുനരുത്ഥാനം
“കല്ലറകളിൽ ഉള്ളവർ എല്ലാവരും [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.