അയൽ സ്നേഹത്തിന് എന്തു സംഭവിച്ചു?
ദശലക്ഷക്കണക്കിന് ആളുകൾ നിസ്സഹായരും ഭയവിഹ്വലരും ദുരിതം അനുഭവിക്കുന്നവരുമാണ്. അവർക്ക് സഹായത്തിനായി തിരിയാൻ ഒരിടവുമില്ല. “ഞാൻ ഒറ്റയ്ക്കു ഭക്ഷണം കഴിക്കുന്നു, ഒറ്റയ്ക്കു നടക്കുന്നു, ഒറ്റയ്ക്ക് ഉറങ്ങുന്നു, ഒറ്റയ്ക്കു സംസാരിക്കുന്നു” എന്ന് ഒരു വ്യക്തി വിലപിച്ചു. സ്നേഹപൂർവം സഹായഹസ്തം നീട്ടാൻ ചുരുക്കം ചിലരേ തയ്യാറാകുന്നുള്ളൂ.
ഒരു മുൻ ബിസിനസ്സുകാരി ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഒരുനാൾ വൈകുന്നേരം ഞാൻ താമസിക്കുന്ന നിലയിൽത്തന്നെ പാർക്കുന്ന ഒരു വിധവ എന്റെ കതകിൽ മുട്ടിയിട്ട്, തനിക്ക് ഏകാന്തത അനുഭവപ്പെടുന്നതായി എന്നോടു പറഞ്ഞു. മര്യാദയോടെയാണെങ്കിലും വീണ്ടുവിചാരമില്ലാതെ, എനിക്കൊട്ടും സമയമില്ലെന്നു ഞാൻ അവരോടു പറഞ്ഞു. എന്നെ ശല്യപ്പെടുത്തിയതിൽ ക്ഷമാപണം നടത്തിയിട്ട് അവർ അവിടെനിന്നു പോയി.’
ആ സ്ത്രീ ഇങ്ങനെ തുടർന്നു: ‘ഒരു ശല്യം ഒഴിവാക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് എനിക്ക് അഭിമാനം തോന്നി. പിറ്റേന്നു വൈകുന്നേരം ഒരു സുഹൃത്ത് എന്നെ ഫോണിൽ വിളിച്ച് എന്റെ കെട്ടിടത്തിൽ പാർത്തിരുന്ന, തലേ രാത്രി ആത്മഹത്യ ചെയ്ത സ്ത്രീയെ അറിയുമോ എന്നു ചോദിച്ചു. അത് ആരാണെന്നു നിങ്ങൾ ഊഹിച്ചു കാണും, എന്റെ കതകിൽ മുട്ടിയ സ്ത്രീയായിരുന്നു അത്.’ താൻ “കയ്പേറിയ” ഒരു “പാഠം” പഠിച്ചെന്ന് ആ ബിസിനസ്സുകാരി പിന്നീടു പറഞ്ഞു.
സ്നേഹം ലഭിക്കാതായാൽ ശിശുക്കൾ മരിച്ചു പോകും എന്നതു പരക്കെ അറിയപ്പെടുന്ന ഒരു സംഗതിയാണ്. സ്നേഹത്തിന്റെ അഭാവത്താൽ മുതിർന്നവർക്കും മരണം സംഭവിക്കാം. സുന്ദരിയായ ഒരു പതിനഞ്ചുകാരി തന്റെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: “സ്നേഹം എന്നാൽ ഏകാന്തത തോന്നാതിരിക്കുക എന്നാണ് അർഥം.”
ഒരു ആധുനിക ദുരന്തം
ഏതാനും വർഷങ്ങൾക്കു മുമ്പ് വംശീയ വിദ്വേഷത്തെ കുറിച്ചു പ്രതിപാദിക്കവേ ന്യൂസ്വീക്ക് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഈ വർഷത്തെ ആപ്തവാക്യം ‘നിന്റെ അയൽക്കാരനെ വെറുക്കണം’ എന്നതാണെന്നു തോന്നുന്നു.” മുമ്പു യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന ബോസ്നിയയിലെയും ഹെർസെഗോവിനയിലെയും സംഘട്ടനങ്ങളുടെ സമയത്ത് പത്തു ലക്ഷത്തിൽപ്പരം ആളുകൾ വീടും കുടിയും വിട്ടോടാൻ നിർബന്ധിതരായി, പതിനായിരക്കണക്കിന് ആളുകൾ കൊല ചെയ്യപ്പെട്ടു. അതിനു കാരണക്കാരോ? “ഞങ്ങളുടെ അയൽക്കാർ. . . . ഞങ്ങൾ പരിചയക്കാർ ആയിരുന്നു,” സ്വന്തം ഗ്രാമത്തിൽനിന്നു തുരത്തപ്പെട്ട ഒരു പെൺകുട്ടി വിലപിക്കുന്നു.
“ഞങ്ങൾ സമാധാനത്തിൽ ഒത്തൊരുമിച്ചു കഴിഞ്ഞിരുന്നവരാണ്,” റൂഗാണ്ട ഗ്രാമത്തിൽ താമസിച്ചിരുന്ന 3,000 ഹൂട്ടുകളെയും ടൂട്സികളെയും കുറിച്ച് ഒരു സ്ത്രീ പറഞ്ഞു. ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ പറഞ്ഞു: “ഈ ഗ്രാമത്തിന്റെ കഥ തന്നെയാണ് മൊത്തം റുവാണ്ടയുടെയും കഥ: ഹൂട്ടുകളും ടൂട്സികളും ഒരുമിച്ചു കഴിഞ്ഞവരാണ്. മിശ്രവിവാഹവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഹൂട്ടു ആരെന്നോ ടൂട്സി ആരെന്നോ ആർക്കും നോട്ടമില്ലായിരുന്നു, ആർക്കും അറിയുകപോലും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു, കൂട്ടക്കൊലയും ആരംഭിച്ചു.”
ഇസ്രായേലിൽ യഹൂദരും അറബികളും ഇടകലർന്നാണു താമസിക്കുന്നതെങ്കിലും അവരിൽ പലരും അന്യോന്യം വെറുക്കുന്നു. സമാനമായ സ്ഥിതിവിശേഷങ്ങൾ ഈ 20-ാം നൂറ്റാണ്ടിൽ ഉടനീളം വടക്കൻ അയർലൻഡിലും, ഇന്ത്യയിലും പാകിസ്ഥാനിലും, മലേഷ്യയിലും ഇന്തോനേഷ്യയിലും, ഐക്യനാടുകളിലെ വിവിധ വർഗങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. അതേ, അത്തരം സംഭവങ്ങൾ ലോകമെമ്പാടും അരങ്ങേറിയിരിക്കുന്നു.
വംശീയവും മതപരവുമായ വിദ്വേഷത്തിന് ഇതുപോലെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ നിരത്താം. ചരിത്രത്തിലൊരിക്കലും ലോകം ഇത്രകണ്ട് സ്നേഹശൂന്യം ആയിരുന്നിട്ടില്ല.
ആരാണ് ഉത്തരവാദികൾ?
സ്നേഹിക്കാൻ എന്നതുപോലെ ദ്വേഷിക്കാനും ആളുകൾ പഠിപ്പിക്കപ്പെടുന്നു. ഒരു പ്രശസ്തമായ ഇംഗ്ലീഷ് പാട്ടിലെ വരികൾ ഇങ്ങനെയാണ്: ‘വൈകും മുമ്പെ/ആറോ ഏഴോ എട്ടോ വയസ്സാകും മുമ്പെ/നിങ്ങളെ പഠിപ്പിക്കുന്നു/ബന്ധുക്കൾ വെറുക്കുന്നവരെയെല്ലാം വെറുക്കാൻ.’ വിശേഷാൽ ഇന്ന്, വെറുക്കാൻ ആളുകൾ പഠിപ്പിക്കപ്പെടുന്നു. തങ്ങളുടെ അംഗങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതിൽ പ്രത്യേകിച്ചും സഭകൾ പരാജയപ്പെട്ടിരിക്കുന്നു.
ഫ്രഞ്ചു പത്രമായ ല മോൺട് ഇങ്ങനെ ചോദിച്ചു: “ബുറുണ്ടിയിലും റുവാണ്ടയിലും യുദ്ധം ചെയ്യുന്ന ടൂട്സികൾക്കും ഹൂട്ടുകൾക്കും പരിശീലനം ലഭിച്ചത് ഒരേ ക്രിസ്തീയ മിഷനറിമാരിൽനിന്നാണെന്നും അവർ ഒരേ പള്ളികളിലാണ് പോയിരുന്നതെന്നും ഒരാൾക്ക് എങ്ങനെ മറക്കാനാകും?” നാഷണൽ കാത്തലിക് റിപ്പോർട്ടർ പറയുന്നത് അനുസരിച്ച് റുവാണ്ടയിലെ “ആളുകളിൽ 70 ശതമാനവും കത്തോലിക്കരാണ്.”
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ നിരീശ്വരവാദ കമ്മ്യൂണിസത്തിലേക്കു തിരിഞ്ഞു. എന്തുകൊണ്ട്? ചെക്കോസ്ലോവാക്യയിലെ പ്രാഗിലുള്ള ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി 1960-ൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ക്രിസ്ത്യാനികളായ നാം തന്നെയാണു കമ്മ്യൂണിസത്തിന് ഉത്തരവാദികൾ. . . . കമ്മ്യൂണിസ്റ്റുകാർ ഒരിക്കൽ ക്രിസ്ത്യാനികൾ ആയിരുന്നുവെന്ന് ഓർക്കുക. അവർ നീതിനിഷ്ഠനായ ഒരു ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ അത് ആരുടെ കുറ്റമാണ്?”
ഒന്നാം ലോകമഹായുദ്ധ കാലത്ത് സഭകൾ ചെയ്തത് എന്താണെന്നു പരിചിന്തിക്കുക. ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറലായ ഫ്രാങ്ക് ക്രോഷർ ആ യുദ്ധത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “രക്തദാഹത്തെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നതു ക്രിസ്തീയ സഭകളാണ്. ഞങ്ങൾ അവയെ ശരിക്കും ഉപയോഗപ്പെടുത്തി.” പിന്നീട്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ പറഞ്ഞു: “തദ്ദേശീയ കത്തോലിക്കാ പുരോഹിത മേധാവികൾ സൈന്യങ്ങളെ അനുഗ്രഹിക്കുകയും വിജയത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്തുകൊണ്ട് ഒട്ടുമിക്കപ്പോഴും തങ്ങളുടെ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളെ പിന്താങ്ങി; അതേസമയം, എതിർ പക്ഷത്ത് മറ്റൊരു കൂട്ടം ബിഷപ്പുമാർ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിനായി പരസ്യമായി പ്രാർഥിച്ചു.”
എന്നാൽ, യേശുക്രിസ്തു തന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്നേഹം പ്രകടമാക്കി. കൂടാതെ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “പരസ്പരം സ്നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 തെസ്സലൊനീക്യർ 4:9, പി.ഒ.സി. ബൈബിൾ) “സത്യ ക്രിസ്ത്യാനികൾ യേശുക്രിസ്തുവിൽ സഹോദരീസഹോദരൻമാരാണ്” എന്ന് വാൻകൂവർ സൺ എന്ന പത്രത്തിന്റെ സ്റ്റാഫ് ലേഖകൻ അഭിപ്രായപ്പെട്ടു. “അവർ ഒരിക്കലും മനഃപൂർവം അന്യോന്യം ദ്രോഹിക്കുകയില്ല.”
ഇന്നത്തെ സ്നേഹരാഹിത്യത്തിന് സഭകൾ ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നുവെന്നതു വ്യക്തം. ഇന്ത്യാ ടുഡേ മാസികയിൽ വന്ന ഒരു ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “മതമെന്ന കൊടിക്കൂറയുടെ കീഴിലാണ് ഏറ്റവും നിഷ്ഠുരമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുള്ളത്.” എങ്കിലും, മറ്റുള്ളവരോടുള്ള അത്തരം ഹൃദയശൂന്യമായ അവഗണന നമ്മുടെ തലമുറയുടെ സവിശേഷത ആയിരിക്കുന്നതിന് അടിസ്ഥാനപരമായ ഒരു കാരണമുണ്ട്.
അയൽസ്നേഹം തണുത്തുപോയിരിക്കുന്നതിന്റെ കാരണം
നമ്മുടെ സ്രഷ്ടാവ് ഉത്തരം നൽകുന്നു. അവന്റെ വചനമായ ബൈബിൾ നമ്മുടെ ഈ കാലഘട്ടത്തെ ‘അന്ത്യകാലം’ എന്നു വിളിക്കുന്നു. ബൈബിൾ പ്രവചനപ്രകാരം, ആളുകൾ ‘വാത്സല്യമില്ലാത്തവർ [‘സ്വാഭാവിക പ്രിയമില്ലാത്തവർ,’ NW]’ ആയിരിക്കുന്ന ഒരു കാലഘട്ടമാണത്. തിരുവെഴുത്തുകളിൽ ‘ലോകാവസാനം [‘വ്യവസ്ഥിതിയുടെ സമാപനം,’ NW]’ എന്നും വിളിക്കപ്പെടുന്ന ഈ “ദുർഘടസമയങ്ങ”ളെക്കുറിച്ച് യേശുക്രിസ്തു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അനേകരുടെ സ്നേഹം തണുത്തുപോകും.”—2 തിമൊഥെയൊസ് 3:1-5; മത്തായി 24:3, 12.
അതുകൊണ്ട്, ഇന്നത്തെ സ്നേഹശൂന്യത നാം ഈ ലോകത്തിന്റെ അന്ത്യനാളുകളിലാണു ജീവിക്കുന്നത് എന്നതിനുള്ള ഒരു തെളിവാണ്. സന്തോഷകരമെന്നു പറയട്ടെ, ഭക്തികെട്ട ആളുകൾ നിറഞ്ഞ ഈ ലോകത്തിന്റെ സ്ഥാനത്തു സ്നേഹത്താൽ ഭരിക്കപ്പെടുന്ന നീതിനിഷ്ഠമായ ഒരു പുതിയ ലോകം ഉടൻതന്നെ സ്ഥാപിതമാകുമെന്നും അത് അർഥമാക്കുന്നു.—മത്തായി 24:3-14; 2 പത്രൊസ് 3:7, 13.
എന്നാൽ, അത്തരമൊരു മാറ്റം സാധ്യമാണെന്ന്, എല്ലാ ആളുകളും അന്യോന്യം സ്നേഹിക്കുകയും സമാധാനത്തിൽ ഒരുമിച്ചു വസിക്കുകയും ചെയ്യുന്ന ഒരു ലോകത്തിൽ നമുക്കു ജീവിക്കാൻ കഴിയുമെന്ന്, വിശ്വസിക്കാൻ തക്കതായ കാരണം ഉണ്ടോ?