കള്ളക്കടത്ത്—യൂറോപ്പിന്റെ 90’കളിലെ ശാപം
ജർമനിയിലെ ഉണരുക! ലേഖകൻ
ഉത്തരാഫ്രിക്കൻ തീരത്തു നിന്ന് ജിബ്രാൾട്ടറിനെ ലക്ഷ്യമാക്കി ഒരു സ്പീഡ് ബോട്ട് പായുന്നു; മൂടിക്കെട്ടിയ ഒരു മോട്ടോർ വണ്ടി പോളണ്ടിൽനിന്നു വടക്കോട്ട് യാത്ര തിരിക്കുന്നു; ഒരു ബൾഗേറിയൻ ട്രക്ക് ഉത്തര യൂറോപ്പിനെ ലക്ഷ്യമാക്കി ഓടുന്നു; മോസ്കോയിൽ നിന്ന് മ്യൂണിക്കിലേക്ക് ഒരു വിമാനം പറന്നുയരുന്നു. ഈ വാഹനങ്ങൾക്കെല്ലാം പൊതുവായി എന്താണുള്ളത്? അവ കള്ളക്കടത്തിന് ഉപയോഗിക്കുന്നവയാണ്.
ചരക്കുകൾ നിരോധിച്ചവ ആയതിനാൽ അല്ലെങ്കിൽ അവയ്ക്കുള്ള നികുതി കൊടുക്കുന്നത് ഒഴിവാക്കാൻ അധികാരികളുടെ കണ്ണു വെട്ടിച്ച് ഒരു രാജ്യത്തിന് അല്ലെങ്കിൽ പ്രദേശത്തിന് അകത്തേക്കോ പുറത്തേക്കോ അവ കടത്തിക്കൊണ്ടു പോകുന്നതാണു കള്ളക്കടത്ത്. കുറഞ്ഞപക്ഷം, 14-ാം നൂറ്റാണ്ടു മുതൽ എങ്കിലും യൂറോപ്പിൽ കള്ളക്കടത്ത് നിലവിലിരുന്നു. ചിലപ്പോഴൊക്കെ അതിനെ വ്യാജ വ്യാപാരം അല്ലെങ്കിൽ കള്ളച്ചരക്കു കടത്തൽ എന്നും വിളിക്കാറുണ്ട്. ഈ നിയമവിരുദ്ധ പ്രവർത്തനം വിപുല വ്യാപകം ആയതിനാൽ പല ദേശങ്ങളിലെയും പുരാവൃത്തങ്ങളിൽ കള്ളക്കടത്തുകാരുടെ വീര കഥകൾ സ്ഥാനം പിടിച്ചിരിക്കുന്നു. അത്തരക്കാരിൽ ചിലർ കീർത്തിപ്പെട്ട വീരപുരുഷന്മാരായി തീർന്നു.
കള്ളക്കടത്തു കൊണ്ടു ചിലപ്പോഴൊക്കെ ചില നന്മകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അതു നിയമ വിരുദ്ധവും മിക്കപ്പോഴും ദ്രോഹകരവും ആണ്. ഉദാഹരണത്തിന്, 16-ാം നൂറ്റാണ്ടിൽ വില്യം ടിൻഡെയ്ൽ പരിഭാഷപ്പെടുത്തിയ ബൈബിളിന്റെ ഭാഗങ്ങൾ ഇംഗ്ലണ്ടിലേക്ക്—അവിടെ അതിനു നിരോധനം ഏർപ്പെടുത്തിയിരുന്നു—കടത്തുകയുണ്ടായി. കൂടാതെ, 1940-ൽ ജർമൻ സൈന്യം ഫ്രാൻസ് കയ്യടക്കിയപ്പോൾ “[ഫ്രഞ്ച്] പ്രതിരോധ സേനയിലെ ഏറ്റവും മികച്ച സൈന്യ വിന്യാസ വിദഗ്ധർ” കള്ളക്കടത്തുകാർ ആയിരുന്നു എന്ന് ജിഇഓ റിപ്പോർട്ടു ചെയ്യുന്നു. കാരണം, അവർക്ക് നോർമൻഡിയിലെ ഇടവഴികളും ഒഴിഞ്ഞ വഴികളുമെല്ലാം നല്ല തിട്ടമായിരുന്നു.
ഇന്ന്, 50 വർഷത്തിനു ശേഷം, കള്ളക്കടത്തു തഴച്ചുവളരുന്നു. എന്നാൽ അത് അനുഗ്രഹത്തിനു പകരം ശാപം കൈവരുത്തുന്നു എന്നു മാത്രം. ജർമൻ വർത്തമാന പത്രമായ സ്യൂറ്റ്ഡോയിച്ചെ റ്റ്സൈറ്റുങ് പറയുന്ന പ്രകാരം, യൂറോപ്പ് “കള്ളക്കടത്തുകാരുടെ പറുദീസ” ആയിത്തീർന്നിരിക്കുന്നു. ഇതിലേക്കു നയിച്ചതെന്താണ്?
യൂറോപ്യൻ യൂണിയൻ വലുതായതാണ് ഒരു കാരണം. അതിലെ അംഗ രാഷ്ട്രങ്ങളുടെ സംഖ്യ 40 വർഷത്തിനുള്ളിൽ 6-ൽ നിന്ന് 15 ആയിത്തീർന്നു.a വിസാ നിയന്ത്രണങ്ങളിൽ അയവു വരുത്തിയതിനാൽ രാജ്യാന്തര യാത്ര വളരെ എളുപ്പമായി. യൂറോപ്പിലെ ഒരു നിവാസി ഇങ്ങനെ അഭിപ്രായപ്പെട്ടു: “30 വർഷം മുമ്പ് അധികാരികൾ ഓരോ അതിർത്തിയിലും നിങ്ങളുടെ കടലാസ്സുകൾ പരിശോധിക്കുമായിരുന്നു. എന്നാൽ, ഇന്ന് നിങ്ങൾക്ക് അതേ അതിർത്തികളിലൂടെ നിറുത്താതെ വണ്ടിയോടിച്ചു പോകാൻ സാധിക്കും.”
കൂടാതെ, പൂർവ യൂറോപ്പ് അതിന്റെ അതിർത്തികൾ തുറന്നിരിക്കുന്നു. ജർമനിയുടെ ഇരു ഭാഗങ്ങൾക്കും ഇടയിൽ ഉണ്ടായിരുന്ന തരത്തിലുള്ള ചില അതിരുകൾ മേലാൽ നിലവിലില്ല. ഇതെല്ലാം അതിർത്തികൾ കടന്നുള്ള വ്യാപാരം വളരെ എളുപ്പമാക്കുന്നു, അതുപോലെ തന്നെ കള്ളക്കടത്തും. സംഘടിത കുറ്റകൃത്യം പുതിയ സാഹചര്യത്തെ പെട്ടെന്നു മുതലെടുത്തിരിക്കുന്നു. കുറ്റവാളി സംഘങ്ങൾ വിവിധ ഇനം കള്ളച്ചരക്കുകൾ കടത്തുന്നതിൽ വിദഗ്ധരാണ്.
വിലപിടിപ്പുള്ള കലാ വസ്തുക്കൾ ഓർഡർ പ്രകാരം ഒളിച്ചുകടത്തുന്നു
പൂർവ യൂറോപ്പ് അതിന്റെ അതിർത്തികൾ തുറക്കുന്നതിന് മുമ്പ് വർഷങ്ങളോളം റഷ്യയിലെ വിലപിടിപ്പുള്ള കലാ വസ്തുക്കൾ പാശ്ചാത്യർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ, അത്തരം വിലപിടിപ്പുള്ള വസ്തുക്കൾ “പടിഞ്ഞാറൻ യൂറോപ്പിലെ ആർട്ട് ഗ്യാലറികളും റഷ്യയിലെ കള്ളക്കടത്തുകാരുടെ ഹിംസാത്മക സംഘങ്ങളും തമ്മിലുള്ള അസാധാരണ ബന്ധത്തിലൂടെ കൊള്ളയടിക്കപ്പെടുകയാണ്” എന്ന് ദി യൂറോപ്യൻ റിപ്പോർട്ടു ചെയ്യുന്നു. “മയക്കുമരുന്നു കള്ളക്കടത്തും നിയമവിരുദ്ധ ആയുധ വ്യാപാരവും കഴിഞ്ഞാൽ പിന്നെ [യൂറോപ്പിലെ] ഏറ്റവും അധികം ലാഭം കൊയ്യുന്ന കുറ്റകൃത്യ പ്രവർത്തനം വിലപിടിപ്പുള്ള കലാ വസ്തുക്കളുടെ ഒളിച്ചു കടത്തലാണ് എന്നു പൊലീസ് കണക്കാക്കുന്നു.”
കലാ വസ്തുക്കൾ ഒളിച്ചു കടത്തുന്നത് റഷ്യയിലും മറ്റ് ഇടങ്ങളിലും ഒരു വൻ ബിസിനസ് തന്നെയാണ്. ഇറ്റലിയിൽ രണ്ടു വർഷത്തിനകം 200 കോടി രൂപ വില വരുന്ന കലാ വസ്തുക്കൾ മോഷണം പോയി. യൂറോപ്പിലെ മോഷ്ടിക്കപ്പെട്ട കലാ വസ്തുക്കളിൽ 60 ശതമാനവും എത്തിച്ചേരുന്നതു ലണ്ടനിലാണ്. അവിടെ അവ വിലയ്ക്കു വാങ്ങാൻ ആളുണ്ട്. വാസ്തവത്തിൽ, അത്തരം നിരവധി വസ്തുക്കൾ “അവയുടെ സ്വകാര്യ ശേഖരമുള്ള, തത്ത്വദീക്ഷ ഇല്ലാത്ത ഒരു വ്യക്തിയുടെ ഓർഡർ പ്രകാരവും മോഷ്ടിക്കപ്പെടുന്നു.” വെറും 15 ശതമാനമേ കണ്ടെടുക്കപ്പെടുന്നുള്ളൂ എന്നതിൽ അതിശയിക്കാനില്ല.
വിഷ പദാർഥങ്ങൾ—ഒരു വ്യത്യസ്ത കള്ളക്കടത്ത്
കലാ വസ്തുക്കൾ ഒരു രാജ്യത്തിന് അകത്തേക്കു കടത്തിക്കൊണ്ടു വരാനാണു കുറ്റവാളികൾക്കു പണം കൊടുക്കുന്നത് എങ്കിൽ മറ്റു വസ്തുക്കൾ രാജ്യത്തിനു പുറത്തേക്ക് കടത്താനാണ് അപ്രകാരം ചെയ്യുന്നത്. വിഷലിപ്ത മാലിന്യമാണ് ഒരു ഉദാഹരണം. വിഷലിപ്ത മാലിന്യം രാജ്യത്തിനു പുറത്തു കടത്താൻ കഷ്ടപ്പെടുന്നത് എന്തിനാണ്? കാരണം, പല രാജ്യങ്ങളിലും വിഷ പദാർഥങ്ങൾ നിയമപരമായി നിർമൂലനം ചെയ്യുന്നതിനു ഭാരിച്ച തുക ചെലവാക്കേണ്ടി വരുന്നു. ഒപ്പം തന്നെ കർശനമായ പരിസ്ഥിതി നിയന്ത്രണങ്ങളും. അവ, വിഷലിപ്ത വ്യവസായ മാലിന്യങ്ങൾ മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി ഇടാൻ കള്ളക്കടത്തുകാർക്കു പണം കൊടുക്കുന്നത് ആകർഷകമായ നടപടി ആക്കിത്തീർക്കുന്നു.
അവ എവിടെയാണ് എത്തിപ്പെടുന്നത്? കാറിന്റെ പഴയ ബാറ്ററികൾ, ലായകങ്ങൾ, പെയിന്റുകൾ, കീടനാശിനികൾ, വിഷ ലോഹങ്ങൾ തുടങ്ങിയ വിഷ പദാർഥങ്ങൾ കള്ളക്കടത്തു സംഘങ്ങൾ പാശ്ചാത്യ നാടുകളിൽ നിന്ന് ഒളിച്ചു കടത്തി പോളണ്ട്, മുൻ സോവിയറ്റ് യൂണിയൻ, റൊമേനിയ എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്നു എന്നാണ് ജർമൻ ഫെഡറൽ ക്രൈം ബ്യൂറോ നടത്തിയ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. പ്രസ്തുത പദാർഥങ്ങൾ വർഷങ്ങളോളം ആ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണി ആയിരിക്കും.
വ്യാജ സിഗരറ്റ്
ചില കുറ്റകൃത്യ സംഘങ്ങൾ വ്യാജ സിഗരറ്റ് കടത്തിക്കൊണ്ടു പോകുന്നതിൽ വിദഗ്ധരാണ്. അത്തരം സിഗരറ്റുകൾ ഉത്തരാഫ്രിക്കയിൽ നിന്ന് ഐബീരിയൻ ഉപദ്വീപിലേക്ക് സ്പീഡ് ബോട്ടുകളിലോ പോളണ്ടിൽ നിന്നു ജർമനിയിലേക്ക് മോട്ടോർ വണ്ടികളിലോ ഒളിച്ചു കടത്തുന്നു. ഭീമമായ തുകയാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. നികുതി അടയ്ക്കാത്ത സിഗരറ്റുകളുടെ നിയമ വിരുദ്ധ വ്യാപാരം നിമിത്തം, പ്രതിവർഷം ഏതാണ്ട് 2,700 കോടി രൂപയുടെ നികുതി വരുമാനം ജർമൻ ഗവൺമെന്റിന് നഷ്ടപ്പെടുന്നു.
ഡി വെൽറ്റ് പറയുന്നത് അനുസരിച്ച്, ബെർലിനിലെ തെരുവുകളിൽ ഏതാണ്ട് 10,000 വിൽപ്പനക്കാർ—ചിലപ്പോഴൊക്കെ അവരെ ദല്ലാളന്മാർ എന്നും വിളിക്കുന്നു—വ്യാജ സിഗരറ്റുകൾ വിലകുറച്ചു വിൽക്കുന്നു.
മനുഷ്യരെ വ്യാപാരം ചെയ്യൽ
സംഘടിത കുറ്റകൃത്യത്തിന്റെ മറ്റൊരു സവിശേഷത—തികച്ചും ദ്രോഹകരമായ ഒന്ന്—മനുഷ്യരെ ഒളിച്ചു കടത്തുന്നതാണ്. ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചതു പോലെ ട്രക്കിലോ മറ്റോ പശ്ചിമ യൂറോപ്പിലേക്ക് ഒരു വ്യക്തിയെ കടത്തിക്കൊണ്ടു പോകുന്നതിനു കനത്ത തുക നൽകേണ്ടി വരുന്നു. വിയന്നയിലുള്ള കുടിയേറ്റ നയ വികസന സാർവദേശീയ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഈ മനുഷ്യ വ്യാപാരത്തിലൂടെ ഉള്ള വരുമാനം പ്രതിവർഷം 4,400 കോടിയിൽ പരം രൂപയാണ്.
നിയമവിരുദ്ധ കുടിയേറ്റക്കാരിൽ അധികം പേരും ദരിദ്ര ദേശങ്ങളിൽ നിന്ന് ഉള്ളവർ ആയതിനാൽ കള്ളക്കടത്തുകാർക്കു പണം മുൻകൂറായി നൽകാൻ അവരിൽ ചുരുക്കം ചിലർക്കേ സാധിക്കുന്നുള്ളൂ. അതുകൊണ്ട്, യൂറോപ്പിൽ എത്തുന്ന ഉടനെ അവർ കള്ളക്കടത്തുകാർക്കും അവരുടെ കുറ്റകൃത്യ സംഘങ്ങൾക്കും വേണ്ടി പണിയെടുത്തു കടം വീട്ടാൻ നിർബന്ധിതർ ആകുന്നു. അങ്ങനെ, പാവപ്പെട്ട കുടിയേറ്റക്കാർ അനന്തമായ ആധുനിക അടിമത്തത്തിൽ തളയ്ക്കപ്പെടുന്നു എന്നു മാത്രമല്ല, സദാ ചൂഷണത്തിനും ബലപ്രയോഗത്തിനും കവർച്ചയ്ക്കും ബലാൽസംഗത്തിനും ഇരകളാകുകയും ചെയ്യുന്നു. ചിലർക്ക് ഒടുവിൽ, ഡി വെൽറ്റ് വർണിക്കുന്ന പ്രകാരം സിഗരറ്റ് മാഫിയകൾക്കുവേണ്ടി പണിയെടുക്കേണ്ടി വരുന്നു. മറ്റു ചിലർ വ്യഭിചാരത്തിൽ അകപ്പെടുന്നു.
അവർ ചെന്നെത്തുന്ന രാജ്യത്തിനു നേരിടുന്ന നഷ്ടം നികുതി ഇനത്തിൽ മാത്രമല്ല കണക്കാക്കപ്പെടുന്നത്. എതിർ സംഘങ്ങൾ തമ്മിൽ പോരാട്ടങ്ങൾ നടക്കുന്നു. “സങ്കൽപ്പാതീതമായ ക്രൂരത” എന്നാണ് സ്യൂറ്റ്ഡോയിച്ചെ റ്റ്സൈറ്റുങ് അതിനെ വർണിക്കുന്നത്. കണക്കുകൾ സംഗതി വ്യക്തമാക്കുന്നു: പൂർവ ജർമനി എന്ന് അറിയപ്പെട്ടിരുന്ന ഭാഗത്ത് നാലു വർഷത്തിനുള്ളിൽ മുഷ്കര സംഘങ്ങൾ 74 കൊലപാതകങ്ങൾ നടത്തി.
ഏറ്റവും ഭയാനകം
“സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ ഫലമായുണ്ടായ മുൻകൂട്ടി കാണാത്ത പരിണതഫലങ്ങളിൽ ഏറ്റവും ഭയാനകം ആണവ സാമഗ്രികളുടെ കരിഞ്ചന്തയാണ്” എന്ന് ഒരു വാർത്താ പത്രിക എഴുതി. റഷ്യയിൽ നിന്ന് ജർമനിയിലേക്ക് അണുപ്രസരണ പദാർഥം ഒളിച്ചു കടത്തിയതായി കരുതപ്പെടുന്നു. കുടിലമായ ഈ കള്ളക്കടത്ത് ഒരു “ആഗോള പ്രശ്നം—പ്രത്യേകിച്ചും ജർമനിയുടെ പ്രശ്നം—ആയിരിക്കുകയാണ്.”
ഉദാഹരണത്തിന്, ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച മോസ്കോയിൽ നിന്നു പറന്നുയർന്ന വിമാനത്തിന്റെ കാര്യമെടുക്കുക. മ്യൂണിക്കിൽ എത്തിയപ്പോൾ, അതിലെ ഒരു യാത്രക്കാരന്റെ പെട്ടിയിൽനിന്ന് അണുപ്രസരണ പദാർഥമായ പ്ലൂട്ടോണിയം കണ്ടെടുത്തു. പ്ലൂട്ടോണിയം അത്യന്തം വിഷമുള്ളതും കാൻസറിന് ഇടയാക്കുന്നതും ആയതിനാൽ അണുപ്രസരണം സംഭവിച്ചിരുന്നു എങ്കിൽ അത് മ്യൂണിക്കിനും അതിലെ നിവാസികൾക്കും വിനാശകം ആയിരുന്നേനെ.
1996-ന്റെ തുടക്കത്തിൽ റഷ്യക്കാരനായ ഒരു ഭൗതിക ശാസ്ത്രജ്ഞനെ, ഒരു കിലോയിൽ അധികം അണുപ്രസരണ പദാർഥം വിദേശത്തേക്ക് ഒളിച്ചു കടത്തിയതിന്റെ പേരിൽ അറസ്റ്റു ചെയ്യുകയുണ്ടായി. അത് “ഒരു ആണവ ബോംബ് ഉണ്ടാക്കാൻ പര്യാപ്തം ആയിരുന്നു” എന്നു പറയപ്പെടുന്നതായി സ്യൂറ്റ്ഡോയിച്ചെ റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്തു. പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് ആകുലപ്പെടാൻ നല്ല കാരണമുണ്ട്. മോസ്കോയിൽ നടന്ന ഒരു ഉച്ചകോടിയിൽ പ്രമുഖ വ്യവസായവത്കൃത ദേശങ്ങളിൽ നിന്നുള്ള രാജ്യതന്ത്രജ്ഞന്മാർ, “മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് അണ്വായുധ സാമഗ്രികൾ ഭീകരർക്കുവേണ്ടി അല്ലെങ്കിൽ ‘തത്ത്വദീക്ഷയില്ലാത്ത രാജ്യങ്ങളിലേക്ക്’ ഒളിച്ചു കടത്തുന്നതു തടയുന്ന ഒരു പദ്ധതി സംബന്ധിച്ച കരാറിൽ എത്തിയെന്നു ലണ്ടനിലെ ദ ടൈംസ് എഴുതി.
അത്തരം അപകടങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് അനേകർ സ്വയം ചോദിക്കുന്നു: രാജ്യാന്തര ഉടമ്പടികൾക്ക് കള്ളക്കടത്തു തടയാനാകുമോ? ഗവൺമെന്റുകൾക്ക്, അവ സത്യസന്ധതയും സദുദ്ദേശ്യവും ഉള്ളവ ആയിരുന്നാൽ തന്നെ, സംഘടിത കുറ്റകൃത്യം ഇല്ലായ്മ ചെയ്യാൻ സാധിക്കുമോ? കള്ളക്കടത്ത് 90-കളിലെ ശാപത്തിൽ നിന്നു പുതിയ സഹസ്രാബ്ദത്തിലെ ബാധയായി മാറുമോ? അതോ, കള്ളക്കടത്തു പെട്ടെന്നുതന്നെ അവസാനിക്കും എന്നു പ്രത്യാശിക്കാൻ വകയുണ്ടോ?
കള്ളക്കടത്ത്—നാളുകൾ എണ്ണപ്പെട്ട വ്യാപാരം
പെട്ടെന്നുതന്നെ, കള്ളക്കടത്ത് പൊയ്പോയ സംഗതി ആയിരിക്കും. അങ്ങനെ വിശ്വസിക്കാൻ ന്യായമായ കാരണമുണ്ട്. കള്ളക്കടത്ത് സാധ്യമാക്കി തീർക്കുന്ന—ചിലർക്ക് ആകർഷകമാക്കി തീർക്കുന്ന—ചുറ്റുപാടുകൾ തുടച്ചുനീക്കപ്പെടും എന്നതാണ് അതിനു കാരണം. ഏതു വിധത്തിലുള്ള ചുറ്റുപാടുകൾ?
ഒന്നാമതായി, ഇന്നത്തെ മർദകവും അധാർമികവുമായ സാമ്പത്തിക വ്യവസ്ഥകൾ അനുചിതമായി സമ്പത്തു വിഭജിക്കപ്പെടുന്നതിൽ കലാശിച്ചിരിക്കുന്നു. ചില ദേശങ്ങളിൽ ആളുകൾ സമ്പദ്സമൃദ്ധിയിൽ ആയിരിക്കേ, അതിർത്തിക്ക് തൊട്ടപ്പുറത്ത് ആളുകൾ ദാരിദ്ര്യത്തിൽ ആയിരിക്കാം, അല്ലെങ്കിൽ ഭക്ഷ്യ ദൗർലഭ്യം അനുഭവിക്കുന്നു എന്നു വരാം. കള്ളക്കടത്ത് ആദായകരമായ ബിസിനസ് ആക്കിത്തീർക്കുന്നത് ഇത്തരം ചുറ്റുപാടുകളാണ്. എന്നാൽ “നീതി വസിക്കുന്ന” ഒരു വ്യവസ്ഥിതി താൻ ഉടനടി സ്ഥാപിക്കും എന്നു നമ്മുടെ സ്രഷ്ടാവ് വിശുദ്ധ തിരുവെഴുത്തുകളിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. മർദകവും അധാർമികവുമായ സാമ്പത്തിക വ്യവസ്ഥകൾ തുടച്ചു നീക്കപ്പെടും.—2 പത്രൊസ് 3:13.
കൂടാതെ, ദേശീയ അതിർത്തികൾ നീക്കം ചെയ്യപ്പെടും. കാരണം, സ്വർഗീയ രാജാവായ യേശുക്രിസ്തുവിന്റെ ഗവൺമെന്റിൻ കീഴിൽ മനുഷ്യവർഗം ഒരൊറ്റ സമുദായമായി വസിക്കും. അത്തരമൊരു സാർവദേശീയ സഹോദര വർഗം ലോകമെമ്പാടും വസിക്കുമ്പോൾ നിയമവിരുദ്ധ കുടിയേറ്റക്കാരായി ആരും ഉണ്ടായിരിക്കില്ല. ആരും യുദ്ധത്തിന് ഒരുമ്പെടാത്തപ്പോൾ ആണവ യുദ്ധത്തിന്റെ ഫലമായുള്ള അണുപ്രസരണത്തിന്റെ അപകടം ഉണ്ടായിരിക്കില്ല. പുതിയ വ്യവസ്ഥിതിയിൽ മനുഷ്യവർഗം പരിസ്ഥിതിയെക്കുറിച്ചു ബോധവാന്മാർ ആയിരിക്കാൻ പഠിക്കും.—സങ്കീർത്തനം 46:8, 9.
ആധുനിക നാളിൽ കള്ളക്കടത്തിനു പ്രചോദനമേകുന്നത് അത്യാഗ്രഹവും സത്യസന്ധതയില്ലായ്മയും മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മയും ആണ്. ഇന്ന് അനേകം ആളുകൾക്ക് അത്തരം പ്രവണതകൾ ഉണ്ടെന്ന വസ്തുത, ബൈബിൾ ‘അന്ത്യ കാലം’ എന്നു വർണിക്കുന്ന ഘട്ടത്തിലാണു നാം ജീവിക്കുന്നത് എന്നതിന്റെ സൂചനയാണ്. (2 തിമൊഥെയൊസ് 3:1-5) യഹോവ സ്ഥാപിക്കുന്ന നീതിയുള്ള പുതിയ വ്യവസ്ഥിതി വളരെ സമീപമാണ്. നമുക്കെല്ലാം ഭാവിയിലേക്ക്, മാനുഷ ഗവൺമെന്റിലേക്കോ സാമ്പത്തിക വ്യവസ്ഥയിലേക്കോ അല്ല, യഹോവയുടെ പുതിയ വ്യവസ്ഥിതിയിലേക്ക് ദൃഢവിശ്വാസത്തോടെ ഉറ്റുനോക്കാൻ നല്ല കാരണമുണ്ട്.
[അടിക്കുറിപ്പുകൾ]
a യൂറോപ്യൻ യൂണിയനിലെ അംഗ രാഷ്ട്രങ്ങൾ അയർലൻഡ്, ഇറ്റലി, ഓസ്ട്രിയ, ഗ്രീസ്, ജർമനി, ഡെന്മാർക്ക്, നെതർലൻഡ്സ്, പോർട്ടുഗൽ, ബെൽജിയം, ബ്രിട്ടൻ, ഫിൻലൻഡ്, ഫ്രാൻസ്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ എന്നിവയാണ്.
[13-ാം പേജിലെ ചതുരം]
മറ്റു കള്ളച്ചരക്കുകൾ
അപൂർവ ജന്തുക്കൾ: ഒരു മനുഷ്യന്റെ പക്കൽ നിന്ന്, അപൂർവ ഇനം ആമകളെ കണ്ടെടുത്തു. അയാൾ അവയെ സെർബിയയിൽ നിന്നു ജർമനിയിലേക്ക് കടത്തുക ആയിരുന്നു. അഞ്ചു വർഷത്തിന് ഇടയിൽ താൻ അത്തരം 3,000 ജന്തുക്കളെ ഒളിച്ചു കടത്തി എന്നും അങ്ങനെ 12 കോടി രൂപ സമ്പാദിച്ചു എന്നും അയാൾ സമ്മതിച്ചു പറഞ്ഞു. സാധാരണമായി, അപൂർവ ജന്തുക്കളുടെ വ്യാപാരത്തിനു പിന്നിൽ വിദഗ്ധ കുറ്റവാളികളുടെ കരങ്ങളാണ്, അത്തരം വ്യാപാരം ഇപ്പോൾ വർധിച്ചു വരുന്നു. “കരിഞ്ചന്ത തഴച്ചു വളരുകയാണ്,” ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. “ചിലർ അത്തരം ജന്തുക്കളെ പൊന്നിന്റെ വില കൊടുത്തു വാങ്ങുന്നു.”
വ്യാജ വ്യാപാരമുദ്രയുള്ള ഉത്പന്നങ്ങൾ: ജർമനിയിൽ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ആറു മാസത്തിനുള്ളിൽ വിഖ്യാത വ്യാപാരമുദ്രയുള്ള 50,000 വസ്തുക്കൾ പിടിച്ചെടുത്തു. വാച്ചുകൾ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, സ്പോർട്ട്സ് സാമഗ്രികൾ, സൺഗ്ലാസ്സുകൾ തുടങ്ങി എല്ലാ വസ്തുക്കളും കൃത്രിമം ആയിരുന്നു.
മോട്ടോർ വാഹനങ്ങൾ: കാറുകൾ വാടകയ്ക്കു കൊടുക്കുന്ന ഒരു പ്രമുഖ കമ്പനി, കഴിഞ്ഞ അഞ്ചു വർഷത്തിന് ഇടയിൽ വാഹന മോഷണം 130 ശതമാനം വർധിച്ചതായി റിപ്പോർട്ടു ചെയ്തു. “ആധുനിക ഹൈവേ കൊള്ളക്കാ”രുടെ രീതികളെ ഒരു വർത്തമാനപത്രം വിശദീകരിക്കുന്നു. അവർ കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം അവ മോഷണം പോയതായി റിപ്പോർട്ടു ചെയ്യും. എന്നിട്ട് അവ വിദേശത്തേക്ക് ഒളിച്ചു കടത്തും.
വിലയേറിയ ലോഹങ്ങൾ: കോബാൾട്ട്, നിക്കൽ, ചെമ്പ്, റുഥേനിയം, ജെർമേനിയം എന്നിവയെല്ലാം എസ്തോണിയയിൽ ലഭ്യമാണ്, അതും ന്യായമായ വിലയ്ക്ക്. കള്ളക്കടത്തു വ്യാപാരത്തിന്റെ ഒരു സിരാകേന്ദ്രമായി തീർന്നിരിക്കുകയാണ് എസ്തോണിയ.
പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ: റൊമേനിയയ്ക്കും സെർബിയയ്ക്കും ഇടയിൽ ഡാന്യൂബ് നദിക്കു കുറുകെ ബോട്ടുകളിൽ വ്യാജ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഒളിച്ചു കടത്തിയ കള്ളക്കടത്തുകാർക്ക് ഒറ്റ രാത്രികൊണ്ട് 1,00,000 രൂപ സമ്പാദിക്കാൻ സാധിച്ചു. ഈ പ്രദേശത്തെ ശരാശരി പ്രതിമാസ വേതനം ഏതാണ്ട് 3,200 രൂപയാണെന്ന് ഓർക്കണം!