പൂർവാഫ്രിക്കയിലെ “വിഡ്ഢി എക്സ്പ്രസ്”
കെനിയയിലെ ഉണരുക! ലേഖകൻ
നൂറിൽപ്പരം വർഷങ്ങൾക്കു മുമ്പ് പൂർവാഫ്രിക്കയ്ക്കു കുറുകെ റെയിൽപ്പാത നിർമിക്കാനുള്ള ബ്രിട്ടന്റെ പദ്ധതി ലണ്ടൻ പാർലമെന്റിലെ എല്ലാ അംഗങ്ങൾക്കും അത്രകണ്ടു സ്വീകാര്യം ആയിരുന്നില്ല. അതിനെ എതിർത്ത ഒരു വ്യക്തി പരിഹാസപൂർവം ഇങ്ങനെ എഴുതി:
“അതിനു വരുന്ന ചെലവ് അവർണനീയമാണ്;
അതിന്റെ ഉദ്ദേശ്യം എന്താണെന്ന് ആർക്കും ഒരു എത്തും പിടിയുമില്ല;
അത് എവിടെ നിന്നു തുടങ്ങുമെന്ന് ആർക്കും ഒരു തിട്ടവുമില്ല;
അത് എങ്ങോട്ടു പോകുന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ.
അതിന്റെ ഉപയോഗം എന്താണെന്ന് ആർക്കും സങ്കൽപ്പിക്കാനാവില്ല;
അതിൽ എന്തു കൊണ്ടുപോകും
എന്ന് ആർക്കും വിശദീകരിക്കാനാവില്ല;
അതു തീർച്ചയായും ഒരു വിഡ്ഢി സംരംഭം തന്നെ.”
വാസ്തവത്തിൽ, ആ പദ്ധതി മുകളിൽ പറഞ്ഞിരിക്കുന്നത്ര മോശമൊന്നും ആയിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള കെനിയൻ തുറമുഖമായ മൊംബാസയിൽ നിന്ന് വിക്ടോറിയ തടാകം വരെ ആ റെയിൽപ്പാതയ്ക്ക് 1,000 കിലോമീറ്റർ നീളം പ്രതീക്ഷിച്ചിരുന്നു. അതിന്റെ നിർമാണം പൂർത്തിയായാൽ അതു വാണിജ്യത്തിനും വികസനത്തിനും ഉതകുമെന്നും പ്രസ്തുത പ്രദേശത്ത് അടിമത്തത്തിന് അന്ത്യം കുറിക്കുമെന്നും അതിനെ പിന്തുണച്ചവർ തറപ്പിച്ചു പറഞ്ഞു. ആ റെയിൽപ്പാതയുടെ നിർമാണത്തിന് 20 കോടി രൂപ—ബ്രിട്ടീഷുകാർ നികുതിയായി നൽകുന്ന പണം—ചെലവാകുമെന്നു കണക്കാക്കപ്പെട്ടു. നിർമാണം പൂർത്തിയാകാൻ നാലഞ്ചു വർഷം എടുക്കുമെന്നും.
എങ്കിലും, വിശദാംശങ്ങൾ വ്യക്തമായിരുന്നില്ല. ചീഫ് എഞ്ചിനീയറായ ജോർജ് വൈറ്റ്ഹൗസ് 1895 ഡിസംബറിൽ മൊംബാസയിൽ എത്തിയപ്പോൾ റെയിൽപ്പാത കടന്നുപോകുന്ന മാർഗത്തിന്റെ ഒരു രൂപരേഖ മാത്രമേ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. പിന്നീട് വൈറ്റ്ഹൗസിനു ലഭിച്ച വിവരങ്ങൾ അത്യന്തം ഭയജനകം ആയിരുന്നു. മൊംബാസയ്ക്കു തൊട്ടു പടിഞ്ഞാറ് ചുട്ടുപൊള്ളുന്ന മരുപ്രദേശം. മിക്ക മരുയാത്രികരും അതിലൂടെയുള്ള യാത്ര ഒഴിവാക്കിയിരുന്നു. അതു കഴിഞ്ഞുള്ള 500 കിലോമീറ്ററാകട്ടെ, പുൽമേടുകളും ഇടതൂർന്നു വളരുന്ന കുറ്റിച്ചെടികളുമുള്ള പ്രദേശം. അത് അസംഖ്യം സിംഹങ്ങളുടെ വിഹാര സ്ഥലമാണെന്നു മാത്രമല്ല, ധാരാളം സെസി ഈച്ചകളും കൊതുകുകളും ഉള്ള പ്രദേശം ആയിരുന്നു. അതിനപ്പുറത്തായി അഗ്നിപർവത മലമ്പ്രദേശമായ, 80 കിലോമീറ്റർ വീതിയുള്ള, 600 മീറ്റർ കിഴുക്കാം തൂക്കായ ഭ്രംശതാഴ്വര. തടാകത്തിലേക്കുള്ള അവസാനത്തെ ഏതാണ്ടു 150 കിലോമീറ്റർ നനഞ്ഞുകുഴഞ്ഞ ചതുപ്പുനിലമാണ്. ആ റെയിൽപ്പാതയുടെ നിർമാണം ആഫ്രിക്കയിലെ ഏറ്റവും രസകരമായ ഒരു അത്ഭുതകഥയായി തീരുമായിരുന്നതിൽ തെല്ലും അതിശയിക്കാനില്ല.
ആദ്യകാല പ്രശ്നങ്ങൾ
അത്തരമൊരു വൻ പദ്ധതിക്കു നിരവധി ജോലിക്കാർ വേണ്ടിയിരുന്നു എന്നതു വ്യക്തമാണ്. മൊംബാസയിൽ ആളുകൾ കുറവായിരുന്നതിനാൽ ഇന്ത്യയിൽ നിന്നു ജോലിക്കാരെ കൊണ്ടുവരുകയായിരുന്നു. 1896-ൽ മാത്രമായി 2,000 പേർ കപ്പലിറങ്ങി. കല്ലുവെട്ടുകാർ, ലോഹപ്പണിക്കാർ, ആശാരിമാർ, നിലം അളക്കുന്നവർ, പ്ലാൻ വരയ്ക്കുന്നവർ, ഗുമസ്തർ, തൊഴിലാളികൾ എന്നിവരെല്ലാം അവരിൽ ഉൾപ്പെട്ടിരുന്നു.
അടുത്തതായി, 1,000 കിലോമീറ്റർ വരുന്ന റെയിൽപ്പാത നിർമിക്കുന്നതിന് ആവശ്യമായ നിരവധി ഉപകരണങ്ങൾ സൂക്ഷിക്കാൻ മൊംബാസയിൽ സൗകര്യങ്ങൾ ഉണ്ടാക്കേണ്ടി വന്നു. പാളമുണ്ടാക്കാൻ മാത്രമായി 9 മീറ്റർ നീളവും 200 കിലോ തൂക്കവുമുള്ള 2,00,000 റെയ്ലുകൾ ആവശ്യമായിവന്നു. അതിനു പുറമേ റെയിൽപ്പാളങ്ങൾക്കു കുറുകെ ഇടുന്ന 12 ലക്ഷം സ്ലീപ്പറുകളും (കൂടുതലും ഉരുക്കു കൊണ്ടുള്ളത്) വേണ്ടിവന്നു. റെയ്ലുകളും സ്ലീപ്പറുകളും സുരക്ഷിതമായി ഘടിപ്പിക്കേണ്ടതിന് 2,00,000 ഫിഷ്പ്ലേറ്റുകളും 4,00,000 ഫിഷ്ബോൾട്ടുകളും 48 ലക്ഷം ലോഹ ആപ്പുകളും ഇറക്കുമതി ചെയ്യേണ്ടിവന്നു. അതിനു പുറമേ, ലോക്കോമോട്ടീവ് എന്ന തീവണ്ടി എൻജിനുകളും ടെൻഡറുകളും (എൻജിനു തൊട്ടു പിന്നിലായി കൽക്കരിയും ജലവും സംഭരിക്കാൻ ഉള്ളത്) ബ്രേക്ക് വാനുകളും ചരക്കു കൊണ്ടുപോകാനും ആളുകളെ കയറ്റാനുമുള്ള വ്യത്യസ്ത കോച്ചുകളും കൊണ്ടുവരേണ്ടിയിരുന്നു. എന്നാൽ, ആദ്യത്തെ പാളം ഇടുന്നതിനു മുമ്പുതന്നെ തുറകളും പണ്ടകശാലകളും പണിക്കാർക്കുള്ള താമസ സൗകര്യങ്ങളും അറ്റകുറ്റപ്പണിശാലകളും പണിപ്പുരകളും ഉണ്ടാക്കേണ്ടത് ആവശ്യമായി വന്നു. ശാന്തമായിരുന്ന തീരദേശ പട്ടണം ഒരു ആധുനിക തുറമുഖമായി മാറിയതു പെട്ടെന്നായിരുന്നു.
ഉടൻതന്നെ, ജലപ്രതിസന്ധി നേരിടേണ്ടി വരുമെന്നു വൈറ്റ്ഹൗസ് മനസ്സിലാക്കി; മൊംബാസയിലെ ഏതാനും കിണറുകളിലെ വെള്ളം അവിടത്തെ നിവാസികൾക്കു പോലും തികയുമായിരുന്നില്ല. എന്നാൽ, കുടിക്കാനും കുളിക്കാനും നിർമാണ പ്രവർത്തനങ്ങൾക്കും ഒക്കെയായി ധാരാളം വെള്ളം വേണ്ടിവരുമായിരുന്നു. “ഈ രാജ്യത്തു കണ്ടറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, ആദ്യത്തെ 150 കിലോമീറ്റർ ദൂരം തീവണ്ടിയിൽ വെള്ളം കൊണ്ടെത്തിക്കുകയല്ലാതെ വേറെ മാർഗമൊന്നും ഇല്ലെന്നാണ് എനിക്കു തോന്നുന്നത്,” വൈറ്റ്ഹൗസ് എഴുതി. ദിനംപ്രതി 40,000 ലിറ്റർ വെള്ളം ട്രെയിനിൽ കൊണ്ടെത്തിക്കേണ്ടി വരുമായിരുന്നു!
ആദ്യം, റെയിൽവേ എഞ്ചിനീയർമാർ ഒരു ആറിന് അണകെട്ടുകയും മഴവെള്ളം സംഭരിക്കാൻ ഒരു ജലസംഭരണി പണിയുകയും ചെയ്തുകൊണ്ട് വെള്ളപ്രശ്നം പരിഹരിച്ചു. പിന്നീട്, കടൽവെള്ളം ശുദ്ധീകരിച്ച് എടുക്കാനുള്ള യന്ത്രങ്ങളും കൊണ്ടുവന്നു.
അങ്ങനെ നിർമാണത്തിനു തുടക്കം കുറിച്ചു. 1896-ന്റെ അവസാനം, വൈറ്റ്ഹൗസ് മൊംബാസയിൽ എത്തി ഒരു വർഷത്തിനു ശേഷം, 40 കിലോമീറ്റർ ദൂരത്തിൽ പാളം പണി പൂർത്തിയായി. ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടും, നിർമാണ പ്രവർത്തനം ത്വരിതഗതിയിൽ നടക്കാത്തപക്ഷം, 1920-കളുടെ ആരംഭത്തിലല്ലാതെ തീരദേശത്തു നിന്നു വിക്ടോറിയ തടാകത്തിലേക്ക് ആദ്യത്തെ തീവണ്ടി യാത്ര പുറപ്പെടില്ല എന്നായിരുന്നു വിമർശകരുടെ അഭിപ്രായം!
താരു സമതലം കുറുകെ കടക്കൽ
അതിനിടയിൽ, നിർമാണ പ്രവർത്തകർക്കു രോഗം പിടിപെട്ടു. 1896 ഡിസംബറിൽ മലേറിയ, അതിസാരം, ഉഷ്ണമേഖലാ വ്രണം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ബാധിച്ച് 500 ജോലിക്കാരെ തമ്പുകളിൽ കിടത്തി ചികിത്സിച്ചു. ഏതാനും ആഴ്ചകൾക്കു ശേഷം ജോലിക്കാരിൽ പകുതിയോളം പേർ രോഗം ബാധിച്ചു കിടപ്പിലായി.
എങ്കിലും, നിർമാണ പ്രവർത്തനം തുടർന്നു. മേയ് മാസത്തോടെ 80 കിലോമീറ്ററിലധികം ദൂരത്തിൽ, വരണ്ട താരു സമതലം വരെയുള്ള പാളം പണി പൂർത്തിയായി. ഒറ്റനോട്ടത്തിൽ താരു, സാധാരണ വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പറ്റിയ പ്രദേശമാണെന്നു തോന്നിച്ചേക്കാം എങ്കിലും മനുഷ്യനോളം പൊക്കത്തിൽ, കൂർത്ത മുള്ളുള്ള ചെടികൾ ഇടതൂർന്നു വളരുന്ന കാടായിരുന്നു അത്. പണിക്കാർ ചെമ്മണ്ണിൽ കുളിച്ചിരുന്നു. സൂര്യൻ കത്തിജ്വലിച്ചു, നിലം ചുട്ടുപഴുത്തു; എവിടെയും മുൾച്ചെടികൾ മാത്രം. രാത്രിയിൽ പോലും വളരെ അപൂർവമായിട്ടേ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയായുള്ളൂ. പ്രസ്തുത റെയിൽവേയെ കുറിച്ചുള്ള തന്റെ ഔദ്യോഗിക ചരിത്രഗ്രന്ഥത്തിൽ എം. എഫ്. ഹിൽ എന്ന എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വെള്ളക്കാരന്റെ റെയിൽപ്പാതയുടെ കടന്നുകയറ്റം ആഫ്രിക്കയെ അങ്ങേയറ്റം അലോസരപ്പെടുത്തിയതായി തോന്നുന്നു.”
സിംഹങ്ങളുടെ ഭീഷണി
1898-ന്റെ അവസാനത്തോടെ റെയിൽപ്പാത 195 കിലോമീറ്റർ ദൂരത്തിൽ, സാവോ നദി വരെ എത്തി. പ്രദേശത്തിന്റെ പ്രതികൂലമായ ഭൂപ്രകൃതിക്കു പുറമേ, മറ്റൊരു പ്രശ്നവും തലപൊക്കി—രണ്ടു സിംഹങ്ങൾ ജോലിക്കാരെ ആക്രമിക്കാൻ തുടങ്ങി. മിക്ക സിംഹങ്ങളും മനുഷ്യരെ പിടിക്കാറില്ല. വളരെ പ്രായം ചെന്നതോ മൃഗങ്ങളെ പിടിക്കാൻ അശക്തരോ ആയ സിംഹങ്ങളേ മനുഷ്യരെ ആക്രമിക്കാറുള്ളൂ. എന്നാൽ, സാവോയിലെ ആ രണ്ടു സിംഹങ്ങൾ—ഒരാണും ഒരു പെണ്ണും—അതിന് അപവാദമായിരുന്നു. അവ പ്രായം ചെന്നവയോ അശക്തരോ ആയിരുന്നില്ല. എന്നിട്ടും അവ രാത്രിയിൽ പതുങ്ങി വന്ന് മനുഷ്യരെ പിടിച്ചുകൊണ്ടു പോകുമായിരുന്നു.
ഭയചകിതരായ തൊഴിലാളികൾ സംരക്ഷണാർഥം തങ്ങളുടെ തമ്പിനു ചുറ്റും മുൾവേലി കെട്ടുകയും തുടർച്ചയായി തീ കത്തിക്കുകയും ചെയ്തു. കൂടാതെ, മൃഗങ്ങളെ അകറ്റുന്നതിനായി കാലിയായ എണ്ണ പാട്ടകളിൽ കൊട്ടി ശബ്ദം കേൾപ്പിക്കാൻ അവർ കാവൽക്കാരെയും ഏർപ്പെടുത്തി. ഡിസംബർ ആയതോടെ പണിക്കാർക്ക് സിംഹത്തെ കൊണ്ടു പൊറുതിമുട്ടി. അവരിൽ ചിലർ ഭയന്ന്, പാളത്തിന്മേൽ കിടന്നുകൊണ്ട്, മൊംബാസയിലേക്കു തിരിച്ചു പോകുന്ന ഒരു തീവണ്ടി നിർത്തിച്ചു. 500-ഓളം പേർ അതിൽ കയറിപ്പോയി. ഏതാണ്ടു നാൽപ്പത്തെട്ടു പണിക്കാരേ അവശേഷിച്ചുള്ളൂ. അടുത്ത മൂന്നു വാരം പണിക്കാർ ‘സിംഹ രോധക’ കുടിലുകൾ കെട്ടുന്നതിന്റെ തിരക്കിൽ ആയിരുന്നതിനാൽ പണിയൊന്നും നടന്നില്ല.
ഒടുവിൽ, ആ സിംഹങ്ങളെ കൊന്നതോടെ പണി വീണ്ടും തുടങ്ങി.
മറ്റു ബുദ്ധിമുട്ടുകൾ
1899-ന്റെ മധ്യത്തോടെ പാളം നയ്റോബി വരെ എത്തി. അവിടെ നിന്നു പാളം പടിഞ്ഞാറേക്കു നീണ്ടു. ചെങ്കുത്തായ ഭ്രംശതാഴ്വരയിലൂടെ 400 മീറ്റർ വരെ താഴേക്കിറങ്ങി അതിന്റെ എതിർ ഭാഗത്തുള്ള ഇടതൂർന്ന വനങ്ങളും അഗാധമായ മലയിടുക്കുകളും ഒക്കെ കടന്ന് 2,600 മീറ്റർ ഉയരത്തിൽ അത് മൗ പർവതത്തിൽ എത്തി.
നിമ്നോന്നതമായ അത്തരം പ്രദേശത്തുകൂടെ ഒരു റെയിൽപ്പാത പണിയുന്നത് ദുഷ്കരമായ ദൗത്യമായിരുന്നു. എന്നാൽ, വേറെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, പ്രാദേശിക യോദ്ധാക്കൾ തമ്പിലേക്കു കടന്നുവന്ന് തങ്ങൾക്കുവേണ്ട നിർമാണ സാമഗ്രികൾ—ആഭരണങ്ങൾ പണിയാൻ ടെലഗ്രാഫ് വയറുകളും ആയുധങ്ങൾ പണിയാൻ ബോൾട്ടുകളും ആണികളും കമ്പികളും—എടുത്തുകൊണ്ടുപോയി. അതേക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പൂർവാഫ്രിക്കയിലെ ഒരു മുൻ കമ്മീഷണർ, സർ ചാൾസ് ഇലിയൊട്ട് ഇങ്ങനെ എഴുതി: “ഒരു യൂറോപ്യൻ റെയിൽപ്പാതയിലെ ടെലഗ്രാഫ് വയറുകൾ പവിഴ മാലകളും കമ്പികൾ ഒന്നാന്തരം കളിത്തോക്കുകളും ആയിരുന്നെങ്കിൽ . . . എത്രമാത്രം മോഷണങ്ങൾ നടക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ സ്ഥിതിക്ക് [ഗോത്രവർഗക്കാർ] പ്രലോഭനത്തിന് വശംവദരായതിൽ തെല്ലും അതിശയിക്കാനില്ല.”
അവസാന ഘട്ടം
വിക്ടോറിയ തടാകത്തിലേക്കു 10 കിലോമീറ്റർ ദൂരമേ അവശേഷിച്ചിരുന്നുള്ളൂ. അങ്ങനെയിരിക്കെ, അതിസാരവും മലേറിയയും പടർന്നു. ജോലിക്കാരിൽ പകുതിപേർ രോഗബാധിതരായി. അതേസമയം തന്നെ മഴയും തുടങ്ങി. അതോടെ പണ്ടേ ചതുപ്പുനിലമായിരുന്ന പ്രദേശം കുഴമ്പു പരുവത്തിലായി. റെയിൽപ്പാതയ്ക്കായി ഉയർത്തി കെട്ടിയ ഭാഗം മഴമൂലം തീരെ ഉറപ്പില്ലാതെ ആയതിനാൽ സാമഗ്രികൾ കയറ്റിക്കൊണ്ടുവന്ന ട്രെയിനുകൾ നീങ്ങിക്കൊണ്ടിരിക്കെ അവയിൽനിന്നു സാധനങ്ങൾ ഇറക്കേണ്ടി വന്നു. അല്ലാത്തപക്ഷം അവ മറിഞ്ഞ് ചതുപ്പുനിലത്തു താണു പോകുമായിരുന്നു. അത്തരമൊരു ട്രെയിൻ “സാവധാനം, സൂക്ഷിച്ച്, ആടിയാടി, പ്രക്ഷുബ്ധമായ കടലിൽ തിരമാലയിൽപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ഉലയുന്ന കപ്പൽ പോലെ, ഓരോ വശത്തും പത്തടി ദൂരത്തിൽ ചേറു തെറിപ്പിച്ചുകൊണ്ടു വരുന്ന”ത് ഒരു ജോലിക്കാരൻ വർണിച്ചു.
ഒടുവിൽ, 1901 ഡിസംബർ 21-ന് വിക്ടോറിയ തടാകത്തിന്റെ തീരത്ത്, ഫ്ളോറൻസ് തുറമുഖത്തുവെച്ച് (ഇപ്പോഴത്തെ കിസൂമൂ) അവസാനത്തെ പാളത്തിൽ ആപ്പു കയറ്റി. മൊത്തം 937 കിലോമീറ്റർ വരുന്ന റെയിൽപ്പാതയുടെ പണി പൂർത്തിയാക്കാൻ അഞ്ചു വർഷവും നാലു മാസവും എടുത്തു. ആകെ 36 കോടി 80 ലക്ഷം രൂപ ചെലവായി. ഇന്ത്യയിൽ നിന്നുള്ള 31,983 ജോലിക്കാരിൽ 2,000-ത്തിലധികം പേർ മൃതിയടഞ്ഞു. ചിലർ ഇന്ത്യയിലേക്കു മടങ്ങി. ശേഷിച്ച ആയിരക്കണക്കിന് ആളുകൾ അവിടെതന്നെ താമസിച്ച് പൂർവാഫ്രിക്കയിലെ ഇന്നത്തെ വലിയ ഏഷ്യൻ ജനതതി ആയിത്തീർന്നു. നാൽപ്പത്തിമൂന്നു റെയിൽവേ സ്റ്റേഷനുകളും 35 ആർച്ചുപാലങ്ങളും 1,000-ത്തിൽപ്പരം സാധാരണ പാലങ്ങളും കലുങ്കുകളും നിർമിക്കുകയുണ്ടായി.
“ലോകത്തിലേക്കും ഏറ്റവും സാഹസികമായ റെയിൽപ്പാത” എന്ന് എഴുത്തുകാരനായ എൽസ്പെത്ത് ഹക്സ്ലി അതിനെ വിശേഷിപ്പിച്ചു. എങ്കിലും ചോദ്യം വീണ്ടും അവശേഷിക്കുന്നു, അതു ശ്രമത്തിനു തക്ക മൂല്യമുള്ളത് ആയിരുന്നോ? അതോ ആ റെയിൽപ്പാത വാസ്തവത്തിൽ, വളരെയേറെ സമയവും പണവും ചെലവഴിക്കേണ്ടിവന്ന, നിരവധി ജീവൻ ബലികഴിക്കേണ്ടി വന്ന, ഒരു “വിഡ്ഢി സംരംഭം” ആയിരുന്നോ?
പ്രസ്തുത റെയിൽപ്പാത ഇന്ന്
പ്രാരംഭ പാളം നിർമിച്ച് ഏതാണ്ട് 100 വർഷത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പരിചിന്തിച്ചാൽ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകും. വിറക് ഇന്ധനമായി ഉപയോഗിച്ചു പ്രവർത്തിച്ചിരുന്ന തീവണ്ടികളുടെ സ്ഥാനം ഡീസൽകൊണ്ടു പ്രവർത്തിക്കുന്ന ശക്തമായ 200-ലധികം ലോക്കോമോട്ടീവുകൾ കയ്യടക്കി. കെനിയയിലെയും ഉഗാണ്ടയിലെയും ബഹുദശം പട്ടണങ്ങളിലും നഗരങ്ങളിലും എത്തിപ്പെടാൻ ആ റെയിൽപ്പാത വികസിപ്പിക്കപ്പെട്ടു. നയ്റോബി, കംബാല എന്നീ തലസ്ഥാന നഗരികളുടെ വികസനത്തിൽ അതു മർമപ്രധാനമായ പങ്കു വഹിച്ചിരിക്കുന്നു.
ഇന്ന് ആ റെയിൽപ്പാതയുടെ പങ്ക് ദ്വിമുഖമാണ്. ഒന്നാമതായി, അത് യാത്രക്കാരെ ആശ്രയയോഗ്യവും സുരക്ഷിതവുമായി നിശ്ചിത സ്ഥാനങ്ങളിൽ എത്തിക്കുന്നു. രണ്ടാമതായി, അത് സിമന്റ്, കാപ്പി, യന്ത്രങ്ങൾ, തടികൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ ചരക്കുകൾ കൊണ്ടുപോകാൻ ഉതകുന്നു. കപ്പലിൽ കൊണ്ടുവന്ന് ഇറക്കിയ നിരവധി സംഭരണികൾ ഉൾപ്രദേശങ്ങളിൽ എത്തിക്കുന്നതും കെനിയൻ റെയിൽവേയുടെ ലാഭകരമായ ബിസിനസാണ്.
സ്പഷ്ടമായും, പ്രസ്തുത റെയിൽപ്പാത പൂർവാഫ്രിക്കയ്ക്ക് അങ്ങേയറ്റം മൂല്യവത്താണെന്നു തെളിഞ്ഞിരിക്കുന്നു. ഒരിക്കൽ, “വിഡ്ഢി എക്സ്പ്രസ്” എന്ന് അപലപിച്ച റെയിൽപ്പാതയിലൂടെ ഉള്ള യാത്ര ഒരുപക്ഷേ നിങ്ങളും എന്നെങ്കിലും ആസ്വദിച്ചേക്കാം.
[24-ാം പേജിലെ ചതുരം/ചിത്രം]
ട്രെയിൻ യാത്ര
വിനോദ സഞ്ചാരികളും തദ്ദേശവാസികളും ഒരുപോലെ തിരഞ്ഞെടുക്കുന്ന ഗതാഗത മാർഗം ട്രെയിനാണ്, പ്രത്യേകിച്ചും മൊംബാസയ്ക്കും നയ്റോബിക്കും ഇടയിൽ. നയ്റോബിയിൽ നിന്നും മൊംബാസയിൽ നിന്നും വൈകിട്ട് കൃത്യം 7 മണിക്ക് യാത്രക്കാരെയും കൊണ്ടു ട്രെയിൻ പുറപ്പെടും. നിങ്ങൾ, യാത്ര ചെയ്യുന്നത് ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ ആണെങ്കിൽ, ട്രെയിനിൽ കയറുന്നതിനു മുമ്പ് നിങ്ങളുടെ കോച്ചും കമ്പാർട്ടുമെന്റും ഏതാണെന്ന് അറിയാൻ അവിടെ പതിപ്പിച്ചിരിക്കുന്ന ചാർട്ടുകൾ പരിശോധിക്കുന്നു. സമീപത്തായി നിൽക്കുന്ന ഒരു പരിചാരകൻ, നിങ്ങൾ 7:15-നാണോ അതോ 8.30-നാണോ അത്താഴം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന് അന്വേഷിക്കുന്നു. മറുപടി നൽകി കഴിയുമ്പോൾ അദ്ദേഹം നിങ്ങളെ ഒരു കൂപ്പൺ ഏൽപ്പിക്കുന്നു.
നിങ്ങൾ ട്രെയിനിൽ കയറുകയായി. ചൂളം വിളിച്ചുകൊണ്ടു വണ്ടി സ്റ്റേഷൻ വിടുന്നതോടെ അതിനുള്ളിൽ സംഗീതം അലയടിക്കാൻ തുടങ്ങുന്നു.
അത്താഴത്തിനു നേരമാകുമ്പോൾ, ഒരാൾ ഒരു ചെറിയ വാദ്യോപകരണം മുഴക്കി, ഭക്ഷണം തയ്യാറായി എന്ന് അറിയിച്ചുകൊണ്ട് ഇടുങ്ങിയ ഇടനാഴിയിലൂടെ നടക്കുന്നു. ഭക്ഷണം ലഭിക്കുന്ന കോച്ചിൽ, നിങ്ങൾ മെനുവിൽ നോക്കി ഭക്ഷണത്തിന് ഓർഡർ നൽകുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പരിചാരകൻ നിങ്ങൾക്ക് ഉറങ്ങാൻ മെത്ത തയ്യാറാക്കുന്നു.
യാത്രയുടെ അധികപങ്കും രാത്രിയിലാണ്. കിടക്കുന്നതിനു മുമ്പ് നിങ്ങൾ കമ്പാർട്ടുമെന്റിലെ വിളക്കണച്ചിട്ട് പുറത്തേക്കു നോക്കി ഇങ്ങനെ ചിന്തിച്ചേക്കാം: ‘നിലാവിൽ തെളിയുന്ന ആ ഛായാരൂപങ്ങളും നിഴലുകളും ആനകളും സിംഹങ്ങളുമാണോ, അതോ വെറും കുറ്റിച്ചെടികളും മരങ്ങളുമാണോ? ഏതാണ്ടു നൂറു വർഷം മുമ്പ്, ഈ റെയിൽപ്പാത പണിതുകൊണ്ടിരിക്കെ ഇവിടെ കിടന്ന് ഉറങ്ങുന്നത് എങ്ങനെയുള്ള അനുഭവം ആയിരുന്നിരിക്കണം? അന്ന് അങ്ങനെ ചെയ്യാൻ എനിക്കു ഭയം തോന്നുമായിരുന്നോ? ഇപ്പോഴോ?’
യാത്രയ്ക്കു മൊത്തം 14 മണിക്കൂറിൽ താഴെ സമയമേ എടുക്കുകയുള്ളൂ. അതുകൊണ്ട്, അരുണോദയ കിരണങ്ങൾ ആഫ്രിക്കൻ പ്രകൃതിവിലാസത്തെ പ്രകാശമാനം ആക്കുമ്പോൾ നിങ്ങളുടെ മുമ്പിൽ ഇതൾവിരിയുന്ന ഹരം പകരുന്ന നിരവധി ദൃശ്യങ്ങൾ വീക്ഷിക്കാൻ ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ. മൊംബാസയിലേക്കാണു നിങ്ങളുടെ യാത്ര എന്നിരിക്കട്ടെ. മുൾക്കാടുകൾക്കു മുകളിൽ ചെഞ്ചായം പൂശിക്കൊണ്ട് പ്രഭാത സൂര്യൻ ഉദിക്കുന്നു. തുടർന്ന്, വെട്ടിനിർത്തിയിരിക്കുന്ന പുൽത്തകിടികളും കുറ്റിച്ചെടികൾ കൊണ്ടുള്ള വേലികളും മൊംബാസയിലെ ആധുനിക കെട്ടിടങ്ങളും ദൃശ്യമാകുന്നു. കർഷകർ വയലിൽ പണിയെടുക്കുന്നു. നഗ്നപാദരായ കുട്ടികൾ ആവേശപൂർവം കൈവീശി ട്രെയിനിലെ യാത്രക്കാരെ അഭിവാദനം ചെയ്യുന്നു.
നിങ്ങൾ നയ്റോബിയിലേക്കാണു യാത്ര ചെയ്യുന്നതെങ്കിൽ, വിശാലമായ സമതലത്തിലൂടെ കടകടശബ്ദത്തോടെ സഞ്ചരിക്കുമ്പോഴാണു പ്രഭാതം പൊട്ടിവിടരുന്നത്. അവിടെ, പ്രത്യേകിച്ചും നയ്റോബി ദേശീയ പാർക്കിലൂടെ കടന്നുപോകുമ്പോൾ, മൃഗങ്ങളെ കാണാൻ എളുപ്പമാണ്.
തികച്ചും അനുപമമായ അനുഭവമാണത്. വരയൻ കുതിരകളെയും മാനുകളെയും വീക്ഷിച്ചുകൊണ്ടു പ്രഭാതഭക്ഷണം കഴിക്കാൻ മറ്റേതൊരു ട്രെയിനിൽ യാത്രചെയ്യുമ്പോഴാണു സാധിക്കുക?
[കടപ്പാട്]
Kenya Railways
[23-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
കെനിയ
വിക്ടോറിയ തടാകം
കിസൂമൂ
നയ്റോബി
സാവോ
മൊംബാസ
ഇന്ത്യൻ മഹാസമുദ്രം
[കടപ്പാട്]
ഗ്ലോബ്: Mountain High Maps® Copyright © 1997 Digital Wisdom, Inc.
ഗ്ലോബിൽ കൊടുത്തിരിക്കുന്ന ആഫ്രിക്കയുടെ ഭൂപടം: The Complete Encyclopedia of Illustration/J. G. Heck
ആൺ കുഡുവും പെൺ കുഡുവും. Lydekker
ട്രെയിനുകൾ: Kenya Railways
പെൺ സിംഹം. Century Magazine