കോക്ക്-ഓഫ്-ദ-റോക്ക്—ആമസോൺ വനത്തിലെ സുന്ദരനായ പക്ഷി
ബ്രസീലിലെ ഉണരുക! ലേഖകൻ
ഗയാനയിലെ നയനാകർഷകമായ, ആമസോൺ മഴക്കാടുകളിലെ അത്രയൊന്നും അറിയപ്പെടാത്ത, കോക്ക്-ഓഫ്-ദ-റോക്കിനെ വർണിക്കുമ്പോൾ പ്രകൃതി ശാസ്ത്രജ്ഞർ കാവ്യാത്മക ശൈലി സ്വീകരിക്കുന്നതു തികച്ചും സ്വാഭാവികമാണ്.a “തിളങ്ങുന്ന തീജ്വാല,” ഒരാൾ അതിനെ കുറിച്ച് എഴുതി. “ജ്വലിക്കുന്ന ധൂമകേതു” എന്നായിരുന്നു മറ്റൊരാളുടെ വർണന. “എന്തിനെയും വെല്ലുന്ന മനോഹാരിത” എന്നു മൂന്നാമത് ഒരാളും. ഒരിക്കൽ കണ്ടാൽ അതിനെ മറക്കാനാവില്ല എന്ന് അവരെല്ലാം സമ്മതിക്കുന്നു. പ്രാവിനോളം ഉള്ള ഈ പക്ഷിയെ ഇത്രകണ്ട് അവിസ്മരണീയം ആക്കുന്നത് എന്താണ്? അതിന്റെ വർണഭംഗിയാണ് ഒരു കാരണം.
ആൺ കോക്ക്-ഓഫ്-ദ-റോക്കിന് ഓറഞ്ചു നിറത്തിൽ, വിശറി പോലുള്ള, കൊക്കിനെ പൂർണമായി മറയ്ക്കുന്ന ഒരു ചൂഡ അഥവാ പൂവ് ഉണ്ട്. അറ്റത്ത് കടും തവിട്ടു നിറത്തിൽ കാണുന്ന വരകൾ അതിന്റെ അർധവൃത്താകൃതിയെ പ്രമുഖമാക്കുന്നു. ചൂഡ തൊട്ടു നഖങ്ങൾ വരെ ആ പക്ഷി കൂടുതലും ഓറഞ്ചു നിറത്തിലുള്ള തൂവലുകൾ അണിഞ്ഞിരിക്കുന്നു. ഓറഞ്ചു നിറത്തിലുള്ള മാർദവമേറിയ ഒരു നിര സുവർണ തൂവലുകൾ വെള്ള പൊട്ടുള്ള കറുത്ത ചിറകുകളെ പൊതിഞ്ഞിരിക്കുന്നു. അതു കണ്ടാൽ മൂപ്പർ പുതപ്പു പുതച്ചിരിക്കുകയാണെന്നു തോന്നും. “അവയുടെ ആകാരസൗകുമാര്യം അവർണനീയമാണ്” എന്ന് കരീബിയൻ പക്ഷികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം സംഗ്രഹിക്കുന്നു. എന്നാൽ അവയുടെ സവിശേഷത സൗന്ദര്യത്തിൽ ഒതുങ്ങുന്നില്ല. തൂവലുകൾ അതിന്റെ സ്വഭാവ വൈശിഷ്ട്യത്തെയും വിളിച്ചോതുന്നു. ഏതർഥത്തിൽ?
കടും ഓറഞ്ചു നിറത്തിലുള്ള കുപ്പായം ഹരിതാഭമായ ഒരു മഴവനവുമായി ഇഴുകിച്ചേരാൻ ഉതകില്ല എന്നു നിങ്ങൾ സമ്മതിക്കും. തന്നെ നാലു പേർ കാണാൻ ഈ അരണ്യ ‘പൂവാലൻ’ ആഗ്രഹിക്കുന്നു. പ്രതിയോഗികളെ തുരത്താനും പ്രശംസകരെ ആകർഷിക്കാനും തന്റെ പകിട്ടാർന്ന സൗന്ദര്യത്തെ അവൻ ആയുധമാക്കുന്നു.
അതിർത്തി തർക്കങ്ങളും സ്വത്തിനായുള്ള ശണ്ഠകളും
ഇണചേരൽ കാലമായ വർഷാരംഭത്തിൽ ആൺ കോക്ക്-ഓഫ്-ദ-റോക്ക്, ഇംഗ്ലീഷിൽ ലെക് എന്നു വിളിക്കുന്ന പ്രത്യേക വനപ്രദേശത്തേക്കു വരുന്നു. ആ പക്ഷികളുടെ വാർഷിക പ്രേമാഭ്യർഥനാ നൃത്തങ്ങൾക്കുള്ള വേദിയാണു ലെക്. ‘കളിക്കുക’ എന്ന് അർഥമുള്ള ആറ്റ് ലെകാ എന്ന സ്വീഡിഷ് ക്രിയാപദത്തിൽ നിന്ന് ആയിരിക്കണം “ലെക്” എന്ന പദത്തിന്റെ ഉത്ഭവം. വാസ്തവത്തിൽ, ഈ പക്ഷികളുടെ പ്രേമാഭ്യർഥനാ നൃത്തങ്ങൾ വെറും കളി—വനാന്തരത്തിലെ ഉല്ലാസപ്രദമായ ഒരു കലാപരിപാടി—ആണെന്നാണു വർഷങ്ങളോളം പ്രകൃതി ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. എന്നാൽ, ലെക് ഒരു നൃത്തവേദി മാത്രമല്ല മല്ലയുദ്ധക്കളവും പ്രദർശനവേദിയും കൂടെ ആണെന്ന് അടുത്തകാലത്ത് അവർ മനസ്സിലാക്കി. അങ്ങനെ പറയാൻ കാരണം?
ആൺ കോക്ക്സ്-ഓഫ്-ദ-റോക്കിന്റെ ഒരു സംഘം ഒരു ലെക്കിലേക്ക് അതിക്രമിച്ചു കയറും. എന്നിട്ട്, ഓരോ പക്ഷിയും ഒരു തുണ്ടു വനഭൂമി സ്വകാര്യ സ്വത്താക്കി, കൊഴിഞ്ഞുവീണു കിടക്കുന്ന ഇലകളൊക്കെ മാറ്റിക്കളയും. ആ വളപ്പിലുള്ള വള്ളിച്ചെടികൾ, ചേക്കേറാൻ തനിക്കു മാത്രം അവകാശപ്പെട്ട സ്ഥലമായി അവൻ കണക്കാക്കും. അങ്ങനെ അവന്റെ പ്രദേശം 1.5 മീറ്റർ വിസ്താരവും 2 മീറ്റർ ഉയരവുമുള്ള ഒരു സിലിണ്ടറിന്റെ രൂപം കൈവരിക്കും. ഒരു ലെക്കിലേക്ക് ഏതാണ്ട് 50 പക്ഷികൾ തള്ളിക്കയറുന്നതിനാൽ അവയുടെ വളപ്പുകൾ മറ്റ് ഏതൊരു ലെക് പക്ഷിയുടേതിനെയും അപേക്ഷിച്ച് “അങ്ങേയറ്റം തിക്കുംതിരക്കും നിറഞ്ഞിടം” ആകുമെന്ന് പെപ്പർ ഡബ്ലിയു. ട്രെയ്ൽ എന്ന ഗവേഷക പറയുന്നു. ഫലമോ? അതിർത്തി തർക്കങ്ങളും സ്വത്തിനായുള്ള ശണ്ഠകളും.
അവയുടെ അതിർത്തി തർക്കങ്ങൾ ആവേശം തുടിക്കുന്ന, നിരുപദ്രവകരമായ യുദ്ധ നൃത്തങ്ങൾക്കു സമാനമാണ്. തല തമ്മിൽ ഉരസ്സുകയും കൊത്തു കൂടുകയും ചിറകുകൊണ്ട് അടിക്കുകയും തൂവലുകൾ പറപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അവ ഇടയ്ക്കിടെ ഉച്ചത്തിൽ കൂകുകയും കുതിച്ചു പൊങ്ങുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മിനിറ്റിനു ശേഷം, താൻ മറ്റവനെക്കാൾ മിടുക്കുകാട്ടി എന്നു കരുതി ഓരോ പക്ഷിയും തന്റെ അതിർത്തികളിലേക്കു പിൻവലിയുന്നു. എന്നാൽ, ഒരു പക്ഷി ചത്തുപോയതിന്റെ ഫലമായി കാലിയായ അമൂല്യ സ്ഥലം കൈവശപ്പെടുത്താൻ ഒരേ സമയം രണ്ടു പക്ഷികൾ മുതിരുമ്പോൾ സ്വത്തിനു വേണ്ടിയുള്ള തർക്കം അസ്സൽ ശണ്ഠയായി മാറുന്നു.
“അവ കൂർത്ത നഖങ്ങൾ കൊണ്ട് അന്യോന്യം അള്ളിപ്പിടിക്കും. ചിറകുകൾ കൊണ്ട് ശക്തിയായി അടിക്കും. ഇടയ്ക്കിടെ കൊക്കുകൾ ഉടക്കിയിടും. അത്തരം അടിപിടി മൂന്നു മണിക്കൂറോളം നീണ്ടു നിന്നേക്കാം. അതോടെ മത്സരികൾ കിതച്ച് അവശരാകും” എന്ന് നാഷനൽ ജിയോഗ്രഫിക് മാസികയിൽ ട്രെയ്ൽ എഴുതുന്നു. ആദ്യ റൗണ്ടിൽ ആർക്കും വിജയം ഉറപ്പു വരുത്താൻ കഴിയാത്തപക്ഷം, അൽപ്പ സമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും അടിപിടി തുടങ്ങുകയായി. എതിരാളിയെ കൊന്ന് അവകാശം സ്ഥാപിക്കുന്നതു വരെ ആ കോഴിപ്പോര് (cockfight) തുടരും. ഈ പക്ഷിയെ കോക്ക്(പൂവൻ)-ഓഫ്-ദ-റോക്ക് എന്നു വിളിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല!
അടിപിടി കൂടി അധികം താമസിയാതെ, അക്രമാസക്തനായ ആ പോരാളി ഒരു ജീവത് പ്രതിമയുടെ രൂപം കൈക്കൊള്ളുന്നു. പിന്നെ ലെക് ഒരു പ്രദർശനവേദിയായി മാറുകയായി. അതിനു കാരണം? കോക്ക്-ഓഫ്-ദ-റോക്ക്(പാറ) എന്ന ആ പക്ഷിയുടെ പേരിന്റെ അവസാന ഭാഗം അതിന് ഉത്തരം നൽകുന്നു.
വിജയി . . .
പൂവന്മാർ വനത്തിൽ നിലത്ത് അടിപിടി കൂടുമ്പോൾ, തീരെ വർണഭംഗിയില്ലാത്ത പിടകൾ ശാന്തരായി സമീപത്തുള്ള പാറകളിലെ കുഴികളിൽ കൂടു കൂട്ടുന്നതിന്റെ തിരക്കിലാണ്. അവയാണു പെൺ കോക്ക്-ഓഫ്-ദ-റോക്ക്. പൂവന്മാരുടെ ഏഴയലത്തു നിൽക്കാനുള്ള അഴകില്ല പിടകൾക്ക്. പിട “തികച്ചും വ്യത്യസ്തയായ ഒരു പക്ഷി”യാണ് എന്നു ഗവേഷകനായ ഡേവിഡ് സ്നോ പറയുന്നു. അവളുടെ തലയിൽ ഒരു കൊച്ചു ‘കിരീടം’ ഉണ്ട്. “പൂവന്റെ പ്രൗഢഗംഭീരമായ ചൂഡയുടെ ഒരു മുരടിച്ച പതിപ്പാണത്. അതു നിമിത്തം പിടയുടെ തല കണ്ടാൽ ചിരിവരും.” വലിയ പാദത്തോടു കൂടിയ അവളുടെ കുറിയ കാലുകൾ കടും തവിട്ടു നിറത്തിലുള്ള “തടിച്ചു കൊഴുത്ത ശരീരത്തെ” താങ്ങി നിർത്തുന്നു.
എന്നിരുന്നാലും, നമ്മുടെ അരണ്യ ‘പൂവാലന്മാർക്ക്’ അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കിയാൽ മതിയെന്നേയുള്ളൂ. അവൾ ഉച്ചത്തിൽ കീയൂ എന്നു വിളിച്ചുകൊണ്ട് ലെക്കിലെ ഒരു മരക്കൊമ്പിലേക്കു പറന്നെത്തുന്നു. അതു കേൾക്കേണ്ട താമസം, പൂവന്മാരുടെയെല്ലാം ദൃഷ്ടി അവളിലേക്കായി. അതോടെ, “പക്ഷി ലോകത്തിലെ ഏറ്റവും രസകരവും മതിപ്പ് ഉളവാക്കുന്നതുമായ പ്രേമാഭ്യർഥനാ പ്രദർശനങ്ങൾക്കു” തുടക്കം കുറിക്കുകയായി. (വന ജീവിതവും നിഗൂഢതകളും [ഇംഗ്ലീഷ്]) എന്താണു സംഭവിക്കുന്നത്? ഗവേഷകയായ ട്രെയ്ൽ പറയുന്ന പ്രകാരം, പിടയെ കാണുന്ന ഉടനെ “ലെക് ആകെ ശബ്ദ മുഖരിതമാകുന്നു, എങ്ങും വർണക്കൊഴുപ്പ്.” ഓരോരുത്തരും മറ്റുള്ളവരെ കടത്തി വെട്ടിക്കൊണ്ടു നവാഗതയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. അടുത്തതായി, പൂവന്മാർ തങ്ങളുടെ മരക്കൊമ്പുകളിൽ നിന്നു വളപ്പിലേക്കു പരുഷശബ്ദം പുറപ്പെടുവിച്ചുകൊണ്ടു പറന്നിറങ്ങുന്നു. അവയുടെ ചിറകടി പിടയുടെ ശ്രദ്ധ ആകർഷിക്കുന്നു, ഒപ്പം തന്നെ കൊഴിഞ്ഞുവീണ ഇലകളും അവിടെ നിന്നു നീങ്ങി കിട്ടുന്നു. പെട്ടെന്ന് ബഹളം അടങ്ങുന്നു. നിർണായക മുഹൂർത്തം വന്നെത്തി.
ഓരോ പൂവനും തൂവലുകൾ മൊത്തം വിരിച്ചു പിടിച്ച് ധ്യാനത്തിൽ എന്നപോലെ നിശ്ചലമായി അമർന്നിരിക്കുന്നു. വിശറിപോലെ വിരിച്ചു പിടിച്ചിരിക്കുന്ന ചൂഡ കൊക്കിനെ മറയ്ക്കുന്നു. മാർദവമേറിയ തൂവൽ ശരീരാകാരത്തെ മറയ്ക്കുന്നു. അതു കണ്ടാൽ ഓറഞ്ചു നിറത്തിലുള്ള ഒരു പുഷ്പം നിലത്തു വീണു കിടക്കുകയാണെന്നേ തോന്നൂ. “ചൂഡ വിരിച്ച് ഇരിക്കുന്ന, കോക്ക്-ഓഫ്-ദ-റോക്ക് കാഴ്ചയ്ക്ക് അതീവ സുന്ദരനാണ്. ഒറ്റ നോട്ടത്തിൽ അതൊരു പക്ഷിയാണെന്നു വിശ്വസിക്കാനേ സാധിക്കില്ല” എന്ന് ഒരു ഉറവിടം പറയുന്നു.
എന്നാൽ, പിടയ്ക്ക് ഒരു പുഷ്പത്തെയും പ്രണയാർഥിയെയും തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടുമില്ല. നിശ്ശബ്ദമായി അമർന്നിരിക്കുന്ന മൂന്നോ നാലോ പൂവന്മാരുടെ പക്കലേക്ക് അവൾ പറന്നിറങ്ങുന്നു. അവർ തല ഒരു ഭാഗത്തേക്കു ചരിച്ച് ഒളികണ്ണിട്ട് പിടയെ വീക്ഷിക്കുന്നു. ഏതാനും മിനിറ്റുകൾ കടന്നു പോകുന്നു. ഒടുവിൽ ഒരു തീരുമാനം എടുത്തുകൊണ്ടു പിട കമിതാവിനെ തിരഞ്ഞെടുക്കുന്നു. തന്റെ പ്രണയിതാവിന്റെ പിന്നിൽ അവൾ പറന്നു വന്നിരിക്കുന്നു, അവന്റെ അടുക്കലേക്കു ചാടി ചെല്ലുന്നു. എന്നിട്ട്, മുന്നിലേക്ക് ആഞ്ഞ് ചിറകിലെ മൃദുവായ തൂവലുകളിൽ കൊത്തുന്നു. അതോടെ പൂവനു ജീവൻ വെക്കുന്നു. അവന്റെ വളപ്പിലോ അടുത്തുള്ള ചേക്കേറൽ സ്ഥലത്തോ അവർ ഇണചേരുന്നു. അതിനു ശേഷം പിട പറന്നു പോകുന്നു. അടുത്ത ഇണചേരൽ കാലമാകുമ്പോൾ അവൾ മിക്കപ്പോഴും അതേ ഇണയെ തേടി മടങ്ങിയെത്തുന്നു.
അടുത്ത പ്രേമാഭ്യർഥനാ കാലം വരെ അരണ്യ ‘പൂവാലൻ’ ഇണയെ മറക്കുന്നു. തന്റെ സന്തതികളെ പോറ്റുന്നതിനെ കുറിച്ചൊന്നും അവനു യാതൊരു വേവലാതിയുമില്ല. അടുത്ത പ്രദർശനത്തിനായി അവൻ തയ്യാറാകവേ, പിട കുടുംബത്തെ പോറ്റിക്കൊണ്ട് ഗൃഹഭരണം മുഴുവനായി ഏറ്റെടുക്കുന്നു. ഇങ്ങനെ പണി ഏൽപ്പിക്കുന്നത് അനീതിയാണെന്നു തോന്നാം. എന്നാൽ, പൂവൻ അകലം പാലിക്കുന്നതാണു വാസ്തവത്തിൽ പിടയ്ക്കും കുഞ്ഞുങ്ങൾക്കും നല്ലത്. ഓറഞ്ചു നിറത്തിലുള്ള ഒരു പക്ഷി കൂടിനെ വലംവെക്കുന്നത് ഒളിത്താവളം കാട്ടിക്കൊടുക്കാൻ അടയാളം വയ്ക്കുന്നതു പോലിരിക്കും.
അടുത്ത തലമുറ
തന്റെ ഉമിനീരുകൊണ്ട് പാറയിൽ ഘടിപ്പിച്ച വലിയ മൺകൂട്ടിലാണ് പിട അടയിരിക്കുന്നത്. പൊട്ടുകളുള്ള, തവിട്ടു നിറത്തിലുള്ള രണ്ടു മുട്ടകൾക്ക് അവളുടെ മങ്ങിയ തൂവലുകൾ നന്നായി സംരക്ഷണമേകുന്നു. നാലാഴ്ചയ്ക്കു ശേഷം മുട്ട വിരിയും. പുറത്തു വരുന്നതു സുന്ദരന്മാർ ആയിട്ടല്ല, എന്നാൽ അതുകൊണ്ടുതന്നെ കൂട്ടിനുള്ളിൽ അവയ്ക്കു സ്വൈര്യമായി ജീവിക്കാൻ സാധിക്കുന്നു. മുട്ടവിരിഞ്ഞു പുറത്തു വരുന്ന ഉടനെ കുഞ്ഞുങ്ങൾ തങ്ങളുടെ കൂർത്ത നഖങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നതായി ട്രെയ്ൽ പറയുന്നു. തീറ്റിയുമായി പറന്നെത്തുന്ന തള്ളപ്പക്ഷി കൂട്ടിൽ കാലുകുത്താൻ പണിപ്പെടുമ്പോഴെല്ലാം അവ ബലമുള്ള കാലുകൾ കൊണ്ട് കൂട്ടിൽ അള്ളിപ്പിടിക്കുന്നു.
തള്ളപ്പക്ഷി ശുഷ്കാന്തിയോടെ കുഞ്ഞുങ്ങൾക്കു പഴവർഗങ്ങൾ—ഇടയ്ക്കൊക്കെ കീടങ്ങളെയും ഗൗളികളെയും—തീറ്റിയായി നൽകുന്നു. ഒരു വർഷം കഴിഞ്ഞും ആൺ പക്ഷിക്കുഞ്ഞിന്റെ തൂവലിനു തവിട്ടു നിറമായിരിക്കും. എങ്കിലും, തലയിൽ കമനീയമായ കൊച്ചു ചൂഡ രൂപം കൊള്ളുന്നു. രണ്ടു വയസ്സാകുമ്പോഴേക്കും തൂവലിനു തവിട്ടു നിറം മാറി സുവർണ ഓറഞ്ചു നിറം കൈവരുന്നു. അതോടെ ഒരു പ്രകൃതിശാസ്ത്രജ്ഞൻ എഴുതിയപോലെ, അവൻ “ലോകത്തിലേക്കും ഏറ്റവും അഴകാർന്ന ഒരു പക്ഷിയായി” മാറുന്നു.
കോക്ക്-ഓഫ്-ദ-റോക്കിന്റെ വനത്തിലെ വീട് നാശവിധേയം ആയിക്കൊണ്ടിരിക്കുകയാണ്. എന്നുവരികിലും, മനുഷ്യൻ വർണഭംഗിയുള്ള ഈ ആമസോണിയൻ കലാകാരന്റെ ഇണചേരൽ നൃത്തത്തിനു ഭംഗം വരുത്തുകയില്ലെന്നാണു പ്രകൃതി സ്നേഹികളുടെ പ്രതീക്ഷ.
[അടിക്കുറിപ്പ്]
a ഈ വർഗം, ബൊളീവിയയിലെ ആൻഡീസ് പർവത ചെരിവുകളിലും ഇക്വഡോർ, കൊളംബിയ, പെറു എന്നിവിടങ്ങളിലും കാണപ്പെടുന്ന പെറുവിലെ കോക്ക്-ഓഫ്-ദ-റോക്കിൽ നിന്നു വ്യത്യസ്തമാണ്.
[17-ാം പേജിലെ ചതുരം]
കോക്ക്-ഓഫ്-ദ-റോക്കിന്റെ തിരിച്ചറിയിക്കൽ കാർഡ്
ശാസ്ത്ര നാമം: റുപ്പികോല റുപ്പികോല, അഥവാ “പാറവാസി”
കുലം: കോട്ടിങ്കിടേ
വിഹാര സ്ഥലം: ദക്ഷിണ അമേരിക്കയുടെ വടക്കുഭാഗത്തായി ആമസോൺ നദീതടത്തിലും അതിനു ചുറ്റുപാടും
നീളം: ഏതാണ്ടു 30 സെന്റിമീറ്റർ
കൂട്: ഉമിനീരു പശയായി ഉപയോഗിച്ച് മണ്ണും ചെടിക്കമ്പുകളും ചേർത്ത് ഉണ്ടാക്കുന്നു, 3.9 കിലോ തൂക്കം
കുഞ്ഞുങ്ങൾ: സാധാരണഗതിയിൽ വർഷത്തിൽ രണ്ടു മുട്ടകൾ; അടയിരിപ്പു കാലം 27-28 ദിവസം. “ചേക്കയിരിക്കുന്നതിനു പ്രത്യേകം കാലുകളുള്ള പക്ഷിവർഗത്തിന്റെ അടയിരിപ്പു സമയത്തിൽ അറിയപ്പെടുന്നതിലേക്കും ദീർഘിച്ച കാലം”
[16-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഗയാനയിലുള്ള കോക്ക്-ഓഫ്-ദ-റോക്കിന്റെ വാസസ്ഥലം
തെക്കേ അമേരിക്ക
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Kenneth W. Fink/Bruce Coleman Inc.