ജെനി റെൻ കൊച്ചു പക്ഷി, ഗംഭീര നാദം
ബ്രിട്ടനിലെ “ഉണരുക!” ലേഖകൻ
വസന്ത പുഷ്പങ്ങൾ കാവൽ നിൽക്കുന്ന അരുവി. പെട്ടെന്നു പെയ്തുതീർന്ന മഴയിൽ നീരാടി നിൽക്കുന്ന സസ്യജാലങ്ങൾ. അവയെ രത്നവിഭൂഷിതം ആക്കിക്കൊണ്ട് വൃക്ഷപ്പടർപ്പുകൾക്ക് ഇടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ. ഞാൻ അവിടെ വീണു കിടന്നിരുന്ന ഒരു മരത്തിൽ ചെന്നിരുന്നു. അരുവിക്ക് അഭിമുഖമായി നിൽക്കുന്ന പാറക്കെട്ടിൽ തൂങ്ങിക്കിടക്കുന്ന ഉണങ്ങിയ പന്നൽച്ചെടിയുടെ അടുത്തേക്ക് രണ്ടു കൊച്ചു പക്ഷികൾ വേഗത്തിൽ പോയി വരുന്നത് എന്റെ കണ്ണിൽ പെട്ടു.
അവ എന്താണ് ചെയ്യുന്നത് എന്നറിയാൻ എനിക്ക് ഉത്സാഹമായി. ഞാൻ എഴുന്നേറ്റ് അങ്ങോട്ടു ചെന്നു. പ്രതീക്ഷിച്ചതുപോലെതന്നെ അത് ഒരു റെൻ പക്ഷിയുടെ കൂടായിരുന്നു. പായലുകൊണ്ട് മനോഹരമായി നെയ്തുണ്ടാക്കിയ ആ കൂട് പന്നൽച്ചെടിയുടെ തൂങ്ങിക്കിടക്കുന്ന കാണ്ഡങ്ങൾക്കിടയിൽ ഭംഗിയായി ഒളിപ്പിച്ചു വെച്ചിരുന്നു. കൊക്കിന്റെ അറ്റം മുതൽ വാലു വരെ 10 സെൻറിമീറ്റർ മാത്രം നീളമുള്ള, ചുറുചുറുക്കുള്ള ആ പക്ഷിയെ ബ്രിട്ടനിലെ ഏറ്റവും ചെറിയ പക്ഷികളിൽ ഒന്നായിട്ടാണ് പൊതുവേ കണക്കാക്കുന്നത്.a അതുകൊണ്ട് 1937-ൽ, അന്ന് ബ്രിട്ടനിലെ ഏറ്റവും ചെറിയ നാണയമായിരുന്ന ഫാർഥിങ്ങിൽ ആദ്യമായി അതിന്റെ രൂപം അടയാളപ്പെടുത്തുകയുണ്ടായി.
ജെനി റെൻ അല്ലെങ്കിൽ കിറ്റി റെൻ—ഈ പേരുകൾ ഗ്രാമീണരായ ഇംഗ്ലീഷുകാർ ആൺ-പെൺ പക്ഷികൾക്കു നൽകിയതാണ്—യൂറോപ്പിലും യുറേഷ്യയിലും ഐക്യനാടുകളിലുമുള്ള ആളുകൾക്കു സുപരിചിതമായ പക്ഷിയാണ്. ബ്രിട്ടനിലെ പ്രജനനം നടത്തുന്ന പക്ഷികളിൽ വെച്ച് ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും എണ്ണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ആയ പക്ഷിയാണത്. അതിന്റെ ഉച്ചസ്ഥായിയിലുള്ള മനോഹര ഗാനത്തെ രാപ്പാടിയുടേതിനോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിൽ പോലും കേൾക്കാവുന്നത്ര ഗംഭീരമാണ് അതിന്റെ നാദം! എന്നാൽ ആ പക്ഷികളെ സംബന്ധിച്ചിടത്തോളം കൊടും ശൈത്യം അവയുടെ മരണമണി മുഴക്കുന്നു. കൊടും ശൈത്യകാലത്ത് റെൻ പക്ഷികളുടെ 75 ശതമാനം ചത്തൊടുങ്ങുന്നുവെന്നാണ് അറിവായിട്ടുള്ളത്. ആ സമയത്ത് ചൂട് കിട്ടുന്നതിനായി റെൻ പക്ഷികൾ പലപ്പോഴും ഒരുമിച്ചു ചേക്കേറുന്നു. ഒരിക്കൽ ഒരു കൂട്ടിനുള്ളിൽ 60-ലധികം റെൻ പക്ഷികൾ ഒരു തൂവൽ കെട്ടുപോലെ പരസ്പരം ഒട്ടിച്ചേർന്നിരിക്കുന്നതു കാണുകയുണ്ടായി.
ഏപ്രിൽ മാസമാകുമ്പോഴേക്കും പൂവൻ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള പല കൂടുകൾ നിർമിക്കുന്നു. ശത്രുക്കൾക്ക് തിരിച്ചറിയാനാകാത്ത വിധത്തിൽ വിദഗ്ധമായിട്ടാണ് അവ നിർമിക്കുന്നത്. പണി തീർന്നു കഴിയുമ്പോൾ പൂവൻ പിടയെ കൂട്ടിക്കൊണ്ടുവന്ന് ആ കൂടുകളെല്ലാം കാണിക്കും. അവൾ അതിൽ ഒരെണ്ണം തിരഞ്ഞെടുത്ത് തൂവലുകൾ പറിച്ച് അതിന് അകത്ത് വിരിക്കും. ഏപ്രിൽ അവസാനമാകുമ്പോഴേക്കും അവൾ അഞ്ചോ ആറോ മുട്ടകളിടും. ചെമപ്പു കലർന്ന തവിട്ടുനിറത്തിലുള്ള പുള്ളികളോടുകൂടിയ വെളുത്ത മുട്ടകളാണ് അവ. മുട്ടകൾക്ക് അടയിരിക്കുന്നത് പിട തന്നെയാണ്. ഇതിന് 14 ദിവസം എടുക്കും. മുട്ടവിരിഞ്ഞ് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാണ് കുഞ്ഞുങ്ങൾ കൂടുവിടുന്നത്.
വേനൽക്കാലത്ത് തള്ളപ്പക്ഷി രണ്ടു തവണ മുട്ടയിട്ട് അടയിരിക്കുക സാധാരണമാണ്. പിട രണ്ടാമത് ഇട്ട മുട്ടകൾക്ക് അടയിരിക്കുന്ന സമയത്ത് ആദ്യം വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെ പൂവൻ പരിപാലിക്കുന്നു. ചിലപ്പോൾ അവൻ ആ കുഞ്ഞുങ്ങളെ താൻ ഉണ്ടാക്കിയ മറ്റൊരു കൂട്ടിലേക്കു മാറ്റിയെന്നും വരാം. വേനൽക്കാലം അനുകൂലമാണെങ്കിൽ, അതായത് ധാരാളം പ്രാണികളെ ഒക്കെ തിന്നാൻ കിട്ടുന്നുണ്ടെങ്കിൽ, അവൻ രണ്ടാമതൊരു ഇണയെക്കൂടി കണ്ടെത്തി അവളെ താനുണ്ടാക്കിയ മറ്റൊരു കൂട്ടിൽ പാർപ്പിക്കും.
റെൻ പക്ഷികളുടെ പോക്കു വരവ് നിരീക്ഷിച്ചുകൊണ്ട് ആ മരത്തിലിരിക്കവേ മേട സൂര്യന്റെ ഇളംചൂട് എന്നെ തൊട്ടു തലോടി. റെൻ പക്ഷികൾ ഞാൻ ഇരിക്കുന്നതിന് അടുത്തുള്ള ഒരു മരച്ചില്ലയിൽ വന്നിരുന്നപ്പോൾ ചെമപ്പു കലർന്ന തവിട്ടുനിറത്തിലുള്ള അവയുടെ തൂവൽപ്പുടവയും വരകളുള്ള ചിറകുകളും ഞാൻ ശ്രദ്ധിച്ചു. എന്നാൽ തങ്ങളുടെ വിഹാരരംഗത്ത് എന്നെ കണ്ടപ്പോഴേക്കും അവ കുറിയ വാലുകൾ പൊക്കിപ്പിടിച്ചുകൊണ്ട് മുന്നറിയിപ്പിൻ ആഹ്വാനമെന്ന നിലയിൽ ചലപില നാദം പുറപ്പെടുവിക്കാൻ തുടങ്ങി. ഞാൻ നിശ്ശബ്ദം സ്ഥലം വിട്ടുകൊള്ളണം എന്നതിന്റെ സൂചനയായിരുന്നു അത്.
[അടിക്കുറിപ്പ്]
a യൂറോപ്പിലെ ഏറ്റവും ചെറിയ പക്ഷികളായ ഗോൾഡൻ ക്രെസ്റ്റഡ് കിങ്ലെറ്റ് എന്ന് സാധാരണഗതിയിൽ വിളിക്കപ്പെടുന്ന തദ്ദേശവാസിയായ ഗോൾഡ്ക്രെസ്റ്റിനും ശൈത്യകാല സന്ദർശകനായ ഫയർക്രെസ്റ്റിനും റെൻ പക്ഷിയെക്കാൾ അര സെന്റിമീറ്ററോളം നീളം കുറവാണെങ്കിലും അവ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.