ഞങ്ങളുടെ വായനക്കാരിൽനിന്ന്
മോർസ് കോഡ് നാമാവശേഷമാകാൻ പോകുന്നുവോ? “ലോകത്തെ വീക്ഷിക്ക”ലിൽ പ്രത്യക്ഷപ്പെട്ട “150 വർഷങ്ങൾക്കുശേഷം മോർസ് കോഡ് നാമാവശേഷമാകാൻ പോകുന്നു” (ആഗസ്റ്റ് 8, 1997) എന്ന ഭാഗം തെറ്റായ ധാരണ നൽകിയേക്കാം. വിമാനങ്ങൾക്ക് ദിശാനിർണയം നൽകുന്ന ടവറുകളിലും ഹ്രസ്വ തരംഗ റേഡിയോ പ്രക്ഷേപണങ്ങളിലും മോർസ് കോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
എച്ച്. കെ., നെതർലൻഡ്സ്
ഇത് ചൂണ്ടിക്കാട്ടിയതിനു നന്ദി. ഞങ്ങളുടെ വായനക്കാരന്റെ അഭിപ്രായം ശരിയാണ്. ഞങ്ങൾ റിപ്പോർട്ടു ചെയ്ത, മോർസ് കോഡിന്റെ “നാമാവശേഷമാകൽ” കപ്പലിലെ പ്രവർത്തനങ്ങളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു.—പത്രാധിപർ
ക്ഷയരോഗം “ക്ഷയരോഗം—ഒരു കൊലയാളിയുടെ മടങ്ങിവരവ്” (ഡിസംബർ 22, 1997) എന്ന ലേഖന പരമ്പര ഞാൻ വിലമതിക്കുന്നു. 1988-ൽ എനിക്ക് ക്ഷയരോഗം പിടിപെട്ടു. ഇപ്പോൾ എന്റെ രോഗമെല്ലാം മാറി. രോഗികൾ മരുന്ന് “ക്രമം തെറ്റാതെ” കഴിക്കണം എന്നു നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു.
വൈ. എൽ., ഫ്രാൻസ്
എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് മതത്തിൽ താത്പര്യമില്ല. എന്നാൽ ഈ മാസിക എന്റെ മേശപ്പുറത്തു കിടക്കുന്നതു കണ്ടപ്പോൾ അവർ അതു വായിച്ചു. അതു വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോട്ടെ എന്ന് എന്നോടു ചോദിച്ചു. ഉണരുക!യുടെ വേറെ രണ്ടു ലക്കങ്ങളും ഞാൻ കൊടുത്തു. ഓരോ മാസിക തയ്യാറാക്കാനും നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിനു നന്ദി.
എൽ. എൻ., ഐക്യനാടുകൾ
എനിക്ക് 11 വർഷം മുമ്പ് ക്ഷയരോഗം പിടിപെടുകയുണ്ടായി. മാസികയിൽ നൽകിയിരുന്ന വിവരങ്ങൾ വളരെ കൃത്യതയുള്ളത് ആയിരുന്നു. അതിലെ ചില ഭാഗങ്ങൾ വായിച്ചപ്പോൾ അത് എന്റെ തന്നെ അനുഭവമാണെന്നു തോന്നി. ജീവൻ എന്ന ദാനത്തിനായും ആരോഗ്യ സംരക്ഷണത്തിന് ഉണരുക!യിലൂടെ നിരന്തരം ലഭിക്കുന്ന ബുദ്ധ്യുപദേശങ്ങൾക്കായും ഞാൻ യഹോവയോടു നന്ദി പറയുന്നു.
ജി. ബി., ഇറ്റലി
ക്ഷയരോഗം പിടിപെട്ട് ഞാൻ ആറു മാസം ചികിത്സയിലായിരുന്നു. ഈ മാരക രോഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു. അതിലുപരി, ഈ പ്രശ്നത്തിനുള്ള ഒരു ആഗോള പരിഹാരം ദൈവരാജ്യം കൈവരുത്തും എന്ന എന്റെ വിശ്വാസത്തെ അത് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.
പി. പി., ഇന്തോനേഷ്യ
ജീവിതകഥ “പതിവുകാർ പറയുന്നതാണ് എല്ലായ്പോഴും ശരി” എന്ന ലേഖനം എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. (ഡിസംബർ 22, 1997) വൈ ചുങ് ചിന്നിനെപോലെ എനിക്കും ആറു മക്കളുണ്ട്; അവരുടെ കഥ വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മക്കളെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് അവർ അഭിമാനം കൊള്ളുന്നുണ്ടെന്ന് എനിക്ക് അറിയാം. എന്റെ മക്കളിൽ നാലു പേർ ഇതുവരെ ക്രിസ്ത്യാനിത്വത്തെ തങ്ങളുടെ ജീവിതരീതിയായി സ്വീകരിച്ചിട്ടില്ല. ഒരു ദിവസം ചുങ് ചിന്നിന്റെ അതേ സന്തോഷം എനിക്കും അനുഭവിക്കാൻ കഴിയുമായിരിക്കും.
ഇ. എച്ച്., ഐക്യനാടുകൾ
ഉണരുക!യിലെ ജീവിതകഥകൾ വളരെ പ്രോത്സാഹജനകമായി എനിക്ക് എപ്പോഴും തോന്നാറുണ്ട്. വൈ ചുങ് ചിന്നിന്റെ കഥ എന്നെ ആഴത്തിൽ സ്പർശിച്ചു. അത്തരം വിലപ്പെട്ട വ്യക്തികൾ യഹോവ കൂട്ടിച്ചേർക്കുന്ന ജനത്തിന്റെ ഭാഗമായിരിക്കുന്നതിൽ സന്തോഷിക്കാം.
ഐ. റ്റി., ജർമനി
തെറ്റായ ലേബൽ! “ആൽപ്സിലെ ദേശീയ പാർക്കുകളുടെ മനോഹാരിത” (നവംബർ 22, 1997) എന്ന രസകരമായ ലേഖനത്തിനു നന്ദി. എനിക്ക് പർവതങ്ങളും ഫോട്ടോഗ്രാഫിയുമെല്ലാം ഇഷ്ടമാണ്. ഈ ലേഖനത്തിൽ വിവരിച്ചിരുന്ന എല്ലാ മൃഗങ്ങളെയും കാണാനും അവയുടെ ഫോട്ടോ എടുക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 15-ാം പേജിലെ മുകളിലുള്ള ചിത്രക്കുറിപ്പിൽ ഒരു പിശകു പറ്റിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന മൃഗങ്ങൾ ഷാമ്വാകളല്ല മറിച്ച് പെൺ ഐബക്സുകളാണെന്ന് ഞാൻ കരുതുന്നു.
എം. ഡി. എം., ഇറ്റലി
ഈ പിശക് കണ്ടുപിടിച്ചതിന് താങ്കൾക്കു നന്ദി.—പത്രാധിപർ
മോസ്കോ “മോസ്കോ—അതിന്റെ 850-ാം വാർഷികം” (ഡിസംബർ 22, 1997) എന്ന ലേഖനത്തിനു നന്ദി. റഷ്യക്കാരുടെ ആതിഥ്യമര്യാദയും സൗഹാർദ മനോഭാവവും അതിശയിപ്പിക്കത്തക്കതാണ്. 1989-ൽ 3,000 റഷ്യക്കാർ പോളണ്ടിലെ ഒരു ക്രിസ്തീയ കൺവെൻഷന് വന്നപ്പോൾ ഞാൻ തന്നെ അത് അനുഭവിച്ചറിഞ്ഞതാണ്. അതേ ലക്കത്തിന്റെ തന്നെ അവസാനത്തെ പേജിൽ, റഷ്യയിലെ ഒരു ഗ്രാമത്തിൽ റഷ്യക്കാരിയായ ഒരു സഹോദരി പ്രസംഗവേലയിൽ ഏർപ്പെട്ടു കൊണ്ടു നിൽക്കുന്ന ചിത്രവും എന്റെ ഹൃദയത്തെ സ്പർശിച്ചു. റഷ്യൻ ഭാഷ സംസാരിക്കുന്ന ഇനിയും ഒട്ടേറെ പേർ തന്റെ ആരാധകരാകാൻ യഹോവ അനുവദിക്കട്ടെ!
ഐ. എൽ., ജർമനി