രക്തരഹിത ശസ്ത്രക്രിയ—പ്രയോജനങ്ങൾക്ക് അംഗീകാരം
ഇംഗ്ലണ്ടിലെ ശസ്ത്രക്രിയാ വിദഗ്ധർക്കായുള്ള റോയൽ കോളെജ് 1996-ൽ ഒരു ചെറുപുസ്തകം പ്രസിദ്ധീകരിച്ചു. യഹോവയുടെ സാക്ഷികളിലെ ശസ്ത്രക്രിയാ അനുഷ്ഠാന സംഹിത (ഇംഗ്ലീഷ്) എന്നായിരുന്നു അതിന്റെ ശീർഷകം. ആ ചെറുപുസ്തകത്തിൽ ശസ്ത്രക്രിയാ വിദഗ്ധർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “രക്തപ്പകർച്ച കൊണ്ടുള്ള അപകടങ്ങളുടെ വീക്ഷണത്തിൽ സാധ്യമാകുമ്പോഴെല്ലാം പകര ചികിത്സാരീതികൾ സ്വീകരിക്കുന്നതാണ് അഭികാമ്യം.”
രക്തരഹിത ശസ്ത്രക്രിയയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന് അമേരിക്കൻ ആശുപത്രി സമിതി പ്രസിദ്ധീകരിച്ച എഎച്ച്എ ന്യൂസ് റിപ്പോർട്ടു ചെയ്തു. “വെറും മത വിശ്വാസമായി ഉരുത്തിരിഞ്ഞ ഒന്ന് ഡോക്ടർമാർ പ്രിയപ്പെടുന്ന ഒരു രീതിയും മികച്ച സാങ്കേതിക വിദ്യയുമായി മാറിക്കൊണ്ടിരിക്കുകയാണ്” എന്ന് ആ വാരിക റിപ്പോർട്ടു ചെയ്തു. “ഒരു പരിധിവരെ യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ പ്രോത്സാഹനമേകിയ രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും കേവലം ആത്മീയ രംഗത്ത് ഒതുങ്ങി നിൽക്കാതെ ലോകവ്യാപകമായി ശസ്ത്രക്രിയാ രംഗത്തേക്കു പ്രവേശിച്ചിരിക്കുന്നു.”
ഒട്ടനേകം ഡോക്ടർമാരും രക്തരഹിത ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ടൈം മാഗസിന്റെ 1997 ശരത്കാല പതിപ്പിലെ ഒരു അനുബന്ധ ലേഖനം എടുത്തുകാട്ടി. “എയ്ഡ്സിനെ കുറിച്ചുള്ള ഭയം ഒരു കാരണം മാത്രമേ ആകുന്നുള്ളൂ,” ആ ലേഖനം വ്യക്തമാക്കി. ന്യൂ ജേഴ്സിയിലെ എങ്കൽവുഡിലുള്ള, രക്തരഹിത ചികിത്സയുടെയും ശസ്ത്രക്രിയയുടെയും ഉന്നമനത്തിനായി എങ്കൽവുഡ് ആശുപത്രിയുടെ ന്യൂ ജേഴ്സി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പ്രവർത്തനത്തെ കുറിച്ച് പ്രസ്തുത ലേഖനം പ്രത്യേകം റിപ്പോർട്ടു ചെയ്തു.
ടൈം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഇപ്പോൾ യു.എസ്.-ൽ രക്തരഹിത ശസ്ത്രക്രിയ നടത്തുന്ന 50-ലധികം ആശുപത്രികളിൽ ഈ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം സ്ഥാനത്താണ്. സാധാരണഗതിയിൽ രക്തപ്പകർച്ച ആവശ്യമായിരുന്ന വിവിധ തരം ശസ്ത്രക്രിയകൾ അവരിപ്പോൾ യാതൊരു രക്തപ്പകർച്ചയും കൂടാതെ നടത്തുന്നു. രക്ഷ നഷ്ടം പരമാവധി കുറയ്ക്കുന്ന അല്ലെങ്കിൽ പൂർണമായി ഒഴിവാക്കുന്ന രീതികളും അവർ അതോടൊപ്പം അവലംബിക്കുന്നു.”
ഫലപ്രദം, സുരക്ഷിതം
ടൈം മാഗസിനിലെ ആ ലേഖനം മുഖവുരയിൽ ഹെൻറി ജാക്സൻ എന്ന വ്യക്തിയുടെ അനുഭവം എടുത്തു കാട്ടി. കഠിനമായ ആന്തരിക രക്തസ്രാവത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നു 90 ശതമാനം രക്തം വാർന്നുപോയിരുന്നു. തത്ഫലമായി, ഹീമോഗ്ലോബിന്റെ അളവ് ഡെസിലിറ്ററിന് 1.7 ഗ്രാം ആയി ഭീതിദമാം വിധം കുറഞ്ഞു. ന്യൂ ജേഴ്സിയിലെ ഒരാശുപത്രി രക്തപ്പകർച്ച കൂടാതെ ജാക്സനെ ചികിത്സിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അദ്ദേഹത്തെ എങ്കൽവുഡ് ആശുപത്രിയിലേക്കു കൊണ്ടുവന്നു.
എങ്കൽവുഡ് ആശുപത്രിയിൽ ആരിയേ ഷാൻഡർ എന്ന ഡോക്ടറുടെ ചികിത്സയിലായിരുന്നു ജാക്സൻ. “ഇരുമ്പിന്റെ അംശവും ജീവകങ്ങളും അടങ്ങിയ വീര്യം കൂടിയ സംയുക്തങ്ങൾ ജാക്സനു നൽകി. കൂടാതെ രക്തം ഉണ്ടാകുന്നതിനും അരുണ രക്താണുക്കൾ ഉത്പാദിപ്പിക്കാൻ അസ്ഥിമജ്ജയെ ഉത്തേജിപ്പിക്കുന്നതിനുമായി കൃത്രിമ ഇരിത്രോപൊയെറ്റിൻ എന്ന മരുന്നിന്റെ ശക്തമായ ഡോസുകളും അദ്ദേഹത്തിനു നൽകി. ഒടുവിൽ, ശരീരത്തിൽ അവശേഷിച്ച രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്നതിനു ഞരമ്പിലൂടെ ലായനികൾ ശരീരത്തിലേക്കു കടത്തിവിട്ടു.”
ടൈം റിപ്പോർട്ടു ചെയ്തപ്രകാരം ഏതാനും ദിവസങ്ങൾക്കു ശേഷം, “ജാക്സൻ മരിച്ചോ എന്ന് ആദ്യത്തെ ആശുപത്രി ഫോൺ വിളിച്ചു ചോദിച്ചു. തികഞ്ഞ സംതൃപ്തിയോടെ ഷാൻഡർ അവരോടു പറഞ്ഞു, ‘അദ്ദേഹം മരിച്ചിട്ടില്ലെന്നു മാത്രമല്ല ആശുപത്രി വിടാൻ പാകത്തിനു സുഖം പ്രാപിച്ചു വരികയുമാണ്. താമസിയാതെ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കും.’”
1997 നവംബർ 28-ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ, രക്തരഹിത ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഗവേഷണം പുരോഗതി നേടിയത് എങ്ങനെയെന്നു ന്യൂ ജേഴ്സിയിലെ ന്യൂവാർക്കിലുള്ള യൂണിവേഴ്സിറ്റി ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറായ ഡോ. എഡ്വിൻ ഡൈറ്റ്ച്ച് വിശദീകരിച്ചു: “യഹോവയുടെ സാക്ഷികൾ . . . രക്തപ്പകർച്ച കൂടാതെ ശസ്ത്രക്രിയ നടത്താൻ സന്നദ്ധരായവരെ കണ്ടെത്താൻ വളരെയധികം ശ്രമം നടത്തി. [രക്തരഹിത ചികിത്സയെ കുറിച്ചുള്ള] ആ പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രതീക്ഷിച്ചതിനു വിപരീതമായി രക്തരഹിത ചികിത്സയ്ക്കു വിധേയരായവരുടെ അവസ്ഥ രക്തം സ്വീകരിച്ചവരുടെതിനെക്കാൾ മെച്ചമായിരുന്നു എന്നാണ്.”
ഡോ. ഡൈറ്റ്ച്ച് കൂട്ടിച്ചേർത്തു: “രക്തത്തിന് പ്രതിരോധ വ്യവസ്ഥയെ താറുമാറാക്കാൻ കഴിയും. മാത്രമല്ല, ശസ്ത്രക്രിയാനന്തര അണുബാധയ്ക്കും അതു വഴിയൊരുക്കുന്നു; ആവർത്തിച്ചു കാൻസർ പിടിപെട്ടിട്ടുള്ള ആളുകളുടെ അവസ്ഥ രക്തപ്പകർച്ചമൂലം ഗുരുതരമാകുന്നു. അതുകൊണ്ട്, ചില സാഹചര്യങ്ങളിൽ ഗുണം ചെയ്തിട്ടുണ്ടെങ്കിലും രക്തത്തിനു ദോഷ ഫലങ്ങളുമുണ്ട്.” രക്തരഹിത ശസ്ത്രക്രിയയെ കുറിച്ച് ഡോ. ഡൈറ്റ്ച്ച് ഇങ്ങനെ നിഗമനം ചെയ്തു: “അതുമൂലം രോഗി കാര്യമായ കുഴപ്പങ്ങളൊന്നും കൂടാതെ സുഖം പ്രാപിക്കുന്നു. മാത്രമല്ല, അതു ചെലവു കുറഞ്ഞ ഏർപ്പാടുമാണ്. അതുകൊണ്ട്, എല്ലാ സാഹചര്യത്തിലും അത് അഭികാമ്യമാണ്.”
അങ്ങനെ, ടൈം പറഞ്ഞപ്രകാരം, “കൂടുതൽ കൂടുതൽ രോഗികൾ രക്തപ്പകർച്ചയെക്കാൾ സുരക്ഷിതവും ഫലപ്രദവുമായ മാർഗങ്ങൾ ആരായുകയാണ്.” ആ മാഗസിൻ ഇങ്ങനെയും റിപ്പോർട്ടു ചെയ്തു: “ചില കണക്കുകൾ അനുസരിച്ച്, അമേരിക്കയിൽ നടത്തുന്ന 25% രക്തപ്പകർച്ചയും അനാവശ്യമാണ്. മുമ്പു വിചാരിച്ചിരുന്നത്രയും കൂടിയ അളവിൽ ഹീമോഗ്ലോബിന്റെ അളവുകൾ സ്വീകരിക്കാൻ രോഗികൾക്കു കഴിവില്ലെന്നതിന്റെ സൂചനകളുണ്ട്. ചെറുപ്പക്കാരുടെ കാര്യത്തിലാണെങ്കിൽ അവർക്കു സ്വതവേ വേണ്ടത്ര രക്തമുണ്ടുതാനും. . . . മിക്ക രോഗികളുടെയും കാര്യത്തിൽ രക്തപ്പകർച്ച നടത്താതിരിക്കുന്നതാണ് ആയുസ്സ് വർധിപ്പിക്കുന്നതും അഭികാമ്യവുമായ തിരഞ്ഞെടുപ്പ് എന്ന് [ഷാൻഡർ] ഉറച്ചു വിശ്വസിക്കുന്നു.”
രക്തപ്പകർച്ചയിലൂടെ അങ്ങേയറ്റം അപകടകരമായ വിധത്തിൽ രോഗം പകരുന്നതു മാത്രമല്ല മറ്റു പ്രശ്നങ്ങളുമുണ്ട്. “രക്തബാങ്കിൽ തണുപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന രക്തത്തിന് ഓക്സിജനെ വഹിച്ചുകൊണ്ടു പോകാൻ പുതിയ രക്തത്തോളം കഴിവില്ല” എന്ന് ഡോ. ഷാൻഡർ വിശദീകരിച്ചു. “രക്തപ്പകർച്ച നടത്തുമ്പോൾ വാസ്തവത്തിൽ എന്താണു സംഭവിക്കുന്നത് എന്നു ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിട്ടേയുള്ളൂ” എന്നും അദ്ദേഹം പറഞ്ഞു.
“സ്വർണാധിഷ്ഠിത മൂല്യ നിർണയം”
ടൈം ഇങ്ങനെ ഉപസംഹരിച്ചു: “അതിനെല്ലാം പുറമേ പണച്ചെലവും: ഓരോ രക്തപ്പകർച്ചയ്ക്കും ഏതാണ്ട് 500 ഡോളർ ചെലവുണ്ട്, ഒപ്പം മറ്റ് ആശുപത്രി ചെലവുകളും. എല്ലാം കൂടി പ്രതിവർഷം ചികിത്സാ ചെലവ് 100 കോടി ഡോളറിനും 200 കോടി ഡോളറിനും ഇടയ്ക്കു വരും. ഇത് പകര ചികിത്സാരീതി തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനു മതിയായ കാരണമാണ്.” രക്തരഹിത ശസ്ത്രക്രിയയ്ക്ക് ഇപ്പോൾ പ്രചാരമേറിയിരിക്കുന്നതിന്റെ ഒരു പ്രമുഖ കാരണം രക്തപ്പകർച്ചയിൽ ഉൾപ്പെട്ടിരിക്കുന്ന ഭീമമായ ചെലവാണെന്നു തോന്നുന്നു.
ഒഹായോയിലെ ക്ലീവ്ലണ്ടിലുള്ള ഏഷ്യ സെന്റ് വിൻസന്റ് ചാരിറ്റി ആശുപത്രിയിലെ രക്തരഹിത ചികിത്സാ-ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ഡയറക്ടറായ ഷാരൻ വെർമൻ രക്തം ഉപയോഗിക്കാതെ രോഗികളെ ചികിത്സിക്കുന്നതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ചെലവുചുരുക്കൽ ചുറ്റുപാടിൽ രക്തരഹിത ചികിത്സ സ്വർണാധിഷ്ഠിത മൂല്യ നിർണയം പോലെയാണെന്നു ഡോക്ടർമാർ തിരിച്ചറിയുന്നതുകൊണ്ടാണ് അതിനു പ്രചാരം ലഭിക്കുന്നത്. ഞങ്ങളുടെ അനുഭവത്തിൽ, സാധാരണമായി ഞങ്ങളുമായി ഇടപാടുകളൊന്നും ഇല്ലാത്ത ഇൻഷുറൻസ് കമ്പനികളും പണലാഭം ഓർത്ത് ഞങ്ങളുടെ പക്കലേക്ക് ആളുകളെ അയയ്ക്കാറുണ്ട്.”
അങ്ങനെ, നിരവധി കാരണങ്ങളാൽ രക്തരഹിത ശസ്ത്രക്രിയ ചികിത്സാരംഗത്ത് അതിവേഗം അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്.
[11-ാം പേജിലെ ചതുരം]
സമീപകാല കോടതി വിധികൾ
യു.എസ്.എ.-യിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് 1997 നവംബർ, ഡിസംബർ മാസങ്ങളിൽ പ്രഖ്യാപിച്ച രണ്ടു കോടതി വിധികൾ വളരെ ശ്രദ്ധേയമായിരുന്നു. ആദ്യത്തെ കേസ് യഹോവയുടെ സാക്ഷിയായ മേരി ജോൺസിന്റേതാണ്. 1993-ൽ രക്തപ്പകർച്ചയെ ശക്തമായി എതിർത്തിട്ടും സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി രണ്ടു യൂണിറ്റു രക്തം അവരിൽ കുത്തിവെച്ചതിന് 1,50,000 ഡോളർ അവർക്കു നഷ്ടപരിഹാരമായി ലഭിച്ചു. അനാവശ്യ രക്തപ്പകർച്ചയുടെ ഫലമായുണ്ടായ വൈകാരിക ക്ഷതത്തിന്റെ പേരിൽ ഇത്രയും ഭീമമായ തുക ഒരു സാക്ഷിക്കു ലഭിക്കുന്നത് ആദ്യമായിട്ടാണ്.
രണ്ടാമത്തെ കേസ്, അന്നു ഗർഭിണിയായിരുന്ന ഡാർളിൻ ബ്രൗണിന്റേതാണ്. 34 ആഴ്ചയെത്തിയ ഭ്രൂണത്തിനു വേണ്ടിയാണ് അവരിൽ നിർബന്ധമായി രക്തം കുത്തിവെച്ചത്. 1997 ഡിസംബർ 31-ന് ഇല്ലിനോയിസിലെ അപ്പീൽ കോടതി അതിന്റെ തീർപ്പ് ഇപ്രകാരം വ്യക്തമാക്കി: “രക്തപ്പകർച്ച ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ആരോഗ്യനിലയെ തകിടംമറിക്കുന്ന കടന്നാക്രമണ സ്വഭാവമുള്ള ചികിത്സാരീതിയാണ്.” അപ്പീൽ കോടതി വിധിന്യായം പിൻവരുന്ന പ്രകാരം സംഗ്രഹിച്ചു: “ഈ സംസ്ഥാനത്തെ നിയമപ്രകാരം, . . . കടന്നാക്രമണ സ്വഭാവമുള്ള ചികിത്സാരീതി ഒരു ഗർഭിണിയുടെമേൽ നിയമപരമായി അടിച്ചേൽപ്പിക്കാൻ നമുക്ക് അവകാശമില്ല.”
മിസായി താക്കെദായുടെതാണ് അടുത്ത കേസ്. 1992-ൽ ഒരു ശസ്ത്രക്രിയയ്ക്കിടയിൽ അവരിൽ രക്തം കുത്തിവെച്ചു. അതിൽ ഡോക്ടറുടെ പക്ഷത്തു തെറ്റില്ലെന്ന് കീഴ്ക്കോടതി തീർപ്പു കൽപ്പിച്ചിരുന്നു. എന്നാൽ, 1998 ഫെബ്രുവരി 9-ന് ടോക്കിയോ ഹൈക്കോടതി അതു മറിച്ചു വിധിക്കുകയുണ്ടായി. “ചികിത്സ തിരഞ്ഞെടുക്കാനുള്ള രോഗിയുടെ അവകാശം ആദരിക്കപ്പെടണം. രക്തപ്പകർച്ച നടത്തിയതു നിയമവിരുദ്ധമാണ്” എന്നു ഹൈക്കോടതി വിധിച്ചു. മിസായി താക്കെദായ്ക്ക് 5,50,000 യെൻ (4,200 ഡോളർ) നഷ്ടപരിഹാരമായി ലഭിച്ചു.