യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
“ചിലപ്പോൾ ഞാനൊന്നും അറിയുകയേയില്ല. സഭായോഗത്തിൽ പരിപാടി ശ്രദ്ധിച്ചുകൊണ്ടിരിക്കുക ആയിരിക്കും. പെട്ടെന്ന് മനസ്സ് അലഞ്ഞുതിരിയാൻ തുടങ്ങുകയായി. പിന്നെ പത്തു മിനിറ്റു കഴിഞ്ഞായിരിക്കും ഞാൻ വീണ്ടും ശ്രദ്ധിക്കുന്നത്.”—ജെസ്സെ.
“ഇവിടെ ശ്രദ്ധിക്കൂ!” അധ്യാപകരോ മാതാപിതാക്കളോ നിങ്ങളോടു കൂടെക്കൂടെ ഇങ്ങനെ പറയാറുണ്ടോ? ഉണ്ടെങ്കിൽ, കാര്യാദികളിൽ മനസ്സു കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടായിരിക്കാം. തത്ഫലമായി നിങ്ങളുടെ ഗ്രേഡു കുറഞ്ഞു പോയേക്കാം. കൂടാതെ നിങ്ങൾ ലഹരിക്ക് അടിമപ്പെട്ടവനോ പരുക്കനോ ആണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് മറ്റുള്ളവർ നിങ്ങളെ അവഗണിച്ചേക്കാം.
കൂടുതൽ പ്രധാനമായി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ നിങ്ങളുടെ ആത്മീയതയെ പ്രതികൂലമായി ബാധിച്ചേക്കാം. എന്തായാലും ബൈബിൾ ഇപ്രകാരം അനുശാസിക്കുന്നുണ്ടല്ലോ: “നിങ്ങൾ എങ്ങനെ ചെവിക്കൊള്ളുന്നു എന്നു ശ്രദ്ധിക്കുക.” (ലൂക്കൊസ് 8:18, ഓശാന ബൈ.) വാസ്തവത്തിൽ ആത്മീയ കാര്യാദികൾക്കു “സാധാരണയിൽ കവിഞ്ഞ ശ്രദ്ധകൊടു”ക്കാൻ ക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. (എബ്രായർ 2:1, NW) ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, മേൽപ്പറഞ്ഞ ബുദ്ധ്യുപദേശം ചെവിക്കൊള്ളുക പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
എന്നാൽ, എന്തായിരിക്കാം അതിന്റെ കാരണം? ചില കേസുകളിൽ, എന്തെങ്കിലും ശാരീരിക പ്രശ്നമായിരിക്കാം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നതിനു കാരണം. ഉദാഹരണത്തിന്, ശ്രദ്ധക്കുറവു നിമിത്തമുള്ള ക്രമക്കേട് നാഡീസംജ്ഞകളെ പ്രേഷണം ചെയ്യുന്ന മസ്തിഷ്ക സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്നു ചില ഗവേഷകർ കരുതുന്നു.a ശ്രവണ വൈകല്യം, കാഴ്ചക്കുറവ് എന്നിങ്ങനെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രശ്നങ്ങൾ ചില യുവജനങ്ങൾക്കുണ്ട്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുവന്റെ പ്രാപ്തിയെ ഇവയും തടസ്സപ്പെടുത്തിയേക്കാം. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പൊതുവേ മുതിർന്നവരെക്കാൾ ബുദ്ധിമുട്ടുള്ളതു യുവജനങ്ങൾക്കാണെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. തന്മൂലം, വൈദ്യസംബന്ധമായ ക്രമക്കേടുകൾ ഒന്നുമില്ലെങ്കിൽപോലും, ശ്രദ്ധാവിമുഖത യുവജനങ്ങളിൽ സാധാരണമാണ്.
മാറുന്ന ചിന്താരീതികൾ
ശ്രദ്ധ കേന്ദ്രീകരിക്കുന്നതു ബുദ്ധിമുട്ടായി നിങ്ങൾക്ക് അനുഭവപ്പെടുന്നു എങ്കിൽ, അതു വളർച്ചയുടെ പരിണത ഫലങ്ങളാകാനാണ് കൂടുതൽ സാധ്യത. അപ്പോസ്തലനായ പൗലൊസ് എഴുതി: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.” (1 കൊരിന്ത്യർ 13:11) അതേ, പ്രായപൂർത്തിയിലേക്കു വളരവേ, നിങ്ങളുടെ ചിന്താരീതികൾക്കു മാറ്റം വരുന്നു. കൗമാരം തളിർക്കുമ്പോൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത് അനുസരിച്ച്, “പുത്തൻ ചിന്താപ്രാപ്തികൾ . . . കൗമാര പ്രായത്തിന്റെ ആരംഭത്തിൽ ഉളവാകുന്നു.” അമൂർത്ത ആശയങ്ങളും സങ്കൽപ്പങ്ങളും ഗ്രഹിക്കാനും അപഗ്രഥിക്കാനുമുള്ള പ്രാപ്തി നിങ്ങൾ വികസിപ്പിച്ചെടുക്കുന്നു. സാന്മാർഗികവും സദാചാരപരവുമായ മറ്റു വിഷയങ്ങളിലുള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുതൽ ആഴമുള്ളതാകുന്നു. മുതിർന്നവരെപ്പോലെ സ്വന്തം ഭാവി സംബന്ധിച്ചു നിങ്ങൾ ചിന്തിച്ചു തുടങ്ങുന്നു.
അതുകൊണ്ടുള്ള പ്രശ്നമെന്താണ്? നിങ്ങളുടെ മസ്തിഷ്കത്തിൽ ഊറ്റം കൊള്ളുന്ന ഈ പുതിയ ചിന്തകളും ആശയങ്ങളും സങ്കൽപ്പങ്ങളുമൊക്കെ അങ്ങേയറ്റം ശ്രദ്ധാശൈഥില്യത്തിനു കാരണമായേക്കാം. ഒരു കുട്ടിയുടേതായ ലളിതവും അടിസ്ഥാനവുമായ തലത്തിലല്ല നിങ്ങൾ മേലാൽ ചിന്തിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ അപഗ്രഥിക്കാനും ചോദ്യം ചെയ്യാനും നിങ്ങളുടെ മസ്തിഷ്കം ഇപ്പോൾ പ്രേരണയേകുന്നു. ഒരു അധ്യാപകനോ ലെക്ചററോ പറയുന്ന സംഗതികൾ അതിനോടു ബന്ധപ്പെട്ട കാര്യങ്ങളിൽ മനസ്സ് അലഞ്ഞു തിരിയുന്നതിന് ഇടയാക്കിയേക്കാം. എന്നാൽ, അതിനു കടിഞ്ഞാണിടുന്നില്ലെങ്കിൽ, വിലയേറിയ വിവരങ്ങൾ നിങ്ങൾക്കു നഷ്ടമായേക്കാം. രസകരമെന്നു പറയട്ടെ, നീതിമാനായ യിസ്ഹാക്ക് ശാന്തമായി ധ്യാനിക്കാനായി സമയം ചെലവഴിച്ചെന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 24:63) വിശ്രമിക്കാനും ധ്യാനിക്കാനും കാര്യാദികൾ അവലോകനം ചെയ്യാനുമൊക്കെയായി ഓരോ ദിവസവും കുറച്ചു സമയം മാറ്റിവെക്കുന്നതു മറ്റു സന്ദർഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചേക്കും.
വികാരങ്ങളും ഹോർമോണുകളും
നിങ്ങളുടെ വികാരങ്ങളും ശ്രദ്ധാശൈഥില്യത്തിനു കാരണമായേക്കാം. കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന കാര്യാദികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ, മറ്റു കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങൾക്കു മുഷിച്ചിലും ആവേശവും, വിഷാദവും ആഹ്ലാദവും അനുഭവപ്പെട്ടേക്കാം. എന്നാൽ പരിഭ്രമിക്കേണ്ട! നിങ്ങൾക്കു കുഴപ്പമൊന്നുമില്ല. സർവ സാധ്യതയുമനുസരിച്ച്, ഇത് നിങ്ങളുടെ ഹോർമോണുകളുടെ പ്രവർത്തനമാണ്. നിങ്ങൾ താരുണ്യത്തിന്റെ മാറ്റങ്ങൾ അനുഭവിക്കുകയാണ്.
കാത്തീ മകോയിയും ചാൾസ് വിബിൾസ്മെനും എഴുതുന്നു: “കൗമാര പ്രായത്തിൽ വികാരവേലിയേറ്റം ഉണ്ടാകുന്നു . . . ഈ വികാരവ്യതിയാനം ഒരളവോളം കൗമാരപ്രായത്തിന്റെ ഭാഗമാണ്. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന മാറ്റങ്ങളുടെ ഫലമായുണ്ടാകുന്ന സമ്മർദവും ഒരളവോളം ഇതിനു കാരണമാകുന്നു.” കൂടാതെ, ലൈംഗിക അഭിനിവേശം അതിന്റെ മൂർധന്യത്തിലെത്തുന്ന “നവയൗവന”ത്തിലേക്കു നിങ്ങൾ കാൽ ഊന്നുകയുമാണ്. (1 കൊരിന്ത്യർ 7:36, NW) എഴുത്തുകാരിയായ രൂത്ത് ബെൽ അഭിപ്രായപ്പെടുന്നു: “താരുണ്യത്തിൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ മിക്കപ്പോഴും തീവ്രമായ ലൈംഗിക വികാരങ്ങൾ ജനിപ്പിക്കുന്നു. നിങ്ങൾ ലൈംഗികതയെ കുറിച്ചു വളരെ ചിന്തിക്കുകയും എളുപ്പം ലൈംഗികമായി ഉത്തേജിതനാകുകയും ചെയ്തേക്കാം. ചിലപ്പോൾ ലൈംഗിക കാര്യത്തിൽ മനസ്സു വ്യാപരിക്കുന്നു എന്നു വരാം.”b
ലേഖനത്തിന്റെ ആരംഭത്തിൽ പരാമർശിച്ച ജെസ്സെ കൗമാരപ്രായക്കാരുടെ ഇടയിൽ വളരെ സാധാരണമായ മാനസിക അലഞ്ഞുതിരിയൽ അനുഭവിക്കുന്നു. അവൻ പറയുന്നു: “ചിലപ്പോൾ ഞാൻ പെൺകുട്ടികളെ കുറിച്ചോ എനിക്കുള്ള പ്രശ്നങ്ങളെ കുറിച്ചോ പിന്നീട് ഞാൻ എന്തു ചെയ്യുമെന്നോ ഒക്കെ ചിന്തിക്കുന്നു.” ഒടുവിൽ, വികാര തിരത്തള്ളൽ ശമിക്കും. അതിനിടയിൽ ആത്മശിക്ഷണത്തിനായി പ്രയത്നിക്കുക. അപ്പോസ്തലനായ പൗലൊസ് എഴുതി: “എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:27) വികാരങ്ങൾക്കു കടിഞ്ഞാണിടാൻ പഠിക്കുന്നതിനനുസരിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങൾക്കു സാധിക്കും.
നിങ്ങളുടെ ഉറക്കശീലങ്ങൾ
ശാരീരികമായി വളരുന്നതിനും ഓരോ ദിവസവും മനസ്സിലാക്കുന്ന ധാരാളം പുതിയ സങ്കൽപ്പങ്ങളും വികാരങ്ങളും വിശകലനം ചെയ്യാൻ മസ്തിഷ്കത്തെ അനുവദിക്കുന്നതിനും നിങ്ങൾക്കു വേണ്ടത്ര ഉറക്കം ആവശ്യമാണ്. എന്നിരുന്നാലും, മിക്ക യുവജനങ്ങളുടെയും പട്ടികയിൽ ഉറക്കസമയം വളരെ കുറവാണ്. ഒരു നാഡീശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു: “ഒരുവൻ തന്റെ ശരീരത്തോട് എത്ര മണിക്കൂർ ഉറക്കം കടപ്പെട്ടിരിക്കുന്നുവോ ശരീരം അതൊരിക്കലും മറക്കുകയില്ല. നേരേമറിച്ച്, അത് എപ്പോഴും ഓർത്തിരിക്കുകയും പെട്ടെന്ന് ഓർമനഷ്ടം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ, മന്ദമായ ചിന്താപ്രാപ്തി എന്നീ രൂപത്തിൽ അതിന്റെ ബില്ല് അവതരിപ്പിക്കുകയും ചെയ്യും.”
ഓരോ ദിവസവും സാധാരണ ഉറങ്ങുന്നതിനെക്കാൾ ഒന്നോ അതിലധികമോ മണിക്കൂർ കൂടുതൽ ഉറങ്ങുന്നതിനാൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രാപ്തി വളരെ വർധിപ്പിക്കാനാകും എന്നു ചില ഗവേഷകർ കരുതുന്നു. ആലസ്യത്തെയും നിദ്രാപ്രിയത്തെയും ബൈബിൾ കുറ്റംവിധിക്കുന്നു എന്നതു ശരിതന്നെ. (സദൃശവാക്യങ്ങൾ 20:13) എന്നുവരികിലും, ഫലപ്രദമായി പ്രവർത്തിക്കുന്നതിന് വേണ്ടത്ര വിശ്രമം എടുക്കുന്നത് തികച്ചും ഉചിതമാണ്.—സഭാപ്രസംഗി 4:6.
ഭക്ഷണക്രമവും ശ്രദ്ധ കേന്ദ്രീകരിക്കലും
ഭക്ഷണക്രമം ആയിരിക്കാം മറ്റൊരു പ്രശ്നം. കൊഴുപ്പും മധുരവും നിറഞ്ഞ ഭക്ഷണം യുവജനങ്ങളുടെ ഇടയിൽ പ്രിയങ്കരമാണ്. പോഷക രഹിതമായ ഇത്തരം ഭക്ഷണം വളരെ രുചികരം ആയിരിക്കാമെങ്കിലും അത് മാനസിക ഉത്തേജനത്തെ മന്ദീഭവിപ്പിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. അതുപോലെതന്നെ ബ്രെഡ്, സിറീയൽ, ചോറ്, പാസ്റ്റ തുടങ്ങിയ ധാന്യ ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷവും മാനസിക കാര്യക്ഷമത മന്ദീഭവിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ധാന്യകം മസ്തിഷ്കത്തിൽ സെറട്ടോണിൻ എന്ന ഒരു രാസവസ്തുവിന്റെ അളവ് വർധിപ്പിക്കുന്നതായിരിക്കാം ഇതിന്റെ കാരണം. തന്മൂലം ഒരുവൻ ഉറക്കം തൂങ്ങുന്നു. അതുകൊണ്ട് മാനസിക ഉണർവ് ആവശ്യമായ ഏതൊരു പ്രവർത്തനത്തിനും മുമ്പ് മാംസ്യ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ ചില പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ടിവിയുടെയും കമ്പ്യൂട്ടറിന്റെയും തലമുറ
ടിവിയും അതിവേഗം വർധിച്ചു കൊണ്ടിരിക്കുന്ന അതിന്റെ പ്രചാരവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള യുവജനങ്ങളുടെ പ്രാപ്തിയെ കുറയ്ക്കുന്നെന്നു വിദ്യാഭ്യാസ വിചക്ഷണർ വർഷങ്ങളായി മനസ്സിലാക്കി വരുന്നു. ഇപ്പോൾ ചിലർക്കു കമ്പ്യൂട്ടറിനെ സംബന്ധിച്ചും സമാന അഭിപ്രായമുണ്ട്. ഈ ആധുനിക സങ്കേതിക വിദ്യകൾ യുവജനങ്ങളെ യഥാർഥത്തിൽ എങ്ങനെയാണു ബാധിക്കുന്നത് എന്നതു സംബന്ധിച്ച് വിദഗ്ധരുടെ ഇടയിൽ തർക്കങ്ങൾ നിലനിൽക്കുന്നെങ്കിലും, ടിവി കാണാനോ കമ്പ്യൂട്ടർ കളികളിൽ ഏർപ്പെടാനോ വളരെയധികം സമയം ചെലവഴിക്കുന്നത് ഒരിക്കലും ആരോഗ്യാവഹമല്ല. ഒരു യുവാവ് ഇങ്ങനെ സമ്മതിക്കുന്നു: “വീഡിയോ കളികൾ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ആവശ്യമുള്ളതു പെട്ടെന്ന് ലഭിക്കത്തക്ക വിധത്തിൽ കുട്ടികളായ ഞങ്ങളെ പരുവപ്പെടുത്തുന്നു.”
കഠിന പ്രയത്നം, സ്ഥിരോത്സാഹം, പഴഞ്ചനെന്നു കരുതപ്പെടുന്ന ക്ഷമ എന്നിവയിലൂടെ മാത്രമേ ജീവിതത്തിൽ പല സംഗതികളും നേടാൻ സാധിക്കുകയുള്ളൂ എന്നതാണ് പ്രശ്നം. (എബ്രായർ 6:12, താരതമ്യം ചെയ്യുക; യാക്കോബ് 5:7.) അതുകൊണ്ട് വേഗത്തിൽ നീങ്ങുന്നതും വിനോദിപ്പിക്കുന്നതുമായ കാര്യാദികളാണ് മൂല്യവത്തായതെന്നു നിഗമനം ചെയ്യരുത്. ടിവി കാണുന്നതും കമ്പ്യൂട്ടർ കളികളിൽ ഏർപ്പെടുന്നതും രസകരം ആയിരുന്നേക്കാമെങ്കിലും പെയിന്റിങ്ങിൽ ഏർപ്പെടുകയോ ചിത്രം വരയ്ക്കുകയോ ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുകയോ ചെയ്യരുതോ? ഇത്തരം സിദ്ധികൾ നിങ്ങളുടെ ശ്രദ്ധാപ്രാപ്തിയെ വർധിപ്പിച്ചേക്കും.
നിങ്ങളുടെ ശ്രദ്ധാപ്രാപ്തി വർധിപ്പിക്കാൻ മറ്റു വഴികൾ ഉണ്ടോ? തീർച്ചയായും. ഒരു ഭാവി ലക്കം അവയിൽ ചിലതിലേക്കു വെളിച്ചം വീശും.
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ പിൻവരുന്ന ലക്കങ്ങൾ കാണുക: 1994 നവംബർ 22, 3-12 പേജുകൾ; 1996 ജൂൺ 22, 11-13 പേജുകൾ; 1997 ഫെബ്രുവരി 22, 5-10 പേജുകൾ.
b 1994 ആഗസ്റ്റ് 8 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത എങ്ങനെ നിർത്താൻ കഴിയും?” എന്ന ലേഖനം കാണുക.
[20-ാം പേജിലെ ആകർഷകവാക്യം]
പോഷകരഹിതമായ ഭക്ഷണം മാനസിക ഉത്തേജനത്തെ മന്ദീഭവിപ്പിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു
[20-ാം പേജിലെ ആകർഷകവാക്യം]
‘ചിലപ്പോൾ ഞാൻ പെൺകുട്ടികളെ കുറിച്ചോ എനിക്കുള്ള പ്രശ്നങ്ങളെ കുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുന്നു’
[19-ാം പേജിലെ ചിത്രം]
ക്ലാസ്സിൽ ശ്രദ്ധിക്കുക പ്രയാസമാണെന്നു നിങ്ങൾക്കു മിക്കപ്പോഴും തോന്നാറുണ്ടോ?