കൽക്കട്ട—വൈവിധ്യങ്ങളുടെ ജീവസ്സുറ്റ നഗരം
ഇന്ത്യയിലെ ഉണരുക! ലേഖകൻ
ബ്രിട്ടീഷ് ഗന്ഥകർത്താവായ റുഡ്യാർഡ് കിപ്ളിങ്ങിനെ സംബന്ധിച്ചിടത്തോളം അത് “ഭീതിദ രാവിന്റെ നഗരം,” “ജനനിബിഡവും പകർച്ചവ്യാധികൾ ഉള്ളതുമായ ഒരു പട്ടണം” ആയിരുന്നു. പ്രശസ്ത ഉർദു കവിയായ മിർസാ ഗാലിബിനാണെങ്കിൽ അത് “വളരെ നവോന്മേഷപ്രദമായ ഒരു നഗരം,” “സ്വർഗീയ നഗരം” ആയിരുന്നു. ഗ്രന്ഥകർത്താവായ ഡൊമിനിക് ലാപിയർ ആ നഗരത്തിലേക്കുള്ള ഓരോ സന്ദർശനവും “വശ്യമായ ഒരു പുത്തൻ അനുഭവ”മാണെന്നു കണ്ടെത്തി. എന്നാൽ നാഷണൽ ജിയോഗ്രഫിക്കിൽ എഴുതവേ പീറ്റർ റ്റി. വൈറ്റ് “ഭയാനകം, ഘോരം, ഭീതിദം. ലോകത്തിലെ ഏറ്റവും വലിയ ചേരി” എന്നൊക്കെ ആളുകൾ അതിനെ വിളിക്കുന്നതായി ഉദ്ധരിച്ചു. കൽക്കട്ട (ബംഗാളിയിൽ കൊലിക്കത്ത) വൈവിധ്യങ്ങളുടെ നഗരം ആണെന്നുള്ളതിനു സംശയമില്ല.
നഗരത്തിന്റെ സ്ഥാപനം
ഇന്ത്യയുടെ വടക്കുകിഴക്കൻ തീരത്തായി, പശ്ചിമ ബംഗാൾ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന കൽക്കട്ട പുരാതന ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഡൽഹി, തഞ്ചാവൂർ തുടങ്ങിയ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന് അധികം പഴക്കമില്ല. മിക്ക നഗരങ്ങളുടെയും കാര്യത്തിലെന്നപോലെ കൽക്കട്ടയുടെ ജനനത്തിനും കാരണം ഒരു നദിയാണ്—മഹാനദിയായ ഗംഗ. ബംഗാൾ ഉൾക്കടലിനടുത്തുവെച്ച് ഗംഗാനദി രണ്ടു പോഷകനദികളായും പിന്നീടു പലതായും പിരിയുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ നദീമുഖ തുരുത്തിന് അതു രൂപം കൊടുക്കുന്നു. നദീമുഖ തുരുത്തിന്റെ പടിഞ്ഞാറേ അറ്റത്താണ് മുമ്പ് ഭാഗീരഥി-ഗംഗാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഹൂഗ്ലി നദി. അതു തെക്കോട്ടൊഴുകി കടലിൽ പതിക്കുന്നു.
15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരുമായ വ്യാപാരികൾ ഹൂഗ്ലി നദിയിലൂടെ സഞ്ചരിച്ചെത്തുകയും പ്രാദേശിക ഭരണാധികാരികളുടെ അനുവാദത്തോടെ വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഓഫീസറായിരുന്ന ജോബ് ചാർണോക്ക് സൂതാനൂടി ഗ്രാമത്തെ ഒരു വ്യാപാരകേന്ദ്രമായി തിരഞ്ഞെടുത്തു. ചില പ്രതിബന്ധങ്ങൾക്കു ശേഷം അദ്ദേഹം സൂതാനൂടിയിലേക്കു ജലമാർഗം സഞ്ചരിച്ചു. അതിനു പുറമേ അദ്ദേഹം ഗോവിന്ദപൂർ, കൊലിക്കത്ത എന്നീ ഗ്രാമങ്ങളിലേക്ക് തന്ത്രപൂർവം പ്രവേശിക്കുകയും വെറുമൊരു വ്യാപാര കേന്ദ്രത്തിനു പകരം ഒരു ബ്രിട്ടീഷ് കോളനി സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനമിടുകയും ചെയ്തു. അത് 1690 ആഗസ്റ്റ് 24-നായിരുന്നു. അങ്ങനെ കൽക്കട്ട പിറവികൊണ്ടു!
1698-ൽ നിയമപരമായി കുടികിടപ്പവകാശം നേടിയെടുത്തു. 1757 വരെ ബ്രിട്ടീഷുകാർ മുഗൾ ചക്രവർത്തിമാർക്ക് പാട്ടം കൊടുത്തുകൊണ്ടിരുന്നു. വികസിച്ചു കൊണ്ടിരുന്ന ആ നഗരത്തിന് സൈനിക സംരക്ഷണം നൽകാൻ ബ്രിട്ടീഷുകാർ വില്യം കോട്ട നിർമിച്ചു. വില്യം കോട്ടയുടെ സുരക്ഷിതത്വത്തിന്റെ തണലിൽ വ്യാപാരികൾ വലിയ സുഖവസതികൾ പണിയാൻ തുടങ്ങി. അപ്പോഴേക്കും ആ പട്ടണത്തിലെയും ചുറ്റുമുള്ള ഗ്രാമങ്ങളിലെയും ജനസംഖ്യ 4,00,000 എത്തിക്കഴിഞ്ഞിരുന്നു. വ്യാപാര ആവശ്യങ്ങൾക്കായി പ്രതിവർഷം 50-ഓളം കപ്പലുകൾ ഹൂഗ്ലി മാർഗം വന്നെത്തി.
കൽക്കട്ടയിലെ ഇരുട്ടറ
1756-ൽ സിരാജ്-ഉദ്-ദൗള എന്നു പേരുള്ള ബംഗാളിലെ എടുത്തുചാട്ടക്കാരനായ ഒരു യുവ ഭരണാധികാരി കൽക്കട്ടയെ ആക്രമിച്ചു. കൽക്കട്ടാ വാസികളിലധികവും പലായനം ചെയ്തു. എന്നാൽ വില്യം കോട്ടയിൽ അഭയം പ്രാപിച്ച യൂറോപ്പുകാരിൽ അധികവും കീഴടങ്ങി. വീർപ്പുമുട്ടിക്കുന്ന ചൂടുള്ള ജൂൺ മാസത്തിൽ അവരെ ഒരു കൊച്ചു ലോക്കപ്പിലിട്ടു. പിറ്റേ ദിവസം നോക്കിയപ്പോൾ അവരിൽ പലരും ശ്വാസംമുട്ടി മരിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നീട് ആ ലോക്കപ്പ് കൽക്കട്ടയുടെ ഇരുട്ടറ എന്നറിയപ്പെട്ടു.
ഈ സംഭവം ഈസ്റ്റ് ഇന്ത്യാ കമ്പനിയെ രോഷം കൊള്ളിച്ചു. അങ്ങനെ 1757-ൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം പട്ടണം തിരിച്ചു പിടിക്കാനായി പുറപ്പെട്ടു. തുടർന്നുണ്ടായ പ്ലാസി യുദ്ധമാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ചതെന്ന് പറയപ്പെടുന്നു. കൽക്കട്ടയുടെ മേൽ ഉണ്ടായ ഫലമോ? 1773-ൽ അത് ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനമായിത്തീർന്നു. 1911 വരെ അത് അങ്ങനെ തുടരുകയും ചെയ്തു.
കൽക്കട്ടയുടെ മുഖച്ഛായ മാറുന്നു
നഗരത്തിലേക്കു പണമൊഴുകിയതോടെ പ്രൗഢിയേറിയ കെട്ടിടങ്ങൾ ഉയർന്നുവന്നു. അങ്ങനെ കൽക്കട്ടയ്ക്ക് കൊട്ടാരങ്ങളുടെ നഗരം എന്ന പേരു കിട്ടി. വീതിയുള്ള റോഡുകൾ നിർമിക്കപ്പെട്ടു, കാഴ്ചബംഗ്ലാവുകളും ലൈബ്രറികളും സ്ഥാപിക്കപ്പെട്ടു. ഇപ്പോഴും കാണാവുന്ന ഹൃദയഹാരികളായ പല കെട്ടിടങ്ങളും ഇതിന്റെ ബാക്കിപത്രങ്ങളാണ്.
190 വർഷത്തെ ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം മോഹൻദാസ് ഗാന്ധിയുടെയും ജവാഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൻ കീഴിൽ ഇന്ത്യ 1947-ൽ സ്വാതന്ത്ര്യം പ്രാപിച്ചു. അതേത്തുടർന്ന് ഇന്ത്യയുടെ വിഭജനവും നടന്നു. മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീം സംസ്ഥാനങ്ങളായ പൂർവ പാകിസ്ഥാനും പശ്ചിമ പാകിസ്ഥാനും രൂപംകൊണ്ടു. 1971-ൽ പൂർവ പാകിസ്ഥാൻ ബംഗ്ലാദേശ് ആയിത്തീർന്നു. ഈ സംഭവവികാസങ്ങളുടെ ഫലമായി കൽക്കട്ടയിലേക്ക് അഭയാർഥികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി; പ്രധാനനഗരിയിൽ ഇന്ന് 1,20,00,000-ത്തിലധികം ജനങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു.
ഉപജീവനമാർഗമില്ലാതെ ഒട്ടനവധിയാളുകൾ പെട്ടെന്നു വന്നെത്തിയത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കി. പാർപ്പിട സൗകര്യങ്ങളുടെ അഭാവം മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് ശുചിത്വ സൗകര്യങ്ങളോ വൈദ്യുതിയോ വെള്ളമോ ഒട്ടും ഇല്ലാത്ത അല്ലെങ്കിൽ അൽപ്പം മാത്രമുള്ള ഏറ്റവും ദരിദ്രമായ ചേരികളിലും കാർഡ്ബോർഡും ചണവും കൊണ്ടുണ്ടാക്കിയ വീടുകളിലും പാർക്കേണ്ടി വന്നു. വേറെ ആയിരങ്ങൾ തെരുവിൽ കഴിഞ്ഞുകൂടി. കൽക്കട്ട “സമ്പദ്വ്യവസ്ഥ, പാർപ്പിട സൗകര്യങ്ങൾ, ശുചിത്വം, ഗതാഗതം, മനുഷ്യന്റെ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയുടെ കാര്യത്തിൽ അതിവേഗം തകർച്ചയിലേക്കു നിപതിക്കുകയാണ്” എന്ന് കൽക്കട്ടയിലെ സ്ഥിതിഗതികളെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന ഒമ്പത് അന്തർദേശീയ നഗര ആസൂത്രകർ 1967-ൽ പ്രസ്താവിച്ചു. ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു.
കൂടുതൽ പാർപ്പിടങ്ങൾ നിർമിക്കുന്നതിനായി—പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാർക്കു വേണ്ടി—ഉവർ ചതുപ്പായി കിടന്നിരുന്ന ഒരു വിസ്തൃത പ്രദേശം നികത്തിയെടുത്തു. കൂടാതെ നിലം നികത്തുന്നതിനായി നദിയിൽനിന്ന് എക്കൽ കോരിയെടുത്തതു മൂലം ജലയാത്ര മെച്ചപ്പെട്ടു.
1990-കളുടെ ആരംഭത്തിൽ ഇന്ത്യയിൽ അന്തർദേശീയ നിക്ഷേപം വളരെയുണ്ടായി. കൽക്കട്ട ഒറ്റപ്പെടാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഒരു ഗംഭീര ശുചീകരണ പരിപാടി ആരംഭിച്ചു. ചേരി നിവാസികളെ നഗരത്തിനു വെളിയിൽ മാറ്റിപ്പാർപ്പിച്ചു. ചപ്പുചവർ ഉപയോഗിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിച്ചു. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളും തുറസ്സായ സ്ഥലത്തു വെക്കുന്ന പുക വമിക്കുന്ന അടുപ്പുകളും നിരോധിച്ചു. റോഡുകളുടെ വീതി കൂട്ടി. ഷോപ്പിങ് സെന്ററുകളും നിർമിച്ചു. ആളുകൾ സംഘം ചേർന്ന് പരിസരം ശുചിയാക്കുകയും തേച്ചുകഴുകുകയും പെയിന്റടിക്കുകയും ചെയ്തു. കൽക്കട്ടയെ ആപത്തിന്റെ വക്കിൽനിന്ന് രക്ഷപ്പെടുത്തി അതിന് പുതുജീവൻ നൽകി. അങ്ങനെ ‘മരിച്ചുകൊണ്ടിരുന്ന,’ ആ ‘വിപത് ഗ്രസ്ത’ നഗരം വീണ്ടും ജീവസ്സുറ്റതായിത്തീർന്നു. നേട്ടങ്ങളെയും പൗരന്മാർക്കുള്ള സുഖസൗകര്യങ്ങളെയും കുറിച്ചുള്ള 1997-ലെ ഒരു റിപ്പോർട്ടിൽ കൽക്കട്ട ഇന്ത്യയിലെ മറ്റെല്ലാ പ്രമുഖ നഗരങ്ങളെക്കാളും വളരെ മുന്നിലായിരുന്നു.
വ്യാപാര തലസ്ഥാനം
അയൽ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നു കുടിയേറി പാർത്തവർ, സ്വദേശികളായ ബംഗാളികൾ, ദീർഘനാളായി അവിടെ പാർത്തു വരുന്ന ചൈനാക്കാർ, അർമേനിയക്കാർ ഇവരെല്ലാമുള്ള ആ പ്രധാനനഗരി ഭാഷകളുടെയും സംസ്കാരങ്ങളുടെയും മതങ്ങളുടെയും പാചകരീതികളുടെയും ഒരു സംഗമസ്ഥാനം ആയിത്തീർന്നിരിക്കുന്നു. ഈ ജനലക്ഷങ്ങളെ കൽക്കട്ടയിലേക്ക് ആകർഷിച്ചത് എന്താണ്? വ്യാപാരം! ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള കപ്പലുകൾ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമസ്ഥാനമായ ഈ തുറമുഖത്തു വന്നണഞ്ഞു. കയറ്റുമതി ചരക്കുകളിൽ വെടിയുപ്പ്, ചണം, തേയില, പഞ്ചസാര, നീലം, പരുത്തി, പട്ടുനൂൽ എന്നിവ ഉൾപ്പെട്ടിരുന്നു. റോഡുമാർഗവും തീവണ്ടിമാർഗവും കടൽമാർഗവും വളരെയധികം സാധനങ്ങൾ കൽക്കട്ടയിൽനിന്ന് കയറ്റി അയയ്ക്കപ്പെടുകയും അവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പടുകൂറ്റൻ ഇരുമ്പ്-ഉരുക്കു വാർപ്പുശാലകൾ നിർമിക്കപ്പെട്ടു. ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കും ഉള്ള വിലയേറിയ ധാതുക്കൾ ഖനനം ചെയ്തെടുക്കുകയും ചെയ്തു.
വ്യാപാര പുരോഗതിക്ക് ഒരു തുറമുഖം അനിവാര്യമായിരുന്നു. ആദ്യമൊക്കെ ബ്രിട്ടീഷുകാർ ഹൂഗ്ലിയിലെ ആഴംകൂടിയ ഭാഗത്ത് കപ്പലുകൾ നങ്കൂരമിട്ടിട്ട് ചെറിയ ബോട്ടുകൾ വഴി സാധനങ്ങൾ കരയ്ക്കെത്തിക്കുകയാണ് ചെയ്തിരുന്നത്. 1758-ൽ കൽക്കട്ടയിൽ ചെറിയൊരു തുറമുഖം സ്ഥാപിക്കപ്പെട്ടു. പിന്നീട് അത് ഇന്ത്യയിലെ പ്രമുഖ തുറമുഖമായിത്തീർന്നു. തുടർച്ചയായ ആധുനികവത്കരണവും ഗംഗാനദിയിലെ ഒരു ഡാമിൽനിന്നുള്ള വെള്ളത്തിന്റെ കൂടുതലായ ഒഴുക്കും നിമിത്തം കൽക്കട്ടയുടെ അന്തർദേശീയ-തീരദേശ-ഉൾനാടൻ ജലഗതാഗതം വികാസം പ്രാപിച്ചു.
പുരാതനവും ആധുനികവുമായ ഗതാഗത സൗകര്യങ്ങൾ
1.2 കോടിയിലേറെ ജനങ്ങളുള്ള നഗരത്തിൽ ഗതാഗതം ഒരു വലിയ പ്രശ്നമാണ്. ഒരു ആധുനിക നഗരത്തിൽ സാധാരണമായി കാണാൻ കഴിയുന്ന സകലവിധ ഗതാഗത സൗകര്യങ്ങളും അതിൽ കൂടുതലും ഉണ്ട് കൽക്കട്ടയിൽ! റിക്ഷാ ഡ്രൈവർമാർ ഗതാഗത തിരക്കിനിടയിലൂടെ വേഗത്തിൽ റിക്ഷ വലിച്ചുകൊണ്ടു പോകുന്നതു കാണുമ്പോൾ സന്ദർശകർ അതിശയം കൂറുന്നു. അവർ പലപ്പോഴും, ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുന്ന ബസ്സിനെക്കാളും ടാക്സിയെക്കാളും വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. സാധനങ്ങൾ കൊണ്ടുപോകാനായി 1900-ൽ ഉപയോഗത്തിൽ വന്ന റിക്ഷ പെട്ടെന്നുതന്നെ ആളുകളെ കൊണ്ടുപോകാനും ഉപയോഗിച്ചു തുടങ്ങി; നഗരവീഥികളിൽ 25,000-ത്തോളം റിക്ഷകളുള്ളതായി വിശ്വസിക്കപ്പെടുന്നു! ഗതാഗതത്തെ തടസ്സപ്പെടുത്തുന്നെങ്കിലും അവ 50,000-ത്തോളം പുരുഷന്മാർക്ക് തൊഴിലും അതിലുമേറെ ആളുകൾക്ക് ഗതാഗത മാർഗവും പ്രദാനം ചെയ്യുന്നു.
ആയിരക്കണക്കിന് സ്ഥിരയാത്രക്കാർ കടത്തുബോട്ടുകളിൽ കൽക്കട്ടയിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽനിന്ന് മുഖ്യ വ്യാപാര മേഖലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നു. റോഡിലെ ഗതാഗത പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി നദിയിലൂടെയുള്ള ഗതാഗതം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തെന്നാൽ 50,000-ത്തിലധികം കാറുകളും ആയിരക്കണക്കിന് ട്രക്കുകളും ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാലമായ ഹൗറ പാലത്തിലൂടെ ഓരോ ദിവസവും ബുദ്ധിമുട്ടി കടന്നുപോകുന്നത്.
ഒരുപക്ഷേ നഗരത്തിലെ ഏറ്റവും പ്രിയപ്പെട്ട വാഹനം ഇലക്ട്രിക് ട്രാമുകൾ ആയിരിക്കാം. മലിനീകരണം ഉളവാക്കാത്തതും ധാരാളം പേർക്ക് കയറാവുന്നതും ഊർജനഷ്ടമില്ലാത്തതും ആയ ഈ മികച്ച ഗതാഗത സമ്പ്രദായം ദിവസവും ലക്ഷക്കണക്കിനാളുകളെ നഗരത്തിന്റെ നാലുപാടും എത്തിക്കുന്നു, അതിലെ യാത്ര എപ്പോഴും അത്ര സുഖപ്രദമല്ലെങ്കിലും. ട്രാമിന്റെ വശത്ത് തൂങ്ങിക്കിടന്ന് യാത്ര ചെയ്യാൻ പ്രത്യേക കഴിവുതന്നെ വേണം! അടുത്തയിടെ ഭൂഗർഭ റെയിൽവേ സംവിധാനം പൂർത്തിയായതോടെ വലിയ പുരോഗതി കൈവന്നിട്ടുണ്ട്. അത് ഓരോ മണിക്കൂറിലും 60,000-ത്തിലധികം യാത്രക്കാരെയാണ് നഗരമധ്യത്തിലൂടെ സുഖശീതളമായ അന്തരീക്ഷത്തിൽ വഹിച്ചു കൊണ്ടുപോകുന്നത്.
കൽക്കട്ടയുടെ വൈവിധ്യമാർന്ന സംസ്കാരം
കൽക്കട്ടയിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ ഫലമായി അനേകർ ശാസ്ത്ര-നിയമ മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ ഒരു സാംസ്കാരിക കേന്ദ്രമായിത്തീർന്നിരിക്കുന്ന ഇവിടെ കലകൾ തഴച്ചുവളരുന്നു. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായ, 140 വർഷം പഴക്കമുള്ള കൽക്കട്ടാ സർവകലാശാലയിൽ 2.5 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
മുംബൈ ഇന്ത്യയുടെ കച്ചവട സിനിമാ കേന്ദ്രമാണെങ്കിൽ കൽക്കട്ട തീർച്ചയായും ഉന്നത നിലവാരവും കലാമൂല്യവുമുള്ള സിനിമകളുടെ കേന്ദ്രമാണ്. സത്യജിത്ത് റായെയും മൃണാൾ സെന്നിനെയും പോലുള്ളവർ കലാലോകത്തിനു ചെയ്ത സംഭാവനകൾ നിമിത്തം ലോക പ്രശസ്തരാണ്. റോമിലും പാരീസിലും കൂടിയുള്ളതിലുമധികം കവികളും ന്യൂയോർക്കിലും ലണ്ടനിലും കൂടിയുള്ളതിലുമധികം സാഹിത്യ മാസികകളും കോളെജ് സ്ട്രീറ്റിൽ, ലോകത്തിലെ ഏറ്റവും വലിയ ഒരു സെക്കൻഡ്ഹാൻഡ് പുസ്തക മാർക്കറ്റും ഉള്ളതിൽ കൽക്കട്ട അഭിമാനം കൊള്ളുന്നു.
കാണാൻ അസാധാരണ കാര്യങ്ങൾ
ഇറ്റാലിയൻ നവോത്ഥാന ശൈലിയിൽ, വെണ്ണക്കല്ലുകൊണ്ടു പണിതിരിക്കുന്ന വിക്ടോറിയ സ്മാരകം ഒരു പ്രമുഖ നാഴികക്കല്ലായി വർത്തിക്കുന്നു. 1921-ൽ തുറന്ന ആ വലിയ മ്യൂസിയത്തിൽ നിറയെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ സ്മരണ ഉണർത്തുന്ന കാഴ്ചവസ്തുക്കളാണുള്ളത്. ഇതുകൂടാതെ കൽക്കട്ടയിൽ വളരെ വലിയ ഇന്ത്യൻ മ്യൂസിയവും 30-ലധികം മറ്റു മ്യൂസിയങ്ങളും ഉണ്ട്. അവിടത്തെ ജന്തുശാസ്ത്ര ഉദ്യാനവും ഇന്ത്യൻ സസ്യശാസ്ത്ര ഉദ്യാനവും ഒന്നു കാണേണ്ടതു തന്നെയാണ്. സസ്യശാസ്ത്ര ഉദ്യാനത്തിൽ 240 വർഷം പഴക്കവും 400 മീറ്ററിലധികം ചുറ്റളവുമുള്ള ഒരു ആൽമരം ഉണ്ട്. 1,280 ഏക്കർ വിസ്താരത്തിൽ പ്രത്യേക ആകൃതിയൊന്നുമില്ലാതെ വ്യാപിച്ചു കിടക്കുന്ന മൈതാനം കൽക്കട്ടയുടെ ശ്വാസകോശങ്ങളായും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമചത്വരമായും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രബംഗ്ലാവുകളിൽ ഒന്നായ ബിർള പ്ലാനറ്റോറിയവും കൽക്കട്ടയുടെ അഭിമാനമാണ്. ഈഡൻ ഗാർഡനിലെ ക്രിക്കറ്റ് കളിസ്ഥലത്തെക്കുറിച്ച് അറിയാൻ ക്രിക്കറ്റ് പ്രേമികൾ താത്പര്യമുള്ളവരായിരിക്കും. അന്തർദേശീയ ക്രിക്കറ്റ് മാച്ചുകളുടെ സമയത്ത് ബഹളം വെക്കുന്ന, ആവേശഭരിതരായ 1,00,000-ത്തിലേറെ കാണികളെക്കൊണ്ട് ആ സ്ഥലം തിങ്ങിനിറഞ്ഞിട്ടുണ്ട്.
തികച്ചും മനോഹരമായ ഒരു കെട്ടിടമാണ് സയൻസ് സിറ്റി. ഏഷ്യയിലെ ഏറ്റവും വലിയ പ്രതിപ്രവർത്തന (interactive) ശാസ്ത്രകേന്ദ്രമായ അത്, ഭൂമികുലുക്കം അനുഭവിച്ചറിയാനും ഒരു ദ്വീപ് വെള്ളത്തിന്റെ അടിയിലാകുന്നത് എങ്ങനെയെന്നു കാണാനും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതു നിരീക്ഷിക്കാനും പരിസ്ഥിതിയെ സംബന്ധിച്ച ആകർഷകമായ വസ്തുതകളും അനേകം ജീവികളുടെ പെരുമാറ്റശീലങ്ങളും പഠിക്കാനും സന്ദർശകരെ സഹായിക്കുന്നു. എന്നാൽ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കൽക്കട്ടയിലെ ഏറ്റവും വലിയ ആകർഷണം ദുർഗപൂജ ഉത്സവമാണ്. നഗരം ഉത്സവലഹരിയിൽ അമരുന്ന ആ അഞ്ചു ദിവസങ്ങളിൽ നഗരത്തിലെ സാധാരണ പ്രവർത്തനങ്ങൾ മിക്കതും സ്തംഭിക്കുന്നു.
കൽക്കട്ടയിൽ ഷോപ്പിങ് നടത്തിയാൽ നിങ്ങൾക്ക് എന്തൊക്കെ കാണാൻ കഴിയും? എന്തു വേണമെങ്കിലും! എന്നാൽ ശബ്ദകോലാഹലം ഉണ്ടാക്കുന്ന ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ ഉന്തിത്തള്ളി മുന്നോട്ടു നീങ്ങാൻ തയ്യാറെടുക്കുക. സ്ത്രീകൾ പല നിറങ്ങളിലുള്ള മനോഹരമായ സാരികൾ അണിഞ്ഞിരിക്കുന്നതു ശ്രദ്ധിക്കാൻ മറക്കരുത്. നിങ്ങൾക്ക് ചൈനീസ് കടകളിൽ വിൽക്കപ്പെടുന്ന നല്ല ഗുണനിലവാരമുള്ള തുകൽ ഷൂസുൾപ്പെടെയുള്ള തുകൽ സാമാനങ്ങളും ന്യായമായ വിലയ്ക്കു വാങ്ങാൻ കഴിയും. സ്റ്റെയിൻലെസ് സ്റ്റീലുകൊണ്ടുള്ള സാധനങ്ങൾ, തുണിത്തരങ്ങൾ, മനോഹരമായ മൺപാത്രങ്ങൾ, സുന്ദരമായ പണികളോടുകൂടിയ ആഭരണങ്ങൾ എന്നിവ ഈ “ഷോപ്പിംഗുകാരന്റെ പറുദീസ”യിലെ വൻ വിപണികളിൽ ക്ഷമയോടുകൂടെ തിരച്ചിൽ നടത്തുന്നവർക്കു കണ്ടെത്താൻ കഴിയുന്ന ഏതാനും സാധനങ്ങൾ മാത്രമാണ്.
തീറ്റക്കൊതിയന്റെ വിഭവങ്ങൾ
കൽക്കട്ട തീറ്റക്കൊതിയന്റെ പറുദീസ എന്നും വർണിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവിടത്തെ സ്വാദിഷ്ഠമായ ചില വിഭവങ്ങളുടെ രുചിനോക്കാതെ നമുക്ക് അവിടം വിട്ടുപോരാൻ ആവില്ല. ബംഗാളികൾ ആഹാരത്തെ ഒരു പൂജ്യവസ്തുവായി കണക്കാക്കുന്നതായും പാചകവൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ അളക്കുന്നതായും പറയപ്പെടുന്നു! മത്സ്യം കൽക്കട്ടയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷ്യവിഭവമാണ്. അവിടുത്തെ വലിയ ചന്തകളിൽ വിവിധയിനം മത്സ്യങ്ങളും മാംസവും പച്ചക്കറികളും ലഭ്യമാണ്. അപ്പപ്പോൾ തയ്യാറാക്കിയെടുക്കുന്ന മസാലകൾ ചേരേണ്ടതുപോലെ ചേർത്തുണ്ടാക്കുന്ന ഏറ്റവും സാധാരണമായ പച്ചക്കറികൾക്കുപോലും നല്ല രുചിയാണ്. ചൈനീസ് ഭക്ഷണം സുലഭമാണ്. കൽക്കട്ടയിലെ ഭക്ഷണ വിഭവങ്ങളിൽ ഒന്നാം സ്ഥാനം അവിടുത്തെ പ്രശസ്തമായ മധുരപലഹാരങ്ങൾക്കാണ്. രസഗുളകൾ—തൈരിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞിട്ട് സ്വാദു വർധകങ്ങൾ ചേർത്ത് ഉരുട്ടി പഞ്ചസാര പാനിയിലിട്ട് കഴിക്കുന്ന ഒരു പലഹാരം—ബംഗാളിന്റെ പ്രതീകമാണ്. ജനപ്രീതിയാർജിച്ച മിഷ്ടി ദോയി കഴിക്കാൻ വിട്ടുപോകരുത്. ആഹാരത്തിന്റെ ഒടുവിൽ കഴിക്കുന്ന, മധുരം ചേർത്തു സ്വാദിഷ്ഠമാക്കിയ തൈരാണ് അത്. വായിൽ വെള്ളമൂറുന്നുണ്ടോ? റെസ്റ്ററന്റുകളിൽനിന്നുള്ള ഭക്ഷണ സാധനങ്ങളുടെ കൊതിപ്പിക്കുന്ന മണം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടോ? അതേ, തീർച്ചയായും കൽക്കട്ട ജീവസ്സുറ്റതും മനംകവരുന്നതുമായ, വൈവിധ്യങ്ങളുടെ ഒരു നഗരമാണ്!
[15-ാം പേജിലെ ഭൂപടങ്ങൾ]
(For fully formatted text, see publication.)
ഇ ന്ത്യ
കൽക്കട്ട
ബംഗ്ലാദേശ്
ശ്രീലങ്ക
[ഭൂപടം]
കൽക്കട്ട
ഇന്ത്യൻ സസ്യശാസ്ത്ര ഉദ്യാനം
മൈതാനം
ജന്തുശാസ്ത്ര ഉദ്യാനം
ബിർള പ്ലാനറ്റോറിയം
വിക്ടോറിയ സ്മാരകം
ഇന്ത്യൻ മ്യൂസിയം
ഹൂഗ്ലി നദി
ഉപ്പുജല തടാകം
ഡംഡം അന്താരാഷ്ട്ര വിമാനത്താവളം
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രം]
സയൻസ് സിറ്റി
[16-ാം പേജിലെ ചിത്രം]
വിക്ടോറിയ സ്മാരകം
[17-ാം പേജിലെ ചിത്രം]
തിരക്കുപിടിച്ച ഒരു ചന്ത
[17-ാം പേജിലെ ചിത്രം]
പാതവക്കത്തെ ഒരു ക്ഷൗരക്കട