നിങ്ങൾക്ക് എങ്ങനെ നല്ല ആരോഗ്യം ആസ്വദിക്കാം?
ചികിത്സാവിധികൾ ജനപ്രീതിയാർജിച്ച ഒരു സംസാരവിഷയമാണ്. എല്ലാവർക്കും തന്നെ ഓരോ രോഗത്തിനും അവരവർക്ക് ഇഷ്ടപ്പെട്ട ഒരു പ്രതിവിധി കാണും. സ്വയം ചികിത്സിക്കാനുള്ള പ്രേരണ ശക്തമാണെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം “നിർണായക ഘട്ടത്തിൽ മാത്രം ഡോക്ടറുടെ സഹായം തേടുന്ന” ആളുകളും ഉണ്ട് എന്ന് ബ്രസീലുകാരനായ ഒരു ഡോക്ടർ പറയുന്നു. “മാസങ്ങളോളം സ്വയം ചികിത്സിച്ചിട്ടും ഭേദമാകാത്ത വ്രണങ്ങൾ അവർക്ക് ഉണ്ടായിരിക്കാം. ഒടുവിൽ അവർ ഡോക്ടറെ ചെന്നു കാണുമ്പോൾ തുടക്കത്തിൽ തന്നെ ചികിത്സിക്കേണ്ടിയിരുന്ന ഒരുതരം അർബുദമാണ് അവരുടേതെന്ന് കണ്ടെത്തപ്പെടുന്നു.”
മിക്കപ്പോഴും രോഗം നേരത്തേ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാനാകും. എന്നാൽ പരിശോധന നീട്ടിവെച്ചാൽ അത് ദുരന്തത്തിൽ കലാശിച്ചേക്കാം. “30 വയസ്സുണ്ടായിരുന്ന ഒരു സ്ത്രീക്ക് മാസമുറ വൈകുകയും അടിവയറിന് നേരിയ വേദന അനുഭവപ്പെടുകയും ചെയ്തു. അവൾ വേദനാ സംഹാരികളും പഴുപ്പിനെതിരെയുള്ള മരുന്നും കൂടിയ അളവിൽ കഴിച്ചു, വേദന ശമിച്ചു,” ഒരു ശസ്ത്രക്രിയാ വിദഗ്ധൻ പറയുന്നു. “മൂന്നു ദിവസത്തിനുശേഷം അവൾക്കു രക്തവാർച്ചയെത്തുടർന്ന് തളർച്ച ഉണ്ടാകുകയും തത്ക്ഷണം ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരികയും ചെയ്തു. ഉടനടി ഞാൻ അവളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അണ്ഡവാഹിനിക്കുഴലിൽ ഗർഭധാരണം നടന്നതായിരുന്നു കാരണം. തക്കസമയത്ത് അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു!”
സാവൊ പൗലോയിലുള്ള ഒരു ചെറുപ്പക്കാരി തനിക്ക് രക്തക്കുറവുള്ളതായി കരുതി, എന്നാൽ അവളുടെ വൃക്ക ഗുരുതരമായ വിധത്തിൽ തകരാറിലായതായിരുന്നു കാരണം. ചികിത്സ താമസിപ്പിച്ചതുകൊണ്ട് വൃക്ക മാറ്റിവെക്കൽ മാത്രമായിരുന്നു സാധ്യമായ പരിഹാരം. അവളുടെ ഡോക്ടർ ഇങ്ങനെ ഉപസംഹരിക്കുന്നു: “മിക്കപ്പോഴും രോഗി വൈദ്യ ചികിത്സ തേടാൻ മടിക്കുന്നു. അയാൾ സ്വയം ചികിത്സിക്കുകയോ മുറിവൈദ്യന്മാരുടെ ഉപദേശം തേടുകയോ ചെയ്യുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായിരിക്കും ഫലം.”
നമ്മുടെ ശരീരം നൽകുന്ന സംജ്ഞകളെ നിസ്സാരമായി തള്ളാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ല. എങ്കിലും ചികിത്സകൾക്കോ സ്വയം ചികിത്സയ്ക്കോ അടിപ്പെടുന്നത് ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും? “ശരീരവും മനസ്സും മനോഭാവവും നല്ല സ്ഥിതിയിലായിരിക്കുന്ന” അല്ലെങ്കിൽ “ശാരീരിക രോഗങ്ങളിൽനിന്നും വേദനയിൽനിന്നും വിമുക്തമായിരിക്കുന്ന” അവസ്ഥയെയാണ് ആരോഗ്യം എന്നു നിർവചിച്ചിരിക്കുന്നത്. ഇന്ന് പല രോഗങ്ങളും പൂർണമായി അല്ലെങ്കിൽ ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. ഡോ. ലൂയിസ് തോമസ് പറയുന്നത് അനുസരിച്ച്, “അനുചിതമായി സൃഷ്ടിക്കപ്പെട്ടവരല്ല നമ്മൾ, പിന്നെയോ അത്ഭുതവഹമാം വിധം കരുത്തുറ്റ, ആരോഗ്യമുള്ള, ദീർഘകാലം ജീവിക്കാൻ സൃഷ്ടിക്കപ്പെട്ട ജീവികളാണ് നാം.” അതുകൊണ്ട്, ‘രോഗഭീതി പൂണ്ട് അർധപ്രാണ’രായിത്തീരുന്നതിനു പകരം നാം ശരീരത്തോടും സ്വയം സൗഖ്യമാക്കാനുള്ള അതിന്റെ അസാധാരണമായ പ്രാപ്തിയോടും സഹകരിക്കണം. കഴിവുള്ള ഒരു ഡോക്ടർക്കോ ചികിത്സകനോ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.
വൈദ്യ സഹായം തേടേണ്ട സമയം
“പനി, തലവേദന, ഛർദി എന്നിവ അല്ലെങ്കിൽ അടിവയറ്റിലെയോ നെഞ്ചിലെയോ അരക്കെട്ടിലെയോ വേദന സാധാരണ മരുന്ന് കഴിച്ചിട്ടും കുറയാതിരിക്കുകയും അകാരണമായി കൂടെക്കൂടെ വേദന ഉണ്ടാകുകയും വേദന അസഹ്യമോ തീവ്രമോ ആയിരിക്കുകയും ചെയ്താൽ വിദഗ്ധ വൈദ്യസഹായം തേടണം എന്ന് ബ്രസീലുകാരനായ ഒരു ഡോക്ടർ നിർദേശിക്കുന്നു. രോഗലക്ഷണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തിട്ടമില്ലെങ്കിലോ മറ്റ് അവസരങ്ങളെ അപേക്ഷിച്ച് എന്തെങ്കിലും വ്യത്യാസം തോന്നുന്നെങ്കിലോ വൈദ്യ സഹായം തേടണമെന്നാണ് മറ്റൊരു ഡോക്ടറുടെ നിർദേശം. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഒരു കുട്ടിക്ക് രോഗം പിടിപെടുമ്പോൾ, കുട്ടിയെ സ്വയം ചികിത്സിക്കുന്നതിനു പകരം വിദഗ്ധ വൈദ്യസഹായം തേടാനാണ് മാതാപിതാക്കൾ പൊതുവേ ഇഷ്ടപ്പെടുന്നത്.”
എന്നാൽ എല്ലായ്പോഴും മരുന്നിന്റെ ആവശ്യമുണ്ടോ? മരുന്നുകളുടെ ഉപയോഗം വിപരീതഫലം ഉളവാക്കുമോ? വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുക അല്ലെങ്കിൽ കരളിന്റെയോ വൃക്കയുടെയോ പ്രവർത്തനത്തിനു തകരാറു സംഭവിക്കുക പോലുള്ള എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ? മറ്റ് ഔഷധങ്ങളുമായുള്ള പ്രതിപ്രവർത്തനങ്ങളുടെ കാര്യമോ? “തങ്ങളുടെ പ്രശ്നങ്ങളെ സമചിത്തതയോടെ അല്ലെങ്കിൽ വിവേചനയോടെ വീക്ഷിക്കുന്ന രോഗികൾ കുറവാണ്,” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. എന്നിരുന്നാലും മനസ്സാക്ഷി ബോധമുള്ള ഒരു ഡോക്ടർ എല്ലാ മരുന്നുകളും ദോഷം ചെയ്തേക്കാമെന്നും ഇന്ന് ഉപയോഗിക്കപ്പെടുന്ന മരുന്നുകളിൽ പാർശ്വഫലങ്ങളില്ലാത്തതായി അധികം മരുന്നുകളൊന്നും ഇല്ലെന്നും മനസ്സിലാക്കാൻ നമ്മെ സഹായിച്ചേക്കാം. അടുത്ത പ്രാവശ്യം കുറിച്ചു തരുന്ന മരുന്ന് വാങ്ങുമ്പോൾ ലേബലിന്മേൽ നൽകിയിരിക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വായിക്കുക! കുറിപ്പില്ലാതെതന്നെ നിയമാനുസൃതം വാങ്ങാൻ കിട്ടുന്ന മരുന്നുകളും അനുചിതമായോ ആവശ്യത്തിൽ കൂടുതലോ ഉപയോഗിച്ചാൽ ദോഷം ചെയ്യുകയോ മരണത്തിന് ഇടയാക്കുകയോ ചെയ്യും.
ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ദ ബോസ്റ്റൺ ഗ്ലോബ് എന്ന ഇംഗ്ലീഷ് പത്രത്തിൽ റിച്ചാർഡ് എ. നോക്സ് നൽകിയ ഒരു റിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്: “ദിവസവും വേദനാസംഹാരികൾ കഴിക്കുന്ന, ലക്ഷക്കണക്കിനു വാതരോഗികൾക്ക് ആകസ്മികവും ഗുരുതരവുമായ രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ റിപ്പോർട്ടു ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “വേദനാസംഹാരികൾ അന്റാസിഡുകളുമായോ പ്രചാരമേറിയ അമ്ല രോധക ഗുളികകളുമായോ കൂട്ടിച്ചേർക്കുന്നത് ഗുരുതരമായ ഉദര ക്രമക്കേടുകളിൽനിന്ന് സംരക്ഷണം നൽകുകയില്ല. ഒരുപക്ഷേ അത് അപകടം വർധിപ്പിക്കുകപോലും ചെയ്തേക്കാം.”
സാധാരണമായ സ്വയം ചികിത്സയുടെ കാര്യമോ? ബ്രസീലിലെ റീവറാവുൺ പ്രേറ്റൂ എന്ന സ്ഥലത്തുള്ള ഒരു ഡോക്ടർ പറയുന്നു: “എല്ലാവർക്കും ഒരു കൊച്ചു ഭവന ഔഷധശാല ഉണ്ടായിരിക്കുന്നത് പ്രയോജനപ്രദം ആയിരിക്കുമെന്നു ഞാൻ കരുതുന്നു . . . എങ്കിലും ഈ മരുന്നുകൾ ഉപയോഗിക്കുമ്പോൾ വിവേചനയും സാമാന്യ ബുദ്ധിയും കാട്ടണം.” (7-ാം പേജിലെ ചതുരം കാണുക.) കൂടാതെ, അടിസ്ഥാന ആരോഗ്യ വിദ്യാഭ്യാസം ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു. ഓരോ വ്യക്തിയുടെയും അവസ്ഥ വ്യത്യസ്തമായതിനാൽ ഏതെങ്കിലും പ്രത്യേക മരുന്നോ ചികിത്സാവിധികളോ പ്രകൃതി ചികിത്സയോ ഉണരുക! നിർദേശിക്കുന്നില്ല.
നല്ല ആരോഗ്യം—നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
“ഡോക്ടർ പഥ്യാഹാരക്രമം, ഡോക്ടർ ശാന്തമാനസം, ഡോക്ടർ ഉല്ലാസം ഇവരാണ് ലോകത്തിലെ ഏറ്റവും നല്ല ഡോക്ടർമാർ,” 18-ാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥകാരനായ ജോനാഥൻ സ്വിഫ്റ്റ് എഴുതി. തീർച്ചയായും സമീകൃതാഹാരവും ആവശ്യത്തിനു വിശ്രമവും മാനസിക സന്തോഷവുമാണ് നല്ല ആരോഗ്യത്തിനുവേണ്ട ഘടകങ്ങൾ. ഇതിനു വിപരീതമായി, കൗശലപൂർവകമായ പരസ്യങ്ങളുടെ അവകാശവാദപ്രകാരം മരുന്നുകൾ കഴിച്ചതുകൊണ്ടു മാത്രം നമുക്ക് നല്ല ആരോഗ്യം കൈവരിക്കാൻ സാധിക്കില്ല. “ഔഷധങ്ങളുടെ അനാവശ്യവും അപകടകരവുമായ ഉപയോഗം” പ്രതിരോധ വ്യവസ്ഥയെ ദുർബലമാക്കിയേക്കാം.—ഡിനിയോനാർയൂ ടെറാപ്പേവൂട്ടിക്കൂ ഗ്വാനിബാര.
എന്നാൽ നമ്മുടെ ജീവിത രീതിക്കുള്ള ഉത്തരവാദിത്വം നാംതന്നെ ഏറ്റെടുത്തുകൊണ്ടും മയക്കുമരുന്നു ദുരുപയോഗം, പുകവലി, അമിത മദ്യപാനം, അതിസമ്മർദം എന്നിവ ഉപേക്ഷിച്ചുകൊണ്ടും നമുക്ക് നമ്മുടെ ക്ഷേമം മെച്ചപ്പെടുത്താൻ കഴിയും. 60-ലധികം വയസ്സുള്ള മരിയൻ ദീർഘകാലമായി ബ്രസീലിൽ മിഷനറിയായി സേവിക്കുന്നു. അവർ പറയുന്നു: “ജീവിതത്തിൽ മിതത്വം പാലിച്ചുകൊണ്ടും പോഷകസമ്പന്നമായ വിവിധതരം ആഹാരം ഭക്ഷിച്ചുകൊണ്ടും ഞാൻ ഒരു പരിധിവരെ നല്ല ആരോഗ്യം ആസ്വദിക്കുന്നു.” അവർ ഇങ്ങനെയും വിവരിക്കുന്നു: “പൊതുവേ നേരത്തേ എഴുന്നേൽക്കാനാണ് എനിക്കിഷ്ടം, അതുപോലെതന്നെ നേരത്തേ കിടക്കാനും.” സാമാന്യ ബോധം, ആരോഗ്യാവഹമായ ശീലം, ക്രമമായ വൈദ്യ പരിശോധനകൾ, യോഗ്യത നേടിയ ഒരു കുടുംബ ഡോക്ടറുമൊത്തുള്ള ആശയവിനിയമം എന്നിവയുടെ മൂല്യം കുറച്ചു കാണരുത്.
ആരോഗ്യമുള്ളവരായിരിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതേക്കുറിച്ച് ഉദാസീനത പുലർത്താതിരിക്കാനും അതേസമയം അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാനും മരിയൻ ശ്രദ്ധിക്കുന്നു. അവർ പറയുന്നു: “ഇപ്പോഴത്തേക്കു മാത്രമല്ല ഭാവിയിലേക്കും കൂടി പ്രയോജനം ചെയ്യത്തക്ക വിധത്തിൽ ഏറ്റവും ശരിയായത് ചെയ്യേണ്ടതിനും ആരോഗ്യം മെച്ചപ്പെടുത്താൻ അമിതമായി സമയവും പണവും ചെലവഴിക്കാതിരിക്കാനും ആരോഗ്യ സംബന്ധമായി എന്തു തീരുമാനം എടുക്കേണ്ടി വന്നാലും ഞാൻ യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുന്നു.” അവർ കൂട്ടിച്ചേർക്കുന്നു: “ചുറുചുറുക്കോടിരിക്കേണ്ടത് മർമപ്രധാനമായതിനാൽ മെയ്യനങ്ങാതെ ജീവിക്കാതിരിക്കാനും അതേ സമയം പരിധി വിട്ട് അധ്വാനിക്കാതിരിക്കേണ്ടതിനും എന്റെ സമയവും ഊർജവും ഉപയോഗിക്കുന്ന വിധത്തിൽ ന്യായബോധം പുലർത്താൻ എന്നെ സഹായിക്കേണമേ എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു.”
യഥാർഥ സന്തോഷം അനുഭവിക്കണമെന്നുണ്ടെങ്കിൽ നമുക്ക് ഭാവിയെ അവഗണിക്കാൻ സാധിക്കില്ല. താരതമ്യേന നല്ല ആരോഗ്യം ഇപ്പോൾ ഉണ്ടെങ്കിൽത്തന്നെ രോഗം, വേദന, കഷ്ടപ്പാട്, മരണം എന്നിവ നിലനിൽക്കുന്നു. നാം എന്നെങ്കിലും പൂർണ ആരോഗ്യം ആസ്വദിക്കും എന്നതിന് എന്തെങ്കിലും പ്രത്യാശയുണ്ടോ?
[6-ാം പേജിലെ ചതുരം]
സമനിലയോടു കൂടിയ സ്വയം പരിചരണത്തിന്റെ പ്രയോജനങ്ങൾ
നിങ്ങളുടെ ആരോഗ്യം വലിയൊരു അളവോളം നിങ്ങൾ എന്തു ഭക്ഷിക്കുന്നു, കുടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാർ ഓടിക്കാൻ വെള്ളം ചേർത്ത പെട്രോൾ ഉപയോഗിക്കുകയോ വാതകത്തിൽ പഞ്ചസാര ചേർക്കുകയോ ചെയ്താൽ താമസിയാതെതന്നെ എഞ്ചിന് തകരാറു സംഭവിക്കും. അതുപോലെ, പോഷകരഹിതമായ ഭക്ഷണവും പാനീയവും കഴിച്ചു ജീവിക്കാൻ ശ്രമിച്ചാൽ ഒടുവിൽ നിങ്ങളുടെ ആരോഗ്യം ക്ഷയിക്കും. കമ്പ്യൂട്ടർ മേഖലയിൽ ഇതിനെ “ഗിഗോ” എന്നാണ് വിളിക്കുന്നത്, അതായത് “ചപ്പുചവറുകൾ ഉള്ളിലേക്കെടുക്കുന്നു, ചപ്പുചവറുകൾ പുറത്തുവിടുന്നു.”
കുടുംബ വൈദ്യശാസ്ത്ര വിദഗ്ധനായ പ്രൊഫസർ ഡോ. മെലാനി മിന്റ്സർ വിവരിക്കുന്നു: “മൂന്നു തരം രോഗികളുണ്ട്: വീട്ടിൽവെച്ച് തന്നെത്താൻ ശുശ്രൂഷിച്ചു ഭേദമാക്കാൻ സാധിക്കുന്ന നിസ്സാര കാര്യങ്ങൾക്കുപോലും ഡോക്ടറെ ചെന്നു കാണുന്നവർ, ആരോഗ്യ പരിപാലന സംവിധാനം ഉചിതമായി ഉപയോഗിക്കുന്നവർ, ആവശ്യമുള്ളപ്പോൾപോലും ഡോക്ടറെ ചെന്നു കാണാത്തവർ. ആദ്യത്തെ വകുപ്പിൽ പെട്ടവർ മിക്കപ്പോഴും ഡോക്ടറെ മിനക്കെടുത്തുന്നതു കൂടാതെ സ്വന്തം സമയവും പണവും പാഴാക്കുന്നു. മൂന്നാമത്തെ വകുപ്പിൽ പെട്ടവരാകട്ടെ ആവശ്യമായ വിദഗ്ധ വൈദ്യസഹായം തേടാൻ വൈകിച്ചുകൊണ്ട് തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു. കൂടുതൽ ആളുകൾ രണ്ടാമത്തെ വകുപ്പിൽ പെട്ടിരുന്നെങ്കിൽ എന്ന് ഡോക്ടർമാർ പ്രത്യാശിക്കുന്നു.”
“ഏറ്റവും തൃപ്തികരമായ ആരോഗ്യത്തിന്റെ ഏഴു താക്കോലുകൾ ഇവയാണ്: ശരിയായ തരം ഭക്ഷണപാനീയങ്ങൾ കഴിക്കുക, ക്രമമായി വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക, ആവശ്യത്തിന് വിശ്രമം എടുക്കുക, സമ്മർദം കുറയ്ക്കുക, അടുത്ത സാമൂഹിക ബന്ധങ്ങൾ ഉണ്ടായിരിക്കുക, രോഗങ്ങൾ പിടിപെടുന്നതും അത്യാഹിതങ്ങൾ സംഭവിക്കുന്നതും കുറയ്ക്കാനുള്ള മുൻകരുതലുകൾ ജ്ഞാനപൂർവം സ്വീകരിക്കുക.”—ആൻ സൈമൺസ്, എം.ഡി., ബേബി ഹാസ്സെൽബ്രിങ്, മൈക്കിൾ കാസൽമൻ എന്നിവർ എഴുതിയ ഡോക്ടറെ വിളിക്കും മുമ്പ്—300-ലധികം വൈദ്യ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സുരക്ഷിതവും ഫലപ്രദവുമായ സ്വയം പരിചരണം, (ഇംഗ്ലീഷ്).
[7-ാം പേജിലെ ചതുരം]
ഒരു ഭവന ഔഷധപ്പെട്ടി
“ആരോഗ്യമുള്ള മുതിർന്നവർക്കുണ്ടാകുന്ന രോഗലക്ഷണങ്ങളിൽ 90 ശതമാനവും—നൊമ്പരം, വേദന, ചതവ് എന്നിവയും അസ്വസ്ഥതതയുടെയോ രോഗത്തിന്റെയോ മറ്റ് അടയാളങ്ങളും—ലഘൂകരിച്ചു കാണുകയും റിപ്പോർട്ടു ചെയ്യാതിരിക്കുകയും ചെയ്യുന്നു. . . . മിക്കപ്പോഴും ചില സത്വര പ്രതിവിധികൾ കൈക്കൊള്ളും, തലവേദന വരുമ്പോൾ 2 ആസ്പിരിൻ ഗുളികകൾ കഴിക്കുന്നതുപോലെ എന്തെങ്കിലും.”
“ഇതെല്ലാം മിക്കപ്പോഴും സാധിക്കുന്നത് വീട്ടിൽ ഒരു ഔഷധപ്പെട്ടി ഉള്ളതുകൊണ്ടാണ്. ആവശ്യമില്ലാതെ ഡോക്ടറെ ക്ലിനിക്കിൽ ചെന്നു കാണുന്നതുകൊണ്ട് ഉണ്ടാകുന്ന പണച്ചെലവ് അത് ഇല്ലാതാക്കുന്നു.”—സമ്പൂർണ ഭവന വൈദ്യശാസ്ത്ര വഴികാട്ടി, (ഇംഗ്ലീഷ്) ഡോക്ടർമാരുടെയും വൈദ്യശാസ്ത്ര വിദഗ്ധരുടെയും കൊളംബിയ യൂണിവേഴ്സിറ്റി കോളെജ്.
ബാൻഡ് എയിഡുകൾ, ടേപ്പ്, അണുവിമുക്തമാക്കിയ ഗോസ്സ് പാഡുകൾ, പഞ്ഞി, ബാൻഡേജുകൾ, വിവിധതരം ഓയ്ൻമെന്റുകൾ, ക്രീമുകൾ, ആന്റിസെപ്റ്റിക് ലേപനങ്ങൾ, കത്രിക, വായിൽ വെക്കുന്ന ഒരു തെർമോമീറ്റർ എന്നിവയും സമാനമായ മറ്റ് പ്രായോഗിക ഇനങ്ങളും സഹിതമുള്ള ഒരു ഭവന ഔഷധപ്പെട്ടി ഉണ്ടായിരിക്കണമെന്ന് ഇതേ പുസ്തകം നിർദേശിക്കുന്നു.
ചികിത്സയ്ക്കായി, അത് പനിയും വേദനയും കുറയ്ക്കാനുള്ള ഗുളികകൾ, അന്റാസിഡുകൾ, ചുമയ്ക്കുള്ള മരുന്ന്, ഒരു ആന്റിഹിസ്റ്റമീൻ/കഫക്കെട്ടിനുള്ള മരുന്ന്, വയറിളക്കാനുള്ള വീര്യം കുറഞ്ഞ മരുന്ന്, വയറിളക്കം നിർത്താനുള്ള മരുന്ന് എന്നിവ നിർദേശിക്കുന്നു.
[8-ാം പേജിലെ ചതുരം]
ഒരു മുന്നറിയിപ്പിൻ വാക്ക്
“കുറിപ്പില്ലാതെ ലഭിക്കുമെങ്കിലും ഒറ്റിസി മരുന്നുകൾ യഥാർഥത്തിൽ മരുന്നുകൾതന്നെയാണ്. കുറിപ്പോടെ മാത്രം ലഭിക്കുന്ന മരുന്നുകളുടെ കാര്യത്തിലെന്നപോലെ ചിലവ മറ്റ് മരുന്നുകളുമായോ പ്രത്യേകം ചില ആഹാരസാധനങ്ങളുമായോ ആൽക്കഹോളുമായോ കൂട്ടിക്കലർത്താൻ പാടില്ല. മറ്റു മരുന്നുകൾപോലെതന്നെ ഗുരുതരമായ പ്രശ്നങ്ങൾ മറച്ചുവെക്കാനോ ആസക്തിയുളവാക്കാനോ അവയിൽ ചിലതിനു കഴിയും. ചില സന്ദർഭങ്ങളിൽ ഒറ്റിസി മരുന്നുകൾ ഡോക്ടറെ ചെന്നു കാണേണ്ടതിനു പകരമാകില്ല.
“എന്നിരുന്നാലും മിക്കവയും സുരക്ഷിതവും ഫലപ്രദവുമാണ് . . . അവ നല്ല ഫലം നൽകുന്നു.”—മരുന്നുകൾ ബുദ്ധിപൂർവം ഉപയോഗിക്കൽ (ഇംഗ്ലീഷ്).
[7-ാം പേജിലെ ചിത്രങ്ങൾ]
പാർശ്വഫലങ്ങൾ തീരെയില്ലാത്ത പച്ചമരുന്നുകളും ഔഷധങ്ങളും ഇല്ലെന്ന് ഓർക്കുക
1. വിൽപ്പനക്കാരന്റെ ഔഷധപ്പെട്ടി
2. തുറസ്സായ സ്ഥലത്ത് മരുന്ന് വിൽക്കുന്നയാൾ
3. പച്ചമരുന്നുകൾ അടങ്ങിയ സഞ്ചികൾ