അവൾ ദൈവത്തിൽ വിശ്വസിക്കാഞ്ഞത് എന്തുകൊണ്ട്?
ഒരു മുൻ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കായിരുന്ന ജോർജിയയിലെ റുസ്റ്റാവിയിലുള്ള ഒല്യെസ്യ എന്ന ചെറുപ്പക്കാരി, തന്റെ വീട്ടിൽ വന്ന രണ്ടുപേരെ മാതാപിതാക്കളുടെ ഒരു ഫോട്ടോ കാണിച്ചുകൊണ്ട് വികാരാർദ്രയായി ഇങ്ങനെ പറഞ്ഞു: “ദൈവമുണ്ടായിരുന്നെങ്കിൽ എന്റെ മാതാപിതാക്കൾ ഇത്ര ചെറുപ്പത്തിലേ മരിക്കാൻ അവൻ അനുവദിക്കുകയില്ലായിരുന്നു!” ഒല്യെസ്യയുടെ ഭർത്താവ് റ്റൊമാസി വീട്ടിലെത്തിയശേഷം ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്നീ ലഘുപത്രികകൾ ആ സന്ദർശകർ അവർക്കു കൊടുത്തിട്ടു പോയി.
അവർ മടങ്ങിച്ചെന്നപ്പോൾ ഒല്യെസ്യ “നോക്കൂ!” ലഘുപത്രിക വായിച്ചു തീർത്തിരിക്കുന്നതായി അവർ കണ്ടു. അവൾ ബൈബിൾ പഠിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. വായിച്ച കാര്യങ്ങൾ അവൾക്ക് ഇഷ്ടപ്പെട്ടു. തുടർന്നു ചർച്ച നടത്തിയപ്പോൾ അവൾ വേഗം ലഘുപത്രിക തുറന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങൾ വായിക്കാൻ തുടങ്ങി. യുക്തിസഹമായ വാദഗതികൾ അവളിൽ മതിപ്പുളവാക്കിയിരുന്നു.
ഉദാഹരണത്തിന്, ലഘുപത്രിക ഇങ്ങനെ പ്രസ്താവിക്കുന്നു: ‘നമുക്ക് ചുററുമുള്ള മഹത്തായ അത്ഭുതങ്ങൾ—പുഷ്പങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യൻ എന്നു വിളിക്കപ്പെടുന്ന അത്ഭുതസൃഷ്ടി, ജീവന്റെയും ജനനത്തിന്റെയും അത്ഭുതങ്ങൾ—ഇവയെല്ലാം അവയെ ഉളവാക്കിയ അദൃശ്യമായ മഹാബുദ്ധിയെ സാക്ഷ്യപ്പെടുത്തുന്നു. (റോമർ 1:20) ബുദ്ധി ഉള്ളടത്ത് മനസ്സ് ഉണ്ട്. മനസ്സ് ഉള്ളടത്ത് ഒരു ആൾ ഉണ്ട്. പരമോന്നത ബുദ്ധി സകല ജീവികളുടെയും സ്രഷ്ടാവായ, ജീവന്റെ ഉറവുതന്നെ ആയ, പരമോന്നതനായ ആളിന്റേതാണ്. (സങ്കീർത്തനം 36:9) സ്രഷ്ടാവ് തീർച്ചയായും സകല സ്തുതിക്കും ആരാധനയ്ക്കും യോഗ്യനാണ്.—സങ്കീർത്തനം 104:24; വെളിപ്പാട് 4:11.’
മരിച്ചുപോയ പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിൽ തിരികെ വരുത്തുമെന്ന ദൈവത്തിന്റെ വാഗ്ദാനമാണ് ബൈബിൾ പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഒല്യെസ്യ പിന്നീട് തുറന്നു പറഞ്ഞു. ഈ ലഘുപത്രികകളിൽ അടങ്ങിയിരിക്കുന്ന, വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന വിവരങ്ങളിൽനിന്ന് നിങ്ങളും പ്രയോജനമനുഭവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്നീ ലഘുപത്രികകളുടെ പ്രതികൾ ലഭിക്കാനോ ആരെങ്കിലും നിങ്ങളെ സന്ദർശിച്ച് ഒരു സൗജന്യ ബൈബിളധ്യയനം നടത്താനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.