ഞങ്ങളുടെ വായനക്കാരിൽനിന്ന്
ശ്രവണശക്തി എന്ന ദാനം “നിങ്ങളുടെ ശ്രവണശക്തി—അമൂല്യമായി കരുതേണ്ട ഒരു ദാനം” (സെപ്റ്റംബർ 22, 1997) എന്ന ലേഖനത്തോടുള്ള എന്റെ വിലമതിപ്പ് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലേഖനം വായിക്കുന്നതിനുമുമ്പ് ചെവിക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്നും നമുക്കു കേൾക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും മറ്റും എനിക്കു നന്നായി അറിയാം എന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാൻ അജ്ഞനായിരുന്നു. 23-ാം പേജിലെ ചിത്രം ഉഗ്രനായിരുന്നു! ചെവിയെക്കുറിച്ചുള്ള ആ ചിത്രം വരയ്ക്കാൻ എത്രമാത്രം ആലോചനയും ശ്രമവും നടത്തിയിരിക്കണമെന്നു ഞാൻ അത്ഭുതപ്പെടുന്നു. അങ്ങനെയെങ്കിൽ ശരിക്കുള്ള ചെവി സൃഷ്ടിച്ച വ്യക്തിക്ക് എത്ര കഴിവുണ്ടായിരിക്കണമെന്ന് ആലോചിക്കുമ്പോഴാണ് ഞാൻ കൂടുതൽ അത്ഭുതപ്പെടുന്നത്!
എ. എസ്., ഐക്യനാടുകൾ
എന്റെ സുഹൃത്തും ഞാനും വൈദ്യശാസ്ത്ര വിദഗ്ധരാണ്. ഒട്ടേറെ വർഷത്തെ ഞങ്ങളുടെ ലൗകിക വിദ്യാഭ്യാസ കാലത്ത് ഇത്ര ലളിതവും കൃത്യവുമായി ചെവിയെക്കുറിച്ച് വിവരിച്ച ഒരു ലേഖനം ഞങ്ങൾ വായിച്ചിട്ടില്ലെന്ന് ആത്മാർഥമായി പറയാൻ കഴിയും. സങ്കീർത്തനം 139:14-ലെ ഈ വാക്യത്തോടു യോജിക്കാൻ ഈ ലേഖനം ഞങ്ങളെ പ്രേരിപ്പിക്കുന്നു: ‘ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു.’
എം. ബി., ഇസഡ്. ബി., വെനെസ്വേല
ഡ്രൈവർ മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ ഫലമായി അപകടത്തിനിരയായ ഒരു വ്യക്തിയാണു ഞാൻ. ഒരു മാസം അബോധാവസ്ഥയിൽ കഴിഞ്ഞ എനിക്ക് ബോധം തെളിഞ്ഞപ്പോൾ ശ്രവണശക്തി നഷ്ടപ്പെട്ടിരുന്നു. 18 വർഷത്തിനുശേഷം ഞാൻ ഇപ്പോഴും ബധിരയാണെന്നുതന്നെ പറയാം. എന്നാൽ ശ്രവണ സഹായികളുടെ സഹായത്തോടെ എനിക്കിപ്പോൾ അൽപ്പസ്വൽപ്പമൊക്കെ കേൾക്കാം. ശ്രവണ വൈകല്യമുള്ളവരോട് സമാനുഭാവം കാട്ടാൻ ശ്രവണശക്തിയുള്ളവരെ ഈ സമയോചിത ലേഖനം വാസ്തവമായും സഹായിക്കുന്നു.
കെ. സി., ഐക്യനാടുകൾ
കിളിമഞ്ചാരോ “കിളിമഞ്ചാരോ—ആഫ്രിക്കയുടെ മേൽക്കൂര” (സെപ്റ്റംബർ 8, 1997) എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദിച്ചു. കെനിയയിൽ യഹോവയുടെ സാക്ഷികളുടെ ഒരു അന്തർദേശീയ കൺവെൻഷനിൽ സംബന്ധിക്കുന്ന അവസരത്തിൽ 1994 ജനുവരിയിൽ ഞാൻ കിളിമഞ്ചാരോ പർവതം കണ്ടു. ആ ദൃശ്യം എന്നെ ശരിക്കും സ്പർശിച്ചു. സ്നേഹവാനായ നമ്മുടെ സ്രഷ്ടാവെന്നനിലയിലുള്ള യഹോവയുടെ വിസ്മയാവഹമായ കരവേലയ്ക്കായി ഞാൻ അവനു നന്ദി പറഞ്ഞു.
ഇ. ജെ., ഐക്യനാടുകൾ
ലോകത്തിന്റെ ഭാഗമല്ല “ബൈബിളിന്റെ വീക്ഷണം: ‘ലോകത്തിന്റെ ഭാഗമല്ല’—എന്താണ് അതിന്റെ അർഥം?” (സെപ്റ്റംബർ 8, 1997) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. അതു പഠിച്ചശേഷം ക്രിസ്ത്യാനികളല്ലാത്തവരെ “ലോകക്കാരൻ” എന്നു വിളിക്കുന്ന പതിവു ഞാൻ നിർത്തി. 30 വർഷംമുമ്പ് ഞാൻതന്നെ ഒരു ക്രിസ്ത്യാനിയല്ലായിരുന്നു. ബൈബിൾ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിത്തന്ന വ്യക്തി തലക്കനമുള്ള ആളായിരുന്നെങ്കിൽ പിന്നെയൊരിക്കലും ഒരു സാക്ഷിയുമായും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കില്ലായിരുന്നു!
ബി. ജി., ഐക്യനാടുകൾ
തട്ടിപ്പുകാർ സെപ്റ്റംബർ 22, 1997 ലക്കം ലഭിച്ചപ്പോൾ ആദ്യം ഞാൻ “തട്ടിപ്പുകാരെ സൂക്ഷിക്കുക” എന്ന ലേഖനപരമ്പര വായിക്കാൻ മിനക്കെട്ടില്ല. പിറ്റേ ദിവസം ഞങ്ങളെ നാലു പേരെ സൗഹൃദപ്രകൃതക്കാരനെന്നു തോന്നിച്ച ഒരു ടാക്സി ഡ്രൈവർ പറ്റിച്ചു. ഞങ്ങൾക്ക് ആ നഗരത്തെക്കുറിച്ച് അറിയില്ലെന്ന് അയാൾ മനസ്സിലാക്കിയിരുന്നു. വലിയൊരു തുക അയാൾ ഞങ്ങളിൽനിന്ന് വാങ്ങുകയും ലക്ഷ്യസ്ഥാനത്തുനിന്ന് വളരെ അകലെ ഇറക്കിവിടുകയും ചെയ്തു. ലേഖനങ്ങളുടെ അവസാനം ഉദ്ധരിച്ചിരുന്ന സദൃശ്യവാക്യങ്ങൾ 14:15, NW ഞങ്ങൾ ബാധകമാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ: “അനുഭവജ്ഞാനമില്ലാത്ത ഏവനും ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ സൂക്ഷ്മബുദ്ധിയുള്ളവനോ തന്റെ കാലടികളെക്കുറിച്ചു പരിചിന്തിക്കുന്നു!”
ജെ. പി., ഫിലിപ്പീൻസ്
കുരിശുയുദ്ധങ്ങൾ കുരിശുയുദ്ധങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരുന്നപ്പോഴാണ് “കുരിശുയുദ്ധങ്ങൾ—‘ഒരു ദാരുണ മിഥ്യാസങ്കൽപ്പം’” എന്ന ലേഖനത്തോടുകൂടിയ 1997 ഒക്ടോബർ 8 ലക്കം എനിക്കു ലഭിച്ചത്. വാസ്തവമായും തക്കസമയത്തുതന്നെ നമുക്കു വിവരങ്ങൾ ലഭിക്കുന്നു! കിട്ടിയ ഉടനെ മാസിക വായിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ഞാൻ ഓർമിപ്പിക്കപ്പെട്ടു.
റ്റി. കെ., ഫിൻലൻഡ്
പ്രശ്നവിമുക്തമായ പറുദീസ എനിക്ക് ഒമ്പതു വയസ്സുണ്ട്. “പ്രശ്നവിമുക്തമായ പറുദീസ—ഉടൻ ഒരു യാഥാർഥ്യം” (ഒക്ടോബർ 8, 1997) എന്ന ലേഖനത്തിനു നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ലേഖനം എന്നെ വാസ്തവമായും സ്പർശിച്ചു. കാരണം എന്റെ ഡാഡി മറ്റൊരിടത്താണ് താമസിക്കുന്നത്. ആരെങ്കിലും വീട്ടിലേക്ക് അതിക്രമിച്ചു കയറിയാലോ എന്നു ഭയന്ന് ഞാനും മമ്മിയും രാത്രി ജന്നൽപ്പോലും തുറന്നിടാറില്ല. അതുകൊണ്ട് എല്ലാ കുറ്റകൃത്യങ്ങളും അക്രമങ്ങളും യഹോവ നീക്കം ചെയ്യാൻ പോകുന്ന വിധത്തെക്കുറിച്ചു വായിച്ചപ്പോൾ എനിക്ക് ആശ്വാസം തോന്നി.
ഡി. എം., ഐക്യനാടുകൾ