പാലിക്കുമെന്ന് ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്ന പ്രതിജ്ഞ
മര്യാൻ റ്റ്സിബൂൽസ്ക്കി പറഞ്ഞപ്രകാരം
ഫെബ്രുവരി 1945. അന്ന് 20 വയസ്സുണ്ടായിരുന്ന ഞാൻ സോവിയറ്റ് സൈന്യത്തിലെ ഒരു പട്ടാളക്കാരനായിരുന്നു. സോവിയറ്റ് സൈന്യം ജർമൻകാരെ നൂറു കണക്കിനു കിലോമീറ്റർ അകലെയുള്ള അവരുടെ രാജ്യത്തേക്ക് തുരത്തിയിരുന്നു. ദിവസവും ഞാൻ യുദ്ധത്തിന്റെ ഭീകരത കണ്ടു. എനിക്കു ചുറ്റും സഖാക്കൾ മരിച്ചു വീണുകൊണ്ടിരുന്നു. ഞങ്ങൾ ജർമനിയിലെ ബ്രെസ്ലൗവിനടുത്ത്—ഇപ്പോൾ അത് പോളണ്ടിലെ വ്രൊട്സ്ലാഫ് എന്നാണ് അറിയപ്പെടുന്നത്—എത്താറായിരുന്നു. അവിടെവെച്ച് ഒരു സായാഹ്നത്തിൽ, കൂട്ടക്കുരുതിയാലും കഷ്ടപ്പാടിനാലും മടുത്തപ്പോൾ, വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിക്കാമെങ്കിൽ ദൈവേഷ്ടം ചെയ്യാൻ എന്റെ ജീവിതം ഉഴിഞ്ഞുവെക്കാമെന്നു ഞാൻ ദൈവത്തോടു പ്രതിജ്ഞ ചെയ്തു.
മൂന്നു മാസം കഴിഞ്ഞപ്പോൾ ജർമനി പരാജയപ്പെട്ടു. 1945 ഡിസംബറിൽ സൈന്യത്തിൽനിന്നു പിരിച്ചുവിട്ടശേഷം എന്റെ പിതാവിന്റെ ജന്മനാടായ, ലവോഫിനരികിലുള്ള (ഇപ്പോൾ ലവീഫ്) ഒരു ഗ്രാമമായ, റൊജിസ്നോയിലേക്ക് ഞാൻ യാത്ര ചെയ്തു. ആ കാൽനട യാത്ര ദുഷ്കരമായിരുന്നു. പിറ്റേന്നു രാവിലെ ഞാൻ യഹോവയുടെ സാക്ഷികളിലൊരാളെ കണ്ടുമുട്ടി. ദൈവരാജ്യത്തെക്കുറിച്ച് അദ്ദേഹം എനിക്ക് ഒരു നല്ല സാക്ഷ്യം നൽകി. ബൈബിളിനെക്കുറിച്ച് എനിക്ക് അൽപ്പമൊക്കെ അറിവുണ്ടായിരുന്നു, സാക്ഷികളുടെ ചില സാഹിത്യങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും ഇപ്രാവശ്യം, ആ സന്ദേശം എന്റെ ഹൃദയത്തിൽ തട്ടി. ഈ കൂടിക്കാഴ്ചയ്ക്ക് എന്റെ പ്രതിജ്ഞയുമായി എന്തോ ബന്ധമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.
പ്രതിജ്ഞ നിറവേറ്റാൻ ശ്രമിക്കുന്നു
താമസിയാതെ എനിക്ക് ഒരു പ്രാഥമിക വിദ്യാലയത്തിൽ അധ്യാപകനായി ജോലി കിട്ടി. എന്നാൽ രണ്ടു വർഷം കഴിയുന്നതിനുമുമ്പ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലവൻ കുട്ടികൾക്ക് നിരീശ്വരവാദപരമായ വിദ്യാഭ്യാസം നൽകണമെന്ന നിയമം പുറപ്പെടുവിച്ചു. എന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ഏതാണ്ട് അതേ കാലയളവിൽത്തന്നെ, അതായത് മേയ് 1947-ൽ, ഞാൻ യഹോവയുടെ സാക്ഷികളുമൊത്ത് പരസ്യമായി പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങി. തെക്കുള്ള ബൊറിസ്ലാഫ് പട്ടണത്തിലേക്കു താമസം മാറാൻ സാക്ഷികൾ എന്നെ പ്രോത്സാഹിപ്പിച്ചു. അവിടെയെത്തി താമസിയാതെതന്നെ എനിക്ക് ഒരു ഇലക്ട്രീഷ്യനായി ജോലി ലഭിച്ചു.
1930-കളിൽ സാക്ഷികളായിത്തീർന്ന ചിലരെ ഞാൻ ബൊറിസ്ലാവിൽ കണ്ടുമുട്ടി. വേദാദ്ധ്യയന പത്രികയുടെ വാല്യങ്ങളും വാച്ച്ടവർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് എഴുതിയ മിക്ക പുസ്തകങ്ങളും ഉൾപ്പെടെയുള്ള ഒട്ടേറെ ബൈബിൾ പ്രസിദ്ധീകരണങ്ങളും അവരുടെ കൈവശം ഉണ്ടായിരുന്നു. ഞാൻ അവ വിശദമായി വായിച്ചു. ചില സാക്ഷികളുടെ പക്കലുണ്ടായിരുന്ന വീക്ഷാഗോപുരത്തിന്റെയും സുവർണയുഗത്തിന്റെയും (ഇപ്പോഴത്തെ ഉണരുക!) പഴയ പ്രതികളും ഞാൻ വായിച്ചു. എന്നാൽ എന്നിൽ ഏറ്റവുമധികം മതിപ്പുളവാക്കിയത് ഹിറ്റ്ലറിന്റെ ഭരണകാലത്ത് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജർമൻകാരായ സാക്ഷികൾ എഴുതിയ ഒരു കൂട്ടം കത്തുകളായിരുന്നു. ഈ കത്തുകൾ പോളീഷിലേക്കു വിവർത്തനം ചെയ്ത്, കല്ലച്ച് ഉപയോഗിച്ചു പകർത്തി, ചെറുപുസ്തക രൂപത്തിൽ ആക്കിയിരുന്നു. പിന്നീട്, ജർമൻകാരായ ആ സഹോദരന്മാരുടെ നിർമലതയെ അനുസ്മരിക്കുകവഴി പരിശോധനകളിൽ പിടിച്ചുനിൽക്കാൻ വേണ്ട ശക്തി ഞാൻ കണ്ടെത്തി.
ഒടുവിൽ 1949-ൽ ഞാൻ ബൊറിസ്ലാഫിലെ തടാകങ്ങളിൽ ഒന്നിൽ സ്നാപനമേറ്റു. അങ്ങനെ, ദൈവത്തെ സേവിക്കുമെന്ന് മുമ്പ് യുദ്ധക്കളത്തിൽ നടത്തിയ പ്രതിജ്ഞ ഞാൻ ഔപചാരികമായി നിറവേറ്റി. എന്നാൽ ഇപ്പോൾ ആ പ്രതിജ്ഞ സൂക്ഷ്മപരിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒന്നായിരുന്നു.
എന്റെ പരിശോധനകൾ തുടങ്ങുന്നു
താമസിയാതെ എന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. അതുകൊണ്ട് 1950 ഫെബ്രുവരിയിൽ സ്ട്രി എന്ന നഗരത്തിലേക്കു ഞാൻ താമസം മാറി. അവിടെ വീണ്ടും എനിക്ക് ഒരു ഇലക്ട്രീഷ്യന്റെ ജോലി ലഭിച്ചു. എന്റെ ക്രിസ്തീയ സഹോദരന്മാരിൽനിന്നുള്ള സ്വീകരണവും വളരെ ഊഷ്മളമായിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം നടക്കാനിരുന്ന യേശുക്രിസ്തുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകാഘോഷ പ്രസംഗം നടത്താൻപോലും അവർ എന്നെ ക്ഷണിച്ചു.
ആ സമയത്ത് സാക്ഷികളെ പ്രകോപിപ്പിക്കാനുള്ള ശ്രമവും അവർക്കു നേരെയുള്ള ഭീഷണിയും രൂക്ഷമായിരുന്നു. രാഷ്ട്ര സുരക്ഷാ സമിതിയായ കെജിബി-യിലെ അംഗങ്ങൾ ഞങ്ങളെ രഹസ്യമായി പിന്തുടർന്നിരുന്നു. അതുകൊണ്ട് ഞങ്ങൾ എപ്പോഴും ജാഗ്രതയുള്ളവരായിരുന്നു. അറസ്റ്റിനും ചോദ്യംചെയ്യലിനുമായി ഞങ്ങൾ തയ്യാറെടുത്തു. യോഗങ്ങളിൽ രാജ്യഗീതങ്ങൾ ആലപിക്കുന്നത് ആത്മീയമായി ബലിഷ്ഠരായി നിലകൊള്ളാൻ ഞങ്ങളെ സഹായിച്ചു.
1950 ജൂലൈ 3-ന് സ്റ്റോക്ക്ഹോം അപേക്ഷയിൽ ഒപ്പിടാൻ എന്നോട് ആവശ്യപ്പെട്ടു. ആണവ ആയുധവത്കരണത്തിനെതിരെ 27,30,00,000-ത്തിലധികം ആളുകൾ, മുഖ്യമായും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പൗരന്മാർ, ഒപ്പുവെച്ച ഒരു അപേക്ഷയായിരുന്നു അത്. രാഷ്ട്രീയമായി നിഷ്പക്ഷനാണെന്നു വ്യക്തമാക്കിക്കൊണ്ട് ഞാൻ അതു ചെയ്യാൻ വിസമ്മതിച്ചപ്പോൾ വീണ്ടും എന്നെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ഈ സംഭവത്തെ തുടർന്ന് ഞാൻ അറസ്റ്റിലായി. വിചാരണയ്ക്കുശേഷം എന്നെ നിർബന്ധിത തൊഴിൽപ്പാളയത്തിൽ 25 വർഷത്തെ തടവിന് വിധിച്ചു.
പാളയങ്ങൾതോറും
1950 ഡിസംബറിൽ ഞങ്ങളിൽ പലരെയും കന്നുകാലികളെ കൊണ്ടുപോകുന്ന ഒരു റെയിൽവണ്ടിയിൽ കയറ്റി 3,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ഏഷ്യൻ റഷ്യയെ യൂറോപ്യൻ റഷ്യയിൽനിന്ന് ഭാഗികമായി വേർതിരിക്കുന്ന വടക്കൻ യൂറൽ പർവതനിരയ്ക്ക് അടുത്തുള്ള ഒരു പ്രദേശത്തേക്ക് അയച്ചു. അവിടെ എന്നെ ഓരോ പാളയങ്ങളിലായി മാറ്റിമാറ്റി പാർപ്പിച്ചു. എല്ലാ പാളയങ്ങളിലെയും സ്ഥിതി ഒന്നുതന്നെയായിരുന്നു—കഠിനാധ്വാനവും അരപ്പട്ടിണിയും. ആരോഗ്യമുള്ള ചെറുപ്പക്കാരെ ജീവച്ഛവങ്ങളാക്കി മാറ്റാൻ രണ്ടോ മൂന്നോ മാസം മതിയായിരുന്നു. ഒട്ടേറെ പേർ മരിച്ചു. ഏറെ കാലം ജീവിച്ചിരിക്കാമെന്ന് ഞങ്ങൾ വ്യാമോഹിച്ചില്ല, വിശേഷിച്ചും ദീർഘകാലത്തേക്ക് തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നവർ.
ബൈബിൾ സാഹിത്യങ്ങൾ ലഭിക്കാതെയും മറ്റു സാക്ഷികളുമായി യാതൊരു സമ്പർക്കവുമില്ലാതെയും കഴിയേണ്ടിവന്ന വർഷമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായിരുന്നത്. ഒറ്റപ്പെട്ടു കഴിയൽ അസഹനീയമായിരുന്നു. എന്നാൽ ദൈവരാജ്യത്തെക്കുറിച്ചു ഞാൻ പറഞ്ഞ സന്ദേശം ചില തടവുകാർ ശ്രദ്ധിച്ചു കേട്ടത് എന്നെ ആത്മീയമായി ബലപ്പെടുത്തി. ഒടുവിൽ ഉള്ളുരുകിയുള്ള എന്റെ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചു. 2,000 കിലോമീറ്റർ അകലെ തെക്കുകിഴക്കുള്ള, കിഴക്കൻ സൈബീരിയയിൽ പുതുതായി പണിത അങ്കാർസ്ക് നഗരത്തിലുള്ള ഒരു വലിയ പാളയ സമുച്ചയത്തിലേക്ക് എന്നെ മാറ്റി. അവിടെ ഒരു വലിയ രാസവ്യവസായശാലയുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. പണിയുടെ ഭൂരിഭാഗവും ചെയ്തിരുന്നത് തടവുപുള്ളികളായിരുന്നു.
നിർമാണ പ്രദേശത്തിന് അടുത്തുള്ള ക്യാമ്പ് 13-ലാണ് എന്നെ ആക്കിയത്. അവിടെ ഞാൻ പെട്ടെന്നുതന്നെ മറ്റു സാക്ഷികളെ കണ്ടുമുട്ടി. അവർ എനിക്ക് വീക്ഷാഗോപുരത്തിന്റെയും ഇൻഫോർമന്റിന്റെയും—നമ്മുടെ രാജ്യ ശുശ്രൂഷ അന്ന് വിളിക്കപ്പെട്ടിരുന്നത് അങ്ങനെയാണ്—ഏറ്റവും പുതിയ പ്രതികൾ നൽകി. എത്ര കെങ്കേമമായ ആത്മീയ സദ്യയായിരുന്നു അത്! എന്നാൽ അവയെല്ലാം ലഭിച്ചത് എവിടെനിന്നായിരുന്നു?
1951 ഏപ്രിലിൽ യൂക്രെയിനിലെ ആയിരക്കണക്കിനു സാക്ഷികളെ സൈബീരിയയിലേക്ക്—പലരെയും അങ്കാർസ്ക്കിൽനിന്ന് അധികം ദൂരെയല്ലാത്ത പ്രദേശങ്ങളിലേക്ക്—നാടുകടത്തിയിരുന്നു. ഈ സഹോദരന്മാർ വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും കൈക്കലാക്കി അവയുടെ പ്രതികളുണ്ടാക്കി. എന്നിട്ട് അവ പാളയങ്ങളിലേക്കു രഹസ്യമായി കടത്തി. ഒരു ബൈബിൾ കൈവശപ്പെടുത്താനും ഞങ്ങൾക്കു സാധിച്ചു. അത് ഭാഗങ്ങളാക്കി ഞങ്ങൾക്കിടയിൽ വിതരണം ചെയ്തു. അങ്ങനെ, അന്വേഷണം നടക്കുകയാണെങ്കിൽത്തന്നെ ബൈബിളിന്റെ ഒരു ഭാഗമേ നഷ്ടപ്പെടുമായിരുന്നുള്ളൂ. കൂടാതെ, പാളയങ്ങളിൽ ഞങ്ങൾ വീക്ഷാഗോപുര അധ്യയനവും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളും നടത്തുകപോലും ചെയ്തു!
പിന്നീട് 1952-ൽ എന്നെ ക്യാമ്പ് 8-ലേക്ക് മാറ്റി. തുടർന്നു വന്ന മാർച്ചിൽ തടവുകാർ തങ്ങളുടെ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഒരു കൊച്ചു മുറിയിൽ ഞങ്ങൾ സ്മാരകം ആഘോഷിച്ചു. 12 പേരെ സന്നിഹിതരായുള്ളൂ—3 സാക്ഷികളും 9 താത്പര്യക്കാരും. അധികാരികൾ എങ്ങനെയോ ഞങ്ങളുടെ യോഗത്തെക്കുറിച്ച് മണത്തറിഞ്ഞു. “വലിയ കുഴപ്പക്കാരൻ” ആയി മുദ്രകുത്തി എന്നെ പീനൽ ക്യാമ്പ് 12-ലേക്കു മാറ്റി. പ്രസംഗപ്രവർത്തനത്തെപ്രതി ശിക്ഷിക്കപ്പെട്ടിരുന്ന വേറെ അഞ്ചു സാക്ഷികൾ ആ പാളയത്തിൽ ഉണ്ടായിരുന്നു. അവിടെവെച്ച് ഞങ്ങളെക്കൊണ്ട് വെറും പിക്കാസും മൺവെട്ടിയും ഉപയോഗിച്ച് ഒരു വലിയ അസ്തിവാരം കുഴിപ്പിച്ചു.
ക്യാമ്പ് 12-ലുണ്ടായിരുന്ന പല തടവുകാരും അങ്ങേയറ്റം അപകടകാരികളായ കുറ്റവാളികളായിരുന്നു. അവരോടൊപ്പമുള്ള താമസം ഞങ്ങളുടെ ആത്മവീര്യം ചോർത്തിക്കളയുമെന്ന് ഉദ്യോഗസ്ഥർ വിചാരിച്ചുവെന്നു സ്പഷ്ടം. എന്നാൽ ഞങ്ങൾ ദൈവരാജ്യത്തെക്കുറിച്ച് അവരുമായി സംസാരിച്ചു, പാളയത്തിൽവെച്ച് ഞങ്ങൾ രാജ്യഗീതങ്ങൾ ആലപിച്ചു. ഒരിക്കൽ ഞങ്ങൾ പാട്ട് നിർത്തിയപ്പോൾ ക്യാമ്പിലെ ഗുണ്ടാത്തലവൻ ഒരു സാക്ഷിയെ സമീപിച്ച് ഇങ്ങനെ പറയാൻപോലും പ്രേരിതനായി: “ആരെങ്കിലും നിങ്ങളെ തൊട്ടാൽ അവന്റെ തല ഞാൻ വെട്ടും!” ചില കുറ്റവാളികൾ നമ്മുടെ രാജ്യഗീതങ്ങൾ പഠിച്ച് കൂടെ പാടി!
1953 മധ്യത്തിൽ പല സാക്ഷികളെയും മറ്റു ക്യാമ്പുകളിൽനിന്ന് ക്യാമ്പ് 1-ലേക്ക് മാറ്റി. ആദ്യം ക്യാമ്പ് 1-ൽ 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ മൂന്നു വർഷത്തിൽ കുറഞ്ഞ കാലംകൊണ്ട് ഞങ്ങളുടെ എണ്ണം 64 ആയി ഉയർന്നു. ആ കാലയളവിനുള്ളിൽ 16 പേർ ബൈബിൾ സത്യത്തിനായി ഉറച്ച നിലപാടു സ്വീകരിച്ച് സ്നാപനമേറ്റു! പാളയത്തിലെ ഉദ്യോഗസ്ഥന്മാർ മതപരമായ പ്രവർത്തനങ്ങളുടെ എന്തെങ്കിലും തെളിവു കിട്ടാൻ നോക്കി നടന്നെങ്കിലും ക്യാമ്പിലെ കുളിമുറിയിൽവെച്ച് യോഗങ്ങളും സ്നാപനങ്ങളും നടത്താൻ ഞങ്ങൾക്കു കഴിഞ്ഞു. കാരണം കുളിമുറിയുടെ മേൽനോട്ടം വഹിച്ചിരുന്നത് ഒരു സാക്ഷിയായിരുന്നു.
സ്വാതന്ത്ര്യം, പിന്നെ ഒരു കുടുംബവും
1956-ൽ ക്യാമ്പിലെ മിക്ക സാക്ഷികളെയും വിട്ടയച്ചു. അങ്ങനെ വിസ്തൃതമായ സോവിയറ്റ് പ്രദേശത്തിന്റെ എല്ലാ കോണിലേക്കും സുവാർത്തയുടെ സന്ദേശവാഹകർ ചിതറിക്കപ്പെട്ടു. 25 വർഷത്തെ എന്റെ തടവുശിക്ഷ 10 വർഷമായി ഇളച്ചു, പിന്നെ അത് 6 വർഷവും 6 മാസവുമായി കുറച്ചു. അങ്ങനെ 1957 ഫെബ്രുവരിയിൽ ഞാനും മോചിതനായി.
ആദ്യം ഞാൻ പോയത് അങ്കാർസ്ക്കിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന, സൈബീരിയയിലെ ഒരു പട്ടണമായ ബിറൂസിൻസ്ക്കിലേക്കായിരുന്നു. യൂക്രെയിൻകാരായ പല സാക്ഷികളെയും ആ പ്രദേശത്തേക്കു നാടുകടത്തിയിരുന്നു. അവരുമായി അനുഭവങ്ങൾ പങ്കിടാനും ഞങ്ങൾക്ക് പൊതുവായി അറിയാമായിരുന്ന സഹസാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനും എനിക്കു സാധിച്ചു. അവിടെനിന്ന് ഞാൻ യൂക്രെയിനിലെ ബൊറിസ്ലാഫിലേക്കു തിരിച്ചുവന്നു. അവിടെ യുവ്ഗേന്യ ബച്ചിൻസ്കായ എന്ന യൂക്രെയിൻകാരി സാക്ഷി താമസിച്ചിരുന്നു. ഞാൻ തടവിൽനിന്നു പുറത്തു വന്നതിന്റെ തലേ വർഷമാണ് അവൾ മോചിതയായത്.
യുവ്ഗേന്യ ആത്മീയമായി കരുത്തുറ്റ ഒരു സാക്ഷിയായിരുന്നു. പ്രസംഗപ്രവർത്തനത്തെപ്രതി 1950-ൽ അവളെ വധശിക്ഷയ്ക്കു വിധിച്ചിരുന്നതാണ്. എന്നാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നവരെ പാർപ്പിക്കുന്ന അറയിൽ 18 ദിവസം കഴിഞ്ഞ അവളുടെ ശിക്ഷ 25 വർഷം ഒരു പ്രത്യേക പാളയത്തിൽ തടവിൽ കഴിയണമെന്നാക്കി ഇളച്ചു കൊടുത്തു. 1957-ന്റെ ഒടുവിൽ ഞാൻ യൂക്രെയിനിൽ തിരിച്ചെത്തിയശേഷം ഞങ്ങൾ വിവാഹിതരായി. വിവാഹാനന്തരം, ഒമ്പതു വർഷംമുമ്പ് ഞാൻ സ്നാപനമേറ്റ സ്ഥലമായ ബൊറിസ്ലാഫിൽ താമസിക്കാൻ ഞാൻ പരിപാടിയിട്ടു. എന്നാൽ 48 മണിക്കൂറിനുള്ളിൽ യൂക്രെയിൻ വിട്ടുപോകാനുള്ള ഉത്തരവാണ് എനിക്കു ലഭിച്ചത്!
തെക്കൻ റഷ്യയിലുള്ള കൗക്കാസസിലേക്കു ഞാൻ താമസം മാറി. യുവ്ഗേന്യ പിന്നീട് എന്നോടൊപ്പം ചേർന്നു. എന്നാൽ അവിടെ ഒരു കൊച്ചു ഷെഡിൽ ആറു മാസത്തോളം താമസിച്ചശേഷം ഞങ്ങൾ ബിർയൂസിൻസ്ക്കിലേക്കു പോയി, ഞങ്ങളുടെ നാടുകടത്തപ്പെട്ട ക്രിസ്തീയ സഹോദരീസഹോദരന്മാരോടൊപ്പം ചേരാൻ. അവിടെ ഏതാണ്ട് 500 സാക്ഷികളും അഞ്ച് സഭകളുമുണ്ടായിരുന്നു. ആ സഭകളിലൊന്നിൽ അധ്യക്ഷ മേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചു. 1959-ൽ ഞങ്ങളുടെ മകൾ ഒക്സാന ജനിച്ചു, 1960-ൽ മരിയാനയും. കുട്ടിക്കാലം മുതൽക്കേ അവരെ ഞങ്ങൾ എല്ലാ യോഗങ്ങൾക്കും കൊണ്ടുപോകുമായിരുന്നു. അങ്ങനെ സഭാപ്രവർത്തനങ്ങളുമായി പരിചിതരായാണ് സൈബീരിയയിൽ അവർ വളർന്നുവന്നത്.
സൈബീരിയൻ അധികാരികൾ ഞങ്ങളുടെ സഭാപ്രവർത്തനങ്ങളോട് താരതമ്യേന സഹിഷ്ണുത കാട്ടിയിരുന്നു, ചുരുങ്ങിയപക്ഷം യൂക്രെയിനിൽ ഞങ്ങളുടെ വേലയുടെമേൽ ഏർപ്പെടുത്തിയിരുന്ന കടുത്ത വിലക്കുകളോടുള്ള താരതമ്യത്തിൽ. എങ്കിലും മുഴു സഭയും ഒത്തുചേരുന്നത് അത്ര എളുപ്പമായിരുന്നില്ല. വലിയ കൂട്ടങ്ങളായി ഒത്തുചേരാൻ ശവസംസ്കാര വേളകൾ അവസരം നൽകി. ഈ സന്ദർഭങ്ങളിൽ പല സഹോദരന്മാരും പ്രബോധനാത്മകമായ ബൈബിൾ പ്രസംഗങ്ങൾ നടത്തുമായിരുന്നു. എന്നാൽ സംഗതി അധികാരികൾ അറിയാൻ ഇടയായപ്പോൾ അവർ നടപടി എടുത്തു. ഉദാഹരണത്തിന്, ഒരിക്കൽ ഒരു വിലാപയാത്ര അവർ തടഞ്ഞു നിർത്തി, ശവമഞ്ചം ബലമായി പിടിച്ചെടുത്ത് സെമിത്തേരിയിൽ കൊണ്ടുപോയി അടക്കി.
തിരിച്ച് യൂക്രെയിനിലേക്ക്
1965-ൽ ഞങ്ങൾ യൂക്രെയിനിലേക്കു തിരിച്ചുപോയി ക്രെമൻചൂക്കിൽ താമസമുറപ്പിച്ചു. ബൊറിസ്ലാഫിൽനിന്ന് ഏതാണ്ട് 800 കിലോമീറ്റർ അകലെയുള്ള ഈ നഗരത്തിൽ 12 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു; ആ കാലയളവിൽ മിക്കപ്പോഴും ഒരു സഞ്ചാരമേൽവിചാരകനായിട്ടാണ് ഞാൻ സഭകളിൽ സേവിച്ചത്. 1969-ൽ ഞങ്ങളുടെ മക്കൾക്ക് ഒമ്പതും പത്തും വയസ്സുള്ളപ്പോൾ, തെക്കോട്ടു താമസം മാറ്റാൻ ഞങ്ങളോട് ആവശ്യപ്പെട്ടു, മൊളൊച്ചാൻസ്ക്ക് എന്ന കൊച്ചു പട്ടണത്തിലെ സഹോദരന്മാരെ സഹായിക്കാനായിരുന്നു അത്.
മൊളൊച്ചാൻസ്ക്കിലായിരിക്കുമ്പോൾ ഒരു ചർച്ചയ്ക്കായി കെജിബി എന്നെ വിളിപ്പിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ഒരു ചർച്ചയായിരുന്നു അത്. വാസ്തവത്തിൽ, അത്തരത്തിലുള്ള ആറ് സമൻസുകൾ എനിക്കു ലഭിച്ചു! “യഹോവക്കാ”രുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുകയാണെങ്കിൽ ശോഭനമായ ഒരു ഭാവി ഓരോ പ്രാവശ്യവും അവർ എനിക്കു വാഗ്ദാനം ചെയ്തു. ഒടുവിൽ കെജിബി-യുടെ ക്ഷമ നശിച്ചു തുടങ്ങി. എന്നെയും മറ്റൊരു സാക്ഷിയെയും ഒരു വർഷത്തേക്ക് തടവിനു വിധിച്ചു.
ശിക്ഷ പൂർത്തിയായശേഷം 1973-ൽ ഞാനും കുടുംബവും ക്രെമൻച്ചൂക്കിനരികെയുള്ള ഒരു കൊച്ചു ഗ്രാമത്തിലേക്കു താമസം മാറി. ഞങ്ങൾ രഹസ്യമായി വീട്ടിൽ ക്രിസ്തീയ യോഗങ്ങൾ നടത്തി, 1974-ൽ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷം ഉൾപ്പെടെ. പിറ്റേന്നു രാവിലെ എന്റെ വീട്ടിൽ അന്വേഷണം നടത്തുകയും ഞാൻ അറസ്റ്റിലാകുകയും ചെയ്തു.
വിചാരണ, നിർബന്ധിത തൊഴിൽപ്പാളയം, നാടുകടത്തൽ
എന്റെ വിചാരണവേളയിൽ പൊതുജനത്തിനു പ്രവേശനമുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെട്ടവർ മാത്രമേ ഹാജരായിരുന്നുള്ളൂ. സന്നിഹിതരായിരുന്നവർ ഉന്നത ഉദ്യോഗസ്ഥരും സമുദായ നേതാക്കന്മാരുമടങ്ങുന്ന സമൂഹത്തിലെ വമ്പന്മാരായിരുന്നു. അഭിഭാഷകനെ വേണ്ടെന്നു ഞാൻ തീരുമാനിച്ചിരുന്നു. സ്വന്തമായി വാദിക്കാൻ എനിക്കു 45 മിനിറ്റ് അനുവദിച്ചിരുന്നു. വിചാരണയുടെ തലേന്ന് യുവ്ഗേന്യയും ഞങ്ങളുടെ മക്കളും മുട്ടിന്മേൽനിന്നു പ്രാർഥിച്ചു, ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനോ ശിക്ഷ ലഭിക്കാതിരിക്കാനോ അല്ല മറിച്ച് ദൈവരാജ്യത്തെയും യഹോവയുടെ വിശുദ്ധ നാമത്തെയും കുറിച്ച് ഫലപ്രദമായ ഒരു സാക്ഷ്യം നൽകപ്പെടാൻ.
വിചാരണവേളയിൽ ജഡ്ജി വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളിൽനിന്ന് നിരവധി ഭാഗങ്ങൾ വായിച്ചു. കാണികളുടെ പ്രതികരണം ജഡ്ജി പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു. ഈ ദുഷ്ടലോകം അർമഗെദോനിൽ തുടച്ചുനീക്കപ്പെടുമെന്നും ദൈവരാജ്യം ഭൂമിയെ ഭരിക്കുമെന്നും കൂടിനിന്നവർ കേട്ടപ്പോൾ അവർ ആശയക്കുഴപ്പത്തിലായി—എന്തു വിശ്വസിക്കണമെന്ന് അവർക്കു തിട്ടമില്ലാതായി. ജഡ്ജിക്ക് തന്റെ അമളി പെട്ടെന്ന് മനസ്സിലായി. എന്റെ വാദത്തിന്റെ അവസാനഘട്ടത്തിൽ രക്ഷപ്പെടാൻ അദ്ദേഹം കൂടെക്കൂടെ എന്റെ സംസാരം തടസ്സപ്പെടുത്താൻ ശ്രമിച്ചു. എങ്കിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് നേരിട്ടു വായിക്കുകവഴി ഒരു നല്ല സാക്ഷ്യം നൽകാൻ ജഡ്ജി സഹായിച്ചിരുന്നു. എന്റെ ഹൃദയം കൃതജ്ഞതകൊണ്ട് നിറഞ്ഞുതുളുമ്പി. എന്നിരുന്നാലും എന്നെ അഞ്ചു വർഷത്തെ കഠിന തടവിനു വിധിച്ചു. തുടർന്ന് അഞ്ചു വർഷത്തേക്കു നാടുകടത്തലിനും.
തുടർന്നുള്ള അഞ്ചു വർഷം, അങ്ങ് വടക്കുള്ള കോമി ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലുള്ള യൊദ്വ തൊഴിൽ പാളയത്തിൽ മനസ്സ് തഴമ്പിച്ച കുറ്റവാളികളോടൊപ്പമാണ് ഞാൻ കഴിച്ചുകൂട്ടിയത്. ആ കാലത്ത് ഏതാണ്ട് 1,200 തടവുകാർക്കും പാളയ മേലധികാരികൾക്കും രാജ്യസാക്ഷ്യം നൽകാൻ എനിക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. 1979-ൽ മോചിതനായശേഷം ഉത്തരധ്രുവരേഖയ്ക്കും അപ്പുറമുള്ള വൊർക്കൂട്ടയിലേക്ക് എന്നെ നാടുകടത്തി. എനിക്ക് ജോലിയും താമസിക്കാൻ ഒരിടവും ലഭിച്ച ഉടനെ എന്റെ കുടുംബം എന്നോടൊപ്പം ചേർന്നു.
മുൻ ദശകങ്ങളിലെ ഒട്ടേറെ സാക്ഷികൾ ഉൾപ്പെടെയുള്ള തടവുകാരുടെ അസ്ഥികളിന്മേലാണ് വൊർക്കൂട്ട പണിതിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇന്ന് അത് ഒരു സാധാരണ നഗരമാണ്, ഒരിടത്തും തൊഴിൽ ക്യാമ്പുകൾ കാണാനില്ല. എന്നാൽ നഗരത്തിലും പരിസരത്തും സദാ ഉറഞ്ഞു കിടക്കുന്ന മഞ്ഞിൽ യഹോവയുടെ മഹത്ത്വത്തിനായി ജീവൻ നൽകിയ അസംഖ്യം രക്തസാക്ഷികളുടെ ശരീരങ്ങളുണ്ട്.
മതസ്വാതന്ത്ര്യത്തിന്റെ സന്തോഷം
1989-ൽ യഹോവയുടെ സാക്ഷികളുടെ രണ്ട് അന്തർദേശീയ കൺവെൻഷനിൽ പങ്കെടുക്കാനായി ഞങ്ങൾ വൊർക്കൂട്ടയിൽനിന്ന് പോളണ്ടിലേക്കു യാത്ര ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം കൂടാതെ സന്തോഷത്തോടെ സഹവാസം ആസ്വദിക്കുന്ന വാസോയിലെയും കട്ടോവിസിലെയും പതിനായിരക്കണക്കിനു ക്രിസ്തീയ സഹോദരീസഹോദരന്മാരെ കണ്ടപ്പോൾ സന്തോഷത്താൽ കരഞ്ഞുപോയത് ഓർത്തു ഞങ്ങൾ ലജ്ജിക്കുന്നില്ല. അങ്ങനെ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. രാജ്യതാത്പര്യങ്ങൾക്കായി സേവിക്കുമെന്ന പുതുക്കിയ ദൃഢനിശ്ചയത്തോടെയാണ് ഞങ്ങൾ വൊർകൂട്ടയിലേക്കു മടങ്ങിയത്.
എങ്കിലും ഉത്തരധ്രുവരേഖയ്ക്ക് അപ്പുറം കാലാവസ്ഥ കഠിനമായതിനാൽ യുവ്ഗേന്യക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ആ വർഷം ഞങ്ങൾ ക്രെമൻചൂക്കിലേക്കുതന്നെ താമസം മാറി. അവിടെ ഇപ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ യഹോവയുടെ സേവനത്തിൽ ഏർപ്പെടാൻ കഴിയുന്നതിൽ ഞങ്ങൾ ആഹ്ലാദിക്കുന്നു. ഞങ്ങളുടെ രണ്ട് മരുമക്കളും യൂക്രെയിനിലെ സഭയിൽ മൂപ്പന്മാരാണ്. ഞങ്ങളുടെ പെൺമക്കൾ മക്കളെ വളർത്തിക്കൊണ്ടു വരുന്നതോടൊപ്പം പയനിയറിങ്—മുഴുസമയ ശുശ്രൂഷയെ വിളിക്കുന്നത് അങ്ങനെയാണ്—ചെയ്യുന്നു. ഞങ്ങൾക്ക് നാലു പേരക്കുട്ടികളാണുള്ളത്.
1945-ലെ ആ പോർക്കളവും അരനൂറ്റാണ്ടു മുമ്പു ചെയ്ത പ്രതിജ്ഞയും ഞാൻ കൂടെക്കൂടെ ഓർക്കാറുണ്ട്. അതു പാലിക്കേണ്ടതിന് യഹോവ എനിക്കു സൂക്ഷ്മ പരിജ്ഞാനം പ്രദാനം ചെയ്തു. യഹോവയെ എന്നേക്കും സേവിക്കുമെന്ന സമാനമായ പ്രതിജ്ഞ ചെയ്യാൻ ലക്ഷക്കണക്കിന് ആളുകളെ പ്രാപ്തരാക്കിയിരിക്കുന്ന അതേ പരിജ്ഞാനം.
[23-ാം പേജിലെ ഭൂപടം/ചിത്രം]
യൂക്രെയിൻ
ബൊറിസ്ലാഫ്
വൊർക്കൂട്ട
ക്രെമൻചൂക്ക്
മൊളൊച്ചാൻസ്ക്ക്
ബിർയൂസിൻസ്ക്ക്
അങ്കാർസ്ക്
ലവിഫ്
റഷ്യ
കോക്കസസ്
ഞങ്ങളുടെ രണ്ട് പെൺമക്കളോടും അവരുടെ ഭർത്താക്കന്മാരോടും നാല് പേരക്കുട്ടികളോടുമൊപ്പം
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.