രണ്ടു പിതാക്കന്മാർ ആരെ വേണമെന്ന എന്റെ തിരഞ്ഞെടുപ്പ്
“നീ മേലാൽ എന്റെ മകനല്ല! വേഗം ഈ വീട്ടിൽനിന്നിറങ്ങിക്കോ. ആ മതം ഉപേക്ഷിച്ചിട്ടല്ലാതെ ഇനി ഈ പടി കയറിപ്പോകരുത്!”
വെറും ഉടുതുണിയുമായി ഞാൻ വീട്ടിൽനിന്ന് ഇറങ്ങി. ആ രാത്രി ചുറ്റുപാടെങ്ങും പീരങ്കിയുണ്ടകൾ ചീറിപ്പായുന്നുണ്ടായിരുന്നു. എവിടെ പോകണമെന്ന് എനിക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. പിന്നെ ഞാൻ എന്റെ വീടിന്റെ പടികയറിയത് ആറു വർഷത്തിനു ശേഷമായിരുന്നു.
സ്വന്തം മകനെ ആട്ടിപ്പുറത്താക്കത്തക്കവണ്ണം ഒരു പിതാവിനെ കുപിതനാക്കിയത് എന്തായിരിക്കും? എല്ലാത്തിന്റെയും തുടക്കം എങ്ങനെയായിരുന്നു എന്ന് ഞാൻ വിശദീകരിക്കാം.
വിദ്വേഷം നുരഞ്ഞുപൊന്തുന്ന ഒരു ലോകത്തിൽ വളർന്നുവരുന്നു
എന്റെ മാതാപിതാക്കൾ ലബനോനിലെ ബെയ്റൂട്ടിലാണ് താമസിക്കുന്നത്. പ്രസിദ്ധി ആർജിച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഒരിക്കൽ ആ രാജ്യം. എന്നാൽ, 1975 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ആ നഗരം വിനാശകരമായ ഒരു യുദ്ധത്തിന്റെ കേന്ദ്രസ്ഥാനം ആയിരുന്നു. 1969-ൽ ഞാൻ മൂന്നു മക്കളുള്ള ഒരു അർമേനിയൻ കുടുംബത്തിലെ മൂത്ത കുട്ടിയായി ജനിച്ചു. എന്റെ ബാല്യകാലം സമാധാനപൂർണം ആയിരുന്നു.
എന്റെ മാതാപിതാക്കൾ അർമേനിയൻ അപ്പോസ്തലിക് സഭക്കാർ ആയിരുന്നു. എന്നാൽ വർഷത്തിൽ രണ്ടു പ്രാവശ്യമേ അമ്മ ഞങ്ങളെ പള്ളിയിൽ കൊണ്ടുപോയിരുന്നുള്ളൂ—ഈസ്റ്ററിനും ക്രിസ്തുമസ്സിനും. അതുകൊണ്ട്, വലിയ മതഭക്തിയുള്ള കുടുംബമൊന്നും ആയിരുന്നില്ല ഞങ്ങളുടേത്. എങ്കിലും എന്നെ ഒരു ഇവാൻജലിക്കൽ ഹൈസ്കൂളിൽ ചേർത്തു. അവിടെ എനിക്കു മതപരമായ പ്രബോധനം ലഭിച്ചു. അപ്പോഴൊന്നും മതം എന്നിൽ താത്പര്യം ഉണർത്തിയിരുന്നില്ല.
അർമേനിയക്കാരിൽ പലരും ബാല്യത്തിൽ തന്നെ തുർക്കികളെ വെറുക്കാൻ പഠിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് തുർക്കികൾ ലക്ഷക്കണക്കിന് അർമേനിയക്കാരെ അരിഞ്ഞു വീഴ്ത്തുകയും അർമേനിയയുടെ അധിക ഭാഗവും കൈവശമാക്കുകയും ചെയ്തിരുന്നു. അവശേഷിച്ച കിഴക്കൻ ഭാഗം 1920-ൽ സോവിയറ്റ് യൂണിയന്റെ ഒരു റിപ്പബ്ലിക്ക് ആയിത്തീർന്നു. നീതിക്കുവേണ്ടി പോരാടാൻ യുവാവായ ഞാൻ ദൃഢനിശ്ചയം ചെയ്തു.
ചിന്താഗതിയിൽ മാറ്റം വരുന്നു
എന്നാൽ, 1980-കളിൽ, എനിക്ക് ഏതാണ്ട് പത്തു പതിനേഴു വയസ്സുള്ളപ്പോൾ, അമ്മാവൻ എനിക്കു പറഞ്ഞുതന്ന കാര്യങ്ങൾ എന്റെ ചിന്താഗതിയിൽ മാറ്റംവരുത്താൻ തുടങ്ങി. സർവശക്തനായ ദൈവം പെട്ടെന്നുതന്നെ സകല അനീതിക്കും അറുതി വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ച രാജ്യം മുഖേന, കൂട്ടക്കുരുതിക്ക് ഇരയായവർപോലും ഭൂമിയിലെ ജീവിതത്തിനായി പുനരുത്ഥാനം പ്രാപിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.—മത്തായി 6:9, 10; പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3-5.
അതെന്നെ പുളകിതനാക്കി. കൂടുതൽ അറിയാനുള്ള ആഗ്രഹം നിമിത്തം ഞാൻ അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അത് ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിച്ചു. മറ്റൊരു സാക്ഷിയുടെ വീട്ടിൽവെച്ച് ആയിരുന്നു അധ്യയനം.
സ്വർഗീയ പിതാവായ യഹോവയെക്കുറിച്ചു പഠിക്കുകയും അവനോടുള്ള എന്റെ സ്നേഹം വർധിച്ചുവരികയും ചെയ്തപ്പോൾ ഒരു ദിവസം എനിക്കു വിഷമംപിടിച്ച ഒരു തീരുമാനം എടുക്കേണ്ടി വരുമല്ലോ എന്നോർത്തു ഞാൻ ഭയപ്പെടാൻ തുടങ്ങി—എന്റെ കുടുംബത്തെ വേണമോ അതോ യഹോവയാം ദൈവത്തെ വേണമോ എന്നത്.—സങ്കീർത്തനം 83:18.
ഒരു 17-വയസ്സുകാരനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ തിരഞ്ഞെടുപ്പ്
യഹോവയുടെ സാക്ഷികളുമായി ഞാൻ സഹവസിക്കുന്നു എന്ന വാർത്ത ഒടുവിൽ അമ്മയുടെ ചെവിയിലെത്തി. അമ്മയ്ക്ക് ആകെ വേവലാതിയായി. ബൈബിൾ അധ്യയനം നിർത്താൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാൻ എന്റെ നിലപാടു മാറ്റുകയില്ലെന്ന് മനസ്സിലായപ്പോൾ പിതാവിനോടു പറയും എന്നു പറഞ്ഞ് അമ്മ എന്നെ ഭീഷണിപ്പെടുത്തി. അപ്പോൾ ഞാനതത്ര കാര്യമാക്കിയില്ല. കാരണം സാഹചര്യത്തെ നേരിടാനും പിതാവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഉറച്ച നിലപാടു സ്വീകരിക്കാനും എനിക്കു കഴിയുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ എനിക്കു തെറ്റുപറ്റി.
ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുന്നു എന്ന് അറിഞ്ഞപ്പോൾ പിതാവിന് ആകെ കലികയറി. ബൈബിൾ പഠനം നിർത്താത്തപക്ഷം വീട്ടിൽനിന്ന് ഇറക്കിവിടുമെന്ന് അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി. പഠിക്കുന്നത് സത്യമായതുകൊണ്ട് അത് ഉപേക്ഷിക്കുകയില്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം എന്റെ നേരെ അലറാനും ആക്രോശിക്കാനും എന്നെ പ്രാകാനും തുടങ്ങി. എല്ലാം കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു കൊച്ചുകുട്ടിയെപ്പോലെ കരയാൻ തുടങ്ങി. സാക്ഷികളുമായി സഹവസിക്കുന്നതു നിർത്താൻ അദ്ദേഹം എന്നോടു കേണപേക്ഷിക്കുകതന്നെ ചെയ്തു.
രണ്ടു പിതാക്കന്മാരിൽ—യഹോവയും എനിക്കു ജന്മമേകിയ പിതാവും—ആരെ തിരഞ്ഞെടുക്കണം എന്ന ചിന്ത എന്റെ വികാരങ്ങളെ പിച്ചിച്ചീന്തി. രണ്ടുപേരും എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു, രണ്ടുപേരെയും തൃപ്തിപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു; എന്നാൽ അത് അസാധ്യമായി കാണപ്പെട്ടു. സമ്മർദം എനിക്കു താങ്ങാവുന്നതിലും അധികമായിരുന്നു. പിതാവു പറഞ്ഞതുപോലെ ചെയ്യാമെന്ന് ഒടുവിൽ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. വലുതാകുമ്പോൾ പഠിച്ച് സാക്ഷി ആയിത്തീരുമെന്ന് ഞാൻ മനസ്സിൽ കണക്കുകൂട്ടി. എനിക്കന്ന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ചെയ്തതിനെക്കുറിച്ച് ഓർത്തപ്പോൾ പിന്നീട് എനിക്കു ലജ്ജ തോന്നി. യഹോവ എന്നിൽ സന്തുഷ്ടനല്ലെന്നും ഞാൻ സങ്കീർത്തനക്കാരനായ ദാവീദിന്റെ പിൻവരുന്ന വാക്കുകളിൽ ആശ്രയം വെച്ചില്ലെന്നും എനിക്കു തോന്നി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) എന്നാൽ, ഞാൻ അപ്പോഴും ഹൈസ്കൂളിൽ ആയിരുന്നു. എന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് ആകട്ടെ മാതാപിതാക്കളും.
കൂടുതൽ ഉറച്ച നിലപാട്
മാതാപിതാക്കൾ എന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നു എന്ന് അറിയാമായിരുന്നതുകൊണ്ട് രണ്ടിലധികം വർഷക്കാലത്തേക്ക് ഞാൻ എന്റെ അമ്മാവനെ സന്ദർശിക്കുകയോ സാക്ഷികളുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുകയോ ചെയ്തില്ല. അങ്ങനെയിരിക്കെ 1989-ൽ, എനിക്ക് 20 വയസ്സുള്ളപ്പോൾ, ഒരു ദിവസം പരിചയക്കാരനായ ഒരു സാക്ഷിയെ ഞാൻ യാദൃച്ഛികമായി കണ്ടുമുട്ടി. തന്റെ വീട്ടിലേക്കു വരുന്നോയെന്ന് അദ്ദേഹം വളരെ ദയാപുരസ്സരം എന്നോടു ചോദിച്ചു. ബൈബിൾ പഠനത്തെക്കുറിച്ച് ഒന്നും സൂചിപ്പിക്കാഞ്ഞതുകൊണ്ട് ഒടുവിൽ ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു.
ക്രമേണ ഞാൻ ബൈബിൾ പഠിക്കാനും രാജ്യഹാളിൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. ഞാൻ ജോലിസ്ഥലത്തിരുന്നാണു പഠിച്ചത്. അവിടെ ആർക്കും എന്നെ ശല്യപ്പെടുത്താൻ ആകുമായിരുന്നില്ല. അതിന്റെ ഫലമായി, യഹോവയുടെ സ്നേഹപുരസ്സരമായ വ്യക്തിത്വത്തെ കൂടുതൽ നന്നായി വിലമതിക്കാൻ എനിക്കു കഴിഞ്ഞു. മാത്രമല്ല, ഏതു സാഹചര്യത്തിലും അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുകയും അത് നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ മെച്ചമായി മനസ്സിലാക്കാനും എനിക്കു കഴിഞ്ഞു. അതേ വർഷം ആഗസ്റ്റ് മാസത്തിൽ പഠിച്ച കാര്യങ്ങൾ ഞാൻ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി.
അതുവരെ എന്റെ കുടുംബത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇതേ വിഷയത്തിന്റെ പേരിൽ എനിക്കു വീണ്ടും പിതാവിനെ നേരിടേണ്ടി വന്നു. എന്നാൽ ഇപ്രാവശ്യം ഞാൻ അതിന് ഏറെ സജ്ജനായിരുന്നു. അദ്ദേഹം ശാന്തനായി ഇങ്ങനെ ചോദിക്കാൻ ശ്രമിച്ചു: “മോനേ, നീ ഇപ്പോഴും യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുന്നുവെന്നു കേട്ടതു നേരാണോ?” മറുപടിക്കായി കാത്തുനിൽക്കവേ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മയും പെങ്ങളും നിശ്ശബ്ദം കരയുന്നുണ്ടായിരുന്നു.
അടുത്തയിടെ മാത്രമാണ് സാക്ഷികളോടൊത്തു സഹവസിക്കാൻ തുടങ്ങിയതെന്നും അവരിൽ ഒരാളായിത്തീരാൻ തീരുമാനിച്ച് ഉറച്ചിരിക്കുകയാണെന്നും ഞാൻ വിശദീകരിച്ചു. പിന്നെ എല്ലാം വളരെ പെട്ടെന്നാണു സംഭവിച്ചത്. പിതാവ് എന്റെ നേരെ ആക്രോശിച്ചുകൊണ്ട് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പ്രസ്താവിച്ചതുപോലെയൊക്ക പറഞ്ഞു. പിന്നെ അദ്ദേഹം എന്നെ കടന്നു പിടിച്ചു, ജീവനോടെ വീട്ടിൽനിന്നു പുറത്തു കടക്കാൻ എന്നെ അനുവദിക്കുകയില്ലെന്ന് എന്റെ നേരെ അലറി. ഒരുവിധത്തിൽ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെട്ട് പടിയിറങ്ങി ഓടി. അനുജൻ പിതാവിനെ ശാന്തനാക്കാൻ ശ്രമിക്കുന്നതു ഞാൻ കേട്ടു. യഹോവയോടു ഞാനിങ്ങനെ പ്രാർഥിച്ചു: “ഇന്നുമുതൽ നീയാണ് എന്റെ പിതാവ്. ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ദയവായി എന്നെ കാത്തുപരിപാലിക്കേണമേ.”
പ്രതികാരനടപടികൾ
ഞാൻ അമ്മാവന്റെ വീട്ടിലുണ്ടായിരിക്കും എന്നു വിചാരിച്ച് കുറെ ദിവസം കഴിഞ്ഞപ്പോൾ പിതാവ് അങ്ങോട്ടു ചെന്നു. അദ്ദേഹം അമ്മാവനെ കയ്യേറ്റം ചെയ്തു. കൊല്ലാൻപോലും മുതിർന്നു. എന്നാൽ അവിടെ സന്ദർശകരായി എത്തിയിരുന്ന ചില സാക്ഷികൾ ഇടപെട്ടതുകൊണ്ട് അതിനു കഴിഞ്ഞില്ല. വീണ്ടും ചെല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പിതാവ് മടങ്ങി. ഉടൻതന്നെ അദ്ദേഹം കരുതൽസേനയിൽപ്പെട്ട തോക്കുധാരികളായ ആളുകളുമായി മടങ്ങിയെത്തി. അവർ സാക്ഷികളെയും തീരെ സുഖമില്ലാതിരുന്ന എന്റെ അമ്മാവനെയും സൈനിക ആസ്ഥാനത്തേക്കു കൊണ്ടുപോയി.
അതിനുശേഷം ആ പ്രദേശത്തുള്ള മറ്റു സാക്ഷികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. അവരിൽ ഒരാളുടെ വീട്ടിലും അതിക്രമിച്ചു കയറി. ബൈബിളുകളും മറ്റു പുസ്തകങ്ങളും തെരുവിൽ കൂനകൂട്ടിയിട്ടു കത്തിച്ചുകളഞ്ഞു. അതുകൊണ്ടും തീർന്നില്ല. ആറു സാക്ഷികളെയും അവരോടൊപ്പം പഠിച്ചുകൊണ്ടിരുന്ന ചിലരെയും അറസ്റ്റു ചെയ്തു. എല്ലാവരെയും ഒരു കൊച്ചു മുറിയിലിട്ടു. കൂടാതെ അവരെ വിചാരണ ചെയ്യുകയും മർദിക്കുകയും ചെയ്തു. ചിലരുടെ ദേഹം സിഗരറ്റുകൊണ്ടു പൊള്ളിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വാർത്ത ചുറ്റുപാടെങ്ങും കാട്ടുതീപോലെ പടർന്നു. സൈനികർ എന്നെ എല്ലായിടത്തും തിരയുന്നുണ്ടായിരുന്നു. എന്നെ കണ്ടെത്തി ഏതു വിധേനയും മനസ്സുമാറ്റിയെടുക്കാൻ പിതാവ് അവരോട് അഭ്യർഥിച്ചിരുന്നു.
ഏതാനും ദിവസം കഴിഞ്ഞ് സൈനികർ രാജ്യഹാളിലേക്ക് ഇരച്ചുകയറി ചെന്നു. അവിടെ ഒരു സഭയുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും അവർ ഹാളിനു വെളിയിലിറക്കി. അവർ അവരുടെ ബൈബിളുകൾ കണ്ടുകെട്ടുകയും കരുതൽസേനാ ആസ്ഥാനംവരെ അവരെ നടത്തിക്കുകയും ചെയ്തു. അവിടെവെച്ച് അവരെ വിചാരണ ചെയ്തു.
ഗ്രീസിലേക്കു രക്ഷപ്പെടുന്നു
ഈ സമയമത്രയും, പ്രക്ഷുബ്ധ രംഗത്തുനിന്ന് വളരെ അകലെ പാർത്തിരുന്ന ഒരു സാക്ഷിക്കുടുംബത്തിന്റെ സംരക്ഷണയിൽ ആയിരുന്നു ഞാൻ. ഒരു മാസം കഴിഞ്ഞ് ഞാൻ ഗ്രീസിലേക്കു പോയി. അവിടെ എത്തിയ ശേഷം ഞാൻ യഹോവയാം ദൈവത്തിന് എന്റെ ജീവിതം സമർപ്പിക്കുകയും സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേൽക്കുകയും ചെയ്തു.
ഗ്രീസിലായിരിക്കെ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആത്മീയ സഹോദര വർഗത്തിന്റെ സ്നേഹപുരസ്സരമായ പരിപാലനം അനുഭവിക്കാൻ എനിക്കു കഴിഞ്ഞു. അക്കൂട്ടത്തിൽ തുർക്കികളും ഉണ്ടായിരുന്നു. യേശുവിന്റെ വാക്കുകളുടെ സത്യത ഞാൻ രുചിച്ചറിഞ്ഞു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരൻമാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല.”—മർക്കൊസ് 10:29, 30.
തുടർന്നുവന്ന മൂന്നു വർഷം ഞാൻ ഗ്രീസിൽ പാർത്തു. പിതാവിന് പല തവണ കത്തെഴുതിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സുഹൃത്തുക്കൾ എന്റെ വീടു സന്ദർശിക്കുകയും എന്നെക്കുറിച്ചു പിതാവിനോടു ചോദിക്കുകയും ചെയ്തപ്പോൾ “എനിക്ക് അങ്ങനെയൊരു മകനില്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നതായി പിന്നീടു ഞാൻ അറിഞ്ഞു.
ആറു വർഷത്തിനുശേഷം പുനഃസംഗമം
യുദ്ധം അവസാനിച്ചശേഷം 1992-ൽ ഞാൻ ബെയ്റൂട്ടിലേക്കു മടങ്ങി. വീട്ടിലേക്കു മടങ്ങിച്ചെല്ലാൻ ആഗ്രഹമുണ്ടെന്ന് ഒരു സുഹൃത്തിലൂടെ ഞാൻ പിതാവിനെ അറിയിച്ചു. വിശ്വാസം ഉപേക്ഷിക്കുന്നപക്ഷം എനിക്കു സ്വാഗതമുണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതുകൊണ്ട് അടുത്ത മൂന്നു വർഷം ഞാൻ ഒരു വാടക കെട്ടിടത്തിൽ താമസിച്ചു. അങ്ങനെയിരിക്കെ, 1995 നവംബറിൽ പെട്ടെന്നൊരു ദിവസം പിതാവ് എന്റെ ജോലിസ്ഥലത്തു വന്നിട്ട് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അപ്പോൾ അവിടെ ഇല്ലായിരുന്നു. അതുകൊണ്ട്, ഞാൻ വീട്ടിലേക്കു ചെല്ലാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന സന്ദേശം അവിടെ ഏൽപ്പിച്ചിട്ടു പോയി. ആദ്യം എനിക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നി. അതുകൊണ്ട്, മടിച്ചു മടിച്ചാണ് ഞാൻ അദ്ദേഹത്തെ കാണാൻ പോയത്. അത് വികാരസാന്ദ്രമായ ഒരു പുനഃസംഗമം ആയിരുന്നു. ഞാൻ ഒരു സാക്ഷിയായിരിക്കുന്നത് മേലാൽ ഒരു വിഷയമല്ലെന്നും ഞാൻ വീട്ടിലേക്കു മടങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു!
ഇന്നു ഞാൻ അർമേനിയ സംസാരിക്കുന്ന ഒരു സഭയിൽ ക്രിസ്തീയ മൂപ്പനും മുഴുസമയ ശുശ്രൂഷകനും ആയി സേവനം അനുഷ്ഠിക്കുകയാണ്. കുടുംബാംഗങ്ങൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നതു നിമിത്തം അവരെ എതിർക്കുന്ന, എന്റെ പിതാവിനെപ്പോലെയുള്ള ആളുകളെ ഞാൻ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. എന്റെ ആരാധനയെ എതിർക്കുന്നത് ശരിയായ കാര്യമാണെന്ന് പിതാവ് ആത്മാർഥമായി വിശ്വസിച്ചിരുന്നതായി ഞാൻ മനസ്സിലാക്കുന്നു. ക്രിസ്ത്യാനികൾക്ക് കുടുംബത്തിൽ എതിർപ്പ് പ്രതീക്ഷിക്കാൻ കഴിയും എന്നു പറഞ്ഞുകൊണ്ട് ബൈബിൾ അതിന് അവരെ സജ്ജരാക്കുകപോലും ചെയ്യുന്നു.—മത്തായി 10:34-37; 2 തിമൊഥെയൊസ് 3:12.
വരാനിരിക്കുന്ന ഒരു മെച്ചമായ ലോകത്തെക്കുറിച്ചുള്ള എന്റെ ബൈബിൾ പ്രത്യാശ പിതാവും മറ്റു കുടുംബാംഗങ്ങളും പങ്കുവെക്കുന്ന ഒരു ദിവസം വന്നെത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ആ ലോകത്തിൽ യുദ്ധങ്ങളോ കൂട്ടക്കുരുതികളോ ഉണ്ടായിരിക്കുകയില്ല, ആർക്കും നീതി പ്രവർത്തിക്കുന്നതിനെ പ്രതി തങ്ങളുടെ സ്വന്തം രാജ്യത്തുനിന്ന് ഓടിപ്പോകേണ്ടി വരില്ല, അവർ പീഡിപ്പിക്കപ്പെടുകയില്ല. (2 പത്രൊസ് 3:13) അന്ന് ആർക്കും തങ്ങൾക്കു വളരെ പ്രിയപ്പെട്ടതായിരിക്കുന്ന രണ്ടു സംഗതികളിൽ ഏതെങ്കിലും ഒന്നുമാത്രം തിരഞ്ഞെടുക്കേണ്ടി വരികയുമില്ല.—സംഭാവന ചെയ്യപ്പെട്ടത്.