താളംതെറ്റിയ അന്തരീക്ഷസ്ഥിതി
നമ്മിൽ മിക്കവരും പല വിധങ്ങളിൽ കാർബണിക ഇന്ധനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇന്ധനങ്ങളായ പെട്രോളോ ഡീസലോ ഉപയോഗിച്ചാണ് നാം വാഹനങ്ങൾ ഓടിക്കുന്നത്. കൽക്കരിയിൽനിന്നോ പ്രകൃതി വാതകത്തിൽനിന്നോ എണ്ണയിൽനിന്നോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് നാം ഉപയോഗിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനും തണുപ്പകറ്റാനും നാം വിറകോ കൽക്കരിയോ പ്രകൃതി വാതകമോ മരക്കരിയോ കത്തിക്കുന്നു. ഇവയെല്ലാം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. ഈ വാതകമാകട്ടെ സൂര്യനിൽനിന്നുള്ള ചൂട് തടഞ്ഞുവെക്കും.
ചൂട് തടഞ്ഞുവെക്കുന്ന മറ്റ് ഹരിതഗൃഹ വാതകങ്ങളും നാം വായുമണ്ഡലത്തിലേക്കു ചേർക്കുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന നൈട്രജൻ വളങ്ങളിൽനിന്നാണ് നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നത്. നെൽപ്പാടങ്ങളിൽനിന്നും കന്നുകാലി ഫാമുകളിൽ നിന്നുമാണ് മീതേൻ ഉത്സർജിക്കപ്പെടുന്നത്. പ്ലാസ്റ്റിക് നിർമാണത്തിന്റെയും മറ്റു വ്യവസായ പ്രവർത്തനങ്ങളുടെയും ഫലമായാണ് ക്ലോറോഫ്ളൂറോകാർബണുകൾ (സിഎഫ്സി-കൾ) ഉണ്ടാകുന്നത്. സിഎഫ്സി-കൾ ചൂടിനെ തടഞ്ഞുവെക്കുന്നതിനു പുറമേ ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളിയെ നശിപ്പിക്കുകയും ചെയ്യുന്നു.
സിഎഫ്സി-കളുടെ ഉത്സർജനം ഇപ്പോൾ നിയന്ത്രിക്കപ്പെടുന്നതുകൊണ്ട് അവയെ ഒഴിച്ചുനിർത്താമെന്നു വെച്ചാലും ചൂട് തടഞ്ഞുവെക്കുന്ന മറ്റു വാതകങ്ങൾ വായുമണ്ഡലത്തിലേക്ക് വർധിച്ച അളവിൽ ഉത്സർജിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗികമായ കാരണം ജനസംഖ്യാ വർധനവും ഒപ്പംതന്നെ ഊർജത്തിന്റെ ഉപയോഗത്തിലും വ്യവസായ പ്രവർത്തനങ്ങളിലും കൃഷിയിലും ഉള്ള വർധനവും ആണ്. വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജൻസി പറയുന്നപ്രകാരം, ഇന്ന് വർഷംതോറും മനുഷ്യർ 600 കോടി ടൺ കാർബൺ ഡൈ ഓക്സൈഡും മറ്റു ഹരിതഗൃഹ വാതകങ്ങളും വായുമണ്ഡലത്തിലേക്കു പുറന്തള്ളുന്നുണ്ട്. ഈ ഹരിതഗൃഹ വാതകങ്ങൾ അപ്രത്യക്ഷമാകുന്നില്ല; അവ ദശകങ്ങളോളം വായുമണ്ഡലത്തിൽ തങ്ങിനിന്നേക്കാം.
ശാസ്ത്രജ്ഞന്മാർക്ക് പൊതുവേ രണ്ടു കാര്യങ്ങൾ ഉറപ്പാണ്. ഒന്ന്, വായുമണ്ഡലത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും അളവ് അടുത്ത ദശകങ്ങളിലും നൂറ്റാണ്ടുകളിലുമായി വർധിച്ചിട്ടുണ്ട്. രണ്ട്, കഴിഞ്ഞ നൂറു വർഷത്തിനുള്ളിൽ ഭൂമിയുടെ ഉപരിതല താപനിലയിൽ 0.3 ഡിഗ്രി സെൽഷ്യസിനും 0.6 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്ക് വർധനവ് ഉണ്ടായിട്ടുണ്ട്.
അപ്പോൾ ഒരു ചോദ്യം ഉദിക്കുന്നു, ആഗോള തപനവും മനുഷ്യരുടെ ചെയ്തികൾ നിമിത്തം അന്തരീക്ഷത്തിൽ കെട്ടിനിൽക്കുന്ന ഹരിതഗൃഹ വാതകങ്ങളും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടായിരിക്കാൻ സാധ്യതയില്ലെന്ന് ചില ശാസ്ത്രജ്ഞന്മാർ പറയുന്നു. താപനിലയിലുള്ള വർധനവ് സ്വാഭാവിക വ്യതിയാനത്തിന്റെ സീമയിൽ പെടുന്നതാണെന്നും സൂര്യനായിരിക്കാം അതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും പല കാലാവസ്ഥാ വിദഗ്ധരും കാലാവസ്ഥാ വ്യതിയാന പഠന ബഹുരാഷ്ട്ര സമിതിയുടെ റിപ്പോർട്ടിനോടു യോജിക്കുന്നു. താപനിലയിലെ വർധനവിന്റെ “പൂർണ ഉത്തരവാദിത്വം പ്രകൃതിക്കല്ല” എന്നും “എല്ലാ തെളിവുകളും കണക്കിലെടുക്കുമ്പോൾ മനുഷ്യരുടെ ചെയ്തികൾ ആഗോള കാലാവസ്ഥയെ ഗണ്യമായി ബാധിക്കുന്നുണ്ട്” എന്നും അതു പറയുന്നു. എങ്കിലും മനുഷ്യരുടെ ചെയ്തികളാണോ ഗ്രഹത്തെ തപിപ്പിക്കുന്നത് എന്നതു സംബന്ധിച്ച്—വിശേഷിച്ചും 21-ാം നൂറ്റാണ്ടിൽ എത്ര വേഗത്തിലായിരിക്കും ഭൂമി തപിക്കുന്നത് എന്നും പ്രത്യാഘാതങ്ങൾ കൃത്യമായും എന്തായിരിക്കും എന്നും സംബന്ധിച്ച്—അനിശ്ചിതത്വം ബാക്കി നിൽക്കുന്നു.
അനിശ്ചിതത്വങ്ങൾ വാദപ്രതിവാദത്തിന് വഴിതെളിക്കുന്നു
ലോകത്തിലേക്കും ഏറ്റവും വേഗവും ക്ഷമതയുമുള്ള കമ്പ്യൂട്ടറുകളാൽ തയ്യാറാക്കപ്പെടുന്ന കാലാവസ്ഥാ മാതൃകകളെ ആസ്പദമാക്കിയാണ് കാലാവസ്ഥാ നിരീക്ഷകർ ഭാവിയിലുണ്ടാകാൻ പോകുന്ന ഹരിതഗൃഹ പ്രഭാവത്തെക്കുറിച്ചു പറയുന്നത്. എങ്കിലും ഭൂമിയുടെ ഭ്രമണം, വായുമണ്ഡലം, സമുദ്രങ്ങൾ, ഹിമം, ഭൂപ്രകൃതി, സൂര്യൻ എന്നിവയുടെ അത്യന്തം സങ്കീർണമായ പ്രതിപ്രവർത്തനങ്ങളാണ് ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. ഇത്രയധികം ഘടകങ്ങൾ ഇത്ര വ്യാപകമായ അളവിൽ കാലാവസ്ഥയെ സ്വാധീനിക്കുന്നതുകൊണ്ട് 50-ഓ 100-ഓ വർഷത്തിനുശേഷം എന്തു സംഭവിക്കുമെന്നു കൃത്യമായി മൂൻകൂട്ടി പറയാൻ ഒരു കമ്പ്യൂട്ടറിനും കഴിയില്ല. സയൻസ് മാഗസിൻ അടുത്തയിടെ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “മനുഷ്യരുടെ ചെയ്തികൾ ഗ്രഹത്തെ തപിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടോ അല്ലെങ്കിൽ ഹരിതഗൃഹ പ്രഭാവം വന്നുകഴിയുമ്പോൾ അത് എത്ര ദൂഷ്യം ചെയ്യും ഇതൊന്നും ഇതുവരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പല കാലാവസ്ഥാ വിദഗ്ധരും പറയുന്നു.”
ഒന്നും തീർത്തുപറയാൻ ആകാത്തതുകൊണ്ട് എന്തെങ്കിലും ഭീഷണി നിലനിൽക്കുന്നു എന്നതു നിരാകരിക്കാൻ എളുപ്പമാണ്. ആഗോള തപനത്തെക്കുറിച്ച് സന്ദേഹമുള്ള ശാസ്ത്രജ്ഞന്മാരും സാമ്പത്തിക താത്പര്യങ്ങൾ മുൻനിർത്തി നിലവിലുള്ള സാമ്പത്തികസ്ഥിതി നിലനിർത്തിക്കൊണ്ടുപോകാനായി പ്രവർത്തിക്കുന്ന വൻ വ്യവസായസ്ഥാപനങ്ങളും ഏറെ പണച്ചെലവുള്ള തിരുത്തൽ നടപടി സ്വീകരിക്കാൻ ഇന്നത്തെ അറിവു പര്യാപ്തമല്ലെന്നു വാദിക്കുന്നു. പലരും കരുതുന്നതുപോലെ ഭാവി അത്ര മോശമൊന്നുമാകാൻ വഴിയില്ലെന്നാണ് അവരുടെ പക്ഷം.
ശാസ്ത്രീയ അനിശ്ചിതത്വങ്ങൾ മൂലം നയതന്ത്രശിൽപ്പികൾ അലംഭാവം കാട്ടരുതെന്നു പറഞ്ഞുകൊണ്ട് പരിസ്ഥിതി സംരക്ഷണവാദികൾ ഇതിനെ ഖണ്ഡിക്കുന്നു. ഭാവിയിൽ കാലാവസ്ഥ ചിലർ ഭയക്കുന്നത്രയും മോശമാകാൻ വഴിയില്ലെങ്കിലും സാഹചര്യം ഇപ്പോഴത്തേതിലും വഷളായെന്നുവരാം! കൂടാതെ, ഭാവിയിൽ എന്തു സംഭവിക്കുമെന്നു കൃത്യമായി അറിഞ്ഞുകൂടാത്തതുകൊണ്ട് അപകടം കുറയ്ക്കാൻ ഒന്നും ചെയ്യേണ്ടതില്ലെന്ന് അർഥമാക്കുന്നില്ല എന്ന് അവർ ന്യായവാദം ചെയ്യുന്നു. ഉദാഹരണത്തിന് പുകവലി ഉപേക്ഷിക്കുന്നവർ, ആ ശീലം തുടരുന്നപക്ഷം 30-ഓ 40-ഓ വർഷത്തിനുശേഷം തീർച്ചയായും തങ്ങൾക്ക് ശ്വാസകോശാർബുദം പിടിപെടും എന്നുള്ളതിന് ശാസ്ത്രീയമായ ഉറപ്പ് ലഭിച്ചിട്ടല്ല അപ്രകാരം ചെയ്യുന്നത്. അപകടം തിരിച്ചറിയുന്നതുകൊണ്ടും അത് കുറയ്ക്കാനോ ഒഴിവാക്കാനോ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് അവർ ആ ശീലം ഉപേക്ഷിക്കുന്നത്.
എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
ആഗോളതപനത്തിന്റെ വ്യാപ്തിയെക്കുറിച്ച്—ഇങ്ങനെയൊരു പ്രശ്നം വാസ്തവത്തിൽ നിലനിൽക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും—വളരെയധികം വാദപ്രതിവാദങ്ങൾ നടക്കുന്നതുകൊണ്ട് ഇതു സംബന്ധിച്ച് എന്തു ചെയ്യണം എന്ന കാര്യത്തിൽ വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടെന്നുള്ളതിൽ സംശയമില്ല. വർഷങ്ങളോളം പരിസ്ഥിതി സംരക്ഷക സംഘങ്ങൾ മലിനീകരണ വിമുക്ത ഊർജ സ്രോതസ്സുകളുടെ വ്യാപകമായ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സൂര്യൻ, കാറ്റ്, നദികൾ, ആവിയുടെയും ചൂടുവെള്ളത്തിന്റെയും ഭൂഗർഭ സംഭരണികൾ എന്നിവയിൽനിന്ന് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കാവുന്നതാണ്.
ചൂട് തടഞ്ഞുവെക്കുന്ന വാതകങ്ങളുടെ ഉത്സർജനം കുറയ്ക്കാൻവേണ്ട നിയമങ്ങൾ പാസാക്കാനും പരിസ്ഥിതി സംരക്ഷണവാദികൾ ഗവൺമെൻറുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. പ്രതികരണം എന്നനിലയിൽ ഗവൺമെൻറുകൾ കരാറുകൾ ഒപ്പു വെച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1992-ൽ ബ്രസീലിലെ റിയോ ഡി ജനിറോയിലെ ഭൗമ ഉച്ചകോടിയിൽ 150 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഹരിതഗൃഹ വാതകങ്ങളുടെ, വിശേഷിച്ച് കാർബൺ ഡൈ ഓക്സൈഡിന്റെ ഉത്സർജനം കുറയ്ക്കുമെന്ന് ഉറപ്പു നൽകുന്ന ഒരു കരാറിൽ ഒപ്പിട്ടു. 2000-ാമാണ്ടോടെ വ്യവസായവത്കൃത രാഷ്ട്രങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജന അളവ് 1990-ലെ അത്രയുമായി വെട്ടിച്ചുരുക്കുകയായിരുന്നു ലക്ഷ്യം. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പല സമ്പന്ന രാജ്യങ്ങളും തങ്ങളുടെ കൊച്ചു പ്രതിജ്ഞ നടപ്പാക്കുന്നതിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല. വെട്ടിച്ചുരുക്കുന്നതിനു പകരം മിക്ക രാഷ്ട്രങ്ങളും മുമ്പെന്നത്തെക്കാൾ അധികമായി ഹരിതഗൃഹ വാതകങ്ങൾ ഉത്പാദിപ്പിക്കുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ 2000-ാമാണ്ടോടെ കാർബൺ ഡയോക്സൈഡിന്റെ ഉത്സർജനം 1990-ലേതിനെ അപേക്ഷിച്ച് 11 ശതമാനം കൂടുതലായിരിക്കുമെന്നു കരുതപ്പെടുന്നു.
അടുത്ത കാലത്ത് അന്താരാഷ്ട്ര കരാറുകൾ “പ്രാബല്യത്തിൽ വരുത്താൻ” ഫലപ്രദമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. 1992-ലെ കരാറനുസരിച്ച് സ്വമേധയാ വെട്ടിച്ചുരുക്കലുകൾ നടത്തുന്നതിനുപകരം ഹരിതഗൃഹ ഉത്സർജനങ്ങളുമായി ബന്ധപ്പെട്ട നിർബന്ധിത നിയമങ്ങൾ ഏർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനുള്ള ആഹ്വാനമുണ്ട്.
മാറ്റം മൂലമുള്ള ലാഭനഷ്ടങ്ങൾ
ഭൂമിയുടെ സുഹൃത്തുക്കളായി വീക്ഷിക്കപ്പെടാൻ രാഷ്ട്രീയ നേതാക്കൾ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ അത്തരത്തിലുള്ള മാറ്റം സമ്പദ്വ്യവസ്ഥയിൽ വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അവർ ബോധവാന്മാരാണ്. ദി ഇക്കോണമിസ്റ്റ് മാഗസിൻ പറയുന്നപ്രകാരം ലോകത്തിന്റെ 90 ശതമാനവും ഊർജത്തിനായി ആശ്രയിക്കുന്നത് കാർബണിക ഇന്ധനത്തെയാണ്. അത് ഉപയോഗിക്കാതിരിക്കുന്നത് വലിയ മാറ്റങ്ങൾക്കിടയാക്കും; ആ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ലാഭനഷ്ടങ്ങളെക്കുറിച്ച് ചൂടുപിടിച്ച തർക്കങ്ങൾ നടക്കുന്നുണ്ട്.
2010-ാമാണ്ടോടെ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം 1990-ൽ ഉണ്ടായിരുന്നതിന്റെ 10 ശതമാനം വെട്ടിച്ചുരുക്കുന്നതുകൊണ്ടുള്ള ലാഭനഷ്ടങ്ങൾ എന്തെല്ലാമാണ്? ഉത്തരം, നിങ്ങളത് ആരോടു ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മറ്റേതൊരു രാജ്യത്തെക്കാളുമധികം ഹരിതഗൃഹ വാതകങ്ങൾ വായുമണ്ഡലത്തിലേക്കു പുറന്തള്ളുന്ന ഐക്യനാടുകളിലെ വീക്ഷണങ്ങൾ കണക്കിലെടുക്കുക. അത്തരം വെട്ടിച്ചുരുക്കൽ, യു.എസ്.-ന്റെ സാമ്പത്തിക മേഖലയിൽ വർഷംതോറും കോടിക്കണക്കിനു ഡോളർ നഷ്ടം വരുത്തിവെക്കുമെന്നും 6,00,000 പേരെ തൊഴിൽ രഹിതരാക്കുമെന്നും വ്യവസായശാലകൾ സ്പോൺസർ ചെയ്തിരിക്കുന്ന വിദഗ്ധ സമിതികൾ മുന്നറിയിപ്പു നൽകുന്നു. ഇതിനു വിപരീതമായി, പരിസ്ഥിതി സംരക്ഷണവാദികൾ പറയുന്നത് ഈ ലക്ഷ്യം കൈവരിക്കുന്നതു വഴി സാമ്പത്തിക മേഖലയ്ക്ക് വർഷംതോറും കോടിക്കണക്കിന് ഡോളർ ലാഭം ഉണ്ടാകുമെന്നും 7,73,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നുമാണ്.
സത്വര നടപടി കൈക്കൊള്ളാൻ പരിസ്ഥിതി സംരക്ഷണവാദി സംഘങ്ങൾ ആഹ്വാനം നൽകുന്നുണ്ടെങ്കിലും പ്രബല വ്യവസായശാലകൾ—മോട്ടോർവാഹന നിർമാതാക്കൾ, എണ്ണക്കമ്പനി ഉടമകൾ, കൽക്കരി ഉത്പാദകർ തുടങ്ങിയവർ—ആഗോള തപനത്തിന്റെ ഭീഷണിയെ കുറച്ചുകാണിക്കാനും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിർത്തുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പെരുപ്പിച്ചു കാണിക്കാനും പണം വാരിക്കോരി ചെലവഴിക്കുകയും തങ്ങൾക്കുള്ള സ്വാധീനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.
തർക്കം ഇപ്പോഴും തുടരുകയാണ്. മനുഷ്യർ കാലാവസ്ഥയ്ക്ക് മാറ്റം വരുത്തുകയും അതിനെക്കുറിച്ചു സംസാരിക്കുക മാത്രമല്ലാതെ മറ്റു നടപടികളൊന്നും കൈക്കൊള്ളുകയും ചെയ്യുന്നില്ലെങ്കിൽ എല്ലാവരും അന്തരീക്ഷാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നുണ്ട് എങ്കിലും അതു സംബന്ധിച്ച് ഒന്നും ചെയ്യുന്നില്ല എന്ന പ്രസ്താവനയ്ക്ക് അനിഷ്ടസൂചകമായ ഒരു പുതിയ അർഥം കൈവരും.
[5-ാം പേജിലെ ചതുരം]
ക്യോട്ടോ പ്രോട്ടോകോൾ
ആഗോളതപന ഭീഷണി സംബന്ധിച്ച് എന്തെങ്കിലും ചെയ്യേണ്ടതിന് ഒരു കരാർ അഥവാ പ്രോട്ടോകോൾ ആവിഷ്കരിക്കാൻ 1997 ഡിസംബറിൽ 161 രാജ്യങ്ങളിൽനിന്നായി 2,200-ലധികം പ്രതിനിധികൾ ജപ്പാനിലെ ക്യോട്ടോയിൽ കൂടിവന്നു. ഒരാഴ്ചയിലധികം നീണ്ടുനിന്ന ചർച്ചകൾക്കുശേഷം, 2012-ാമാണ്ടോടെ വികസിത രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം 1990-ൽ ഉണ്ടായിരുന്നതിന്റെ ശരാശരി 5.2 ശതമാനം വെട്ടിച്ചുരുക്കേണ്ടതാണെന്ന് പ്രതിനിധികൾ തീരുമാനിച്ചു. കരാർ ലംഘിക്കുന്നവർക്കുള്ള ശിക്ഷ പിന്നീടു തീരുമാനിക്കും. എല്ലാ രാഷ്ട്രങ്ങളും കരാറിനോടു പറ്റിനിൽക്കുന്നതായി സങ്കൽപ്പിക്കുകയാണെങ്കിൽത്തന്നെ 5.2 ശതമാനം വെട്ടിച്ചുരുക്കൽ എത്ര വ്യത്യാസം ഉളവാക്കും? തീരെ കുറച്ച് എന്നു വ്യക്തം. ടൈം മാസിക റിപ്പോർട്ട് ചെയ്തു: “വ്യവസായ വിപ്ലവത്തിന്റെ ആരംഭം മുതൽ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് കാര്യമായ വ്യത്യാസം ഉളവാക്കുന്ന വിധത്തിൽ കുറയ്ക്കണമെങ്കിൽ ഉത്സർജനങ്ങളുടെ 60% വെട്ടിച്ചുരുക്കൽ ആവശ്യമാണ്.”
[7-ാം പേജിലെ ചതുരം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഹരിതഗൃഹ പ്രഭാവം ചിത്രീകരിച്ചിരിക്കുന്നു
ഹരിതഗൃഹ പ്രഭാവം: ഒരു ഹരിതഗൃഹത്തിലെ സ്ഫടിക ഭിത്തികൾപോലെ ഭൂമിയുടെ വായുമണ്ഡലം സൂര്യനിൽനിന്നുള്ള ചൂട് തടഞ്ഞുവെക്കുന്നു. സൂര്യപ്രകാശം ഭൂമിയെ ചൂടാക്കുന്നു. എന്നാൽ ഉത്പാദിപ്പിക്കപ്പെടുന്ന ചൂടിന്—ഇൻഫ്രാറെഡ് വികിരണങ്ങൾ വഴി വഹിക്കപ്പെടുന്ന ചൂടിന്—വായുമണ്ഡലത്തിൽനിന്ന് എളുപ്പത്തിൽ പുറത്തു കടക്കാൻ സാധിക്കില്ല. പകരം ഹരിതഗൃഹ വാതകങ്ങൾ വികിരണത്തെ തടഞ്ഞു നിർത്തി അതിൽ കുറേ തിരികെ ഭൂമിയിലേക്ക് അയയ്ക്കുന്നു. അങ്ങനെ ഇത് ഭൗമോപരിതലത്തിന്റെ ചൂട് വർധിപ്പിക്കുന്നു
1. സൂര്യൻ
2. കുടുങ്ങിക്കിടക്കുന്ന ഇൻഫ്രാറെഡ് വികിരണം
3. ഹരിതഗൃഹ വാതകങ്ങൾ
4. പുറത്തു കടക്കുന്ന വികിരണം
[8, 9 പേജുകളിലെ ചതുരം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കാലാവസ്ഥയെ നിയന്ത്രിക്കുന്ന ശക്തികൾ
ആഗോളതപനത്തെച്ചൊല്ലി നിലവിലുള്ള തർക്കത്തെക്കുറിച്ചു നമുക്കു മനസ്സിലാകണമെങ്കിൽ നമ്മുടെ കാലാവസ്ഥയെ അനുപമമാക്കുന്ന ഭയഗംഭീരമായ ചില ശക്തികളെക്കുറിച്ചു നാം മനസ്സിലാക്കണം. ഏതാനും അടിസ്ഥാന ഘടകങ്ങളെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.
1. സൂര്യൻ—ചൂടിന്റെയും വെളിച്ചത്തിന്റെയും ഉറവിടം
ഭൂമിയിലെ ജീവന്റെ നിലനിൽപ്പ്, നാം സൂര്യനെന്നു വിളിക്കുന്ന കൂറ്റൻ ആണവ ചൂളയെ ആശ്രയിച്ചാണിരിക്കുന്നത്. പത്തു ലക്ഷം ഭൂമികളെക്കാൾ വലുപ്പമുള്ള സൂര്യൻ സദാ ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്നു. സൂര്യൻ ഉത്പാദിപ്പിക്കുന്ന ചൂടും വെളിച്ചവും കുറഞ്ഞുപോയാൽ നമ്മുടെ ഗ്രഹം മഞ്ഞുകട്ടയാകും; കൂടിപ്പോയാലോ, ഭൂമി ചുട്ടുപഴുത്ത ഒരു വറചട്ടിയായിത്തീരും. സൂര്യനിൽനിന്ന് 15 കോടി കിലോമീറ്റർ അകലത്തിൽ ഭ്രമണം ചെയ്യുന്നതുകൊണ്ട് സൂര്യനിൽനിന്നു പുറപ്പെടുന്ന ഊർജത്തിന്റെ 200 കോടിയിൽ ഒരംശം മാത്രമേ ഭൂമിക്ക് ലഭിക്കുന്നുള്ളൂ. എങ്കിലും, ജീവന്റെ നിലനിൽപ്പിന് ആവശ്യമായ കാലാവസ്ഥയ്ക്ക് രൂപംനൽകാനുള്ള കൃത്യമായ അളവാണത്.
2. വായുമണ്ഡലം—ഭൂമിയുടെ കമ്പിളിപ്പുതപ്പ്
ഭൂമിയുടെ താപനില നിർണയിക്കുന്നത് സൂര്യൻ മാത്രമല്ല; നമ്മുടെ വായുമണ്ഡലം അതിൽ ഒരു മർമപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ഭൂമിയും ചന്ദ്രനും സൂര്യനിൽനിന്ന് ഒരേ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് രണ്ടിനും സൂര്യനിൽനിന്ന് ഏതാണ്ട് ഒരേ അളവിലുള്ള ചൂടാണ് ലഭിക്കുന്നത്. എന്നിരുന്നാലും ഭൂമിയുടെ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ ചന്ദ്രന്റേത് ന്യൂനം 18 ഡിഗ്രി സെൽഷ്യസ് ആണ്. ഈ വ്യത്യാസം എന്തുകൊണ്ടാണ്? ഭൂമിക്ക് വായുമണ്ഡലമുണ്ട്, എന്നാൽ ചന്ദ്രന് അത് ഇല്ല.
നമ്മുടെ വായുമണ്ഡലം—ഓക്സിജനും നൈട്രജനും മറ്റു വാതകങ്ങളും അടങ്ങിയ ഭൂമിയുടെ ചുറ്റാട—സൂര്യനിൽനിന്നുള്ള ചൂടിന്റെ ഒരു ഭാഗം തടഞ്ഞുവെച്ച് ശേഷിച്ച ഭാഗം പുറത്തുവിടുന്നു. ഈ പ്രക്രിയയെ മിക്കപ്പോഴും ഒരു ഹരിതഗൃഹത്തോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്നതുപോലെ, സ്ഫടികമോ പ്ലാസ്റ്റിക്കോകൊണ്ടുള്ള ഭിത്തികളും മേൽക്കൂരയുമുള്ള ഒരു നിർമിതിയാണ് ഹരിതഗൃഹം. സൂര്യപ്രകാശം എളുപ്പത്തിൽ അകത്തുകടന്ന് അവിടം ചൂടാക്കുന്നു. അതേസമയം മേൽക്കൂരയും ഭിത്തികളും ചൂട് പുറത്തുപോകുന്നത് മന്ദീഭവിപ്പിക്കുന്നു.
സമാനമായി, നമ്മുടെ വായുമണ്ഡലം ഭൗമോപരിതലത്തെ ചൂടാക്കാൻ സൂര്യപ്രകാശത്തെ കടത്തിവിടുന്നു. പകരം, ഭൂമി താപോർജത്തെ ഇൻഫ്രാറെഡ് വികിരണമായി വായുമണ്ഡലത്തിലേക്കു തിരിച്ചുവിടുന്നു. ഈ വികിരണത്തിന്റെ അധികപങ്കും നേരിട്ട് വായുമണ്ഡലത്തിലേക്കു പോകുന്നില്ല. കാരണം വായുമണ്ഡലത്തിലെ ചില വാതകങ്ങൾ അതിനെ ആഗിരണം ചെയ്ത് ഭൂമിയിലേക്കു തിരിച്ചുവിടുന്നു. അങ്ങനെ അത് ഭൂമിയുടെ ചൂട് വർധിക്കാൻ ഇടയാക്കുന്നു. ഈ തപിപ്പിക്കൽ പ്രക്രിയയെയാണ് ഹരിതഗൃഹപ്രഭാവം എന്നു പറയുന്നത്. നമ്മുടെ വായുമണ്ഡലം സൂര്യന്റെ ചൂട് ഇത്തരത്തിൽ പിടിച്ചുവെച്ചില്ലെങ്കിൽ ഭൂമി ചന്ദ്രനെപ്പോലെ ജീവൻ നിലനിൽക്കാത്ത ഒന്നാകും.
3. നീരാവി—അത്യന്താപേക്ഷിതമായ ഹരിതഗൃഹ വാതകം
നമ്മുടെ വായുമണ്ഡലത്തിന്റെ 99 ശതമാനവും രണ്ട് വാതകങ്ങളാണ്: നൈട്രജനും ഓക്സിജനും. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാവശ്യമായ സങ്കീർണമായ പര്യയനങ്ങളിൽ ഈ വാതകങ്ങൾ മർമപ്രധാനമായ പങ്കു വഹിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ അവയ്ക്കു നേരിട്ടുള്ള പങ്കില്ലെന്നുതന്നെ പറയാം. കാലാവസ്ഥ നിയന്ത്രിക്കുന്നത് വായുമണ്ഡലത്തിന്റെ ശേഷിക്കുന്ന 1 ശതമാനം—നീരാവി, കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീതേൻ, ക്ലോറോഫ്ളൂറോകാർബണുകൾ, ഓസോൺ എന്നിവ അടങ്ങുന്ന, ചൂട് പിടിച്ചുവെക്കുന്ന ഹരിതഗൃഹ വാതകങ്ങൾ—ആണ്.
ഏറ്റവും നിർണായകമായ ഹരിതഗൃഹ വാതകം—അതായത് നീരാവി—സാധാരണഗതിയിൽ ഒരു വാതകമായി കണക്കാക്കപ്പെടാറില്ല. കാരണം ജലം ദ്രവരൂപത്തിൽ മാത്രമേ ഉള്ളുവെന്നാണ് സാധാരണഗതിയിൽ നാം ചിന്തിക്കാറുള്ളത്. എങ്കിലും വായുമണ്ഡലത്തിലെ ഓരോ ജലതന്മാത്രകളിലും താപോർജം തിങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് മേഘത്തിലെ നീരാവി തണുക്കുമ്പോൾ അത് ചൂടു പുറത്തുവിടുന്നു. ഇത് ശക്തമായ താപസംവഹനത്തിന് ഇടയാക്കുന്നു. നമ്മുടെ വായുമണ്ഡലത്തിൽ നീരാവിയുടെ ഗതികചലനം അന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും നിർണയിക്കുന്നതിൽ മർമപ്രധാനമായ പങ്കു വഹിക്കുന്നു.
4. കാർബൺ ഡൈ ഓക്സൈഡ്—ജീവന് അത്യന്താപേക്ഷിതം
ആഗോളതപനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കൂടെക്കൂടെ പ്രതിപാദിക്കപ്പെടുന്ന വാതകം കാർബൺ ഡൈ ഓക്സൈഡാണ്. കാർബൺ ഡൈ ഓക്സൈഡിനെ മലിനീകാരി എന്നു മുദ്രകുത്തുന്നതു ശരിയായിരിക്കില്ല. കാർബൺ ഡൈ ഓക്സൈഡ് പ്രകാശസംശ്ലേഷണത്തിലെ—ഹരിതസസ്യങ്ങൾ സ്വന്തമായി ആഹാരം ഉത്പാദിപ്പിക്കുന്ന പ്രക്രിയയിലെ—മർമപ്രധാനമായ ഒരു ഘടകമാണ്. മനുഷ്യരും മൃഗങ്ങളും ഓക്സിജൻ അകത്തേക്കെടുക്കുന്നു, കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്കു വിടുന്നു. സസ്യങ്ങളാകട്ടെ കാർബൺ ഡൈ ഓക്സൈഡ് അകത്തേക്കെടുത്ത് ഓക്സിജൻ പുറത്തേക്കു വിടുന്നു. വാസ്തവത്തിൽ, ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനായി സ്രഷ്ടാവ് ചെയ്തിട്ടുള്ള ക്രമീകരണങ്ങളിൽ ഒന്നാണ് അത്.a എന്നിരുന്നാലും വായുമണ്ഡലത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് ഒരു കിടക്കയിൽ അനാവശ്യമായി ഒരു കമ്പിളിപ്പുതപ്പുകൂടെ ഇടുന്നതുപോലെയിരിക്കും. അത് ചൂട് വർധിപ്പിക്കും.
പ്രകൃതി ശക്തികളുടെ ഒരു സങ്കീർണ നിര
സൂര്യനും വായുമണ്ഡലവും മാത്രമല്ല കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. സമുദ്രങ്ങളും ഹിമത്തൊപ്പികളും, ഭൂതല ധാതുക്കളും സസ്യങ്ങളും ഭൂമിയുടെ ആവാസവ്യൂഹങ്ങളും ജൈവഭൂരാസപ്രവർത്തനങ്ങളും ഭൂമിയുടെ ഭ്രമണവ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ പഠനത്തിൽ ഭൂമിയിലെ എല്ലാ ശാസ്ത്രവും ഉൾപ്പെടുന്നു.
സൂര്യൻ
അന്തരീക്ഷം
നീരാവി (H2O)
കാർബൺ ഡയോക്സൈഡ് (CO2)
[അടിക്കുറിപ്പ്]
a ഭൂമിയിൽ ജീവനുള്ള എല്ലാ വസ്തുക്കളും ഊർജം വലിച്ചെടുക്കുന്നത് ജൈവ ഉറവിടങ്ങളിൽനിന്നാണ്. അങ്ങനെ അവ നേരിട്ടോ അല്ലാതെയോ സൂര്യപ്രകാശത്തെ ആശ്രയിക്കുന്നു. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിലെ ഇരുട്ടിൽ പെറ്റുപെരുകുന്ന ജീവജാലങ്ങളും ഉണ്ട്. ഇവ ഊർജം വലിച്ചെടുക്കുന്നത് അജൈവ രാസവസ്തുക്കളിൽനിന്നാണ്. ഈ ജീവജാലങ്ങൾ പ്രകാശസംശ്ലേഷണത്തിനു പകരം രാസസംശ്ലേഷണം എന്ന ഒരു പ്രക്രിയയാണ് ഉപയോഗിക്കുന്നത്.