ഫ്ളൈറ്റ് 801 ദുരന്തത്തിൽനിന്ന് ഞാൻ രക്ഷപ്പെട്ടു
വിമാനം ഗ്വാമിൽ ഇറങ്ങാൻ തുടങ്ങവേ ഞാൻ ജാലകത്തിലൂടെ പുറത്തേക്കു നോക്കി. ‘വിചിത്രമായിരിക്കുന്നു,’ ഞാൻ വിചാരിച്ചു. ‘ഭയങ്കര ഇരുട്ട്.’ അതേ, പാതിരാത്രി കഴിഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴ കാഴ്ചയെ മറച്ചു. പക്ഷേ ദ്വീപിൽ കാണാറുള്ള ആ ലൈറ്റുകളും വിമാനത്താവളത്തിലെ, പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന റൺവേകളുമൊക്കെ എവിടെ? ഞങ്ങളുടെ ജംബോജെറ്റിന്റെ ചിറകുകളിൽനിന്നുള്ള അരണ്ടവെളിച്ചം മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളൂ.
വിമാനം താഴെയിറക്കാനുള്ള തയ്യാറെടുപ്പെന്നനിലയിൽ ഞങ്ങളുടെ ഫ്ളൈറ്റ് അറ്റൻറർമാരിലൊരാൾ പതിവുള്ള പ്രഖ്യാപനം നടത്തിയിരുന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയറിടുന്ന ശബ്ദം ഞാൻ കേട്ടു. പൊടുന്നനേ, ഞങ്ങളുടെ വിമാനം നിലംതൊടവേ കാതടപ്പിക്കുന്ന ഒരു ശബ്ദമുണ്ടായി. വിമാനം നിയന്ത്രണാതീതമായി ആടിയുലഞ്ഞു. യാത്രക്കാർ തങ്ങളുടെ ആംറെസ്റ്റുകളിൽ മുറുക്കിപ്പിടിച്ചുകൊണ്ട് വിളിച്ചു ചോദിച്ചു, “എന്താണിത്?”
നിമിഷങ്ങൾക്കുശേഷം ഞങ്ങളുടെ ബോയിങ് 747 വിമാനത്താവളത്തിൽനിന്ന് കഷ്ടിച്ച് അഞ്ച് കിലോമീറ്റർ ഇപ്പുറത്തുള്ള ഒരു കുന്നിൻചെരുവിൽ ചെന്നു പതിച്ചു, ഞങ്ങളുടെ വൈമാനികന്റെ കണക്കുകൂട്ടൽ പിഴച്ചെന്നു വ്യക്തം. 1997 ആഗസ്റ്റ് 6-നുണ്ടായ ആ വിമാനദുരന്തത്തിൽ യാത്രക്കാരും വിമാനജോലിക്കാരും അടക്കം 228 പേർ മരണമടഞ്ഞു. രക്ഷപ്പെട്ട 26 പേരിൽ ഒരാളായിരുന്നു ഞാൻ.
കൊറിയയിലെ സിയോളിൽവെച്ച് ഞാൻ വിമാനത്തിൽ കയറിയപ്പോൾ എയർലൈൻ പ്രതിനിധികളിലൊരാൾ എന്റെ സീറ്റിൽ മാറ്റം വരുത്തി. ഫസ്റ്റ് ക്ലാസിൽ ശേഷിച്ചിരുന്ന ഒരു സീറ്റ് എനിക്കു ലഭിച്ചു. എനിക്കു വളരെ സന്തോഷമായി, ഭാര്യ സൂൻ ഡക്കിനെ ഫോണിലൂടെ വിവരമറിയിക്കുകയും ചെയ്തു. എന്നെ സ്വീകരിക്കാൻ അവൾ ഗ്വാമിലെ വിമാനത്താവളത്തിൽ വരുമായിരുന്നു. ആ സീറ്റ് മാറ്റം ഒരിക്കലും സങ്കൽപ്പിക്കാനാകാത്ത വിധത്തിൽ എനിക്കു പ്രയോജകീഭവിച്ചു.
ദുരന്തവും ശേഷമുള്ള കാഴ്ചയും
ശരിക്കു കാണാൻ കഴിയാതിരുന്നതുകൊണ്ട് പതിയിരിപ്പുണ്ടായിരുന്ന അപകടത്തെക്കുറിച്ച് വൈമാനികർ ബോധവാന്മാരല്ലായിരുന്നിരിക്കാം. എല്ലാം നൊടിയിടയിൽ സംഭവിച്ചു! സംഭവിക്കാൻ പോകുന്ന ദുരന്തത്തെ നേരിടാൻ ഞാൻ തയ്യാറെടുത്തു. പിന്നെ എന്റെ ഓർമയിലുള്ളത് ഞാൻ വിമാനത്തിനു വെളിയിൽ നിലത്തു കിടക്കുന്നതാണ്, സീറ്റിനോടു ബന്ധിക്കപ്പെട്ട നിലയിൽ. ബോധമുണ്ടായിരുന്നോ ഇല്ലയോ എന്നൊന്നും എനിക്ക് ഉറപ്പില്ല.
‘ഇതൊരു സ്വപ്നമാണോ?’ ഞാൻ സംശയിച്ചു. അല്ലെന്നു മനസ്സിലായപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ ചിന്ത വിമാനദുരന്തത്തെക്കുറിച്ചറിയുമ്പോൾ ഭാര്യ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവെടിഞ്ഞില്ലെന്ന് അവൾ പിന്നീട് എന്നോടു പറഞ്ഞു. ഏഴ് യാത്രക്കാർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്ന് വിമാനത്താവളത്തിൽവെച്ച് ആരോ പറയുന്നതു കേട്ടപ്പോൾപോലും അതിലൊരാൾ ഞാനായിരിക്കുമെന്ന് അവൾ വിശ്വസിച്ചിരുന്നുവത്രേ.
ഞങ്ങളുടെ വിമാനം നാല് ഭാഗങ്ങളായി തകർന്നുപോയി. കാടുപിടിച്ചു കിടക്കുന്ന ആ മലഞ്ചെരുവിൽ അവ ചിതറിക്കിടന്നു. ശരീരങ്ങൾ നാലുപാടും ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു. വിമാനത്തിന്റെ ചില ഭാഗങ്ങൾക്ക് തീപിടിച്ചു. പൊട്ടിത്തെറികളുടെ ശബ്ദം ഞാൻ കേട്ടു, ഒപ്പം ആളുകളുടെ ഞരക്കവും നിലവിളികളും. “എന്നെ രക്ഷിക്കൂ! എന്നെ രക്ഷിക്കൂ!” എന്നിങ്ങനെ സഹായത്തിനായുള്ള അപേക്ഷകൾ. 1.8 മീറ്റർ ഉയരത്തിൽ വളർന്നുനിന്നിരുന്ന പുല്ലുകൾക്കിടയിലാണ് ഞാൻ ഇരുന്നിരുന്ന സീറ്റ് ചെന്നുവീണത്. അഗ്നിജ്വാലകളുടെ പേടിപ്പെടുത്തുന്ന വെളിച്ചത്തിൽ അടുത്തായി കുത്തനെയുള്ള ഒരു കുന്ന് ഞാൻ കണ്ടു. പുലർച്ച 2:00 മണിയായിരുന്നു. മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
ഞെട്ടൽ അപ്പോഴും വിട്ടുമാറിയിരുന്നില്ലാത്തതുകൊണ്ട് എനിക്ക് പരിക്കുപറ്റിയിട്ടുണ്ടോ എന്നുപോലും ഞാൻ ചിന്തിച്ചില്ല. ഒടുവിൽ, ഉച്ചിത്തൊലി തലയ്ക്കു പിറകിലായി തൂങ്ങിക്കിടന്നിരുന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടപ്പോഴാണ് ഞാൻ അതേക്കുറിച്ചു ചിന്തിച്ചത്. ഉടനെ ഞാൻ എന്റെ തല തടവിനോക്കി. ഇടതു കണ്ണിനു മുകളിലായി ഒരു മുറിവിൽനിന്ന് രക്തം വാർന്നൊഴുകുന്നതായി ഞാൻ മനസ്സിലാക്കി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ഞാൻ പരിശോധിക്കാൻ തുടങ്ങി. ചെറിയ മുറിവുകൾ പിന്നെയുമുണ്ടെന്ന് ഞാൻ കണ്ടെത്തി. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഒന്നും ഗുരുതരമായിരുന്നില്ല. എങ്കിലും കാലിനു ഭയങ്കര വേദനയുണ്ടായിരുന്നു, എനിക്ക് അനങ്ങാൻപോലും കഴിഞ്ഞില്ല. രണ്ടു കാലുകളും ഒടിഞ്ഞിരുന്നു.
ആശുപത്രിയിൽ എത്തിയാൽ ഡോക്ടർമാർ എന്റെ പരിക്കുകൾ “നിസ്സാരം” എന്നു വിശേഷിപ്പിക്കുമായിരുന്നു. രക്ഷപ്പെട്ട മറ്റാളുകളുടേതുമായി തട്ടിച്ചുനോക്കുമ്പോൾ അവ തീർച്ചയായും നിസ്സാരമായിരുന്നു. കാലുകൾ നഷ്ടപ്പെട്ട നിലയിലാണ് ഒരാളെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു വലിച്ചു പുറത്തെടുത്തത്. മറ്റു ചിലർക്കാകട്ടെ ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇവരിൽ മൂന്നു പേർ പിന്നീട് മരിച്ചു, ആഴ്ചകളോളം കടുത്ത വേദന സഹിച്ചശേഷം.
അഗ്നിജ്വാലകൾ കണ്ട് പരിഭ്രാന്തനായി
പരിക്കുകളെക്കുറിച്ചോർത്തു ഞാൻ വിഷമിച്ചില്ല, പകരം രക്ഷാപ്രവർത്തകർ എന്റെ അടുക്കൽ സമയത്ത് എത്തിപ്പെടുമോ എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. വിമാനത്തിന്റെ മധ്യഭാഗം—എന്റെ ഇരിപ്പിടമായിരിക്കേണ്ടിയിരുന്ന സ്ഥലം—ഏതാണ്ട് പൂർണമായും നശിച്ചിരുന്നു. ശേഷിച്ച ഭാഗത്തിനു തീപിടിച്ചിരുന്നു. അകത്തു കുരുങ്ങിപ്പോയ യാത്രക്കാർ വേദന തിന്ന് മരിച്ചു. സഹായത്തിനുവേണ്ടിയുള്ള അവരുടെ നിലവിളികൾ എനിക്ക് ഒരിക്കലും മറക്കാനാകില്ല.
വിമാനത്തിന്റെ മുൻഭാഗത്തിനടുത്തായിരുന്നു എന്റെ ഇരിപ്പിടം. അവശിഷ്ടങ്ങളിൽനിന്നു കയ്യെത്താവുന്ന അകലത്തിലായിരുന്നു ഞാൻ കിടന്നിരുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ തീജ്വാലകൾ കണ്ടു. നിമിഷങ്ങൾക്കകം അവ എന്റെയടുക്കലെത്തുമെന്നു ഞാൻ ഭയന്നു, എന്നാൽ അതുണ്ടായില്ല.
ഒടുവിൽ രക്ഷപ്പെടുത്തപ്പെട്ടു!
നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. ഒരു മണിക്കൂറിലേറെ സമയം കടന്നുപോയിരുന്നു. ഒടുവിൽ, പുലർച്ചെ 3:00 മണിയോടെ ഏതാനും രക്ഷാപ്രവർത്തകർ ദുരന്തം നടന്ന ഇടം കണ്ടെത്തി. കുന്നിൻ മുകളിൽവെച്ച് അവർ സംസാരിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു. കണ്ട കാഴ്ചയിൽ അവർ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഒരാൾ വിളിച്ചു ചോദിച്ചു: “ആരെങ്കിലും അവിടെയുണ്ടോ?”
“ഉണ്ട്, ഞാനുണ്ട്,” ഞാൻ വിളിച്ചുപറഞ്ഞു. “എന്നെ രക്ഷിക്കൂ!” മറ്റു യാത്രക്കാരും പ്രതികരിച്ചു. ഒരു രക്ഷാപ്രവർത്തകൻ മറ്റൊരുവനെ “ടെഡ്” എന്നു വിളിച്ചത് ഞാൻ കേട്ടു. അതുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു, “ടെഡ്, ഞാൻ ഇവിടെയുണ്ട്! ഞങ്ങളെ ഒന്നു സഹായിക്കൂ ടെഡ്!”
“ഞങ്ങൾ താഴോട്ടു വരികയാണ്! അൽപ്പനേരം ക്ഷമിക്കൂ,” എന്നായിരുന്നു മറുപടി.
ഒരുപക്ഷേ പലരെയും തീയിൽനിന്നു രക്ഷിച്ചിരിക്കാവുന്ന ആ കനത്ത മഴ, വഴുക്കലുള്ള കുന്നിൻചെരിവിലൂടെയുള്ള ഇറക്കം ദുഷ്കരമാക്കിത്തീർത്തു. തത്ഫലമായി, നീണ്ട ഒരു മണിക്കൂർകൂടെ കഴിഞ്ഞാണ് രക്ഷാപ്രവർത്തകർ അതിജീവകരുടെ അടുക്കലെത്തിയത്. എന്നെ കണ്ടെത്താൻ അവർ എടുത്ത സമയത്തിന് അവസാനമില്ലാത്തതായി തോന്നി.
“ഞങ്ങളെത്തിക്കഴിഞ്ഞു, പരിഭ്രമിക്കാതിരിക്കൂ,” ഫ്ളാഷ് ലൈറ്റ് കയ്യിലേന്തിയ രണ്ടു രക്ഷാപ്രവർത്തകർ പറഞ്ഞു. രണ്ടു രക്ഷാപ്രവർത്തകർ കൂടെ വന്നു. എല്ലാവരും ചേർന്ന് എന്നെ അവിടെനിന്നു കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുപേർ എന്റെ കയ്യിലും രണ്ടു പേർ കാലിലും പിടിച്ചു. അങ്ങനെ കൊണ്ടുപോകുന്നത് വളരെ വേദനാകരമായിരുന്നു, പ്രത്യേകിച്ചും അവർ കൂടെക്കൂടെ ചെളിയിൽ തെന്നിവീഴാൻ തുടങ്ങിയിരുന്നതിനാൽ. കുറച്ചു ദൂരം പോയശേഷം അവർ എന്നെ നിലത്തു കിടത്തി. ഒരാൾ ഒരു സ്ട്രെച്ചർ കൊണ്ടുവരാൻ പോയി. ഒരു മിലിറ്ററി ഹെലിക്കോപ്റ്റർ കിടന്നിരുന്ന സ്ഥലത്ത് അവർ എന്നെ എത്തിച്ചു, അവിടെനിന്ന് കുന്നിൻ മുകളിലുണ്ടായിരുന്ന ആംബുലൻസിലേക്ക് എന്നെ കൊണ്ടുപോകാനായിരുന്നു പരിപാടി.
ഒടുവിൽ ഭാര്യയെ കാണുന്നു!
പുലർച്ച 5:30-നാണ് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ എന്നെ എത്തിക്കുന്നത്. പരിക്കുകൾ ഗുരുതരമായിരുന്നതുകൊണ്ട് ഫോൺ ചെയ്യാൻ ഡോക്ടർമാർ എന്നെ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് രാവിലെ 10:30-നാണ്, അതായത് വിമാനം തകർന്ന് ഏതാണ്ട് ഒമ്പതു മണിക്കൂറിനുശേഷമാണ്, ഞാൻ രക്ഷപ്പെട്ട വിവരം എന്റെ ഭാര്യ അറിയുന്നത്. രക്ഷപ്പെട്ട ആളുകളുടെ പട്ടികയിൽ എന്റെ പേരു കണ്ട ഒരു സുഹൃത്ത് അവളെ വിവരമറിയിച്ചിരുന്നു.
ഒടുവിൽ ഉച്ചകഴിഞ്ഞ് 4:00 മണിയോടെ എന്നെ കാണാനുള്ള അനുവാദം അവൾക്കു ലഭിച്ചു. കണ്ടയുടനെ എനിക്കവളെ തിരിച്ചറിയാൻ സാധിച്ചില്ല. വേദനാസംഹാരി എന്റെ ഇന്ദ്രിയങ്ങളെ മരവിപ്പിച്ചിരുന്നു. “നന്ദി, ജീവനോടെയിരിക്കുന്നുണ്ടല്ലോ,” അവൾ ആദ്യം പറഞ്ഞത് അതായിരുന്നു. സംഭാഷണമൊന്നും ഞാൻ ഓർക്കുന്നില്ല. എങ്കിലും, “നന്ദി പറയേണ്ടത് എന്നോടല്ല, യഹോവയോടാണ്” എന്നു ഞാൻ പറഞ്ഞത്രേ.
മുൻഗണനകൾ ചിട്ടപ്പെടുത്തൽ
ആശുപത്രിയിൽ സുഖം പ്രാപിച്ചുവരവേ, മുമ്പും ഇതുപോലുള്ള വേദന അനുഭവിച്ചിട്ടുണ്ടല്ലോ എന്നു ഞാൻ ഓർത്തു. 1987-ൽ, കൊറിയയിൽനിന്ന് ഗ്വാമിലേക്കു പോയി കഷ്ടിച്ച് ഒരു വർഷത്തിനുശേഷം, കെട്ടിടനിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കേ നാലാംനിലയിൽനിന്നു വീണ് എന്റെ രണ്ടു കാലുകളും ഒടിഞ്ഞു. എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. എന്റെ മൂത്ത സഹോദരി ഒരു യഹോവയുടെ സാക്ഷിയായിരുന്നു. ബൈബിൾ പഠിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. പൂർവസ്ഥിതി കൈവരിക്കാനെടുത്ത ആ ആറു മാസക്കാലം എനിക്ക് അതിനുള്ള അവസരം നൽകി. തത്ഫലമായി, ആ വർഷംതന്നെ ഞാൻ എന്റെ ജീവിതം യഹോവയാം ദൈവത്തിന് സമർപ്പിച്ച് അത് ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
വിമാനദുരന്തം സംഭവിച്ചതുമുതൽ, എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു തിരുവെഴുത്തിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയായിരുന്നു. അത് ഇങ്ങനെ പറയുന്നു: “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) വിമാനദുരന്തത്തിനുശേഷം സുഖംപ്രാപിക്കവേ എന്റെ ജീവിതത്തെ വിലയിരുത്താൻ എനിക്ക് അവസരം ലഭിച്ചു.
ഫ്ളൈറ്റ് 801-ന്റെ ദുരന്തം, ജീവൻ എത്ര വിലപ്പെട്ടതാണെന്ന ബോധം ശക്തമായൊരു വിധത്തിൽ എന്റെ മനസ്സിൽ പതിപ്പിച്ചു. ഞാൻ എളുപ്പത്തിൽ കൊല്ലപ്പെടുമായിരുന്നു! (സഭാപ്രസംഗി 9:11) ശരീരത്തിന്റെ ക്ഷതങ്ങൾ സുഖപ്പെടുത്താൻ എനിക്കു നിരവധി ശസ്ത്രക്രിയകൾക്കു വിധേയനാകേണ്ടിവന്നു. ഒരു മാസത്തിലേറെ ഞാൻ ആശുപത്രിയിൽ കഴിഞ്ഞു.
നമ്മുടെ മഹാ സ്രഷ്ടാവിന്റെ ദാനമായ ജീവനെ, മനുഷ്യർക്ക് ഒരു ഭൗമിക പറുദീസയിൽ ജീവിതം ആസ്വദിക്കാൻ അവൻ ചെയ്തിരിക്കുന്ന കരുതലുകൾ ഉൾപ്പെടെ, ഞാൻ വാസ്തവമായും വിലമതിക്കുന്നുവെന്ന് അവനെ കാണിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 37:9-11, 29; വെളിപ്പാടു 21:3, 4) അത്തരം വിലമതിപ്പു പ്രകടമാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്റെ ജീവിതത്തിൽ രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നതാണെന്നു ഞാൻ മനസ്സിലാക്കുന്നു.—സംഭാവന ചെയ്യപ്പെട്ടത്.
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
US Navy/Sipa Press