ബൈബിളിന്റെ വീക്ഷണം
ദാരിദ്ര്യം മോഷണത്തിനുള്ള ന്യായീകരണമോ?
“ദാരിദ്ര്യം മാനവസന്തുഷ്ടിയുടെ ഒരു വലിയ ശത്രുവാണ്; അത് സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നുവെന്നതിന് സംശയമില്ല. അതു ചില സദ്ഗുണങ്ങളെ അപ്രായോഗികവും മറ്റു ചിലവയെ അതീവ ദുഷ്കരവും ആക്കിത്തീർക്കുന്നു.”—18-ാം നൂറ്റാണ്ടിലെ ഗ്രന്ഥകാരനായ സാമുവൽ ജോൺസൻ.
റോമൻ രാജ്യതന്ത്രജ്ഞനായിരുന്ന മാഗ്നുസ് അവുറേലിയുസ് കാസിയൊഡോറസ് പറഞ്ഞു: “ദാരിദ്ര്യമാണ് കുറ്റകൃത്യത്തിന്റെ മാതാവ്.” ചില കുറ്റകൃത്യങ്ങൾ ദാരിദ്ര്യത്തിന്റെ സ്വാഭാവിക ഫലമാണെന്ന് ഈ വീക്ഷണഗതികൾ സൂചിപ്പിക്കുന്നതായി തോന്നുന്നു. പലരും ഇന്ന് പ്രത്യക്ഷത്തിൽ ഇതിനോടു യോജിക്കുന്നു, കുറ്റകൃത്യം മോഷണമാണെങ്കിൽ വിശേഷിച്ചും.
അടിച്ചമർത്തലും ദാരിദ്ര്യവും മോഷണത്തിനുള്ള ന്യായീകരണമാണെന്ന ആശയത്തിന് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. റോബിൻ ഹുഡിനെപ്പറ്റിയുള്ള 14-ാം നൂറ്റാണ്ടിലെ ആംഗലേയ കഥാഗീതങ്ങൾ പരിചിന്തിക്കുക. ധനികരെ കൊള്ളയടിച്ചു കിട്ടുന്നത് പാവങ്ങൾക്കു വീതിച്ചുകൊടുക്കുന്ന ഒരു ഐതിഹാസിക കവർച്ചക്കാരനെക്കുറിച്ചുള്ളതാണത്. നൂറ്റാണ്ടുകളോളം ആളുകൾ അയാളെ ഒരു വീരനായകനായി കരുതിപ്പോന്നു.
ഇന്നു പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നതു ശരിതന്നെ. ഒരു ഡോളറിൽ താഴെ പണംകൊണ്ട് ദിവസം കഴിച്ചുകൂട്ടുന്ന 131 കോടി ആളുകളുണ്ടെന്ന് ലോകബാങ്ക് അടുത്തയിടെ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഒരു സർവേയിൽ, 70 ശതമാനം ഫിലിപ്പീൻസുകാർ തങ്ങൾ ദരിദ്രരാണെന്നു സ്വയം കണക്കാക്കുന്നതായി പറഞ്ഞു. ബ്രസീലിൽ, ഏറ്റവും സമ്പന്നരായ 20 ശതമാനം ആളുകൾ ഏറ്റവും ദരിദ്രരായ 20 ശതമാനം ആളുകൾ സമ്പാദിക്കുന്നതിന്റെ 32 ഇരട്ടിയാണ് സമ്പാദിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ചില ആളുകളെ നിരാശപ്പെടുത്തുന്നു. ജീവൻ നിലനിർത്താൻവേണ്ട ദൈനംദിനാവശ്യങ്ങൾക്കായി ഏതു മാർഗവും, മോഷണംപോലും, അവലംബിക്കുന്ന ഘട്ടത്തിലേക്ക് ഇതവരെ കൊണ്ടെത്തിക്കുന്നു.
എന്നാൽ ബൈബിൾ വ്യക്തമായിത്തന്നെ മോഷണത്തെ കുറ്റംവിധിക്കുന്നു. പത്തു കൽപ്പനകളിൽ എട്ടാമത്തേത് “മോഷ്ടിക്കരുതു” എന്നാണ്. (പുറപ്പാടു 20:15) എങ്കിലും ബൈബിളിൽ വിശ്വസിക്കുന്ന പലരും, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഒരുവനെ മോഷണത്തിനു പ്രേരിപ്പിച്ചതെങ്കിൽ അതിനെ ന്യായീകരിക്കാൻ ചായ്വു കാട്ടാറുണ്ട്.
ഇത് ഗൗരവാവഹമായ ചോദ്യങ്ങൾ ഉയർത്തുന്നു: ദാരിദ്ര്യം വാസ്തവമായും മോഷണത്തിനുള്ള ന്യായീകരണമാണോ? ഒരുവൻ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിൽ എന്തു ചെയ്യണം? രോഗികളോ വിശന്നുവലയുന്നവരോ ആയ കുട്ടികൾ അയാൾക്കുണ്ടെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ മോഷ്ടിക്കാനുള്ള അനുവാദം യഹോവയാം ദൈവം നൽകുന്നുണ്ടോ, വിശേഷിച്ചും മോഷ്ടിക്കപ്പെടുന്ന വസ്തു ഉടമസ്ഥർക്ക് ആവശ്യമുള്ളതല്ലെങ്കിൽ?
ദൈവം എന്തു പറയുന്നു?
യേശു തന്റെ പിതാവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിച്ചതുകൊണ്ട്, ദൈവത്തിന്റെ കാഴ്ചപ്പാട് എന്തെന്നു മനസ്സിലാക്കാൻ അവന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കും. (യോഹന്നാൻ 12:49) ഭൂമിയിലായിരുന്നപ്പോൾ യേശു വളരെ അനുകമ്പയോടെയാണ് ദരിദ്രരോട് ഇടപെട്ടത്. ‘അവൻ പുരുഷാരത്തെ കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു’ എന്ന് ബൈബിൾ പറയുന്നു. (മത്തായി 9:36) എന്നാൽ ഒരിക്കലും, യാതൊരു സാഹചര്യത്തിൻകീഴിലും, അവൻ മോഷണത്തെ അംഗീകരിച്ചില്ല. സമാനമായി, ദരിദ്രരെക്കുറിച്ച് കരുതലുള്ളവനാണെങ്കിലും ദൈവം ദാരിദ്ര്യത്തെ മോഷണത്തിനുള്ള ഒരു ന്യായീകരണമായി കണക്കാക്കുന്നില്ല. യെശയ്യാവു 61:8-ൽ, (പി.ഒ.സി. ബൈബിൾ) ദൈവം ‘കൊള്ളയും തിൻമയും വെറുക്കുന്നു’ എന്ന് ബൈബിൾ നമ്മോടു പറയുന്നു. മോഷ്ടാക്കൾ ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന് അപ്പോസ്തലനായ പൗലൊസ് വ്യക്തമായി പറയുന്നു. അതുകൊണ്ട്, ദൈവത്തിന്റെ കാഴ്ചപ്പാട് എന്താണെന്നതു സംബന്ധിച്ച സംശയം അവശേഷിക്കുന്നില്ല.—1 കൊരിന്ത്യർ 6:10.
എങ്കിലും, “കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല” എന്ന് സദൃശവാക്യം 6:30 പറയുന്നു. ഈ പ്രസ്താവന മോഷണത്തിനുള്ള ഒരു ഒഴികഴിവാണോ? തീർച്ചയായും അല്ല. അപ്പോഴും, ദൈവം മോഷ്ടാവിനെ ചെയ്ത കുറ്റത്തിനു ശിക്ഷിക്കപ്പെടേണ്ടവനായി കണക്കാക്കുന്നുവെന്ന് സന്ദർഭം നമുക്കു കാട്ടിത്തരുന്നു. പിൻവരുന്ന വാക്യം ഇപ്രകാരം പറയുന്നു: “പിടിക്കപ്പെട്ടാൽ അയാൾ ഏഴിരട്ടി തിരികെ കൊടുക്കണം; അയാൾ തന്റെ വീട്ടിലുള്ളതെല്ലാം കൊടുക്കും.”—സദൃശവാക്യങ്ങൾ 6:31, ഓശാന ബൈബിൾ.
വിശപ്പു സഹിക്കാനാകാതെ മോഷണം നടത്തിയ ഒരുവൻ, അത്യാഗ്രഹം മൂലമോ തന്റെ ഇരയ്ക്കു ദോഷം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയോ മോഷണം നടത്തിയവനോളം നിന്ദ്യനല്ലെങ്കിലും ദൈവാംഗീകാരം കാംക്ഷിക്കുന്നവർ ഒരു തരത്തിലുള്ള മോഷണത്താലും കുറ്റക്കാരാകാൻ പാടില്ല. കടുത്ത ദാരിദ്ര്യം നിമിത്തമാണ് മോഷ്ടിക്കുന്നതെങ്കിൽപ്പോലും അത് ദൈവത്തിന് അപമാനം വരുത്തുന്നു. സദൃശവാക്യങ്ങൾ 30:8, 9 ഇപ്രകാരം പറയുന്നു: ‘നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാൻ [“നിന്ദിപ്പാൻ,” NW] സംഗതിവരരുതേ.’ അതേ ഒരു മോഷ്ടാവ് ദൈവനാമത്തിനു നിന്ദ വരുത്തുന്നു. മോഷണം സ്നേഹശൂന്യമായ ഒരു പ്രവൃത്തിയായതുകൊണ്ട് അത് സമ്പന്നർക്കെതിരെ ആയാലും ദരിദ്രർക്കെതിരെ ആയാലും പാപംതന്നെ. ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മോഷണത്തിന് ഒരിക്കലും ന്യായീകരണമില്ല.—മത്തായി 22:39; റോമർ 13:9, 10.
പ്രതികൂല സാഹചര്യങ്ങളിലായിരിക്കുന്ന ഒരു വ്യക്തിക്ക് മോഷ്ടിക്കാനുള്ള അവകാശമുണ്ടെന്ന വാദഗതിയിൽ കഴമ്പില്ല. കാരണം ഇത്, അത്ര കായികബലമില്ലാത്ത ഒരു കായികതാരത്തിന് ജയിക്കാൻ തക്കവണ്ണം നിയമവിരുദ്ധ ഔഷധങ്ങൾ കഴിക്കാം എന്നു പറയുന്നതുപോലിരിക്കും. ജയിക്കുകയാണെങ്കിൽത്തന്നെ അയാൾ വളഞ്ഞ വഴികൾ പ്രയോഗിച്ചിരിക്കുന്നു. തങ്ങൾക്കു കിട്ടേണ്ട വിജയം അയാൾ സത്യസന്ധമല്ലാത്ത മാർഗങ്ങളിലൂടെ തട്ടിയെടുത്തതായി മറ്റുള്ളവർക്കു തോന്നും, ആ തോന്നൽ ശരിയാണുതാനും. ഒരു മോഷ്ടാവിന്റെ കാര്യവും അങ്ങനെതന്നെ. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് സത്യസന്ധമല്ലാത്ത വഴികളിലൂടെ അയാൾ കൈവശപ്പെടുത്തുന്നു. അയാളുടെ പ്രതികൂല സാഹചര്യം അയാൾ അവലംബിക്കുന്ന മാർഗത്തിനുള്ള ന്യായീകരണമല്ല.
ദൈവാംഗീകാരം നേടാൻ ആഗ്രഹിക്കുന്ന ഏതൊരു മോഷ്ടാവും തന്റെ മുൻനടത്തയെക്കുറിച്ചു പശ്ചാത്തപിക്കണം. ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു: “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.” (എഫെസ്യർ 4:28) യഥാർഥ അനുതാപം പ്രകടമാക്കുന്ന മുൻമോഷ്ടാക്കൾക്ക് യഹോവ ക്ഷമിക്കുമെന്ന ഉറപ്പിൽനിന്ന് ആശ്വാസം കൈക്കൊള്ളാം.—യെഹെസ്കേൽ 33:14-16.
ദരിദ്രർക്ക് എന്തു ചെയ്യാൻ കഴിയും?
ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.” (സദൃശവാക്യങ്ങൾ 10:3) തങ്ങളുടെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ മനപ്പൂർവം തന്റെ നിയമം ലംഘിക്കുന്നവരെ ദൈവം സഹായിക്കുകയില്ല. എന്നാൽ തന്നെ അനുസരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നവരോട് അവന് അനുകമ്പയുണ്ടുതാനും. ആവശ്യമുള്ള വസ്തുക്കൾ നേടാനുള്ള അവരുടെ ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുകയും ചെയ്യും.—സങ്കീർത്തനം 37:25.
ദൈവിക തത്ത്വങ്ങൾ പിൻപറ്റുമ്പോൾ തങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുന്നതായി ലക്ഷക്കണക്കിനാളുകൾ ഇതിനോടകം കണ്ടെത്തിയിരിക്കുന്നു. ഉദാഹരണത്തിന്, അധ്വാനശീലരായിരിക്കാനും ചൂതാട്ടം, അമിത മദ്യപാനം, പുകവലി, മയക്കുമരുന്നു ദുരുപയോഗം എന്നിവ പോലുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കാനുമുള്ള ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നത് തങ്ങൾക്ക് യഥാർഥത്തിൽ ആവശ്യമായിരിക്കുന്നതിനെക്കാൾ അധികം നേടാൻ അവരെ പ്രാപ്തരാക്കിയിരിക്കുന്നു. (ഗലാത്യർ 5:19-21) ഇതിന് അവർ വിശ്വാസം പ്രകടമാക്കേണ്ട ആവശ്യമുണ്ട്. അപ്രകാരം ചെയ്തിട്ടുള്ളവരാകട്ടെ “യഹോവ നല്ലവൻ” ആണെന്നും തന്നെ ആശ്രയിക്കുന്നവരെ അവൻ വാസ്തവമായും സഹായിക്കുന്നുവെന്നും മനസ്സിലാക്കിയിരിക്കുന്നു.—സങ്കീർത്തനം 34:8.
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
റോബിൻ ഹുഡ്: General Research Division/The New York Public Library/Astor, Lenox and Tilden Foundations