ആരാണ് അമ്മ? ആരാണ് മകൾ?
സമീപ വർഷങ്ങളിൽ മാതാപിതാക്കളുടെ അധികാരത്തിന് മങ്ങലേറ്റിരിക്കുന്നുവെന്ന് യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള ഒരു മനശ്ശാസ്ത്രജ്ഞ വിലപിക്കുന്നു. അവർ ഇങ്ങനെ എഴുതി: “മാതാപിതാക്കളും കുട്ടികളും തമ്മിൽ മുതിർന്ന രണ്ടാളുകളെപ്പോലെ സംസാരിക്കുന്നത് ഒട്ടേറെ തവണ എന്റെ ഓഫീസിൽവെച്ച് ഞാൻ കണ്ടിട്ടുണ്ട്. ഒരമ്മയും മകളും തമ്മിലാണു സംസാരിക്കുന്നതെന്നു തോന്നുകയേയില്ല. ഉറങ്ങാൻ കിടക്കേണ്ട സമയംമുതൽ പോക്കറ്റ് മണിയും ഗൃഹജോലികളുംവരെയുള്ള കാര്യങ്ങൾ വലിയ ബിസിനസ് ഇടപാടുകളിൽ ഒത്തുതീർപ്പു നടത്തുന്ന ഗൗരവത്തോടെയാണു സംസാരിക്കുന്നത്. ചില സമയങ്ങളിൽ ആരാണ് അമ്മ, ആരാണ് മകൾ എന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണ്.”
മാതാപിതാക്കൾക്ക് സന്തുലിതമായ ബുദ്ധ്യുപദേശമാണ് ബൈബിൾ പ്രദാനം ചെയ്യുന്നത്. കുട്ടിയെ അലോസരപ്പെടുത്തുന്ന രീതിയിൽ, അവനെ ദുഃഖിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാവുന്നത്ര കർക്കശമായി പെരുമാറുന്നതിലെ അപകടത്തെക്കുറിച്ച് അതു മുന്നറിയിപ്പു നൽകുന്നു. (കൊലൊസ്സ്യർ 3:21) എന്നാൽ തീരെ അയഞ്ഞ മനോഭാവം കാണിച്ചാലുള്ള അപകടത്തെക്കുറിച്ചും—തങ്ങൾക്കുള്ള അധികാരം ഉപയോഗിക്കാതെ എന്തും അനുവദിച്ചു കൊടുക്കുന്നതിനെക്കുറിച്ചും—ബൈബിൾ മുന്നറിയിപ്പു നൽകുന്നു. സദൃശവാക്യങ്ങൾ 29:15 ഇങ്ങനെ പറയുന്നു: “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” മറ്റൊരു ബൈബിൾ പഴമൊഴി ഇങ്ങനെ പറയുന്നു: “ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.” (സദൃശവാക്യങ്ങൾ 29:21) ഈ തിരുവെഴുത്ത് ഒരു ദാസനെയാണ് പരാമർശിക്കുന്നതെങ്കിലും ആ തത്ത്വം ഒരു കുട്ടിക്കും നന്നായി ബാധകമാണ്.
മക്കൾക്ക് ആവശ്യമായ മാർഗനിർദേശവും ശിക്ഷണവും നൽകാത്ത മാതാപിതാക്കൾ ഒടുവിൽ വലിയ വില ഒടുക്കേണ്ടിവരും—തങ്ങളുടെ വരുതിയിലല്ലാത്ത ഒരു കുടുംബം. ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നത് എത്രയോ മെച്ചമായിരിക്കും! തീർച്ചയായും, അതിന് ശ്രമം ആവശ്യമാണ്. എന്നാൽ അത് ആജീവനാന്ത പ്രയോജനങ്ങൾ കൈവരുത്തും. ബൈബിൾ പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”—സദൃശവാക്യങ്ങൾ 22:6.