“നാൽപ്പതെണ്ണം കൊണ്ടുവരൂ. ഞാൻ അവ വിതരണം ചെയ്യാം”
തെക്കൻ ജർമനിയിലെ തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസ വേലയുടെ ഭാഗമായി വോൾഫ്ഗാങ്ങും ഭാര്യ വോൾട്രൗട്ടും ഒരു മനുഷ്യനെ അനേകം തവണ ഉണരുക!യുടെ പ്രതികൾ കാണിച്ചു. “എനിക്കിപ്പോൾത്തന്നെ ധാരാളം വായിക്കാനുണ്ട്” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എല്ലാത്തവണയും അവ നിരസിക്കുമായിരുന്നു.
എന്നിരുന്നാലും, 1996 നവംബർ 22 ലക്കം ഉണരുക!യിലെ “യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തുടച്ചുനീക്കുന്നു” എന്ന ലേഖനം അദ്ദേഹം വായിക്കാനിടയുണ്ടെന്ന് ആ ദമ്പതിമാർക്കു തോന്നി. ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഒരു റോട്ടറി ക്ലബ്ബിൽവെച്ചു നടത്തപ്പെട്ട ഒരു പ്രസംഗത്തെക്കുറിച്ചുള്ളതായിരുന്നു ആ ലേഖനം.
വോൾഫ്ഗാങ് മാസിക തുറന്ന് ആ ലേഖനം കാണിച്ചുകൊടുത്തപ്പോൾ ആ മനുഷ്യൻ അതു വായിക്കാൻ തുടങ്ങി. താനതു സ്വന്തമായി എടുത്തോട്ടെ എന്ന് അദ്ദേഹം ചോദിച്ചു. “എനിക്കു കുറച്ചു സമാധാനവും സ്വസ്ഥതയും കിട്ടുമ്പോൾ ഇന്നു രാത്രി ഞാനതു വായിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
വോൾഫ്ഗാങ്ങും ഭാര്യയും മൂന്നു ദിവസത്തിനു ശേഷം ആ മനുഷ്യനെ വീണ്ടും കണ്ടുമുട്ടി. എന്തായിരുന്നു പ്രതികരണം? “ആ ലേഖനം വളരെ രസകരമായിരുന്നു”വെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് ഇത്ര മതിപ്പുളവായത് എന്തുകൊണ്ടായിരുന്നു? യഹോവയുടെ സാക്ഷികളെക്കുറിച്ച് അദ്ദേഹത്തിനും ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. റോട്ടറി ക്ലബ്ബിലെ തന്റെ സുഹൃത്തുക്കളും ആ ലേഖനത്തിന്റെ വായന ആസ്വദിക്കുമെന്ന് അദ്ദേഹത്തിന് ഇപ്പോൾ ഉറപ്പായി. “ആ ലേഖനത്തിന്റെ കൂടുതൽ പ്രതികൾ കൊണ്ടുത്തരാമോ?” അദ്ദേഹം ചോദിച്ചു.
“എത്രയെണ്ണം വേണം?” വോൾട്രൗട്ട് ചോദിച്ചു.
“നാൽപ്പതെണ്ണം കൊണ്ടുവരൂ. ഞാൻ അവ വിതരണം ചെയ്യാം.”
ഉണരുക!യുടെ ഒരു പ്രതിയോ സൗജന്യ ഭവനബൈബിളധ്യയനമോ ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Praharidurg Prakashan Society, Plot A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന നിങ്ങളുടെ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിലോ എഴുതുക.