വജ്രങ്ങൾ—ഇത്ര വിലപിടിപ്പുള്ളവആയിരിക്കുന്നത് എന്തുകൊണ്ട്?
സ്പെയിനിലെ ഉണരുക! ലേഖകൻ
ചിലപ്പോഴൊക്കെ സൗന്ദര്യം കണ്ടെത്താനാകും. മറ്റുചിലപ്പോഴാകട്ടെ, അതു സൃഷ്ടിക്കേണ്ടിയിരിക്കുന്നു. എന്നാൽ, ഒരു വജ്രത്തെ കണ്ടെത്തുകയും സൃഷ്ടിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
മിനുക്കാത്ത വജ്രങ്ങൾ പ്രകൃതിയുടെ ഒരു മനോഹര സൃഷ്ടിയാണെന്നുള്ളതിൽ സംശയമില്ല. ഭൂവൽക്കത്തിനടിയിലെ ഉന്നതമർദവും ഉയർന്ന താപവും ലഘുവായ കാർബണിനെ കടുപ്പമേറിയ, അർധതാര്യമായ പരലുകളാക്കി രൂപപ്പെടുത്തുന്നു. എന്നാൽ, മിക്കപ്പോഴും ഈ അപൂർവ രത്നങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഭൂമിയിലെ മനുഷ്യനിർമിത കുഴികളിൽ ഏറ്റവും വലിയവ—ഓസ്ട്രേലിയ, സൈബീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ അങ്ങിങ്ങായി കാണപ്പെടുന്നവ—ഈ അമൂല്യ രത്നങ്ങൾ തേടി കുഴിച്ചിട്ടുള്ളവയാണ്. ഏതാണ്ട് 6 ഗ്രാം മാത്രം തൂക്കം വരുന്ന ഏതാനും വജ്രങ്ങൾ കിട്ടാൻ നൂറു ടൺ മണ്ണ് കുഴിച്ചെടുത്ത് അരിക്കേണ്ടതുണ്ട്!
ഒരു വജ്രം കണ്ടെടുത്തു കഴിഞ്ഞാൽ അത് ഒരു മോതിരത്തെയോ നെക്ലസിനെയോ മോടി പിടിപ്പിക്കുന്നതിനുമുമ്പ് ഒരു രത്നപ്പണിക്കാരൻ അതീവ ശ്രദ്ധയോടെ അതിൽ കൊത്തുപണികൾ നടത്തേണ്ടതുണ്ട്.
ഈ ശ്രമത്തിന്റെയും കരവിരുതിന്റെയും ഉത്പന്നം സ്വാഭാവികമായും വിലയേറിയതായിരിക്കണം. എന്നാൽ മിക്ക സ്ത്രീകളും—പുരുഷന്മാരും—അതു ചെലവിനു തക്ക മൂല്യമുള്ളതായി കരുതുന്നു, വിശേഷിച്ചും നിലനിൽക്കുന്ന ഒരു പ്രേമബന്ധത്തിന്റെ പ്രതീകമായി ഒരു വിവാഹിത ഇണയ്ക്കോ പ്രതിശ്രുത ഇണയ്ക്കോ വജ്രം സമ്മാനിക്കുകയാണെങ്കിൽ. വജ്രത്തിന്റെ ഭംഗിയും പ്രണയവും അതിനെ ഭൂമിയിലേക്കും ഏറ്റവും വിലപിടിപ്പുള്ള പരലാക്കി മാറ്റിയിരിക്കുന്നു.a
അൻറ്വർപ്പ് സന്ദർശനം
ഈ അതുല്യ രത്നങ്ങളിൽ എനിക്കു താത്പര്യം ജനിച്ചത് ബെൽജിയത്തിലെ അൻറ്വർപ്പ് സന്ദർശിച്ചപ്പോഴായിരുന്നു. ഈ നഗരത്തിന്റെ സമ്പന്നതയ്ക്കു നിദാനമായിരിക്കുന്നത് മുഖ്യമായും വജ്രങ്ങളാണ്. ‘ഒരു വജ്രത്തെ ഇത്രയേറെ ആകർഷകമാക്കിത്തീർക്കുന്നത് എന്താണ്? വജ്രനിർമാണത്തിനു പിന്നിലെ രഹസ്യമെന്താണ്?’ ഞാൻ ചിന്തിച്ചു.
ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഞാൻ ഡിർക്ക് ലോട്ട്സുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബക്കാർ മൂന്നു തലമുറയായി വജ്രവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അദ്ദേഹം വിവരിച്ചു: “ലോകത്തിലെ പ്രധാനപ്പെട്ട വജ്ര കേന്ദ്രങ്ങളിലൊന്ന് അൻറ്വർപ്പ് ആയതുകൊണ്ട് ഞങ്ങൾ ഈ നഗരത്തെ വജ്രത്തിന്റെ ഉത്തമ സുഹൃത്ത് എന്നാണു വിളിക്കുന്നത്. അതുകൊണ്ട് വജ്രനിർമാതാവിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ, പറ്റിയ സ്ഥലത്തേക്കുതന്നെയാണു താങ്കൾ വന്നിരിക്കുന്നത്.”
ആദ്യംതന്നെ, അദ്ദേഹം അപ്പോൾ വാങ്ങിയ മിനുക്കാത്ത ഒരുപിടി വജ്രങ്ങൾ എനിക്കു കാണിച്ചുതന്നു. അവയ്ക്ക് 3,50,000 ഡോളർ വിലവരുമായിരുന്നെങ്കിലും ആദ്യദർശനത്തിൽ അവ എന്നിൽ അത്ര മതിപ്പുളവാക്കിയില്ല. അവ ഒരുപിടി കുപ്പിച്ചില്ലുകൾപ്പോലെ തോന്നിച്ചു. എന്നാൽ അടുത്തു നോക്കിയപ്പോൾ അവയുടെ ആന്തരിക ശോഭ വെളിവായി, ഒരു വജ്രപ്പണിക്കാരൻ മറനീക്കാൻ പോകുന്ന ശോഭ. അവ ആകർഷകമായിരിക്കുന്നതിന്റെ കാരണം എനിക്കു മനസ്സിലാകാൻ തുടങ്ങി.
“മിനുക്കാത്ത വലിയൊരു വജ്രം കാണുമ്പോൾ എനിക്കു ചിലപ്പോഴൊക്കെ ഒരുതരം വശീകരണം തോന്നും, വൈകാരികമായ ഒരടുപ്പം,” ഡിർക്ക് സമ്മതിച്ചുപറഞ്ഞു. “ഉടനടി എനിക്ക് ആ കല്ല് വാങ്ങണം. യേശു പറഞ്ഞ, വിലയേറിയ ഒരു മുത്ത് കണ്ടെത്തിയ വ്യാപാരിയുടെ ദൃഷ്ടാന്തം അതെന്നെ അനുസ്മരിപ്പിക്കുന്നു. അതു വാങ്ങാൻ തന്റെ കൈവശമുള്ളതെല്ലാം വിൽക്കാൻ അയാൾ തയ്യാറായി—അത്രയ്ക്കും തികവുള്ളതായിരുന്നു ആ മുത്ത്. ഞാൻ അത്രത്തോളമൊന്നും പോയിട്ടില്ല കേട്ടോ,” അദ്ദേഹം പുഞ്ചിരിച്ചു. “എന്നാൽ, ജീവിതകാലം മുഴുവൻ അവ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലും വിശിഷ്ടമായ ചില കല്ലുകൾ പ്രത്യേകിച്ചും ആകർഷിക്കുമെന്നു സമ്മതിച്ചേ മതിയാകൂ. മിനുക്കാത്ത ഒരു കല്ലിൽനിന്ന് ഒരു രത്നം—അത് എത്രതന്നെ മതിപ്പുളവാക്കുന്നതായിക്കൊള്ളട്ടെ—ഉണ്ടാക്കുന്നതിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്.”
ഒരു വജ്രം മിനുക്കിയെടുക്കൽ
വിലപിടിപ്പുള്ള ഒരു കല്ല് ശ്രദ്ധയില്ലാത്ത ഒരു വജ്രപ്പണിക്കാരന്റെ കയ്യാൽ ചിന്നിപ്പോയേക്കാമെന്നു ഞാൻ കേട്ടിട്ടുണ്ട്. കൂടെക്കൂടെ അങ്ങനെ സംഭവിക്കുമോ എന്നു ഞാൻ ചോദിച്ചു. “അത് അത്ര അപൂർവമൊന്നുമല്ല,” ഡിർക്ക് സമ്മതിച്ചു. “കല്ല് മുറിക്കുമ്പോൾ മാത്രമല്ല ഇതു സംഭവിക്കുന്നത്. ഒരു വജ്രപ്പണിക്കാരൻ ചിലപ്പോഴൊക്കെ ഒരു ഗ്ലെറ്റ്സിൽ അല്ലെങ്കിൽ വജ്രത്തിനകത്തുള്ള എന്തെങ്കിലും കേടുപാടുകളിൽ സ്പർശിച്ചുകൊണ്ട് കല്ല് നശിപ്പിച്ചേക്കാം. മിനുക്കാത്ത കല്ല് ഞങ്ങൾ എപ്പോഴും ധ്രുവീകരിച്ച പ്രകാശത്തിലൂടെ സസൂക്ഷ്മം പരിശോധിക്കുന്നു. അതു കുഴപ്പങ്ങളുള്ള ഭാഗങ്ങൾ ഞങ്ങൾക്കു കാണിച്ചുതരും. സങ്കടകരമെന്നു പറയട്ടെ, ഏതു രീതിക്കും അതിന്റേതായ കുറവുകളുണ്ട്.
“കല്ല് ചിന്നിപ്പോകുന്നതാണു ഞങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നമെങ്കിലും അതുമാത്രമല്ല പ്രശ്നം. ചിലപ്പോൾ കല്ല് മുറിച്ച് വശങ്ങൾ മിനുക്കിക്കഴിയുമ്പോൾ അതിന്റെ നിറം മങ്ങും. അപ്പോൾ അതിന്റെ വിലകുറയും. മിക്കപ്പോഴും, മിനുക്കാത്ത കല്ലിന്റെ 60-ഓ അതിലധികമോ ശതമാനം മുറിച്ചു മാറ്റിയാലേ ഞങ്ങൾക്കത് ഒന്നാന്തരമൊരു രത്നമാക്കിയെടുക്കാൻ സാധിക്കുകയുള്ളു എന്നോർക്കണം.”
ഒരു വജ്രം നിർമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് മനസ്സിലാകുന്നതുവരെ എനിക്കു തോന്നിയത് അതൊരു നഷ്ടക്കച്ചവടമാണെന്നാണ്. അപ്പോൾ മുറിച്ച് മിനുക്കിയെടുത്ത, ഹൃദയാകൃതിയിലുള്ള ഒരു വലിയ വജ്രം ഡിർക്ക് എനിക്കു കാണിച്ചുതന്നു. “അത് വെട്ടിത്തിളങ്ങുന്നതു താങ്കൾ കണ്ടോ?” അദ്ദേഹം എന്നോടു ചോദിച്ചു. “കല്ലിനകത്തു കാണുന്ന ആ ‘തേജസ്സ്’ പ്രതിഫലനം ചെയ്യപ്പെട്ട പ്രകാശമല്ലാതെ മറ്റൊന്നുമല്ല.
“രത്നപ്പണിക്കാരൻ ചെയ്യേണ്ടത്, പ്രകാശം കല്ലിനകത്തു കുരുങ്ങി നിരീക്ഷകന്റെ അടുത്തേക്ക് പ്രതിഫലിക്കത്തക്കരീതിയിൽ അതിന്റെ വശങ്ങളെല്ലാം മുറിക്കുകയാണ്. റൗണ്ട് കട്ട് പോലെയുള്ള ചില പരമ്പരാഗത ആകൃതികൾ പ്രകാശം ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നു. ഹൃദയാകൃതിയിലുള്ള ഈ വജ്രംപോലെ കൊത്തുപണികളോടുകൂടിയവയും പരമാവധി പ്രകാശം പ്രതിഫലനം ചെയ്യാൻ ലക്ഷ്യംവെച്ചുണ്ടാക്കിയവയാണ്. ഒരു വജ്രനിർമാതാവിന്റെ കരവിരുത് തെളിയുന്നത് അതിലാണ്. വാസ്തവത്തിൽ, പ്രശസ്തനായ ഒരു വജ്രനിർമാതാവ് ‘നിർമാണത്തിലാണ് ജാലവിദ്യ’ എന്ന ആദർശസൂക്ഷം സ്വീകരിച്ചിരിക്കുന്നു.”
“വജ്രം ഏത് ആകൃതിയിൽ മുറിക്കണമെന്നുള്ളത് എങ്ങനെയാണ് തീരുമാനിക്കുന്നത്?” ഞാൻ ഡിർക്കിനോടു ചോദിച്ചു. “ആദ്യമായി ഞങ്ങൾ ചെയ്യുന്നത്, വാങ്ങിയ കല്ല് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. “സസൂക്ഷ്മം എന്നത് ഊന്നിപ്പറയേണ്ടിയിരിക്കുന്നു! എങ്ങനെ മുറിക്കണമെന്നു തീരുമാനിക്കുന്നതിനുമുമ്പ് ഒരു വലിയ കല്ല് ഞങ്ങൾ ഒരു മാസത്തോളം നിരീക്ഷണവിധേയമാക്കിയതായി ഞാൻ ഓർക്കുന്നു. ചിലപ്പോൾ അത് എളുപ്പമായിരിക്കും. കാരണം ചില കല്ലുകൾ ഒരു പ്രത്യേക ആകൃതിയിൽ മുറിക്കാൻ പാകത്തിനായിരിക്കും. മുറിക്കുമ്പോഴുണ്ടാകുന്ന നഷ്ടം പരമാവധി കുറയ്ക്കാൻ ഓരോ കല്ലും അവയ്ക്ക് ഏറ്റവും അനുയോജ്യമായ ആകൃതിയിൽ മുറിക്കുക എന്നതാണ് ഓരോ സന്ദർഭത്തിലും ഞങ്ങളുടെ ലക്ഷ്യം. എങ്കിലും ഞങ്ങൾ ഓരോ വശവും മുറിക്കുമ്പോൾ കാരറ്റിൽ നഷ്ടം വരും. ഒരു സാധാരണ വജ്രത്തിന് 50-ലേറെ വശങ്ങളുണ്ടായിരിക്കും.”
ഒരു പ്രത്യേക കല്ല് കാണിച്ചിട്ട് അതു സസൂക്ഷ്മം നിരീക്ഷിക്കാൻ ഡിർക്ക് ആവശ്യപ്പെട്ടു. “കല്ലിന്റെ വലതുവശത്തായി നിങ്ങൾ മാലിന്യം കാണുന്നുണ്ടോ?” ഒരു രത്നവ്യാപാരിയുടെ ഉപകരണമായ ഭൂതക്കണ്ണാടി എന്റെ കയ്യിൽത്തന്നുകൊണ്ട് അദ്ദേഹം ചോദിച്ചു. രത്നത്തിന്റെ ഒരു കോണിൽ ഞാൻ ഏതാനും വിള്ളലുകൾ കണ്ടു, ഒരു പൊട്ടൽ വീണ കണ്ണാടിയിലേതുപോലെ. “ഇത്തരം കുഴപ്പങ്ങൾ വജ്രത്തിന്റെ വിലയിൽ വളരെ ഇടിവു വരുത്തും. വേണമെങ്കിൽ ഞങ്ങൾക്കതു മുറിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ കല്ലിന്റെ തൂക്കത്തിൽ വളരെയധികം കുറവുവരും. കുഴപ്പം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതാണെങ്കിൽ ഞങ്ങൾക്ക് കല്ല് അൽപ്പം വിലകുറച്ചു വിൽക്കാൻ കഴിയും.”
ഇത്ര കൊച്ചു കല്ലുകൾ ഇത്ര വിലപിടിപ്പുള്ളതാകാനുള്ള കാരണം എന്താണെന്നറിയാൻ എനിക്കു താത്പര്യമുണ്ടായിരുന്നു. തീർച്ചയായും അതിൽ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
“‘വജ്രം എക്കാലത്തേക്കും’ എന്ന കേട്ടുതഴമ്പിച്ച ശൈലി ഒരു പരസ്യവാക്യമാണെങ്കിലും പൊതുവേ സത്യമാണ്,” ഡിർക്ക് പറഞ്ഞു. “വജ്രങ്ങൾ പഴകിപ്പോകില്ല, അവയുടെ തിളക്കം മങ്ങില്ല. മുമ്പത്തെപ്പോലെ അല്ലെങ്കിലും അവ ഇന്നും ദുർലഭമാണ്, അവ മനോഹരമാണ്—അതിൽ യാതൊരു സംശയവുമില്ല! എന്നാൽ വജ്രങ്ങളുടെ വില നിർണയിക്കുന്ന പ്രധാനഘടകം ഒരുപക്ഷേ അതിന്റെ ലോകവ്യാപക ആവശ്യമായിരിക്കാം. ഇത് വലിയൊരളവോളം പരസ്യത്തെ ആശ്രയിച്ചിരിക്കുന്നു.
“ഒരു സ്ത്രീ വജ്രമോതിരം വേണമെന്നാഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?” ഡിർക്ക് അത്ഭുതംകൂറി. “അവൾ വജ്രത്തെ സ്നേഹവും പ്രണയവുമായി ബന്ധിപ്പിക്കുന്നുണ്ടാകും. വജ്രത്തെപ്പോലെ അനശ്വരമായി നിലനിൽക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രണയത്തെക്കുറിച്ച് അവളെ അനുസ്മരിപ്പിക്കാനായി എന്നേക്കും സൂക്ഷിച്ചുവെക്കേണ്ട ഒരു വിശിഷ്ട വസ്തു. ഈ ആശയം അല്ലെങ്കിൽ ചിലർ വിളിക്കുന്നതുപോലെ ഈ മർമം വളരെ വിദഗ്ധമായി പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. 1995-ൽ ഈ ആശയം, ലോകമൊട്ടാകെയുള്ള ആളുകളെ വജ്രങ്ങൾ വാങ്ങുന്നതിൽ തുടരാൻ പ്രേരിപ്പിക്കുന്ന ഈ ആശയം, പരസ്യപ്പെടുത്താൻ ഏതാണ്ട് 18,00,00,000 ഡോളർ ചെലവഴിക്കുകയുണ്ടായി.”
ഒരു വജ്രത്തിന്റെ വില
“പണിതീർന്ന ഒരു രത്നത്തിന്റെ വില അതിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു,” ഞാൻ അഭിപ്രായപ്പെട്ടു. “അത് അത്ര എളുപ്പമല്ല,” ഡിർക്ക് പ്രതിവചിച്ചു. “വജ്രത്തിന്റെ മൂല്യം നാലു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വജ്രവ്യാപാരികൾ സ്വാഭാവികമായും പറയും: മുറിക്കൽ, കാരറ്റ്, നിറം, തിളക്കം. ഓരോന്നിനും കല്ലിന്റെ മനോഹാരിതയിൽ ഒരു പങ്കുണ്ട്—അതുകൊണ്ടുതന്നെ വിലയിലും.
“ആദ്യം നമുക്ക് മുറിക്കലിൽനിന്നുതന്നെ തുടങ്ങാം. നല്ല മുറിക്കൽ ഒരു കരവിരുതാണ്. ചെറിയതോതിലുള്ള ഒരു കൊത്തുപണിതന്നെയാണ് അതെന്നു വേണമെങ്കിൽ പറയാം. താങ്കൾക്ക് ഇഷ്ടപ്പെട്ട ആ ഹൃദയാകൃതിയിലുള്ള കല്ല് ഒന്നടുത്തുനോക്കൂ. അത്തരം ആകൃതി രൂപപ്പെടുത്തുന്നത് എളുപ്പമുള്ള പണിയല്ല. മറ്റ് ആകൃതികൾ രൂപപ്പെടുത്തുമ്പോഴത്തേതിനെക്കാൾ നഷ്ടം വരികയും ചെയ്യും. രത്നത്തിന്റെ ഭംഗി വർധിപ്പിക്കാൻ എല്ലാ വശങ്ങളും എത്ര പൊരുത്തത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നു നോക്കൂ. ഈ പ്രത്യേക വജ്രം വളരെ നന്നായി മുറിച്ചിരിക്കുന്നുവെന്നു പറയാൻ സാധിക്കും.
“ആദ്യം അതിന്റെ വലുപ്പമാണ് താങ്കളെ ആകർഷിച്ചത്. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം അത് 8 കാരറ്റ് തൂക്കമുള്ള വലിയ കല്ലാണ്. ഒരു കാരറ്റ് 0.2 ഗ്രാമിനു സമമാണ്. അതുകൊണ്ട് കല്ല് തൂക്കിനോക്കിയാണു ഞങ്ങൾ അതിന്റെ കാരറ്റ് മൂല്യം നിർണയിക്കുന്നത്. പൊതുവേ പറഞ്ഞാൽ, കാരറ്റ് കൂടുതലാണെങ്കിൽ അതിന്റെ അർഥം വജ്രത്തിന്റെ വിലയും അത്രത്തോളം കൂടുമെന്നാണ്. എന്നാൽ അതിന്റെ വില നിറത്തെയും തിളക്കത്തെയുംകൂടി ആശ്രയിച്ചിരിക്കുന്നു.
“വജ്രങ്ങൾ എല്ലാ രൂപത്തിലും നിറത്തിലുമുണ്ട്. മിനുക്കാത്ത കല്ലുകളുടെ ആ പായ്ക്കറ്റിൽ താങ്കൾ അതു ശ്രദ്ധിച്ചിരിക്കും. ആദ്യം ഞങ്ങൾ ചെയ്യുന്നത് നിറമനുസരിച്ച് അവയെ തരംതിരിക്കുകയാണ്. വെള്ളനിറമുള്ളവയ്ക്കാണു വിലക്കൂടുതൽ. പിങ്ക്, നീല അല്ലെങ്കിൽ ചെമപ്പ് തുടങ്ങി മോഹന വർണങ്ങൾ എന്നു ഞങ്ങൾ വിളിക്കുന്ന നിറത്തിലുള്ള ഏതാനും കല്ലുകളുമുണ്ട്. അവ അത്യപൂർവമായതുകൊണ്ട് അവയ്ക്കു വെള്ളക്കല്ലുകളെക്കാൾ വിലവരും.
“ഒടുവിൽ തിളക്കമനുസരിച്ച് ഞങ്ങൾക്കു കല്ല് തരംതിരിക്കേണ്ടിവരും. കുറ്റമറ്റതായി തരംതിരിച്ചിരിക്കുന്നതാണെങ്കിൽ, അതിന്റെ അർഥം കല്ലിനകത്തേക്കു നോക്കിയാൽ—ഒരു ഭൂതക്കണ്ണാടിയിലൂടെ നോക്കിയാൽപ്പോലും—യാതൊരു തരത്തിലുള്ള കുറവുകളും കാണുകയില്ല എന്നാണ്. അതുകൊണ്ട് ഒരു വജ്രത്തിന്റെ മുറിക്കൽ, തിളക്കം, നിറം എന്നിവ അതിന്റെ കാരറ്റ് തൂക്കത്തോളംതന്നെ പ്രധാനമാണ്. ഉദാഹരണത്തിന്, ഒരുപക്ഷേ മിനുക്കിയെടുത്തിട്ടുള്ളതിലേക്ക് ഏറ്റവും വലിയ വജ്രം (546.67 കാരറ്റ്) 1995-ൽ പ്രദർശനത്തിനു വെച്ചിരുന്നു. അതിന് ഒരു ഗോൾഫ് പന്തിനോളം വലുപ്പമുണ്ടെങ്കിലും ലോകത്തിലേക്കും ഏറ്റവും വിലകൂടിയ രത്നം അതല്ല. അതിന്റെ തിളക്കക്കുറവും മഞ്ഞകലർന്ന തവിട്ടുനിറവുമാണ് കാരണം.”
അൻറ്വർപ്പ് വിടുന്നതിനുമുമ്പ് ഞാൻ ഹൻസ് വിൻസിനോടു സംസാരിച്ചു. അദ്ദേഹം വജ്രവ്യവസായത്തിൽ ഏർപ്പെട്ടിട്ട് ഏതാണ്ട് 50 വർഷമായി. അവസാനമായി എനിക്ക് ഒരു ചോദ്യംകൂടെ ഉണ്ടായിരുന്നു, ഒരു വജ്രത്തെ ഇത്ര വിശിഷ്ടമാക്കുന്നതെന്താണ്?
“ചെറിയ കല്ലുകൾ അത്ര ആകർഷകമാണെന്ന് എനിക്കു തോന്നുന്നില്ല—ഒരു യന്ത്രമുപയോഗിച്ചും അവയെ രൂപപ്പെടുത്താം,” അദ്ദേഹം മറുപടി നൽകി. “എന്നാൽ വലിയ വജ്രക്കല്ലുകൾ എന്നിൽ കൗതുകമുണർത്തുന്നു. ഓരോ കല്ലും വ്യത്യസ്തമാണ്—കോടാനുകോടി വർഷങ്ങളായി അഗ്നിപർവത മർദത്താൽ കാർബണിൽനിന്ന് ഉത്പാദിതമായ ഒരതുല്യ സൃഷ്ടി. കല്ലിനെക്കുറിച്ചു പഠിക്കുമ്പോൾ നിങ്ങൾക്കു വാസ്തവത്തിൽ ഒരു മരത്തടിയിലെ വാർഷികവലയങ്ങളോടു സമാനമായ, വളർച്ചയെ സൂചിപ്പിക്കുന്ന വരകൾ കാണാൻ കഴിഞ്ഞേക്കും. അനുഭവസമ്പന്നനായ ഒരു കച്ചവടക്കാരന് അത് ഏതു ഖനിയിൽനിന്നു ലഭിച്ചതാണെന്നുപോലും നിങ്ങളോടു പറയാൻ കഴിഞ്ഞേക്കും.
“ഒരു ശിൽപ്പി ഒരു മാർബിൾ കഷണത്തെ നോക്കുന്നതുപോലെയാണ് ഒരു വജ്രനിർമാതാവ് അത്തരമൊരു കല്ലിനെ നോക്കുന്നത്. തനിക്ക് എന്തു സൃഷ്ടിക്കാൻ കഴിയുമെന്ന് അയാൾ മനോമുകുരത്തിൽ കാണുന്നു. ഭാവനയിൽ അയാൾ മുറിക്കലും മിനുക്കലും നടത്തുന്നു, ഒരു വിശിഷ്ട രത്നം പുറത്തുവരുന്നു. വജ്രം ഒടുവിൽ ഒരു മോതിരത്തിലോ നെക്ലസിലോ സ്ഥാനം പിടിക്കുമ്പോൾ അത് ഉടമസ്ഥനും അതേ അനുഭൂതി നൽകുമെന്നു വിചാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
എല്ലാ വശങ്ങളും പരിചിന്തിക്കുമ്പോൾ ഒരു വജ്രം നിർമിക്കുന്നത് മൂല്യവത്തായിരിക്കുന്നത് അതുകൊണ്ടുതന്നെയാണ്.
[അടിക്കുറിപ്പ്]
a വജ്രത്തിന്റെ ഉയർന്ന വിലയ്ക്കു കാരണം, ഒരു കുത്തകയുടെ അതായത് കേന്ദ്ര വിൽപ്പന സംഘടനയുടെ, നിയന്ത്രണമാണ്.
[15-ാം പേജിലെ ചിത്രം]
എട്ടു കാരറ്റിന്റെ ഹൃദയാകൃതിയിലുള്ള രത്നം (കല്ലുകളുടേത് യഥാർഥ വലുപ്പമല്ല)
പേയർപഴത്തിന്റെ ആകൃതിയിൽ മുറിച്ചിരിക്കുന്ന വജ്രം
“കർദിനാളിന്റെ തൊപ്പിയുടെ” ആകൃതിയിൽ മുറിച്ചിരിക്കുന്ന വജ്രം
മുറിക്കാത്ത കല്ലുകളുടെ കാരറ്റ് തൂക്കം നിർണയിക്കുന്നു
മിനുക്കാത്ത വജ്രം നിറമനുസരിച്ച് തരംതിരിക്കുന്നു
കൂടുതൽ മിനുക്കലിന്റെ ആവശ്യമുണ്ടോയെന്നു നിർണയിക്കാൻ വശങ്ങൾ പരിശോധിക്കുന്നു