“നിങ്ങളുടെ കണ്ണുകൾ തുറന്നു നോക്കൂ”
നിങ്ങളുടെ കുട്ടികൾ എന്താണു കാണുന്നത്? യുദ്ധം? കുറ്റകൃത്യം? മലിനീകരണം? ദാരിദ്ര്യം? രോഗം? അതേ, വാസ്തവത്തിൽ ഇവയൊക്കെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ നിങ്ങളവരെ ഈ സംഗതികൾക്കുമപ്പുറത്തേക്ക്, ബൈബിൾ വാഗ്ദാനം ചെയ്തിരിക്കുന്ന വിസ്മയാവഹമായ ഭാവിയിലേക്ക് നോക്കാൻ പഠിപ്പിച്ചിട്ടുണ്ടോ? ഒമ്പതു വയസ്സുകാരനായ ജോയൽ പിയെഴ്സണിന്റെ മാതാപിതാക്കൾ അങ്ങനെ ചെയ്തു. ഫലമോ?
“നിങ്ങളുടെ കണ്ണുകൾ തുറന്നു നോക്കൂ” എന്ന വിഷയത്തെക്കുറിച്ച് ജോയൽ എഴുതിയതു പരിഗണിക്കുക. യു.എസ്.എ.-യിലെ വെർജീനിയയിൽ ഒരു വിദ്യാഭ്യാസജില്ലയിൽ കുട്ടികൾക്കുവേണ്ടി നടത്തിയ ഉപന്യാസ മത്സരത്തിനുള്ള വിഷയമായിരുന്നു അത്. 1996 ആഗസ്റ്റ് 22-ന് ദ സെൻട്രൽ വെർജീനിയൻ എന്ന വർത്തമാനപത്രം ജോയലിന്റെ ഉപന്യാസം പ്രസിദ്ധീകരിച്ചു. ദൈവവചനത്തിൽനിന്നു പഠിച്ച കാര്യങ്ങളാണ് അവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് അതു വെളിപ്പെടുത്തുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. അവനെഴുതി:
“ഇവിടെയുണ്ടായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്ന എല്ലാ മനോഹാരിതകളും കാണാൻ നിങ്ങളുടെ കണ്ണുകൾ തുറന്നു നോക്കൂ.
“ഒരു സുപ്രഭാതത്തിൽ ഉറക്കമുണർന്ന്, മേലാൽ മലിനീകരണമില്ല എന്നു കേൾക്കുന്നതു വിസ്മയാവഹമായിരിക്കില്ലേ? കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഉണ്ടായിരിക്കുകയില്ല, പകരം ആളുകളുടെ ജീവിതത്തിൽ സമാധാനവും സന്തുഷ്ടിയും കളിയാടും.
“അയൽക്കാർ ഒത്തൊരുമിച്ച് ഒരു സുഹൃത്തിനെ വീടുപണിയാൻ സഹായിക്കുകയാണ്. അൽപ്പം മാറി, മറ്റു ചിലർ പൂന്തോട്ടം നട്ടുപിടിപ്പിക്കുന്നു. അവർ വെറുതെ ഒരുമിച്ചു ജോലിചെയ്യുന്നെന്നു മാത്രമല്ല, അവരുടെ ആന്തരത്തിൽ കാപട്യവുമില്ല. അന്യോന്യം സഹായിക്കുന്നതിൽ എല്ലാവരും പങ്കുചേരുന്നു. മേലാൽ ദരിദ്രർ ഉണ്ടായിരിക്കയില്ല. ഇഷ്ടംപോലെ ആഹാരമുണ്ടായിരിക്കും. ലോകമെമ്പാടും ഐക്യവും സമാധാനവും ഉണ്ടായിരിക്കും. ആരും ഒരിക്കലും പട്ടിണി കിടക്കുകയോ രോഗികളായിരിക്കുകയോ ഇല്ല. എല്ലാവർക്കും കണ്ട് ആസ്വദിക്കാൻ പറ്റിയ മനോജ്ഞമായ ചുറ്റുപാടുകൾ. നോക്കൂ, ഒരു കുട്ടി കടുവപ്പുറത്തു സവാരിചെയ്യുന്നു! കടുവ മാത്രമല്ല, എല്ലാ മൃഗങ്ങളും മനുഷ്യരുമായി സമാധാനത്തിലാണ്.
“ഇതുപോലൊരു സ്ഥലത്തു ജീവിക്കാനാണ് എന്റെ ആഗ്രഹം. അവിടെ എന്നോടൊപ്പം ജീവിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?”
കൊച്ചു ജോയൽ ഇവിടെ വർണിച്ചതുപോലുള്ള അനുഗ്രഹങ്ങൾ ദൈവം വാസ്തവത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ടോ? തീർച്ചയായും! ദയവായി നിങ്ങളുടെ ബൈബിൾ തുറന്ന് സങ്കീർത്തനം 46:8, 9; 67:6; 72:16; യെശയ്യാവു 2:3, 4; 11:6-9; 33:24; 65:17-25; മത്തായി 6:9, 10; 2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4 എന്നീ ഭാഗങ്ങളിൽ കാണുന്ന അത്തരം വാഗ്ദാനങ്ങളെക്കുറിച്ചു വായിക്കുക.