വണ്ണം കൂടുതലുള്ളത് മെച്ചമല്ലാത്തപ്പോൾ
“എനിക്കെന്റെ വസ്ത്രങ്ങളൊന്നും പാകമല്ല. എനിക്കിപ്പോൾ 86 കിലോ തൂക്കമുണ്ട്, ഇത്രയും വണ്ണം വെക്കുമെന്നു ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല!” 35 വയസ്സുകാരിയായ റോസ വിലപിച്ചു.
വർധിച്ചുവരുന്ന തൂക്കത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതിൽ റോസ തനിച്ചല്ല. അവൾ പാർക്കുന്ന ഐക്യനാടുകളിലെ ഏതാണ്ട് മൂന്നിലൊന്നാളുകൾ പൊണ്ണത്തടിയുള്ളവരാണ്. ബ്രിട്ടനിൽ പൊണ്ണത്തടിയുള്ള മുതിർന്നവരുടെ അനുപാതം പത്തുവർഷംകൊണ്ട് ഇരട്ടിയായിത്തീർന്നു. അമിതതൂക്കം വിരളമായിരുന്ന ജപ്പാനിൽ പൊണ്ണത്തടി സാധാരണമായിത്തീർന്നുകൊണ്ടിരിക്കുകയാണ്.
അമിതതൂക്കമുള്ള കുട്ടികളുടെ എണ്ണം വർധിച്ചുവരികയാണ്. കാനഡയിലെ കുട്ടികളുടെ ഏതാണ്ട് 20 ശതമാനം പൊണ്ണത്തടിയന്മാരായിരിക്കുമ്പോൾ 6-നും 17-നും ഇടയ്ക്കു പ്രായമുള്ള 47 ലക്ഷത്തോളം അമേരിക്കൻ കുട്ടികൾ വളരെയധികം അമിതതൂക്കമുള്ളവരാണ്. സിംഗപ്പൂരിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾക്കിടയിലെ പൊണ്ണത്തടിയിൽ ഒരു മൂന്നിരട്ടി വർധനവ് ഉണ്ടായിട്ടുണ്ട്.
ചില രാജ്യങ്ങളിൽ, ശരീരം വണ്ണംവെച്ച് ചീർക്കുന്നത് സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും തെളിവായി, അതേ ദാരിദ്ര്യത്തെക്കാളും പോഷകാഹാരക്കുറവിനെക്കാളും വളരെ അഭികാമ്യമായി വീക്ഷിക്കപ്പെടുന്നു. എന്നാൽ ആഹാരം മിക്കപ്പോഴും സുലഭമായിരിക്കുന്ന പാശ്ചാത്യ നാടുകളിൽ വണ്ണം വെക്കുന്നത് സാധാരണഗതിയിൽ അഭികാമ്യമായി കണക്കാക്കപ്പെടുന്നില്ല. നേരേമറിച്ച്, അവിടുത്തെ ആളുകൾ അതിനെ പൊതുവേ ഗൗരവമായി എടുക്കുന്നു. എന്തുകൊണ്ട്?
“പൊണ്ണത്തടി ആകാരഭംഗി കെടുത്തുമെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നുവെങ്കിലും വാസ്തവത്തിൽ അത് ഗുരുതരമായ ഒരു രോഗമാണ്” എന്ന് മുൻ യു.എസ്. സർജൻ ജനറലായ ഡോ. സി. എവ്ററ്റ് കൂപ്പ് പറയുന്നു. ന്യൂയോർക്കിലെ അന്തഃസ്രാവവിദഗ്ധനായ എഫ്. ഇഗ്സേവിയർ പിസന്യായർ ഇപ്രകാരം വിശദീകരിക്കുന്നു: “[അമേരിക്കയിലെ വണ്ണംവെക്കൽ] കൂടുതലാളുകളെ പ്രമേഹം, ഉയർന്ന രക്തസമ്മർദം, മസ്തിഷ്കാഘാതം, ഹൃദ്രോഗം, ചില തരം അർബുദങ്ങൾ എന്നിവയുടെ അപകടസാധ്യതയിലാക്കുന്നു.”
കൂടുതൽ തൂക്കം, കൂടുതൽ അപകടസാധ്യത
അമേരിക്കയിലെ 1,15,000 വനിതാ നേഴ്സുമാരിൽ നടത്തിയ 16 വർഷത്തെ ഒരു പഠനത്തെക്കുറിച്ചു പരിചിന്തിക്കുക. മുതിർന്നവർക്ക് അഞ്ചുമുതൽ എട്ടുവരെ കിലോഗ്രാം തൂക്കം വർധിക്കുമ്പോഴും അത് ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനം കണ്ടെത്തി. കാൻസർ മരണങ്ങളുടെ മൂന്നിലൊന്നിനും ഹൃദയ-രക്തക്കുഴൽ സംബന്ധമായ മരണങ്ങളുടെ പകുതിക്കും കാരണം അമിതതൂക്കമായിരുന്നുവെന്ന് 1995 സെപ്റ്റംബർ 14-ലെ ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത പഠനം സൂചിപ്പിക്കുകയുണ്ടായി. 1996 മേയ് 22/29-ലെ ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനിലെ (ജാമാ) ഒരു റിപ്പോർട്ടനുസരിച്ച്, “പുരുഷൻമാർക്കിടയിലെ ഉയർന്ന രക്തസമ്മർദത്തിന്റെ 78%-ത്തിന്റെയും സ്ത്രീകൾക്കിടയിലെ ഉയർന്ന രക്തസമ്മർദത്തിന്റെ 65%-ത്തിന്റെയും നേരിട്ടുള്ള കാരണം പൊണ്ണത്തടിയാണെന്നു പറയാൻ കഴിയും.” “സാരമായി അമിതതൂക്കം” (ഉണ്ടായിരിക്കേണ്ട തൂക്കത്തെക്കാൾ 40 ശതമാനമോ അതിൽക്കൂടുതലോ) ഉള്ളവർക്ക് “കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലുണ്ടെ”ന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു.
എന്നാൽ തൂക്കം അമിതമാകുന്നതുകൊണ്ടു മാത്രം അപകടം ഉണ്ടാകുന്നില്ല; ശരീരത്തിലെ കൊഴുപ്പിന്റെ വിതരണവും രോഗസാധ്യതയെ സ്വാധീനിക്കുന്നു. വാസ്തവത്തിൽ, ഉദരത്തിൽ അമിത കൊഴുപ്പുള്ള ആളുകൾക്ക് ഇടുപ്പുകളിലും തുടകളിലും കൂടുതൽ വണ്ണമുള്ള ആളുകളെക്കാൾ അപകടസാധ്യതയുണ്ട്. ഉദരഭാഗത്തെ കൊഴുപ്പ് പ്രമേഹം, ഹൃദ്രോഗം, സ്തനാർബുദം, ഗർഭാശയാർബുദം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
അതുപോലെതന്നെ, അമിതതൂക്കമുള്ള യുവജനങ്ങൾ ഉയർന്ന രക്തസമ്മർദം, വർധിച്ച കൊളസ്റ്ററോൾ നിരക്ക്, പ്രമേഹപൂർവ അസ്വാസ്ഥ്യങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടനുഭവിക്കുന്നു. അവർ മുതിരുമ്പോൾ മിക്കപ്പോഴും പൊണ്ണത്തടിയുള്ളവരായിരിക്കും. “കുട്ടിക്കാലത്ത് വണ്ണമുണ്ടായിരുന്നവർ ഏറെ നേരത്തെ മരണമടയുകയും മറ്റാളുകളെക്കാളും നന്നേ ചെറുപ്പത്തിൽ വളരെയധികം രോഗങ്ങൾക്ക് ഇരയാകുകയും ചെയ്ത”തായി ബ്രിട്ടീഷ് വൈദ്യശാസ്ത്ര ജേർണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചുവന്ന ഡാറ്റാ ഉപയോഗിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.
തൂക്കം സംബന്ധിച്ച പുതിയ മാർഗരേഖകൾ
ഗുരുതരമായ തൂക്ക പ്രതിസന്ധി ബോധ്യമായ യു.എസ്. ഗവൺമെൻറ്, തൂക്കം സംബന്ധിച്ച് മുമ്പു ശുപാർശചെയ്തിരുന്ന അതിന്റെ മാർഗരേഖകൾ 1995-ൽ കൂടുതൽ കർശനമാക്കി. (അടുത്ത പേജിലെ ചതുരം കാണുക.) പുതുക്കിയ മാർഗരേഖകൾ “ആരോഗ്യകരമായ തൂക്ക”ത്തെയും “മിതമായ അമിതതൂക്ക”ത്തെയും “അമിതമായ അമിതതൂക്ക”ത്തെയും തിരിച്ചറിയിക്കുന്നു. ഈ മാർഗരേഖകൾ പ്രായഭേദമെന്യേ, മുതിർന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധകമാകുന്നു.
1990-ലെ മാർഗരേഖകളനുസരിച്ച്, മധ്യവയസ്കരുടെ ശരീരത്തിന്റെ മധ്യഭാഗത്തിനുണ്ടാകുന്ന കൂടുതലായ വണ്ണം—അത് പലപ്പോഴും മിഡ്ൽ-ഏയ്ജ് സ്പ്രെഡ് എന്നു വിളിക്കപ്പെടുന്നു—കുഴപ്പമുണ്ടാക്കുന്നതായിരുന്നില്ല. എന്നാൽ പുതിയ മാർഗരേഖകൾ ഈ പ്രശ്നത്തെ ഒഴിവാക്കുന്നില്ല, എന്തുകൊണ്ടെന്നാൽ മുതിർന്നവർക്ക് കാലക്രമേണ വണ്ണം കൂടാൻ പാടില്ല എന്നാണ് നിർദേശം. അങ്ങനെ, മുമ്പ് സാധാരണ തൂക്കമുള്ളവനായി കണക്കാക്കപ്പെട്ടിരുന്ന ഒരു വ്യക്തി ഇപ്പോൾ അമിതതൂക്കക്കാരുടെ ഗണത്തിൽ പെട്ടേക്കാം. ഉദാഹരണത്തിന്, 35-നും 65-നും ഇടയ്ക്കു പ്രായമുള്ള 168 സെൻറിമീറ്റർ പൊക്കവും 75 കിലോഗ്രാം തൂക്കവും ഉള്ള ഒരു വ്യക്തി 1990-ലെ മാർഗരേഖകളിൻപ്രകാരം ആരോഗ്യാവഹമായ തൂക്ക പരിധിയിൽ പെടുന്ന ആളായിരുന്നിരിക്കാം. എന്നാൽ പുതിയ മാർഗരേഖകളിൻപ്രകാരം, ആ വ്യക്തിക്ക് അഞ്ചു കിലോഗ്രാം തൂക്കം കൂടുതലായിരിക്കും!
നമുക്ക് ഇത്രയും വണ്ണംവെച്ചതെങ്ങനെ?
ജനിതക സവിശേഷതകൾക്ക് പൊണ്ണത്തടിയനാകാനുള്ള ഒരു വ്യക്തിയുടെ പ്രവണതയെ സ്വാധീനിക്കാൻ കഴിയും. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ വണ്ണംകൂടുന്നതിനുള്ള കാരണം ജനിതക സവിശേഷതകളല്ല. അവിടെ അതിന്റെ കാരണം മറ്റെന്തോ ആണ്.
കൊഴുപ്പു കഴിക്കുന്നത് നമ്മെ കൊഴുപ്പിക്കുന്നുവെന്നതിനോട് ആരോഗ്യ പ്രൊഫഷണൽമാർ യോജിക്കുന്നു. വളരെയധികം മാംസങ്ങളിലും അനേകം ക്ഷീരോത്പന്നങ്ങളിലും ബേക്കു ചെയ്ത സാധനങ്ങളിലും തത്ക്ഷണ ഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും വറത്തുപൊരിച്ച സാധനങ്ങളിലും സോസുകളിലും ഇറച്ചിച്ചാറിലും എണ്ണകളിലും ഒക്കെ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അവ കഴിക്കുന്നത് പൊണ്ണത്തടിക്കിടയാക്കുന്നു. എങ്ങനെ?
നമ്മുടെ ശരീരം ചെലവഴിക്കുന്നതിലുമധികം കലോറി നാം കഴിക്കുന്ന ആഹാരത്തിലുണ്ടെങ്കിൽ അത് വണ്ണം വെക്കുന്നതിന് ഇടയാക്കുന്നു. ഒരു ഗ്രാം കൊഴുപ്പിൽ ഒമ്പതു കലോറിയും ഒരു ഗ്രാം മാംസ്യത്തിൽ അല്ലെങ്കിൽ ഒരു ഗ്രാം ധാന്യകത്തിൽ നാലു കലോറിയും ആണുള്ളത്. അതുകൊണ്ട് കൊഴുപ്പു കഴിക്കുമ്പോൾ നാം കൂടുതൽ കലോറി സ്വീകരിക്കുന്നു. എന്നാൽ മറ്റൊരു പ്രധാനപ്പെട്ട ഘടകമുണ്ട്—അത് ധാന്യകങ്ങളും മാംസ്യവും കൊഴുപ്പും പ്രദാനം ചെയ്യുന്ന ഊർജം മനുഷ്യശരീരം ഉപയോഗിക്കുന്ന വിധമാണ്. ശരീരം ആദ്യം ധാന്യകങ്ങളെയും മാംസ്യത്തെയും അപചയം നടത്തിയശേഷമാണ് കൊഴുപ്പിനെ അപചയം നടത്തുന്നത്. കൊഴുപ്പിന്റെ ഉപയോഗിക്കപ്പെടാത്ത കലോറി ശരീര കൊഴുപ്പായി മാറ്റപ്പെടുന്നു. അതുകൊണ്ട് കൊഴുപ്പടങ്ങിയ ആഹാരപദാർഥങ്ങളുടെ അളവു കുറയ്ക്കുന്നത് വണ്ണം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്.
എന്നാൽ, കൊഴുപ്പിന്റെ അളവു കുറച്ചിരിക്കുന്നുവെന്നു വിചാരിക്കുന്ന ചിലർ പോലും തങ്ങളുടെ ശരീരം ചീർക്കുന്നതായി കണ്ടെത്തുന്നു. അതെന്തുകൊണ്ട്? അവർ വളരെയധികം ആഹാരം കഴിക്കുന്നുവെന്നതാണ് ഒരു കാരണം. ഐക്യനാടുകളിലെ ഒരു പോഷകാഹാര വിദഗ്ധ ഇങ്ങനെ പറയുന്നു: “ഒത്തിരി വിളമ്പുന്നതുകൊണ്ട് നാം ഒത്തിരി കഴിക്കുന്നു. അതു ലഭ്യമായിരിക്കുമ്പോൾ നാം കഴിക്കുന്നു.” കൊഴുപ്പു കുറവുള്ളതോ കൊഴുപ്പില്ലാത്തതോ ആയ ആഹാരപദാർഥങ്ങൾ കൂടുതൽ കഴിക്കാനുള്ള പ്രവണത ആളുകൾക്കുണ്ട്. എന്നാൽ ഒരു യു.എസ്. ഭക്ഷ്യ വ്യവസായ ഉപദേശക സ്ഥാപനത്തിലെ ഒരു വിദഗ്ധൻ ഇങ്ങനെ വിശദീകരിക്കുന്നു: “കൊഴുപ്പു കുറവുള്ള ഉത്പന്നങ്ങൾ പലപ്പോഴും സ്വാദിലുള്ള കുറവു നികത്തുന്നത് [കൂടുതൽ കലോറിയുള്ള] പഞ്ചസാരയുടെ അളവു കൂട്ടിക്കൊണ്ടാണ്.” അതുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “90-കളിലെ രണ്ടു പ്രവണതകൾ—കൊടുക്കുന്ന പണത്തിന് കിട്ടാവുന്നിടത്തോളം വാങ്ങൽ, കൊഴുപ്പു കുറവുള്ളതോ കൊഴുപ്പില്ലാത്തതോ ആയ ആഹാരപദാർഥങ്ങൾ കഴിക്കൽ—തീറ്റിഭ്രാന്തിനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു,” അങ്ങനെ വണ്ണവും കൂടുന്നു.
ടിവി-യുടെ മുന്നിൽ തപസ്സിരിക്കുന്ന ജീവിതശൈലിയും വണ്ണംവെക്കുന്നതിനിടയാക്കുന്നു. ബ്രിട്ടനിലെ മുതിർന്നവരുടെ മൂന്നിലൊന്നിലധികം ആഴ്ചയിൽ 20 മിനിറ്റുനേരം പോലും മിതമായ വ്യായാമം ചെയ്യാത്തവരാണെന്ന് അവിടുത്തെ ഒരു പഠനം കണ്ടെത്തി. പകുതിയിൽ താഴെ പേർ സജീവമായ സ്പോർട്സിൽ ഒരിക്കലും പങ്കെടുക്കുന്നില്ല. പല പാശ്ചാത്യ രാജ്യങ്ങളിലും കാർയാത്ര, നടപ്പിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. ടെലിവിഷൻ വീക്ഷിക്കുന്നതിൽ ഉണ്ടായിട്ടുള്ള വർധനവ് അലസതയെയും തീറ്റിഭ്രാന്തിനെയും പ്രോത്സാഹിപ്പിക്കുന്നു. ഐക്യനാടുകളിൽ, കുട്ടികൾ ആഴ്ചതോറും 26 മണിക്കൂർ ടെലിവിഷൻ കാണുന്നതായി കണക്കാക്കപ്പെടുന്നു, വീഡിയോ വിനോദങ്ങൾക്കു വേണ്ടി ചെലവഴിക്കുന്ന സമയം ഇതിൽ ഉൾപ്പെടുന്നില്ല. അതേസമയം, ഏതാണ്ട് 36 ശതമാനം സ്കൂളുകളിൽ മാത്രമേ ഇപ്പോഴും കായികവിദ്യാഭ്യാസം ഉള്ളൂ.
അമിതതൂക്കമുള്ളവരായിരിക്കുന്നതിന് മനഃശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. “വൈകാരിക ആവശ്യങ്ങൾ നിമിത്തമാണ് നാം ആഹാരം കഴിക്കുന്നത്,” എന്ന് ജോൺസ് ഹോപ്കിൻസ് വെയിറ്റ് മാനേജ്മെൻറ് സെന്ററിലെ ഡോ. ലോറെൻസ് ചെസ്കിൻ പറയുന്നു. “നമുക്കു സന്തോഷമുള്ളപ്പോൾ നാം ഭക്ഷണം കഴിക്കുന്നു, ദുഃഖമുള്ളപ്പോഴും നാം ഭക്ഷണം കഴിക്കുന്നു. ആഹാരം മറ്റു പല കാര്യങ്ങൾക്കും ഉള്ള ഒരു പകരക്കാരനാണെന്ന വിശ്വാസത്തിലാണ് നാം വളർന്നുവന്നിരിക്കുന്നത്.”
നമുക്കു വിജയിക്കാൻ കഴിയുമോ?
അമിതതൂക്കം സംബന്ധിച്ച പ്രശ്നങ്ങൾ സങ്കീർണമാണ്. ഓരോ വർഷവും എട്ടു കോടി അമേരിക്കക്കാർ ഭക്ഷണക്രമം പാലിക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ സ്വൽപ്പം തൂക്കം കുറഞ്ഞാലുടൻതന്നെ മിക്കവരും തങ്ങളുടെ മുൻ ഭക്ഷണരീതിയിലേക്കു മടങ്ങിപ്പോകുന്നു. അഞ്ചു വർഷംകൊണ്ട്, 95 ശതമാനം പേരും തങ്ങൾക്കു നഷ്ടമായ തൂക്കം വീണ്ടെടുക്കുന്നു.
തൂക്കം കുറയ്ക്കാനും കുറഞ്ഞ തൂക്കം നിലനിർത്താനും ജീവിതശൈലിയിൽ മാറ്റംവരുത്തേണ്ടത് ആവശ്യമാണ്. അത്തരം മാറ്റങ്ങൾ വരുത്താൻ ശ്രമവും പ്രതിജ്ഞാബദ്ധതയും കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള സഹായവും ആവശ്യമാണ്. ചില കേസുകളിൽ ആരോഗ്യ പ്രൊഫഷണൽമാരുടെ സഹായവും ആവശ്യമായി വന്നേക്കാം. എങ്കിലും, നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കാൻ ക്രിയാത്മകമായ പ്രചോദനം അത്യാവശ്യമാണ്. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്: ‘ഞാൻ എന്തുകൊണ്ടാണ് തൂക്കം കുറയ്ക്കാൻ ആഗ്രഹിക്കുന്നത്?’ ആരോഗ്യപരമായ അപകടങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നതോടൊപ്പം കൂടുതൽ സുഖം തോന്നാനും ശരീരഭംഗി വർധിപ്പിക്കാനും നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും കൂടി ആഗ്രഹിക്കുന്നെങ്കിൽ തൂക്കം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കാൻ ഏറെ സാധ്യതയുണ്ട്.
പോഷകഗുണമുള്ളതും കലോറി കുറവുള്ളതുമായ സ്വാദിഷ്ഠവും സംതൃപ്തിദായകവുമായ ആഹാരം നിങ്ങൾക്ക് വേണ്ടുവോളം കഴിക്കാം. എന്നാൽ തൂക്കം കുറയ്ക്കാൻ സഹായിക്കുന്ന ആഹാരപദാർഥങ്ങളെക്കുറിച്ചു പരിചിന്തിക്കുന്നതിനു മുമ്പ് ഭക്ഷണക്രമത്തിലെ ചില ഘടകങ്ങൾ ആരോഗ്യസംബന്ധമായ അപകടങ്ങൾക്ക് ഇടയാക്കുന്നതെങ്ങനെയെന്നു നമുക്കു പരിശോധിക്കാം.
[അടിക്കുറിപ്പുകൾ]
ഉണ്ടായിരിക്കേണ്ട തൂക്കത്തെക്കാൾ 20-ഓ അതിലധികമോ ശതമാനം കൂടുതലായിരിക്കുമ്പോൾ അതിനെ പലപ്പോഴും പൊണ്ണത്തടി എന്നു പറയുന്നു.
1995-ലെ മാർഗരേഖകൾ മിക്ക പ്രായ ഗ്രൂപ്പുകാർക്കും ബാധകമാണ്, എന്നാൽ എല്ലാവർക്കുമല്ല. “65 വയസ്സിനു മേൽ പ്രായമുള്ളവർക്ക് തൂക്കം സംബന്ധിച്ച പുതിയ മാർഗരേഖകൾ ഒരുപക്ഷേ ബാധകമല്ലായിരിക്കാം എന്നതിനോട് പൊതുവേ യോജിപ്പുണ്ട്,” എന്ന് 1996 ജൂൺ 19-ലെ ജാമായിൽ ഡോ. റോബർട്ട് എം. റസൽ പറയുന്നു. “പ്രായമുള്ളവർക്ക് അൽപ്പം തൂക്കം കൂടുതലുണ്ടായിരിക്കുന്നത് പ്രയോജനകരംപോലുമായിരുന്നേക്കാം. എന്തുകൊണ്ടെന്നാൽ അത് രോഗ ഘട്ടങ്ങളിൽ ആവശ്യമായ ഊർജം പ്രദാനംചെയ്യുകയും പേശികളുടെയും അസ്ഥികളുടെയും തൂക്കം സംരക്ഷിക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു.”
തൂക്കം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾക്കായി ഉണരുക!യുടെ 1994 മേയ് 8 ലക്കത്തിന്റെ 20-2 പേജുകളും 1993 ജനുവരി 22 (ഇംഗ്ലീഷ്) ലക്കത്തിന്റെ 12-14 പേജുകളും 1989 ഡിസംബർ 8 (ഇംഗ്ലീഷ്) ലക്കത്തിന്റെ 3-12 പേജുകളും കാണുക.
[6-ാം പേജിലെ ചാർട്ട്]
നിങ്ങൾക്ക് “ആരോഗ്യകരമായ തൂക്ക”മാണോ “മിതമായ അമിതതൂക്ക”മാണോ “അമിതമായ അമിതതൂക്ക”മാണോ ഉള്ളത്? ഇവിടെ കാണിച്ചിരിക്കുന്ന ഗ്രാഫ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായിക്കും
സ്ത്രീപുരുഷൻമാർക്കുവേണ്ടിയുള്ള 1995-ലെ തൂക്ക മാർഗരേഖകൾ
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉയരം സെ.മീ.
198
190
180
170
160 ആരോഗ്യകരമായ തൂക്കം മിതമായ അമിതതൂക്കം അമിതമായ അമിതതൂക്കം
150
കി.ഗ്രാം. 30 40 50 60 70 80 90 100 110
തൂക്കം†
സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനപ്പെട്ടിരിക്കുന്നത്: U.S. Department of Agriculture, U.S. Department of Health and Human Services
ചെരുപ്പില്ലാതെ.
†വസ്ത്രമില്ലാതെ. ഉയർന്ന തൂക്കങ്ങൾ ബാധകമാകുന്നത് പല പുരുഷൻമാരുടെയും കാര്യത്തിലെന്നപോലെ പേശികളും അസ്ഥികളും കൂടുതലുള്ളവർക്കാണ്.