എണ്ണമറ്റ ദൈവങ്ങൾ, സത്യദൈവത്തെ കണ്ടെത്തുംവരെ
ഇംഗ്ലണ്ടിലെ ക്രൊയ്ഡനിലാണ് ഞാൻ ജനിച്ചത്, 1921-ൽ. മൂന്നു പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ടായിരുന്നതിൽ മൂത്തതു ഞാനായിരുന്നു. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങൾ മക്കളിൽ ചിലർക്കു തൊണ്ടമുള്ള് പിടിപെട്ടു. എന്നെ ആശുപത്രിയിലാക്കി. എന്റെ ആങ്ങള ജോണി മരിച്ചു. അവനെ മാമോദീസ മുക്കിയിട്ടില്ലായിരുന്നതുകൊണ്ട് ആംഗ്ലിക്കൻ സഭ മതപരമായ ശവസംസ്കാരച്ചടങ്ങു നടത്താൻ അനുവദിക്കുമായിരുന്നില്ല. ഇതു ഡാഡിയെ വിഷമിപ്പിച്ചു. ജോണിയുടെ ശവമഞ്ചം കുഴിയിലേക്കിറക്കുമ്പോൾ ഒരു പ്രാർഥന ചൊല്ലാമോ എന്ന് അദ്ദേഹം ഒരു വൈദികനോടു ചോദിച്ചു. അയാൾ അതു നിരസിച്ചു.
ഇത് ഡാഡിയെ എന്നേക്കുമായി മതത്തിൽനിന്ന് അകറ്റിയെന്ന് മമ്മി പറഞ്ഞു. എനിക്കോ അനുജത്തിമാർക്കോ എന്തെങ്കിലും സംഭവിക്കുമെന്നു ഭയന്ന് ഡാഡി അറിയാതെ മമ്മി ഞങ്ങളെയെല്ലാം പള്ളിയിൽ കൊണ്ടുപോയി മാമോദീസ മുക്കി. ഡാഡി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സജീവ പ്രവർത്തകനായിത്തീർന്നു. ഹക്സ്ലി, ലെനിൻ, മാർക്സ് എന്നിവരുടെ പുസ്തകങ്ങളുൾപ്പെടെ യുക്തിചിന്താഭൗതികവാദത്തോടു ബന്ധപ്പെട്ട വിവരങ്ങൾ വായിക്കാൻ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ദൈവത്തെക്കുറിച്ചു പരാമശിച്ചിരുന്നത്, ദൈവം ഇല്ല എന്ന് ഡാഡി പറയുമ്പോൾ മാത്രം.
1931. എനിക്കന്ന് പത്തു വയസ്സ് കാണും. ചിലപ്പോഴെല്ലാം ഞാൻ ഡാഡിയുടെ മാതാപിതാക്കളെ കാണാൻ തെരുവിലൂടെ നടന്നു പോകുമായിരുന്നു. മറ്റുള്ളവർ മിക്കപ്പോഴും അപ്പൂപ്പനെ വിമർശിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന് തിളങ്ങുന്ന മനോഹരമായ നീലക്കണ്ണുകളുണ്ടായിരുന്നു. എപ്പോഴും അദ്ദേഹം സന്തുഷ്ടനായിരുന്നു. മിക്കപ്പോഴും, അദ്ദേഹം അൽപ്പം കൽക്കണ്ടവും വീട്ടിലേക്കു നടന്നുപോകുമ്പോൾ വായിക്കാൻ എന്തെങ്കിലും പുസ്തകവും എനിക്കു തരും. കൽക്കണ്ടം ഞാൻ തിന്നും, വായിക്കാൻ തന്നത് കളയും. എനിക്ക് അദ്ദേഹത്തെ അൽപ്പം പേടിയുണ്ടായിരുന്നു. മറ്റുള്ളവർ അദ്ദേഹത്തെക്കുറിച്ചു മോശമായി സംസാരിച്ചിരുന്നതിന്റെ കാരണം എനിക്കപ്പോൾ അറിയില്ലായിരുന്നു.
കൗമാരപ്രായത്തിലായിരുന്നപ്പോൾ ഞാൻ ബാല കമ്മ്യൂണിസ്റ്റ് സഖ്യത്തിൽ ചേർന്നു, കാലക്രമേണ അതിന്റെ സെക്രട്ടറിയുമായി. ഞാൻ ടൗൺ ഹാളിൽ പ്രസംഗങ്ങൾ നടത്തി, ചാലഞ്ച് എന്ന വർത്തമാനപത്രം ഉപയോഗിച്ച് തെരുവുപ്രവർത്തനത്തിൽ ഏർപ്പെട്ടു. പറയുന്നതു ശ്രദ്ധിക്കുന്ന ആർക്കും ഞാൻ അതു നൽകുമായിരുന്നു. അക്കാലത്ത്, ബ്ലാക്ക്ഷർട്സ് എന്ന ഒരു ഫാസിസ്റ്റ് സംഘം സജീവമായി രംഗത്തുണ്ടായിരുന്നു. കമ്മ്യൂണിസത്തോട് അവർക്ക് കടുത്ത വിരോധമായിരുന്നു. ചാലഞ്ച് വിതരണം ചെയ്തുകൊണ്ട് ഞാൻ തെരുവിൽ നിൽക്കവേ ബ്ലാക്ക്ഷർട്സിലെ അംഗങ്ങൾ എന്നെ സമീപിച്ച് എന്നോടു സംസാരിച്ചിരുന്നതും സൂര്യപ്രകാശം എന്ന് കളിയാക്കി വിളിച്ചിരുന്നതുമൊക്കെ ഞാൻ ഓർക്കുന്നു. ഞാൻ സഹവസിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തലമൂത്ത അംഗങ്ങൾ, ഫാസിസ്റ്റുകാർ ലോഹകൈയുറകൾ ധരിച്ചുകൊണ്ട് എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നു മണത്തറിഞ്ഞു. അതുകൊണ്ട് അവർ എനിക്കൊപ്പം ഒരു അംഗരക്ഷകനെയും അയയ്ക്കാൻ തുടങ്ങി.
ഒരവസരത്തിൽ, ഫാസിസ്റ്റുകാർ (അപ്പോൾ യഹൂദന്മാർ കൂടുതലായി പാർത്തിരുന്ന) ലണ്ടന്റെ ഈസ്റ്റ് എൻഡിലൂടെ മാർച്ച് ചെയ്യാൻ പോകുകയാണെന്നു ഞങ്ങൾ മനസ്സിലാക്കി. അവരെ എതിരിടാനും പോകുമ്പോൾ കൂട്ടത്തിൽ ഗോലികൾ നിറച്ച സഞ്ചികൾ കൊണ്ടുപോകാനും ഞങ്ങളോട് ആവശ്യപ്പെട്ടു. പൊലീസുകാർ എതിരാളികളെ വിരട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ അവ പൊലീസുകാരുടെ കുതിരകളുടെ കുളമ്പുകൾക്കടിയിലേക്ക് എറിയണമായിരുന്നു. അന്ന് പലരും അറസ്റ്റിലായി. സന്ദർഭവശാൽ അക്കൂട്ടത്തിൽ ഞാൻ ഉണ്ടായിരുന്നില്ല. കാരണം, പോകേണ്ടെന്നു ഞാൻ തീരുമാനിച്ചിരുന്നു.
എന്റെ മനസ്സാക്ഷി ഉണരുന്നു
മറ്റൊരവസരത്തിൽ, ശരിയല്ലെന്ന് എനിക്കറിയാമായിരുന്ന ഒരു കാര്യം ഒരു പൊതുയോഗത്തിൽ പറയാൻ എന്നോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ അവർ ചോദിച്ചതിങ്ങനെയാണ്: “നമ്മുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ സാധിച്ചാൽ പോരേ, മറ്റെന്തെങ്കിലും കാര്യമാക്കേണ്ടതുണ്ടോ?” ജീവിതത്തിൽ മനസ്സാക്ഷി എന്നെ അലട്ടാൻ തുടങ്ങിയത് അപ്പോഴാണ്. പല കാര്യങ്ങളെയും കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി.
കൗമാരത്തിലേക്കു കാലൂന്നിയ സമയം. ഒരിക്കൽ കുർബാനയിൽ പങ്കെടുക്കാൻ മമ്മി എന്നെ പ്രോത്സാഹിപ്പിച്ചു, അവിടെ നടക്കുന്നതൊക്കെ ഒന്നറിഞ്ഞിരിക്കാൻവേണ്ടി മാത്രം. അൾത്താരയിൽ പോയി പാപങ്ങളൊക്കെ ഏറ്റു പറയാൻ എന്നോട് ആവശ്യപ്പെട്ടതായി ഞാൻ ഓർക്കുന്നു. അവിടെവെച്ച്, അൾത്താര മൂടിയിരുന്ന തുണിയിലെ ചിത്രപ്പണി ഞാൻ ശ്രദ്ധിച്ചു. പിണഞ്ഞു കിടക്കുന്ന മൂന്നു വളയങ്ങൾ. അവ എന്തിനെയാണു പ്രതിനിധീകരിക്കുന്നതെന്നു ഞാൻ ചോദിച്ചു. അവ ‘പരിശുദ്ധ ത്രിത്വത്തെ—പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം എന്നിവരെ—പ്രതിനിധീകരിക്കുന്നതായി’ മമ്മി എന്നോടു പറഞ്ഞു. ഞാൻ വിചാരിച്ചു, ‘ഇതു വിചിത്രമായിരിക്കുന്നല്ലോ. ഇവർ മൂന്നു ദൈവങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ ഡാഡി പറയുന്നു, ഒരൊറ്റ ദൈവംപോലും ഇല്ലെന്ന്!’ പിന്നെയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ, മുട്ടയ്ക്ക് മൂന്നു ഭാഗങ്ങൾ ഉണ്ടെന്നും എന്നാൽ യഥാർഥത്തിൽ അത് ഒരൊറ്റ മുട്ട മാത്രമാണെന്നും ഉള്ള വിശദീകരണം ലഭിച്ചു. ഇതും എന്നെ തൃപ്തിപ്പെടുത്തിയില്ല. എന്റെ ചോദ്യങ്ങൾ കുറച്ച് ഏറിപ്പോകുന്നുണ്ടെന്ന് മമ്മി എന്നോടു പറഞ്ഞു. ഞാൻ വീട്ടിലേക്കു പോയി. മേലാൽ പള്ളിയിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് മമ്മിയോടു പറഞ്ഞു, അതിൽപ്പിന്നെ ഞാൻ പോയിട്ടുമില്ല!
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴേക്കും ബാല കമ്മ്യൂണിസ്റ്റ് സഖ്യത്തിനുവേണ്ടി ഞാൻ പ്രവർത്തിക്കാതായി. മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു കാനഡക്കാരനുമായി എന്റെ വിവാഹം നടന്നു. ഞങ്ങൾക്ക് ഒരു മകൻ പിറന്നു. ലണ്ടനിലെ ഞങ്ങളുടെ ഭവനം ബോംബ് സ്ഫോടനത്തിൽ തകർന്നുപോയി. ഞാനും മകനും വീട്ടിലുണ്ടായിരുന്നു. ഒരു വി-1 മിസൈൽ ഞങ്ങളുടെ വീടിന്റെ മുമ്പിൽ വന്നു വീണു. വസ്തുവകകളെല്ലാം നഷ്ടമായി. ഞങ്ങൾ അവശിഷ്ടങ്ങൾക്കടിയിലായി. എങ്കിലും ഞങ്ങൾ ജീവനോടെ രക്ഷപ്പെട്ടു. ആ സമയത്ത് എന്റെ ഭർത്താവ് ഫ്രാൻസിലെ നൊർമാൻറിയിലായിരുന്നു.
ആ സമയത്താണെന്നു തോന്നുന്നു, “ഒരു ദൈവമുണ്ടെങ്കിൽ അവൻ ഈ ദുരിതങ്ങളെല്ലാം അനുവദിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന് ഞാൻ രണ്ടു യുവതികളോടു ചോദിച്ചതായി ഓർക്കുന്നു. ഈ ലോകത്തിന്റെ ദൈവം സാത്താനാണെന്നോ മറ്റോ അവർ പറഞ്ഞു. “ഓ, മറ്റൊരു ദൈവം,” ഞാൻ വിചാരിച്ചു. “ഈ ദൈവത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലല്ലോ!” പിന്നെ വന്നത് ഒരു യുവാവാണ്. ചോദ്യങ്ങൾ ഒന്നൊന്നായി ഞാൻ അയാളുടെ നേർക്കു തൊടുത്തു വിട്ടു. ചെമ്മരിയാടുകളെയാണ് താൻ തിരയുന്നത് കോലാടുകളെ അല്ല എന്ന് അയാൾ പറഞ്ഞു. യേശുവിന്റെ ദൃഷ്ടാന്തത്തെക്കുറിച്ച് അത്ര അറിവില്ലാഞ്ഞതിനാൽ, അയാൾ ഒരു മതശുശ്രൂഷകനാണോ കൃഷിക്കാരനാണോ എന്ന് ഞാൻ അയാളോടു ചോദിച്ചു. ഏതാനും വർഷങ്ങൾക്കൂടെ കടന്നുപോയി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. താൻ സേവനമനുഷ്ഠിച്ചിരുന്ന സാസ്കറ്റൂൺ ലൈറ്റ് ഇൻഫെൻട്രിയിലുണ്ടായിരുന്നവരിൽ 95 ശതമാനം ആളുകളും കൊല്ലപ്പെട്ടതുകണ്ട് എന്റെ ഭർത്താവ് വീട്ടിലേക്കു തിരിച്ചുപോന്നു. ക്രൊയ്ഡനിലെ മറ്റൊരു വീട്ടിൽ ഞങ്ങൾ താമസമാക്കി.
സാക്ഷികൾ സന്ദർശിക്കുന്നു
ഒരു ഞായറാഴ്ച, യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ വാതിലിൽ മുട്ടി. വാതിൽ തുറന്നത് ഭർത്താവായിരുന്നു. അദ്ദേഹം അവരുമായി നീണ്ട ചർച്ച നടത്തി. യുദ്ധസമയത്ത് ദർശിച്ച കാപട്യം മൂലം അദ്ദേഹത്തിന് എല്ലാ മതങ്ങളോടും വെറുപ്പായിരുന്നു. സാക്ഷികൾ നിഷ്പക്ഷമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്ന വസ്തുത അദ്ദേഹത്തിൽ മതിപ്പുളവാക്കി. അവരെ വീണ്ടുമൊരു ബൈബിൾ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എനിക്ക് ആകെ വേവലാതിയായി. എന്തു ചെയ്യണമെന്ന് ഞാൻ ഡാഡിയോടു ചോദിച്ചു. എന്നോട് അതിൽ ഉൾപ്പെടരുതെന്നും എന്റെ ഭർത്താവ് ഈ ഭ്രാന്തൻ മതവുമായി തുടർന്നും സഹവസിക്കുകയാണെങ്കിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുന്നതായിരിക്കും നല്ലത് എന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിലൊന്നിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു, അവിടെ എന്താണ് നടക്കുന്നതെന്ന് ഒന്നറിയണമല്ലോ. ഞങ്ങളെല്ലാവരും മേശയ്ക്കു ചുറ്റുമിരുന്നു. സാക്ഷി പറഞ്ഞു: “ഒരിക്കൽ നിങ്ങൾക്ക് ഒരു പട്ടിയെ എന്നപോലെ സിംഹത്തെയും കെട്ടിപ്പിടിക്കാൻ സാധിക്കും.” ‘ഹോ, ഇവർക്കു ഭ്രാന്താണ്,’ ഞാൻ വിചാരിച്ചു. ആ സായാഹ്നത്തിൽ പിന്നെ പറഞ്ഞ യാതൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കു സാധിച്ചില്ല. അവർ വീണ്ടും വരുന്നത് എനിക്ക് ഇഷ്ടമില്ലെന്നു ഞാൻ പിന്നീട് ഭർത്താവിനോടു പറഞ്ഞു. ഞങ്ങൾ കുറേ കരഞ്ഞു, വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു.
കുറച്ചു ദിവസത്തിനുശേഷം മറ്റൊരു സാക്ഷി സന്ദർശിച്ചു. അദ്ദേഹം സ്ഥലത്തെ സഭ സന്ദർശിക്കുന്ന സർക്കിട്ട് മേൽവിചാരകനാണെന്നും ഞങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും പിന്നീടു ഞങ്ങൾ മനസ്സിലാക്കി. ഞാൻ അദ്ദേഹത്തെ വളരെ വ്യക്തമായി ഓർക്കുന്നു. നീലക്കണ്ണുകൾ. വളരെ ദയാവായ്പും ക്ഷമയും ഉള്ള സ്വഭാവം. അദ്ദേഹത്തെ കണ്ടപ്പോൾ അപ്പൂപ്പനെയാണ് എനിക്ക് ഓർമ വന്നത്. എഴുതി വെച്ച 32 ചോദ്യങ്ങളുടെ ഒരു പട്ടിക ഞാൻ പുറത്തെടുത്തു. “നമുക്ക് എല്ലാം ഒന്നൊന്നായി ചർച്ച ചെയ്യാം,” അദ്ദേഹം പറഞ്ഞു. ഞങ്ങൾ ചർച്ച ആരംഭിച്ചു. ബൈബിൾ പറയുന്നതു പൂർണമായി മനസ്സിലാകണമെങ്കിൽ ഞാൻ അതു വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങളോടൊത്ത് ക്രമമായി ബൈബിൾ പഠിക്കാൻ ആരെങ്കിലും ഞങ്ങളെ സന്ദർശിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദേശിച്ചു. ഞാൻ സമ്മതിച്ചു.
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെക്കുറിച്ചു ക്രമേണ മനസ്സിലാക്കാൻ തുടങ്ങവേ ഞാൻ കരഞ്ഞുപോയി. കിടപ്പുമുറിയിൽ പോയി യഹോവയോട്, ദയാപൂർവം എന്റെ തെറ്റുകൾ ക്ഷമിക്കണമെന്നും ബൈബിളും അവന്റെ ഉദ്ദേശ്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിക്കണമെന്നും പ്രാർഥിച്ചതായി ഞാൻ ഓർക്കുന്നു. 1951-ൽ ഞാനും ഭർത്താവും മകനും സ്നാപനമേറ്റു. ഇതേക്കുറിച്ചു കേട്ടപ്പോൾ ഡാഡിക്ക് ആകെ ദേഷ്യമായി. യഹോവയുടെ സാക്ഷികളിലൊരാളായി എന്നെ കാണുന്നതിനെക്കാൾ ഞാൻ മരിച്ചു കാണുന്നതാണു നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യം അധികമുള്ളിടത്തു സേവിക്കൽ
കാനഡയിലേക്കു മടങ്ങാൻ എന്റെ ഭർത്താവു നിശ്ചയിച്ചു. 1952-ൽ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാൻകൂവറിലേക്കു ഞങ്ങൾ താമസം മാറി. യാത്രാമംഗളം ആശംസിക്കാൻ ഡാഡി കൂട്ടാക്കിയില്ല. പിന്നീടൊരിക്കലും ഞാൻ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തെക്കുറിച്ചു കേൾക്കുകയോ ചെയ്തിട്ടില്ല. വാൻകൂവറിൽ താമസിച്ച് നിരവധി വർഷങ്ങൾ പിന്നിട്ടപ്പോൾ ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ പോയി പ്രവർത്തിക്കാനുള്ള ആഹ്വാനമുണ്ടായി. പ്രത്യേകിച്ച്, ക്വിബെക്ക് പോലുള്ള സ്ഥലങ്ങളിൽ. അവിടെ പ്രീമിയർ ഡ്വിപ്ലേയ്സിക്ക് യഹോവയുടെ സാക്ഷികളോട് ഹിറ്റ്ലറുടേതുപോലുള്ള ഒരു മനോഭാവമാണുണ്ടായിരുന്നത്.
1958-ൽ ഞങ്ങൾക്ക് ഉണ്ടായിരുന്നതെല്ലാം വാരിക്കെട്ടി കാറിലിട്ട് ന്യൂയോർക്കിലെ സാർവദേശീയ കൺവെൻഷനു പോയി. അവിടെനിന്ന് ഞങ്ങൾ കാറിൽ ക്വിബെക്കിലെ മോൺട്രിയലിലേക്കു പോയി. അവിടെ വീൽ ദെ ഷാകർട്ട്യായിലെ ഒരു ഫ്രഞ്ച് സഭയിൽ ഞങ്ങൾ നിയമിക്കപ്പെട്ടു. ക്വിബെക്കിൽ യഹോവയെ സേവിക്കുന്നതിനിടയിൽ ശ്രദ്ധേയമായ ഒട്ടേറെ അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ഒരിക്കൽ ഞങ്ങളുടെ കാർ മറിച്ചിട്ടു. ഞങ്ങളുടെനേരെ പാറക്കല്ലുകൾ വലിച്ചെറിഞ്ഞു. ഒരു സ്ത്രീ ഹോസിലൂടെ ഞങ്ങളുടെ ശരീരത്തിലേക്ക് ശക്തിയായി വെള്ളം ചീറ്റിച്ചു. ഇത് മാഗോഗ് എന്ന സ്ഥലത്തു വെച്ചാണു നടന്നത്.
മറ്റൊരിക്കൽ ഞാനും എന്റെ സഹപ്രവർത്തകയും ഒരു പള്ളിയുടെ മുമ്പിലൂടെ പോകുകയായിരുന്നു. ആളുകൾ പള്ളിയിൽനിന്ന് ഇറങ്ങിവരുന്ന സമയം. ആരോ ഞങ്ങളെ തിരിച്ചറിഞ്ഞ് ഉച്ചത്തിൽ വിളിച്ചുകൂവി: “റ്റേമ്വെൻ ദെ ഷേവോവ!” (“യഹോവയുടെ സാക്ഷികൾ!”) തുടർന്ന് ആളുകൾ ഞങ്ങളുടെ പുറകേ ഓടി വന്നു. ഏറ്റവും മുന്നിൽ പുരോഹിതൻ. എന്നാൽ ഞങ്ങൾ ആൾക്കൂട്ടത്തെ വെട്ടിച്ച് ഓടിക്കളഞ്ഞു. പല പ്രാവശ്യം ഞങ്ങൾ അറസ്റ്റിലായി. എങ്കിലും ഒട്ടേറെ ആളുകളെ യഹോവയെക്കുറിച്ച് പഠിക്കാൻ സഹായിച്ചതിലെ ആനന്ദം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇവരിൽ പലരും ഇപ്പോഴും സജീവമായി അവനെ സേവിക്കുന്നു.
1960-കളുടെ ആരംഭത്തിൽ എന്റെ ഭർത്താവിന്റെ തൊഴിലുടമ അദ്ദേഹത്തിന് ലോസാഞ്ചലസിലേക്കു സ്ഥലംമാറ്റം നൽകി. അവിടുത്തെ ഒരു സഭയിൽ ഞങ്ങൾ 30-ലേറെ വർഷം സേവിച്ചു. ലോകമെമ്പാടുനിന്നും ലോസാഞ്ചലസിലേക്കു വന്നിട്ടുള്ള ആളുകളോടു സത്യത്തെക്കുറിച്ചു സംസാരിക്കുന്നത് എത്ര ആനന്ദദായകമായിരുന്നു! ലബനോൻ, ഈജിപ്ത്, ചൈന, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങി അനേകം സ്ഥലങ്ങളിൽനിന്നുള്ള ആളുകളുമായി അധ്യയനം നടത്താനുള്ള പദവി എനിക്കു ലഭിച്ചു. ഇംഗ്ലീഷ് ഒട്ടും സംസാരിക്കാനറിയാത്ത ഒരു യുവതിയെ കണ്ടുമുട്ടിയതു ഞാൻ ഓർക്കുന്നു. ഭാഗ്യവശാൽ അവളുടെ ഭർത്താവ് ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. അതുകൊണ്ട് ഞാനും ഭർത്താവും അവർ ഇരുവരോടുമൊപ്പം അധ്യയനം ആരംഭിച്ചു. ക്രമേണ ഞാൻ തനിച്ച് ആ യുവതിയുമായി അധ്യയനം നടത്തിത്തുടങ്ങി. ദൈവം സത്യവാൻ എന്ന ഇംഗ്ലീഷ് പുസ്തകമാണ് ഞാൻ ഉപയോഗിച്ചത്. അവൾ തിരുവെഴുത്തുകളെല്ലാം തന്റെ ചൈനീസ് ബൈബിളിൽ നോക്കും, ഉത്തരങ്ങൾ ചൈനീസ് ഭാഷയിൽ പറയും. പിന്നെ ഞാൻ ഉത്തരം ഇംഗ്ലീഷ് ഭാഷയിൽ പറയും, അവൾ അത് ഇംഗ്ലീഷിൽ ആവർത്തിക്കും. ഒടുവിൽ അവൾക്ക് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാമെന്നായി, ബ്രിട്ടീഷ് ശൈലിയിലായിരുന്നെന്നു മാത്രം. അവളും ഭർത്താവും ഇപ്പോൾ യഹോവയുടെ സമർപ്പിത ദാസരാണെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്.
അടുത്ത കാലത്ത് ഞങ്ങൾ അരിസോണയിലെ ടക്സണിലേക്കു താമസം മാറി. ഞങ്ങളുടെ പേരക്കിടാങ്ങളുടെ മക്കൾ ഇപ്പോൾ നമ്മുടെ മഹാസ്രഷ്ടാവായ യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്നു. അവരുൾപ്പെടെ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെല്ലാവരുംതന്നെ യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതായി കാണാനുള്ള കൂടുതലായ പദവി ഞങ്ങൾക്കു ലഭിച്ചിരിക്കുന്നു.
ഒരു കാര്യംകൂടെ. തിളങ്ങുന്ന നീലക്കണ്ണുകളുള്ള എന്റെ അപ്പൂപ്പൻ യഹോവയുടെ സാക്ഷികളിലൊരാളായിരുന്നുവെന്ന് ക്രൊയ്ഡനിലെ സഹോദരന്മാരിൽനിന്ന് അറിയാൻ കഴിഞ്ഞത് എന്നെ പുളകംകൊള്ളിച്ചു.—കാസി ബ്രൈറ്റ് പറഞ്ഞപ്രകാരം.