ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ യുദ്ധവിരോധികൾ ആയിരിക്കണമോ?
“ക്രിസ്ത്യാനിത്വത്തിന്റെ ആദിമ നൂറ്റാണ്ടുകളിലേതുപോലെതന്നെ സഭകൾ വീണ്ടും യുദ്ധവിരോധികളായിത്തീരണം.”—ഹ്യൂബെർട്ട് ബട്ട്ലർ, ഐറിഷ് എഴുത്തുകാരൻ.
രണ്ടാം ലോകമഹായുദ്ധാനന്തരം യൂഗോസ്ലാവിയയിൽ നടത്തിയ ഒരു സന്ദർശനത്തിനു ശേഷം ഹ്യൂബെർട്ട് ബട്ട്ലർ സധൈര്യം എഴുതിയ ഉപന്യാസത്തിലെ വാക്കുകളാണ് മേലുദ്ധരിച്ചിരിക്കുന്നത്! 1947-ൽ എഴുതിയെങ്കിലും കഴിഞ്ഞ വർഷമേ അതു പ്രസിദ്ധീകരിച്ചുള്ളൂ. “പറയാനാവാത്തത്ര ദുഷിച്ച കുറ്റകൃത്യങ്ങൾക്ക് യുദ്ധകാലത്ത് ക്രിസ്തീയ സഭ പരോക്ഷാനുമതി നൽകിയതും ക്രിസ്തുവിന്റെ പഠിപ്പിക്കലിൽനിന്നു വളരെയേറെ വ്യതിചലിച്ചതും” അദ്ദേഹത്തെ ഞെട്ടിച്ചു.
ജനരഞ്ജകമല്ലാത്ത പ്രസ്ഥാനങ്ങൾക്ക് അല്ലെങ്കിൽ സംഘങ്ങൾക്ക് വേണ്ടി തുറന്നു സംസാരിക്കാൻ ബട്ട്ലറിനു ഭയമുണ്ടായിരുന്നില്ല. അദ്ദേഹം അങ്ങനെ ചെയ്തപ്പോൾ, മറ്റാരും പിന്താങ്ങാനുണ്ടായിരുന്നില്ല. “എല്ലാ മതവിഭാഗങ്ങളിലുംവെച്ച് ഏറ്റവും നിർദോഷവും കുറ്റരഹിതവുമായ രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന വിഭാഗം” എന്ന് ദി ഐറിഷ് ടൈംസ് വർണിച്ച യഹോവയുടെ സാക്ഷികളുടെ ധീരമായ നിലപാടുകളെ സഭകളുടെ പെരുമാറ്റവുമായി വിപരീത താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിച്ചു. “യുദ്ധത്തെ നീതീകരിക്കുന്നതിനു രാഷ്ട്രീയ-മത രംഗത്തെ നേതാക്കന്മാർ ഉപയോഗിച്ച സമസ്ത കുതന്ത്ര ന്യായവാദങ്ങളെയും നിരസിച്ച” സാക്ഷികളെ യുദ്ധനടപടികളിൽ പങ്കുചേരാൻ വിസമ്മതിച്ചതിന് യൂഗോസ്ലാവിയൻ അധികാരികൾ വിചാരണചെയ്തുവെന്ന് “യൂഗോസ്ലാവിയയെക്കുറിച്ചുള്ള റിപ്പോർട്ട്” (ഇംഗ്ലീഷ്) എന്ന തന്റെ ഉപന്യാസത്തിൽ ബട്ട്ലർ എഴുതി.
എന്നാൽ, യഹോവയുടെ സാക്ഷികളെ യുദ്ധവിരോധികളായി വർണിക്കുന്നതു തിരുവെഴുത്തുപരമായി ശരിയാണോ? “യുദ്ധവിരോധികൾ” എന്ന പദത്താൽ എന്താണ് അർഥമാക്കുന്നതെന്നതിനെ ആശ്രയിച്ചിരുന്നേക്കാം അത്. വ്യക്തിപരമായി വലിയ ദുരിതങ്ങൾ സഹിച്ചുകൊണ്ട്, യുദ്ധത്തിൽ ആയുധങ്ങളെടുക്കാൻ വിസമ്മതിച്ചതിലെ ധീരതയ്ക്ക് സാക്ഷികളെ അഭിനന്ദിക്കാനാണ് ബട്ട്ലർ ആ പദപ്രയോഗം ഉപയോഗിച്ചത്. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, യുദ്ധജ്വരം ബാധിച്ച ഒട്ടനവധിയാളുകൾ ഒരു യുദ്ധവിരോധിയെ “രാഷ്ട്രത്തോടുള്ള തന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ഉത്സാഹിക്കുന്ന ഒരു നിർലജ്ജ ഭീരുവോ രാജ്യദ്രോഹിയോ ആയിട്ടാണ്” വീക്ഷിക്കുന്നത്. ആ വീക്ഷണഗതി ശരിയാണോ?
യുദ്ധത്തോടോ അക്രമത്തോടോ ഉള്ള എതിർപ്പ്
“സംഘട്ടനത്തെ, പ്രത്യേകിച്ചും യുദ്ധത്തെ ശക്തമായും സജീവമായും എതിർക്കുന്ന” ഒരുവനാണ് യുദ്ധവിരോധി എന്ന് വെബ്സ്റ്റേഴ്സ് നയന്ത് ന്യൂ കൊളീജിയറ്റ് ഡിക്ഷ്നറി പറയുന്നു. “യുദ്ധമോ അക്രമമോ തർക്കങ്ങൾ തീർക്കാനുള്ള ഒരു മാർഗമായി അംഗീകരിക്കുന്നതിനോടുള്ള എതിർപ്പ്; പ്രത്യേ[കിച്ചും]: ധാർമികമോ മതപരമോ ആയ കാരണങ്ങളാൽ ആയുധമേന്താൻ വിസമ്മതിക്കൽ” എന്ന് അത് “യുദ്ധവിരോധ”ത്തെ നിർവചിക്കുന്നു. ആദിമ ക്രിസ്തീയ സഭയിലെ വിശ്വാസികൾക്ക് ഈ നിർവചനങ്ങൾ എങ്ങനെ ബാധകമാകുമായിരുന്നു?
അവർ, ‘ധാർമികവും മതപരവുമായ കാരണങ്ങളാൽ ആയുധമേന്താൻ വിസമ്മതിക്കു’കയും സകലവിധ ‘സംഘട്ടനങ്ങളും യുദ്ധങ്ങളും’ ഒഴിവാക്കുകയും ചെയ്തു. എന്തുകൊണ്ട്? കാരണം, തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്നും “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്നും യേശു പറഞ്ഞിട്ടുണ്ടെന്ന് അവർക്കറിയാമായിരുന്നു. (യോഹന്നാൻ 15:19, NW; മത്തായി 26:52) “ചുരുങ്ങിയപക്ഷം, മാർക്കസ് ഔറേലിയസിന്റെ [പൊ.യു. 161-180] ഭരണംവരെ ഒരു ക്രിസ്ത്യാനിയും തന്റെ സ്നാപനശേഷം പട്ടാളക്കാരനാകുമായിരുന്നില്ല” എന്ന് ആദിമ സഭയും ലോകവും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഒരു ചരിത്രകാരൻ നമ്മോടു പറയുന്നു. പുരാതന ലോകത്തിലെ നവലോക അടിസ്ഥാനങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഒരു ചരിത്രകാരി പറയുന്നു: “പോരാട്ടം നടത്തുന്നതു തെറ്റാണെന്നും രാഷ്ട്രത്തിനു യോദ്ധാക്കളെ ആവശ്യമുള്ളപ്പോൾ പോലും സൈന്യത്തിൽ സേവിക്കാൻ പാടില്ലെന്നും ആദിമ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു.”
സുവാർത്ത പ്രസംഗിക്കുക എന്നതായിരുന്നു ക്രിസ്ത്യാനികളുടെ നിയോഗം. (മത്തായി 24:14; 28:19, 20) ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യാൻ, അവന്റെ വധനിർവാഹകരായി പ്രവർത്തിക്കാൻ തങ്ങൾക്ക് അവനിൽനിന്നു യാതൊരു നിയോഗവും ലഭിച്ചിട്ടില്ലെന്ന് അവർ മനസ്സിലാക്കി. (മത്തായി 5:9; റോമർ 12:17-21) ബട്ട്ലർ പ്രസ്താവിച്ചപ്രകാരം, ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നവർ ‘ക്രിസ്തുവിന്റെ പഠിപ്പിക്കലിൽനിന്നു വളരെയേറെ വ്യതിചലിക്കുമ്പോൾ’ മാത്രമാണ് അവർ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ അകപ്പെടുന്നത്. അപ്പോൾ, മിക്കപ്പോഴും ഒരു സംഘട്ടനത്തിന്റെ ഇരുപക്ഷത്തും, വൈദികർ സൈന്യങ്ങളെ അനുഗ്രഹിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 17:16-ഉം 18:36-ഉം താരതമ്യം ചെയ്യുക.) ദൃഷ്ടാന്തത്തിന്, കഴിഞ്ഞ നൂറ്റാണ്ടുകളിൽ പ്രൊട്ടസ്റ്റൻറുകാരും കത്തോലിക്കരും, “തങ്ങൾ ദൈവക്രോധത്തിന്റെ ഉപകരണങ്ങളാണെന്നു സ്വയം ഉദ്ഘോഷിച്ചുകൊണ്ട് പശ്ചിമയൂറോപ്പിനെ ഭീതിയിൽ [ആഴ്ത്തിയ]” ഒട്ടനവധി രക്തപങ്കില യുദ്ധങ്ങൾ നടത്തിയെന്നു കെന്നത്ത് ക്ലാർക്ക് സംസ്കാരം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. ഇത്തരം യുദ്ധത്തെ നീതീകരിക്കാനായി രൂപംകൊടുത്ത വാദമുഖങ്ങൾ “സ്പഷ്ടമായും ലൗകിക അധികാരികളെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹത്തിൽനിന്നു വളർന്നു വന്നിട്ടുള്ളതാണെന്നും അവ പുരാതന ക്രിസ്തീയ ഉപദേശത്തിനും സുവിശേഷത്തിന്റെ മുഴു അന്തഃസത്തയ്ക്കും തികച്ചും എതിരാ”ണെന്നും മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ ഓഫ് ബിബ്ലിക്കൽ, തിയളോജിക്കൽ, ആൻഡ് എക്ലിസിയാസ്റ്റിക്കൽ ലിറ്ററേച്ചർ പറയുന്നു.—യാക്കോബ് 4:4.
യുദ്ധത്തോടു പൂർണമായും എതിരാണോ?
എന്നാൽ, ‘പുരാതന ക്രിസ്തീയ ഉപദേശവും സുവിശേഷത്തിന്റെ മുഴു അന്തഃസത്തയും’ വാസ്തവത്തിൽ യുദ്ധവിരുദ്ധമാണോ? നേരത്തേ നിർവചിച്ചിരിക്കുന്നതനുസരിച്ച്, ആദിമ ക്രിസ്ത്യാനികളെ സത്യമായും യുദ്ധവിരോധികളായി വർണിക്കാനാകുമോ? ഇല്ല! എന്തുകൊണ്ട്? അവർ, യുദ്ധം ചെയ്യാനുള്ള ദൈവത്തിന്റെ അവകാശത്തെ അംഗീകരിച്ചു എന്നതാണ് ഒരു കാരണം. (പുറപ്പാടു 14:13, 14; 15:1-4; യോശുവ 10:14; യെശയ്യാവു 30:30-32) അതിനുപുറമേ, പുരാതന ഇസ്രായേൽ ദൈവത്തിന്റെ ഭൂമിയിലെ ഏക ഉപകരണമായിരുന്ന സമയത്ത് തനിക്കുവേണ്ടി പോരാടാൻ ആ ജനതയെ അധികാരപ്പെടുത്തിയതിലുള്ള ദൈവത്തിന്റെ അവകാശത്തെ അവർ ഒരിക്കലും ചോദ്യംചെയ്തില്ല.—സങ്കീർത്തനം 144:1; പ്രവൃത്തികൾ 7:45; എബ്രായർ 11:32-34.
ഭൂമിയിൽനിന്നു ദുഷ്ടൻമാരെ നീക്കംചെയ്യാൻ ദൈവത്തിന് അവകാശം മാത്രമല്ല നീതിയുടെ അടിസ്ഥാനത്തിൽ ഒരു കടപ്പാടുമുണ്ട്. തങ്ങളുടെ വഴികൾ നേരേയാക്കാനുള്ള ദൈവത്തിന്റെ ക്ഷമാപൂർവകമായ അഭ്യർഥനകളോട് ഒട്ടുമിക്ക ദുഷ്പ്രവൃത്തിക്കാരും ഒരിക്കലും അനുകൂലമായി പ്രതികരിക്കുകയില്ല. (യെശയ്യാവു 45:22; മത്തായി 7:13, 14) ദൈവം ദുഷ്ടത സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. (യെശയ്യാവു 61:2; പ്രവൃത്തികൾ 17:30) അതുകൊണ്ട്, ഒടുവിൽ ദൈവം ദുഷ്ടന്മാരെ ഭൂമിയിൽനിന്നു ബലമായി നീക്കംചെയ്യുമെന്നു ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. (2 പത്രൊസ് 3:9, 10) ബൈബിൾ മുൻകൂട്ടിപ്പറയുന്നതുപോലെ, “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോ”ഴായിരിക്കും അത്.—2 തെസ്സലൊനീക്യർ 1:6-9.
ബൈബിളിലെ അവസാനത്തെ പുസ്തകം ഈ സംഘട്ടനത്തെ ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ അഥവാ അർമഗെദോൻ എന്നു വിവരിക്കുന്നു. (വെളിപ്പാടു 16:14, 16) “നീതിയോടെ വിധിക്കയും പോരാടുകയും” ചെയ്തുകൊണ്ട് യേശുക്രിസ്തു ഇതിൽ നേതൃത്വമെടുക്കുമെന്ന് അതു പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (വെളിപ്പാടു 19:11, 14, 15) യേശുക്രിസ്തു ഉചിതമായി “സമാധാന പ്രഭു” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (യെശയ്യാവു 9:6) എന്നാൽ അവൻ ഒരു യുദ്ധവിരോധിയല്ല. ദൈവത്തിന്റെ മത്സരികളായ സമസ്ത ശത്രുക്കളെയും നീക്കംചെയ്യുന്നതിന് അവൻ ഇതിനോടകം സ്വർഗത്തിൽ ഒരു യുദ്ധം നടത്തിക്കഴിഞ്ഞിരിക്കുന്നു. (വെളിപ്പാടു 12:7-9) “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുന്നതിന് അവൻ പെട്ടെന്നുതന്നെ മറ്റൊരു യുദ്ധം നടത്തും. എന്നിരുന്നാലും, ആ ദിവ്യ ന്യായവിധിയിൽ ഭൂമിയിലെ അവന്റെ അനുഗാമികൾ പങ്കെടുക്കുകയില്ല.—വെളിപ്പാടു 11:17, 18.
സത്യക്രിസ്ത്യാനികൾ സമാധാനത്തെ സ്നേഹിക്കുന്നു. ലോകത്തിലെ സൈനിക-രാഷ്ട്രീയ-വംശീയ സംഘട്ടനങ്ങളിൽ അവർ സമ്പൂർണ നിഷ്പക്ഷത പാലിക്കുന്നു. എങ്കിലും, കർശനമായി പറഞ്ഞാൽ, അവർ യുദ്ധവിരോധികളല്ല. എന്തുകൊണ്ട്? കാരണം, ഒടുവിൽ ഭൂമിയിൽ തന്റെ ഇഷ്ടം നടപ്പാക്കുന്ന ദൈവത്തിന്റെ യുദ്ധത്തെ അവർ സ്വാഗതം ചെയ്യുന്നു—എന്നെന്നേക്കുമായി, സാർവത്രിക പരമാധികാരത്തിന്റെ വിവാദവിഷയം പരിഹരിക്കുകയും സമാധാനത്തിന്റെ സകല ശത്രുക്കളിൽനിന്നും ഭൂമിയെ സ്വതന്ത്രമാക്കുകയും ചെയ്യുന്ന യുദ്ധമാണത്.—യിരെമ്യാവു 25:31-33; ദാനീയേൽ 2:44; മത്തായി 6:9, 10.
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Christ Mocked/The Doré Bible Illustrations/Dover Publications, Inc.