ഡിഡ്ജെറിഡൂവും അതിന്റെ മനോജ്ഞ താളലയങ്ങളും
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഓസ്ട്രേലിയയുടെ വടക്കൻ പ്രവിശ്യയിൽ അതിന്റെ തലസ്ഥാന നഗരിയായ ഡാർവിനിൽനിന്നും ഏതാനും മണിക്കൂർ യാത്ര ചെയ്ത് ഞങ്ങളോടൊപ്പം ഒരു ആദിവാസി നൃത്തം കാണാൻ വരൂ. ഒരു ഗോത്ര യുദ്ധത്തിന്റെ നാന്ദിയായി നടത്തുന്നതിനു പകരം, ആധുനികനാളിലെ മിക്ക ആദിവാസി നൃത്തങ്ങളും വിനോദസഞ്ചാരികൾക്കുവേണ്ടി പ്രത്യേകം നടത്തപ്പെടുന്നവയാണ്. അത്തരമൊന്നിൽ സംബന്ധിക്കാനാണു നാം പോകുന്നത്.
കടുത്ത ചായങ്ങളാൽ ശരീരം വർണോജ്വലമാക്കിയ അവതാരകർ, തങ്ങളുടെ നൃത്തം തുടങ്ങാനുള്ള സൂചനയ്ക്കായി സംഗീതം ആരംഭിക്കാൻ കാത്തുനിൽക്കുകയാണ്. പെട്ടെന്ന് സംഗീതം ആരംഭിക്കുന്നു. ഉച്ചത്തിലുള്ള, ഹൃദയമിടിപ്പു വർധിപ്പിക്കുന്ന താളലയം സായംസന്ധ്യയ്ക്ക് ആ ഒറ്റപ്പെട്ട ഗ്രാമപ്രദേശത്തു മുഴങ്ങിക്കേൾക്കാം. കൊട്ടുകോലുകൾ—ഡിഡ്ജെറിഡൂ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം ഒരേ താളത്തിൽ കൂട്ടിയടിക്കാനുപയോഗിക്കുന്ന രണ്ടു ചെറിയ കോലുകൾ—താളമേളങ്ങളുടെ കൊഴുപ്പു കൂട്ടുന്നു.
ഓസ്ട്രേലിയൻ ആദിവാസികളുടെ തനതായ ഡിഡ്ജെറിഡൂ എന്ന വാദ്യോപകരണം വായിക്കുന്നത് ഒരുപക്ഷേ ഓസ്ട്രേലിയയ്ക്കു പുറത്തുള്ള അപൂർവം ചിലരേ കേട്ടിട്ടുണ്ടാകൂ. സാധാരണഗതിയിൽ ഇത് യൂക്കാലിപ്റ്റസ് മരത്തിന്റെ ഉള്ളു തുരന്നുകളഞ്ഞ ശിഖരങ്ങളിൽ നിന്നാണ് നിർമിച്ചെടുക്കുന്നത്. 1 മുതൽ 1.5 വരെ മീറ്റർ നീളമുള്ളവയാണ് കൂടുതൽ അഭിലഷണീയം. നൃത്തം അവതരിപ്പിക്കുന്ന സ്ഥലത്തിന്റെ ഒരു വശത്തായി നിലത്തിരുന്നാണ് സംഗീതജ്ഞൻ ഡിഡ്ജെറിഡൂ ഊതുന്നത്—കാഴ്ചയ്ക്കു ലളിതവും എന്നാൽ കൗതുകമുണർത്തുന്നതുമായ ഒരു വാദ്യം.
അതുല്യമായ ശബ്ദം
ഡിഡ്ജെറിഡൂ മിക്കവാറും വ്യതിയാനമില്ലാതെ ഒരേ സ്ഥായിയിലുള്ള ശബ്ദമാണു പുറപ്പെടുവിക്കുന്നതെങ്കിൽക്കൂടി—അതിനു ചേർച്ചയിൽ “ഏകനാദ കാഹളം” എന്നു വിളിച്ചിരിക്കുന്നു—അതിനു സങ്കീർണമായ താളങ്ങളും സ്വരകമ്പനങ്ങളുമുണ്ടാക്കാൻ സാധിക്കും. ഒരു നിമിഷം അതൊരു ഏകവാദ്യത്തിന്റെ ശബ്ദവും അടുത്ത നിമിഷം ഒരു മുഴു വൃന്ദവാദ്യത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു.
ഏകദേശം 200 വർഷം മുമ്പ്—യൂറോപ്യന്മാർ ഓസ്ട്രേലിയയിലെത്തുന്നതിനു മുമ്പ്—ഈ ദ്വീപഭൂഖണ്ഡത്തിന്റെ വടക്കൻ പ്രദേശങ്ങളിലുള്ള ആദിവാസികൾക്കു മാത്രമേ ഡിഡ്ജെറിഡൂവിനെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. സൃഷ്ടിപ്പു സംബന്ധിച്ചുള്ള പുരാണകഥകളെ ഇതിവൃത്തമാക്കി അഭിനയിക്കുന്ന ആദിവാസി നൃത്തങ്ങളിൽ, അതൊരു സംഗീത പശ്ചാത്തലമൊരുക്കി. മുമ്പ്, ഡിഡ്ജെറിഡൂ നന്നായി വായിക്കാനറിയാവുന്നവരെ വളരെ ബഹുമാന്യരായി കണക്കാക്കിയിരുന്നു. ഇപ്പോഴും, വിദഗ്ധനായ ഒരു വാദ്യക്കാരനെ ഗോത്രത്തിലെ ആദരണീയനായ വ്യക്തിയായിട്ടാണു കണക്കാക്കുന്നത്.
വിദഗ്ധരായ വാദ്യക്കാർ മിക്കപ്പോഴും ഡിഡ്ജെറിഡൂവിന്റെ നാദങ്ങളോടൊപ്പം മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദാനുകരണങ്ങൾ കേൾപ്പിക്കുന്നു. ഓസ്ട്രേലിയൻ പൊന്മാന്റെ ചിലപ്പും കാട്ടു നായയുടെയോ ഡിങ്കോയുടെയോ ഓലിയും പ്രാവിന്റെ നനുത്ത കുറുകലും മറ്റനേകം ശബ്ദങ്ങളും അവരുടെ വിദഗ്ധമായ മിമിക്രിയിൽപ്പെടുന്നു.
ദ ന്യൂ ഗ്രോവ് ഡിക്ഷ്നറി ഓഫ് മ്യൂസിക്ക് ആൻഡ് മ്യുസിഷ്യൻസ് ഡിഡ്ജെറിഡൂ വാദ്യക്കാരനെപ്പറ്റി ഇങ്ങനെ പറയുന്നു: “അയാളുടെ സവിശേഷതകളിൽ, കൃത്യവും മികവാർന്നതുമായ ശബ്ദനിയന്ത്രണവും ശ്വാസനിയന്ത്രണവും കുഴലിന്റെ അറ്റത്തു ചുണ്ടു ചേർക്കുന്നതിന്റെ കൃത്യതയും സംഗീതം ഓർമിക്കാനുള്ള സാമർഥ്യവും പെടുന്നു. . . . അയാൾക്കു പരിമിതമായ സാങ്കേതികവിദ്യയും സാമഗ്രികളുമാണുള്ളത്. കുഴലിന്റെ ഊതുന്ന ഭാഗം, ഊത്തുകുഴൽ, ദ്വാരങ്ങൾ അല്ലെങ്കിൽ വിരലുകളാൽ ശബ്ദനിയന്ത്രണം നടത്തുന്ന സുഷിരങ്ങൾ എന്നിങ്ങനെയുള്ള ആശയങ്ങളുമായി യാതൊരു പരിചയവുമില്ലതാനും. എങ്കിൽപ്പോലും, ആദിവാസി ലളിതമായ ആ ഉപകരണത്തെ സംഗീത ഭാവനകളാലും സവിശേഷതയാർന്ന ശാരീരിക കഴിവുകൾകൊണ്ടും ഒരു വിശേഷപ്പെട്ട സംഗീതോപകരണമാക്കിത്തീർത്തിരിക്കുന്നു.”
സംശയലേശമെന്യേ, ഡിഡ്ജെറിഡൂ സംഗീതത്തിന്റെ ഏറ്റവും മികച്ച സവിശേഷത അതിന്റെ തുടർച്ചയായ സ്വരം അല്ലങ്കിൽ ഏകനാദമാണ്. ഒരു പ്രാവശ്യം പത്തു മിനിറ്റുവരെ ഇടമുറിയാത്ത നാദധാര പുറപ്പെടുവിച്ചേക്കാമെന്നതിനാൽ വായിക്കുന്നയാൾ തനിക്കു ശ്വാസം പിടിക്കാനുള്ള നിലയ്ക്കാത്ത കഴിവുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നു.
ഡിഡ്ജെറിഡൂ നിർമിക്കൽ
ഒരു സ്വദേശിയായ കരകൗശലവിദഗ്ധൻ തന്റെ തഴക്കം വന്ന കണ്ണുകളാൽ അനുയോജ്യമായ, കട്ടികൂടിയ തടിക്കു വേണ്ടി കുറ്റിക്കാടുകൾക്കിടയിൽ തിരയുന്നു. യൂക്കാലിപ്റ്റസിന്റേതാണു കൂടുതൽ നന്ന്. കട്ടി കുറഞ്ഞയിനം തടിയും ഉപയോഗിക്കാമെങ്കിലും, കട്ടിയുള്ളത് ഒരു അതുല്യ സ്വരം നൽകുന്നു. ചിതൽപ്പുറ്റുകളോടു കുറെയൊക്കെ അടുത്തുള്ള മരമായിരിക്കണം കണ്ടുപിടിക്കുന്നത്. കാരണം ചിതലുകൾ ഡിഡ്ജെറിഡൂവിന്റെ എൻജിനീയർമാരാണ്. അവ ഈ വാദ്യോപകരണമുണ്ടാക്കാനുപയോഗിക്കുന്ന ശിഖരങ്ങൾ പൊള്ളയാക്കിത്തീർക്കുന്നു.
ശിഖരം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അതു വേണ്ടത്ര നീളത്തിൽ മുറിച്ചെടുക്കുന്നു. മുറിച്ചെടുക്കുന്ന നീളമാണ് പണിതീർത്ത വാദ്യത്തിന്റെ സ്വരസ്ഥായി നിശ്ചയിക്കുന്നത്. അതിനുശേഷം തൊലിചെത്തി, പൊട്ടാതിരിക്കാൻ തടിവെള്ള ചീകിമിനുക്കി ഉൾവശം വൃത്തിയാക്കിയെടുക്കുന്നു. ചിതലുകൾ കാമ്പു വേണ്ടത്ര തിന്നുതീർത്തിട്ടുണ്ടെങ്കിൽ സാമാന്യം വലുപ്പമുള്ള ഒരു നാണയം മധ്യത്തിലൂടെ ഉരുട്ടിവിടാൻ സാധിക്കും. അടുത്ത പടി അലങ്കാരപ്പണിയാണ്. അതു തികച്ചും ആകർഷകമായിരുന്നേക്കാം. പക്ഷേ ഡിഡ്ജെറിഡൂ ഇതുവരെ വായിക്കാൻ പാകത്തിന് ആയിട്ടില്ല.
മരവുമായി തുടർച്ചയായി ഉരസുന്നതുമൂലം വായിക്കുന്ന ആളുടെ വായുടെ ചുറ്റുമുള്ള തൊലിക്കു കുറച്ചു സമയത്തിനകംതന്നെ ചൊറിച്ചിലുണ്ടായേക്കാം. അതുകൊണ്ട് ഡിഡ്ജെറിഡൂവിന്റെ ഊതുന്ന വശത്തിനു ചുറ്റുമായി തേനീച്ചയുടെ മെഴുകുകൊണ്ടുള്ള ഒരു വിളുമ്പുണ്ടാക്കുന്നു. ഇത് വാദ്യക്കാരന്റെ തൊലിക്ക് അലോസരമുണ്ടാക്കാത്തവിധം ഒരു മിനുസമേറിയ പ്രതലം കൈവരുത്തുന്നു. എന്നിരുന്നാലും, ഇന്നു മിക്കവാറുമെല്ലാ ഡിഡ്ജെറിഡൂകളും ഫാക്ടറി ഉത്പാദിതമാണ്. മിക്കവയും കട്ടികുറഞ്ഞ തടികൊണ്ടു നിർമിക്കപ്പെടുന്നവ. പക്ഷേ ഫാക്ടറിയിൽ നിർമിക്കപ്പെടുന്ന ഡിഡ്ജെറിഡൂകൾക്ക് പ്രകൃതിദത്തമായ കട്ടിയുള്ള തടികൊണ്ടു നിർമിക്കുന്നവയ്ക്കുള്ള അതുല്യമായ ഗുണവും ഇമ്പവും കുറവായിരിക്കും.
അങ്ങനെ, ഉഷ്ണമേഖലാ പ്രദേശത്തെ നക്ഷത്രങ്ങൾക്കു കീഴിലെ ആ മനോഹര സായാഹ്നത്തിന്റെ അവസാനത്തിൽ ആദിവാസി നൃത്തം തീരുമ്പോഴേക്കും നാം മേലാൽ ഡിഡ്ജെറിഡൂവിനെ വെറും ഒരു കൗതുകവസ്തുവായി കണക്കാക്കുകയില്ല. തീർച്ചയായും, ഡിഡ്ജെറിഡൂവിന്റെ സുദീർഘമായ താളലയങ്ങൾ ഓസ്ട്രേലിയയിലെ സംഗീതസ്നേഹികളായ സ്വദേശീയർക്ക് അഭിമാനഭാജനമാണ്.
[24-ാം പേജിലെ ചിത്രം]
ഡിഡ്ജെറിഡൂ നിറപ്പകിട്ടാർന്ന ചായങ്ങൾ തേച്ചു മോടിപിടിപ്പിച്ചതാകാം
[25-ാം പേജിലെ ചിത്രം]
ഒരു ആദിവാസി നൃത്തം
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pages 24-5 Aborigines: By Courtesy of Australian Northern Territory Tourist Commission