അനുകരിക്കാനൊരു മാതൃക
ചിലിയിലെ ഉണരുക! ലേഖകൻ
വടക്കൻ ചിലിയിലെ ഏകദേശം 1,70,000 നിവാസികളുള്ള ഒരു പട്ടണമായ ആന്റഫഗാസ്റ്റായിൽ ജാക്കോമോ കാസ്റ്റെല്ലിക്ക് ഒരു അപ്പാർട്ടുമെൻറ് ഉണ്ട്. കഴിഞ്ഞ ജൂണിൽ അദ്ദേഹം ബാൽക്കണിയിൽ നിന്നുകൊണ്ട് പ്രാദേശിക പാർക്കിൽ വന്ന ഒരു കൂട്ടം ആളുകളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. “അവിശ്വസനീയമായിരുന്നത്, കൗമാരപ്രായക്കാർ തങ്ങളുടെ മാതാപിതാക്കളോടൊത്ത് ചിരിച്ചുല്ലസിക്കുന്ന കാഴ്ചയായിരുന്നു,” അദ്ദേഹം വർത്തമാനപ്പത്രമായ എൽ മെർകൂറിയോയ്ക്ക് അയച്ച ഒരു കത്തിൽ എഴുതി. ഈ അസാധാരണ കാഴ്ച വാസ്തവം തന്നെയോ എന്നുറപ്പിക്കുന്നതിന് അദ്ദേഹം താഴെ പാർക്കിലേക്കു ചെന്നു.
“അവിടെ എന്നെ കാത്ത് മറ്റൊരത്ഭുതമാണ് ഉണ്ടായിരുന്നത്,” അന്വേഷണ കുതുകിയായ ലേഖകൻ നിരീക്ഷിച്ചു. “ചില കുടുംബങ്ങളുടെ ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ ഓരോ അംഗവും പുൽത്തകിടിയിൽ അറിയാതെ വീണതൊക്കെ പെറുക്കി തങ്ങളുടെ കയ്യിലുണ്ടായിരുന്ന ചപ്പുചവറുകളിടാനുള്ള ബാഗിലിട്ടു. . . .
“ഈ അസാധാരണ മനുഷ്യർ ആരാണെന്നറിയണം എന്നെനിക്കു തോന്നി” ലേഖകൻ തുടരുന്നു. “ഏതു സൗന്ദര്യമത്സരത്തിലും നിഷ്പ്രയാസം റാണിപ്പട്ടം കൈവശമാക്കാൻ കഴിയുന്ന സുന്ദരിയായ ഒരു പെൺകുട്ടിയോട് ഞാൻ സംശയനിവൃത്തി വരുത്തി. അവൾ വളരെ മധുരമായി എന്നോടു പറഞ്ഞു: ‘ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്. റെക്യോനാൽ സ്റ്റേഡിയത്തിൽ ഒരു സമ്മേളനത്തിനു വേണ്ടി ഒരുമിച്ചുകൂടിയതാണ്.’” സർക്കിട്ട് സമ്മേളനത്തിനെത്തിയ 3,000-ത്തിലേറെ ആളുകളിൽ കുറെപ്പേർ ഉച്ചയ്ക്കത്തെ ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി പാർക്കിലേക്കു പോയതായിരുന്നു.
“ഞാൻ ഒരു അപ്പോസ്തലിക റോമൻ കത്തോലിക്കനാണ്,” ലേഖകൻ പറഞ്ഞു. “ഞാൻ മുടങ്ങാതെ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാറുണ്ട്, വർഷങ്ങൾക്കുമുമ്പ് ഫ്രാൻസിലെ ലൂർദിലേക്ക് ഒരു തീർഥയാത്രയും നടത്തിയിട്ടുണ്ട്.
“എന്നിരുന്നാലും, എന്നെ വളർത്തിക്കൊണ്ടുവന്ന ആഴത്തിൽ വേരൂന്നിയ ക്രിസ്തീയ പശ്ചാത്തലത്തെ ആദരിച്ചുകൊണ്ടുതന്നെ സത്യസന്ധമായി ഞാൻ സ്വയം ഇങ്ങനെ ചോദിക്കേണ്ടിയിരിക്കുന്നു: ചിലിയിലെ ഭൂരിപക്ഷത്തിന്റെ മതമായ കത്തോലിക്കാ സഭയിലെ അംഗങ്ങളായ ഞങ്ങൾക്കില്ലാത്ത എന്താണ് ഇവർക്കുള്ളത്? ഒരുമിച്ചു പുറത്തുപോകാമെന്ന ആശയം മുന്നോട്ടു വെക്കുമ്പോഴേ എന്റെ മൂന്നു പെൺമക്കളും എന്റെയടുത്തുനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുമ്പോൾ, ഈ കൗമാരപ്രായക്കാർ അവരുടെ മാതാപിതാക്കളോടൊത്ത് ആയിരിക്കവെ ഇത്ര സന്തുഷ്ടരായി കാണപ്പെടുന്നതെന്തുകൊണ്ടാണ്?
“ഈ കുട്ടികൾ ശാന്തപ്രകൃതരും ആരോഗ്യാവഹമായ രീതിയിൽ ആഹ്ലാദചിത്തരും പരിസ്ഥിതിയെക്കുറിച്ചു ബോധമുള്ളവരുമായിരിക്കുമ്പോൾ . . . എന്തുകൊണ്ടാണ് കത്തോലിക്കരായ നമ്മുടെ കുട്ടികൾ അക്രമോത്സുകരാകുന്നത്; മറ്റുകുട്ടികളെ അടിക്കുകയും ഇടിക്കുകയും ചെയ്തുകൊണ്ട്, അവർ അലറുകയും ‘പവർ റെയ്ഞ്ചർമാർ’ ആയി അഭിനയിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? വിശുദ്ധന്മാരുടെ പള്ളിയായ ലാ റ്റീറാനാ, ആബ്ദാകോയ്യോ തുടങ്ങി മതപരമായി പ്രാധാന്യമുള്ള നമ്മുടെ മിക്ക വിശുദ്ധ സ്ഥലങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന കുത്സിത കച്ചവട മനസ്ഥിതിയിൽ കുടുങ്ങാതെ, സമ്മേളനങ്ങൾക്കായി ഒത്തുചേരാൻ നമ്മൾ കത്തോലിക്കർക്ക് എന്തുകൊണ്ടാണു സാധിക്കാത്തത്?”
ലേഖകനായ ശ്രീ. കാസ്റ്റെല്ലി പത്രത്തിനുള്ള തന്റെ കത്ത് അവസാനിപ്പിച്ചത് ഈ ചോദ്യത്തോടെയാണ്: “തങ്ങളെത്തന്നെ കത്തോലിക്കരെന്നും ക്രിസ്ത്യാനികളെന്നും കണക്കാക്കുന്ന നമ്മുടെയിടയിലുള്ളവർ എന്നെങ്കിലും അവരെപ്പോലെയായിത്തീരുമോ? ദൈവവും കന്യാമാതാവും അങ്ങനെയാകാൻ നമ്മെ സഹായിക്കട്ടെ.”