യുവജനങ്ങൾ ചോദിക്കുന്നു . . .
മുട്ടാളത്തം—എന്താണ് അതിന്റെ ദോഷം?
‘ഹേ! ഞാൻ വെറുതെയൊരു തമാശ കാണിക്കുകയായിരുന്നു. അതാണോ ഇത്ര വലിയ കാര്യം? കൂടാതെ, റോണിന് അതുതന്നെ വേണമായിരുന്നു.’
നിങ്ങൾ മിക്ക സമപ്രായക്കാരെക്കാളും വലുപ്പവും ശക്തിയും ഉള്ളവനായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ കുശാഗ്രബുദ്ധിയും കുത്തുവാക്കുകൾ പറയുന്നവനും ആക്രമണോത്സുകനും ആയിരിക്കാം. എന്തുതന്നെ സംഭവിച്ചാലും, ഭയപ്പെടുത്തുന്നതോ പരിഹസിക്കുന്നതോ ആർക്കെങ്കിലും ബുദ്ധിമുട്ടു വരുത്തിക്കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുന്നതോ നിങ്ങൾക്ക് അനായാസമായി തോന്നിയേക്കാം.
മറ്റുള്ളവരെ ദ്രോഹിക്കുന്നതു നിങ്ങളുടെ സുഹൃത്തുക്കളെ ചിരിപ്പിച്ചേക്കാമെങ്കിലും അതു നിസ്സാര കാര്യമല്ല. മുട്ടാളത്തത്തിന് ഇരയാകുന്നവർക്ക് അത്, തങ്ങൾ വിചാരിച്ചിരുന്നതിനെക്കാൾ കൂടുതൽ ദോഷം ചെയ്യുന്നുവെന്നു ചില ഗവേഷകർ മനസ്സിലാക്കുന്നു. “മാർക്കു കുറയൽ, ഉത്കണ്ഠ വർധിക്കൽ, സുഹൃത്തുക്കളുടെ കാര്യത്തിലോ സാമൂഹിക ജീവിതത്തിലോ നഷ്ടം ഭവിക്കൽ തുടങ്ങിയ പാർശ്വഫലങ്ങൾ തങ്ങൾക്കനുഭവപ്പെട്ടെന്നു മുട്ടാളത്തത്തിനു വിധേയരായ 90 ശതമാനം പേർ പറഞ്ഞതായി” യു.എസ്.-ലെ സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ ഇടയിൽ നടത്തിയ ഒരു സർവേ കണ്ടെത്തി. “മൂന്നുവർഷക്കാലം താൻ മുട്ടാളത്തത്തിന് ഇരയായതിനെപ്പറ്റി വിവരിച്ചുകൊണ്ടു ദീർഘമായൊരു കുറിപ്പ് എഴുതിവെച്ചിട്ട്” ജപ്പാനിൽ ഒരു 13 വയസ്സുകാരൻ “തൂങ്ങിമരിച്ചു.”a
ഒരുവനെ മുട്ടാളനാക്കുന്നത് എന്താണ്? നിങ്ങൾതന്നെ അങ്ങനെ പെരുമാറുന്നെങ്കിൽ നിങ്ങൾക്ക് എങ്ങനെ മാറ്റം വരുത്താനാകും?
എന്താണ് മുട്ടാളത്തം?
നോഹയുടെ നാളിലെ ജലപ്രളയത്തിനു മുമ്പ് ജീവിച്ചിരുന്ന മുട്ടാളൻമാരെക്കുറിച്ചു ബൈബിൾ പറയുന്നു. നെഫിലിം എന്ന് അവരെ വിളിച്ചിരുന്നു. “മറ്റുള്ളവരെ വീഴിക്കുന്നവർ” എന്നാണ് ആ പേരിന്റെ അർഥം. അവരുടെ ഭീകരവാഴ്ചക്കാലത്ത് “ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.”—ഉല്പത്തി 6:4, 11.
എന്നാൽ, ഒരു മുട്ടാളനായിരിക്കുന്നതിനു നിങ്ങൾ ആളുകളെ പ്രഹരിക്കുകയോ അവരോടു പുച്ഛത്തോടെ ഇടപെടുകയോ ചെയ്യണമെന്നില്ല. മറ്റാളുകളോട്—പ്രത്യേകിച്ചും ദുർബലരോ അരക്ഷിതാവസ്ഥയിലുള്ളവരോ ആയവരോട്—ക്രൂരവും നിന്ദാപരവുമായി ഇടപെടുന്ന ഏതൊരുവനും ഒരു മുട്ടാളനാണ്. (സഭാപ്രസംഗി 4:1 താരതമ്യം ചെയ്യുക.) മുട്ടാളൻമാർ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും നിയന്ത്രിക്കാനും ശ്രമിക്കുന്നു. എന്നാൽ മിക്കവരും തങ്ങളുടെ വായാണ് ഉപയോഗിക്കുന്നത്, മുഷ്ടികളല്ല. വൈകാരികമായ ദ്രോഹിക്കലാണ് ഈ ദുഷിച്ച പ്രവർത്തനത്തിന്റെ ഏറ്റവും സർവസാധാരണമായ രൂപം. അവമതിക്കൽ, കുത്തുവാക്ക്, പരിഹാസം, ചീത്തവിളി എന്നിവയൊക്കെ ഇതിൽ ഉൾപ്പെടാം.
എങ്കിലും മുട്ടാളത്തം ചിലപ്പോൾ കുടിലമായിരിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, ലിസായ്ക്ക് എന്തു സംഭവിച്ചെന്നു പരിഗണിക്കുക.b പെൺകുട്ടികളായ ഒരുപറ്റം സുഹൃത്തുക്കളുടെ കൂടെയാണ് അവൾ വളർന്നുവന്നത്. പക്ഷേ അവൾക്കു 15 വയസ്സായപ്പോഴേക്കും കാര്യങ്ങൾക്കു മാറ്റം ഭവിക്കാൻ തുടങ്ങി. സുന്ദരിയായ ലിസാ മറ്റുള്ളവരുടെ ശ്രദ്ധയ്ക്കു പാത്രമായി. അവൾ വിശദീകരിക്കുന്നു: “എന്റെ സുഹൃത്തുക്കൾ എന്നെ ഒഴിവാക്കാനും എന്നെക്കുറിച്ചു ദ്രോഹകരമായ കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറയാനും തുടങ്ങി.” അവളുടെ സത്പേര് നശിപ്പിക്കാനുള്ള ഉദ്യമത്തിൽ അവർ അവളെക്കുറിച്ചു നുണകളും പരത്തി. അതേ, അസൂയകൊണ്ടു പ്രകോപിതരായ അവർ മനംതഴമ്പിച്ചതും ക്രൂരവുമായ ഒരു വിധത്തിൽ അവളോടു മുട്ടാളത്തംകാട്ടി.
ഒരു മുട്ടാളനായിത്തീരൽ
ആക്രമണോത്സുകമായ സ്വഭാവം മിക്കപ്പോഴും ഒരുവന്റെ വീട്ടിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. “എന്റെ പിതാവ് ആക്രമണോത്സുകനായിരുന്നു, അതുകൊണ്ട് ഞാനും ആക്രമണോത്സുകനായിരുന്നു” എന്ന് സ്കോട്ട് എന്നുപേരുള്ള ഒരു ചെറുപ്പക്കാരൻ പറയുന്നു. ആരനും ക്ലേശകരമായ ഒരു കുടുംബജീവിതമായിരുന്നു ഉണ്ടായിരുന്നത്. അവൻ അനുസ്മരിക്കുന്നു: “എന്റെ കുടുംബ സാഹചര്യത്തെക്കുറിച്ച്—അതു സാധാരണപോലെയല്ലെന്ന്—ആളുകൾക്ക് അറിയാമായിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നോട് ആളുകൾക്കു സഹതാപം തോന്നുന്നത് എനിക്കിഷ്ടമായിരുന്നില്ല.” അതുകൊണ്ട് കായികവിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ ആരനു ജയിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ജയിക്കുന്നതുമാത്രം മതിയായിരുന്നില്ല. തന്റെ എതിരാളികളുടെ പരാജയത്തെ വീണ്ടും വീണ്ടും അവരുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് അവനവരെ അവമതിക്കണമായിരുന്നു.
അതേസമയം, ദൈവഭയമുള്ള മാതാപിതാക്കളാണു ബ്രെൻറിനെ വളർത്തിക്കൊണ്ടുവന്നത്. പക്ഷേ അവൻ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഞാൻ ആളുകളെ ചിരിപ്പിക്കുമായിരുന്നു, എന്നാൽ എപ്പോൾ നിർത്തണമെന്ന് എനിക്കറിയില്ലായിരുന്നു, ഞാൻ ചിലരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമായിരുന്നു.” രസിക്കാനും തന്നിലേക്കു ശ്രദ്ധയാകർഷിക്കാനുമുള്ള ബ്രെൻറിന്റെ ആഗ്രഹം മറ്റാളുകളുടെ വികാരങ്ങളോട് അനാദരവു കാട്ടാൻ അവനെ പ്രേരിപ്പിച്ചു.—സദൃശവാക്യങ്ങൾ 12:18.
മറ്റു ചെറുപ്പക്കാരെ ടെലിവിഷൻ സ്വാധീനിക്കുന്നതായി കാണപ്പെടുന്നു. കുറ്റകൃത്യനാടകങ്ങൾ ‘നിർദയരായ ആളുകളെ’ മഹത്ത്വീകരിക്കുകയും ദയാലുവായിരിക്കുന്നതു പുരുഷത്വമല്ലെന്നു തോന്നാൻ ഇടയാക്കുകയും ചെയ്യുന്നു. ജനരഞ്ജകങ്ങളായ ഹാസ്യപരിപാടികൾ പരിഹാസപൂരിതമാണ്. വാർത്താ റിപ്പോർട്ടുകൾ മിക്കപ്പോഴും കായികവിനോദ പരിപാടികളുടെ സമയത്തുള്ള പോരാട്ടജ്വരംബാധിച്ച, പരുക്കൻ സംസാരത്തിനു മുൻതൂക്കം കൊടുക്കുന്നു. നാം മറ്റുള്ളവരോട് ഇടപെടുന്ന വിധത്തെ നമ്മുടെ സുഹൃത്തുക്കൾക്കും സ്വാധീനിക്കാൻ കഴിയും. നമ്മുടെ സമപ്രായക്കാർ മുട്ടാളൻമാരായിരിക്കുമ്പോൾ, മുട്ടാളത്തത്തിനു വിധേയരാകാതിരിക്കാൻ വേണ്ടി അവരുടെ നടപടികളിൽ പങ്കുചേരാനുള്ള പ്രവണത നമുക്കുണ്ട്.
സാഹചര്യം എന്തായിരുന്നാലും, നിങ്ങൾ മുട്ടാളത്തപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നെങ്കിൽ, അതു നിങ്ങളുടെ ഇരകൾക്കു മാത്രമല്ല ദോഷം വരുത്തിവെക്കുന്നത്.
ആയുഷ്കാല പ്രത്യാഘാതങ്ങൾ
സൈക്കോളജി ടുഡേ എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു: “മുട്ടാളത്തം കുട്ടിക്കാലത്തായിരിക്കാം ആരംഭിക്കുന്നത്, എന്നാൽ അതു പ്രായപൂർത്തിയാകുമ്പോഴും തുടരുന്നു.” ദ ഡള്ളസ് മോർണിങ് ന്യൂസിൽ വന്ന ഒരു ഗവേഷണ പഠന റിപ്പോർട്ടുപ്രകാരം, “രണ്ടാം ക്ലാസ്സിൽവെച്ചു, മുട്ടാളന്മാരായി തിരിച്ചറിയിക്കപ്പെട്ടിരുന്ന ആൺകുട്ടികളിൽ 65 ശതമാനം 24 വയസ്സായപ്പോഴേക്കും കടുത്ത കുറ്റവാളികളായി വിധിക്കപ്പെട്ടു.”
എല്ലാ മുട്ടാളൻമാരും കുറ്റവാളികളായിത്തീരുന്നില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കുന്നത് ഒരു ശീലമാക്കിയാൽ പിൽക്കാല ജീവിതത്തിൽ അതു യഥാർഥ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതു നിങ്ങളുടെ വിവാഹശേഷവും തുടരുന്നെങ്കിൽ, ഇണയ്ക്കും കുട്ടികൾക്കും കടുത്ത വൈഷമ്യങ്ങൾ ഉണ്ടാകാം. തൊഴിലുടമകൾ, മറ്റുള്ളവരുമായി നന്നായി ഒത്തുപോകാൻ അറിയാവുന്നവരെ തിരഞ്ഞെടുക്കുന്നതിനാൽ, നിങ്ങൾക്കു തൊഴിലവസരങ്ങൾ നിഷേധിച്ചേക്കാം. അതുപോലെതന്നെ, ക്രിസ്തീയ സഭയിലെ ഭാവിപദവികളെ അതു തടഞ്ഞേക്കാവുന്നതാണ്. “ഒരിക്കൽ ഒരു മൂപ്പനായി സേവിക്കുന്നതിനു യോഗ്യതപ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”വെന്നു ബ്രെൻറ് പറയുന്നു, “എന്നാൽ ഞാൻ പരിഹസിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പറയുമെന്ന് ആളുകൾ ചിന്തിക്കുന്നെങ്കിൽ അവർ തങ്ങളുടെ പ്രശ്നങ്ങളുമായി എന്റെ അടുക്കൽ വരുകയില്ലെന്നു മനസ്സിലാക്കാൻ ഡാഡി എന്നെ സഹായിച്ചു.”—തീത്തൊസ് 1:7.
മാറ്റം വരുത്താവുന്ന വിധം
നാം സ്വന്തം പിഴവുകൾ എല്ലായ്പോഴും വ്യക്തമായി മനസ്സിലാക്കുന്നില്ല. ‘തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായിത്തീരുകയില്ല എന്നിങ്ങനെ ഒരുവൻ തന്നോടു തന്നേ മധുരവാക്കു’ പറഞ്ഞേക്കാവുന്നതാണെന്നു തിരുവെഴുത്തുകൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (സങ്കീർത്തനം 36:2) അതുകൊണ്ട്, മാതാപിതാക്കളിൽ ഒരാളോടോ ആശ്രയയോഗ്യനായ ഒരു സുഹൃത്തിനോടോ പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടോ അവരുടെ അഭിപ്രായമെന്തെന്നു നിങ്ങൾക്കു ചോദിച്ചുനോക്കാവുന്നതാണ്. സത്യം നിങ്ങളെ വ്രണപ്പെടുത്തിയേക്കാം, എന്നാൽ നിങ്ങൾ എന്തു മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കുകതന്നെ ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 20:30) “എന്നെ സഹായിച്ച ഏറ്റവും വലിയ സംഗതി ശ്രദ്ധാപൂർവം കേൾക്കുന്നതായിരുന്നുവെന്നു ഞാൻ വിചാരിക്കുന്നു” എന്ന് ആരൻ പറയുന്നു. “എവിടെയാണ് എനിക്കു പിശകു സംഭവിക്കുന്നതെന്ന് ആത്മാർഥതയുള്ളവർ എന്നോടു പറഞ്ഞു. എല്ലായ്പോഴും ഞാൻ കേൾക്കാൻ ആഗ്രഹിച്ചതായിരുന്നില്ലെങ്കിലും, അത് എനിക്കു വാസ്തവത്തിൽ ആവശ്യമുള്ളതുതന്നെയായിരുന്നു.”
നിങ്ങളുടെ മുഴുവ്യക്തിത്വത്തിലെയും ഒരു വമ്പിച്ച മാറ്റത്തിനു നിങ്ങൾ വിധേയനാകേണ്ടതുണ്ടെന്നാണോ അതിന്റെ അർഥം? അല്ല, സാധ്യതയനുസരിച്ച്, നിങ്ങളുടെ ചിന്തയും പെരുമാറ്റവും പുനഃക്രമീകരിക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. (2 കൊരിന്ത്യർ 13:11) ദൃഷ്ടാന്തത്തിന്, നിങ്ങളുടെ വലുപ്പമോ ശക്തിയോ കുശാഗ്രബുദ്ധിയോ നിമിത്തം നിങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠാനണെന്ന് ഒരുപക്ഷേ ഇപ്പോൾവരെ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ, “താഴ്മയോടെ . . . മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു” പരിഗണിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഫിലിപ്പിയർ 2:3) വലുപ്പമോ ശക്തിയോ എന്തുതന്നെയായിരുന്നാലും, മറ്റുള്ളവർക്കു നിങ്ങൾക്കില്ലാത്ത പ്രശംസനീയ ഗുണങ്ങളുണ്ടെന്നുള്ളതു തിരിച്ചറിയുക.
ആക്രമണോത്സുകമോ മേധാവിത്വപരമോ ആയ പ്രവണതകളിൽനിന്നു നിങ്ങൾ മുക്തനാകേണ്ടയാവശ്യവും ഉണ്ടായിരിക്കാം. “സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ” നോക്കുന്നതിൽ പുരോഗതി വരുത്തുക. (ഫിലിപ്പിയർ 2:4) നിങ്ങൾക്ക് ഒരഭിപ്രായം സ്വതന്ത്രമായി തുറന്നു പറയേണ്ടതുണ്ടെങ്കിൽ, ദ്രോഹിക്കാതെ, പരിഹസിക്കാതെ, അവമതിക്കാതെ അപ്രകാരം ചെയ്യുക.—എഫെസ്യർ 4:31.
മറ്റുള്ളവരോടു മുട്ടാളത്തം കാട്ടാനുള്ള പ്രവണത നിങ്ങൾക്കുണ്ടെങ്കിൽ, മുട്ടാളൻമാരായിരുന്ന നെഫിലിമുകളെ ദൈവം നശിപ്പിച്ചുവെന്നത് ഓർമിക്കുക. (ഉല്പത്തി 6:4-7, NW; 7:11, 12, 22) നൂറ്റാണ്ടുകൾക്കു ശേഷം പ്രവാചകനായ യെഹെസ്കേലിന്റെ നാളുകളിൽ, നിസ്സഹായരെ “ചിതറിക്കു”കയും ‘ഉന്തു’കയും ചെയ്യുക നിമിത്തം കുറ്റക്കാരായവർക്കെതിരെ ദൈവം ശക്തമായ അപ്രീതി പ്രകടിപ്പിച്ചു. (യെഹെസ്കേൽ 34:21) മുട്ടാളത്തത്തെ യഹോവ വെറുക്കുന്നുവെന്നറിയുന്നത് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഒരുവനു ശക്തമായ പ്രചോദനമായിരിക്കാൻ കഴിയും!
ബൈബിൾ തത്ത്വങ്ങൾ പ്രാർഥനാപൂർവം ധ്യാനിക്കുന്നതും സഹായകമാണ്. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്നു സുവർണ നിയമം പറയുന്നു. (മത്തായി 7:12) ആരെയെങ്കിലും ഭീഷണിപ്പെടുത്താൻ പ്രലോഭിതനാകുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘ദ്രോഹത്തിനോ ഭീഷണിക്കോ തരംതാഴ്ത്തലിനോ ഇരയാകാൻ ഞാൻ ആഗ്രഹിക്കുന്നുവോ? പിന്നെയെന്തുകൊണ്ടാണു മറ്റുള്ളവരോടു ഞാൻ അങ്ങനെ പെരുമാറുന്നത്?’ ‘പരസ്പരം ദയയും മനസ്സലിവുമുള്ളവരായി’രിക്കാൻ ബൈബിൾ നമ്മോടു കൽപ്പിക്കുന്നു. (എഫെസ്യർ 4:32) യേശു ഇത്തരുണത്തിൽ ഒരു പൂർണമായ ദൃഷ്ടാന്തം വെച്ചു. മറ്റെല്ലാ മനുഷ്യരെക്കാളും ശ്രേഷ്ഠമായിരുന്നെങ്കിലും, അവൻ എല്ലാവരോടും ദയയോടെയും സമാനുഭാവത്തോടെയും ആദരവോടെയും ഇടപെട്ടു. (മത്തായി 11:28-30) നിങ്ങളെക്കാൾ ദുർബലനായ ഒരുവനെ നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിൽ, നിങ്ങൾക്ക് അങ്ങേയറ്റം അസ്വസ്ഥത തോന്നുന്നെങ്കിൽ യേശു ചെയ്തതുപോലെതന്നെ ചെയ്യാൻ ശ്രമിക്കുക.
എന്നാൽ, നിങ്ങളുടെ ആക്രമണോത്സുകമായ സ്വഭാവം, വീട്ടിൽ നിങ്ങൾ അനുഭവിക്കുന്ന പെരുമാറ്റത്തോടുള്ള ദേഷ്യത്തിൽനിന്നാണ് ഉത്ഭൂതമാകുന്നതെങ്കിലോ? ചില സാഹചര്യങ്ങളിൽ അത്തരം ദേഷ്യം ന്യായീകരിക്കപ്പെട്ടേക്കാം. (സഭാപ്രസംഗി 7:7 താരതമ്യം ചെയ്യുക.) എങ്കിലും, നീതിമാനായ ഇയ്യോബിന് ഇപ്രകാരം മുന്നറിയിപ്പു നൽകിയെന്നു ബൈബിൾ നമ്മോടു പറയുന്നു: “കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; . . . സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു.”(ഇയ്യോബ് 36:18, 21) മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറിയാൽപോലും മറ്റുള്ളവരോടു മോശമായി പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങളുടെ മാതാപിതാക്കളുമായി കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുന്നതായിരിക്കും കൂടുതൽ മെച്ചപ്പെട്ട സമീപനം. നിങ്ങൾ കടുത്ത ദുഷ്പെരുമാറ്റത്തിന്റെ ഇരയാണെങ്കിൽ, കൂടുതൽ ദോഷം ഭവിക്കാതിരിക്കാൻ പുറത്തുനിന്നുള്ള സഹായം ആവശ്യമായിരുന്നേക്കാം.
മാറ്റം വരുത്തുന്നത് എളുപ്പമല്ലായിരിക്കാം, എന്നാൽ അതു സാധ്യമാണ്. ബ്രെൻറ് പറയുന്നു: “മിക്കവാറും എല്ലാ ദിവസവും ഞാൻ ഇതിനെക്കുറിച്ചു പ്രാർഥിക്കാറുണ്ട്, ചില നല്ല മാറ്റങ്ങൾ വരുത്താൻ യഹോവ എന്നെ സഹായിച്ചിരിക്കുന്നു.” സമാനമായി, ആളുകളോട് ഇടപെടുന്ന രീതിയിൽ നിങ്ങൾ ചില മാറ്റങ്ങൾ വരുത്തുമ്പോൾ ആളുകൾ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടുമെന്നു നിസ്സംശയമായും നിങ്ങൾ കണ്ടെത്തും. ഓർമിക്കുക, ആളുകൾ മുട്ടാളൻമാരെ ഭയപ്പെട്ടേക്കാം, എന്നാൽ ആരും അവരെ ഇഷ്ടപ്പെടാറില്ല.
[അടിക്കുറിപ്പുകൾ]
a മുട്ടാളത്തത്തിന് ഇരയാകുന്നവർക്ക് എങ്ങനെ ശല്യപ്പെടുത്തൽ ഒഴിവാക്കാനാവുമെന്നതു സംബന്ധിച്ച വിവരത്തിന്, 1990 ഡിസംബർ 8 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . സ്കൂൾ വഴക്കാളികളെ സംബന്ധിച്ച് എനിക്ക് എന്തു ചെയ്യാൻ കഴിയും?” എന്ന ലേഖനം കാണുക.
b ചില പേരുകൾക്കു മാറ്റംവരുത്തിയിട്ടുണ്ട്.
[19-ാം പേജിലെ ആകർഷകവാക്യം]
“മുട്ടാളത്തം കുട്ടിക്കാലത്തായിരിക്കാം ആരംഭിക്കുന്നത്, എന്നാൽ അതു പ്രായപൂർത്തിയാകുമ്പോഴും തുടരുന്നു.”
[18-ാം പേജിലെ ചിത്രം]
വാക്കുകൾകൊണ്ട് അധിക്ഷേപിക്കുന്നതു മുട്ടാളത്തത്തിന്റെ ഒരു രൂപമാണ്