എമീ റ്റ്സേഡൻ വേ—ആ പേരിനു പിന്നിലെ കഥ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിരണ്ട് മേയിൽ, ജർമനിയിലെ ബെർലിനിലുള്ള ഒരു തെരുവിന് യഹോവയുടെ സാക്ഷികളിലൊരാളായ എമീ റ്റ്സേഡന്റെ പേരിട്ടു.
1900-ത്തിലാണ് എമീ ജനിച്ചത്. റിച്ചാർഡ് റ്റ്സേഡൻ എന്ന യഹൂദനായ ബിസിനസുകാരനെയാണ് അവർ വിവാഹം കഴിച്ചത്. നാസി ഭരണകാലത്ത് ഓഷ്വിറ്റസ് തടങ്കൽപ്പാളയത്തിൽവെച്ച് അദ്ദേഹം മരണമടഞ്ഞു. റിച്ചാർഡിനും എമീക്കും ഒരു വളർത്തുപുത്രനുണ്ടായിരുന്നു, ഹോർസ്റ്റ് ഷ്മിത്ത്. ഹോർസ്റ്റിനെയും യഹോവയുടെ മറ്റു രണ്ടു യുവസാക്ഷികളെയും സൈനിക സേവനത്തിനു വിളിച്ചപ്പോൾ അവർ ഒളിവിൽ പോകാൻ നിർബന്ധിതരായി.
ഹോർസ്റ്റിനും അദ്ദേഹത്തിന്റെ രണ്ടു കൂട്ടുകാർക്കും എമീ സംരക്ഷണം നൽകി. എങ്കിലും, ഒടുവിൽ അവർ കണ്ടുപിടിക്കപ്പെട്ടു. നാലു പേരെയും വധശിക്ഷയ്ക്കു വിധിച്ചു—മൂന്ന് ആൺകുട്ടികളെ സൈനിക സേവനത്തിനു വിസമ്മതിച്ചതിനും എമീയെയാകട്ടെ, അവരെ ഒളിപ്പിച്ചതിനും. ഹോർസ്റ്റിന്റെ രണ്ടു കൂട്ടുകാരെയും ശിരച്ഛേദം ചെയ്തു. എമീ ഒരു ദയാഹർജി സമർപ്പിച്ചെങ്കിലും അതു നിരസിക്കപ്പെട്ടു. 1944 ജൂൺ 9-ന് ബർലിനിലെ പ്ലോട്സെൻസായിൽവെച്ച് അവരെ ശിരച്ഛേദം ചെയ്തു. നാസി പീഡനത്തെ അതിജീവിച്ച ഹോർസ്റ്റ് ഷ്മിത്ത് തടങ്കൽപ്പാളയത്തിൽനിന്ന് അതിജീവിച്ച ഒരു സാക്ഷിയെ പിന്നീടു വിവാഹം ചെയ്തു.
1992 മേയ് 7-ന് ബെർലിനിലെ ഒരു തെരുവിന് എമീ റ്റ്സേഡന്റെ പേരിട്ടു. ഒരു ജർമൻ ഉദ്യോഗസ്ഥൻ നടത്തിയ പ്രസംഗത്തിൽ, അവർ കാട്ടിയ ധൈര്യത്തിന് അവരെ പ്രകീർത്തിച്ചു. കൂടാതെ, യുദ്ധത്തിന്റെ പല ‘വിസ്മരിക്കപ്പെട്ട ഇര’കളിൽ ഒരാളായി അവരെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു.
[അടിക്കുറിപ്പ്]
ബെർലിൻ-പ്ലോസെൻസീ സ്മാരകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഔദ്യോഗിക രേഖകളനുസരിച്ച് 1944 ജൂൺ 9-ന് എമീ റ്റ്സേഡൻ വധിക്കപ്പെട്ടു.