“പ്രകൃതിയെ കശാപ്പുചെയ്യൽ”
അയർലൻഡിലെ ഉണരുക! ലേഖകൻ
അത്യാഗ്രഹം നിങ്ങളുടെ ഭവനത്തിനു ഭീഷണി ഉയർത്തുന്നു. നമ്മുടെ ഏവരുടെയും അതിജീവനത്തിന് ആവശ്യമായ ആഹാരവും പാർപ്പിടവും പ്രദാനം ചെയ്യാനുള്ള ഭൂമിയുടെ കഴിവിന് അതു തുരങ്കംവയ്ക്കുന്നു. അത്യാഗ്രഹം ഭൂമിയെ നശിപ്പിക്കുന്ന വിധം സംബന്ധിച്ച് ഇതിനോടകം നിങ്ങൾക്ക് അറിയാമായിരിക്കാം. എങ്കിലും ഏതാനും ഓർമിപ്പിക്കലുകളിതാ.
ഗ്രഹത്തെ വിഷലിപ്തമാക്കുന്നു
1962-ൽ, മൂക വസന്തം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ റേച്ചൽ കാർസൻ, കീടനാശിനികളും വിഷവിസർജ്യങ്ങളുംകൊണ്ടു ഭൂമിയെ വിഷലിപ്തമാക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകി. ദ നേക്കഡ് സാവേജ് എന്ന പുസ്തകം പറയുന്നു: “മനുഷ്യവർഗം തങ്ങളുടെതന്നെ പരിസ്ഥിതിയെ ദുഷിപ്പിക്കുകയായിരുന്നു, തങ്ങളുടെതന്നെ ഭവനത്തെ മലിനീകരിക്കുകയായിരുന്നു. ജീവിവർഗങ്ങളുടെ ഉന്മൂലനാശത്തിന്റെ സൂചനയാണത്.” മനുഷ്യർ ഇപ്പോഴും അത്യാഗ്രഹംപൂണ്ട് ഗ്രഹത്തെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നു. ലോകവിശപ്പ്: പന്ത്രണ്ടു കെട്ടുകഥകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ഏറ്റവും കുറഞ്ഞ കാലംകൊണ്ട് ഏറ്റവുമധികം ലാഭം കൊയ്യാനുള്ള വഴികൾ തേടി, മണ്ണൊലിപ്പിനിടയാക്കുന്നതോ ഭൂഗർഭജലം വറ്റിച്ചുകളയുന്നതോ അന്തരീക്ഷം വിഷലിപ്തമാക്കുന്നതോ ഒന്നും കാര്യമാക്കാതെ വൻകിട കൃഷിക്കാർ ഒരേ മണ്ണിൽത്തന്നെ വീണ്ടുംവീണ്ടും കൃഷിചെയ്യാനും ജലവും രാസവളവും കണക്കില്ലാതെ ഉപയോഗിക്കാനും താത്പര്യം കാട്ടുന്നു.”
ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ലോകത്തിലെ വിലപ്പെട്ട മഴക്കാടുകളെ സംരക്ഷിക്കുന്നതിനുപകരം മനുഷ്യൻ മുമ്പെന്നത്തെക്കാൾ വേഗത്തിൽ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. “പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന നിലവിലുള്ള നിരക്കിൽ മാറ്റമില്ലാതെ തുടർന്നാൽ ഓജസ്സുറ്റ ഉഷ്ണമേഖലാവനങ്ങൾ അമ്പതു വർഷംകൊണ്ട് അപ്രത്യക്ഷമാകും,” പറുദീസയിൽനിന്നകലെ—പരിസ്ഥിതിയിൻമേലുള്ള മനുഷ്യന്റെ സ്വാധീനം (1986) [ഇംഗ്ലീഷ്] എന്ന പുസ്തകം പറയുന്നു.
മനസ്സാക്ഷിക്കുത്തില്ലാത്ത മീൻപിടുത്തക്കാർ പവിഴപ്പുറ്റുകൾക്കു—ഒട്ടേറെ ജീവികൾക്ക് സംരക്ഷണമേകുന്നതുകൊണ്ട് “ഉഷ്ണമേഖലാവനങ്ങൾക്കു സമാനമായ സമുദ്രജീവികൾ” എന്നാണ് അവയെ വർണിച്ചിരിക്കുന്നത്—ചുറ്റും മീൻ പിടിക്കാൻ ഡൈനാമൈറ്റും രാസവിഷങ്ങളും ഉപയോഗിക്കുന്നു. മൃഗീയമായ ഇത്തരം മത്സ്യബന്ധന രീതികളും ഒപ്പം ചിന്താശൂന്യമായ രാസമലിനീകരണവും ഓജസ്സുറ്റ ഒട്ടേറെ പവിഴപ്പുറ്റുകൾക്കു “ഗുരുതരമായ കേടുപാടുകൾ” വരുത്തിയിരിക്കുന്നു.—ദ ടൊറോന്റോ സ്റ്റാർ.
‘നമ്മുടെ ദുരിതങ്ങൾക്ക് ഉത്തരവാദികൾ നാംതന്നെ’
1991 മുതൽ 1993 വരെ ഐയുസിഎൻ-ന്റെ—ലോകപരിരക്ഷണ സമിതി—പ്രസിഡൻറായിരുന്ന സർ ശ്രീദത്ത് റാംഫൽ പ്രകൃതി വിഭവങ്ങളുടെ ഇത്തരത്തിലുള്ള ദുരുപയോഗത്തെ, “പ്രകൃതിയെ കശാപ്പുചെയ്യൽ” എന്നു വർണിക്കുന്നു. ഇത് എത്രത്തോളം ദോഷകരമാണ്? ഒരു ദൃഷ്ടാന്തം പരാമർശിച്ചുകൊണ്ട് റാംഫൽ എഴുതുന്നു: “ഇന്ത്യയിലെ മിക്ക നദികളും, രാസപ്രക്രിയയ്ക്കു വിധേയമാകാത്ത വിസർജ്യവസ്തുക്കളെ നഗരപ്രാന്തങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും കടലിലേക്കു വഹിച്ചുകൊണ്ടുപോകുന്ന തുറന്ന അഴുക്കുചാലുകൾ മാത്രമാണ്.” അദ്ദേഹത്തിന്റെ നിഗമനമെന്താണ്? “നമ്മുടെ ദുരിതങ്ങൾക്ക് ഉത്തരവാദികൾ നാംതന്നെയാണ്.”
അത്യാഗ്രഹം നൂറ്റാണ്ടുകളോളം മാനവചരിത്രത്തെ അടക്കിവാണിരിക്കുന്നു. എന്നാൽ, ഇന്ന് ഈ ഗ്രഹത്തിന്റെ നിലനിൽപ്പിനെതിരെയുള്ള ഭീഷണി വർധിച്ചിരിക്കുന്നു. കാരണം? നശീകരണത്തിനുള്ള മനുഷ്യന്റെ കഴിവ് ഇപ്പോൾ വളരെ വലുതാണ് എന്നതുതന്നെ. പറുദീസയിൽനിന്നകലെ പറയുന്നു: “നമ്മുടെ ഗ്രഹത്തിലെ മറ്റു ജീവജാലങ്ങളെ ഫലപ്രദമായി നശിപ്പിക്കാനുള്ള രാസപരവും യന്ത്രപരവുമായ മാർഗങ്ങൾ നമുക്കു ലഭിച്ചത് കഴിഞ്ഞ അമ്പതു വർഷത്തിനുള്ളിൽ മാത്രമാണ്. . . . ഹോമോ സാപ്പിയൻസിന് [ലത്തീൻ, ബുദ്ധിയുള്ള മനുഷ്യൻ]—മനുഷ്യൻ നിർലജ്ജം സ്വയം നൽകിയിരിക്കുന്ന പേര്—ഏതാണ്ട് പൂർണ ശക്തിതന്നെയുണ്ട്. ഒട്ടും നിയന്ത്രണമില്ലാതെയാണ് അവന്റെ പോക്ക്.” നിയന്ത്രണമില്ലാത്ത ഈ പോക്കിന്റെ ഭവിഷ്യത്തുകൾ വിനാശകമാണ്. സമീപകാലത്ത് ഗ്രീൻപീസ് പരിസ്ഥിതി സംഘടന ശക്തമായ ഒരു കുറ്റപത്രം തയ്യാറാക്കി. അത് ഇങ്ങനെ പറയുന്നു: “ആധുനിക മനുഷ്യൻ പറുദീസയെ [ഭൂമിയെ] ഒരു ചപ്പുചവറുകൂനയാക്കിത്തീർത്തിരിക്കുന്നു . . . തിരിച്ചറിവില്ലാത്ത ഒരു ശിശുവിനെപ്പോലെ ഇപ്പോൾ . . . ജീവന്റെ മരുപ്പച്ചയെ ഫലപ്രദമായി നശിപ്പിക്കുന്നതിന്റെ . . . വക്കോളമെത്തി നിൽക്കുന്നു.”
എന്നാൽ, അത്യാഗ്രഹം ഭൂമിയുടെ ദീർഘകാല പ്രതീക്ഷകൾക്കെതിരെ മാത്രമല്ല, നിങ്ങളുടെയും കുടുംബത്തിന്റെയും ഇപ്പോഴുള്ള സന്തുഷ്ടിക്കും സുരക്ഷിതത്വത്തിനുമെതിരെയും അതു ഭീഷണി മുഴക്കുന്നു. അതെങ്ങനെ? അടുത്ത ലേഖനം പരിചിന്തിക്കുക.