ബൈബിളിന്റെ വീക്ഷണം
നിങ്ങൾക്ക് ആരുടെ മാർഗനിർദേശത്തെ ആശ്രയിക്കാൻ കഴിയും?
“പോകാനുള്ള സമയമായി!” എന്നു പിതാവ് അഞ്ചു വയസ്സുള്ള പുത്രനെ അറിയിക്കുന്നു. അദ്ദേഹം കൈ നീട്ടുന്നു, യാതൊരു മടിയും കൂടാതെ അവൻ തന്റെ കൊച്ചുകൈ നീട്ടിയെത്തിച്ച് പിതാവിന്റെ വിരലുകളിൽ ചുറ്റിപ്പിടിക്കുന്നു. യാത്ര എവിടേക്കാണെങ്കിലും, കുട്ടി തന്റെ പിതാവിന്റെ മാർഗനിർദേശത്തിൽ ആശ്രയിച്ച്, ആത്മവിശ്വാസത്തോടെ കൂടെ പോകുന്നു. എന്തുതന്നെ സംഭവിച്ചാലും കുട്ടിയുടെ ദൃഢമായ പിടി വിട്ടുപോകുന്നില്ല.
നാം സാമ്പത്തികവും രാഷ്ട്രീയവും വ്യക്തിപരവുമായ അനിശ്ചിതത്വത്തിന്റെ ഈ നാളുകളിൽ ജീവിക്കുന്നതിനാൽ, നിങ്ങൾക്കു സമ്പൂർണമായി ആശ്രയിക്കാൻ കഴിയുന്ന ഒരു ഉറവിൽനിന്നുള്ള മാർഗദർശക ഹസ്തത്തെ നിങ്ങൾ സ്വാഗതം ചെയ്യുകയില്ലേ? എന്നാൽ, അനുഭവജ്ഞാനമില്ലാത്തവരെ തത്ത്വദീക്ഷയില്ലാത്ത ആളുകൾ ചൂഷണം ചെയ്യുന്ന കാലത്താണു നാം ജീവിക്കുന്നത്. അതുകൊണ്ട്, നാം ആരെ ആശ്രയിക്കുന്നു എന്നതു സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കുന്നതിനു സാധുവായ കാരണമുണ്ട്. മാർഗനിർദേശത്തിനായി നിങ്ങൾ ആശ്രയിച്ച ആരെങ്കിലും ഗതകാലത്തു നിങ്ങളെ നിരാശപ്പെടുത്തിയപ്പോൾ ഒരുപക്ഷേ നിങ്ങൾ അങ്ങേയറ്റം ഭഗ്നാശനായിരുന്നിട്ടുണ്ടാകാം.
എന്നാൽ, നമ്മുടെ ആശ്രയം ദൈവത്തിൽ അർപ്പിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു”വെന്ന് പ്രവാചകനായ യെശയ്യാവ് രേഖപ്പെടുത്തി. (യെശയ്യാവു 41:13) അപ്പോസ്തലനായ പത്രൊസ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:6, 7.
എന്നിരുന്നാലും നിങ്ങൾ ഇങ്ങനെ ഉചിതമായി ചോദിച്ചേക്കാം, ‘മാർഗനിർദേശത്തിനായി ദൈവത്തിൽ ആശ്രയം വെക്കാൻ എനിക്ക് എന്തു കാരണമാണുള്ളത്?’ പുരാതന ഇസ്രായേല്യരെക്കുറിച്ചുള്ള രേഖയിൽ പിൻവരുന്ന നല്ല കാരണങ്ങൾ കാണാം.
ദൈവത്തിന്റെ കൈ അവന്റെ ജനത്തെ വഴിനയിക്കുന്നു
പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 1513 നീസാൻ 14 രാത്രിയിൽ പാരമ്യത്തിലെത്തിയ സംഭവ പരമ്പര, കഠിനവേല ചെയ്യിക്കുന്ന സ്വേച്ഛാധിപത്യ മേലാളനായ ഫറവോന്റെയും ഈജിപ്തുകാരുടെയും നിശ്ചയത്തെ തകർത്തു. തത്ഫലമായി അവർ ദൈവജനമായ ഇസ്രായേല്യരെ അടിമത്തത്തിൽനിന്നു വിടുവിച്ചു. (പുറപ്പാടു 1:11-13; 12:29-32) വിജയാഹ്ളാദിതരായ ഇസ്രായേൽ ജനം നീസാൻ 15-നു വാഗ്ദത്ത ദേശത്തേക്കുള്ള തങ്ങളുടെ പാതയിൽ മരുഭൂമിക്കുനേരെ യാത്രയായി. ഭീതിയുണർത്തിയ ഫെലിസ്ത്യർ പാർത്തിരുന്ന ദേശത്തിനു സമീപത്തുകൂടി, മെംഫിസിന്റെ തെക്കുഭാഗത്തേക്കുമാറി മെഡിറ്ററേനിയൻ കടൽത്തീരത്തുകൂടിയായിരുന്നു വാഗ്ദത്തദേശത്തേക്കുള്ള ഏറ്റവും നേരെയുള്ള പാത. പക്ഷേ ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നത് മറ്റൊരു പാതയായിരുന്നു.—പുറപ്പാടു 13:17, 18; സംഖ്യാപുസ്തകം 33:1-6.
പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവുമായി പ്രത്യക്ഷപ്പെട്ട ഒരു ദൃശ്യ വഴികാട്ടിയെ ദൈവം പുരാതന ഇസ്രായേൽ ജനത്തിനു നൽകി. (പുറപ്പാടു 13:21, 22) ഈ പ്രകൃത്യാതീത പ്രതിഭാസത്തോടൊപ്പം, വിശ്വസ്ത പുരുഷനായ മോശയെ യഹോവ തന്റെ ഭൗമിക പ്രതിനിധിയായി ഉപയോഗിച്ചു. (പുറപ്പാടു 4:28-31) അതുകൊണ്ട് ദൈവത്തിന്റെ കൈ ഇസ്രായേല്യരെ വഴിനയിക്കുകയായിരുന്നു എന്നതിനു നിസ്തർക്കമായ തെളിവുണ്ടായിരുന്നു.
അവരുടെ രണ്ടാമത്തെ പാളയസ്ഥലമായ “മരുഭൂമിക്കരികെ”യുള്ള ഏഥാമിൽ വെച്ച്, പിന്തിരിഞ്ഞുചെന്ന് ചെങ്കടലിന്റെ തീരത്തുള്ള പീഹാഹീരോത്തിൽ പാളയമടിക്കാൻ യഹോവ മോശയോടു നിർദേശിച്ചു. (പുറപ്പാടു 13:20) പ്രത്യക്ഷത്തിൽ വിവരണാതീതമായ ഈ നീക്കം, ഇസ്രായേല്യർ “മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു” എന്നു നിഗമനം ചെയ്യാൻ ഫറവോനെ പ്രേരിപ്പിച്ചു. ധൈര്യം സംഭരിച്ച ഫറവോൻ തന്റെ മനസ്സുമാറ്റി. ഇസ്രായേല്യരെ വീണ്ടും അടിമകളാക്കാൻ തീരുമാനിച്ചുറച്ച് അവൻ തന്റെ സൈന്യത്തെ ഒരുമിച്ചുകൂട്ടി പിന്തുടർന്നുതുടങ്ങി.—പുറപ്പാടു 14:1-9.
വ്യത്യസ്തമായൊരു ദിശയിൽ, സ്പഷ്ടമായും ചെങ്കടലിലേക്കു നയിക്കുന്ന ഒരു താഴ്വീതിയിലേക്ക് ജനതയെ കൊണ്ടുപോയിക്കൊണ്ട്, പീഹാഹീരോത്തിലെ പാളയത്തിന്റെ ഇരുവശത്തുമുള്ള പർവതങ്ങൾ, ചെങ്കടൽ, ഫറവോന്റെ മുന്നേറിക്കൊണ്ടിരിക്കുന്ന സൈന്യം എന്നിവയാൽ കുടുക്കിലകപ്പെടുമെന്നു തോന്നത്തക്കവിധം മോശ ഇസ്രായേല്യരെ നിർത്തുകയായിരുന്നു. ഇസ്രായേല്യർ പെട്ടെന്നുള്ള കീഴടക്കലിന്റെയോ നാശത്തിന്റെയോ ഒരു അനായാസ ലക്ഷ്യമായിത്തീരുമെന്നു തോന്നി.
ഇതിന് അവരുടെമേൽ എന്തു ഫലമുണ്ടായിരുന്നു? അവർ യഹോവയുടെ മാർഗനിർദേശത്തിൽ ആശ്രയം പ്രകടമാക്കുമായിരുന്നോ? പ്രത്യക്ഷത്തിൽ, സാഹചര്യം ആശയറ്റതായിരുന്നു. അതുകൊണ്ട് ചിലർ പരിഭ്രാന്തരായി. മറ്റു ചിലർ മോശക്കെതിരെ പിറുപിറുക്കാൻ തുടങ്ങി. പിൻവാങ്ങി ഈജിപ്തിലെ അടിമത്തത്തിലേക്കു തിരിച്ചുപോകാൻ പോലും ചിലർ തയ്യാറായിരുന്നു!—പുറപ്പാടു 14:10-12.
ദൈവത്തിന്റെ കയ്യിൽ ദൃഢമായി പിടിക്കുക!
ഈ സാഹചര്യത്തിൽ ഇസ്രായേല്യർ ഒരു ശിശുവിനെപ്പോലെ സർവശക്തനിൽ ആശ്രയം പ്രകടിപ്പിക്കേണ്ടതുണ്ടായിരുന്നു. ജനതയ്ക്കു മൊത്തത്തിൽ അജ്ഞാതമായിരുന്നെങ്കിലും, പീഹാഹീരോത്തിങ്കൽ ചെങ്കടൽ കുറുകെ കടക്കാൻ മോശയോടു നിർദേശിക്കുന്നതിനു യഹോവയ്ക്കു ശക്തമായ കാരണമുണ്ടായിരുന്നു. വാഗ്ദത്തദേശത്തേക്കുള്ള ഇസ്രായേല്യരുടെ യാത്ര ഫെലിസ്ത്യരുടെ ദേശത്തിന്റെ തെക്കുഭാഗത്തുകൂടെ തുടങ്ങിക്കൊണ്ട് യഹോവ സ്നേഹപൂർവകമായ ഉൾക്കാഴ്ച പ്രകടമാക്കി. 215 വർഷം ഈജിപ്തിലായിരുന്നതിനു ശേഷം, കിരാത യോദ്ധാക്കളുമായി യുദ്ധം ചെയ്യാൻ ഇസ്രായേല്യർ സജ്ജരല്ലായിരുന്നുവെന്നതിനു യാതൊരു സംശയവുമില്ലായിരുന്നു. അതുകൊണ്ട് അത്തരമൊരു സംഘട്ടനം ഒഴിവാക്കുമായിരുന്ന ഒരു പാതയാണ് യഹോവ തിരഞ്ഞെടുത്തത്.a—പുറപ്പാടു 13:17, 18.
ആ ജനതയുടെ വിടുതലും ഫറവോന്റെയും അവന്റെ സൈന്യത്തിന്റെയും ചെങ്കടലിങ്കലെ പരാജയവും ദൈവത്തിന്റെ രക്ഷാകര ശക്തിക്ക് അത്ഭുതകരമായ സാക്ഷ്യം വഹിക്കുന്നു. കൂടുതലായി, തങ്ങളെ ഒരു പ്രത്യേക പാതയിലൂടെ നയിക്കുന്നതിലെ ദൈവത്തിന്റെ ന്യായം ഗ്രഹിച്ചില്ലെങ്കിലും, ദൈവത്തിന്റെ കരം ഉപേക്ഷിക്കാതിരുന്ന ഇസ്രായേല്യർ എത്ര നന്ദിയുള്ളവരായിരുന്നു! ഉറച്ചുനിന്ന അവർ ചെങ്കടലിന്റെ അത്ഭുതാവഹമായ വിഭജനവും തങ്ങളുടെ ശത്രുക്കളുടെ നാശവും കണ്ടു. യഹോവയുടെ മാർഗനിർദേശത്തിലുള്ള അവരുടെ ആശ്രയത്തിനു പ്രതിഫലം ലഭിച്ചു.—പുറപ്പാടു 14:19-31.
പിതാവിന്റെ കൈപിടിക്കുന്ന ഒരു കുട്ടിയുടെ ദൃഷ്ടാന്തം നമുക്കു വീണ്ടും പരിചിന്തിക്കാം. കുട്ടി ഉത്കണ്ഠാകുലനാകുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കുന്നു? തന്റെ പിടുത്തം വിടുകയോ അയയ്ക്കുകയോ ചെയ്യുന്നതിനു പകരം പിതാവിന്റെ വിരലുകളിൽ തന്റെ കൊച്ചുകൈകൊണ്ട് അവൻ പിടിമുറുക്കും. അപ്രകാരം ചെയ്തുകൊണ്ട്, പിതാവ് അല്ലെങ്കിൽ മാതാവ് പ്രയാസസമയങ്ങളിൽ നിരന്തരമായ മാർഗദർശനവും ശക്തിയും നൽകുമെന്നുള്ള അചഞ്ചലമായ വിശ്വാസം അവൻ പ്രകടിപ്പിക്കുന്നു.
സമാനമായി, ജീവിതത്തിൽ നാം വിഷമതയനുഭവിക്കുമ്പോൾ, ദൈവത്തിന്റെ മാർഗനിർദേശത്തിൽ കൂടുതൽ കൂടുതൽ ആശ്രയിച്ചുകൊണ്ടു നാം നമ്മുടെ പിടിമുറുക്കേണ്ടതുണ്ട്! അവന്റെ വചനമായ ബൈബിളിനു നമ്മുടെ മാർഗദർശക വെളിച്ചമായിത്തീരാൻ കഴിയും. (സങ്കീർത്തനം 119:105) കൂടാതെ, ആശ്രയത്തോടൊപ്പം ക്ഷമ ഉണ്ടാകുന്നുവെന്ന് ഓർമിക്കുക. അതുകൊണ്ട്, നമ്മെ ഒരു പ്രത്യേക ഗതിയിൽ യഹോവ നയിക്കുന്നതെന്തുകൊണ്ടാണെന്ന് ഒരു കാലഘട്ടത്തേക്കു നമുക്കു പൂർണമായും മനസ്സിലാകുന്നില്ലെങ്കിൽപോലും, പ്രശ്നങ്ങൾ പരിഹരിക്കാൻ നാം യഹോവയ്ക്കു സമയം നൽകണം. അതേ, ദൈവത്തിന്റെ മാർഗനിർദേശത്തിൽ നമുക്ക് ആശ്രയിക്കാൻ കഴിയും.—പുറപ്പാടു 15:2, 6; ആവർത്തനപുസ്തകം 13:4; യെശയ്യാവു 41:13.
[അടിക്കുറിപ്പ്]
a പീഹാഹീരോത്തിനെ സംബന്ധിച്ച കൂടുതലായ വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, (ഇംഗ്ലീഷ്) വാല്യം 2, പേജുകൾ 638-9 കാണുക.