വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 10/22 പേ. 12-15
  • സത്യം എനിക്കു ജീവൻ തിരിച്ചുനൽകി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യം എനിക്കു ജീവൻ തിരിച്ചുനൽകി
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മദ്യപാ​ന​വും മയക്കു​മ​രു​ന്നു​ക​ളും
  • അമ്മ കണ്ടുപി​ടി​ക്കു​ന്നു
  • വിശേ​ഷ​പ്പെട്ട സഹായം ലഭിക്കൽ
  • എന്നിട്ടും കുടും​ബ​ത്തി​ലെ തലതി​രിഞ്ഞ സന്തതി​ത​ന്നെ
  • ഞാൻ സത്യം ഏതാണ്ട്‌ കണ്ടെത്തി
  • സത്യത്താൽ രക്ഷിക്ക​പ്പെ​ടു​ന്നു
  • വേദന ഒഴിവാ​ക്കു​ക
  • ദൈവവുമായും എന്റെ അമ്മയുമായും ഞാൻ സമാധാനത്തിലായി
    2015 വീക്ഷാഗോപുരം
  • ഒരു അപൂർവ ക്രിസ്‌തീയ പൈതൃകം
    വീക്ഷാഗോപുരം—1993
  • മാതാ​വോ പിതാ​വോ രോഗി​യാ​ണെ​ങ്കിൽ
    യുവജനങ്ങൾ ചോദിക്കുന്നു
  • ആറു വയസ്സിൽ വെച്ച ഒരു ലക്ഷ്യത്തെ പിന്തുടരൽ
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
ഉണരുക!—1996
g96 10/22 പേ. 12-15

സത്യം എനിക്കു ജീവൻ തിരി​ച്ചു​നൽകി

എന്റെ പഴയ സുഹൃ​ത്തു​ക്ക​ളിൽ മിക്കവ​രും എയ്‌ഡ്‌സ്‌ മൂലം മരണമ​ട​ഞ്ഞി​ട്ടുണ്ട്‌. അവർ മരിക്കു​ന്ന​തി​നു മുമ്പ്‌ മിക്ക​പ്പോ​ഴും ഞാൻ അവരെ തെരു​വു​ക​ളിൽ കാണു​മാ​യി​രു​ന്നു. സത്യം ലഭിച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാനും മരിക്കു​മാ​യി​രു​ന്നു. ഞാൻ അതു വിവരി​ക്കാം.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്ത​മ്പ​ത്തി​നാല്‌ ഡിസംബർ 11-ന്‌ ജോണി​ന്റെ​യും ഡൊറത്തി ഹൊറി​യു​ടെ​യും രണ്ടു മക്കളിൽ ഇളയവ​ളാ​യി ഞാൻ ജനിച്ചു. അവർ എനിക്ക്‌ ഡളൊ​റസ്‌ എന്നു പേരിട്ടു. പക്ഷേ, ജനിച്ച​പ്പോൾതന്നെ മമ്മി എന്നെ ഡോളി എന്നാണു വിളി​ച്ചത്‌. കാരണം, ഞാൻ ഒരു പാവക്കു​ട്ടി​യെ​പ്പോ​ലെ​യി​രി​ക്കുന്ന​താ​യി അവർക്കു തോന്നി​യ​ത്രേ. ആ കളി​പ്പേരു തന്നെ എനിക്കു വീണു. പക്ഷേ, ഞാൻ മമ്മിയു​ടെ പേടി​സ്വ​പ്‌ന​മാ​യി മാറു​മെന്ന്‌ അപ്പോൾ ആരും അറിഞ്ഞി​രു​ന്നില്ല.

ഞങ്ങൾ ഒരു റെയിൽറോഡ്‌ അപ്പാർട്ടു​മെൻറി​ലാ​ണു താമസി​ച്ചി​രു​ന്നത്‌—വീതി​കു​റഞ്ഞ അതിന്റെ ഡിസൈൻ കാരണ​മാണ്‌ അതിന്‌ അങ്ങനെ പേരു വന്നത്‌. ന്യൂ​യോർക്ക്‌ നഗരത്തിൽ 61-ാമത്തെ തെരു​വി​ലാ​യി​രു​ന്നു അതു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. അപ്പാർട്ടു​മെൻറ്‌ അത്ര സുഖമുള്ള സ്ഥലമാ​യി​രു​ന്നില്ല; എലികൾക്കൊ​പ്പ​മാ​ണു ഞങ്ങൾ സ്ഥലം പങ്കിട്ടി​രു​ന്നത്‌. എങ്കിലും, ഒരു രാത്രി​യിൽ എനിക്കു കടി​യേ​റ്റ​തി​നെ തുടർന്ന്‌ ഞങ്ങൾ ഉടനടി അവിടം വിട്ടു.

1957-ൽ ഞങ്ങൾ മൻഹട്ടന്റെ തെക്കായി കിഴക്കു​വ​ശ​ത്തേക്കു മാറി​ത്താ​മ​സി​ച്ചു. മുമ്പു താമസി​ച്ചി​രു​ന്നി​ടത്തെ അപേക്ഷിച്ച്‌ ഇതു വളരെ നല്ലൊരു സ്ഥലമാ​യി​രു​ന്നു—നല്ല കിടപ്പു​മു​റി​ക​ളും എന്റെ ജന്നലിനു വെളി​യി​ലാ​യി ഒരു വലിയ പാർക്കും. കൂടാതെ, ഈസ്റ്റേൺ നദിയും കാണാ​മാ​യി​രു​ന്നു. ബോട്ടു​കൾ സഞ്ചരി​ക്കു​ന്ന​തും കുട്ടികൾ പാർക്കിൽ ഫുട്‌ബോ​ളും ബേസ്‌ബോ​ളും കളിക്കു​ന്ന​തു​മൊ​ക്കെ എനിക്കു കാണാ​മാ​യി​രു​ന്നു. അതേ, എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ ഒരു പറുദീസ തന്നെയാ​യി​രു​ന്നു. പിന്നെ, സുരക്ഷി​ത​മാ​യി​രുന്ന എന്റെ ലോകം ഇടിഞ്ഞു​വീ​ഴാൻ തുടങ്ങി.

മദ്യപാ​ന​വും മയക്കു​മ​രു​ന്നു​ക​ളും

മമ്മിയും ഡാഡി​യും ഏറെ തർക്കി​ക്കു​മാ​യി​രു​ന്നു. ആദ്യ​മൊ​ന്നും എനിക്ക​തി​ന്റെ കാരണം മനസ്സി​ലാ​യില്ല. എന്നാൽ പിന്നീട്‌, ഡാഡി എപ്പോ​ഴും മദ്യപി​ച്ചി​രു​ന്ന​താ​യി എന്റെ ശ്രദ്ധയിൽപെട്ടു. അദ്ദേഹ​ത്തി​നു തന്റെ ജോലി​യിൽ തുടരാ​നാ​യില്ല. മമ്മിക്കു മാത്രമേ ജോലി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഡാഡി ഒരു മദ്യപാ​നി​യാ​യി​രു​ന്നു​വെന്ന്‌ എന്റെ സുഹൃ​ത്തു​ക്കൾ മനസ്സി​ലാ​ക്കി​യ​പ്പോൾ എനി​ക്കേൽക്കേണ്ടി വന്ന പരിഹാ​സ​ശ​രങ്ങൾ എന്റെ ജീവി​തത്തെ ദുസ്സഹ​മാ​ക്കി​ത്തീർത്തു.

കാര്യങ്ങൾ കൂടുതൽ വഷളായി. ഒടുവിൽ ഡാഡി അക്രമാ​സ​ക്ത​നാ​യ​പ്പോൾ മമ്മി അദ്ദേഹത്തെ വീട്ടിൽനി​ന്നു പുറത്താ​ക്കി. അങ്ങനെ ഞങ്ങളു​ടേതു മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​മാ​യി​ത്തീർന്നു. എനിക്കന്ന്‌ എട്ടോ ഒമ്പതോ വയസ്സു കാണും. ഞങ്ങളുടെ വീട്ടിലെ അവസ്ഥ എന്നെ തകർത്തു​ക​ളഞ്ഞു. രണ്ടറ്റവും കൂട്ടി​മു​ട്ടി​ക്കാൻ മമ്മിക്കു തുടർച്ച​യാ​യി ജോലി ചെയ്യേ​ണ്ടി​വന്നു. സ്‌കൂൾ വിട്ടാൽ എന്നെയും ചേച്ചി​യെ​യും അയൽപ​ക്ക​ത്താണ്‌ ആക്കിയി​രു​ന്നത്‌.

ആറാം തരത്തി​ലാ​യ​തോ​ടെ ഞാൻ വല്ലാത്ത നിഷേ​ധി​യാ​യി​ത്തീർന്നു. ക്ലാസ്സു കട്ടു​ചെ​യ്‌ത്‌ ഞാൻ അടുത്തുള്ള ടോം​കിൻസ്‌ സ്‌ക്വയർ പാർക്കിൽ പോകും, എന്നിട്ട്‌ എല്ലാം മറക്കു​വോ​ളം മദ്യപി​ക്കാൻ ശ്രമി​ക്കും. താമസി​യാ​തെ, എന്നെക്കാൾ ഏറെ പ്രായ​മുള്ള സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​യി എന്റെ സഹവാസം. എനിക്ക്‌ 11 വയസ്സേ പ്രായ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. പക്ഷേ പ്രായ​ത്തെ​ക്കാൾ കവിഞ്ഞ വളർച്ച​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ എന്നെ കണ്ടാൽ 16 അല്ലെങ്കിൽ 17 വയസ്സു തോന്നു​മാ​യി​രു​ന്നു. ഈ പുതിയ സുഹൃ​ദ്വ​ലയം മദ്യപി​ക്കു​ക​യും മരിജ്വാ​ന പുകയ്‌ക്കു​ക​യും എൽഎസ്‌ഡി ഉപയോ​ഗി​ക്കു​ക​യും ഹെറോ​യിൻ കുത്തി​വെ​ക്കു​ക​യും ചെയ്‌തി​രു​ന്നു. എനിക്ക്‌ അവരോ​ടൊ​പ്പം ചേരണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഈ സാധന​ങ്ങ​ളെ​ല്ലാം ഞാൻ പരീക്ഷി​ച്ചു നോക്കി​ത്തു​ടങ്ങി. 14-ാമത്തെ വയസ്സോ​ടെ ഈ വസ്‌തു​ക്കൾ എനിക്ക്‌ ഒഴിച്ചു​കൂ​ടാൻ വയ്യെന്നാ​യി.

അമ്മ കണ്ടുപി​ടി​ക്കു​ന്നു

“നിന്നെ പ്രസവി​ച്ചതു ഞാനാ​ണെ​ങ്കിൽ കൊല്ലാ​നും എനിക്ക​റി​യാം.” ഞങ്ങളുടെ അയൽപ​ക്കത്ത്‌, മക്കൾ നിമിത്തം കഠിന വേദന​യും നിരാ​ശ​യും അനുഭ​വി​ച്ചി​രുന്ന അമ്മമാ​രു​ടെ ഒരു പറച്ചി​ലാ​യി​രു​ന്നു അത്‌. പൊതു​വേ വളരെ ശാന്തയും ആത്മനി​യ​ന്ത്രണം ഉണ്ടായി​രു​ന്ന​വ​ളു​മായ മമ്മി, 14 വയസ്സു​കാ​രി​യായ തന്റെ മകൾ ഹെറോ​യിൻ ഉപയോ​ഗി​ക്കു​ന്ന​താ​യി കണ്ടെത്തി​യ​പ്പോൾ ചെയ്യാൻ പോകു​ന്നത്‌ അതുത​ന്നെ​യാ​ണെന്നു പറഞ്ഞു—അതായത്‌ എന്നെ കൊല്ലാൻ പോകു​ക​യാ​ണെന്ന്‌.

ഞാൻ കുളി​മു​റി​യി​ലേക്ക്‌ ഓടി കുളി​ത്തൊ​ട്ടി​യിൽ ചവിട്ടി​പ്പി​ടി​ച്ചു​കൊ​ണ്ടു വാതിൽ അടച്ചു​കു​റ്റി​യി​ടാൻ ശ്രമിച്ചു. പക്ഷേ ഞാൻ വളരെ സാവധാ​ന​ത്തി​ലാ​യി​പ്പോ​യി. ഞാൻ ഇപ്പോൾ ശരിക്കും കുഴപ്പ​ത്തി​ലാ​യി​രി​ക്കു​ന്നു! ഏറ്റവും കഠിന​മായ പ്രഹരം എനിക്ക്‌ ഏൽക്കേ​ണ്ടി​വ​ന്നു​വെന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. ചേച്ചി​യും എന്നെ സംബന്ധിച്ച വിവരം നൽകിയ വ്യക്തി​യും ഒരുവി​ധ​ത്തിൽ കുളി​മു​റി​യിൽ കടന്ന്‌ അമ്മയെ തടഞ്ഞതു​കൊ​ണ്ടു മാത്ര​മാണ്‌ അവരുടെ ദേഷ്യ​ത്തിൽ നിന്ന്‌ എനിക്കു രക്ഷപ്പെ​ടാൻ സാധി​ച്ചത്‌. അങ്ങനെ ഞാൻ അപ്പാർട്ടു​മെൻറിൽ നിന്നു രക്ഷപ്പെട്ടു. ഒടുവിൽ ഞാൻ തിരിച്ചു വീട്ടി​ലെത്തി. ഞാൻ ഓടി​പ്പോ​യിട്ട്‌ ഏതാനും ദിവസ​ങ്ങ​ളാ​യി​രു​ന്നു. എന്റെ മയക്കു​മ​രു​ന്നു പ്രശ്‌ന​ത്തി​നാ​യി എന്തെങ്കി​ലും സഹായം സ്വീക​രി​ക്കാൻ ഞാൻ സമ്മതിച്ചു.

വിശേ​ഷ​പ്പെട്ട സഹായം ലഭിക്കൽ

ഏതാനും മാസങ്ങൾക്കു ശേഷം, ടിവി-യിൽ മയക്കു​മ​രു​ന്നു ചികി​ത്സാ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു പരസ്യം ഞാൻ കണ്ടു. മയക്കു​മ​രു​ന്നു പ്രശ്‌ന​ങ്ങളെ തരണം ചെയ്യാൻ യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അവിടെ അതു ലഭ്യമാണ്‌. ഞാൻ കണ്ട കാര്യ​ത്തെ​ക്കു​റി​ച്ചു മമ്മിയു​മാ​യി ചർച്ച ചെയ്‌തു. ന്യൂ​യോർക്ക്‌ നഗരത്തി​ലുള്ള അവരുടെ സ്ഥാപന​ങ്ങ​ളി​ലൊ​ന്നി​ലേക്കു മമ്മി എന്നെ അയച്ചു. അവി​ടെ​യുള്ള കുടും​ബ​സ​മാ​ന​മായ അന്തരീക്ഷം, തങ്ങളുടെ മുഴു ജീവി​ത​രീ​തി​ക്കും മാറ്റം വരുത്തു​ന്ന​തി​നുള്ള പ്രചോ​ദനം ആളുകൾക്കു പ്രദാനം ചെയ്യുന്നു. ഞാൻ അവിടെ രണ്ടര വർഷ​ത്തോ​ളം താമസി​ച്ചു.

പ്രദാനം ചെയ്യപ്പെട്ട സഹായം വഴി എനിക്കു പ്രയോ​ജനം ലഭി​ച്ചെ​ങ്കിൽത​ന്നെ​യും, ഞാൻ വിശ്വ​സി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്‌തി​രു​ന്നവർ—മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌ ഉപേക്ഷി​ച്ച​താ​യി കരുതി​യി​രു​ന്നവർ—അതു വീണ്ടും ഉപയോ​ഗി​ക്കു​ന്ന​താ​യി ഞാൻ മനസ്സി​ലാ​ക്കി​യ​പ്പോൾ എനിക്ക്‌ അതിയായ നിരാശ തോന്നി. ഞാൻ വഞ്ചിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌, വിഡ്‌ഢി​യാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ എനിക്കു തോന്നി. “ഒരിക്കൽ ആസക്തനാ​യവൻ എപ്പോ​ഴും ആസക്തനാണ്‌” എന്ന പഴഞ്ചൊല്ല്‌ ഒരു കള്ളമാ​ണെന്ന്‌ അവർ ഞങ്ങളെ പഠിപ്പി​ച്ചി​രു​ന്നു. പക്ഷേ അത്‌ അങ്ങനെ​യ​ല്ലെ​ന്ന​തി​നുള്ള ജീവി​ക്കുന്ന തെളി​വാ​യി ഞാൻ ഇപ്പോൾ അവരെ വീക്ഷിച്ചു.

എങ്കിലും, 17 വയസ്സു​ള്ള​പ്പോൾ മയക്കു​മ​രു​ന്നിൽ നിന്നു വിമു​ക്ത​യാ​യി, ഹെറോ​യിൻ ഒരിക്ക​ലും ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ എന്നാലാ​വു​ന്ന​തെ​ല്ലാം ചെയ്യു​മെന്ന ദൃഢനി​ശ്ച​യ​ത്തോ​ടെ ഞാൻ വീട്ടിൽ തിരി​ച്ചെത്തി. ഇതിനി​ടെ അമ്മയും ചേച്ചി​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തു ബൈബിൾ പഠനം ആരംഭി​ച്ചി​രു​ന്നു.

എന്നിട്ടും കുടും​ബ​ത്തി​ലെ തലതി​രിഞ്ഞ സന്തതി​ത​ന്നെ

മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്നതു നിറു​ത്തി​യെ​ങ്കി​ലും അപ്പോ​ഴും ഞാൻ വീട്ടിലെ തലതി​രിഞ്ഞ സന്തതി​ത​ന്നെ​യാ​ണെന്ന്‌ എനിക്കു തോന്നി. പുകവലി പാടില്ല, ഡിസ്‌കോ​യിൽ പങ്കെടു​ക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെ​ടുന്ന വീട്ടു​കാ​രു​ടെ പുതിയ ചട്ടങ്ങൾക്ക​നു​സ​രി​ച്ചു ഞാൻ ജീവി​ക്കാൻ തയ്യാറാ​കാ​ത്ത​താ​യി​രു​ന്നു ഇതിനു കാരണം. എന്റെ സഹവാ​സ​ത്തി​നും ലൗകിക മനോ​ഭാ​വ​ത്തി​നും മാറ്റം വരുത്താൻ വിസമ്മ​തി​ച്ചതു മൂലം, താമസി​യാ​തെ മമ്മി എന്നെ അപ്പാർട്ടു​മെൻറിൽനി​ന്നു പുറത്താ​ക്കി. ഇക്കാര​ണ​ത്താൽ ഞാൻ അവരെ ശരിക്കും വെറുത്തു. എന്നാൽ, യഥാർഥ​ത്തിൽ എനിക്കു​വേണ്ടി അവർക്കു ചെയ്യാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും നല്ല കാര്യ​മാ​യി​രു​ന്നു അത്‌. നീതി​പൂർവ​ക​മായ തത്ത്വങ്ങ​ളിൽ അവർ അടിയു​റച്ചു നിന്നു. ഒരിക്ക​ലും അവർ ആടിയു​ല​ഞ്ഞില്ല.

അങ്ങനെ ഒരു പുതിയ, മെച്ചപ്പെട്ട ജീവിതം കെട്ടി​പ്പ​ടു​ക്കാൻ ഞാൻ വീടു​വി​ട്ടി​റങ്ങി. ഒരു തൊഴിൽ പഠിക്കു​ന്ന​തി​നു ഞാൻ തിരികെ വിദ്യാ​ല​യ​ത്തി​ലെത്തി. കോ​ളെജ്‌ പഠനം തുടരാ​നുള്ള പണത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌. ഞാൻ അതിൽ തികച്ചും വിജയി​ച്ചു. അങ്ങനെ ഞാൻ സമുദാ​യ​ത്തി​നു പ്രയോ​ജ​ന​മുള്ള ഒരു വ്യക്തി​യാ​യി​ത്തീർന്നു. നല്ല വരുമാ​ന​മുള്ള ഒരു തൊഴി​ലും സ്വന്തമായ ഒരു അപ്പാർട്ടു​മെൻറും ഞാൻ നേടി​യെ​ടു​ത്തു. പിന്നീട്‌, എന്റെ ഒരു പഴയ കൂട്ടു​കാ​രനെ കണ്ടുമു​ട്ടി​യ​തോ​ടെ അനുരാ​ഗ​വും തളിരി​ട്ടു. ഞങ്ങൾ ബന്ധം പുതുക്കി, കാര്യ​ങ്ങ​ളെ​ല്ലാം ശരിയായ വിധത്തിൽ ചെയ്‌തു വിവാ​ഹി​ത​രാ​കാൻ തീരു​മാ​നി​ച്ചു.

എന്നാൽ, ക്രമേണ എന്റെ കാമുകൻ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കാൻ ആരംഭി​ച്ചു. ഞങ്ങൾ രണ്ടു​പേ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം കാര്യങ്ങൾ വഷളാ​കാൻ തുടങ്ങി. വൈകാ​രി​ക​മായ വേദന സഹിക്കാൻ വയ്യാതാ​യ​പ്പോൾ എനിക്ക്‌ ഏറ്റവും നന്നായി​ട്ട​റി​യാ​വുന്ന കാര്യം ഞാൻ ചെയ്‌തു—എന്റെ സങ്കടങ്ങൾ ശമിപ്പി​ക്കാൻ ഞാൻ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചു. ഞാൻ കൊ​ക്കെയ്‌ൻ ഉപയോ​ഗി​ക്കാൻ തുടങ്ങി. സമ്പന്നന്റെ ലഹരി എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ അതെനി​ക്കു പ്രദാനം ചെയ്‌തു. കൊ​ക്കെ​യ്‌ന്‌ അന്ന്‌ ഏറെ പ്രചാരം ലഭിച്ചി​രു​ന്നു. കാരണം, അത്‌ ആസക്തി​യു​ള​വാ​ക്കു​ന്ന​താ​ണെന്നു പലരും വിചാ​രി​ച്ചി​രു​ന്നില്ല. പക്ഷേ, എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു ഹെറോ​യി​നെ​ക്കാൾ മോശ​മായ ഒന്നാ​ണെന്നു തെളിഞ്ഞു.

1970-കളുടെ മധ്യത്തിൽ ഞാൻ കൊ​ക്കെ​യ്‌ന്‌ അടിമ​യാ​യിട്ട്‌ ഏതാണ്ടു മൂന്നു വർഷമാ​യി​രു​ന്നു. ഒടുവിൽ, ഞാൻ ഉൾപ്പെ​ട്ടി​രുന്ന ആ ദൂഷിത വലയം ഞാൻ കാണാൻ തുടങ്ങി. ‘ജീവി​ത​ത്തിൽ ഇത്ര​യൊ​ക്കെയേ ഉള്ളോ?’ എന്നു ഞാൻ ചിന്തിച്ചു തുടങ്ങി. ഇത്ര​യൊ​ക്കെയേ ഉള്ളു​വെ​ങ്കിൽ ജീവിതം മടുത്തു​ക​ഴി​ഞ്ഞു എന്നു ഞാൻ നിഗമനം ചെയ്‌തു. ഞാൻ തിരിച്ചു മമ്മിയു​ടെ അടുക്കൽ ചെന്ന്‌ ഈ ജീവി​ത​രീ​തി എനിക്കു മതിയാ​യെ​ന്നും ഞാൻ തിരിച്ച്‌ ആ മയക്കു​മ​രു​ന്നു ചികി​ത്സാ​കേ​ന്ദ്ര​ത്തി​ലേക്കു പോവു​ക​യാ​ണെ​ന്നും പറഞ്ഞു. അവിടെ ഒന്നര വർഷം ചെലവ​ഴിച്ച ശേഷം വീണ്ടും ഞാൻ മയക്കു​മ​രു​ന്നു​ക​ളിൽ നിന്നു വിമു​ക്ത​യാ​യി.

ഞാൻ സത്യം ഏതാണ്ട്‌ കണ്ടെത്തി

വീണ്ടും നല്ല വരുമാ​ന​മു​ള്ളൊ​രു തൊഴി​ലും മനോ​ഹ​ര​മായ ഒരു അപ്പാർട്ടു​മെ​ന്റും ഞാൻ നേടി​യെ​ടു​ത്തു. കൂടാതെ, ഒരു കാമു​ക​നെ​യും. ഞങ്ങൾ വിവാ​ഹി​ത​രാ​കാൻ തീരു​മാ​നി​ച്ചു. ഈ സമയ​മെ​ല്ലാം മമ്മി ക്രമമാ​യി ഞാനു​മാ​യി സമ്പർക്കം പുലർത്തി​യി​രു​ന്നു. അവർ എന്നോടു ബൈബി​ളി​നെ​ക്കു​റി​ച്ചു പറയു​മാ​യി​രു​ന്നു. കൂടാതെ, വീക്ഷാ​ഗോ​പു​രം, ഉണരുക! എന്നീ മാസി​ക​ക​ളും അയച്ചു തരുമാ​യി​രു​ന്നു. പക്ഷേ ഞാൻ ഒരിക്ക​ലും അവ തിരി​ഞ്ഞു​നോ​ക്കി​യില്ല. വിവാ​ഹി​ത​യാ​യി ഒരു കുടും​ബ​മാ​യി ജീവി​ക്കാ​നുള്ള എന്റെ പദ്ധതി​ക​ളെ​ക്കു​റി​ച്ചു ഞാൻ മമ്മി​യോ​ടു പറഞ്ഞു. അതു​കൊണ്ട്‌ അവർ എനിക്ക്‌ ഒരു പുസ്‌തകം അയച്ചു​തന്നു. എന്റെ ജീവി​തത്തെ എന്നേക്കു​മാ​യി മാറ്റി​മ​റിച്ച, നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ എന്ന പുസ്‌തകം.

ഈ പുസ്‌തകം വായി​ക്കവേ, എനിക്കു വേണ്ടത്‌ എന്താ​ണെ​ന്നും അതു തേടി തെറ്റായ വഴിയി​ലൂ​ടെ​യാ​ണു ഞാൻ സഞ്ചരി​ച്ചി​രു​ന്ന​തെ​ന്നും എനിക്കു മനസ്സി​ലാ​യി. ഒടുവിൽ, എന്റെ വികാ​ര​വി​ചാ​ര​ങ്ങ​ളും എന്റെ ഹൃദയ​ത്തി​ലെ യഥാർഥ തോന്ന​ലു​ക​ളും ഒരാൾക്കു മനസ്സി​ലാ​യി​രി​ക്കു​ന്നു. എനിക്കു​ണ്ടാ​യി​രുന്ന ആ വിചാ​രങ്ങൾ നിമിത്തം ഞാൻ ഒരു വിചിത്ര മനുഷ്യ​ജീ​വി​യൊ​ന്നു​മാ​യി​രു​ന്നില്ല—ഞാൻ ഒരു സാധാരണ വ്യക്തി​യാ​യി​രു​ന്നു! എങ്കിലും, കുടും​ബ​ജീ​വി​തം പുസ്‌ത​ക​വും ബൈബി​ളും കാണി​ച്ചു​കൊ​ടു​ത്ത​പ്പോൾ ഞാനു​മാ​യി ബന്ധമു​ണ്ടാ​യി​രുന്ന വ്യക്തി എന്നെ പരിഹ​സി​ച്ചു. ഒരു സന്തുഷ്ട കുടും​ബ​ജീ​വി​തം ആസ്വദി​ക്കാൻ ആവശ്യ​മായ മാറ്റങ്ങൾ അയാൾ വരുത്തു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ എനിക്കു പ്രയാ​സ​ക​ര​മായ ഒരു തീരു​മാ​നം എടു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു—ഒന്നുകിൽ അയാ​ളോ​ടൊ​ത്തു താമസി​ക്കുക അല്ലെങ്കിൽ അയാളെ ഉപേക്ഷി​ക്കുക. അയാളെ ഉപേക്ഷി​ച്ചു പോകാ​നുള്ള സമയമാ​യെന്നു ഞാൻ തീരു​മാ​നി​ച്ചു.

എന്റെ കാമുകൻ കുപി​ത​നാ​യി. ഒരു ദിവസം വീട്ടിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ, റേസർ ഉപയോ​ഗിച്ച്‌ എന്റെ വസ്‌ത്ര​ങ്ങ​ളെ​ല്ലാം അയാൾ തുണ്ടു​തു​ണ്ടാ​യി കീറി​യി​രി​ക്കു​ന്ന​താ​യി ഞാൻ കണ്ടെത്തി. എനിക്കു സ്വന്തമാ​യി​ട്ടു​ണ്ടാ​യി​രുന്ന ഏതാണ്ട്‌ എല്ലാം​തന്നെ—ഷൂസുകൾ, കോട്ടു​കൾ, ഗൃഹോ​പ​ക​ര​ണങ്ങൾ എന്നിവ​യെ​ല്ലാം—നഷ്ടമായി, അവയെ​ല്ലാം കീറി​മു​റി​ക്കു​ക​യോ വിൽക്കു​ക​യോ ചെയ്‌തി​രു​ന്നു. ഉടുതു​ണി മാത്രമേ ബാക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എനിക്കു മരിച്ചാൽ മതി​യെ​ന്നാ​യി. ചില​പ്പോൾ ജീവി​ത​ത്തിൽ പടവെട്ടി പടവെട്ടി നിങ്ങൾ തളർന്നു​പോ​കു​ന്നു. അങ്ങനെ അതിനെ തരണം ചെയ്യാൻ എപ്പോ​ഴും ചെയ്‌തു​കൊ​ണ്ടി​രുന്ന മാർഗം തന്നെ നിങ്ങൾ അവലം​ബി​ക്കു​ന്നു—മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചു വേദന ശമിപ്പി​ക്കു​ന്നു. ഒന്നുകിൽ അങ്ങനെ ചെയ്യുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്നു ഞാൻ തീരു​മാ​നി​ച്ചു.

ഞാൻ മയക്കു​മ​രു​ന്നു​കൾ വീണ്ടും ഉപയോ​ഗി​ച്ചു തുടങ്ങി​യെ​ങ്കി​ലും മമ്മി ഒരിക്ക​ലും പിൻവാ​ങ്ങി​യില്ല. അവർ എന്നെ സന്ദർശി​ക്കു​ക​യും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും പ്രതികൾ കൊണ്ടു​വ​രു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഒരു സന്ധ്യയ്‌ക്കു സംഭാ​ഷ​ണ​ത്തി​നി​ട​യിൽ എന്റെ തോന്ന​ലു​ക​ളെ​ക്കു​റി​ച്ചു ഞാൻ അവരോ​ടു പറഞ്ഞു—പരീക്ഷ​ണങ്ങൾ നടത്തി ഞാൻ തളർന്നി​രി​ക്കു​ന്നെ​ന്നും എനിക്കു മതിയാ​യെ​ന്നും ഞാൻ പറഞ്ഞു. അവർ വളച്ചു​കെ​ട്ടി​ല്ലാ​തെ പറഞ്ഞു: “നീ മറ്റുള്ള​തെ​ല്ലാം പരീക്ഷി​ച്ചു​നോ​ക്കി, യഹോ​വ​യ്‌ക്ക്‌ ഒരവസരം എന്തു​കൊ​ണ്ടു നൽകി​ക്കൂ​ടാ?”

സത്യത്താൽ രക്ഷിക്ക​പ്പെ​ടു​ന്നു

1982-ലാണു വർഷങ്ങ​ളാ​യി അവർ ചെയ്യാൻ പ്രേരി​പ്പി​ക്കുന്ന ആ സംഗതി ചെയ്യാൻ ഞാൻ സമ്മതി​ക്കു​ന്നത്‌. ഞാൻ ഗൗരവ​മാ​യി ബൈബിൾ പഠിക്കാൻ തുടങ്ങി. താമസി​യാ​തെ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന കാര്യങ്ങൾ നിമിത്തം എനിക്കു വളരെ ഉത്സാഹം അനുഭ​വ​പ്പെട്ടു. എന്റെ ജീവൻ യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​താ​ണെ​ന്നും ജീവി​ത​ത്തിന്‌ ഒരു യഥാർഥ ഉദ്ദേശ്യ​മു​ണ്ടെ​ന്നും ഞാൻ വിലമ​തി​ക്കാൻ തുടങ്ങി. പക്ഷേ, ഞാൻ യഹോ​വയെ സേവി​ക്കാൻ പോകു​ക​യാ​ണെ​ങ്കിൽ വളരെ​യ​ധി​കം മാറ്റങ്ങൾ വരുത്ത​ണ​മെ​ന്നും എനിക്കു വൈകാ​രി​ക​വും ആത്മീയ​വു​മായ പിന്തുണ ആവശ്യ​മാ​ണെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ വീട്ടി​ലേക്കു തിരി​ച്ചു​വ​ര​ട്ടേ​യെന്നു ഞാൻ മമ്മി​യോ​ടു ചോദി​ച്ചു.

മമ്മി ജാഗരൂ​ക​യാ​യി​രു​ന്നു. കാരണം, ഞാൻ അവരെ കൂടെ​ക്കൂ​ടെ നിരാ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന​ല്ലോ. അവരോ​ടൊ​പ്പം താമസി​ക്കാ​നുള്ള എന്റെ അഭ്യർഥ​ന​യെ​ക്കു​റിച്ച്‌ അവർ ഒരു ക്രിസ്‌തീയ മൂപ്പനു​മാ​യി സംസാ​രി​ച്ചു. ഇക്കുറി ഞാൻ യഥാർഥ​ത്തിൽ മാറ്റം വരുത്തി​യേ​ക്കാ​മെന്ന തോന്നൽ മമ്മിക്കു​ണ്ടെന്ന്‌ മനസ്സി​ലാ​ക്കി അദ്ദേഹം ഇങ്ങനെ പറഞ്ഞു​കൊ​ണ്ടു പ്രോ​ത്സാ​ഹി​പ്പി​ച്ചു: “എന്തു​കൊണ്ട്‌ അവൾക്കു മറ്റൊ​ര​വ​സരം കൊടു​ത്തു​കൂ​ടാ?”

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ഇക്കുറി ഞാൻ മമ്മിയെ നിരാ​ശ​പ്പെ​ടു​ത്തി​യില്ല. ഞാൻ ബൈബിൾ പഠനം തുടരു​ക​യും ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ക്രമമാ​യി സംബന്ധി​ച്ചു തുടങ്ങു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ഞാൻ ജീവി​ത​രീ​തി അപ്പാടെ മാറ്റി. ബൈബിൾ, അതായത്‌, ദൈവ​ത്തി​ന്റെ സത്യവ​ചനം പ്രദാനം ചെയ്‌ത ഉപദേശം ദുർഘ​ട​സ​മ​യ​ങ്ങളെ തരണം ചെയ്യാൻ എന്നെ പ്രാപ്‌ത​യാ​ക്കി. (യോഹ​ന്നാൻ 17:17) സിഗററ്റ്‌ വലിക്കു​ന്ന​തു​പോ​ലും ഞാൻ നിറുത്തി. ഹെറോ​യി​ന്റെ​യും കൊ​ക്കെ​യ്‌ന്റെ​യും ആസക്തിയെ തരണം ചെയ്യു​ന്ന​തി​നെ​ക്കാൾ ദുഷ്‌ക​ര​മാ​യി​രു​ന്നു അത്‌. ജീവി​ച്ചി​രി​ക്കു​ന്ന​തിൽ ആദ്യമാ​യി എനിക്ക്‌ ശരിക്കും സന്തോഷം തോന്നി.

ഏതാനും മാസങ്ങൾക്കു​ശേഷം 1983 ഡിസംബർ 24-ന്‌ യഹോ​വ​യ്‌ക്കുള്ള സമർപ്പണം ഞാൻ ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി. പിൻവന്ന ഏപ്രി​ലിൽ ഞാൻ ശുശ്രൂ​ഷ​യു​ടെ വർധിച്ച രൂപമായ സഹായ പയനി​യ​റിങ്‌ ആരംഭി​ച്ചു. ആദ്യ​മൊ​ക്കെ ഞാൻ വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​ന്നതു കണ്ടപ്പോൾ പഴയ സുഹൃ​ത്തു​ക്കൾ എന്നെ കളിയാ​ക്കി. അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ മുന്നറി​യി​പ്പു നൽകി​യ​തു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു അത്‌: “ദുർന്ന​ട​പ്പി​ന്റെ അതേ കവിച്ച​ലിൽ നിങ്ങൾ അവരോ​ടു ചേർന്നു നടക്കാ​തി​രി​ക്കു​ന്നതു അപൂർവ്വം എന്നു​വെച്ചു അവർ ദുഷി​ക്കു​ന്നു.”—1 പത്രൊസ്‌ 4:4.

1984 സെപ്‌റ​റം​ബ​റിൽ ഞാൻ ഒരു നിരന്തര പയനി​യ​റാ​യി. താമസി​യാ​തെ, ഞാൻ പത്തു പ്രതി​വാര ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ തുടങ്ങി. ഇവയിൽ ചില അധ്യയ​നങ്ങൾ നടത്തി​യി​രു​ന്നത്‌, ഞാൻ ശുശ്രൂ​ഷ​യിൽ ഏർപ്പെട്ട സമയത്ത്‌ എന്നെ കളിയാ​ക്കിയ ആളുക​ളു​മൊ​ത്താ​യി​രു​ന്നു. എന്റെ ജീവി​ത​ത്തിൽ ആവേശം പകരുന്ന ഒരു സമയമാ​യി​രു​ന്നു ഇത്‌. കാരണം, സത്യത്തെ പുൽകാൻ തക്കവണ്ണം യുവജ​ന​ങ്ങ​ളിൽ പലരെ​യും സഹായി​ക്കാൻ എനിക്കു കഴിഞ്ഞു. കുട്ടി​ക​ളു​ണ്ടാ​കാ​നും ഒരമ്മയാ​കാ​നും ഞാൻ എപ്പോ​ഴും ആഗ്രഹി​ച്ചി​രു​ന്നു. ആലങ്കാ​രി​ക​മായ അർഥത്തിൽ ആത്മീയ മക്കളുടെ അമ്മയാ​യി​രി​ക്കു​ന്നതു നിരന്ത​ര​മായ സന്തോ​ഷ​ത്തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 4:15 താരത​മ്യം ചെയ്യുക.

വർഷങ്ങൾ കടന്നു​പോ​കവേ, ഒരിക്കൽ എന്നോ​ടൊ​ത്തു മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചി​രുന്ന പഴയ സുഹൃ​ത്തു​ക്കളെ ഞാൻ വീടി​ന​ടു​ത്തുള്ള തെരു​വു​ക​ളിൽ കാണു​മാ​യി​രു​ന്നു. മയക്കു​മ​രു​ന്നു​കൾ കുത്തി​വെ​ക്കാൻ ഉപയോ​ഗി​ക്കുന്ന സൂചികൾ രോഗ​ബാ​ധി​ത​രായ ആളുക​ളു​മാ​യി പങ്കിട്ട​തു​കൊണ്ട്‌ അവർക്ക്‌ എയ്‌ഡ്‌സ്‌ പിടി​പെ​ട്ടി​രു​ന്നു. അവരുടെ രൂപം വല്ലാത്ത​താ​യി​രു​ന്നു. ഒട്ടേറെ പേർ മരണമ​ട​ഞ്ഞി​രി​ക്കു​ന്നു. ബൈബിൾ സത്യം ലഭിച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ സാധ്യ​ത​യ​നു​സ​രി​ച്ചു ഞാനും മരിക്കു​മാ​യി​രു​ന്നു​വെന്ന്‌ എനിക്ക​റി​യാം. വാസ്‌ത​വ​ത്തിൽ അത്‌ എനി​ക്കെന്റെ ജീവൻ തിരി​ച്ചു​നൽകി​യി​രി​ക്കു​ന്നു.

വേദന ഒഴിവാ​ക്കു​ക

കുട്ടി​യാ​യി​രി​ക്കു​മ്പോൾതന്നെ സത്യം അറിഞ്ഞി​രു​ന്നു​വെ​ങ്കിൽ, അതുവഴി വേദന​യും കഷ്ടപ്പാ​ടും നിറഞ്ഞ ഒരു ജീവിതം ഒഴിവാ​ക്കാ​മാ​യി​രു​ന്നു​വ​ല്ലോ എന്നു ഞാൻ പലപ്പോ​ഴും ആഗ്രഹി​ച്ചി​ട്ടുണ്ട്‌. വഴിപി​ഴച്ച യൗവന​ത്തിൽനി​ന്നു​ള​വായ വേദനകൾ തരണം ചെയ്യാൻ ഇപ്പോൾ യഹോവ എന്നെ സഹായി​ക്കു​ന്നു. പക്ഷേ, വൈകാ​രിക ക്ഷതങ്ങൾ പൂർണ​മാ​യും സൗഖ്യ​മാ​ക്ക​പ്പെ​ട​ണ​മെ​ങ്കിൽ എനിക്കു പുതിയ വ്യവസ്ഥി​തി വരെ കാത്തി​രി​ക്കേ​ണ്ടി​വ​രും. (വെളി​പ്പാ​ടു 21:3, 4) യഹോ​വയെ അറിയു​ക​യും അവൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കാൻ വേണ്ട സഹായം അവന്റെ സ്ഥാപന​ത്തിൽനി​ന്നു ലഭിക്കു​ക​യും ചെയ്യു​ന്ന​തിൽ യുവജ​നങ്ങൾ അനുഗൃ​ഹീ​ത​രാ​ണെന്നു ഞാൻ അവരോട്‌ ആത്മാർഥ​മാ​യി പറയാൻ ആഗ്രഹി​ക്കു​ന്നു.

ലോകം വളരെ വശ്യവും ആകർഷ​ക​വു​മാ​യി തോന്നി​യേ​ക്കാം. വേദന​യി​ല്ലാ​തെ അതിന്റെ രസം നുകരാ​നാ​വു​മെന്നു നിങ്ങൾ വിശ്വ​സി​ക്കാൻ അത്‌ ആഗ്രഹി​ക്കു​ന്നു. പക്ഷേ അതു തീർച്ച​യാ​യും സാധ്യമല്ല. ലോകം നിങ്ങളെ മുത​ലെ​ടു​ക്കും; മതിയാ​കു​മ്പോൾ വലി​ച്ചെ​റി​യും. പിശാ​ചാണ്‌ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പ​നെ​ന്നും—തീർച്ച​യാ​യും അതിന്റെ ദൈവ​മെ​ന്നും—ലോക​ത്തെ​യും അതിലു​ള്ള​തി​നെ​യും സ്‌നേ​ഹി​ക്ക​രു​തെ​ന്നും ബൈബിൾ പറയു​ന്നതു സത്യമാണ്‌. (യോഹ​ന്നാൻ 12:31; 14:30; 16:11; 2 കൊരി​ന്ത്യർ 4:4; 1 യോഹ​ന്നാൻ 2:15-17; 5:19) ലൗകി​ക​രായ ആളുകൾ ജീർണ​ത​യു​ടെ അടിമ​ക​ളാ​യി വർത്തി​ക്കു​ന്ന​തു​കൊണ്ട്‌ അവരുടെ സഹവാസം നിങ്ങൾക്കു യഥാർഥ സന്തോഷം കൈവ​രു​ത്തു​ക​യില്ല.—2 പത്രൊസ്‌ 2:19.

എന്നെക്കു​റി​ച്ചു​ത​ന്നെ​യുള്ള ഈ കാര്യങ്ങൾ വിവരി​ക്കു​ന്നത്‌, “സാക്ഷാ​ലുള്ള ജീവൻ”—ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വൻ—മാത്ര​മാ​ണു കിണഞ്ഞു​പ​രി​ശ്ര​മി​ക്കാൻ തക്കവി​ല​യു​ള്ളത്‌ എന്നു കാണാൻ ആളുകളെ സഹായി​ക്കു​മെ​ന്നാണ്‌ എന്റെ പ്രതീക്ഷ. സത്യത്തിൽ സഞ്ചരി​ക്കവേ കുന്നും കുഴി​യും താണ്ടേണ്ടി വന്നാലും വേലി​ക്ക​പ്പു​റ​ത്തുള്ള, അതായത്‌ സാത്താന്റെ ലോക​ത്തി​ലുള്ള പുല്ല്‌ കൂടുതൽ പച്ചയാ​ണെന്നു വിചാ​രി​ക്ക​രുത്‌. സാത്താൻ അങ്ങനെ തോന്നി​പ്പി​ക്കു​ന്ന​താണ്‌. എന്റെ എല്ലാ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടു​മൊ​പ്പം സാക്ഷാ​ലുള്ള ജീവനിൽ, അതേ, പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കാൻ കഴിയണേ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:19)—ഡോളി ഹോറി പറഞ്ഞ​പ്ര​കാ​രം.

[15-ാം പേജിലെ ചിത്രം]

അമ്മയോടൊപ്പം ടോം​കിൻസ്‌ സ്‌ക്വയർ പാർക്കിൽ സാക്ഷീ​ക​രണം നടത്തുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക