“നിങ്ങൾ ഉണരുക! പരിശോധിക്കുന്നതായിരിക്കും ഏറെ നല്ലത്”
ഇറ്റലിയിലെ ബാറിയിൽ ഒരു കോളെജ് കോഴ്സിനു പഠിക്കുകയായിരുന്ന, യഹോവയുടെ ഒരു യുവസാക്ഷിയായ പാസ്ക്വാലെ തന്റെ മനശ്ശാസ്ത്ര അധ്യാപികയോടു മയക്കുമരുന്ന് ആസക്തിയെക്കുറിച്ച് അവരുടെ പക്കൽ ഉണ്ടായിരുന്ന ചില കുറിപ്പുകൾ ചോദിച്ചപ്പോൾ അവനോടു പറയപ്പെട്ടത് അപ്രകാരമാണ്. പക്ഷേ കഴിഞ്ഞകാലത്ത് ഈ അധ്യാപിക യഹോവയുടെ സാക്ഷികളോടു മുൻവിധി കാട്ടിയിരുന്നു. അവരുടെ മനോഭാവം മാറാൻ ഇടയാക്കിയത് എന്തായിരുന്നു?
പാസ്ക്വാലെ ഇപ്രകാരം വിശദീകരിച്ചു: “ഒരു ബിരുദാനന്തര ബിരുദത്തിന് ആ അധ്യാപിക തയ്യാറാക്കിക്കൊണ്ടിരുന്ന പ്രബന്ധത്തിന്റെ വിഷയമായ ശിശുദ്രോഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിൽ സഹായിക്കാൻ ക്ലാസ്സിന്റെ അവസാനം അവർ തന്റെ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ഇതും, ‘ലൈംഗിക വിദ്യാഭ്യാസം—ആർ അതു നൽകണം?’ (ഫെബ്രുവരി 22, 1992, ഇംഗ്ലീഷ്) എന്നതുപോലുള്ള ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചചെയ്യുന്ന ഏതാനും ഉണരുക! ലേഖനങ്ങൾ ഞാൻ ഓർമിച്ചു. എന്നാൽ സാക്ഷികളോടുള്ള എന്റെ അധ്യാപികയുടെ മുൻവിധിയെക്കുറിച്ച് അറിയാമായിരുന്നതിനാൽ അവർക്കു മാസികകൾ കൊടുക്കാൻ ഞാൻ ഒരു സഹപാഠിയോടു പറഞ്ഞു.”
ഏതാനും ദിവസങ്ങൾക്കു ശേഷം, മയക്കുമരുന്ന് ആസക്തിയെക്കുറിച്ചു തനിക്ക് ആവശ്യമുണ്ടായിരുന്ന വിവരങ്ങൾ ലഭിക്കുന്നതിനെ സംബന്ധിച്ച് അവന്റെ അധ്യാപിക ചോദിച്ചപ്പോൾ എന്തുസംഭവിച്ചെന്നു പാസ്ക്വാലെ വിശദീകരിക്കുന്നു: “അവർ ഉടനെ മറുപടി നൽകിയില്ല. മറിച്ച് അവർ എഴുന്നേറ്റ് എനിക്കു ഹസ്തദാനം ചെയ്യാനായി വന്നു. യഹോവയുടെ സാക്ഷികളുടെ മാസിക സ്വീകരിക്കാൻ താൻ മുമ്പ് ആഗ്രഹിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. കാരണം അവർ അവയെ തികച്ചും വിജ്ഞാനരഹിതവും ബാലിശവുമായി പരിഗണിച്ചിരുന്നു. പക്ഷേ അവർ അവ വായിച്ചതിനു ശേഷം തന്റെ മനസ്സുമാറ്റി. സാമൂഹിക വീക്ഷണകോണത്തിലൂടെ നോക്കുമ്പോൾ ആ മാസികയിലെ വിവരങ്ങൾ ഏറ്റവും ഉപയോഗപ്രദമാണെന്നു കണ്ടെത്തിയതായി അവർ പറഞ്ഞു. തന്റെ പ്രബന്ധത്തിൽ ഉണരുക!യിൽ നിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്താൻ പോവുകയാണെന്ന് അവർ പറഞ്ഞു.”
മയക്കുമരുന്ന് ആസക്തിയെക്കുറിച്ചുള്ള വിവരങ്ങൾക്കു വേണ്ടിയുള്ള പാസ്ക്വാലെയുടെ അഭ്യർഥന സംബന്ധിച്ചെന്ത്? “ഞാൻ തികഞ്ഞ മനസ്സോടെ അവ നിനക്കു തരാം, എന്നാൽ, ഉണരുക! പരിശോധിക്കുന്നതായിരിക്കും ഏറെ നല്ലത്. മൂല്യവത്തായ വിഷയങ്ങൾ ചർച്ചചെയ്യുന്ന ഒരു മാസികയാണ് അത്. അത് സർവകലാശാലാ നിലവാരത്തിൽ പോലും ഉപയോഗപ്രദവുമാണ്” എന്ന് അവർ പ്രതിവചിച്ചു.
ഉണരുക! കാലികമായ പ്രശ്നങ്ങൾ പരിഗണിക്കുകയും അനുദിന ജീവിതത്തിൽ ചെറുതും വലുതുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവർക്കു പ്രായോഗിക സഹായം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നു. ബൈബിളിന് എന്തു സഹായം പ്രദാനം ചെയ്യാൻ കഴിയുമെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉണരുക! വിതരണം ചെയ്യുന്ന യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.