താങ്ങുതടികളിന്മേൽ ഒരു സമുദായം
ബെനിനിലെ ഉണരുക! ലേഖകൻ
“ബെനിന്റെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണു ഗാൻവിയേ,” പശ്ചിമാഫ്രിക്കയിലേക്കുള്ള ഒരു യാത്രാ ഗൈഡ് പറയുന്നു. മറ്റൊന്ന് ഇങ്ങനെ പറയുന്നു: “ആഫ്രിക്കക്കാർതന്നെ ഗാൻവിയേയിൽ ആകൃഷ്ടരാണ്; പാശ്ചാത്യരുടെയത്രയുംതന്നെ ആഫ്രിക്കൻ വിനോദസഞ്ചാരികളെ നിങ്ങൾ കാണും.”
ഗാൻവിയേ തീർച്ചയായും അതുല്യംതന്നെ. ബെനിനിൽ കൊട്ടോനോവിനു വടക്കായി നൊകൂവേ തടാകത്തിലെ ജലത്തിനുമീതെ താങ്ങുതടികളിന്മേൽ പണിത, 15,000 നിവാസികളുള്ള ഒരു ഗ്രാമമാണിത്. ഗാൻവിയേയിൽ സൈക്കിളുകളില്ല, കാറുകളില്ല, നടപ്പാതകളില്ല, റോഡുകളില്ല. ഗ്രാമവാസികൾക്കു സ്കൂളിലോ ചന്തയിലോ ചികിത്സാകേന്ദ്രത്തിലോ അയൽവീട്ടിലോ മറ്റെവിടെയെങ്കിലോ പോകണമെങ്കിൽ, അവർ ഇറോകോ വൃക്ഷത്തിൽനിന്നു കൊത്തിയുണ്ടാക്കിയ ഒരു ചിറ്റോടത്തിൽ കയറും.
മിക്ക കുടുംബങ്ങൾക്കും നിരവധി ചിറ്റോടങ്ങളുണ്ട്—പിതാവിന് ഒരെണ്ണം, മാതാവിന് ഒരെണ്ണം, ചിലപ്പോൾ കുട്ടികൾക്കും ഒരെണ്ണമുണ്ടായിരിക്കും. കുട്ടികൾ ചെറുപ്പത്തിൽതന്നെ തുഴയാൻ പഠിക്കുന്നു. അഞ്ചുവയസ്സാകുമ്പോഴേക്കും ഒരു കുട്ടിക്കു തന്നെത്താൻ ഒരു വഞ്ചി തുഴയാൻ സാധിക്കും. താമസിയാതെ, അവനോ അവൾക്കോ ഒരു ചിറ്റോടത്തിൽനിന്നുകൊണ്ട് മീൻ പിടിക്കാനുള്ള ഒരു ചെറിയ വല എറിയാനുള്ള ധൈര്യം കൈവരുന്നു. ചില കുട്ടികൾ, ചിറ്റോടങ്ങളിൽ തലകുത്തിനിന്നുകൊണ്ടു വിനോദസഞ്ചാരികളുടെ മുന്നിൽ തങ്ങളുടെ കഴിവു പ്രദർശിപ്പിക്കുന്നതിൽ രസം കണ്ടെത്തുന്നു.
ഗാൻവിയേയിലെ ചങ്ങാടച്ചന്തയിൽ വ്യാപാരികൾ, മിക്കവാറും സ്ത്രീകൾ, തങ്ങളുടെ മുന്നിൽ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ചരക്കുകളുമായി—സുഗന്ധവ്യജ്ഞനങ്ങൾ, പഴങ്ങൾ, മത്സ്യം, ഔഷധം, വിറക്, ബിയർ, റേഡിയോ എന്നിവയുമായി—ചിറ്റോടത്തിൽ ഇരിക്കും. ഉഷ്ണമേഖലാ വെയിലിൽനിന്നു സംരക്ഷണമേകുന്ന, വളരെ വീതിയേറിയ വക്കുകളോടുകൂടിയ വൈക്കോൽ തൊപ്പികളുമണിഞ്ഞ് സാധനങ്ങൾ വാങ്ങാൻ ചിറ്റോടം തുഴഞ്ഞെത്തുന്നവർക്ക് അവർ സാധനങ്ങൾ വിൽക്കുന്നു. ചിലപ്പോൾ വിൽപ്പനക്കാരികൾ കൊച്ചു പെൺകുട്ടികളായിരിക്കും. അവരുടെ പ്രായം കണ്ടു തെറ്റിദ്ധരിക്കരുത്! നന്നേ ചെറുപ്പത്തിൽതന്നെ സാമർഥ്യത്തോടെ ക്രയവിക്രയം ചെയ്യാനുള്ള കച്ചവടസൂത്രങ്ങൾ അവർ പഠിക്കുന്നു.
സ്ത്രീകൾ ചന്തകളിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ പുരുഷന്മാർ മത്സ്യബന്ധനത്തിൽ, കുറച്ചുകൂടെ കൃത്യമായി പറഞ്ഞാൽ മത്സ്യകൃഷിയിൽ, ഏർപ്പെടുന്നു. തടാകത്തിന്റെ അടിത്തട്ടിലെ ചേറിൽ വടികൊണ്ടുള്ള ഒരു കൊടുംകാടു സൃഷ്ടിക്കത്തക്കവിധം നൂറുകണക്കിനു ശിഖരങ്ങൾ കുത്തിനിറുത്തുന്നത് അവരുടെ മത്സ്യബന്ധന രീതിയിൽ ഉൾപ്പെടുന്നു. അഴുകിത്തുടങ്ങുന്ന ശിഖരങ്ങൾ ഭക്ഷിക്കാൻ മത്സ്യം നീന്തിയെത്തുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം മീൻപിടുത്തത്തിനു പുരുഷന്മാർ തങ്ങളുടെ വലകളുമായി തിരിച്ചെത്തുകയായി.
ഒളിസങ്കേതം വിനോദസഞ്ചാരകേന്ദ്രമാകുന്നു
ഗാൻവിയേയിലെ ടൊഫിന്യൂ, ഇന്നറിയപ്പെടുന്നതുപോലെ എപ്പോഴും “വെള്ളത്തിലെ ജനങ്ങൾ” ആയിരുന്നില്ല. ഒരു അയൽ ആഫ്രിക്കൻ രാജ്യത്തിൽനിന്നുള്ള പീഡനത്തിൽ നിന്നു രക്ഷപ്പെടാനാണ് അവർ തടാകത്തിലേക്കും ചതുപ്പുനിലങ്ങളിലേക്കും പലായനം ചെയ്തത്. ടൊഫിൻ ഭാഷയിൽ ഗാൻ എന്ന പദം “ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു” എന്നും വിയേ എന്ന പദം “സമുദായം” എന്നും തർജമ ചെയ്യാവുന്നതുകൊണ്ട്, ഗാൻവിയേ എന്ന പേര് ഈ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു പണ്ഡിതന്മാർ പറയുന്നു. അങ്ങനെ, തടാക ഗ്രാമങ്ങളുടെ ഈ തലസ്ഥാനത്തെ “ഒടുവിൽ സമാധാനം കണ്ടെത്തിയ ജനസമുദായം” എന്നു സ്വാതന്ത്ര്യമെടുത്തുകൊണ്ടു തർജമ ചെയ്യാവുന്നതാണ്.
നൊകൂവേ തടാകത്തിനരികെയുള്ള ചതുപ്പുനിലങ്ങളിൽ അഭയം തേടിയതു ഫലപ്രദമായ ഒരു തന്ത്രമായിരുന്നു. കാരണം, വെള്ളത്തിലോ വെള്ളപ്പൊക്കം സംഭവിക്കാനിടയുള്ള പ്രദേശങ്ങളിലോ സാഹസത്തിന് ഒരുമ്പെടാൻ എതിർ രാജ്യത്തെ മതവിശ്വാസങ്ങൾ പടയാളികളെ അനുവദിച്ചിരുന്നില്ല. അങ്ങനെ, നിത്യവൃത്തിക്കുള്ള മാർഗവും ശത്രുക്കളിൽനിന്നുള്ള ഒരു അഭയസങ്കേതവും തടാകം പ്രദാനം ചെയ്തു. വിനോദസഞ്ചാരികൾ വൻതോതിൽ മോട്ടോർ ബോട്ടുകളിൽ സന്ദർശിക്കുന്ന, ഇപ്പോൾ കീർത്തികേട്ട ഈ പ്രദേശം ഒരിക്കൽ ഒരു ഒളിസങ്കേതമായിരുന്നുവെന്നതു വിരോധാഭാസംതന്നെ.