“പുതിയലോക ക്രമം”—ഒരു ദുർബലമായ തുടക്കത്തോടെ
ജർമനിയിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊന്ന് ഉദയം ചെയ്തപ്പോൾ ആളുകൾ ശുഭാപ്തിവിശ്വാസമുള്ളവരായിരുന്നു. ശീതസമരം അവസാനിച്ചു. തലേ ആഗസ്റ്റിൽ ഇറാക്കിനാൽ ആക്രമിക്കപ്പെട്ട കുവൈറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നുവെന്നതു സത്യംതന്നെ. പക്ഷേ ഐക്യരാഷ്ട്രങ്ങൾ ശക്തി പ്രകടിപ്പിക്കുകയും ഇറാക്കിനോട് ജനുവരി 15-ാം തീയതിയോടെ പിൻമാറാൻ ആജ്ഞാപിക്കുകയും ചെയ്തു. പെട്ടെന്നു സംഘടിപ്പിക്കപ്പെട്ടതും ഇറാക്കിനെ ബലംപ്രയോഗിച്ചു കീഴടക്കാൻ തയ്യാറെടുത്തു നിന്നതുമായ 28 രാഷ്ട്രങ്ങളുടെ ഒരു യുഎൻ സൈനിക സഖ്യത്തിന്റെ പിന്തുണ ഈ ആജ്ഞാപനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നു. ലോകസമുദായത്തിന്റെ ഉറച്ച നിലപാട് ഒരു പുതിയ യുഗം ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണെന്നുള്ള പ്രത്യാശ വർധിച്ചുകൊണ്ടിരുന്നു.
“അന്തർദേശീയ പെരുമാറ്റത്തെ, മൃഗീയ മത്സരത്തിനുപകരം നിയമവാഴ്ച ഭരിക്കുന്ന ഒരു പുതിയലോക ക്രമം, നാമും വരും തലമുറകളും കരുപ്പിടിപ്പിക്കുന്നതിനുള്ള സാധ്യതയെ”ക്കുറിച്ച് അന്നത്തെ യു.എസ്. പ്രസിഡന്റായിരുന്ന ജോർജ് ബുഷ് സംസാരിക്കുകയുണ്ടായി.
അനന്തരം ഇറാക്ക് ജനുവരി 15 എന്ന അന്തിമതീയതി അവഗണിച്ചു, അതിന്റെ ഫലമായി ഇറാക്കിന്റെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ ബൃഹത്തായ വ്യോമ, മിസൈൽ ആക്രമണങ്ങൾ നടത്തപ്പെട്ടു. വ്യക്തമായും ലോക സമുദായം ഇതു ഗൗരവമായി എടുത്തു. അതിനുശേഷം മൂന്നു മാസം തികയുന്നതിനുമുമ്പ്, ഏപ്രിൽ 11-ന് ഗൾഫ് യുദ്ധം അവസാനിച്ചതായി യുഎൻ പ്രഖ്യാപിച്ചു. പ്രശാന്തവും, സാമ്പത്തികവും രാഷ്ട്രീയവുമായി സുസ്ഥിരവുമായ പുതിയലോക ക്രമത്തെക്കുറിച്ചുള്ള വാഗ്ദാനം യാഥാർഥ്യമായിത്തീരുന്നതായി തോന്നി.
ക്ലേശിപ്പിക്കുംവിധം തുടർന്നുപോയ യുദ്ധങ്ങൾ
1991-ന്റെ മധ്യത്തിൽ സ്ലൊവീനിയ, ക്രൊയേഷ്യ എന്നീ രണ്ടു റിപ്പബ്ലിക്കുകൾ അന്നത്തെ യൂഗോസ്ലാവിയയിൽനിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അത്, ഒടുവിൽ പല വ്യതിരിക്ത രാഷ്ട്രങ്ങളുടെ രൂപീകരണത്തിലേക്കു നയിച്ച ഒരു ആഭ്യന്തര യുദ്ധത്തിനു തുടക്കമിട്ടു. “1914-നു മുമ്പത്തെ യൂറോപ്പിനെപ്പോലെ, ജോർജ് ബുഷിന്റെ പുതിയലോക ക്രമം സാരജെവോയിൽ ഒടുങ്ങി” എന്ന് അതിനുശേഷം ഒരു വർഷം ആകുന്നതിനുമുമ്പ് ഫ്രഞ്ച് രാഷ്ട്രീയ വിശകലനവിദഗ്ധനായ പിയെർ ആസ്നെർ പ്രസ്താവിച്ചു. എന്നിരുന്നാലും, 1995 നവംബറിൽ യു.എസ്.എ.,-യിലെ ഒഹായോയിലുള്ള ഡെയ്റ്റണിൽ പ്രഭാഷണങ്ങൾ തുടങ്ങുകയും ഡിസംബർ 14-ന് പാരീസിൽ ഒരു സമാധാന കരാർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ സമാധാന പ്രതീക്ഷ പ്രശോഭിതമായി. 1995 അവസാനിക്കാറായതോടെ, എങ്ങനെയൊക്കെയാണെങ്കിലും പുതിയലോക ക്രമം നിർജീവമല്ലായിരിക്കാം എന്ന പ്രത്യാശ പുതുക്കപ്പെട്ടു.
യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിലെ റിപ്പബ്ലിക്കുകൾ കുറേശ്ശെ കുറേശ്ശെയായി പരസ്പരം അകന്നുകൊണ്ടിരിക്കുകയായിരുന്നു. 1991-ൽ ലിത്വാനിയയും എസ്റ്റോണിയയും ലാത്വിയയും ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മറ്റുള്ളവയും ഉടൻതന്നെ അവയെ പിന്തുടർന്നു. സോവിയറ്റ് യൂണിയന്റെ മുൻ അംഗങ്ങളിൽ ചിലത് ചേരാൻ വിസമ്മതിച്ചെങ്കിലും കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡൻറ് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര സമൂഹം ഡിസംബറിൽ സ്ഥാപിക്കപ്പെട്ടു. പിന്നീട്, ഡിസംബർ 25-ന് സോവിയറ്റ് പ്രസിഡൻറായ ഗോർബച്ചേവ് രാജിവച്ചു.
എന്നാൽ, ഒറ്റയൊറ്റയായ റിപ്പബ്ലിക്കുകൾപോലും വേർപെട്ടുതുടങ്ങി. ഉദാഹരണത്തിന്, റഷ്യയുടെ വടക്കൻ കോക്കസസ് പ്രദേശത്തെ അന്യരാജ്യങ്ങൾക്കിടയിലെ ചെച്ച്ന്യാ എന്ന ചെറിയ മുസ്ലീം പ്രദേശം സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 1994-ന്റെ ഒടുവിൽ അത് വിഘടിക്കാൻ ശ്രമം നടത്തിയപ്പോൾ റഷ്യൻ സേനകളുടെ വിവാദപരമായ ആക്രമണമുണ്ടായി. 1990-കളുടെ ആദ്യം പ്രതിസന്ധി ആരംഭിച്ചപ്പോൾമുതൽ 30,000-ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നെങ്കിലും യുദ്ധം ഈ വർഷംവരെ തുടർന്നിരിക്കുന്നു.
1995 ഒക്ടോബറിൽ ലോകമെമ്പാടും—തരംതിരിക്കുന്ന വിധമനുസരിച്ച്—27 മുതൽ 46 വരെ സംഘട്ടനങ്ങൾ നടന്നു.
പാപ്പരത്വത്തിന്റെ വക്കിൽ
1990-കളുടെ ആരംഭത്തിൽ പുതിയലോക ക്രമം രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും ദുർബലമായിത്തീർന്നു.
1991-ൽ നിക്കരാഗ്വ അതിന്റെ നാണ്യവില കുറച്ചു. എന്നാൽ അപ്പോഴും 2 കോടി 50 ലക്ഷം കോർഡോബാകൾക്ക് ഒരു യു.എസ്. ഡോളറിന്റെ വിലയേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, സയറിലെ പണപ്പെരുപ്പ നിരക്ക് 850 ശതമാനമായിരുന്നു. ലോകത്തിൽ ഏറ്റവും താഴ്ന്ന ഒരു ജീവിത നിലവാരത്തിൽ കഴിയാൻ അത് അവിടത്തെ പൗരൻമാരെ നിർബന്ധിതരാക്കി. റഷ്യൻ സമ്പദ്വ്യവസ്ഥയും ദുരിതത്തിലായിരുന്നു. പണത്തെ മിക്കവാറും മൂല്യമില്ലാത്തതാക്കിത്തീർത്തുകൊണ്ട് 1992 എന്ന വർഷത്തിൽ പണപ്പെരുപ്പം 2,200 ശതമാനമായിത്തീർന്നു. കാര്യങ്ങൾ പിന്നീടു മെച്ചപ്പെട്ടെങ്കിലും, സാമ്പത്തിക പ്രശ്നങ്ങൾ 1995-ൽ തീർച്ചയായും അവസാനിച്ചില്ല.
1991-ൽ തട്ടിപ്പിന്റെയും കുറ്റകൃത്യ നടപടികളുടെയും ഫലമായി ബാങ്ക് ഓഫ് ക്രെഡിറ്റ് & കൊമേഴ്സ് ഇന്റർനാഷണൽ തകർന്നപ്പോൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക അപവാദം ഉണ്ടായി. 62 രാജ്യങ്ങളിലെ നിക്ഷേപകർക്ക് ശതകോടിക്കണക്കിനു യു.എസ്. ഡോളറിന്റെ നഷ്ടം സംഭവിച്ചു.
സാമ്പത്തികമായി ദുർബലമായ രാഷ്ട്രങ്ങൾ മാത്രമല്ല ഉലയ്ക്കപ്പെട്ടത്; ഏകീകരണത്തിന്റെ ചെലവുകൾ ശക്തിമത്തായ ജർമനിയെ ഞെരുക്കി. ദീർഘിച്ച ഒഴിവുകാലവും മെച്ചമായ ആരോഗ്യ സംരക്ഷണവും ജോലിക്കാർ ആവശ്യപ്പെട്ടപ്പോൾ തൊഴിലില്ലായ്മ വർധിച്ചു. വർധിച്ച ഹാജരില്ലായ്മയും ക്ഷേമ പദ്ധതിയുടെ വ്യാപകമായ ദുരുപയോഗങ്ങളും സമ്പദ്വ്യവസ്ഥയിൽ കൂടുതലായ സമ്മർദങ്ങൾ ചെലുത്തി.
വൻ വിപത്തുകളുടെ ഒരു പരമ്പര ഐക്യനാടുകളിലെ ഇൻഷ്വറൻസ് കമ്പനികളുടെ ഇടയിൽ ഉഗ്രനാശം വിതച്ചു. അവയ്ക്ക് ഇൻഷ്വറൻസ് തുകകൾ അടയ്ക്കാൻ പ്രയാസം നേരിട്ടു. പാപ്പരത്വം 1995: അമേരിക്കയ്ക്കു വരാൻപോകുന്ന തകർച്ചയും അത് അവസാനിപ്പിക്കുന്ന വിധവും (ഇംഗ്ലീഷ്) എന്ന പുസ്തകം കുതിച്ചുയരുന്ന ദേശീയ കടത്തിന്റെയും ബജറ്റ് കമ്മിയുടെയും അപകടങ്ങളെക്കുറിച്ച് 1993-ൽ മുന്നറിയിപ്പു നൽകി. ജിബ്രാൾട്ടർ പാറ പോലെ സുസ്ഥിരമായിരുന്ന ലോയ്ഡ്സ് ഓഫ് ലണ്ടൻ എന്ന ബ്രിട്ടീഷ് ഇൻഷ്വറൻസ് സൊസൈറ്റിയും സംശയസ്ഥിതിയിലായി. നഷ്ടത്തിൽ മുങ്ങിയ അത് അചിന്തനീയമായതിനെക്കുറിച്ചു ചിന്തിക്കാൻ നിർബന്ധിതമായി—സാധ്യതയുള്ള പാപ്പരത്വത്തെക്കുറിച്ചു തന്നെ.
മതം, ഒരു സ്ഥിരീകരണ ശക്തിയോ?
ജർമൻ ദിനപ്പത്രമായ ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന ററ്സൈററുങ് 1991-ൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “പുതിയലോക ക്രമത്തിന്റെ ഈ ദർശനം മതപരമായ സാരാംശം ഉള്ളതും ക്രിസ്തീയ പദങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്നതുമായ അമേരിക്കൻ ലോക വീക്ഷണങ്ങളുടെ ഒരു നീണ്ട പാരമ്പര്യത്തിൽ വേരുറച്ചതാണ്.”
ഈ മത പശ്ചാത്തലം പുതിയലോക ക്രമത്തിനു സ്ഥിരത പ്രദാനം ചെയ്യേണ്ടതായിരുന്നു എന്ന് ഒരാൾ ചിന്തിച്ചേക്കാം. എന്നാൽ മത അസഹിഷ്ണുതയും പോരാട്ടവും വാസ്തവത്തിൽ വ്യാപകമായ അസ്ഥിരതയിലേക്കു നയിക്കുകയാണു ചെയ്തത്. അൾജീരിയയും ഈജിപ്തും ഇസ്ലാമിക മൗലികവാദികളോടു വിയോജിപ്പുണ്ടായിരുന്ന പല ഗവൺമെൻറുകളിൽ രണ്ടെണ്ണം മാത്രമായിരുന്നു. മതപ്രേരിതമായ ഭീകരപ്രവർത്തനത്തിന്റെ ഒരു തിര രണ്ടു രാജ്യങ്ങളിലും ആഞ്ഞടിച്ചു. ഇന്ത്യയിലെ മത ലഹളകളിൽ, 1993-ൽ ബോംബെയിൽ വച്ചു നടന്നതും 550-തിലധികം ആളുകളുടെ മരണത്തിനിടയാക്കിയതുമായ ഒൻപതു ദിവസം നീണ്ടുനിന്ന മതപ്രേരിതമായ അക്രമം ഉൾപ്പെട്ടു.
1994-ൽ ആംഗ്ലിക്കൻ സഭ 32 സ്ത്രീകൾക്ക് പുരോഹിത പട്ടം കൊടുത്തപ്പോൾ, മതപരമായ അനൈക്യം ക്രിസ്തീയ ഐക്യ പ്രസ്ഥാനത്തിന്റെ പുരോഗതിക്കു മാന്ദ്യം വരുത്തി. “കത്തോലിക്കാ സഭയും ആംഗ്ലിക്കൻ കമ്മ്യൂണിയനും തമ്മിലുള്ള ഏകീകരണത്തിനുള്ള എല്ലാ പ്രത്യാശകളെയും തടസ്സപ്പെടുത്തുന്ന ഭയങ്കര പ്രതിബന്ധം” എന്ന് ജോൺ പോൾ II-ാമൻ പാപ്പാ ഇതിനെ വിളിച്ചു.
ടെക്സാസിലെ വാക്കോയിലുള്ള ഒരു വ്യക്തിപൂജാപ്രസ്ഥാനത്തിന്റെ കോമ്പൗണ്ടിൽ അതിനോടകം തന്നെ അനിശ്ചിതാവസ്ഥയ്ക്കും നാലു ഗവൺമെൻറ് അധികാരികളുടെ കൊലയ്ക്കും ഇടയാക്കിയിരുന്ന, യു.എസ്. ഗവൺമെൻറും ബ്രാഞ്ച് ഡേവിഡിയൻസ് എന്നു പറയുന്ന ഒരു മതവ്യക്തിപൂജാപ്രസ്ഥാനത്തിലെ അംഗങ്ങളും തമ്മിലുള്ള പിരിമുറുക്കം 1993 ഏപ്രിൽ 19-ന് വ്യക്തിപൂജാപ്രസ്ഥാനത്തിലെ കുറഞ്ഞത് 75 പേരുടെ മരണത്തിന് ഇടയാക്കി. രണ്ടു വർഷം കഴിഞ്ഞപ്പോൾ, ഒക്ക്ലഹോമ നഗരത്തിലെ ഫെഡറൽ കെട്ടിടത്തിൽ 168 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് ഭീകരപ്രവർത്തകർ ബോംബിട്ടത് വാക്കോ ആക്രമണത്തിനുള്ള പകരംവീട്ടലായിരുന്നോ എന്നതു സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തിയിരുന്നു.
ഭീകരപ്രവർത്തകർ 1995-ന്റെ ആരംഭത്തിൽ ടോക്കിയോയുടെ ഭൂഗർഭ റയിൽവേയിൽ നടത്തിയ വിഷവാതക ആക്രമണത്തെക്കുറിച്ചു കേട്ടപ്പോൾ ലോകം ഞെട്ടിവിറച്ചു. പത്തു പേർ മരിക്കുകയും അവരെക്കൂടാതെ ആയിരക്കണക്കിനാളുകൾ രോഗബാധിതരാകുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്വം അപ്പോകാലിപ്റ്റിക് മതവിഭാഗമായ ഒം ഷിൻരിക്യോ അഥവാ ഒം സുപ്രീം ട്രുത്തിന് ആരോപിക്കപ്പെട്ടപ്പോൾ ലോകത്തിന് അതിലേറെ ഞെട്ടലുളവായി.
ആഘോഷിക്കാൻ കാര്യമായൊന്നുമില്ലാത്ത ശ്രദ്ധേയ വാർഷികങ്ങൾ
1492-ൽ കൊളംബസ് പശ്ചിമാർധഗോളത്തിൽ അപ്രതീക്ഷിതമായി ചെന്നുപെട്ടു. ഈ സംഭവത്തിന്റെ 1992-ലെ 500-ാം വാർഷികാഘോഷം വിവാദപൂർണമായിരുന്നു. ആ യൂറോപ്പുകാരന്റെ ജനനത്തിന് ദീർഘനാൾ മുമ്പ് തങ്ങളുടെ പൂർവികർ പാർക്കുകയും പെരുകുകയും ചെയ്തിരുന്ന രാജ്യങ്ങൾ അയാൾ “കണ്ടുപിടിച്ചു” എന്ന സൂചന ലഭിച്ചപ്പോൾ അമേരിക്കൻ ഇന്ത്യാക്കാരുടെ 40 ദശലക്ഷത്തോളം പിൻമുറക്കാരുടെ രക്തം തിളച്ചു. “ചൂഷണത്തിന്റെയും കീഴടക്കലിന്റെയും മുന്നോടി” എന്ന് ചിലർ ആ പര്യവേക്ഷകനെ വിളിച്ചു. വാസ്തവത്തിൽ, പശ്ചിമാർധഗോളത്തിൽ കൊളംബസ് എത്തിച്ചേർന്നത് തദ്ദേശവാസികൾക്ക് അനുഗ്രഹത്തെക്കാളധികം വിപത്തിനെ അർഥമാക്കി. ക്രിസ്തീയ ജേതാക്കൾ എന്നു വിളിക്കപ്പെടുന്നവർ അവരുടെ രാജ്യം, പരമാധികാരം, അന്തസ്സ്, ജീവൻ ഇവയെല്ലാം കവർന്നെടുത്തു.
ദാവീദ് രാജാവ് യെരുശലേം കീഴടക്കിയതിന്റെ 3,000-ാം വാർഷികോത്സവം ഇസ്രായേൽ 1995 സെപ്റ്റംബറിൽ ആരംഭിച്ചു. അത് 16 മാസക്കാലത്തെ ഒരു ആഘോഷമായിരുന്നു. എന്നാൽ ആ വാർഷികോത്സവത്തിന് ദാരുണമായ ഒരു തുടക്കമായിരുന്നു ഉണ്ടായിരുന്നത്. എന്തുകൊണ്ടെന്നാൽ നവംബർ 4-ന് പ്രധാനമന്ത്രിയായ യിഷാക്ക് റബിൻ ഒരു സമാധാന യോഗത്തിൽ പ്രസംഗം നടത്തിക്കഴിഞ്ഞ് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഒരു ഘാതകന്റെ വെടിയുണ്ടകളേറ്റു മരിച്ചുവീണു. യഹൂദൻമാരും പാലസ്തീൻകാരും തമ്മിൽ മാത്രമല്ല, യഹൂദൻമാരുടെ ഇടയിൽത്തന്നെ ഗുരുതരമായ മത ഭിന്നതകൾ നിലവിലുണ്ടെന്നു പ്രകടിപ്പിച്ച ആ സംഭവം മധ്യപൂർവദേശത്തെ സമാധാന പദ്ധതിയിൽ കരിനിഴൽ വീഴ്ത്തി.
രണ്ടാം ലോകമഹായുദ്ധത്തോടുള്ള ബന്ധത്തിൽ 1991-നും 1995-നും ഇടയ്ക്ക് അനേകം 50-ാം വാർഷികങ്ങൾ ആഘോഷിച്ചു. ഐക്യനാടുകളെ യുദ്ധത്തിലേക്ക് ആനയിച്ച പേൾ ഹാർബർ ആക്രമണം; യൂറോപ്പിൻമേലുള്ള സഖ്യകക്ഷികളുടെ ആക്രമണം; നാസി തടങ്കൽ പാളയങ്ങളുടെ വിടുതൽ; യൂറോപ്പിലെ സഖ്യകക്ഷി വിജയം; ജപ്പാനിലെ ആദ്യത്തെ ആറ്റംബോംബിടീൽ എന്നിവ അവയിൽ പെടും. ഈ സംഭവങ്ങൾ ഒഴുക്കിയ ചോരയും കണ്ണീരും കണക്കിലെടുക്കുമ്പോൾ വാസ്തവത്തിൽ ഇവ ആഘോഷിക്കാൻ തക്ക മൂല്യമുള്ളവയാണോയെന്ന് ചിലയാളുകൾ ചോദിക്കുകയുണ്ടായി.
ഇത് ശ്രദ്ധേയമായ മറ്റൊരു സംഭവത്തിന്റെ വാർഷികത്തിലേക്കു നയിച്ചു, 1945 ഒക്ടോബറിലെ ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപിക്കൽ. ലോക സമാധാനം നേടുന്നതിനുള്ള താക്കോൽ ഒടുവിൽ കണ്ടുപിടിച്ചിരിക്കുന്നു എന്ന വലിയ പ്രത്യാശകൾ ഉണർത്തപ്പെട്ടു.
ഐക്യരാഷ്ട്രങ്ങളുടെ സെക്രട്ടറി ജനറലായ ബൂട്രോസ് ബൂട്രോസ്-ഖാലി അടുത്തകാലത്ത് അതിനെ അനുകൂലിച്ചു സംസാരിച്ചപ്രകാരം അത് അനേകം വിജയങ്ങൾ കൊയ്തിട്ടുണ്ട്. എന്നാൽ “അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുക” എന്ന ചാർട്ടർ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ അതു വിജയംവരിച്ചിട്ടില്ല. സമാധാനം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ സമാധാനം നിലനിർത്താൻ അതിന്റെ സൈന്യങ്ങൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. 1995 വരെ അത് ദുർബലമായ ഒരു പുതിയലോക ക്രമത്തിന് ജീവൻ നൽകാൻ പരാജയപ്പെട്ടിരിക്കുന്നു.
പുതിയലോക ക്രമം ആടിയുലഞ്ഞപ്പോൾ യഥാർഥ ദിവ്യാധിപത്യം പൂത്തുലഞ്ഞു!
പുതിയലോക ക്രമത്തെക്കുറിച്ചുള്ള പ്രത്യാശ തങ്ങളുടെ കൺമുമ്പിൽത്തന്നെ താറുമാറാകാൻ ഇടയാക്കിയ രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ അസ്ഥിരതയുടെ വീക്ഷണത്തിൽ ചിലയാളുകൾ ഒരു പുതിയലോക ക്രമരാഹിത്യത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. ദൈവം വരുത്തുന്ന പുതിയ ലോകത്തിൽമാത്രമേ മനുഷ്യ സമൂഹത്തിനു സുസ്ഥിരത ആസ്വദിക്കാൻ കഴിയൂ എന്നതിനുള്ള കൂടുതലായ തെളിവായി യഹോവയുടെ സാക്ഷികൾ ഈ വികാസത്തെ കണ്ടു.
ചില രാജ്യങ്ങളിൽ ശീതസമരം അവസാനിച്ചപ്പോൾ അത് യഹോവയുടെ സാക്ഷികൾക്ക് വലിയ സ്വാതന്ത്ര്യത്തെ അർഥമാക്കി. ബുഡാപെസ്റ്റ്, കീവ്, മോസ്കോ, പ്രാഗ്, സെൻറ് പീറ്റേഴ്സ്ബർഗ്, വാർസോ എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും പ്രമുഖമായ അന്തർദേശീയ കൺവെൻഷനുകൾ നടത്താൻ ഇത് അവരെ അനുവദിച്ചു. ഇവ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഭാ ക്രമീകരണത്തെ ബലിഷ്ഠമാക്കുകയും പ്രസംഗ പ്രവർത്തനം ത്വരിതഗതിയിലാക്കാൻ സഹായിക്കുകയും ചെയ്തു. അങ്ങനെ, ഈ പ്രദേശങ്ങളിലൊന്നിലെ സജീവ സാക്ഷികളുടെ എണ്ണം 1991-ൽ 49,171 ആയിരുന്നതിൽനിന്ന് 1995-ൽ 1,53,361-ആയി വർധിച്ചതിൽ അതിശയമില്ല. അതേ നാലു വർഷംകൊണ്ടുതന്നെ മുഴു ലോകത്തിലുമുള്ള സാക്ഷികളുടെ എണ്ണം 42,78,820-ൽനിന്ന് 51,99,895 ആയി വർധിച്ചു. യഥാർഥ ദിവ്യാധിപത്യം മുമ്പെന്നത്തെക്കാളുമധികം പൂത്തുലയുകയാണ്!
അതേ, ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ ഭാവിക്കുവേണ്ടിയുള്ള തങ്ങളുടെ പ്രത്യാശകൾ ‘നീതി വസിക്കുന്ന പുതിയ ആകാശത്തെക്കുറിച്ചും പുതിയ ഭൂമിയെക്കുറിച്ചുമുള്ള’ യഹോവയാം ദൈവത്തിന്റെ വാഗ്ദാനത്തിലാണ് അടിസ്ഥാനപ്പെടുത്തുന്നത്. (2 പത്രൊസ് 3:10, 13) ദുർബലമായ തുടക്കമുള്ളതും പെട്ടെന്നുതന്നെ അസ്തിത്വത്തിൽനിന്നു നീങ്ങിപ്പോകുന്നതുമായ ഒരു മാനുഷിക പുതിയലോക ക്രമത്തിലേക്കു നോക്കുന്നതിനെക്കാൾ എത്രയോ ബുദ്ധിയാണിത്!—ദാനീയേൽ 2:44.