മിസ്ട്രൽ—വിദഗ്ധനായ ഒരു പ്രകൃതിദൃശ്യ രൂപകൽപ്പിതാവ്
ഫ്രാൻസിലെ ഉണരുക! ലേഖകൻ
സമാന്തരവും ക്രമവുമായി നിൽക്കുന്ന കുറ്റിച്ചെടി നിരകൾ, കാറ്റുപാങ്ങിന് എതിരായി നിൽക്കുന്ന മലഞ്ചെരുവുകളിൽ കൂട്ടമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ, ഒരു വശത്തെ ഇലകളും ശിഖരങ്ങളുമെല്ലാം കൊഴിഞ്ഞുനിൽക്കുന്നതായി കാണുന്ന വൃക്ഷങ്ങൾ. തെക്കുകിഴക്കൻ ഫ്രാൻസിലെ പ്രൊവാൻസിന്റെ പ്രകൃതിദൃശ്യത്തിന്റെ സാധാരണ സവിശേഷതകളാണ് ഇവ. ഇതിലെല്ലാം മിസ്ട്രൽ എന്നു പറയുന്ന കാറ്റിന് ഒരു പങ്കുണ്ട്.
ആൽപ്സിലെ ഫോഹൻ, തെക്കേ അമേരിക്കയിലെ പാമ്പെറൊ, വടക്കേ അമേരിക്കൻ റോക്കീസിലെ ചിനൂക്ക്, വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ഹാർമാറ്റൺ, ബൈബിളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഈശാനമൂലൻa തുടങ്ങിയ മറ്റു പ്രസിദ്ധ കാറ്റുകളെപ്പോലെതന്നെ ശ്രദ്ധേയമാണ് മിസ്ട്രലും. (പ്രവൃത്തികൾ 27:14) മിസ്ട്രൽ എന്ന പേര് “സമർഥമായ” (masterful) എന്നർഥമുള്ള, പ്രൊവാൻസിലെ ഒരു പദത്തിൽനിന്നുണ്ടായതാണ്. പേരുപോലെ തന്നെ, അതിന് മണിക്കൂറിൽ 200 കിലോമീറ്ററോളം വേഗത്തിൽ വീശാൻ കഴിയും.
ഫ്രാൻസിന്റെ മധ്യഭാഗത്തെ ഉയർന്ന അന്തരീക്ഷ മർദവും മെഡിറ്ററേനിയനിലെ നീചമർദവും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത “സംഘട്ടന”ത്തിന്റെ ഫലമായാണ് മിസ്ട്രൽ ഉണ്ടാകുന്നത്. അതിന്റെ ഭയങ്കര ശക്തി പർവതവിടവുപ്രഭാവം എന്നു വിളിക്കപ്പെടുന്നതിന്റെ ഫലമാണ്. ആൽപ്സിന്റെയും മാസിഫ് സെൻട്രോൾ പീഠഭൂമിയുടെയും ഇടയിലൂടെ പ്രവഹിക്കുന്ന മിസ്ട്രൽ ഒരു ചോർപ്പിൽനിന്നെന്നപോലെ ഡോസർ മലയിടുക്കിൽനിന്നു പുറത്തുവന്നു കഴിയുമ്പോൾ ഏറ്റവും ശക്തിമത്താണ്.
വേനൽക്കാലത്ത് മിസ്ട്രൽ മേഘങ്ങളെ അടിച്ചുപായിക്കുന്നു. ശൈത്യകാലത്ത് മിസ്ട്രൽ തണുപ്പിനെ അസഹനീയമാക്കിത്തീർക്കുന്നു, കൂടാതെ മിസ്ട്രൽ ഇല്ലായിരുന്നെങ്കിൽ മിതശീതോഷ്ണ കാലാവസ്ഥ ആയിരിക്കുമായിരുന്ന പ്രദേശത്ത് അത് വൈകിയുള്ള തുഷാരത്തിന് ഇടയാക്കുന്നു. ഏതു കാലാവസ്ഥയിലായാലും തദ്ദേശ വാസികൾക്ക് അസ്വാരസ്യം തോന്നുമ്പോൾ മിസ്ട്രലിനെ മിക്കപ്പോഴും പഴിചാരുന്നു.
എന്നാൽ മിസ്ട്രൽ അതിന്റെ ചാതുര്യം യാതൊരു കടിഞ്ഞാണുമില്ലാതെ പ്രദർശിപ്പിക്കുന്നത് ല്യൂബേറോയിലെ വിശിഷ്ടമായ ദേവദാരു വനത്തിലാണ്. അവിടെ അത് വൃക്ഷങ്ങൾക്കു കാറ്റിൽ പാറിക്കളിക്കുന്ന പതാകകളുടെ രൂപം നൽകുന്നു. നേരെമറിച്ച്, മിസ്ട്രൽ വരണ്ട കാലാസ്ഥയുള്ളപ്പോൾ പലപ്പോഴും കാട്ടുതീ ആളിക്കത്തിക്കുന്നു. അങ്ങനെ അത് അതിന്റെ പ്രയത്ന ഫലം നശിപ്പിക്കുന്നു.
മിസ്ട്രൽ എത്രനാൾ ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ച് പ്രൊവാൻസ് പഴഞ്ചൊല്ലു പറയുന്നത് “മൂന്നോ ആറോ ഒൻപതോ ദിവസങ്ങൾ” എന്നാണ്. എന്നാൽ സമർഥനായ ഈ കാറ്റിന് അതിനെക്കാൾ വളരെ ദീർഘമായ കാലഘട്ടം വീശാൻ കഴിയും. ഉദാഹരണത്തിന്, 1965-ൽ അത് 23 ദിവസത്തേക്ക് നിർത്താതെ വീശിക്കൊണ്ടിരുന്നു!
മിസ്ട്രലിനോടു പൊരുത്തപ്പെടാൻ മനുഷ്യൻ പഠിച്ചിരിക്കുന്നു. സമാന്തരമായി നിൽക്കുന്ന കുറ്റിച്ചെടി നിരകൾ വയലുകളെ സംരക്ഷിക്കുന്നു, പഴയ ഗ്രാമീണ വീടുകൾക്ക് വടക്കോട്ട് അപൂർവമായേ കവാടമുള്ളൂ. അതിന്റെ തണുത്ത കാറ്റുകൾ വളരെ അസുഖകരമാണെങ്കിലും മിസ്ട്രലിനെ ഒരു വിദഗ്ധ പ്രകൃതിദൃശ്യ ശില്പിയായി വീക്ഷിക്കാൻ കഴിയും.
[അടിക്കുറിപ്പ്]
a കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 1, പേജ് 770 കാണുക.