ബൈബിളിന്റെ വീക്ഷണം
യുഎഫ്ഒ-കൾ—ദൈവത്തിൽനിന്നുള്ള സന്ദേശവാഹകരോ?
ഇരുപതാം നൂറ്റാണ്ട് അവസാനിച്ചുകൊണ്ടിരിക്കുകയും ഭൂമിയിലെ അവസ്ഥകൾ മേൽക്കുമേൽ വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളിലും (യുഎഫ്ഒ-കൾ) അതിലെ യാത്രക്കാരിലും ഭൗമേതരജീവികളിലും ഉള്ള വിശ്വാസം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനത്തിന്റെ വിഡ്ഢിത്തം കണ്ടു ചിരിക്കാനിഷ്ടപ്പെടുന്ന ആളുകൾ മെനഞ്ഞെടുത്ത വെറും കൽപ്പിത കഥയും വഞ്ചനയും ചതിയും ആണോ യുഎഫ്ഒ-കൾ?
യുഎഫ്ഒ-കളെയോ അവയിലെ ഭൗമേതര യാത്രക്കാരെയോ കണ്ടിട്ടുള്ളതായി അവകാശപ്പെടുന്നവരിൽ സുബോധമുള്ളവരും ആശ്രയയോഗ്യരുമായി കാണപ്പെടുന്ന ആളുകൾ ഉൾപ്പെടുന്നു; വാസ്തവത്തിൽ, മറ്റു ഗ്രഹങ്ങളിൽനിന്നുള്ള ഈ സന്ദർശകരിൽ വിശ്വസിക്കുന്നവരിൽ അഭിജ്ഞരായ പ്രൊഫസർമാരും ശാസ്ത്രജ്ഞൻമാരും മറ്റുമുണ്ട്. ഭൗമേതരജീവികൾ മനുഷ്യരെ നിരീക്ഷിക്കുകയും ചില സമയങ്ങളിൽ തങ്ങളോടു സംഭാഷിക്കുകയും ചെയ്യുന്നുവെന്ന് അവർക്കു ബോധ്യമുണ്ട്. ബഹിരാകാശത്തുനിന്നുള്ള സന്ദർശകരുമായി ബന്ധം പുലർത്തിയിരിക്കുന്നതായി അവകാശപ്പെടുന്ന ആളുകളെ സഹായിക്കാൻ ഭൗമേതര പിന്തുണാസംഘങ്ങൾ എന്നു വിളിക്കപ്പെടുന്നവ ലഭ്യമാണ്.a
പരദേശീയ അതിജീവന പദ്ധതി
മനുഷ്യശരീരത്തിൽ വസിക്കുന്ന ഭൗമേതര സന്ദർശകരാണു തങ്ങളെന്ന് ഉറച്ചു വിശ്വസിക്കുന്ന വർധിച്ചുവരുന്ന ആളുകളിൽ ചിലരുമായി നമ്മുടെയിടയിലെ പരദേശികൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ രൂത്ത് മൊണ്ട്ഗൊമെറി അഭിമുഖം നടത്തുന്നു. 2000-ാമാണ്ടിൽ “ഒരു പ്രാപഞ്ചിക സംഭവം” ഉണ്ടാകുമെന്നും “അതിനുവേണ്ടി അധികാരത്തിലുള്ള ദൂതസംഘങ്ങളും ഭരണാധികാരികളും തയ്യാറെടുപ്പു നടത്തുകയാണെന്നും” മാനുഷവത്കരിക്കപ്പെട്ട ഭൗമേതരജീവികളെന്ന് അവകാശപ്പെടുന്ന ഇവരിൽ ചിലർ പ്രവചിക്കുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും സാമ്പിളുകൾ ശേഖരിക്കാനും സംരക്ഷിക്കാനും ഭൗമേതരജീവികൾ യുഎഫ്ഒ-കൾ ഉപയോഗിക്കുന്നുവെന്നോ ഭൂമിയുടെ ആസന്നമായ വിനാശത്തിൽ അകപ്പെട്ടുപോകാതെ കോടിക്കണക്കിനു മനുഷ്യരെ സ്ഥലംമാറ്റാനുള്ള രക്ഷാക്കപ്പലായി യുഎഫ്ഒ-കൾ ഉപയോഗിക്കപ്പെടുമെന്നോ ചില ആളുകൾ വിശ്വസിക്കുന്നു. ആ വൻ നാശത്തിനുശേഷം ആത്മീയ അവബോധത്തിന്റെ “പുതിയ യുഗവും പുതിയ വ്യവസ്ഥിതിയും” തുടങ്ങുന്നതിനുവേണ്ടി മനുഷ്യർ തിരിച്ചുവരേണ്ടതുണ്ട്. “പരദേശീയ യുവാക്കൾ” എന്നു സ്വയം വിളിക്കുന്ന ഒരു സംഘത്തിലെ അംഗമായ, യു.എസ്.എ.-യിലെ കൊളൊറാഡോയിലുള്ള ഒരു യുവാവ് കാര്യമായിത്തന്നെ ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “പരദേശത്തുള്ള ഞങ്ങളുടെ പൂർവികർ വന്നു കൊണ്ടുപോകാനായി ഞാനും എന്റെ സുഹൃത്തുക്കളും കാത്തിരിക്കുകയാണ്.”
തങ്ങൾ ഭൗമേതരജീവികളാണെന്ന് ഉറപ്പിച്ചുപറയുന്നവരിൽ ചിലർ തങ്ങൾ ദൈവത്താൽ നയിക്കപ്പെടുന്നതായി അവകാശപ്പെടുന്നു, മനുഷ്യവർഗത്തെ സഹായിക്കുന്നതിൽ ഉപദേശം ആരാഞ്ഞുകൊണ്ടു തങ്ങൾ അവനോടു സ്വതന്ത്രമായി സംസാരിക്കുന്നതായി മറ്റുചിലർ അവകാശപ്പെടുന്നു. വരാൻപോകുന്ന ഒരു ലോകവിപത്തിൽനിന്നു മനുഷ്യവർഗത്തെ രക്ഷിക്കുന്നതിനു ദൈവം മറ്റു ഗ്രഹങ്ങളിൽനിന്നുള്ള സന്ദർശകരെ ഉപയോഗിക്കുന്നുവോ?
മനുഷ്യവർഗവുമായുള്ള ദൈവത്തിന്റെ ആശയവിനിമയം
മനുഷ്യ ചരിത്രത്തിന്റെ ആരംഭത്തിൽ ദൈവം മനുഷ്യരുമായി ആശയവിനിയമം നടത്തി. ആദാം, ഹവ്വാ, നോഹ, അബ്രഹാം എന്നിവരോടും മറ്റാളുകളോടുമുള്ള ദിവ്യ സംഭാഷണങ്ങളെക്കുറിച്ചു ബൈബിൾ രേഖ വിവരിക്കുന്നു.b (ഉല്പത്തി 3:8-10; 6:13; 15:1) ദൈവേഷ്ടം അറിയിക്കുന്നതിനും ബൈബിൾ ഉത്പാദിപ്പിക്കുന്നതിനും സ്വപ്നങ്ങളും ശബ്ദങ്ങളും ദർശനങ്ങളും ഉപയോഗിക്കപ്പെട്ടു. എന്നാൽ ബൈബിൾ പൂർത്തീകരിക്കപ്പെട്ടതിനുശേഷം മനുഷ്യവർഗവുമായി നേരിട്ടുള്ള ഒരു സ്വർഗീയ ആശയവിനിമയത്തിന്റെ ആവശ്യമുണ്ടായിരുന്നോ? ഇല്ല, എന്തുകൊണ്ടെന്നാൽ വിശുദ്ധ തിരുവെഴുത്തുകൾ ‘ദൈവത്തിന്റെ മനുഷ്യനെ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആക്കുന്നു’ എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) ബൈബിൾ പറയുന്നതനുസരിച്ച്, ഈ പ്രക്ഷുബ്ധ കാലങ്ങളിലേക്കുള്ള മാർഗനിർദേശം ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തിൽനിന്നു വരേണ്ടതാണ്. എന്നിരുന്നാലും, ഒരു ഭൗമേതര വക്താവു മുഖാന്തരം ദൈവം നമ്മോട് ആശയവിനിയമം നടത്തുകയോ നമുക്കു പ്രത്യേക പ്രബോധനങ്ങൾ നൽകുകയോ ചെയ്യുമെന്നു വിശ്വസിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? ഇല്ല, എന്തുകൊണ്ടെന്നാൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പ്രസ്താവിച്ചു: “ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”—ഗലാത്യർ 1:8.
ഭൗമേതരജീവികളെന്നു കരുതപ്പെടുന്നവരുടെ അവകാശവാദങ്ങൾ, ഭൂമി പെട്ടെന്നുതന്നെ വിപത്കരമായ പ്രമുഖ മാറ്റങ്ങൾക്കു വിധേയമാകാൻ പോകുന്നുവെന്ന ബൈബിൾ പ്രവചനങ്ങളോടു യോജിക്കുന്നതായി തോന്നുന്നുവെങ്കിലും സൃഷ്ടികളെ ആശ്രയിച്ചുള്ള ഒരു അതിജീവനരീതിയാണ് അവ വാഗ്ദാനം ചെയ്യുന്നത്. ഒരു പരദേശീയ ബഹിരാകാശവാഹനത്തിന്റേതെന്നു കരുതപ്പെടുന്ന സുരക്ഷിതത്വത്തിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ ഓടിപ്പോകാൻ ബൈബിൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, ദൈവവുമായുള്ള ഒരു സമർപ്പിത ബന്ധത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ അതു നമ്മോടു പറയുന്നു, ആ സമർപ്പണം ജലസ്നാപനത്താൽ പ്രതീകവത്കരിക്കപ്പെടുന്നു. (1 പത്രൊസ് 3:21; സങ്കീർത്തനം 91:7-ഉം മത്തായി 28:19, 20-ഉം യോഹന്നാൻ 17:3-ഉം താരതമ്യം ചെയ്യുക.) “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും” എന്നാണ് യേശു പറഞ്ഞത്.—മത്തായി 24:13.
ഒരു ഭൗതിക അഭയസ്ഥാനത്തിനു പകരം ദൈവവുമായുള്ള ഒരു ആത്മീയ ബന്ധമാണ് അതിജീവനത്തിന് ആവശ്യമെന്ന് ഈ തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നില്ലേ? അതുകൊണ്ട്, ‘മനുഷ്യേതര ജീവികളെ’ക്കുറിച്ചുള്ള കഥകൾ മനുഷ്യവർഗത്തെ അതിജീവിക്കാൻ സഹായിക്കുന്നതിനു പകരം ആളുകളുടെ നിത്യക്ഷേമത്തിനുവേണ്ടി ദൈവം യഥാർഥത്തിൽ ആവശ്യപ്പെടുന്നതിൽനിന്നും അവരുടെ ശ്രദ്ധ തിരിച്ചുകളയുകയാണു ചെയ്യുന്നത്.
അതിജീവനം സംബന്ധിച്ച ദൈവത്തിന്റെ മാർഗങ്ങളിൽനിന്ന് മനുഷ്യവർഗത്തെ തിരിച്ചുകളയാൻ ശ്രമിക്കുകയും എന്നാൽ ദൈവത്തെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുകയും ചെയ്യുന്നത് ആരാണ്? റിപ്പോർട്ട് ഓൺ കമ്മ്യൂണിയൻ എന്ന തന്റെ പുസ്തകത്തിൽ എഡ് കോൺറോയ് ഇപ്രകാരം പ്രസ്താവിക്കുന്നു: “മനഃശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രങ്ങളിലും പരിശീലനമുള്ള ഗൗരവബോധമുള്ള പറക്കുംതളികാ ശാസ്ത്രജ്ഞന്മാരുടെ [യുഎഫ്ഒ-കളെക്കുറിച്ചു പഠിക്കുന്നവർ] ഗവേഷണത്തിൽ ‘കിടക്കറ സന്ദർശകർ,’ പ്രേതങ്ങൾ, കുട്ടിച്ചാത്തൻമാർ, മായാരൂപങ്ങൾ, മത ദർശനങ്ങൾ, ഭൂതങ്ങളായി കരുതപ്പെടുന്നവ” എന്നിവയെക്കുറിച്ചുള്ള താരതമ്യ പഠനങ്ങൾ ഉൾപ്പെടുന്നു. യാത്രയ്ക്കായി ബഹിരാകാശ കപ്പൽ ഉപയോഗിക്കുന്നതു മിക്കവാറും അനാവശ്യമാണെന്നു പല പറക്കുംതളികാ ശാസ്ത്രജ്ഞൻമാരും മനുഷ്യരൂപത്തിലുള്ള ഭൗമേതരജീവികളെന്ന് അവകാശപ്പെടുന്നവരും പറയുന്നു. ഈ ജീവികൾക്കു ബഹിരാകാശ വാഹനത്തിൽ സഞ്ചരിക്കാതെ അദൃശ്യമായി യാത്രചെയ്യാനും ഭൂമിയിലെവിടെയും മൂർത്തീകരിക്കപ്പെടാനും കഴിയുമെന്ന് അവർ പറയുന്നു.
സാത്താനും അവന്റെ ഭൂതങ്ങളും മനുഷ്യവർഗത്തെ വഴിതെറ്റിക്കാൻ ഉദ്ദേശ്യമുള്ളവരാണെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. മനുഷ്യവർഗത്തിന്റെ നിരാശ്രയത്വത്തെയും നൈരാശ്യത്തെയും മുതലെടുത്ത് അവർ ആകർഷകമായ, എന്നാൽ തെറ്റായ പരിഹാരമാർഗങ്ങൾ നൽകുന്നു. (2 കൊരിന്ത്യർ 11:14) അതുകൊണ്ട് ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും.”—1 തിമൊഥെയൊസ് 4:1.
സമാനമായി ഇന്ന്, അത്തരം ജീവികളുടേതെന്നു കരുതുന്ന ഏതു സന്ദർശനങ്ങളും പ്രയോജനകരമെന്നു തോന്നുന്ന ബുദ്ധ്യുപദേശവും അവ ഏതു രൂപത്തിലായാലും തള്ളിക്കളയേണ്ടതുണ്ട്. ദൈവവചനത്തിനുപകരം “ഭൗമേതരജീവിക”ളുടെ ഉപദേശം പിൻപറ്റുന്നവർ തീർച്ചയായും വഴിതെറ്റിക്കപ്പെടും—ഈ നിർണായക സമയങ്ങളിൽ വരുത്തുന്ന ഒരു ഭയങ്കര പിഴവു തന്നെ.
[അടിക്കുറിപ്പുകൾ]
a യുഎഫ്ഒ-കളെക്കുറിച്ചും ഭൗമേതരജീവനെക്കുറിച്ചുമുള്ള ചർച്ചയ്ക്കായി ഉണരുക!യുടെ ഏപ്രിൽ 8, 1990, നവംബർ 8, 1990 എന്നീ ലക്കങ്ങൾ (ഇംഗ്ലീഷ്) കാണുക.
b ഒരു യുഎഫ്ഒ-ആയി ചിലർ വ്യാഖ്യാനിച്ചിരിക്കുന്ന ഒന്ന് ബൈബിൾ എഴുത്തുകാരനായ എസെക്കിയേൽ കണ്ടു. (യെഹെസ്കേൽ, 1-ാം അധ്യായം) പക്ഷേ ഇത് എസെക്കിയേലും മറ്റു പ്രവാചകൻമാരും വർണിച്ച അനേകം പ്രതീകാത്മക ദർശനങ്ങളിൽ ഒന്നായിരുന്നു, ആധുനികകാലത്ത് അവകാശപ്പെടുന്നതുപോലെ വാസ്തവത്തിലുള്ള ഒരു ഭൗതിക കാഴ്ചയായിരുന്നില്ല.