ടൂലിപ്—പ്രക്ഷുബ്ധ ഭൂതകാലമുള്ള ഒരു പുഷ്പം
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
“ഹോളണ്ടിൽ വസന്തം വന്നെത്തുമ്പോൾ ആയിരക്കണക്കിന് ഏക്കറുകൾക്ക് . . . ജീവൻവെച്ചതുപോലെയാണ്,” നെതർലൻഡ്സ് ബ്യൂറോ ഫോർ ടൂറിസം പറയുന്നു. താമസിയാതെ, നിറങ്ങളിൽ നീരാടി വിടരാൻ വെമ്പി നിൽക്കുന്ന ടൂലിപുകൾ വയലുകളിൽ ചാഞ്ചാടുന്നു. പുഷ്പങ്ങളുടെ ഈ മാസ്മരലോകത്തിലേക്ക്, ഇത് ലോകമെമ്പാടുനിന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഒട്ടുമിക്ക സന്ദർശകർക്കും മനോഹരവും പരക്കെ അറിയപ്പെടുന്നതുമായ ഈ ഉദ്യാനപുഷ്പങ്ങൾ ഹോളണ്ടിന്റെ സവിശേഷതയായ വായുചാലകമില്ലുകൾ, പാൽക്കട്ടി, തടിച്ചെരുപ്പ് എന്നിവയിലൊന്നാണ്. പക്ഷേ ടൂലിപിന്റെ ജന്മദേശം വാസ്തവത്തിൽ ടർക്കിയാണെന്ന കാര്യം നിങ്ങളറിഞ്ഞിരുന്നോ?
പൗരസ്ത്യ വേരുകളുള്ള ഡച്ച് ടൂലിപുകൾ
12-ാം നൂറ്റാണ്ടു മുതലുള്ള ടർക്കിഷ് ആഭരണങ്ങൾ ടൂലിപുകളെ ചിത്രീകരിക്കുന്നു, എന്നാൽ 1550-കളിലാണ് യൂറോപ്യൻ സാഹിത്യം ആദ്യമായി ടൂലിപുകളെക്കുറിച്ചു പ്രതിപാദിക്കുന്നത്, എന്ന് സസ്യതന്ത്രജ്ഞയായ ആഡലേയീഡ്. എൽ. സ്റ്റോക് കുറിക്കൊള്ളുന്നു. 1553-ൽ ഫ്രാൻസിൽനിന്നുള്ള ഒരു സഞ്ചാരി, “വിസ്മയഭരിതരായ വിദേശികൾ” കോൺസ്റ്റാൻറിനോപ്പിളിലെ (ഇസ്റ്റാൻബുൾ) വിപണിയിൽനിന്നു പരിചിതമല്ലാത്ത “വലിയ ഉള്ളികളോടുകൂടിയ ചുവന്ന ലില്ലികൾ” വാങ്ങിയിരുന്നതായി എഴുതി. തദ്ദേശവാസികൾ പുഷ്പത്തെ, ടർക്കിയിൽ “തലപ്പാവ്” എന്നർഥമുള്ള ഡൂൽബെൻറ് എന്ന് വിളിച്ചു. “ആ പദം ‘ടൂലിപ്’ എന്ന പദത്തിന്റെ ശബ്ദോത്പത്തി ആയിത്തീർന്നു,” ഡോ. സ്റ്റോർക് വിശദീകരിക്കുന്നു.
തലപ്പാവിനോടു സദൃശമായ ഈ പുഷ്പങ്ങളാൽ ആകർഷിക്കപ്പെട്ട വിദേശികളിലൊരാൾ, ടർക്കിയിലെ ഓസ്ട്രിയൻ സ്ഥാനപതിയായ (1555-62) ഓകീർ ഗീലൻ ദെ ബൂസ്ബെക് ആണ്. ഏതാനും ശൽകകന്ദങ്ങൾ അദ്ദേഹം കോൺസ്റ്റാൻറിനോപ്പിളിൽനിന്നു വിയന്നയിലേക്കു കൊണ്ടുപോയി. ഹേപ്സ്ബർഗ് ചക്രവർത്തി ഫെർഡിനാൻഡ് I-ാമന്റെ ഉദ്യാനത്തിൽ അവ നട്ടുപിടിപ്പിച്ചു. ടൂലിപ് ശൽകകന്ദങ്ങൾ അവിടെ, ഷാർൾ ദെ ലേക്ലുവേസിന്റെ—കാറോലൂസ് ക്ലൂസീയുസ് എന്ന ലത്തീൻ നാമത്തിൽ കൂടുതൽ നന്നായി അറിയപ്പെടുന്ന ഫ്രഞ്ചുകാരനായ സസ്യതന്ത്രജ്ഞന്റെ—വിദഗ്ധ പരിചരണത്തിൻ കീഴിൽ തഴച്ചുവളർന്നു.
താമസിയാതെ, ക്ലൂസീയുസിന്റെ പ്രശസ്തി നെതർലൻഡ്സിലെ ലൈഡൻ സർവകലാശാലയുടെ ശ്രദ്ധപിടിച്ചുപറ്റി. അങ്ങനെ അദ്ദേഹം സർവകലാശാലയുടെ ബൊട്ടാണിക്കൽ ഗാർഡന്റെ മേൽനോട്ടക്കാരനാകാൻ നിർബന്ധിക്കപ്പെട്ടു. 1593 ഒക്ടോബറിൽ അദ്ദേഹം—“രഹസ്യമായി സൂക്ഷിച്ചുവെച്ച ടൂലിപ് ശൽകകന്ദങ്ങ”ളുമായി—ലൈഡനിലെത്തി. ഏതാനും മാസങ്ങൾക്കുശേഷം, 1594-ലെ വസന്തത്തിൽ ക്ലൂസീയുസിന്റെ പുതിയ ഉദ്യാനം, നെതർലൻഡ്സിൽ ആദ്യമായി ടൂലിപ് പുഷ്പം വിരിയുന്ന ഇടമായി.
ടൂലിപോമാനിയ—പ്രക്ഷുബ്ധമായ ഒരു കാലഘട്ടം
ടൂലിപുകളുടെ വൈവിധ്യമാർന്ന നിറങ്ങളും മനോഹരമായ ആകൃതിയും ഡച്ചുകാരുടെ മനംകവർന്നു. ടർക്കി സുൽത്താന്മാർ ശൽകകന്ദങ്ങൾക്കു കൽപ്പിച്ചിരുന്ന അമിതമായ മൂല്യത്തെക്കുറിച്ചുള്ള കാൽപ്പനികകഥകളുടെ ഫലമായി, പദവിയെക്കുറിച്ച് അവബോധമുള്ള എല്ലാ പൗരന്മാരുടെയും അസൂയയ്ക്ക് അവ പാത്രമായിത്തീർന്നു. താമസിയാതെ ടൂലിപ് നട്ടുവളർത്തുന്നതു പണം വാരിക്കൂട്ടുന്ന ഒരു ബിസിനസായിത്തീർന്നു. ആവശ്യം വിൽപനയെ മറികടന്നപ്പോൾ ശൽകകന്ദങ്ങളുടെ വില കുത്തനെ ഉയർന്നു. ഇത്, ഡച്ച് ചരിത്രകാരന്മാർ ടൂൽപൻവൂഡ അല്ലെങ്കിൽ ടൂലിപോമാനിയ എന്നു വിളിക്കുന്ന പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിനു തിരികൊളുത്തി.
ടൂലിപോമാനിയ അതിന്റെ അത്യുച്ചത്തിലെത്തിയത് 1630-കളിൽ ടൂലിപ് ശൽകകന്ദങ്ങൾ ഏറ്റവും പ്രചാരമേറിയ ക്രയവസ്തുവായിമാറിയപ്പോഴാണ്. അന്നാളുകളിൽ, അപൂർവമായ ഒരു ടൂലിപ് ശൽകകന്ദത്തേക്കാൾ വിലക്കുറവിന് യോൻ ഡി. ദെ ഹേമ് (17-ാം നൂറ്റാണ്ടിലെ ഡച്ചുകാരനായ ഒരു വലിയ നിശ്ചലചിത്രരചയിതാവ്) ഛായാലേഖനം ചെയ്ത ടൂലിപിന്റെ ഒരു ചിത്രം വാങ്ങാമായിരുന്നുവെന്ന് ആർട്ട് ചരിത്രകാരനായ ഒലിവർ ഇംപേ പറയുന്നു. ഒരൊറ്റ ശൽകകന്ദം വധുവിന്റെ സ്ത്രീധനമായി സ്വീകരിക്കുമായിരുന്നു. കനാൽവക്കിലുള്ള ഒരു വീടിന്റെ വില മൂന്ന് ശൽകകന്ദങ്ങളായിരുന്നു. നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഒരു മദ്യശാലയ്ക്കു പകരമായി ടൂലിപ് ബ്രാസ്റീ എന്ന ഇനത്തിൽപെട്ട ഒരൊറ്റ ശൽകകന്ദം കൈമാറ്റം ചെയ്തിരുന്നു. ശൽകകന്ദ ബിസിനസുകാർക്കു മാസത്തിൽ ഏതാണ്ട് 44,000 ഡോളർ (യു.എസ്., ഇന്നത്തെ കറൻസിയിൽ) സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. “ഹോളണ്ടിലുടനീളം സത്രങ്ങളിലും മദ്യശാലകളിലും സംഭാഷണവും ഇടപാടുകളും ഒരേ ഒരു വസ്തുവിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു—ശൽകകന്ദങ്ങൾ,” ഒരു ഉറവിടം പറയുന്നു.
“കുത്തനെ ഉയരുന്ന വില നിമിത്തം ഇടനിലക്കാരും ദരിദ്രരുമായ ഒട്ടേറെ കുടുംബങ്ങൾ ടൂലിപ് വിപണയിന്മേൽ ശ്രദ്ധ ചെലുത്താൻ വശീകരിക്കപ്പെട്ടു,” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക കൂട്ടിച്ചേർക്കുന്നു. “കൂടുതൽ വിലയ്ക്ക് മറിച്ചുവിൽക്കുന്നതിനുവേണ്ടി ശൽകകന്ദങ്ങൾ വാങ്ങാൻ വീടുകളും എസ്റ്റേറ്റുകളും വ്യവസായങ്ങളും പണയപ്പെടുത്തി. ശൽകകന്ദങ്ങൾ സ്ഥലത്തുനിന്നു കൊണ്ടുപോകാതെതന്നെ വിൽപ്പനയും മറിച്ചുവിൽപ്പനയും ഒട്ടേറെ പ്രാവശ്യം നടന്നു. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഇരട്ടി ലാഭം കൊയ്തു. ദരിദ്രർ പണക്കാരും പണക്കാർ വൻകിട പണക്കാരുമായി. ശൽകകന്ദ വ്യാപാരം ഹാലിളകിയ ഊഹക്കച്ചവടക്കാരുടെ ഒരു വിപണിയായിത്തീർന്നു. 1637-ൽ പെട്ടെന്ന്, വാങ്ങുന്നവരേക്കാൾ കൂടുതൽ വിൽപനക്കാരായിത്തീർന്നു—വിപണി തകർന്നുതരിപ്പണമായി. ഒറ്റ രാത്രികൊണ്ടെന്നു വേണമെങ്കിൽ പറയാം, ആയിരക്കണക്കിനു ഡച്ചുകാർ സമ്പന്നതയിൽ നിന്നു ദാരിദ്ര്യത്തിലേക്കു പതിച്ചു.
കമ്പം തുടരുന്നു
എന്നിരുന്നാലും, ടൂലിപോമാനിയയുടെ അനന്തരഫലത്തിനുശേഷവും ടൂലിപിനോടുള്ള കമ്പം തുടർന്നുപോന്നു, ടൂലിപ് ശൽകകന്ദ വ്യവസായം വീണ്ടും പച്ചപിടിക്കാൻ തുടങ്ങി. വാസ്തവത്തിൽ, 18-ാം നൂറ്റാണ്ടോടെ ഡച്ച് ടൂലിപുകൾ ഏറെ പ്രശസ്തമായിത്തീർന്നിരുന്നു. തന്മൂലം, തുർക്കി സുൽത്താനായിരുന്ന അഹമ്മദ് III-ാമൻ ഹോളണ്ടിൽനിന്ന് ആയിരക്കണക്കിനു ടൂലിപുകൾ ഇറക്കുമതി ചെയ്തു. അങ്ങനെ ഒരു നീണ്ട യാത്രയ്ക്കുശേഷം ടർക്കി ടൂലിപുകളുടെ സന്തതി അവയുടെ ജന്മദേശത്തു തിരിച്ചെത്തി. ഇക്കാലത്ത്, നെതർലൻഡ്സിൽ ടൂലിപുകൾ വളർത്തുന്നത് ഒരു പ്രമുഖ വ്യവസായമായിത്തീർന്നിരിക്കുന്നു—അല്ലെങ്കിൽ ചിലർ പറയുന്നതുപോലെ മനോഹരമായ ഒരു ബിസിനസ്. 34,000 ചതുരശ്ര കിലോമീറ്റർ വരുന്ന രാജ്യത്ത് 19,000 ഏക്കറോളം ടൂലിപ് ശൽകകന്ദം വളർത്തുന്നതിന് ഉപയോഗിക്കുന്നു. വർഷംതോറും, 3,300 കർഷകർ ഏതാണ്ട് 200 കോടി ടൂലിപ് ശൽകകന്ദങ്ങൾ 80-ലേറെ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നു.
ടൂലിപിന് പ്രക്ഷുബ്ധമായ ഒരു ഭൂതകാലമുണ്ടെങ്കിലും ഈ ഉദ്യാന പ്രേമഭാജനത്തോടുള്ള മനുഷ്യന്റെ കമ്പം എന്നും ഒരുപോലെയായിരുന്നു. നൂറ്റാണ്ടുകളിലുടനീളം, മനോഹരമായ ഈ പുഷ്പം, ചന്തമുള്ള അതിന്റെ ആകൃതിയും ആകർഷകമായ അതിന്റെ നിറവും കാൻവാസിലേക്കും കടലാസിലേക്കും പകർത്താൻ തക്കവണ്ണം കലാകാരന്മാരെയും കവികളെയും ശാസ്ത്രജ്ഞന്മാരെയും പ്രേരിപ്പിച്ചിരിക്കുന്നു. അതിലൊരാളാണ് 18-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞനായ യോഹാൻ ക്രിസ്റ്റ്യാൻ ബെനിമാൻ. ജർമൻ ഭാഷയിൽ അദ്ദേഹം ടൂലിപിനെക്കുറിച്ച് ഒരു ഏകവിഷയക പ്രബന്ധം എഴുതിയിട്ടുണ്ട്. പ്രബന്ധത്തിന് അദ്ദേഹം, ദിയേ ടൂൽപെ സൂം റൂം ഈഹ്റെസ് ഷൂപ്ഫെർസ്, ഉൻഡ് ഫെർജ്നൂഗുങ് ഏഡ്ലെർ ഗെമൂത്തെർ (ടൂലിപ്, അതിന്റെ സ്രഷ്ടാവിന്റെ മഹത്ത്വത്തിനും മഹാന്മാരുടെ ആസ്വാദനത്തിനും വേണ്ടി) എന്നു നാമകരണം ചെയ്തു. അദ്ദേഹത്തിനും ഒട്ടനവധി മറ്റ് ഗ്രന്ഥകാരന്മാർക്കും ടൂലിപ് “തോട്ടക്കാരന്റെ കൈയ്യിലെ ഒരു വസ്തു മാത്രമല്ല, അതു സ്രഷ്ടാവിന്റെ മഹത്ത്വത്തെ പ്രതിഫലിപ്പിക്കുകകൂടെ ചെയ്യുന്നു,” ഏഡെലെയ്ഡ് സ്റ്റോർക്ക് അഭിപ്രായപ്പെടുന്നു. മൃദുലമായ ഈ പുഷ്പത്തെ നോക്കിയാൽ വിയോജിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും.
[18-ാം പേജിലെ ചതുരം]
നിങ്ങളുടെ ടൂലിപുകൾ വളർത്തേണ്ടവിധം
മതിയായ ജലവിതരണമുണ്ടെങ്കിൽ മിക്കവാറും എല്ലാ മണ്ണും അനുയോജ്യമാണ്. എന്നിരുന്നാലും മേൽമണ്ണ്, മണൽ, കാണപ്പുൽക്കറ്റ അല്ലെങ്കിൽ വളക്കൂട്ട് എന്നിവയുമായി യോജിപ്പിച്ചു നടുന്നത് എളുപ്പമാക്കിത്തീർക്കാം.
ടൂലിപ് ശൽകകന്ദങ്ങൾ ശരത്കാലത്തു നടുക. ഇത് രണ്ടു തരത്തിൽ നടാം: ഓരോ ശൽകകന്ദത്തിനും നിങ്ങൾക്ക് ഓരോ കുഴിയുണ്ടാക്കാം, അല്ലെങ്കിൽ ശൽകകന്ദങ്ങളെല്ലാം ഒരേസമയത്തു നടാൻതക്കവണ്ണം ഒരു വിതനിലം ഉണ്ടാക്കാം.
ടൂലിപുകൾ നടുന്നതിനു പരീക്ഷിച്ചുറപ്പു വരുത്തിയിട്ടുള്ള ഒരു മാർഗം: നടുന്നതിന്റെ ആഴം ശൽകകന്ദത്തിന്റെ ഉയരത്തിന്റെ ഇരട്ടിയായിരിക്കേണ്ടതുണ്ട്. അതായത്, ശൽകകന്ദത്തിന്റെ അടിഭാഗം (പരന്നഭാഗം) നിലത്തുനിന്ന് ഏതാണ്ട് 20 സെൻറിമീറ്റർ അടിയിലായിരിക്കണം. ശൽകകന്ദങ്ങൾ തമ്മിലുള്ള അകലം 12 സെൻറിമീറ്ററായിരിക്കണം.
ശൽകകന്ദങ്ങൾ കുഴിയിൽവെച്ചു മണ്ണിട്ടുമൂടുക, ഉടൻതന്നെ വെള്ളം ഒഴിക്കുക. വളർച്ച വേഗം ആരംഭിക്കാനാണിത്. കൊടുംശൈത്യകാലത്ത്, കാണപ്പുൽക്കറ്റയുടെയോ ഇലകളുടെയോ അട്ടി ശൽകകന്ദങ്ങളെ സംരക്ഷിക്കും. മണ്ണ് വരണ്ടുപോകാതിരിക്കാനും ഇതു സഹായിക്കും. മുളകൾ ആദ്യമായി പ്രത്യക്ഷമാകുമ്പോൾ ചീഞ്ഞ ഇലകൾ മാറ്റുക.
ഇതളുകൾ പൊഴിയാൻ തുടങ്ങുമ്പോൾ പുഷ്പങ്ങൾ ഇറുത്തുമാറ്റുക; അല്ലെങ്കിൽ ചെടിയിൽ വിത്തുണ്ടാകാൻ തുടങ്ങുകയും അടുത്ത വർഷം വളർച്ചക്കാവശ്യമായ ആഹാരം അത് ശൽകകന്ദങ്ങളിൽനിന്നു വലിച്ചെടുക്കുകയും ചെയ്യും. ഇലകൾ മഞ്ഞയായി തുടങ്ങുമ്പോൾ, ഇലകൾ സ്വാഭാവികമായി കൊഴിഞ്ഞുവീഴാൻ അനുവദിക്കുക. എന്നിട്ട് അവ എടുത്തുമാറ്റണം.
ശൽകകന്ദങ്ങൾ അവിടെയുമിവിടെയുമായി നടുന്നതിനു പകരം ഒരേ ഇനത്തിലും നിറത്തിലും പെട്ട ശൽകകന്ദങ്ങൾ കൂട്ടത്തോടെ ഒരുമിച്ചു നടുക. ഈ വിധത്തിൽ വർണങ്ങളുടെ ഒരു ആറാട്ട് തന്നെ നിങ്ങൾക്കു സൃഷ്ടിക്കാം, ഒപ്പം ഉദ്യാനത്തിൽ ഒരു പുഷ്പോത്സവവും.—ഇന്റർനാഷണൽ ഫ്ളവർ ബൾബ് സെന്റർ, ഹോളണ്ട്/നാഷണൽ ജിയോഗ്രഫിക്.
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Page 16 bottom: Nederlands Bureau voor Toerisme; Top left, center, and top right: Internationaal Bloembollen Centrum, Holland; Page 17 bottom: Nederlands Bureau voor Toerisme/Capital Press