ഓസ്ട്രേലിയയുടെ “പാടുന്ന ഗോപുരം”
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
കലയും സാങ്കേതികവിദ്യയും ശാസ്ത്രവും പലപ്പോഴും ഒരുമിച്ചുചേർന്ന് സംഗീത മേഖലയിൽ വിശിഷ്ടമായ നാനാവിധ ഉപകരണങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്റോണിയസ് സ്ട്രാഡിവറിയസിന്റെ വയലിനുകളും റ്റേയോബാൾഡ് ബ്യൂമിന്റെ പുല്ലാങ്കുഴലുകളും വ്യാപകമായി അറിയപ്പെടുമ്പോൾ പ്രൗഢമായ വാദ്യമണിശ്രേണിയെക്കുറിച്ച് (carillon) പൊതുവേയുള്ള അറിവ് തുലോം തുച്ഛമാണ്.
എന്താണ് വാദ്യമണിശ്രേണി, അതെങ്ങനെയാണു വായിക്കുന്നത്? ലോകത്തിലെ മുഖ്യ വാദ്യമണിശ്രേണികളിലൊന്നു സന്ദർശിക്കുന്നതു നമ്മെ പ്രബുദ്ധമാക്കുകയും അതിന്റെ അസാധാരണ സംഗീതത്തോടുള്ള നമ്മുടെ വിലമതിപ്പ് ഒരുപക്ഷേ ആഴമുള്ളതാക്കിത്തീർക്കുകയും ചെയ്യും.
ഒരു ഭീമൻ ഉപകരണം
വാദ്യമണിശ്രേണി ലോകത്തിലെ ഏറ്റവും വലിയ സംഗീതോപകരണങ്ങളിൽ ഒന്നാണെന്നു മാത്രമല്ല, പുരാതനവുമാണ്. അത് സാധാരണമായി ഒരു മണി ഗോപുരത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് “പാടുന്ന ഗോപുരം” എന്ന് അത് ഉചിതമായി പരാമർശിക്കപ്പെട്ടിരിക്കുന്നു. ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിലുള്ള വാദ്യമണിശ്രേണിയും മണി ഗോപുരവും, ആ നഗരം സ്ഥാപിച്ച് നാമകരണം ചെയ്യപ്പെട്ടതിന്റെ 50-ാം വർഷം കൊണ്ടാടുന്നതിനായി 1963-ൽ ഗ്രേറ്റ് ബ്രിട്ടൻ ഗവൺമെൻറ് നൽകിയ ജൂബിലി സമ്മാനമാണ്. മനോഹരമായ ബർലി ഗ്രിഫിൻ തടാകത്തിന്റെ മധ്യത്തിലുള്ള ആസ്പെൻ ദ്വീപിലാണ് ആ വാദ്യമണിശ്രേണി സ്ഥിതിചെയ്യുന്നത്.
50 മീറ്റർ ഉയരമുള്ള ഈ മണി ഗോപുരത്തിനു ത്രികോണാകൃതിയിലുള്ള മൂന്നു ഷാഫ്റ്റുകളുടെ ഒരു വൃന്ദമുണ്ട്. ഓരോ ഷാഫ്റ്റും മധ്യത്തിലുള്ള ഒരു സമപാർശ്വ ത്രികോണത്തിന്റെ ഓരോ വശത്തോടു ചേർന്നിരിക്കുന്നു. വാദ്യമണിശ്രേണിയിരിക്കുന്ന നിലകൾ മുകളിൽ ഈ മൂന്നു ഷാഫ്റ്റുകളുടെ ഇടയിലായി സ്ഥിതിചെയ്യുന്നു.
ഗോപുരത്തിലുള്ള ലിഫ്റ്റ് നമ്മെ ഒന്നാം നിലയിലേക്കു കൊണ്ടുപോകുന്നു. ഓർഗനുകളുടേതിനോടു സമാനമായ വലിയ രണ്ട് പൽനിരകൾ അഥവാ കീബോർഡുകൾ നാം അവിടെ കാണുന്നു. ആദ്യത്തേത് വാദ്യമണിശ്രേണിക്കാരൻ എന്നു വിളിക്കപ്പെടുന്ന വായനക്കാരനു വായനാ പരിശീലനം നടത്തുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ഈ കീബോർഡിൽനിന്നുള്ള ഹാമറുകൾ സ്വരിത്ര ദണ്ഡുകളിൽ (tuning bars) ചെന്നടിക്കുക മാത്രം ചെയ്യുന്നു.
പരിശീലന കീബോർഡിന്റെ ഏകദേശം പുറകിലായിട്ടാണു വാദ്യമണിശ്രേണിയുടെ യഥാർഥ പൽനിര ഇരിക്കുന്നത്. എന്നാൽ അതൊരു സാധാരണ കീബോർഡല്ല. എന്തുകൊണ്ടെന്നാൽ ഓക്ക് തടികൊണ്ടു നിർമിച്ചതും ഏകദേശം രണ്ടു സെൻറിമീറ്റർ വ്യാസമുള്ളതുമായ വലിയ, ഉരുണ്ട കട്ടകളാണ് അതിനുള്ളത്. കട്ടകളുടെ മുകളിലത്തെ നിര പിയാനോയുടെയോ ഓർഗന്റെയോ പരിചിതമായ കറുത്ത കട്ടകളെയാണു പ്രതിനിധീകരിക്കുന്നത്. അവ ഒൻപതു സെൻറിമീറ്ററോളം ഉന്തിനിൽക്കുന്നു, അതേസമയം താഴത്തെ നിര (പിയാനോയുടെ വെളുത്ത കട്ടകളെ പ്രതിനിധീകരിക്കുന്നു) ഏകദേശം 17 സെൻറിമീറ്റർ തള്ളിനിൽക്കുന്നു. പിയാനോ വായനക്കാരിൽനിന്നോ ഓർഗൻ വായനക്കാരിൽനിന്നോ വ്യത്യസ്തമായി, വാദ്യമണിശ്രേണിക്കാരൻ വിരലുകൾ ഉപയോഗിക്കാതെ കൈകൾ ചുരുട്ടിപിടിച്ചാണു വായിക്കുന്നത്. അതുകൊണ്ട്, വായിക്കുന്ന സമയത്ത് വായനക്കാരൻ മറ്റു കട്ടകളിൽ തൊടാതിരിക്കുന്നതിനുവേണ്ടി കട്ടകളുടെ ഇടയിൽ നല്ല അകലമിട്ടിരിക്കുന്നു.
യഥാർഥത്തിൽ വിസ്മയാവഹമായ ഒരു പ്രവർത്തനവിധം
പ്രധാന പൽനിരയുടെ മുകളിൽനിന്നു മുകളിലത്തെ നിലയിലേക്കു വയറുകൾ പോകുന്നുണ്ട്. നാലര ഒക്ടേവുകളുടെ ഓരോ കട്ടയും അസാധാരണമായി മുറുക്കം ക്രമീകരിച്ചിട്ടുള്ള ഒരു വ്യത്യസ്ത സ്റ്റീൽ വയറിനോടു ബന്ധിപ്പിച്ചിരിക്കുന്നു. ഈ വയറുകളെല്ലാം എങ്ങോട്ടാണു ചെല്ലുന്നതെന്നു കണ്ടുപിടിക്കാൻ നാം അടുത്ത നിലയിലേക്കു ലിഫ്റ്റു കയറുന്നു. അവിടെ ആറു ടൺ വീതം ഭാരമുള്ള രണ്ടു ഭാരിച്ച മണികൾ വിസ്മയാവഹമായ വിധം തൂങ്ങിക്കിടക്കുന്നു. ഈ മണികളുടെ ഇടയ്ക്കു നോക്കുമ്പോൾ അവയുടെ മുകളിലായി വേറെ 51 മണികൾ, ഏഴു കിലോഗ്രാം മാത്രം ഭാരമുള്ള ഏറ്റവും ചെറിയ മണിവരെ ഒന്നിനു മുകളിൽ ഒന്നായി ക്രമേണ ക്രമീകരിച്ചിരിക്കുന്നതു നാം കാണുന്നു.
ചിലപ്പോൾ അധിഷ്ഠാന അതിസ്വരം (dominant harmonics) ഹേതുവായി ഉണ്ടാകുന്ന ഏതു ശബ്ദ വ്യതികരണത്തെയും തടയാൻ തക്കവണ്ണം വിദഗ്ധമായാണ് എല്ലാ മണികളും സ്ഥാപിച്ചിരിക്കുന്നത്. താഴെയുള്ള പൽനിരയുടെ ഓരോ കട്ടയോടും ബന്ധിക്കപ്പെട്ടിരിക്കുന്ന സ്റ്റീൽ വയർ ഓരോ മണിയെയും അതിന്റെ അകത്തുള്ള മൃദുവായ ലോഹ മണിനാക്കുകൊണ്ടു പ്രവർത്തനോന്മുഖമാക്കുന്നു. ഓരോ വാദ്യമണിശ്രേണിക്കാരന്റെയും ഓരോ സ്പർശനത്തിനും നിലവിലുള്ള കാലാവസ്ഥകൾക്കും അനുയോജ്യമായവിധം മുറുക്കം കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
രസാവഹമായ ചില വസ്തുതകൾ
ഇംഗ്ലണ്ടിലെ ജോൺ ടെയ്ലർ ആൻഡ് കമ്പനിയുടെ വാർപ്പുശാലയിൽ വാർത്തെടുക്കപ്പെട്ട കാൻബെറ വാദ്യമണിശ്രേണിയിലെ മണികൾ പുരാതന കലയുടെ 20-ാം നൂറ്റാണ്ടിലെ വിശിഷ്ട മാതൃകകളാണ്. മണികളുടെ ശ്രുതിമധുരമായ സംഗീതങ്ങൾ തടാകജലത്തിനു കുറുകെ 300 മീറ്ററോളം ആരത്തിലും സമീപത്തുള്ള ഉദ്യാനങ്ങളിലും പാർക്കുകളിലും മുഴങ്ങിക്കേൾക്കാം.
ഇത് ലോകത്തിലെ ഏറ്റവും വലിയ വാദ്യമണിശ്രേണിയല്ല. എന്നാൽ 53 മണികളുള്ള ഇത് ഏറ്റവും വലിയവയിൽ പെടും. എന്തുകൊണ്ടെന്നാൽ മിക്ക വാദ്യമണിശ്രേണികൾക്കും 23-നും 48-നും ഇടയ്ക്ക് മണികളേയുള്ളു. എന്നിരുന്നാലും, ഏറ്റവും വലിയ വാദ്യമണിശ്രേണി ന്യൂയോർക്ക് നഗരത്തിലാണ്. അതിന് 74 മണികളുണ്ട്. ലോകത്തിലെ സ്വരൈക്യം വരുത്തിയ ഏറ്റവും വലിയ മണിയുള്ളതും അതിനാണ്. കാൻബെറ വാദ്യമണിശ്രേണി പുറപ്പെടുവിക്കുന്ന കീഴ്സ്ഥായി പ്രതിമധ്യമ സ്വരത്തോടു താരതമ്യപ്പെടുത്തുമ്പോൾ 18 ടണ്ണിലേറെ ഭാരമുള്ള ഈ മണി സി മേജർ സ്കെയിലിലെ ആദ്യത്തെ സി സ്വരം പുറപ്പെടുവിക്കുന്നു.
ഇപ്പോൾ നമുക്കു വാദ്യമണിശ്രേണിക്കാരന്റെ ഒരു സംഗീതക്കച്ചേരി ആസ്വദിക്കാം. നമുക്ക് താഴെയുള്ള ഉദ്യാനത്തിൽ ചെന്നിരുന്നാലോ? അവിടെയിരുന്നാൽ നമുക്കു “പാടുന്ന ഗോപുര”ത്തിന്റെ ഗംഭീര സംഗീതം ശ്രവിക്കാൻ മാത്രമല്ല, നമുക്കു ചുറ്റുമുള്ള സൃഷ്ടിയുടെ അത്ഭുതങ്ങൾ ആസ്വദിക്കാനും കഴിയും. സായാഹ്നമാരുതന്റെ സ്വച്ഛതയും മണികളുടെ മതിപ്പുളവാക്കുന്ന ഉയരവും കൂടിയാകുമ്പോൾ ലോലമായ സംഗീതം ഉത്പാദിപ്പിക്കപ്പെടുന്നതായി തോന്നുന്നു. അത് സംഗീതമെന്ന ദിവ്യ ദാനത്തോടുള്ള കൃതജ്ഞത നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്നു.
[25-ാം പേജിലെ ചിത്രം]
ഗോപുരത്തിലെ മണികൾ