നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?
കഴിഞ്ഞ വർഷം ലോകത്തെമ്പാടുമായി 87,00,000-ത്തിലധികം ആളുകൾ യഹോവയുടെ സാക്ഷികളുടെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനു ഹാജരായി. “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ ഒന്നിനു നിങ്ങൾ ഉണ്ടായിരിക്കുമോ? ഹാജരാകുന്നതിനു നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.
മിക്ക സ്ഥലങ്ങളിലും വെള്ളിയാഴ്ച രാവിലെ 9:30-ന് സംഗീതത്തോടെ കൺവെൻഷൻ ആരംഭിക്കും. “ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?” എന്ന പ്രോത്സാഹജനകമായ പ്രസംഗത്തെ പ്രാരംഭ സെഷൻ വിശേഷവൽക്കരിക്കും. ദൈവം ആവശ്യപ്പെടുന്നതു ചെയ്യുന്നതിനു ദശലക്ഷക്കണക്കിനു മറ്റുള്ളവരെ സഹായിക്കുന്നതിനു നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന വിവരങ്ങൾ ഇതിലുണ്ടായിരിക്കും.
“ദൈവത്തിന്റെ നിബന്ധനകൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കൽ” എന്ന ഉച്ചകഴിഞ്ഞത്തെ അവതരണം ശിഷ്യരാക്കൽ വേലയിൽ കൂടുതൽ ഫലപ്രദമായി പങ്കുപറ്റാൻ സമ്മേളിതരെ സജ്ജരാക്കും. പിന്നീട്, “വിനോദത്തിന്റെ മറഞ്ഞുകിടക്കുന്ന കെണികൾക്കെതിരെ ജാഗരൂകരായിരിക്കുവിൻ” എന്ന രണ്ടു ഭാഗങ്ങളുള്ള സിമ്പോസിയം ഒഴിവാക്കേണ്ട ഭൂത കെണികളെക്കുറിച്ചു മുന്നറിയിപ്പു നൽകും. “ദൈവവചനത്തിന്റെ അഖണ്ഡത വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കൽ” എന്ന പ്രധാനപ്പെട്ട പ്രസംഗത്തോടെ വെള്ളിയാഴ്ചത്തെ പരിപാടി സമാപിക്കും.
“സമാധാന സുവാർത്ത എത്തിക്കുന്ന സന്ദേശവാഹകർ” എന്ന മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയത്തോടെ ശനിയാഴ്ച രാവിലത്തെ സെഷൻ ശിഷ്യരാക്കൽ വേലയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകും. ആ സെഷനിലെ അവസാനത്തെ പ്രസംഗം സമർപ്പണത്തെയും സ്നാപനത്തെയും കുറിച്ചുള്ളതായിരിക്കും. അതേത്തുടർന്നു പുതിയ ശിഷ്യൻമാരുടെ സ്നാപനവും ഉണ്ടായിരിക്കും.
“കാര്യാദികളെക്കുറിച്ചുള്ള യഹോവയുടെ ചിന്താഗതികൾ പരിഗണിക്കുവിൻ” എന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞത്തെ അവതരണം, ആനുകാലിക വിഷയങ്ങളെക്കുറിച്ച് അനേകർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും. “സമാധാനത്തിന്റെ ദൈവം നിങ്ങൾക്കുവേണ്ടി കരുതുന്നു” എന്ന രണ്ടു ഭാഗങ്ങളടങ്ങിയ ഹൃദയോഷ്മളമായ സിമ്പോസിയം നിങ്ങൾ ആസ്വദിക്കും. “കുടുംബജീവിതത്തിൽ ദൈവസമാധാനം പിന്തുടരുവിൻ” എന്ന സെഷനിലെ സമാപന പ്രസംഗത്തിൽ സവിശേഷമായ ചിലത് ആസ്വദിക്കപ്പെടും.
“ശരിയായ തരത്തിലുള്ള സന്ദേശവാഹകരെ തിരിച്ചറിയിക്കൽ” എന്ന ഞായറാഴ്ച രാവിലത്തെ മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയം ബൈബിൾ പ്രവാചകൻമാരുടെ ദൃഷ്ടാന്തങ്ങളെ വർണിച്ചുകൊണ്ടു കൺവെൻഷന്റെ വിഷയത്തെ വിശേഷവൽക്കരിക്കും. ന്യായാധിപനായ ഗിദെയോനെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിൽനിന്നു മൂല്യവത്തായ പാഠങ്ങൾ വ്യക്തമാക്കുന്ന പൂർണവേഷവിധാനങ്ങളോടുകൂടിയ ഒരു നാടകത്തോടെ രാവിലത്തെ പരിപാടി സമാപിക്കും.—ന്യായാധിപന്മാർ 6:11–8:28.
ഞായറാഴ്ച ഉച്ചകഴിഞ്ഞ്, “ഒടുവിൽ യഥാർഥ സമാധാനം!—ഏത് ഉറവിൽനിന്ന്?” എന്ന ശീർഷകത്തിലുള്ള പരസ്യപ്രസംഗം കൺവെൻഷന്റെ അവസാന സെഷന്റെ വിശേഷഭാഗമായിരിക്കും. ഒടുവിൽ, “ദൈവസമാധാന സന്ദേശവാഹകർ എന്ന നിലയിൽ മുന്നേറുന്നു” എന്ന പ്രചോദനമേകുന്ന പ്രസംഗം കൺവെൻഷനു സമാപനം കുറിക്കും.
ഇന്ത്യയിൽ മാത്രമായി 15 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ സാധ്യതയനുസരിച്ചു നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനു സമീപത്തായി ഒരെണ്ണം ഉണ്ടായിരിക്കും. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൺവെൻഷന്റെ സമയവും സ്ഥലവും അറിയുന്നതിനു പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോട് അന്വേഷിക്കുക. ഉണരുക!യുടെ ജൂൺ 8 ലക്കം ഇന്ത്യയിലെ എല്ലാ കൺവെൻഷൻ സ്ഥലങ്ങളും പട്ടികപ്പെടുത്തുകയും ചെയ്യും.