യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കു സുഹൃത്തുക്കളെ നിലനിർത്താൻ കഴിയാത്തതെന്തുകൊണ്ട്?
“ഞാനും എന്റെ സുഹൃത്തും ഒട്ടേറെ താത്പര്യങ്ങൾ പങ്കിട്ടു, അനേകം സംഗതികൾ ഒരുമിച്ചു ചെയ്തു; ഒന്നിച്ചു സമയം ചെലവിടുന്നത് ഞങ്ങൾ ആസ്വദിച്ചു. പക്ഷേ സുഹൃത്തുക്കളായ ഞങ്ങൾ പെട്ടെന്ന് അകന്നുതുടങ്ങി. അത് എന്നെ യഥാർഥത്തിൽ നിരാശയാക്കി.”—മാരിയ.
ഒടുവിൽ നിങ്ങൾ ഒരു സുഹൃത്തിനെ കണ്ടെത്തിയിരിക്കുന്നു, നിങ്ങളെ മനസ്സിലാക്കുന്ന, എന്നാൽ വിധിക്കാത്ത ഒരാൾ. അങ്ങനെയിരിക്കുമ്പോൾ, പെട്ടെന്നു നിങ്ങളുടെ സുഹൃദ്ബന്ധം തകർന്നു തുടങ്ങുന്നു. നിങ്ങൾ അതു വീണ്ടെടുക്കാൻ ശ്രമിക്കുന്നു, പക്ഷേ ഒരു രക്ഷയുമില്ല.
ഒരു വിശ്വസ്ത സ്നേഹിതൻ വിലതീരാത്തവനാണ്. (സദൃശവാക്യങ്ങൾ 18:24) അത്തരമൊരാളെ നഷ്ടപ്പെടുന്നതു വേദനാജനകമായ ഒരു അനുഭവമായിരിക്കാൻ കഴിയും. ഇയ്യോബിന്റെ സുഹൃത്തുക്കൾ അവനെ ഉപേക്ഷിച്ചപ്പോൾ അവൻ ഇങ്ങനെ വിലപിച്ചതായി ബൈബിൾ നമ്മോടു പറയുന്നു: “എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.” (ഇയ്യോബ് 19:14) നിങ്ങൾക്ക് അടുത്തയിടെയെങ്ങാനും ഒരു സുഹൃദ്ബന്ധം നഷ്ടമായിട്ടുണ്ടെങ്കിൽ സമാനമായ ദുഃഖം അനുഭവപ്പെടുന്നുണ്ടാകാം. യുവാവായ പാട്രിക് അതിനെക്കുറിച്ചു പറയുന്നതുപോലെ, “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിച്ചുപോയതുപോലെയാണ് തോന്നുന്നത്.” എന്നാൽ നിങ്ങൾക്ക് ഉണ്ടായിരുന്നിട്ടുള്ള മിക്ക സുഹൃദ്ബന്ധങ്ങളും പരാജയമടഞ്ഞിരിക്കുന്നെങ്കിലോ?
ദുർബലമായ സുഹൃദ്ബന്ധങ്ങൾ
“പെട്ടെന്നുള്ള, നാടകീയമായ മാറ്റങ്ങളോടും സുഹൃദ്ബന്ധങ്ങൾ തകരുമ്പോഴുള്ള തിക്ത വികാരങ്ങളോടും കൂടി അടുക്കാനും അകലാനുമുള്ള പ്രവണതയാണ്” കൗമാര സുഹൃദ്ബന്ധങ്ങൾക്കുള്ളത് എന്ന് ഈസ്റ്റ്വുഡ് അറ്റ്വോട്ടെറിന്റെ കൗമാരം (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. കൗമാര സുഹൃദ്ബന്ധങ്ങളെ ഇത്രമാത്രം ദുർബലമാക്കുന്നതെന്താണ്? പ്രായമാകുന്തോറും നിങ്ങളുടെ വികാരങ്ങൾ, വീക്ഷണഗതികൾ, ലക്ഷ്യങ്ങൾ, താത്പര്യങ്ങൾ എന്നിവയിൽ മാറ്റം വന്നു തുടങ്ങുന്നുവെന്നതാണ് ഒരു കാരണം. (1 കൊരിന്ത്യർ 13:11 താരതമ്യം ചെയ്യുക.) ചില കാര്യങ്ങളിൽ നിങ്ങൾ സമപ്രായക്കാരെക്കാൾ മുന്നോക്കം—അല്ലെങ്കിൽ പിന്നോക്കം—ആയിരിക്കുന്നതായി നിങ്ങൾക്കു കണ്ടെത്താൻ കഴിയും.
അതുകൊണ്ട് സുഹൃത്തുക്കൾ വളരുമ്പോൾ ചിലപ്പോൾ അവർ അകന്നുപോകുന്നു—അത് പിണക്കം നിമിത്തമല്ല, വ്യത്യസ്ത ലക്ഷ്യങ്ങളും താത്പര്യങ്ങളും മൂല്യങ്ങളും അവർ വികസിപ്പിച്ചെടുക്കുന്നതുകൊണ്ടാണ്. ഒരു ബന്ധം അവസാനിക്കുന്നത് ഏറ്റവും നല്ലതുപോലുമായിരുന്നേക്കാം. നിങ്ങൾ വളരുകയും ആത്മീയ കാര്യങ്ങൾ കൂടുതൽ ഗൗരവമായി എടുത്തു തുടങ്ങുകയും ചെയ്യുമ്പോൾ നിങ്ങളുടെ മുൻ സുഹൃത്തുക്കളിൽ ചിലർ ആരോഗ്യാവഹമായ സ്വാധീനമല്ലായിരുന്നെന്നു നിങ്ങൾ മനസ്സിലാക്കിയേക്കാം. (1 കൊരിന്ത്യർ 15:33) നിങ്ങൾ അവരെക്കുറിച്ചു കരുതുന്നു, എന്നാൽ മുമ്പത്തെപ്പോലെ നിങ്ങൾ അവരുടെ സഹവാസം ആസ്വദിക്കുന്നില്ല.
സുഹൃദ്ബന്ധങ്ങൾക്കു ഹാനിവരുത്തുന്ന സംഗതികൾ
എന്നാൽ നിങ്ങൾക്കു സുഹൃത്തുക്കൾ—നിങ്ങൾ നിലനിർത്താനാഗ്രഹിക്കുന്ന ബന്ധങ്ങൾ—തുടർച്ചയായി നഷ്ടമായിക്കൊണ്ടിരിക്കുന്നെങ്കിൽ എന്ത്? തുറന്നുപറയട്ടെ, നിങ്ങൾ ചില വ്യക്തിത്വ വൈകല്യങ്ങൾ തരണം ചെയ്യേണ്ടതുണ്ടെന്ന് അത് അർഥമാക്കിയേക്കാം. ഉദാഹരണത്തിന്, അസൂയ സുഹൃദ്ബന്ധങ്ങൾക്കു ഹാനിവരുത്തുന്നു. നിങ്ങളെക്കാൾ ധനികനും പ്രതിഭാസമ്പന്നനും ആകർഷണീയനും പേരുകേട്ടവനുമായ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെന്നു സങ്കൽപ്പിക്കുക. അവനോ അവൾക്കോ ലഭിച്ചേക്കാവുന്ന അധിക ശ്രദ്ധയിൽ നിങ്ങൾക്കു നീരസം തോന്നുന്നുവോ? “അസൂയയോ അസ്ഥികൾക്കു ദ്രവത്വം.” (സദൃശവാക്യങ്ങൾ 14:30, ദാനീയേൽ ബൈബിൾ.) “എന്റെ സുഹൃത്തിന്റെ പ്രശസ്തിയിലും അവന് ഉണ്ടായിരുന്നതും എനിക്ക് ഇല്ലായിരുന്നതുമായ എല്ലാ സംഗതികളിലും എനിക്ക് എന്റെ സുഹൃത്തിനോട് യഥാർഥത്തിൽ അസൂയതോന്നി, അത് ഞങ്ങളുടെ സുഹൃദ്ബന്ധത്തെ ബാധിക്കുകയും ചെയ്തു” എന്നു യുവാവായ കിനൊൻ സമ്മതിച്ചു പറയുന്നു.
അവകാശഭാവം വിനാശകരമായ മറ്റൊരു സ്വഭാവവിശേഷമായിരിക്കാവുന്നതാണ്. ഒരു സുഹൃത്ത് മറ്റുള്ളവരുമൊത്തു കൂടുതൽ സമയവും നിങ്ങളുമൊത്തു കുറച്ചു സമയവും ചെലവഴിക്കുന്നതായി നിങ്ങൾ മനസ്സിലാക്കുന്നെങ്കിലെന്ത്? ഒരു യുവതി ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “മറ്റുള്ളവർ എന്റെ ചില സുഹൃത്തുക്കളോടു സംസാരിച്ചപ്പോഴും എനിക്ക് അസൂയ തോന്നി.” നിങ്ങളുടെ സുഹൃത്ത് മറ്റുള്ളവരുമൊത്തു സഹവസിക്കുന്നതു വഞ്ചനാ നടപടിയായി നിങ്ങൾ കണ്ടേക്കാം.
പിഴവുപറ്റരുതെന്ന ശാഠ്യവും സുഹൃദ്ബന്ധത്തിനു വിനാശകരമായിരിക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു സുഹൃത്ത് നിങ്ങളെക്കുറിച്ചു കുശുകുശുപ്പു പറഞ്ഞതായി, ഒരുപക്ഷേ രഹസ്യങ്ങൾ വെളിപ്പെടുത്തുകപോലും ചെയ്തതായി നിങ്ങൾ മനസ്സിലാക്കുന്നു. “എനിക്ക് അവനെ/അവളെ മേലാൽ ആശ്രയിക്കാൻ കഴിയില്ല!” നിങ്ങൾ ദേഷ്യത്തോടെ ആക്രോശിക്കുന്നു.
സുഹൃദ്ബന്ധം—കൊടുക്കലോ വാങ്ങലോ?
അസൂയയോ അവകാശഭാവമോ പിഴവുപറ്റരുതെന്ന ശാഠ്യമോ നിങ്ങളുടെ സുഹൃദ്ബന്ധങ്ങളെ അറ്റുപോകുന്നതാക്കിയിരിക്കുന്നെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ സുഹൃദ്ബന്ധത്തിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്?’ നിങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കുന്ന ആരെങ്കിലും അതായത്, നിങ്ങൾ പറയുന്നതെന്തും ചെയ്യുന്ന ഒരു വേലക്കാരൻ ഉണ്ടായിരിക്കുന്നതു സുഹൃദ്ബന്ധത്തിൽ ഉൾപ്പെടുന്നുവെന്നു നിങ്ങൾ സങ്കൽപ്പിക്കുന്നുവോ? അന്തസ്സിനും പ്രസിദ്ധിക്കും കാര്യസാധ്യത്തിനും വേണ്ടിയാണോ നിങ്ങൾ സുഹൃത്തുക്കളെ തേടുന്നത്? ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്ക് ഒട്ടും അവസരം കൊടുക്കാതെ, ഒരു സുഹൃത്തിൽനിന്നു നിങ്ങൾ സമ്പൂർണ സമർപ്പണം പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ സുഹൃദ്ബന്ധത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തിന് നിങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട്.
മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങൾ സ്വീകരിക്കുന്നതിന്റെയല്ല, പിന്നെയോ കൊടുക്കുന്നതിന്റെ ഫലമാണെന്നു ബൈബിൾ പഠിപ്പിക്കലുകളിൽനിന്നു നാം മനസ്സിലാക്കുന്നു! മത്തായി 7:12-ൽ യേശുക്രിസ്തുതന്നെ ഇപ്രകാരം പറയുകയുണ്ടായി: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” സുഹൃത്തുക്കളിൽനിന്നു ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നതു സ്വാഭാവികം മാത്രമാണ്. ബന്ധങ്ങളെ മനസ്സിലാക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഒരു സുഹൃത്ത് സത്യസന്ധനും തുറന്ന മനഃസ്ഥിതിക്കാരനും ആയിരിക്കാനും സ്നേഹം കാണിക്കാനും അവന്റെയോ അവളുടെയോ രഹസ്യങ്ങളും പ്രശ്നങ്ങളും നമ്മോടു പറയാനും ആവശ്യമായിരിക്കുമ്പോൾ നമുക്കു സഹായം നൽകാനും നമ്മെ ആശ്രയിക്കാനും കൂടാതെ . . . അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സജ്ജനായിരിക്കാനും നാം പതിവായി പ്രതീക്ഷിക്കുന്നു.” പക്ഷേ, സംഗതി അവിടെ തീരുന്നില്ല. ആ പുസ്തകം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “തങ്ങൾക്കുവേണ്ടി ഒരു സുഹൃത്ത് ചെയ്യാനും സുഹൃത്തിനുവേണ്ടി തിരിച്ചുചെയ്യാനും ആളുകൾ പ്രതീക്ഷിക്കുന്ന സംഗതികളാണ് ഇവ.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
തനിക്ക് അടുപ്പമുണ്ടായിരുന്നവരോട് യേശുതന്നെ എങ്ങനെയാണു പെരുമാറിയതെന്നു ശ്രദ്ധിക്കുക. അവൻ തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; . . . നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.” ശിഷ്യന്മാരുമായുള്ള യേശുവിന്റെ ബന്ധം തനിക്കുവേണ്ടി അവർക്കു ചെയ്യാൻ കഴിഞ്ഞതിനെ ആശ്രയിച്ചായിരുന്നോ ഇരുന്നത്? അല്ലായിരുന്നു. അവൻ പറഞ്ഞു: “സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:13-15) അതേ, സുഹൃദ്ബന്ധത്തിന്റെ യഥാർഥ അടിസ്ഥാനം ആത്മത്യാഗപരമായ സ്നേഹം ആണ്! അടിസ്ഥാനസംഗതി സ്നേഹം ആയിരിക്കുമ്പോൾ ഒരു ബന്ധത്തിനു വഴക്കുകളെയും പ്രശ്നങ്ങളെയും അതിജീവിക്കാൻ കഴിയും.
പ്രശ്നങ്ങൾ തലപൊക്കുമ്പോൾ
ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്തിന് നിങ്ങളെക്കാളധികം പണമോ ബുദ്ധിയോ കഴിവോ ഉണ്ടെന്നു സങ്കൽപ്പിക്കുക. നിസ്വാർഥ സ്നേഹം നിങ്ങളുടെ സുഹൃത്തിനോടൊപ്പം സന്തോഷിക്കാൻ നിങ്ങളെ സഹായിക്കുന്നു. എന്തായാലും, “സ്നേഹം അസൂയപ്പെടുന്നില്ല” എന്നു ബൈബിൾ പറയുന്നു.—1 കൊരിന്ത്യർ 13:4, NW.
അല്ലെങ്കിൽ നിങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന ഒരു സംഗതി നിങ്ങളുടെ സുഹൃത്ത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുവെന്നു സങ്കൽപ്പിക്കുക. നിങ്ങളുടെ സുഹൃദ്ബന്ധം തകർന്നെന്ന് അത് അർഥമാക്കുന്നുവോ? നിർബന്ധമില്ല. തന്റെ സുഹൃത്തായ മർക്കോസ് ഒരു മിഷനറി യാത്രയിൽ തന്നെ കൂട്ടിക്കൊണ്ടുപോകാതിരുന്നപ്പോൾ അപ്പോസ്തലനായ പൗലോസ് വളരെ നിരാശനായി, തന്റെ അടുത്ത യാത്രയിൽ മർക്കോസിനെ തന്നോടുകൂടെ കൊണ്ടുപോകാൻ വിസമ്മതിക്കത്തക്ക അളവോളംതന്നെ! പൗലോസ് ഈ സംഗതിയെക്കുറിച്ചു മർക്കോസിന്റെ മച്ചുനനായ ബർന്നബാസുമായി രോഷത്തോടെ സംസാരിക്കുകപോലും ചെയ്തു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ, തനിക്കു ശുശ്രൂഷ ചെയ്യാനായി റോമിലേക്കു വരാൻ മർക്കോസിനെ ക്ഷണിക്കുകപോലും ചെയ്തുകൊണ്ടു പൗലോസ് അവനെക്കുറിച്ചു വളരെ സ്നേഹത്തോടെ സംസാരിച്ചു. തെളിവനുസരിച്ച്, അവർ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചു.—പ്രവൃത്തികൾ 15:37-39; 2 തിമൊഥെയൊസ് 4:11.
നിങ്ങളുടെ സുഹൃദ്ബന്ധങ്ങളിലും പ്രശ്നങ്ങൾ തലപൊക്കുമ്പോൾ അതുതന്നെ ചെയ്യാൻ ശ്രമിച്ചു കൂടെ? സംഗതികൾ വഷളാകാൻ അനുവദിക്കരുത്. (എഫെസ്യർ 4:26) നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നതിനോ ദേഷ്യത്തോടെ കുറ്റാരോപണങ്ങൾ നടത്തുന്നതിനോ മുമ്പ് നിങ്ങളുടെ സുഹൃത്തിനു പറയാനുള്ളതു ശ്രദ്ധിക്കുക. (സദൃശവാക്യങ്ങൾ 18:13; 25:8, 9) ഒരുപക്ഷേ അത് ഏതെങ്കിലും തെറ്റിദ്ധാരണയായിരുന്നിരിക്കാം. എന്നാൽ സുഹൃത്ത് യഥാർഥത്തിൽ വിവേചനയില്ലാതെ പെരുമാറിയതാണെങ്കിലോ? നിങ്ങളുടെ സുഹൃത്ത് വെറുമൊരു മനുഷ്യനാണെന്ന് ഓർക്കുക. (സങ്കീർത്തനം 51:5; 1 യോഹന്നാൻ 1:10) പിന്നീടു ഖേദിക്കുന്ന കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുറ്റമുള്ളവരാണ് നാമെല്ലാം.—സഭാപ്രസംഗി 7:21, 22 താരതമ്യം ചെയ്യുക.
എന്നിരുന്നാലും, സുഹൃത്തിന്റെ ചെയ്തികൾ എത്രമാത്രം നിങ്ങളെ മുറിപ്പെടുത്തിയെന്ന് തുറന്നു പറയാവുന്നതാണ്. ഒരു ആത്മാർഥമായ ക്ഷമാപണം നടത്തുവാൻ അതു നിങ്ങളുടെ സുഹൃത്തിനെ പ്രേരിപ്പിച്ചേക്കാം. സ്നേഹം “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നി”ല്ലാത്തതുകൊണ്ട് ഒരുപക്ഷേ നിങ്ങൾക്ക് ആ പ്രശ്നം വിട്ടുകളയാൻ കഴിയും. (1 കൊരിന്ത്യർ 13:5, NW) നഷ്ടപ്പെട്ടുപോയ ഒരു സുഹൃദ്ബന്ധത്തെക്കുറിച്ച് ഓർത്തുകൊണ്ടു യുവാവായ കിനൊൻ ഇപ്രകാരം വിവരിക്കുന്നൂ: “എനിക്ക് അതെല്ലാം വീണ്ടും ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ, ഞാൻ ഞങ്ങളുടെ സുഹൃദ്ബന്ധത്തിൽനിന്നും പൂർണത പ്രതീക്ഷിക്കുകയില്ലായിരുന്നു, ഞാൻ കൂടുതൽ ശ്രദ്ധിക്കുകയും അവനെ പിന്തുണയ്ക്കുകയും അവന്റെ തെറ്റുകൾ പർവതീകരിച്ചു കാണാതിരിക്കുകയും ചെയ്യുമായിരുന്നു. പരീക്ഷകളെയും വെല്ലുവിളികളെയും തരണം ചെയ്യുന്നതാണു വിജയകരമായ സുഹൃദ്ബന്ധത്തിനു വഴിയൊരുക്കുന്നതെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.”
എന്നാൽ നിങ്ങളുടെ സുഹൃത്ത് മുമ്പത്തെയത്രയും അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നയത്രയും സമയം നിങ്ങളോടൊപ്പം ചെലവഴിക്കുന്നില്ലെങ്കിലോ? നിങ്ങൾ സുഹൃത്തിന്റെ സമയത്തിലും ശ്രദ്ധയിലും അമിത അവകാശഭാവം പുലർത്തുന്നയാളായിത്തീർന്നിരിക്കുന്നതാണോ അതിന്റെ കാരണം? ഇതിനു ബന്ധത്തെ ഞെരുക്കാൻ കഴിയും. ആരോഗ്യാവഹമായ ബന്ധങ്ങളുള്ള ആളുകൾ പരസ്പരം സ്വാതന്ത്ര്യം അനുവദിക്കുന്നു. (സദൃശവാക്യങ്ങൾ 25:17 താരതമ്യം ചെയ്യുക.) മറ്റാളുകളുടെ ആസ്വാദനത്തിന് അവർ ധാരാളം അവസരം അനുവദിക്കുന്നു! എന്തായാലും, തങ്ങളുടെ സുഹൃദ്ബന്ധങ്ങളിൽ “വിശാലതയുള്ളവരായിരി”ക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:13) അതുകൊണ്ട് ഒരു സുഹൃത്ത് ഇതു ചെയ്യുമ്പോൾ അവനോ അവളോ അവിശ്വസ്തത കാണിക്കുന്നതായി വീക്ഷിക്കേണ്ടതില്ല.
വാസ്തവത്തിൽ, ഒരു വ്യക്തിയെത്തന്നെ ഏതെങ്കിലും വിധത്തിൽ അമിതമായി ആശ്രയിക്കുന്നതു നല്ലൊരു സംഗതിയല്ല. (സങ്കീർത്തനം 146:3) നിങ്ങളുടെ മാതാപിതാക്കൾ, മൂപ്പൻമാർ, കരുതലും ഉത്തരവാദിത്തബോധവുമുള്ള മറ്റു മുതിർന്നവർ എന്നിങ്ങനെ നിങ്ങളുടെ സമപ്രായക്കാരുടെ കൂട്ടത്തിനു വെളിയിലുള്ള ചിലരുമായി സുഹൃദ്ബന്ധങ്ങൾ നട്ടുവളർത്തുന്നതു ജ്ഞാനമാണ്. ആന്ന വാത്സല്യപൂർവം ഇങ്ങനെ പറയുന്നു: “അമ്മയാണ് എന്റെ ഏറ്റവും വലിയ സുഹൃത്ത്. എനിക്ക് അവരോട് എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയും.”
നിലനിൽക്കുന്ന സുഹൃദ്ബന്ധങ്ങൾ ആസ്വാദ്യകരമായിരിക്കാൻ കഴിയും!
ബൈബിൾ 1 പത്രൊസ് 3:8-ൽ (പി.ഒ.സി. ബൈബിൾ) ഇപ്രകാരം പറയുന്നു: “അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിൻ.” അതേ, ദയയും അനുകമ്പയും ധാർമിക നിർമലതയും മറ്റുള്ളവരോടു യഥാർഥ താത്പര്യവും പ്രകടമാക്കുക, എല്ലായ്പോഴും നിങ്ങൾ സുഹൃത്തുക്കളെ ആകർഷിക്കും! നിലനിൽക്കുന്ന ബന്ധങ്ങൾക്കു ശ്രമവും നിശ്ചയദാർഢ്യവും ആവശ്യമാണെന്നു സമ്മതിക്കുന്നു. എന്നാൽ പ്രതിഫലങ്ങൾ അവയെ ശ്രമത്തിനുതക്ക മൂല്യമുള്ളതാക്കുന്നു.
ബൈബിൾ ദാവീദിനെയും യോനാഥാനെയും കുറിച്ചു പറയുന്നത് രസാവഹമാണ്. അവർ ശ്രദ്ധേയമായ ഒരു സുഹൃദ്ബന്ധം ആസ്വദിച്ചു. (1 ശമൂവേൽ 18:1) അപ്രധാനമായ അസൂയയും വ്യക്തിത്വ വൈകല്യങ്ങളും തരണം ചെയ്യാൻ അവർ പ്രാപ്തരായിരുന്നു. ദാവീദും യോനാഥാനും യഹോവയാം ദൈവത്തോടുള്ള സൗഹൃദവും വിശ്വസ്തതയും മറ്റെന്തിനെക്കാളും മേൽ വച്ചതുകൊണ്ടാണ് ഇതു സാധ്യമായത്. അതുതന്നെ ചെയ്യുക, ദൈവഭയമുള്ള സുഹൃത്തുക്കളെ നിലനിർത്തുന്നതിൽ നിങ്ങൾക്കു പ്രശ്നമുണ്ടാകയില്ല!
[26-ാം പേജിലെ ചിത്രങ്ങൾ]
മറ്റു സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നത് അവിശ്വസ്തതയാണെന്ന് ഒരുവനു തോന്നുമ്പോൾ പലപ്പോഴും സുഹൃദ്ബന്ധങ്ങൾ തകരുന്നു